(രചന: Aneesh Pt)
സതീശൻ തിരക്കിട്ടു പണിയിലായിരുന്നു. രണ്ടു ദിവസം കൂടിയേ ഉള്ളു മെമ്പറുടെ വീടിന്റെ പാലുകാച്ചിലിനു.
പെയിന്റ് പാട്ടയിൽ നിന്നും മുക്കിയെടുത്ത ബ്രെഷ് സതീശന്റെ കയ്യിലിരുന്നു തലങ്ങും വിലങ്ങും ചലിച്ചു കൊണ്ടിരുന്നു.
പെട്ടെന്ന് അപ്പുറതെ മുറിയിൽ പെയിന്റ് അടിച്ചിരുന്ന കുട്ടാപ്പു സതീശേട്ടാ ഇത് കണ്ടോ എന്നു പറഞ്ഞു കൊണ്ടു ഫോൺ പൊക്കി പിടിച്ചുകൊണ്ടു വന്നു.
പെണ്ണ് കെട്ടാത്ത സതീശന് ചില ഇക്കിളി വിഡിയോകൾ തന്റെ മൊബൈലിൽ കാണിച്ചു കൊടുക്കാറുണ്ട് കുട്ടാപ്പു.
പുതിയത് വല്ലതും ആണോന്നറിയാൻ സതീശൻ പെയിന്റ് പാട്ട ഡസ്കിൽ വച്ചു താഴേക്കു ചാടിയിറങ്ങി. ഫോണിലേക്കു നോക്കിയ സതീശന്റെ കണ്ണ് മഞ്ഞളിച്ചു,
രണ്ടാമത് ഒന്നുകൂടി നോക്കാനുള്ള ശക്തി സതീശനുണ്ടായില്ല.
ചെക്കൻ പണി പറ്റിച്ചു കളഞ്ഞല്ലോ കുട്ടാപ്പു.
എന്നാലും എന്റെ സതീശേട്ടാ,, അവനെങ്ങനെ ഇങ്ങനെ ചെയ്യാൻ തോന്നി. കുട്ടാപ്പു വളരെ വിഷമത്തോടെ പറഞ്ഞു. സതീശേട്ടനെയെങ്കിലും അവനൊന്നു ഓർത്തൂടെയിരുന്നു.
കുട്ടാപ്പു നീ വേഗം ജോസേട്ടനെ വിളിച്ചു എനിക്കു തീരെ സുഖമില്ല ഇന്നു പണിക്കുണ്ടാവില്ല എന്നു പറഞ്ഞേരെ.
സതീശൻ വേഗം പണിമുണ്ടും ഷർട്ടും മാറി വീട്ടിലേക്കു വിട്ടു.
ചേട്ടാ ചെറിയ ചെക്കനാണ് തല്ലൊന്നും വേണ്ടാട്ടോ കുട്ടാപ്പു പുറകിൽ നിന്നും വിളിച്ചു പറയുന്നുണ്ടായിരുന്നു.
സതീശന്റെ അമ്മാവന്റെ മോനാണ് രഞ്ജിത്. വെറും ഇരുപത് വയസു മാത്രമുള്ള ചെക്കൻ തന്റെ കൂടെ പഠിക്കുന്ന ഒരു പെണ്ണിനെ വിളിച്ചിറക്കി അവന്റെ കൂട്ടുകാരുടെ ഒത്താശയോടെ കല്യാണം കഴിച്ചിരിക്കുന്നു.
യുവ മിഥുനങ്ങൾ തുളസിമാലയുമായി നിൽക്കുന്ന ഫോട്ടോയാണ് കുട്ടാപ്പു സതീശന് കാണിച്ചു കൊടുത്തത്.
അമ്മാവന്റെ മോൻ കല്യാണം കഴിച്ചതോ അവനു പ്രായം ഇരുപതു വയസു മാത്രമുള്ളതോ അല്ല സതീശന്റെ അങ്കലാപ്പിനു കാരണം.
സതീശന്റെ കുടുംബത്തിൽ കല്യാണം കഴിക്കാനായി ആകെ ബാക്കിയുണ്ടായിരുന്ന രണ്ടു ആണ് തരികളായിരുന്നു സതീശനും രഞ്ജിത്തും.
മുപ്പത്തിരണ്ട് വയസുള്ള സതീശൻ പെണ്ണു കെട്ടാതെ ഇരിക്കുമ്പോൾ ഇരുപതു വയസു മാത്രം പ്രായമുള്ള ചെക്കൻ പെണ്ണു കെട്ടിയിരിക്കുന്നു. ഇത് സതീശനു വീട്ടിലും നാട്ടിലും ഒരുപോലെ നാണക്കേട് വരുത്തിയിരിക്കുന്നു.
പഠിക്കുന്ന ക്ലാസ്സിലെ പെണ്ണിനെ ഇഷ്ടമാണെന്നു രഞ്ജിത് സതീശനോട് പറഞ്ഞിട്ടുണ്ടെങ്കിലും ഇങ്ങനെ വിളിച്ചിറക്കി കല്യാണം കഴിച്ചു ബാക്കിയുള്ളോനെ നാണം കെടുത്തുമെന്നു സതീശൻ ഒരിക്കലും വിചാരിച്ചു കാണില്ല.
