(രചന: ഛായമുഖി)
വിവാഹ തലേന്നുള്ള ആഘോഷങ്ങളുടെ നടുവിലിരിക്കുമ്പോളും തൻസിമക്ക് ഉള്ളൂ തുറന്നൊന്നു സന്തോഷിക്കാൻ
കഴിയുന്നുണ്ടായിരുന്നില്ല.
അവളുടെ കണ്ണുകൾ വിവാഹ പന്തലിൽ മുഴവൻ പരതി നടന്നു. ഒടുവിലായി തേടിയ മുഖം കണ്ണിലൂടക്കിയതും നെഞ്ചു കൊളുത്തി വലിക്കുന്ന വേദന തോന്നിയവൾക്ക്.
ആ കണ്ണുകളിലെ നനവ് എന്തൊക്കെയോ തന്നോട് വിളിച്ചു പറയുന്നപോലെ…..
ഭക്ഷണം കഴിക്കാനായിരിക്കുമ്പോളും അവന്റെ കണ്ണുകൾ തന്റെ മേലെയാണെന്നവൾ തിരിച്ചറിഞ്ഞു. തൊണ്ടയിൽ നിന്നും ആഹാരം താഴെക്കിറങ്ങുന്നില്ലായിരുന്നു. ആഹാരം മതിയാക്കികൊണ്ടവൾ എഴുന്നേറ്റ് കൈകഴുകി വീടിനുള്ളിലേക്ക് പോയി.
ഭക്ഷണം വിളമ്പുന്ന സമയമായതിനാൽ വീട്ടിനുള്ളിൽ അധികമാരും ഉണ്ടായിരുന്നില്ല…
അവളുടെ റൂമിലേക്ക് കയറി തട്ടം തലയിൽ നിന്നും അഴിച്ചുമാറ്റുന്നതിനിടയിലാണ് സാഹിർ കതകു തുറന്നു അകത്തേക്ക് കയറി വന്നത്. ഒരു നിമിഷം അവളൊന്നു ഭയന്ന് പോയി…
ഇടഞ്ഞ കണ്ണുകളെ അവനിൽ നിന്നു പിൻവലിച്ചു കൊണ്ട് മുഖം വെട്ടിതിരിച്ചു നിന്നവൾ . തൻസിമയുടെ ആ പ്രവർത്തിയിൽ അവന്റെ നെഞ്ചു പിടഞ്ഞു പോയി.
തന്നെ കാണുമ്പോൾ അവളുടെ കണ്ണിലുണ്ടാകാറുള്ള പിടപ്പും ആ മുഖത്തെ നാണവുമൊക്കെ എങ്ങോ മറഞ്ഞു പോയിരിക്കുന്നു….
“തനു….” ആദ്രതയോടുള്ള അവന്റെ വിളിയിൽ കണ്ണുകൾ ഇറുകെ പൂട്ടി നിന്നവൾ. എത്രയോ തവണ ആ വിളിക്കായി കാത്തു നിന്നവളാണ് താൻ…
കുറുമ്പ് നിറഞ്ഞ പുഞ്ചിരിയിലും, പ്രണയം നിറഞ്ഞ നോട്ടങ്ങളിലൂടെയുമൊക്കെ ഇഷ്ടമാണെന്ന് പലപ്പോഴും തോന്നിപ്പിച്ചിട്ടുണ്ട്….
ആ വായിൽ നിന്നുമത് കേൾക്കാൻ കൊതിയോടെ കാത്തിരുന്നിട്ടുമുണ്ട്… എന്നാൽ ഒരിക്കൽ പോലും അതുണ്ടായില്ല… അതോ ഇനിയെല്ലാം തന്റെ തോന്നൽ മാത്രമായിരുന്നോ??. തൊണ്ടമേലൊരു ഗദ്ഗദം തങ്ങി നിന്നിരുന്നു അവളിൽ.
ഒരുപാട് ഇഷ്ടമായിരുന്നെടോ തന്നെ…. ഇപ്പോഴും ഇഷ്ടമാണ്…അവന്റെ വാക്കുകൾ കേട്ട് ഞെട്ടലോടെ കണ്ണുകൾ തുറന്നവനെ നോക്കി.
രക്തം ബന്ധമല്ലെങ്കിൽ കൂടിയും മുറയനുസരിച്ചു താൻ എനിക്ക് പെങ്ങളാ… അതുകൊണ്ട് തന്നെയാണ് ഉള്ളിൽ തോന്നിയ ഇഷ്ടത്തെ ആരോടും പറയാൻ കഴിയാതെ പോയത്….
