ഞാൻ ഈ കോലത്തിൽ ആയത് അവളെ കിട്ടാൻ വേണ്ടിയാണ്, മനസമ്മതമാണെന്ന് അറിഞ്ഞു അവളെ നഷ്ടപ്പെടാതിരിക്കാൻ..

ലില്ലി
(രചന: Navas Amandoor)

മനസ്സമ്മതത്തിന് പള്ളിയിൽ കൂടിയവരുടെ മുൻപിൽ ലില്ലി ‘സമ്മതമല്ല’ എന്ന്‌ പറഞ്ഞതിന്റെ ഓർമ്മക്കായി എല്ലാ വർഷവും സർക്കാർ ആശുപത്രിയിലെ എട്ടാം വാർഡിൽ ബിരിയാണി കൊണ്ട് കൊടുക്കുന്ന എനിക്ക് വട്ട് ആണെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ….. ?

തോന്നിയെങ്കിൽ അഞ്ച്‌ കൊല്ലം മുൻപ് ഇതേ ദിവസം എട്ടാം വാർഡിൽ നടന്ന കഥ നിങ്ങളും അറിയണം. ഈ കഥയുടെ തുടക്കം പത്താം ക്ലാസ്സിലെ ഏറ്റവും പിന്നിലെ ബെഞ്ചിൽ നിന്നാണ്. അവളെ അവൾ അറിയാതെ പ്രണയിച്ചു തുടങ്ങിയ നാളുകൾ.

സൈക്കിളിൽ അവളുടെ പിറകെ കുറേ ദൂരം.
ഇടവഴിയിൽ അവളെ കാത്ത് കുറേ നേരം.
എന്നിട്ടും പറയാൻ കഴിഞ്ഞില്ല പ്രണയം.

മനസ്സിൽ സ്വപ്‌നങ്ങൾ കണ്ട് ഞാൻ കാത്തിരുന്നു. വർഷങ്ങൾ കഴിഞ്ഞ് പോയി. രണ്ട് പെഗ്ഗ് അടിച്ച ബലത്തിൽ കൂട്ട് കാരുടെ മുൻപിൽ നിന്നും

“വീട്ടിൽ നിന്നല്ല അവളുടെ അമ്മച്ചിയുടെ ഗർഭപാത്രത്തിൽ നിന്നായാലും പൊക്കിയിരിക്കും ”

ബിഗ് ബിയിലെ ഡയലോഗും പറഞ്ഞ് അവളെ പൊക്കാൻ പോയതാണ്.. മനസ്സിൽ ഉള്ള ഇഷ്ടം തുറന്ന് പറയാൻ എന്നും പറയാം.

പതുങ്ങി പതുങ്ങി ചെന്ന് പെട്ടത് അവളുടെ അപ്പന്റെ മുൻപിൽ. ചോദ്യവും പറച്ചിലും ഒന്നും ഇല്ലായിരുന്നു. കണ്ട നിമിഷം തല്ല് തുടങ്ങി. ഞാൻ വീടിന്‌ ചുറ്റും ഓടി.

ആങ്ങളയും അപ്പച്ചനും ഓടിച്ചിട്ട് തല്ലി. പെരക്ക് ചുറ്റും ഞാൻ ഓടി നടന്ന് മികച്ച രീതിയിൽ തന്നെ തല്ല് വാങ്ങി അതിന്റെ ഇടയിൽ ആ പട്ടിയുടെ കടി. ആരാണ് ആ പട്ടിയെ അഴിച്ചു വിട്ടതെന്ന് അറിയില്ല.

അവർ അറിയുന്നുണ്ടോ എന്തോ ഞാൻ പണി കിട്ടി പഞ്ഞിക്കുള്ളിൽ കിടക്കുന്നത്. ഈ കിടപ്പിനെ ആകും ‘പഞ്ഞിക്ക് ഇടുക ‘എന്ന്‌ പറയുന്നത് അല്ലേ… ? ഓട്ടത്തിന്റെ ഇടയിൽ പലവട്ടം വിളിച്ചു പറഞ്ഞു ഞാൻ.

