ഉള്ളത് പറഞ്ഞാൽ
(രചന: Navas Amandoor)
“നാല് വയസ്സ് പ്രായമുള്ള കുട്ടി ഉമ്മയുടെ മർദ്ധനമേറ്റ് മരിച്ചു. ഉമ്മ അറസ്റ്റിൽ. ”
പനി വന്ന് മാറിയതിൽ പിന്നെ മോൾക്ക് ഭക്ഷണത്തിനോട് ഒട്ടും താല്പര്യമില്ല. ഭക്ഷണം കണ്ടാൽ കരച്ചിൽ തുടങ്ങും.
കൊണ്ട് നടന്നും കഥ പറഞ്ഞും പാട്ട് പാടിയും പേടിപ്പിച്ചും എത്ര ശ്രമിച്ചിട്ടും മോള് ഭക്ഷണം കഴിക്കാൻ കൂട്ടാക്കില്ല. പിന്നെ കരച്ചിലാണ് ഏത് സമയത്തും. എടുത്തു കൊണ്ട് നടക്കണം.
എത്ര ടെൻഷനോടെയാണ് സുലു മോളെ കൊണ്ട് നടക്കുന്നത്. എത്ര ദിവസമായി അവൾ ഉറങ്ങിയിട്ട്. മോളുടെ വാശിയും കരച്ചിലും വീട്ടിലെ പണികളും അവളെ വല്ലാതെ തളർത്തി.
“ഇപ്പൊ ഇക്ക നാട്ടിൽ ഉണ്ടായിരുന്നങ്കിൽ കുറച്ചു സമാധാനം ഉണ്ടാകുമായിരുന്നു. എല്ലാം കൂടി പറ്റുന്നില്ല.. റബ്ബേ. ”
ഇന്ന് എന്തായാലും മോളെ എങ്ങനെയെങ്കിലും രണ്ട് പിടി ചോർ കഴിപ്പിക്കണമെന്ന് ഉറപ്പിച്ചിട്ടാണ് പ്ലെയിറ്റിൽ കുറച്ചു ചോറും ഉപ്പേരിയും എടുത്തു മോളുടെ അടുത്തേക്ക് വന്നത്.
“നെജി അടുക്കളയിൽ ഒന്ന് നോക്കണേ.. ആ പൂച്ച വന്ന് എല്ലാം തട്ടി മറിച്ചിടും.. ”
“ഞാൻ നോക്കിക്കൊളാം ഇത്ത”
നെജി ഇന്നലെ വന്നതാണ്. സുലുവിന്റെ ഭർത്താവിന്റെ അനിയത്തി. വല്ലപ്പോഴും വരും ഒന്നോ രണ്ടോ ദിവസം മക്കളോടപ്പം ഉണ്ടാവും. ഹാളിലിരുന്ന് ടീവി കണ്ടിരുന്ന സന മോളെ സുലു അടുത്തേക്ക് വിളിച്ചു.
“നമ്മുക്ക് വാപ്പിയെ വിളിക്കാം. ” സുലു മൊബൈൽ എടുത്തു ഇമോ യിൽ വാപ്പിക്ക് വീഡിയോ കാൾ ചെയ്തു.
“സനു നോക്ക് വാപ്പിച്ചി. ഇക്കാ കണ്ടില്ലേ മോൾ ഒന്നും കഴിക്കുന്നില്ലന്നേ. ”
“അവൾ കഴിച്ചോളും. വാപ്പിടെ മുത്തല്ലെ.. വേഗം കഴിക്ക് ട്ടോ. ”
“എനിക്ക് വേണ്ട.. വാപ്പി. വാപ്പിച്ചി എന്നാ വരുന്നത്. ”
“വാപ്പി വരാട്ടോ. ഇപ്പൊ ന്റെ കുട്ടി ചോർ തിന്നു. സുലു ഞാൻ പിന്നേ വിളിക്കാം. കുറച്ചു തിരിക്കാണ്. ”
മൊബൈൽ എടുത്തു വെച്ച് സുലു ചോർ വരി ഉരുളയാക്കി മോളെ വായിലേക്ക് അടുപ്പിച്ചു. മോൾ മുഖം തിരിച്ചു.
