ഒരാഗ്രഹം
(രചന: Jolly Varghese)
എന്റെ പൊന്നല്ലേ പെണ്ണേ.. നീ.. !
പിന്നേ.., സോപ്പിടണ്ട പതയില്ലിപ്പോൾ.
ന്താടീ..നീയിങ്ങനെ സ്നേഹമില്ലാത്തപോലെ പറയാതെ ചേട്ടായി തകർന്നുപോകും. !
ഓഹോ .. തകരും പോലും. ഒന്ന് പോ മനുഷ്യാ.. വയസാംകാലത്ത് പേകൂത്തു കാണിക്കാഞ്ഞിട്ടാ. .സൂക്കേട്.
നീ ചുമ്മാ ഒന്ന് ചിരിച്ചു നിന്നു തന്നാൽ മതി ബാക്കിയൊക്ക ഞാൻ ചെയ്തോളാം.
അഞ്ചുമിനിറ്റിന്റെ കാര്യമല്ലേ ഉള്ളൂ..പിന്നെന്താ.?
എന്റെ മനുഷ്യാ.. രാവിലെ മേടിച്ച മീൻ ചട്ടിയിൽ കിടന്നെന്നെ ഇതിലും സ്നേഹത്തോടെ വിളിക്കുന്നുണ്ട്.
എടീ..ആ.. അയലമീൻ കണ്ടപ്പോഴാടീ എന്റെ മനസ്സിൽ ലഡു പൊട്ടിയത് .
പോ അവിടുന്ന്. എനിക്ക് വയ്യാന്നു പറഞ്ഞാൽ വയ്യ. ഇത്രയും പ്രായമായില്ലേ നിങ്ങൾക്ക് നാണമില്ലേ.? പിന്നെ..പ്രായം അത്ര കൂടുതൽ ഒന്നും ആയിട്ടില്ലല്ലോ നമുക്ക്.
നിനക്ക് അമ്പത്തൊന്നും എനിക്ക് അൻപത്തഞ്ചും. ഈ പ്രായത്തിൽ ചെയ്തില്ലെങ്കിൽ പിന്നേ എപ്പോ ചെയ്യാനാ.
വല്യ അപ്പാപ്പൻമ്മാരും അമ്മാമ്മമാരും വരെ കാണിക്കുന്നത് കാണണം.. ഹോ.. ! അപ്പോ തുടങ്ങിയ മോഹമാ നമുക്കും… ഒന്ന്.. !
അതേയതെ ഫോണിൽ ഓരോരോ കോപ്രായങ്ങൾ കാണുന്നത് നിങ്ങൾക്ക് ഇത്തിരി കൂടുതലാ.
എന്തായാലും നീ ഒറ്റ പ്രാവശ്യത്തേയ്ക്ക് സമ്മതിക്കണം. എന്റെ ഒരാഗ്രത്തിനല്ലേ.. അടുത്താഴ്ച മേമ്മേടെ മോടെ കല്യാണത്തിന് പോകാനുള്ള സാരിയുടെ കാര്യം നീ പറഞ്ഞില്ലാരുന്നോ.?
അതിന് നിങ്ങള്, ഇപ്പോ ഉള്ളതൊക്കെ ഉടുത്താൽ മതിയെന്നല്ലേ പറഞ്ഞത്. !
ദ..ദ്. അപ്പോ.. ഇപ്പോ കല്യാൺസിൽക്കിലെ ഒരു സാരി എന്റെ ഭാര്യയ്ക്ക് മേടിക്കണം എന്നാ..മനസ്സില്. !
ശരിക്കും?
ഉം…. !
എന്നാ പിന്നേ… അവൾ അയാളെ നോക്കി നാണിച്ചു ചിരിച്ചു.
ആ നിമിഷം അയാൾ അവളെ കെട്ടിപിടിച്ചു.
എടീ.. നീ ഈ നൈറ്റി മാറ്റിയിട്ടു മഞ്ഞയിൽ പച്ചപ്പൂ ഉള്ള നൈറ്റി എടുത്തിട്ടേ.. അതാകുമ്പോ സംഗതി കളറാകും.