ചെയ്യുന്നത് തെറ്റായി പോകുമോയെന്ന ചിന്തയാണ് എല്ലാം തുന്നന്ന് പറയുന്നതിൽ നിന്നെന്നെ പുറകോട്ട് വലിച്ചത്.
പക്ഷെ ഒരിക്കലും എനിക്ക് തന്നെ പെങ്ങളായി കാണാൻ പറ്റില്ല.അതുപോലെ തന്നെ മറക്കാനും കഴിയില്ല….അത്രയും ഇഷ്ടം ആയിരുന്നെടോ…പറഞ്ഞ ശേഷം നിറകണ്ണുകളോടെ ഇറങ്ങി പോകുന്നവനെ നീറുന്ന മനസ്സോടെയവൾ നോക്കിനിന്നു.
വാതിൽ ചേർത്തേടച്ച ശേഷം ബെഡിലേക്ക് വീണുകൊണ്ട് തലയിണയിൽ മുഖംഅമർത്തി കരഞ്ഞവൾ. അവനും തന്നെ സ്നേഹിച്ചിരുന്നുവെന്നുള്ളത് അറിയേണ്ടിയിരുന്നില്ലെന്നു തോന്നിപോയവൾക്ക്.
ഇതുവരെ അവനോട് ദേഷ്യവും വാശിയും മാത്രമായിരുന്നു. എന്നാൽ അവന്റെ തുറന്നു പറച്ചിൽ അവളെയാകെ തളർത്തി കളഞ്ഞിരുന്നു .അവന്റെ ഓർമ്മകൾ അവളെ കുത്തി മുറിവേൽപ്പിച്ചുകൊണ്ടിരുന്നു.
വാതിലിൽ ആരോ മുട്ടുന്ന കേട്ടവൾ തിടുക്കപ്പെട്ട് എഴുന്നേറ്റ്കൊണ്ട് മുഖമൊന്നു അമർത്തി തുടച്ച ശേഷം വാതിൽ തുറന്നു.
ക്ഷീണം ഉണ്ടോ തനു…. അകത്തേക്ക് കയറിക്കൊണ്ട് ഉമ്മ ചോദിക്കുമ്പോൾ മറുപടിയായി അവളൊരു മങ്ങിയ ചിരി നൽകി….
ഹന്നുമോൾ നിനക്കൊപ്പം കിടക്കും, അതോ ഉമ്മി കിടക്കണോ?… നാളെ നേരുത്തേ എഴുന്നേൽക്കാനുള്ളതാ…
ആരും വേണ്ടുമ്മി ഞാൻ തനിച്ച് കിടന്നോട്ടെ… ഇന്നൂടിയല്ലേ എനിക്കതിനൊക്കെ കഴിയൂ . നിസ്സഹായതയോടെയുള്ള അവളുടെ ചോദ്യത്തിന് എന്ത് പറയണമെന്നറിയാതെയവർ നിന്നു.
മനസ്സ് തുറന്നൊന്നു കരയണം അതിന് ആരും കൂടെ വേണ്ടന്നു തോന്നിപോയവൾക്ക് .
ഉമ്മി പോയി കിടന്നോ… ഒരുപാടു
ഓടി നടന്നതല്ലേയിന്ന്. കരുതലോടെ പറയുന്നവളെ ചേർത്തു പിടിച്ചൊന്നു
ഉമ്മവെച്ച ശേഷം റൂമിനു പുറത്തേക്കിറങ്ങിയവർ.
ഡോർ ലോക്ക് ചെയ്ത ശേഷം അവൾ വീണ്ടും ബെഡിലേക്ക് കിടന്നു….
കണ്ണുനീർ അവളെ പൊള്ളിച്ചുകൊണ്ട് ഒഴുകിയിറങ്ങി..ബുദ്ധിയുറച്ച കാലം തൊട്ട് ഉള്ളിൽ കടന്നുകൂടിയ ഇഷ്ടമായിരുന്നു സാഹിറിനോട്.
അവൾ വളരുന്നതിനനുസരിച്ചു അവനോടുള്ള ഇഷ്ടവും വളർന്നുകൊണ്ടിരുന്നു. അവന്റെ പെരുമാറ്റത്തിലും തന്നോട് ചെറിയ താൽപ്പര്യമുണ്ടെന്ന് തോന്നിയിരുന്നു അവൾക്ക്.