“ഉമ്മിടെ പൊന്നല്ലേ.. കഴിക്ക്. ”
“എന്താ ഇത്ത.. മോള് കഴിക്കുന്നില്ലേ..? ”
“ഇല്ല.. നെജു.. ആ പനി വന്നതിൽ പിന്നെ ഒരു വക കഴിക്കില്ല… ഇടക്ക് എനിക്ക് സങ്കടം വരും.. കോലം നോക്ക് മോളെ.. എന്ത് ക്ഷീണമാണ്.. എന്താ ചെയ്യാ. ”
സന മോളെ നിർബന്ധിച്ചു എടുത്തു സുലു മടിയിൽ വെച്ചു. മോൾ കരച്ചിൽ തുടങ്ങി.
ചോർ എടുത്തു വെച്ച പത്രം കൈ കൊണ്ട് തട്ടി തെറിപ്പിച്ചു.
പ്ലെയിറ്റ് തെറിച്ചു താഴെ വീണ് ചോർ ചിതറി തെറിച്ചു. അപ്പൊ വന്ന ദേഷ്യത്തിൽ മോളെ കൈ കൊണ്ട് തല്ലി. ദേഷ്യവും സങ്കടവും സഹിക്കാൻ കഴിയാതെ തല്ലിന്റെ എണ്ണം കൂടി. തല്ല് കിട്ടയപ്പോൾ കരച്ചിൽ കൂടുതലായി.
പെട്ടന്ന്… ഉമ്മയുടെ മടിയിൽ നിന്നും തളർന്ന് കണ്ണിലെ കൃഷ്ണ മണികൾ മേൽപ്പോട്ടായി സന മോൾ കുഴഞ്ഞു വീണു.
സുലു കരച്ചിലായി. അവളെ എടുത്തു ഹാളിലേ സോഫയിൽ കിടത്തി.
“മോളെ… ഉമ്മിടെ പൊന്നെ… ”
അനക്കമില്ലാതെ വാടിയ താമര തണ്ട് പോലെ അവൾ കിടന്നു. അത്ര സമയം കൊണ്ട് മോളുടെ ശരീരത്തിൽ നീല നിറം പടർന്നു.
“നെജി ഒന്ന് വേഗം വാ.. ന്റെ മോൾ.. ”
നെജി ഓടി വന്നു.
“പടച്ചോനെ… ഇത്ത വേഗം ഹോസ്പിറ്റലിൽ കൊണ്ട് പോണം… ”
നെജി പുറത്തറങ്ങി ഒരു ഓട്ടോ വിളിച്ചു.
ഹോസ്പിറ്റലിൽ എത്തും വരെ സന മോൾ ആ കിടപ്പ് തന്നെ ഉമ്മിടെ മടിയിൽ.
“പടച്ചോനെ.. ന്റെ മോൾക്ക് ഒന്നും വരുത്തല്ലേ.. ”
കരച്ചിലും പ്രാർത്ഥനയും അതിന്റ ഇടയിൽ മോളെ പലവട്ടം ചുംബിച്ചു. ഹോസ്പിറ്റലിൽ അത്യാഹിതവിഭാഗത്തിൽ കാണിച്ചു. ഡോക്ടർ വന്നു സന മോളെ നോക്കി. സന മോളുടെ വായിലൂടെ കുറച്ചു കുറച്ചായി ചോര ഒലിച്ചു വരാൻ തുടങ്ങി.
നേഴ്സ് നെജിയെ ഡോക്ടറെ മുറിയിലേക്ക് വിളിപ്പിച്ചു. സുലു കണ്ണീർ തലയിലിട്ട ഷാൾ കൊണ്ട് തുടച്ചു സന മോളുടെ അരികിൽ തന്നെ നിന്ന് അവളുടെ തലയിൽ തലോടി. ഒരു തുണി കൊണ്ട് അവളുടെ കവിളിലൂടെ ഒലിക്കുന്ന ചോര തുടച്ചു മാറ്റി.
“നിങ്ങൾ ആരാണ്..? ”
“ഞാൻ ആ കുട്ടിയുടെ വാപ്പയുടെ അനിയത്തി ആണ്. ”
“ആ മോള് പോയി. ”
“അള്ളാഹുവേ..”
“മോൾക്ക് എന്ത് പറ്റിയതാണ്.. മേല് വിരൽ പാടുകൾ ഉണ്ടല്ലോ..? ”
“ചോർ കഴിക്കാത്തതിന്.. ഇത്ത തല്ലി. ”
കരച്ചിലിന്റെ ഇടയിൽ നെജി പറഞ്ഞത് കേട്ട് ഡോക്ടർ അപ്പോൾ തന്നെ പോലീസ് സ്റ്റെഷനിലേക്ക് വിളിച്ചു.