കല്യാൺസിൽക്കിലെ സാരി മനസ്സിൽ ഉള്ളതിനാൽ അവൾ. ഈ മനുഷ്യന്റെ ഒരു കാര്യമെന്ന് പറഞ്ഞു നൈറ്റി മാറ്റിയിട്ടു.
അപ്പോഴേക്കും അയാളൊരു കള്ളിമുണ്ടും ബനിയനും കഴുത്തിൽ ഒരു തോവാർത്തും ചുറ്റി റെഡിയായി.
പതിവില്ലാതെ രീതി ഒക്കെ ആണെല്ലോ
മനുഷ്യാ..?
ങ് .. ങും. !
അങ്ങനെ അവളെയും ആനയിച്ചു അടുക്കളയിൽ നിന്നും അയിലച്ചട്ടിയും കത്തിയും എടുത്തു നേരെ മുറ്റത്തെ അലക്ക് കല്ലിന്റെ അരികിലെ വാഴച്ചുവട്ടിലേയ്ക്ക് പോയി. ഭാര്യയെ അവിടൊരു കല്ലിൽ ഇരുത്തുന്നു.
അയലമീനിന്റെ വാല് ഭാര്യയുടെ ഒരു കൈയിലും മറ്റേ കൈയിൽ കത്തിയും കൊടുക്കുന്നു.
പിന്നെല്ലാം പെട്ടന്നായിരുന്നു. ഫോൺ എടുക്കുന്നു പാട്ട് പ്ലെ ചെയ്യുന്നു..
പാട്ടിനൊപ്പം ഭർത്താവ് ഭാര്യയെ ഇക്കിളി ഇടുന്നു. അയിലമീനിനെ ഉയർത്തി കാണിക്കുന്നു. എന്ന് വേണ്ട.. അയാളിലുള്ള ഭാവാഭിനയം മുഴുവൻ വെളിയിലേക്ക് കാണിച്ച ഫെർഫോമൻസ് ആയിരുന്നു.
വേറെന്തൊക്കെയോ വിചാരിച്ചു സമ്മതം മൂളിയ ഭാര്യ ഇതൊക്ക കണ്ട് കിളിപോയപോലെ ഒരിരിപ്പും .. പിന്നെ മൂപ്പിലാന്റെ ഇക്കിളിയിടലിൽ ഒരു പിടയ്ക്കലും അതായിരുന്നു ഭാര്യയുടെ അഭിനയം.
അയാൾ ഫോൺ ഓഫ് ചെയ്തു ഭാര്യയെ നോക്കി വല്ലാത്തൊരു ചിരി ചിരിച്ചു.
അ ചിരിയുടെ അർത്ഥം, എന്നോടാ കളി, നിന്നെയല്ല നിന്റെ അമ്മൂമ്മയെ വരെ വച്ച് ഞാൻ റീൽസ് എടുക്കുമെടീ..ന്ന്. !
എന്തോന്നാ.. മനുഷ്യാ നിങ്ങളിപ്പോ കാട്ടിക്കൂട്ടിയെ..?
അതാണെടീ റീൽസ്. ഫേസ്ബുക്കിലും, ഇൻറ്റയിലും ഞാനിതിട്ട് ഒരു കലക്ക് കലക്കുമെടീ..!
ഒലക്ക.. ഇതിന് വേണ്ടിയാണോ നിങ്ങളെന്നെയീ വേഷം കെട്ടിച്ചേ.?
മഞ്ഞയിൽ പച്ചപൂക്കളുള്ള നൈറ്റിയും ഇട്ട് അയിലയും കത്തിയും പിടിച്ചിരിക്കുന്ന ഭാര്യയെ നോക്കിയിട്ട് സ്വന്തം റീൽസ് കണ്ടോണ്ടു ഉള്ളിലേയ്ക്ക് പോയി.
“അയല പൊരിച്ചതുണ്ട്, കരിമീൻ വറുത്തതുണ്ട്.. എന്ന റീൽസ് ഗാനം അന്തരീക്ഷത്തിൽ മുഴങ്ങി കേട്ടു.
ഭാര്യ കല്യാൺസിൽക്കിലെ സാരിയോർത്തു അയലയെ നോക്കി.. എന്നാലും എന്റെ അയലേ…..l