എന്റെ കട്ടിമീശക്കാരൻ
(രചന: Jolly Varghese)
ഒരു നോട്ടംകൊണ്ടെന്റെ മനസ്സിനെ കുളിരണിയിച്ചകട്ടിമീശക്കാരൻ..??
പ്രീഡിഗ്രീ പരീക്ഷ കഴിഞ്ഞു ചുമ്മാ വീട്ടിൽ ഇരിക്കുന്ന സമയം. ഞാൻ തയ്യൽ പഠിക്കാൻ പോയി തുടങ്ങി.
വീട്ടിൽ നിന്നും രണ്ട് കിലോമീറ്റർ ദൂരെ ഒരു ടീച്ചർ തയ്യൽ പഠിപ്പിക്കുന്നുണ്ട് വിടെയാണ് ഞാനും പോകുന്നത്.
പെൺകുട്ടികൾ എന്തെങ്കിലും കൈത്തൊഴിലൂടെ അറിഞ്ഞിരിക്കണമെന്ന് അമ്മയ്ക്ക് നിർബന്ധമായിരുന്നു.
പോകുന്ന വഴിയിൽ റോഡിനു മുകൾഭാഗത്തായി ഒരു വീടുണ്ട്. അരഭിത്തികെട്ടിയ വരാന്തയുള്ള ഓടിട്ട വീട്.
ആവീടിന്റെ വരാന്തയിൽ കട്ടിമീശയുള്ളൊരു യുവാവ് ഇരിക്കുന്നത് രണ്ടുദിവസമായി ഞാൻ കാണാറുണ്ട്. അവിടുത്തെ ചേച്ചിയുടെ ആങ്ങളായാണത്. ഇരുപത്തിനാല് വയസ്സുണ്ടാവും അയാൾക്ക്.
ഇരുനിറം, സുമുഖൻ,സുന്ദരൻ, പോരാത്തതിന് കട്ടി മീശയും. എന്റെ കണ്ണിലുമാദ്യം ഉടക്കിയത് ആ കട്ടിമീശയാണ്.
കട്ടിമീശ ഉള്ള ആണുങ്ങളോട് പെൺകുട്ടികൾക്ക് അന്നൊക്കെയൊരു പ്രേത്യേക ഇതായിരുന്നു.
എന്നും ഞാൻ പോകുമ്പോഴും വരുമ്പോഴും അയാൾ അവിടെത്തന്നെ ഇരിക്കുന്നത് കാണാം. അപ്പോ ഞാൻ വിചാരിക്കാറുണ്ട് ഇയാൾക്കു പണിയൊന്നും ഇല്ലേയെന്നു.
ഒരു ദിവസം ഞാൻ നോക്കിയപ്പോ അയാൾ എന്നെ നോക്കി ചിരിച്ചു കാണിച്ചു. ഞാൻ കണ്ടതിൽ വച്ചേറ്റവും മനോഹരമായ ചിരി. അതും ഇരുനിറത്തിൽ സുന്ദരനായ കട്ടിമീശക്കാരന്റെ ചിരി..
എന്റെ പൊന്നോ അപ്പോഴെന്റെ അടിവയറ്റിൽ നിന്നും ഒരു തീഗോളം ഉരുണ്ടു വന്നു ഹൃദയത്തിലൊരു തട്ട്.
ആ തട്ടിൽ തട്ടി വീഴാതെ പെട്ടന്ന് പുഞ്ചിരിയോടെ തലകുനിച്ചു. തിരിഞ്ഞു നോക്കാനുള്ള മനസ്സിന്റെ പ്രലോഭനങ്ങളെ കടിഞ്ഞാണിടാൻ ഞാപ്പെട്ട പാട്.
അങ്ങനെ തയ്യലിനുപോക്ക് ഉഷാറായി. ഒന്നുമില്ല അങ്ങോട്ടും ഇങ്ങോട്ടും നോട്ടവും ചിരിയും മാത്രം.
ഒരുദിവസം ഞാൻ വാടാമുല്ല കളറിൽ കസവു ബോർഡുള്ള പുതിയ പട്ടുപാവാടയും ബ്ലൗസും ഇട്ട് പോകുമ്പോ അയാൾ എന്നെനോക്കി നന്നായിട്ടുണ്ട് എന്നാംഗ്യം കാണിച്ചു.