ഇടനെഞ്ചിൽ ഒരു ഭാരത്തോടെയാണ് സതീശൻ തന്റെ വീട്ടിലെത്തിയത്.
സതീശൻ വിചാരിച്ചതു പോലെ തൊട്ടപ്പുറത്തുള്ള അമ്മാവന്റെ വീട്ടിൽ അയൽക്കാരും ബന്ധുക്കളും കൂടിയിരിക്കുന്നു.
പെൺ കൊച്ചിന്റെ വീട്ടുകാരാണെന്നു തോന്നുന്നു ഒന്നു രണ്ടു പേരവിടെ ഒച്ചയെടുക്കുന്നത് കേട്ടു.
എന്തോ നാണക്കേട് കൊണ്ടു അങ്ങോട്ട് പോകാനോ ഒച്ചയെടുക്കുന്നവരെ അനുനയിപ്പിക്കാനോ സതീശന് തോന്നിയില്ല.
സതീശൻ വീട്ടിനുള്ളിലേക്ക് കയറവെ സതീശന്റെ അമ്മ ഒരു ചില്ല് ഗ്ലാസിൽ അര ക്ലാസ്സ് പാലും രണ്ടു പഴവുമായി പുറത്തേക്കു വരുന്നു.
അമ്മയെങ്ങോട്ടാ ഇതൊക്കെകൊണ്ട് ‘
ന്റെ സതീശാ നീ വേഗം മുണ്ട് മാറിയിട്ടു
അങ്ങോട്ട് വാന്നെ, മ്മളൊക്കെയല്ലേ ഇപ്പൊ ഇതൊക്കെ ചെയ്തു കൊടുക്കണ്ടേ.
അമ്മ ഒന്നു നിന്നെ,, സതീശൻ അമ്മയെ പിടിച്ചു നിർത്തി.
ഞാൻ ആണ് ഇങ്ങനെ ഒരു പെണ്ണിനെ കൊണ്ടുവരുന്നതെങ്കിൽ അമ്മ ഇങ്ങനെ ഒക്കെ ചെയ്യുമായിരുന്നോ.
എന്റെ സതീശാ ആയ കാലത്തു നീ ഇങ്ങനെ ഒരു പെണ്ണിനെ വിളിച്ചു കൊണ്ടുവന്നിരുന്നെങ്കിൽ അമ്മ എപ്പോഴേ വിളക്കെടുത്തേനേ.
ഇത്രയും പറഞ്ഞു സതീശന്റെ അമ്മ ചെക്കനും പെണ്ണിനും മധുരം കൊടുക്കാനായി ഓടി.
തനിക്കിത്ര പ്രായമായി ഇനി എവിടുന്ന് വിളിച്ചു കൊണ്ടുവരാനാണ് ഒരു പെണ്ണിനെ എന്നു പോയ പോക്കിൽ സതീശനിട്ടു ഒരു കുത്തു കൊടുത്തിട്ടാണ് സതീശന്റെ അമ്മ പോയത്.
അന്ന് രാഘവേട്ടന്റെ മോൾ തുഷാരയെ ഞാൻ വീട്ടിലേക്കു വിളിച്ചു കൊണ്ട് വരാൻ പോകുന്നു എന്നു പറഞ്ഞപ്പോൾ അരിവാളെടുത്ത തള്ളയാണ് ഇപ്പൊ പാലും പഴവുമായി ഓടുന്നത് എന്നോർത്തപ്പോൾ സതീശന്റെ നെഞ്ച് ഒന്നു കൂടി തകർന്നു.
ഒച്ചയും ബഹളവും ഒന്നടങ്ങുന്നതു വരെ സതീശൻ മുറിയിൽ തന്നെയിരുന്നു.
സന്ധ്യയായിട്ടും പാലും പഴവുമായി പോയ ആളെ കാണാത്തതിനാൽ സതീശനൊന്നു പുറത്തേക്കിറങ്ങി. അപ്പുറത്തേക്ക് നോക്കിയപ്പോൾ സതീശൻ അവിടെയാരും കണ്ടതുമില്ല.
ഇനി എന്തെങ്കിലും പ്രശ്നം ഉണ്ടായി കാണുമോ, ചെ എന്തായാലും രഞ്ജിത് നമ്മുടെ പയ്യനല്ലേ. അത്രയും നേരമായിട്ടും ഒന്നങ്ങോട്ടു കടന്നു ചെല്ലാത്തതിൽ സതീശന് സ്വയം ഒരമർഷം തോന്നി.
മടിച്ചു മടിച്ചാണെങ്കിലും സതീശൻ അമ്മാവന്റെ വീട്ടിലെത്തി. മുൻ വശത്തു ആരെയും കാണുന്നില്ല ഉള്ളിൽ എന്തൊക്കെയോ വർത്തമാനം കേൾക്കാം.