“നിങ്ങള് തല്ലിക്കൊ…ആ പട്ടിയോട് കടിക്കല്ലേന്ന് പറയ്യ് .. ” ആര് കേൾക്കാൻ.എന്തായാലും ഒരു കടിപോലും പാഴായി പോയില്ല.

“ടാ നിന്നെ ഇങ്ങിനെ ഓടിച്ചിട്ട്‌ തല്ലിയിട്ടും നിന്റെ കാമുകി കണ്ട് നിന്നോ… ?” ശവത്തിൽ കുത്തുന്ന ചോദ്യം. ഇങ്ങിനെയൊരു ചോദ്യം വരുമെന്ന് എനിക്ക് അറിയാം.

വാതിലിന്റെ അരികിൽ ഞാൻ അവളെ കണ്ടു ഓരോ റൗണ്ട് ഓടി വരുമ്പോൾ ആ മുഖത്തെക്ക് നോക്കും. പിന്നെയും നിക്കാതെ ഓടും. നിന്നാൽ ആ പട്ടി എന്നെ കൊല്ലും. ഈ ഓട്ട മത്സരത്തിൽ റഫറി അവൾ ആണെന്ന് പറയേണ്ടി വരും. പോട്ടെ പുല്ല്.

അവളെ കുറ്റം പറയാൻ പറ്റില്ല.കുറേ കൊല്ലമായിട്ട് ഞാൻ അവളുടെ പിന്നാലെ നടന്ന് പ്രണയിക്കുന്നത് അവൾക്ക് അറിയില്ലായിരിക്കും. ഞാൻ പറഞ്ഞിട്ടില്ല. പറയാൻ കഴിഞ്ഞില്ല എന്നതാണ് സത്യം. അപ്പൊ പിന്നെ ആ പെണ്ണ് റഫറി ആകുക യല്ലാതെ എന്നാ ചെയ്യാനാ അല്ലേ… ?

ഞാൻ കാണാൻ കുഴപ്പമില്ല. സുന്ദരനാണ്. കൈയിൽ ക്യാഷ് ഉണ്ട്. അവൾക്ക് ഇഷ്ടമാകും എന്ന്‌ കരുതി.. ഒരു പെണ്ണിന് ഇഷ്ടമാകാൻ അതൊന്നും പോരാ… അനുഭവം ഗുരു വായി പഠിപ്പിച്ച പാഠം.

“ഹോ… ആ പട്ടിയെ പിടിച്ചു കെട്ടിയത് കൊണ്ട് ജീവൻ തിരിച്ചു കിട്ടി. ”

ആദ്യമായി കിട്ടിയ ഇരയാണെന്ന് തോന്നുന്നു.പട്ടി തകർത്തു. മാന്തിയും കടിച്ച് വല്ലാത്തൊരു കോലാമാക്കി ആ നായിന്റെ മോന്റെ മോൻ.

അങ്ങിനെ പണി കിട്ടി പഞ്ഞി മെത്തയിൽ നല്ല സുഖത്തിൽ ഈ വാർഡിൽ കൊണ്ട് കിടത്തി രണ്ട് ദിവസം കഴിഞ്ഞ അന്നാണ് ലില്ലിയുടെ മനസമ്മതം. അന്ന്‌ ഉച്ചക്ക് എന്റെ അച്ഛൻ ഒരു പൊതി ബിരിയാണിയുമായി എന്നെ കാണാൻ വന്നു.

“മോൻ വിഷമിക്കണ്ട.സാരില്ല. കർത്താവ് മോന്റെ സങ്കടം കാണുന്നുണ്ടാവും. ”

ഇങ്ങിനെയൊക്കെ അച്ഛൻ സങ്കടത്തോടെ പറയും എന്ന്‌ പ്രതീക്ഷിച്ച എനിക്ക് മുൻപിൽ ബിരിയാണി പൊതി ടേബിൾ വെച്ച് വല്ലാത്ത ഒരു ചിരി ചിരിച്ചു അച്ഛൻ.

