(രചന: പ്രജിത്ത് സുരേന്ദ്രബാബു)
“നിന്റൊപ്പം കിടന്ന് കിടന്ന് എനിക്ക് ഇപ്പോ മടുത്തു തുടങ്ങി കീർത്തി നിന്നെ.. ത്രില്ല് പോയാൽ പിന്നേ കാര്യമില്ല… നമുക്ക് പിരിയാം അതാണ് നല്ലത്. ”
കിരണിന്റെ ആ വാക്കുകൾ കീർത്തിയുടെ ഉള്ളിൽ ഒരു മിന്നൽ പിണർപ്പായി.കാതുകളിൽ തുളഞ്ഞു കയറുകയായിരുന്നു ആ വാക്കുകൾ.
” ഏട്ടാ.. ഇത്….എന്ത് വൃത്തികേടാണ് ഈ പറയുന്നേ.. അപ്പോ ഇങ്ങനൊരു ചിന്ത മനസ്സിൽ വച്ചിട്ടാണോ കഴിഞ്ഞ രണ്ടാഴ്ചയായി എന്നിൽ നിന്നും ഒഴിഞ്ഞു മാറി നടന്നത്. ”
അത് ചോദിക്കുമ്പോൾ അവളുടെ മിഴികൾ തുളുമ്പുന്നുണ്ടായിരുന്നു.
എന്നാൽ കിരണിൽ പ്രത്യേകിച്ച് ഭാവമാറ്റമൊന്നും ഉണ്ടായില്ല.
” എന്റെ കീർത്തി ഉള്ളത് പറയാലോ ഞാൻ പ്രേമിച്ചത് നിന്റെ ശരീരത്തെ തന്നെയാണ്. ആര് കണ്ടാലും ഒന്ന് കൊതിച്ചു പോണത്രേം ഭംഗി ഉണ്ട് നിനക്ക്. നിന്നെ അനുഭവിക്കണം അത്ര മാത്രേ എനിക്ക് ആഗ്രഹമുണ്ടായിരുന്നുള്ളു…. പ്രേമം. നടിച്ചാണേലും ആ ആഗ്രഹം നടന്നു ഒന്നല്ല പല വട്ടം. അധികമായാൽ അമൃതും വിഷമാണെന്നല്ലേ ചൊല്ല്.. എനിക്കിപ്പോ ഈ പറഞ്ഞ അമൃതാണ് നീ… മടുത്തു തുടങ്ങി…. ഒരു ത്രില്ല് ഇല്ല ഇപ്പോ..”
പറഞ്ഞ് നിർത്തുമ്പോൾ തികച്ചും അപ്രതീക്ഷിതമായി ചെടിടത്ത് ഒരെണ്ണം കിട്ടി കിരണിന്. ഒന്ന് പിന്നിലേക്ക് വേച്ചു പോയ അവൻ കണ്ടത് നിറമിഴികൾ തുടച്ചു വിറങ്ങലിച്ചു നിൽക്കുന്ന കീർത്തിയെയാണ്..