അകത്തു കയറാതെ സതീശൻ മുൻവശത്തെ ജനാലയുടെ കർട്ടൻ ഒന്നുമാറ്റി ഉള്ളിലേക്ക് നോക്കി.
മണവാളൻ ചെക്കനും പെണ്ണും ഒരു മൂലക്കിരിക്കുന്നു. ചുറ്റും എല്ലാം ബന്ധുക്കാരും കൂടിയിട്ടുണ്ട്. എല്ലാവർക്കും സന്തോഷം. ചിരിയും കളിയും ആഘോഷം.
അതിനിടയിൽ ആരോ സതീശനെ കണ്ടില്ലല്ലോ എന്നു ചോദിക്കുന്നത് കേട്ടു.
അവൻ വീട്ടിൽ ഇരിപ്പുണ്ട്.. സതീശന്റെ അമ്മയുടെ മറുപടി.
ആ ഇത്തിരിപ്പോന്ന ചെക്കനും പെണ്ണ് കിട്ടിയില്ലേ, അതിന്റെ ഒരു വിഷമം മ്മടെ സതീശനും ഉണ്ടാകും. അമ്മായി ശരിക്കും അരി വറുത്തു തുടങ്ങി.
പിന്നെ ഒരു നിമിഷം അവിടെ നീക്കുവാൻ സതീശന് തോന്നിയില്ല. തിരിഞ്ഞു വീട്ടിലേക്കു നടന്നു.
വീട്ടിലേക്കു പോകാതെ സതീശൻ നേരെ കടവിലേക്കാണ് പോയത്. ഇച്ചിരിയില്ലാത്ത ചെറുക്കന്റെ കല്യാണം കുടുംബക്കാരെല്ലാം ആഘോഷിക്കുന്നത് സതീശനെ തെല്ലൊന്നുമല്ല വിഷമത്തിലാക്കിയത്.
സതീശന്റെ വിഷമത്തിനുള്ള മരുന്നുമായി കുട്ടാപ്പു അപ്പോഴേക്കും പ്രത്യക്ഷപ്പെട്ടു. സതീശനും കുട്ടാപ്പുവും അടി തുടങ്ങി.
ചെക്കൻ റ്റിക്റ്റോക്കിൽ വയറലായിട്ടോ സതീശേട്ടാ. കുട്ടാപ്പു മൊബൈലിൽ തോണ്ടി കൊണ്ട് പറഞ്ഞു.
എന്നാലും ഇങ്ങനെ ഒരു ചേട്ടൻ ഇവിടെ കെട്ടാതെ ഇരിക്കുമ്പോൾ അവനിങ്ങനെ ചെയ്തല്ലോ. കുട്ടാപ്പു ഒരു നറ ഗ്ലാസ് വായിലേക്ക് കമഴ്ത്തി കൊണ്ടു പറഞ്ഞു.
സതീശൻ ഒന്നും മിണ്ടാതെ വെള്ളത്തിലേക്ക് കല്ലെടുത്തു കൊണ്ടിരുന്നു.
നേരം സന്ധ്യയായി തുടങ്ങിയിരുന്നു.
ഓരോന്നു പറഞ്ഞു കുട്ടാപ്പുവും ഒന്നും മിണ്ടാതെയിരുന്നു സതീശനും കുപ്പി കാലിയാക്കി.
“സതീശേട്ടൻ എന്നോട് ക്ഷമിക്കണം. ”
പുറകിൽ ഒരു കാൽപെരുമാറ്റവും ശബ്ദവും. കുട്ടാപ്പുവും സതീശനും തിരിഞ്ഞു നോക്കി. വെള്ള മുണ്ടും ഷർട്ടുമിട്ടു പുതുമണവാളൻ കൈ കൂപ്പി നിൽക്കുന്നു.
അടിച്ചു കിളിപോയ കുട്ടാപ്പുവിന് ദേഷ്യം ഇരച്ചു കയറി.
എടാ നാണം കെട്ടവനെ, നിനക്കെങ്ങനെ ചെയ്യാൻ തോന്നിയെടാ ഇങ്ങനെയൊക്കെ.
നമ്മള് കൂടിയിരിക്കുന്ന എത്ര കമ്പനിക്കിടയിൽ എത്ര പ്രാവശ്യം സതീശേട്ടൻ നിന്നോടു പറഞ്ഞിട്ടുള്ളതാ. എന്നിട്ട് നീ ഈ പാവം മനുഷ്യനെ വകവെക്കാതെ ഓടി പോയി പെണ്ണിനെ വിളിച്ചിറക്കി കൊണ്ടുവന്നിരിക്കുന്നു.
നിങ്ങടെ കുടുംബത്തിൽ ഇനി പെണ്ണ് കിട്ടാനായി ഇനി സതീശേട്ടൻ മാത്രേല്ലേയുള്ളു, നിന്നെക്കാളും എത്ര മൂത്തതാടാ സതീശേട്ടൻ, തെണ്ടി തരമല്ലെടാ നീ കാണിച്ചത്.
കുട്ടാപ്പു മതി… സതീശൻ ദൂരേക്കു നോക്കികൊണ്ട് പറഞ്ഞു.