ഞാൻ എന്തോ ഓട്ട മത്സരത്തിൽ മെഡൽ വാങ്ങി വന്നപോലെയാണ് അച്ഛന്റെ ചിരിയും സന്തോഷവും. കാര്യം എന്തായാലും ആ ചിരിക്ക് കോറസ്സായി ഞാനും ചിരിച്ചു കൊടുത്തു.

“ഇനി പുള്ളിക്കാരൻ എന്നെ ആക്കി ചിരിക്കുന്നതാണോ… ?”

ഇടക്ക് അങ്ങിനെ ഒരു ചിരി ഉള്ളതാണ്. പട്ടിയിൽ നിന്നു കിട്ടിയതും അവളുടെ അപ്പനും ആങ്ങളയും തല്ലിയതും പോരാഞ്ഞിട്ട് കാമുകിയുടെ വീട്ടിൽ കക്കാൻ കയറി എന്നൊരു പോലീസ് കേസ്കൂടി അവർ കൊടുത്തു. അതിന് ഇന്നലെ നല്ലത് പോലെ ആക്കി ച്ചിരിച്ചതാണ്.

അച്ഛന്റെ ചിരി തുടരുന്ന സമയത്തു കൂട്ട്കാരും വന്നു. പൂർത്തിയായി ഇനിയിപ്പോ ചിരിയുടെ പള്ളിപെരുന്നാൾ ആയിരിക്കും വാർഡിൽ. അങ്ങിനെ ആ ഇടവകയിലെ കുറേ കുഞ്ഞാടുകൾ എനിക്ക് ചുറ്റും കൂടി. അവർക്ക് നടുവിൽ അന്ന്യഗ്രഹ ജീവിയെപോലെ ഞാനും.

കാമുകിയുടെ അപ്പനും ആങ്ങളയും പിന്നെ ആ പന്ന പട്ടിയും കോലം മാറ്റിയ എന്നെ നോക്കി പുഞ്ചിരിക്കാൻ ഇവർക്ക് എന്താ ഉളുപ്പ് ഇല്ലേ… സഹോ.

വന്നവരുടെ ചുണ്ടിലും ചിരി. മുഖത്ത് സന്തോഷം.

“ലില്ലി മനസമ്മതത്തിന് പയ്യനെ ഇഷ്ടമല്ലെന്നും അവൾക്ക് നിന്നെയാ ഇഷ്ടമെന്നും പള്ളിയിൽ കൂടിയവരുടെ മുൻപിൽ വെച്ച് വിളിച്ചു പറഞ്ഞു ”

അച്ഛൻ ആദ്യമായിട്ടാണ് കേൾക്കാൻ സുഖമുള്ള കാര്യം പറയുന്നത്.

ഇപ്പോൾ എനിക്കും ചിരി വരുന്നുണ്ട്. എങ്ങിനെ ചിരിക്കാതിരിക്കും. ഞാൻ ഈ കോലത്തിൽ ആയത് അവളെ കിട്ടാൻ വേണ്ടിയാണ്. മനസമ്മതമാണെന്ന് അറിഞ്ഞു അവളെ നഷ്ടപ്പെടാതിരിക്കാൻ ആയിരുന്നു
അന്ന്‌ അവളുടെ വീട്ടിൽ ചെന്നത്

കാത്തിരുന്നത് വെറുതെയായില്ല. ഇടവകയിലെ എല്ലാവരുടെയും മുൻപിൽ വെച്ച് ലില്ലി എന്നെ ഇഷ്ടമാണെന്നു വിളിച്ചു പറഞ്ഞാൽ ഞാൻ ചിരിക്കും എണീറ്റു നിൽക്കാൻ പറ്റിയിരുന്നങ്കിൽ ഡാൻസും ചെയ്താനെ.