” ഇത്രക്ക് വൃത്തികെട്ടവൻ ആയിരുന്നോ ഏട്ടാ നിങ്ങൾ.. ആത്മാർത്ഥമായല്ലേ ഞാൻ നിങ്ങളെ സ്നേഹിച്ചത്… അതുകൊണ്ടല്ലേ നിങ്ങൾ പറഞ്ഞിടത്തെല്ലാം വന്നതും പറഞ്ഞതെല്ലാം ചെയ്തതും.. എന്നിട്ടിപ്പോ.. എന്നോട് ഒരു തരി സ്നേഹം പോലും ആ മനസ്സിൽ ഇല്ലേ. എങ്ങിനെ തോന്നുന്നു ഇതുപോലൊക്കെ പറയാൻ ”
പൊട്ടിക്കരഞ്ഞു കൊണ്ടാണവൾ അത് ചോദിച്ചത്
” എന്റെ കൊച്ചേ ഒന്ന് നിർത്ത്. നിനക്ക് കൂടുതൽ ഒന്നും സംഭവിച്ചില്ലല്ലോ… ഇതൊക്കെ ഇപ്പോ ഈ നാട്ടിൽ നടക്കാത്ത കാര്യം ഒന്നും അല്ല.. ഇതൊക്കെ ഒരു എക്സ്പീരിയൻസ് ആയി കാണ്. ഒരാള് പോയാൽ മറ്റൊരാൾ അങ്ങിനെ കണ്ടാൽ മതി. പിന്നേ ഈ അടി. അത് ഞാൻ സ്വീകരിക്കുന്നു… നിന്നോട് കാട്ടിക്കൂട്ടിയ തോന്ന്യവാസത്തിനു പ്രതിഫലമായി…. എനിക്ക് ഇപ്പോ ക്രഷ് മറ്റൊരാളോടാണ്.. അവളുടെ പിന്നാലെ ആണ് ഞാൻ. അതിനിടക്ക് നീ ഒരു ബാധ്യതയാകരുത് പ്ലീസ് ”
കൈ കൂപ്പി തൊഴുതു കിരൺ. എന്നാൽ എന്ത് ചെയ്യണമെന്നറിയാതെ നടുങ്ങി നിന്നു പോയി കീർത്തി അപ്പോൾ. കാരണം അത്രമേൽ അവൾ കിരണിന്റെ സ്നേഹിച്ചിരുന്നു.
” ഏട്ടാ.. പ്ലീസ്.. ഇങ്ങനൊന്നും പറയല്ലേ… എനിക്ക് ഏട്ടൻ ഇല്ലാതെ പറ്റില്ല.. ജീവനേക്കാൾ സ്നേഹിച്ചു പോയി ഞാൻ… ഒന്ന് മനസിലാക്ക് എന്നെ.. ”
തൊഴുകയ്യോടെ കെഞ്ചി അവൾ എന്നാൽ പൂർണ്ണമായും അവഗണിച്ചു കൊണ്ട് തന്റെ ബൈക്കിൽ കയറി അവിടെ നിന്നും പോയി കിരൺ. കരഞ്ഞു കൊണ്ട് നിസ്സഹായയായി നോക്കി നിൽക്കുവാനേ കീർത്തിക്ക് കഴിഞ്ഞുള്ളു.
പിന്നീട് പലവട്ടം അവനെ കോൺടാക്ട് ചെയ്യാൻ ശ്രമിച്ചു കീർത്തി. എന്നാൽ പൂർണ്ണമായും അവളിൽ നിന്നും ഒഴിഞ്ഞു മാറി കിരൺ. മാത്രമല്ല അധികം വൈകാതെ തന്നെ അവനെ പറ്റിയുള്ള വിവരങ്ങൾ ഇല്ലാതെയായി. താൻ വഞ്ചിക്കപ്പെട്ടു എന്നവൾ ഒടുവിൽ വേദനയോടെ മനസിലാക്കി.
” അവരൊക്കെ വീട് മാറി പോയി.. ആ ചെക്കൻ എന്തോ ഉടായിപ്പ് കേസിലൊക്കെ ചെന്ന് പെട്ടെന്നൊ മറ്റോ കേൾക്കുന്നുണ്ടായിരുന്നു..”
അന്വേഷിച്ചു ചെന്നപ്പോൾ അറിഞ്ഞത് ഇതാണ്.