രഞ്ജിത് പതിയെ സതീശന്റെ അടുത്തു വന്നിരുന്നു. കലങ്ങിയ കണ്ണുകളുമായി അവൻ വന്നിരുന്നപ്പോൾ സതീശന്റെ ദേഷ്യവും വെറുപ്പും ഇല്ലാതെയായി.
എന്തായാലും രഞ്ജിത്ത് നമ്മുടെ പയ്യനായി പോയില്ലേ.
സതീശേട്ടാ പ്രണയം തലയ്ക്കു പിടിച്ചു പോയി ചേട്ടാ ഞാൻ ഇപ്പൊ ഇങ്ങനെ ഒരു കടും കൈ കാണിച്ചില്ലെങ്കിൽ എന്നന്നേക്കുമായി അവളെ എനിക്കു നഷ്ട്ടപ്പെട്ടു പോകുമായിരുന്നേനെ, അല്ലാതെ വേഗം പെണ്ണ് കെട്ടി ആളായതൊന്നുമല്ല.
ചെക്കന്റെ കണ്ണിൽ നിന്നും രണ്ടു തുള്ളി കണ്ണുനീര് വന്നപ്പോൾ സതീശന്റെ ദേഷ്യവും സങ്കടവും അലിഞ്ഞില്ലാതെയായി.
സാരമില്ലെടാ രഞ്ജിത്തേ ഈ ലൗവിന്റെ കേസല്ലേ, നീ ആണ്കുട്ടിയാടാ മോനെ, നിന്റെ ഈ ധൈര്യമൊന്നും പ്രേമിക്കുന്ന കാലത്തു എനിക്കുണ്ടായില്ലെടാ. അതല്ലേ അവള് എന്റെ ജീവിതത്തിൽ നിന്നും പോയത്.
നിങ്ങള് ഇതാരുടെ കാര്യമാണ് പറയുന്നത് സതീശേട്ടാ.. കുട്ടാപ്പു കിറി തുടച്ചവിടെ ഇരുന്നു. രാഘവേട്ടന്റെ മോള് തുഷാര,
ഏത് നിങ്ങളുടെ ആശാന്റെ മോളോ,
അതേടാ കുട്ടാപ്പു ഞങ്ങൾ ഇഷ്ട്ടത്തിലായിരുന്നെടാ.. തുഷാരയെ എനിക്കു ജീവനായിരുന്നു.
എന്നിട്ടാണോ ആ പെണ്ണ് വേറെ കെട്ടിപോയത്.
അതുപിന്നെ എങ്ങനെയോ രാഘവേട്ടൻ ഞങ്ങളുടെ ഇഷ്ടം മനസിലാക്കി, അന്നു രാഘവേട്ടൻ ചതിക്കല്ലേ മോനെ അവൾക്കു വേറെ നല്ലൊരു ആലോചന വന്നിട്ടുണ്ട് എന്നൊക്കെ പറഞ്ഞു എന്റെ കാലുപിടിച്ചു.
പണി പഠിപ്പിച്ച ആശാനല്ലേ എന്നോർത്തു ഈ സതീശേട്ടൻ അതങ്ങു സമ്മതിച്ചു കൊടുത്തെടാ മക്കളെ, അങ്ങനെ തുഷാരയെ ആ ഗൾഫുകാരൻ കെട്ടി.
നല്ലൊരു പെങ്കൊച്ചിനെ വിട്ടു കൊടുത്തിട്ടു ഇപ്പൊ ഇരുന്നു മോങ്ങിയിട്ടു എന്തു കാര്യമുണ്ട് സതീശേട്ടാ. അകത്തു ചെന്ന ലായനിയുടെ പിൻബലത്തിൽ കുട്ടാപ്പു ഓരോന്നു പറഞ്ഞു കൊണ്ടിരുന്നു.
കുട്ടാപ്പുവിന്റെ വായിൽ നിന്നും ഓരോന്നു വന്നു തുടങ്ങിയപ്പോൾ കല്യാണ ചെക്കൻ എന്തോ തീരുമാനിച്ചു ഉറപ്പിച്ചത് പോലെ എണീറ്റു നിന്നു പറഞ്ഞു.
എന്റെ സതീശേട്ടന്റെ കല്യാണം ഞാൻ നടത്തും.
കുട്ടാപ്പുവും സതീശനും സംസാരം നിർത്തി.
പോയത് പോട്ടെ സതീശേട്ടാ, സതീശേട്ടന് വേണ്ടി ഒരു പെണ്ണ് നമ്മുടെ കരയിലും കാത്തിരിക്കുന്നുണ്ട്.
ഇവനെന്ത് തേങ്ങയാണ് ഇപ്പറയുന്നത് എന്ന ഭാവത്തിൽ കുട്ടാപ്പുവും സതീശനും രഞ്ജിത്തിനെ നോക്കി.
റേഷൻ കട നടത്തുന്ന ഗോപാലേട്ടന്റെ മകൾ “ഇന്ദു ” എത്ര തവണ പ്രണയാർദ്രമായി സതീശേട്ടനെ നോക്കുന്നത് ഞാൻ കണ്ടിരിക്കുന്നു.