എന്റെ മുഖത്തു നോക്കി ഇഷ്ടമാണെന്ന് പറയുന്നതിനേക്കാൾ ഞാൻ ഇല്ലാത്ത ഒരിടത്ത് എല്ലാവരുടെയും മുൻപിൽ എന്നെ ഇഷ്ടമാണെന്ന് പറഞ്ഞത് അടിപൊളിയായി. ആ ഒരു സുഖം അനുഭവിച്ചു തന്നെ അറിയണം.

അങ്ങിനെ ഞാൻ ലില്ലി കുട്ടിയെ തന്നെ കെട്ടി. ലില്ലി കുട്ടിയെ കെട്ടി അവളുമായി അവളുടെ വീട്ടിൽ കയറി ചെല്ലുമ്പോൾ ആ പട്ടി കൂട്ടിൽ തന്നെയുണ്ട്. ‘നായിന്റെ മോൻ ‘

അവളുടെ അപ്പച്ചനും ആങ്ങളയും പുഞ്ചിരിതൂകി നിൽക്കുന്നുണ്ട് വാതിലിൽ.

ഓർമ്മയുണ്ടോ ഈ വീടിന് ചുറ്റും ഓടിയ ഓട്ടം. പട്ടിയും ഞാനും അപ്പനും അളിയനും.

“എന്താണ് നിന്നു കളഞ്ഞത്. കയറി വാ. ”

ലില്ലിയുടെ അപ്പൻ.. എന്തൊരു സ്‌നേഹം കർത്താവെ.

എന്നെ കണ്ടപ്പോൾ പട്ടി കൂട്ടിൽ നിന്നും കുര തുടങ്ങി. പഴയ ഓർമ്മ പുതുക്കാൻ ആവും ഈ കുര.പട്ടി കാര്യങ്ങൾ മനസ്സിലാക്കി എടുക്കും വരെ കൂട്ടിൽ തന്നെ കിടക്കട്ടെ. അതായിരിക്കും എനിക്ക് നല്ലതെന്ന് ലില്ലിയുടെ കാതിൽ പറഞ്ഞു.

അവൾ ചിരിച്ചു. പക്ഷെ എനിക്ക് ചിരി വന്നില്ല. കടി കൊണ്ടത് എനിക്കല്ലേ. അവൾക്ക് അല്ലല്ലോ. ഓടിച്ചിട്ട്‌ തല്ലിയ അപ്പച്ചനും.. അളിയനും കൈ പിടിച്ചു വീട്ടിലേക്ക് കയറ്റി.

ഈ പ്രണയം എന്ന്‌ പറയുന്ന സാധനം ഇങ്ങിനെയാണ്. പറഞ്ഞു അറിയുന്നതിനെക്കാൾ കണ്ട് അറിയണം. അന്ന്‌ വീടിനും ചുറ്റും ഓടുന്ന എന്നിൽ നിന്നും അവളും കേൾക്കാൻ ആഗ്രഹിച്ചിരുന്നു

“നീ എന്റെതാണ്….. “എന്നൊരു വാക്ക്.

ഇപ്പോൾ കാര്യം മനസ്സിലായില്ലേ. എനിക്ക് വട്ട് ഉണ്ടോന്ന് സംശയമില്ലല്ലോ. ഇനി ബിരിയാണി പൊതി അഴിച്ചു കഴിച്ച് തുടങ്ങിക്കോ.

കഴിഞ്ഞ അഞ്ച്‌ കൊല്ലവും ഈ കഥ പറഞ്ഞു കഴിഞ്ഞിട്ടെ ബിരിയാണി പൊതി അഴിക്കാൻ ഞാൻ സമ്മതിച്ചിട്ടുള്ളൂ.

“എന്നാ പിന്നെ ഞാൻ അങ്ങോട്ട്…. കർത്താവ് അനുഗ്രഹിച്ചാൽ അടുത്ത കൊല്ലം കാണാം. “