” അവൻ ചതിച്ചതാ നിന്നെ.. അറിഞ്ഞിടത്തോളം ലോക ഫ്രോഡ് ആയിരുന്നു അവൻ. അവന്റെ ആവശ്യം നിന്റെ ശരീരമായിരുന്നു അത് നീ കൊടുത്തല്ലോ ചോദിച്ചപ്പോഴൊക്കെ.. മണ്ടി പെണ്ണ്.. ഇനീപ്പോ ഇരുന്നു മോങ്ങീട്ട് എന്ത് കാര്യം.. അവൻ എവിടെയാണെന്ന് പോലും ഇപ്പോ ആർക്കും അറിയില്ല… അവന്റെ കൂട്ടുകാരും പറയുന്നത് എന്തോ ഉടായിപ്പ് കേസിൽ പെട്ട് ഒളിവിൽ ആണെന്നാണ്.. എന്തായാലും പറ്റിയ ആളെ തന്നെ നീ കേറി പ്രേമിച്ചത്..”
കൂട്ടുകാരിയുടെ കുത്തുവാക്കുകൾക്ക് മുന്നിലും മറുപടി ഇല്ലായിരുന്നു കീർത്തിക്ക്
” വീട്ടിൽ കഴിഞ്ഞ ആഴ്ച വന്ന ആ പ്രൊപോസൽ ഉറപ്പിച്ച മട്ടാണ്. എങ്ങിനാ ഞാൻ ആ പാവത്തിനെ ചതിക്കുക. അറിയില്ല എനിക്ക്.. ”
” എന്ത് ചതി.. നിന്നെ ഒരുത്തൻ ചതിച്ചതാണ്. ഇനി അത് ഓർക്കേണ്ട.. കഴിഞ്ഞതെല്ലാം വിട്ടിട്ട് വീട്ടുകാര് പറഞ്ഞ ആളെ സ്നേഹിക്കാൻ ശ്രമിക്ക്.. ആളൊപ്പം സുഖായി ജീവിച്ചു കാണിക്ക്.. എന്നേലും നിന്നെ വഞ്ചിച്ച ആ നാറിയെ കണ്ട് മുട്ടിയാൽ അന്ന് അവന് നഷ്ടബോധം തോന്നണം നിന്റെ സന്തോഷം കണ്ടിട്ട്.. അങ്ങനൊരു വാശി മനസ്സിൽ കൊണ്ട് വാ..”
കൂട്ടുകാരിയുടെ ആ വാക്കുകൾ ഹൃദയം കൊണ്ടാണ് കീർത്തി ശ്രവിച്ചത്. ദിവസങ്ങൾ വീണ്ടും കടന്നു പോയി. പതിയെ പതിയെ കഴിഞ്ഞ കാലത്തിന്റെ നടുക്കുന്ന ഓർമ്മകൾ കീർത്തി മറന്നു തുടങ്ങി. വീട്ടുകാർ കൊണ്ട് വന്ന ആ പ്രൊപോസൽ ഉറപ്പിച്ചു. തന്റെ ആദ്യ പ്രണയത്തെ പറ്റി തുറന്ന് പറയുവാൻ മടിച്ചില്ല അവൾ. പക്ഷെ ഭാവി ജീവിതത്തിന്റെ സുരക്ഷിതത്വത്തിനു വേണ്ടി പലതും മറയ്ക്കേണ്ടി വന്നു. നല്ലവനായ ആ ചെറുപ്പക്കാരൻ എല്ലാം പോസിറ്റീവ് ആയി തന്നെ കണ്ടു. എന്നോ കൈവിട്ട സന്തോഷവും സമാധാനവും കീർത്തിയുടെ ജീവിതത്തിൽ തിരികെ വന്നു. ഒടുവിൽ അവളുടെ വിവാഹ ദിനമായി. എല്ലാം മംഗളമായി തന്നെ നടന്നു. നിറകണ്ണുകളോടെ അവൾ യാത്ര പറഞ്ഞ് ഭർത്താവിനൊപ്പം കാറിലേക്ക് കയറുമ്പോൾ അകലെയവൻ ഒക്കെയും നോക്കി മിഴിനീർ പൊടിച്ച് നിന്നു… കിരൺ..
മുൻപ് ക്യാമ്പസിൽ കണ്ട സുമുഖനായ സുന്ദരനായ കിരൺ അല്ല. മറിച്ചു തലമുടികൾ കൊഴിഞ്ഞു മുഖത്തും കൺ പോളകളിലും കരിവാളിപ്പ് പടർന്നു മെലിഞ്ഞവശനായ കിരൺ.