രഞ്ജിത് അതു പറഞ്ഞു കഴിഞ്ഞപ്പോഴേക്കും കുട്ടാപ്പുവും സതീശനും ഇരുന്നിടത്തു നിന്നും എണീറ്റു രണ്ടു പട്ടാളക്കാരെ പോലെ സ്റ്റഡി വടിയായി നിന്നു.
കാവിലെ പൂരത്തിന് താലം പിടിച്ചു നിക്കുമ്പോഴും, ഓണംകുളം അമ്പലത്തിലെ ഓണ കളി മത്സരത്തിൽ റൊട്ടി കടിക്കുമ്പോഴും കണ്ണിമ വെട്ടാതെ സതീശേട്ടനെ നോക്കി നിൽക്കുന്ന ഇന്ദുവേച്ചിയെ ഞാൻ കണ്ടിട്ടുണ്ട്.
സത്യമാണോ രഞ്ജിത്തേ ഈ കേൾക്കുന്നത് കുട്ടാപ്പു വികാര നിർഭരമായി ചോദിച്ചു.
അതെ കുട്ടാപ്പു.
എന്നിട്ടെന്താ മോനെ നീ ഇതുവരെ എന്നോടിത് പറയാതെ ഇരുന്നത് ,, സന്തോഷം കൊണ്ടു സതീശന്റെ മുഖം ചുവന്നു തുടുത്തു.
ഞാൻ അളക്കുകയായിരുന്നു സതീശേട്ടാ. ഇന്ദുവിന് സതീഷേട്ടനോടുള്ള പ്രണയം വെറുമൊരു അട്ട്രാക്ഷൻ മാത്രമാണോയെന്ന്.
പക്ഷെ ഒരു ദിവസം ഞാനും സതീശേട്ടനും റേഷൻ കടയിൽ അരി മേടിക്കാൻ പോയപ്പോൾ തിരക്കു കാരണം കാർഡും സഞ്ചിയും വച്ചിട്ട് ഒരു ചായ കുടിക്കാൻ പോയതു ഓർക്കുന്നില്ലേ.
അന്നു ചായ കൂടി കഴിഞ്ഞു നമ്മൾ തിരിച്ചു വന്നപ്പോൾ സതീശേട്ടന്റെ സഞ്ചിയിൽ അരിയുണ്ടായിരുന്നു.
എനിക്കു കിട്ടിയുമില്ല, അന്നു അച്ഛനെ സഹായിക്കാൻ അവിടെ ഇന്ദുവേച്ചി ഉണ്ടായിരുന്നു. അന്നു ഞാൻ മനസിലാക്കി ഇന്ദുവേചിക്കു സതീശേട്ടനോടുള്ള പ്രണയം ഇന്റിമസിയായി വളർന്നിരിക്കുന്നു.
ഇനി ഒന്നും നോക്കാനില്ല സതീശേട്ടാ, ചെക്കൻ പറഞ്ഞത് കേട്ടില്ലേ, ഇന്റിമസി, അട്ട്രാക്ഷൻ ഹോ ഇന്ദുവേച്ചി സതീശേട്ടന് തന്നെ.
ഇത്രയും പറഞ്ഞു കൊണ്ടു തന്റെ കയ്യിലിരുന്ന ജവാന്റെ കാലിക്കുപ്പി ശക്തിയായി കുട്ടാപ്പു എറിഞ്ഞു പൊട്ടിച്ചു.
അന്നു രാത്രി സതീശന് കിടന്നിട്ടു ഉറക്കം
വന്നില്ല. കണ്ണടക്കുമ്പോൾ അതുവരെ ഇല്ലാതിരുന്ന ഇന്ദുവിന്റെ മുഖം സതീശന്റെ മനസ്സിൽ മിന്നു മറഞ്ഞു കൊണ്ടിരുന്നു.
കാവിലെ പൂരത്തിന്റെ താലവും ഓണംകുളം അമ്പലത്തിലെ ഓണക്കളിമത്സരവും സതീശന്റെ ഉറക്കം കെടുത്തി എന്നു പറയാം.
പിറ്റേന്നു പണി സൈറ്റിൽ മറ്റൊരു സതീശനെയായിരുന്നു പണിക്കാരെല്ലാം കണ്ടത്. എന്തിനും ഏതിനും പണിക്കാരെ ശകാരിച്ചിരുന്ന സതീശൻ അന്നു അവരോടെല്ലാം ചിരിച്ചു കളിച്ചു വർത്തമാനം പറഞ്ഞു.
ജീവിതത്തിൽ അന്നാദ്യമായി സതീശന്റെ പതിനെട്ടു വർഷത്തെ പെയിന്റിംഗ് സർവീസിൽ മഞ്ഞ പെയിന്റും ചുവന്ന പെയിന്റും ഒരു പാട്ടയിലിട്ടു സതീശൻ മിക്സ് ചെയ്തു.
തക്ക സമയത്തിനു കുട്ടാപ്പു അതു കണ്ടതുകൊണ്ടു സതീശൻ രക്ഷപെട്ടു.