പോലീസ് വന്നതിന് ശേഷമാണ് സന മോൾ പോയത് സുലു അറിഞ്ഞത്. അത് അറിഞ്ഞ നിമിഷം തന്നെ സുലു വല്ലാത്ത അലർചച്ചയോട് താഴെ വീണു. ബോധം പോയ അവളെ ആരൊക്കെയോ പൊക്കിയിടെത്ത് ഒരു ബെഡിൽ കിടത്തി.
അപ്പോഴേക്കും വാർത്ത പുറത്ത് വന്നു.
“ഉമ്മയുടെ മർദ്ധനത്തിൽ നാല് വയസ്സുള്ള കുട്ടി മരിച്ചു. ”
സന മോളെ വീട്ടിൽ കൊണ്ട് കിടത്തിയതും ഭർത്താവ് വന്നതും സന മോളെ വീട്ടിൽ നിന്നും പള്ളിയിലേക്ക് കൊണ്ട്പോയതും സുലു അറിഞ്ഞില്ല. സ്ഥലകാല ബോധം നഷ്ടപ്പെട്ട അവൾ ഒരു പ്രതിമയെ പോലെ കിടന്നു.
പോലീസ് കേസ് എടുത്തു FIR എഴുതി. സുലു വിനെ പ്രതിയാക്കി. നാടും നാട്ടുകാരും അവളെ കൊലപാതകിയാക്കി.
നാല് വയസ്സുള്ള കുട്ടിയെ തല്ലി കൊന്ന ഉമ്മയെ ആളുകൾ പുച്ഛത്തോടെ നോക്കി. അമ്മയുടെ ക്രുര മുഖത്തെ പറ്റി ചാനലിൽ ചർച്ച നടത്തി.
സോഷ്യൽ മീഡിയകളിൽ സ്വന്തം മകളെ കൊന്ന ഉമ്മയെ വലിച്ചു കീറി ഒട്ടിച്ചു. ആ സമയത്ത് ആരും അറിഞ്ഞില്ല ഒരു ഭ്രാന്തിയെ പോലെ അലറി കരഞ്ഞ സുലുവിനെ.
വീട്ടുകാരും നാട്ടുകാരും അവളെ ഒറ്റപ്പെടുത്തിയപ്പോൾ അയാൾ അവളുടെ ഭർത്താവ് മാത്രം കൂടെ നിന്നു.
“ഇല്ല… ന്റെ സുലു മനപ്പൂർവം അങ്ങനെ ചെയ്യില്ല… ഞങ്ങളുടെ ഒപ്പം ഇത്ര നാൾ വിധിച്ചിട്ടുള്ള മോൾക്ക്. ”
പിറ്റേന്ന് രാവിലെ വീട്ടിൽ പോലീസ് വന്നു. തെളിവിടപ്പ് നടത്തി. മൊഴികൾ രേഖപ്പെടുത്തി. ആ സമയം അവിടെ നെജി മാത്രം ഉണ്ടായിട്ടുള്ളൂ.
“മോളെ ഇത്ത തല്ലിയത് ശരിയാണ്. അതിന് ശേഷമാണ് അവൾ കുഴഞ്ഞു വീണത്. അപ്പോഴാണ് ഇത്ത എന്നെ വിളിച്ചത്.. ഞാൻ ഓടി വന്ന് നോക്കിയപ്പോൾ കുട്ടിക്ക് അനക്കമില്ല. ഒരു ഓട്ടോ വിളിച്ചു ഹോസ്പിറ്റലിൽ കൊണ്ടുപോയി.. ഡോക്ടർ പറഞ്ഞത് അവിടെ എത്തും മുൻപേ മോള്… ”
നെജിയുടെ മൊഴി രേഖപ്പെടുത്തിയതിന് ശേഷം സുലു വിന്റെ ഭർത്താവിനെ വിളിച്ചു.
“നിങ്ങളുടെ ഭാര്യയെ സ്റ്റെഷനിലേക്ക് കൊണ്ട് പോകണം.. സഹകരിക്കുക. ”
“സാറെ അവൾ ഇപ്പോഴും നോർമൽ ആയിട്ടില്ല. ”
“ഒന്നും ചെയ്യാൻ പറ്റില്ല.. കൊണ്ട് പോയെ പറ്റു. ”
അഴിച്ചിട്ട മുടി മാടി ഒതുക്കാതെ.. ഇട്ടിരുന്ന ഡ്രെസ്സ് മാറ്റാതെ.. കരഞ്ഞു കലങ്ങിയ കണ്ണുകൾ കഴുകാതെ.. ഒരു തുള്ളി വെള്ളം കുടിക്കാതെ… ആരുടെയും മുഖത്ത് നോക്കാതെ… തല കുനിച്ചു…
തളർച്ചയോട് ഇടറുന്ന കാലടി കളോടെ പോലീസ് വണ്ടിയുടെ അടുത്തേക്ക് നടന്നു വണ്ടിയിൽ കയറി ഇരുന്നു
“നാല് വയസ്സ് കാരിയെ മർദ്ദിച്ചു കൊന്ന ഉമ്മ പോലീസ് കസ്റ്റടിയിൽ. ” ടീവിയിൽ ഫ്ലാഷ് ന്യൂസ് എഴുതി കാണിച്ചു തുടങ്ങി.