എന്നാൽ സാഹിർ അവന്റെ ഇഷ്ടം പറയുന്നത് കേൾക്കാൻ കാത്തിരുന്നവൾക്ക് നിരാശയായിരുന്നു ഫലം. ഒടുവിൽ എല്ലാം തന്റെ തോന്നലെന്നു കരുതി വേദനകൾ കടിച്ചമർത്തികൊണ്ടാണ് ഈ വിവാഹത്തിന് സമ്മതം പറഞ്ഞത്.
ചെറിയ സങ്കടങ്ങൾ മനസ്സിൽ അവിശേഷിച്ചിരുന്നെങ്കിലും ഈ ബന്ധവുമായി പൊരുത്തപ്പെട്ടു പോകാൻ ശ്രമിച്ചുകൊണ്ടിരുന്നതാണ്, അപ്പോഴാണ് ഈ തുറന്നു പറച്ചിൽ…. വേണ്ടിയിരുന്നില്ല…
ഒന്നുമറിയാതെ പോയിരുന്നെങ്കിൽ എല്ലാം ഞാൻ നിനച്ചുകൂട്ടിയതെന്നു കരുതി സമാധാനിച്ചേനെ…. എല്ലാം ഓർത്തുകൊണ്ടവൾ തലയിണയിലേക്ക് മുഖം പൂഴ്ത്തി കിടന്നു.
രാവിലെ ഡോറിൽ തട്ടികൊണ്ടുള്ള ഉമ്മയുടെ വിളി കേട്ടാണ് തനു കണ്ണുകൾ തുറന്നത്. തലക്കൊക്കെ വല്ലാത്ത ഭാരം പോലെ തോന്നിയവൾക്ക്.
ഇന്നലെ സാഹിർ പറഞ്ഞതൊക്കെയോർക്കുമ്പോൾ അടിവയറ്റിൽ നിന്നൊരു ആന്തലുണ്ടായി…. ഉമ്മയുടെ ശബ്ദം വീണ്ടും കേട്ടപ്പോൾ ധൃതിയിൽ പോയി വാതിൽ തുറന്നു.
എന്തുറക്കമാണ് തനു… ഇന്നലെയെ ഉമ്മ പറഞ്ഞതല്ലേ നേരുത്തേ എഴുന്നേൽക്കണമെന്ന്…അല്ല മോളെന്താ നന്നായിട്ട് ഉറങ്ങിയില്ലേ മുഖമൊക്കെ ആകെ വല്ലാതിരിക്കുന്നു …
ഉമ്മയുടെ ചോദ്യത്തിന് എന്ത് മറുപടി പറയണമെന്നറിയാതെ നിന്നവൾ…
എല്ലാവരെയും വിട്ടുപോകുന്നതിന്റെ വിഷമം ആണെന്ന് കരുതി കൂടുതലൊന്നും ചോദിക്കാനും നിന്നില്ലവർ .
കുളിച്ചിട്ട് വേഗം വന്ന് എന്തേലും കഴിക്ക്, ഇനിയെപ്പോഴാണ് മനസമാധാനമായൊന്നു കഴിക്കാൻ പറ്റുന്നത്…
നോക്കിനിൽക്കാതെ പോയി റെഡിയാക്… പറഞ്ഞു കൊണ്ട് പുറത്തേക്ക് പോകുന്ന ഉമ്മിയെയവൾ നോക്കി നിന്നു.
പച്ചയിൽ ഗോൾഡൻ ബീഡ്സ് പതിപ്പിച്ച ലഹങ്കയിൽ അവളൊരു പ്രിൻസസിനെ പോലെ തോന്നി….
മണവാട്ടിയെ കാണാനായി ആഡിറ്റോറിയത്തിനുള്ളിലെ റൂമിലേക്ക് ഓരോത്തോരായി വന്നുകൊണ്ടിരുന്നു. അവളുടെ ഉടലഴകിന്റെ സൗന്ദര്യവും പൊന്നിന്റെ തൂക്കമുമൊക്കെ അളന്നുകുറിച്ച് പുറത്തേക്കിറങ്ങി പോകുന്നവരെ അവളും നോക്കി നിന്നു.
ഓഡിറ്റോറിയത്തിലായി വിവാഹചടങ്ങുകൾ നടന്നുകൊണ്ടിരിക്കുമ്പോൾ തനുവിന്റെ ഹൃദയമിടിപ്പ് ഏറി. കഴിഞ്ഞതെല്ലാം മറന്നു സാഹചര്യങ്ങളുമായി ഒത്തുപോകാൻ അവൾ ശ്രമിച്ചുകൊണ്ടിരുന്നു.