വൈകിട്ട് പണി കഴിഞ്ഞു വീട്ടിലെത്തിയപ്പോൾ അമ്മ സഞ്ചിയുമായി റേഷൻ കടയിലേക്ക് പോകാനായി റെഡിയാവുന്നതു കണ്ട സതീശൻ അമ്മയെ തടഞ്ഞു റേഷൻ കാർഡുമായി കടയിലേക്ക് വിട്ടു.
അന്നാദ്യമായി കടയിൽ വെച്ചു ഇന്ദുവിന്റേയും സതീശന്റെയും കണ്ണുകൾ തമ്മിലുടക്കി. ഇന്ദു വശ്യമായി ഒരു ചിരിയോടെ സതീശന്റെ സഞ്ചിയിലേക്കു അരിമണികളിട്ടു കൊടുത്തു.
സഞ്ചിയിൽ നിറഞ്ഞ രണ്ടു രൂപയുടെ റേഷനരി മണികൾ ചുവന്ന റോസാപ്പൂ ഇതളുകൾ പോലെ സതീശന് തോന്നി.
ഒരു അരിമണി വായിലിട്ടു കടിച്ചു വശ്യമായി ഒന്നു ചിരിച്ചു കൊണ്ടു സതീശനും ഇന്ദുവിന്റെ മനസ്സിൽ ആദ്യത്തെ അമ്പു തൊടുത്തു.
അന്നത്തെ പതിവ് കമ്പനി കുടലിൽ ഒരു സർപ്രൈസുമായിട്ടാണ് രെഞ്ജിത്തെത്തിയത്
“ഇന്ദുവേച്ചിയുടെ പിറന്നാൾ ‘
നാളെ ഇന്ദുവേച്ചിയുടെ പിറന്നാൾ ആണ് സതീശേട്ട, ഞാൻ ഇന്നു അമ്പലത്തിൽ തൊഴാൻ പോയപ്പോൾ ഗോപാലേട്ടനും ഉണ്ടായിരുന്നു.
നാളെത്തെ അമ്പലത്തിലെ
പൂജ മുഴുവനും ഇന്ദുവേച്ചിയുടെ പിറന്നാൾ ആയിട്ടു ഗോപാലേട്ടൻ ആണ് കഴിക്കുന്നത്.
പതിവിലും രണ്ടെണ്ണം കൂടുതൽ അടിച്ചിരുന്ന സതീശന് തന്റെ ഇന്ദുവിന് എന്തു പിറന്നാൾ സമ്മാനം കൊടുക്കുമെന്ന ചിന്തയിലായിരുന്നു.
രഞ്ജിത്തേ എനിക്കെന്റെ ഇന്ദുവിന് എന്തെങ്കിലും ഒരു പിറന്നാൾ സമ്മാനം കൊടുത്താൽ കൊള്ളാമെന്നുണ്ട്.
കൊള്ളാമെന്നുണ്ടല്ല കൊടുക്കും തീർച്ചയായും സതീശേട്ടൻ പിറന്നാൾ സമ്മാനം കൊടുക്കണം.
എവിടെ ചെന്നു കൊടുക്കുമെന്ന സതീശേട്ടൻ ഇപ്പറയുന്നത്.
എങ്ങനെയെങ്കിലും എനിക്കു ഒരു സമ്മാനം കൊടുക്കണമെടാ കുട്ടാപ്പു.
എങ്ങനെയെങ്കിലും കൊടുത്താൽ പോരാ സതീശേട്ടാ, സാഹസികമായി തന്നെ വേണം ചേട്ടൻ ഇന്ദുവേചിക്കു സമ്മാനം കൊടുക്കാൻ.
സാഹസികമായോ?
സതീശനും കുട്ടാപ്പുവും ഒരുപോലെ ചോദ്യചിഹ്നമായി നിന്നു.
സാഹസികത ഇഷ്ട്ടപ്പെടാത്ത ഏത് പെണ്ണാണ് ഈ ലോകത്തുള്ളത്.
പ്രവചിക്കാൻ കഴിയാത്ത രീതിയിൽ അതി സാഹസികമായി സമ്മാനങ്ങൾ കിട്ടുമ്പോൾ പെണ്ണുങ്ങൾ ആകെ അത്ഭുതപ്പെട്ടുപോകും. അത്തരത്തിൽ ആകണം സതീശേട്ടനും ഇന്ദുവേചിക്കു പിറന്നാൾ സമ്മാനം കൊടുക്കാൻ.
ചേട്ടാ ചെക്കൻ പറയണത് കേട്ടില്ലേ “സാഹസികത ,, , ഇന്ദുവേച്ചി സതീശേട്ടന് തന്നെ. കാലിയായ കുപ്പി കുട്ടാപ്പു സന്തോഷത്താൽ എറിഞ്ഞു പൊട്ടിച്ചു.
ആരും കാണാതെ ഇന്ദുവിന്റെ കാലിൽ പാദസരം ഇട്ടു കൊടുക്കുന്നതായിരുന്നു രഞ്ജിത് പറഞ്ഞ സാഹസികത.