“ന്റെ പൊന്ന് മോളെ കൊന്നത് ഞാനാണ്.. ഏത് ശിക്ഷയും അനുഭവിക്കാം… ” ആ അവസ്ഥയിൽ സുലു തളർന്ന ശബ്ദത്തോടെ വിളിച്ചു പറയുന്നുണ്ടായിരുന്നു.
സ്റ്റേഷന്റെ പുറത്ത് അവൾക്ക് വേണ്ടി അവളുടെ ഭർത്താവ് മാത്രം കാത്ത് നിന്നു .
ഉള്ളിൽ ഒരു മൂലയിൽ സുലു ഇരുന്നു.
അവളുടെ മുഖം ക്യാമറയിൽ പകർത്താൻ അക്ഷമാരായി നിന്ന പത്രപ്രവർത്തകർ. സമയം പോയി കൊണ്ടിരിക്കുന്നു. ഈ കാത്തിരിപ്പ് പോസ്റ്റുമോർട്ടത്തിന്റെ റിസൾട്ടിനാണ്. അതിന് ശേഷം സുലു വിനെ കോടതിയിൽ ഹാജാറാക്കും.
അപ്പപ്പോ വാർത്തകൾ ലൈവാക്കി ചാനലുകളിൽ തെളിഞ്ഞു. പോസ്റ്റുമോർട്ടം റിസൾട് വന്നു . എസ് ഐ… റിപ്പോർട്ടുമായി ചാനലുകരുടെ മുൻപിൽ എത്തി.
“സന മോൾ മരിച്ചത് മർദ്ദനമേറ്റല്ല. മരണകാരണം ന്യുമോണിയയും മെനിഞ്ചൈറ്റിസുമാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്.
ഭക്ഷണം കഴിക്കാത്തതിന്റെ പേരിൽ കുട്ടിയെ അമ്മ തല്ലിയിരുന്നുവെന്ന് ബന്ധുക്കൾ മൊഴി നൽകിയിരുന്നു. ഇതേത്തുടർന്ന് അമ്മ സുലു വിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.
കുട്ടിയുടെ ദേഹത്ത് മർദ്ദനമേറ്റതിന്റെ പാടുകളുള്ളതായി ഡോക്ടർമാരും പറഞ്ഞിരുന്നു. എന്നാൽ മർദ്ദനമല്ല മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്.
മർദ്ദനം ഏറ്റിരുന്നില്ലെങ്കിൽ കൂടി മരണകാരണമായേക്കാവുന്ന സ്ഥിതിയിലായിരുന്നു കുട്ടിയുടെ ആരോഗ്യനിലയെന്നും റിപ്പോർട്ടിൽ പറയുന്നു.”
ആ കേസ് അവിടെ കഴിഞ്ഞു. വാർത്ത തേടുന്നവർ വേറെ പുതിയ വാർത്തകൾ തേടിയറങ്ങി.അവർക്ക് വേണ്ടത് ബ്രേക്കിങ്ങ് ന്യൂസുകളാണ്.
പക്ഷെ ഈ ജന്മം സുലുവിന് മാത്രം ഈ വാർത്ത മറക്കാൻ കഴിയില്ല. സന മോൾ അവളുടെ മോൾ അല്ലേ. ആ മോളുടെ വേർപാടിന്റെ വേദനയിൽ തന്നെ യാകും ഇനിയുള്ള ദിവസങ്ങൾ സുലുവിന്റെ ജീവിതത്തിൽ ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുക.
NB:പേറ്റു നോവറിഞ ഒരു മാതാവും മക്കളെ മരണം ആഗ്രഹിക്കില്ല. ചിലർ ഇതുപോലെ പരീക്ഷിക്കപ്പെടുന്നത് വിധിയാണ്. ഈ കഥയും കഥാപാത്രങ്ങളും സങ്കല്പ്പികമാണ്.