മെഹർ ചാർത്താനുള്ള സമയമായപ്പോൾ ചടങ്ങുകൾ നടക്കുന്നിടത്തേക്ക് ഉമ്മയും അടുത്ത ചില ബന്ധുക്കളും കൂടി കൂട്ടിക്കൊണ്ടുപോയവളെ.
ഇടക്ക് തലയുയർത്തി നോക്കുമ്പോൾ തനു കാണുന്നുണ്ടായിരുന്നു തന്നെ നോക്കി ചിരിക്കുന്ന റയാനിനെ. പകരമായൊരു പുഞ്ചിരി തിരികെ അവനു നൽകികൊണ്ട്, അടുത്തായി ഒരുക്കിയിട്ടിരുന്ന കസേരയിലേക്കിരുന്നവൾ.
മെഹർ തന്റെ കഴുത്തിലേക്കു ചേർക്കുമ്പോൾ അറിയാതൊരു തുള്ളി കണ്ണുനീർ താഴേക്ക് പൊഴിഞ്ഞു വീണു.
കയ്യിൽ കരുതിയിരുന്ന തൂവാല കൊണ്ട് കണ്ണ് തുടച്ചു നേരെ നോക്കിയത് സാഹിറിന്റെ മുഖത്തേക്കായിരുന്നു…. ആ കണ്ണുകളിലെ വേദന ദൂരെ നിന്നും തിരിച്ചറിയാൻ കഴിയുന്നുണ്ടായിരുന്നു അവൾക്ക്.
തനുവിനെയും റയാനെയും ഒന്ന് നോക്കിയ ശേഷം സൂപ്പറെന്ന് കൈ ഉയർത്തി കാണിച്ചു പറയുമ്പോൾ അവന്റെ കണ്ണുകളിലെന്ന പോലെ അവളുടെ കണ്ണിലും നീർതുള്ളികൾ ഒരുണ്ട് കൂടിയിരുന്നു.
കണ്ണുനീരിനെ വിരലുകളാൽ ഞെരിച്ചുടച്ചുകൊണ്ട് അകലേക്ക് പോയി പറയുന്നവനെ അവളും നോക്കിനിന്നു.
റയാന്റെ വീട്ടിലെത്തിയപ്പോളും തനുവിന്റെ മുഖം വാടിതന്നെയിരുന്നു. പുതിയ സാഹചര്യങ്ങളുമായി ഇണങ്ങി ചേരാൻ അവൾക്ക് സമയം വേണമെന്ന് അവനും മനസിലായിരുന്നു.
വൈകുന്നേരത്തോടെ തനുവിന്റെ വീട്ടിൽ നിന്നും ആളുകൾ വന്ന് ചെക്കനെയും പെണ്ണിനേയും അവിടേക്കു കൂട്ടികൊണ്ട് പോയി.
രാത്രിയിൽ ഉമ്മച്ചി തന്ന പാലുമായി മണിയറയിലേക്ക് കടക്കുമ്പോൾ അവളുടെയുള്ളിൽ അകാരണമായയൊരു ഭയം കടന്ന് കൂടിയിരുന്നു.
വിവാഹം ഉറപ്പിച്ചിട്ടു ഒരു മാസം ആയെങ്കിലും ഫോൺ വിളികളിലൂടെ അധികം അടുപ്പം ഇരുവർക്കുമിടയിൽ ഉണ്ടായിട്ടില്ല, അടുപ്പം കാണിക്കാൻ നിന്നിട്ടില്ല എന്നതാണ് സത്യം.
അതറിഞ്ഞുകൊണ്ട് തന്നെ റയാൻ കൂടുതൽ ബുദ്ധിമുട്ടിപ്പിക്കില്ലായിരുന്നു. ഒരുപക്ഷെ അങ്ങനൊരു അടുപ്പം ഉണ്ടായിരുന്നെങ്കിൽ ഇപ്പൊ ഇതുപോലെ പേടിച്ചു വിറച്ചു നിൽക്കേണ്ടിയും വരില്ലായിരുന്നു.