വെറുതെ ഇട്ടുകൊടുക്കാനല്ല ഇന്ദു അവരുടെ വീടിന്റെ അടുത്തുള്ള കുളത്തിൽ കുളിക്കാനും അലക്കാനും മറ്റോ വരാറുണ്ട് അപ്പോൾ വെള്ളത്തിനിടയിലൂടെ വന്നു കാലിൽ പാദസരം ഇട്ടു കൊടുക്കണം.
വെള്ളത്തിൽ നിന്നും കേറുമ്പോൾ തന്റെ കാലിൽ എങ്ങനെ ഈ പാദസരം വന്നു എന്നു അത്ഭുതത്തോടെ ഇന്ദു ചിന്തിച്ചു നിൽക്കുമ്പോൾ കുളത്തിന്റെ ഇങ്ങേ കരയിൽ നിന്നും നന്ദനത്തിലെ
ശ്രീകൃഷ്ണൻ നവ്യ നായരുടെ മുന്നിൽ പ്രത്യക്ഷപ്പെടുന്നത് പോലെ സതീശേട്ടൻ ഒരു മയിൽ പീലിയുമായി ഇന്ദുവേച്ചിയുടെ മുന്നിൽ പ്രത്യക്ഷപ്പെടാൻ.
അന്നും സതീശന് ഉറക്കം കിട്ടിയില്ല. വെള്ളത്തിനടിയിലൂടെ രണ്ടു വെള്ളി പാദസരം ഇന്ദുവിന്റെ കാലിൽ അണിയിക്കുന്നതും ശേഷം ശ്രീകൃഷ്ണനെ പോലെ മയിൽ പീലിയുമായി പൊങ്ങി വരുന്നതും സ്വപ്നം കണ്ടു കിടന്നു.
പിറ്റേന്നു രാവിലെ തന്നെ സതീശനും കുട്ടാപ്പുവും രഞ്ജിത്തും കുളത്തിന്റെ അടുത്തെത്തി. സമയം ഒൻപതായിട്ടും ഇന്ദുവിനെ കണ്ടില്ല.
ഇന്നലെ രണ്ടെണ്ണം അടിച്ചപ്പോൾ ഉണ്ടായ ധൈര്യമൊന്നും സതീശനിൽ ഇന്നു രഞ്ജിത്തും കുട്ടാപ്പുവും കണ്ടില്ല.
ഡാ പിള്ളേരെ, ഇങ്ങനെ ഒരു സാഹസികത ഇപ്പൊ വേണോ.
എന്റെ സതീശേട്ടാ നിങ്ങളിങ്ങനെ ഒന്നു പേടിക്കാതിരി. രഞ്ജിത് കുളത്തിന്റെ അങ്ങേ വഴിയിലേക്ക് നോക്കികൊണ്ട് പറഞ്ഞു.
നിങ്ങളുടെ ഒടുക്കത്തെ ഈ ധൈര്യ കുറവുകൊണ്ടല്ലേ അന്നു ആശാന്റെ മോളെ കൈ വിട്ടു പോയത്. കുട്ടാപ്പു കൂട്ടി ചേർത്തു.
ദേ ഇന്ദുവേച്ചി ഒരു ബക്കറ്റുമായി വരുന്നുണ്ട്.
കൂടെ വേറെയും മൂന്നാലു പെണ്ണുങ്ങളുണ്ടല്ലോ.
വേണോടാ കുട്ടാപ്പു.. സതീശൻ നിന്നു വിറക്കാൻ തുടങ്ങി.
വിറ മാറ്റാൻ ഞാൻ ഒരു സാധനം തരാമെന്നു പറഞ്ഞു കുട്ടാപ്പു അരയിൽ നിന്നും ഒരു കുപ്പിയെടുത്തു.
സതീശൻ അതിൽ നിന്നും രണ്ടു പെഗ്ഗടിച്ചു.
അവര് കുളത്തിൽ എത്തുന്നതിനു മുന്നേ സതീശൻ കുളത്തിന്റെ ഒരു മൂലയിലേക്ക് അള്ളിപ്പിടിച്ചിറങ്ങി, എന്നിട്ട് അവിടെ തൂങ്ങി കിടക്കുന്ന വള്ളിപ്പടർപ്പിൽ ഒളിച്ചിരുന്നു.
ദേ നിങ്ങള് പാദസരം കെട്ടാതെ കേറി വന്നാൽ ഞങ്ങൾ കല്ലെടുത്തെറിഞ്ഞു ഇവിടെ തന്നെ നിങ്ങളെ കൊല്ലും.. കുട്ടാപ്പു കുപ്പി കാലീയാക്കികൊണ്ടു പറഞ്ഞു.
കുട്ടാപ്പുവും, രഞ്ജിത്തും കുളത്തിന്റെ സൈഡിലുള്ള ഒരു കുറ്റി കാട്ടിൽ മറഞ്ഞിരുന്നു.
പെണ്ണുങ്ങൾ എല്ലാവരും കുളത്തിലെത്തി. ആദ്യം തന്നെ അവര് തുണിയലക്ക് തുടങ്ങി.