കൂടെ എനിക്കിഷ്ടമായി എന്നൊരു ആക്ഷൻ വേറെയും. ചുറ്റിലും ആരേലും കാണുന്നുണ്ടോ എന്നൊക്ക നോക്കിയിട്ടാണ് ഈ കൈ ക്രിയ.
പിന്നീട് എന്റെ അവസ്ഥ.. പഞ്ഞികെട്ടുപോലെ പറന്നു..പറന്നു.. പറന്നങ്ങനെ..
നോട്ടവും ചിരിയും കൂടി.. വന്നു. ഒരു ദിവസം നല്ലൊരു ചുവന്ന റോസാ പൂവ് അയാൾ എന്റെ നേരെ എറിഞ്ഞു. ഞാൻ അതെടുത്തു എന്റെ മാറോട് ചേർത്തുപിടിച്ചു.
അങ്ങനെ ഒരുമാസത്തോളം കടന്നുപോയി. ഈ തയ്യൽ ഞാൻ ഒരിക്കലും പഠിച്ചു തീരല്ലേ..
എനിക്കെന്നും ഈ വഴി വരണം ആ മനോഹരമായ മീശയും ചിരിയും കാണണം എന്ന് ചിന്തിച്ചു കൊണ്ട് ചെല്ലുമ്പോ..
അയാളുടെ വീടിനുമുന്നിൽ ഒരു “വാൻ ” കിടക്കുന്നു. മൂന്നാല് പേര് കൂടി ഒരു വീൽചെയർ ഉയർത്തി വാനിൽ വയ്ക്കുന്നു.
ഞാനപ്പോഴേയ്ക്കും തൊട്ടടുത്തു എത്തി. ഞാൻ വീൽ ചെയറിലേയ്ക്ക് നോക്കി. എന്റെ മനസ്സിലൂടെ ഒരു മിന്നൽ കടന്നുപോയി.
അതിൽ അയാൾ എന്റെ കട്ടിമീശക്കാരൻ സുന്ദരൻ അരയ്ക്ക് താഴേയ്ക്ക് തളർന്ന കാലുകളുമായിരിക്കുന്നു.
എന്റെ മനസ്സ് കലങ്ങി.
ആരും കാണാതെ എന്നെ നോക്കി ചെറുതായി ചിരിച്ചുകൊണ്ട് പോകുവാണെന്ന് ആംഗ്യം കാണിച്ചു..അയാളുടെ കണ്ണുകളിലെ തിളക്കം ഞാൻ ശ്രദ്ധിച്ചു.
വീൽചെയറിലാണ് ജീവിക്കുന്നതെങ്കിലും എത്രയോ പ്രസരിപ്പാണ് മുഖത്തിനു.
ആ കണ്ണിൽ എന്നോടുള്ള എന്തോ ഉണ്ടായിരുന്നു. ഇഷ്ടമോ, പ്രണയമോ, സ്നേഹമോ.. അറിയില്ല..
ഒരിക്കൽ കൂടി എന്റെ നേരെ കൈ വീശി എന്നിട്ട് കൈ നെഞ്ചിൽ വച്ച് കാണിച്ചു, ഞാൻ അവിടുണ്ടെന്നു പറയും പോലെ.
ആ വണ്ടി എന്നെ കടന്ന് പോകുമ്പോ.., എനിക്കാ വണ്ടിയിലേക്ക് ഓടിച്ചെന്നു കയറാൻ തോന്നി.
പക്ഷേ കാലുകൾ തറഞ്ഞു ശിലപോലെ നിൽക്കാനേ കഴിഞ്ഞുള്ളൂ.. ആ പ്രായത്തിൽ ഞാൻ അനുഭവിച്ച ഏറ്റവും വലിയ വേദന അതായിരുന്നു.
തുടർന്നുള്ള തയ്യല് പഠിത്തം പരമ കഷ്ടമായിരുന്നു. പണ്ടാരം തീർന്നെങ്കിൽ എന്നായി.
പിന്നീട് പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട് ആ ചിരിയൊന്നു കാണാൻ. മോഹിച്ചിട്ടുണ്ട് ആ കട്ടിമീശയിലൊന്നു തൊടാൻ.
കൊതിച്ചിട്ടുണ്ട് ഒന്നു സംസാരിക്കാൻ.
ഒരിക്കൽ പോലും പരസ്പരം സംസാരിച്ചിട്ടില്ല. പേരും അറിയില്ല.
എങ്കിലുമെന്റെ കട്ടിമീശക്കാരാ നിങ്ങളെ ഞാൻ എങ്ങനെ മറക്കും…