” മോനെ.. മതി കണ്ടത്.. വാ പോവാം.. ”
അച്ഛൻ പിന്നിൽ നിന്നും ചുമലിൽ കൈ വയ്ക്കുമ്പോൾ മിഴിനീർ തുടച്ചു തിരിഞ്ഞു അവൻ.
” അച്ഛാ.. ഞങ്ങൾ ഒരുമിച്ചു ആഗ്രഷിച്ചിരുന്നതാ ഈ ദിവസം… കീർത്തി എന്റേത് ആകുന്ന ദിവസം. സ്വപ്നമായിരുന്നു അത്.. എന്നിട്ടോ… ഇപ്പോ ദേ അവൾ മറ്റൊരാളുടെ കൈ. പിടിച്ചു പോകുന്നു. എന്റെ ഈ നശിച്ച ക്യാൻസർ…. എല്ലാം തകർത്തു.. ”
പൊട്ടിക്കരഞ്ഞ അവനെ ചേർത്തു പിടിച്ചു അച്ഛൻ.
” വിഷമിക്കാതെടാ മോനെ.. വിധിയില്ല എന്ന് കരുതിയാൽ മതി. പക്ഷെ നീ ചെയ്തതാണ് ശെരി. ഇപ്പോൾ അവളുടെ മനസ്സ് നിറയെ നിന്നോടുള്ള വെറുപ്പ് ആകും പക്ഷെ പുതിയ ജീവിതത്തിലേക്ക് സന്തോഷത്തോടെയാണ് അവൾ നടന്നു കയറിയത്.. അത് തന്നെയല്ലേ നീയും ആഗ്രഹിച്ചത്.. ”
” അതേ അച്ഛാ.. എന്റെ അസുഖം അറിഞ്ഞിരുന്നേൽ ഒപ്പം തന്നെ നിന്നേനെ അവൾ അത്രയ്ക്ക് സ്നേഹമായിരുന്നു എന്നോട്. പക്ഷെ തുച്ഛമായ മാസങ്ങൾ മാത്രം ഡോക്ടർമാർ വിധിയെഴുതിയ എന്റെ ജീവിതത്തിലേക്ക് വലിച്ചിട്ട് അവളെ ദ്രോഹിക്കുവാൻ എനിക്ക് കഴിയില്ല… ഇപ്പോൾ അവൾ സന്തോഷവതിയാണ്.. എനിക്ക് അത് മതി.. കിരൺ എന്ന വ്യക്തി എന്നെ അറിയാവുന്ന എല്ലാവർക്കും ഇടയിൽ ഉത്തരമില്ലാത്ത ഒരു ചോദ്യമായി ഇപ്പോ അവശേഷിക്കുന്നുണ്ട്. ആരും ഒന്നും അറിയേണ്ട. എന്റെ വിഷമങ്ങൾ എന്റേത് മാത്രം…ഇനി നമുക്ക് പോകാം..
അച്ഛാ.. ”
ഉള്ളു നുറുങ്ങുന്ന വേദനയിലും മുഖത്ത് ഒരു പുഞ്ചിരി വിടർത്തി പതിയെ നടന്നു കിരൺ.
ഇതൊന്നുമറിയാതെ അപ്പോഴും ഉള്ളിൽ എവിടെയോ ശാപവാക്കുകളാൽ അവനെ മൂടുകയായിരുന്നു കീർത്തി.
വിധി ചിലപ്പോൾ അങ്ങിനെയാണ്.. ചിലരുടെ ജീവിതത്തിൽ വില്ലൻ വേഷമണിയും.. ഒരു ദയയോ ദാക്ഷണ്യമോ ഇല്ലാത്ത വില്ലൻ…..
(ശുഭം )
പ്രജിത്ത് സുരേന്ദ്രബാബു.