(രചന: Syam Varkala)
എന്റെ പേര് ഗായ. ഒരു പ്രേമമുണ്ടായിരുന്നു. അതു കൊണ്ട് തന്നെ “നീയീ കല്ല്യാണത്തിനു
സമ്മതിച്ചില്ലെങ്കിൽ പിന്നെ ഞാൻ ജീവിച്ചിരിക്കില്ലെന്ന” ആളെക്കൊല്ലി ഡയലോഗ് ഞാനും കേട്ടിരുന്നു.
ഞാനിന്ന് എന്റെ വീട്ടുകാർ കണ്ടെത്തിയ ആളുടെ ഭാര്യയാണ്.
“മറ്റവനെ തേച്ചല്ലേഡീ..” എന്ന ഡയലോകും നിങ്ങളുടെ മനസ്സിൽ..
അതെന്താണങ്ങനെ..?
ഒരു പ്രേമം താലിച്ചരടണിഞ്ഞില്ലെങ്കിൽ
നിങ്ങളെന്താണ് തേപ്പിനു
പിന്നാലെ പായുന്നത്….?
ഗതികേടാണ് മനുഷ്യാ, പോറ്റിവളർത്തിയവരോടുള്ള
സ്നേഹം എട്ടിന്റെ പണി തരുന്നതാണ്…. നിവൃത്തികേട് കൊണ്ടാാാാ..
ആര് കേൾക്കാൻ,.. മനസ്സ് പിടയുന്നതൊക്കെ കോമഡിയാണിന്ന്..
ചിക്കൻ കറിയിൽ പിടിവിട്ട് വീണ സ്പൂണാണ് എന്നെക്കൊണ്ടിതൊക്കെ
ചിന്തിപ്പിക്കുന്നത്..
ഞാൻ മനഃപ്പൂർവ്വം ചെയ്തതല്ല, ചില നേരം ചിലർക്ക് പിടിവിട്ട് പോകാറില്ലേ അത്തരമൊരു പിടിവിടലായിരുന്നു അതും…
അദ്ദേഹത്തിന്റെ മുഖത്തും കണ്ണിലും ചാർ തെറിച്ചു. എന്റെ കവിളത്ത് അദ്ദേഹത്തിന്റെ എച്ചിൽക്കൈയ്യും പതിച്ചു. അല്ല…വീണ്ടും പതിച്ചു.
അതെ… അടി എനിക്ക് ന്യൂ റൈസല്ല,
ദേഷ്യം കൊണ്ട് ഭർത്താവടിച്ചാൽ
അടക്കമെന്ന പരിച കൊണ്ട്
തണുപ്പിക്കണമെന്നാണ്
എന്റെ അമ്മ പഠിപ്പിച്ചത്,
അമ്മ ഇതെവിടുന്ന് പഠിച്ചെന്ന് എനിക്കറിയില്ല, അച്ഛൻ അമ്മയെ തല്ലുന്നത് ഞാനിതു വരെ കണ്ടിട്ടില്ല.
ചില വിഡ്ഡിത്തരങ്ങൾ മനസ്സിലാക്കാനുള്ള അഭ്യാസം വിദ്യാഭ്യാസം നൾകുന്നില്ലെന്നതാണ് സത്യം… ജീവിതം കൊണ്ട് നേടേണ്ട ചിലതുണ്ട്….
ഒന്നുണ്ട് ആരായാലും അനുഭവിച്ചറിയാത്ത ഒന്നിനെ കുറിച്ച്
കൊണയടിക്കരുത്…
ഞാനിപ്പോൾ വീട്ടിലേയ്ക്കുള്ള യാത്രയിലാണ്,… ഇനി പുതിയൊരു ജീവിതം തുടങ്ങാനുള്ള യാത്രയാണ്.
ആരൊപ്പെമുണ്ടാകുമെന്നോ, തണലേകുമെന്നോ നിശ്ചയമില്ല,
ആരൊപ്പമില്ലെങ്കിലും ഞാൻ പുതിയൊരു ജീവിതം തുന്നും, ജീവിക്കും…
സ്ത്രീധനമായി വീട്ടുകാർ കരുതിവച്ചതും, കടപ്പെടുത്തിയതുമായ് ഒട്ടും കുറയാതെയാണ് ഞാൻ പടിയിറങ്ങിയതും, പുതിയ പടി കയറിയതും…
അല്ലയോ അച്ഛനമ്മ സഹോമാരേ…
മകളോടുള്ള സ്നേഹം അടപടലമായ് സ്ത്രീധനത്തൂക്കത്തിൽ ചേർക്കാതെ പാതിസ്നേഹം അവളുടെ പേരിൽ കരുതി വയ്ക്കരുതോ….
എങ്ങാനും മൂഞ്ചിത്തെറ്റി അവൾ വീട്ടു പടിക്കൽ വന്നാൽ അവൾക്കൊരു ജീവിതം തുടങ്ങാനൊരു കരുതൽ…??
ഓ പിന്നേ…. കല്ല്യാണക്കുറിയിൽ അക്ഷരം തുന്നും മുൻപേ ഇനി അതാണ് നിന്റെ വീടെന്ന് പറഞ്ഞ് അവകാശം
വെട്ടിമുറിക്കാൻ വെട്ടുകത്തിയെടുത്താണല്ലോ പതിവ്… കളി മാറൂലാാ..
നിങ്ങൾ കേൾക്കുന്നുണ്ടോ…?
ങ്ങ്ഹേ…?…???
ഓ പിന്നേ…. ഇപ്പ കേക്കും… കരുതേം ചെയ്യും…
അവൾ കോളിങ്ങ് ബെല്ലിൽ വിരൽ അമർത്തി. വാതിൽ തുറന്ന അമ്മ അവളുടെ മുഖം കാണും മുൻപ് കൈയ്യിലെ ബാഗ് കണ്ടു…
ചത്ത ചിരിയിൽ റീത്ത് വയ്ക്കാൻ നിൽക്കാതെ, അവൾക്കായൊരു മുറി പോലും ആ വീട്ടിൽ കരുതി വച്ചിട്ടില്ലെന്നറിയാതെ,
അവളവളുടെ മുറിയിലേയ്ക്ക് നടന്നു..