കൂട്ടുകാർക്കിടയിൽ ചർച്ച ചെയ്യ്ത് കേട്ടിട്ടുള്ള ആദ്യരാത്രിയുടെ കഥകൾ ഓർക്കുമ്പോൾ തന്നെ ദേഹം തളരുന്നപോലെ, തന്നെ കൊണ്ട് അതിനൊക്കെ പറ്റുവോ?? മനസ്സ് ഒരു തരത്തിലും അതിനൊന്നും ഒരുങ്ങി കഴിഞ്ഞിട്ടില്ല…
ആലോചനയോടെ കുറച്ച് നേരം നിന്ന ശേഷം വാതിൽ തുറന്നു അകത്തേക്ക് കയറി.
വാതിൽ തുറക്കുന്ന ശബ്ദം കേട്ട് മൊബൈൽ നോക്കിയിരുന്ന റയാൻ തലയുയർത്തി നോക്കി.
പരിഭ്രമം നിറഞ്ഞ മുഖത്തോടെ കയറി വരുന്നവളെ കണ്ട് അവൻ എഴുന്നേറ്റ് അവളുടെ അടുക്കലേക്കു നടന്നു കയ്യിലെ പാൽ ഗ്ലാസ്സ് വാങ്ങി, അപ്പോഴാണ് അവളും അതിലേക്ക് നോക്കുന്നത്.
തന്റെ വിറയലിൽ ഒരു ഗ്ലാസ് നിറച്ചുമുണ്ടായിരുന്ന പാലിപ്പോൾ അരഗ്ലാസ്സായി മാറിയിട്ടുണ്ട്.
ഗ്ലാസ്സ് ഉയർത്തികൊണ്ട് അവളെയും ആ ഗ്ലാസ്സിലേക്കും മാറിമാറി നോക്കുമ്പോൾ അവളും ചമ്മലോടെ മുഖം കുനിച്ചു.
പാൽ ടേബിളിലേക്ക് വെച്ചുകൊണ്ട് അവൻ പോയി ഡോർ ലോക്ക് ചെയ്തു. കുറച്ച് മുന്നേ വിട്ടകന്ന ഭയം വീണ്ടും അവളെ പിടിമുറക്കി തുടങ്ങിയിരുന്നു.
തനുവിന്റെ തോളിൽ ചേർത്തു പിടിച്ചുകൊണ്ടു ബെഡിലേക്കിരിക്കുമ്പോൾ അവനറിയാൻ കഴിയുന്നുണ്ടായിരുന്നു അവൾക്കുള്ളിലെ വിറയൽ.
അത് മനസ്സിലാക്കികൊണ്ട് അവളൊന്നു റിലാക്സ് ആകുന്ന രീതിയിൽ അവൻ അവളോട് പെരുമാറിക്കൊണ്ടിരുന്നു. അവൾക്കും അതൊരു ആശ്വാസമായിരുന്നു.
തനു… തനിക്ക് എന്തേലും പറയാനുണ്ടോ എന്നോട്…
ഏറെ നേരത്തെ സംസാരങ്ങൾക്കൊടുവിൽ അവൻ അവളോട് ചോദിക്കുമ്പോൾ ഒന്ന് ആലോചിച്ച ശേഷം സാഹിറിന്റെ കാര്യങ്ങളൊക്കെ അവനോടു തുറന്നു പറഞ്ഞു ഒപ്പം തനിക്കിത്തിരി സമയം വേണമെന്നും.
എല്ലാം കേട്ട് മിണ്ടാതിരിക്കുന്നവനെ കണ്ടപ്പോൾ അവൾക്ക് പേടി തോന്നി…പറയേണ്ടിയിരുന്നില്ല തോന്നി…
എന്നാൽ അവളുടെ കൈകൾക്ക് മുകളിലേക്ക് തന്റെ കൈ ചേർത്തുവെച്ചുകൊണ്ട് കണ്ണുകൾ ചിമ്മി കാണിക്കുന്നവനെ കണ്ട് അവൾക്കുള്ളിലുമൊരു തണുപ്പ് പടർന്നിരുന്നു.
തന്റെ നെഞ്ചിൽ തലച്ചേർത്തുവെച്ചു കിടക്കുന്നവളെ കാൺകെ അവനവളോട് വാത്സല്യം തോന്നി ഒപ്പം എല്ലാം തുറന്നു പറഞ്ഞതിൽ സന്തോഷവും…
എല്ലാ അർത്ഥത്തിലും തനു തന്റെതായി തീരാൻ ഏറെ ദിവസങ്ങൾ കാത്തിരിക്കേണ്ടി വരില്ലെന്ന് അവനും മനസിലായിരുന്നു.