സതീശൻ പെണ്ണുങ്ങളുടെ തുണിയലക്ക് കണ്ടിരുന്നു. ഇന്ദുവിനെ കണ്ടപ്പോൾ സതീശൻ വീണ്ടും അനുരാഗ തരളിതനായി.
ചൂടും പെട്ടന്നടിച്ച രണ്ടു പെഗ്ഗും കൂടിയായപ്പോൾ ഇന്ദുവിന്റെ ചുറ്റിലും നാലു തോഴിമാരും ഇന്ദുവിനെ ഒരു രാജകുമാരിയായും സതീശനു തോന്നി. പതിയെ സതീശൻ മുങ്ങാംകുഴിയിട്ടു.
കുളത്തിൽ നറച്ചും പായൽ ഉള്ളതിനാൽ വെള്ളത്തിനടിയിലൂടെ ഊളിയിട്ടു വരാൻ സതീശൻ നന്നേ പ്രയാസപ്പെട്ടു. സതീശൻ മെല്ലെ പെണ്ണുങ്ങളുടെ അരികത്തായെത്തി.
പെണ്ണുങ്ങൾ ആണെങ്കിൽ കൊണ്ടു പിടിച്ചു അലക്കിലായിരുന്നു. വെള്ളത്തിനിടയിൽ രണ്ടു സ്വർണ കാലുകൾ കണ്ടപ്പോൾ സതീശൻ പായലിനു മുകളിൽ മെല്ലെയൊന്നു പൊന്തിനോക്കി.
അതെ അതു ഇന്ദുവിന്റെ കാലുകൾ തന്നെ കെട്ടെടാ മോനെ പാദസരം, സതീശന്റെ മനസിലിരുന്നു ആരോ മന്ത്രിച്ചു.
ഒരൊറ്റ ഊളിയിടലിൽ സതീശൻ ഇന്ദുവിന്റെ അടുത്തെത്തി സതീശൻ കാലിൽ തൊടാതെ തന്നെ മെല്ലെ വെള്ളത്തിൽ പാദസരം നീട്ടി വളച്ചെടുത്തു പാദസരത്തിന്റെ കണ്ണിയിട്ടു.
രണ്ടാമത്തെ കാലിൽ പാദസരം ഇടാൻ നോക്കിയതും ഏതോ ഒരു അസത്തു പെണ്ണ് തുണിയലക്ക് കഴിഞ്ഞു വെള്ളത്തിലേക്ക് ഒരൊറ്റ ചാട്ടം.
പെണ്ണ് ചാടിയതും സതീശൻ പേടിച്ചു പാദസരം ഇടനിരുന്ന രണ്ടാമത്തെ കാലിൽ കേറി ഒരു പിടുത്തം.
എന്റമ്മോ എന്റെ കാലിൽ കിനാവള്ളി പിടിച്ചേ ‘”
ഇന്ദു ഒരലർച്ച ആയിരുന്നു.
പെണ്ണുങ്ങൾ എല്ലാവരും നോക്കുമ്പോൾ കാവിമുണ്ടുടുത്ത ഒരു കിനാവള്ളി വെള്ളത്തിൽ പായലിൽ കിടന്നു പെടക്കുന്നു.
എറിയടി കല്ലെടുത്തു എന്നു ആരോ പറഞ്ഞതും. പെണ്ണുങ്ങൾ ചറ പറ കല്ലെടുത്തു വെള്ളത്തിലേക്ക് എറിയാൻ തുടങ്ങി, സതീശൻ വെപ്രാളപ്പെട്ടു നീന്തി,
പായലുമൊത്തം വാരിചുറ്റി നന്ദനത്തിലെ ശ്രീകൃഷ്ണൻ കുളത്തിൽകിടന്നു പിടച്ചു. . സംഭവം കൈവിട്ടു പോയെന്നറിഞ്ഞപ്പോൾ കുറ്റികാട്ടിൽ നിന്നും കുട്ടാപ്പുവും രഞ്ജിത്തും ചിതറിയോടി.
പായലുമൊത്തം മേത്തു ചുറ്റി നീന്താൻ കഴിയാതെ വന്നപ്പോൾ സതീശൻ മുണ്ടഴിച്ചിട്ടു തലയിൽ കെട്ടി ശേഷം വള്ളിപ്പടർപ്പിൽ കേറിപിടിച്ചു ആടിയാടി മുകളിലേക്കു കയറി.
മുണ്ടിന്റെ അടിയിൽ ഒന്നും ഇല്ലാത്തതിനാൽ ശ്രീകൃഷ്ണന്റെ കാളിയമർദ്ദനം കണ്ടു നടുങ്ങിയ രാധാമാരെല്ലാം കല്ല് താഴെക്കിലിട്ടു കണ്ണടച്ചു നിന്നു.
പക്ഷെ അതിലൊരു രാധികയുടെ കല്ല് മാത്രം ഉന്നം തെറ്റാതെ കണ്ണന്റെ ഓടക്കുഴൽ നോക്കി കുതിച്ചു..