എന്റെ മകൾ
(രചന: Navas Amandoor)
“എന്റെ പുന്നാര ഉമ്മിയല്ലേ. വാപ്പിച്ചിനോട് പറഞ്ഞ് വണ്ടി വാങ്ങി തരോ… പ്ലീസ് ഉമ്മിച്ചി. ”
കുറച്ച് ദിവസമായി നസ്രിയ ഉമ്മിച്ചിടെ അരികിൽ വണ്ടിക്ക് വേണ്ടി സോപ്പിട്ടു നടക്കുന്നത്.
ഒരു മോളാണ്. അവളെ ആവശ്യത്തിൽ കൂടുതൽ ലാളിച്ചു വഷളാക്കിയെന്നുള്ള പരാതി ബന്ധുക്കളുടെ ഇടയിൽ തന്നെയുണ്ട്.
“ഇക്കാ മോള് വണ്ടി വേണന്നു കുറച്ച് ദിവസായി പറയുന്നത്.എന്താ ചെയ്യാ..? ”
“വാങ്ങി കൊടുക്കാൻ ആഗ്രഹമുണ്ട് സുലു. പക്ഷെ പേടി. അവൾ പോയി വരും വരെ ആദിയായിരിക്കും.. അതോണ്ടാ. ”
“എനിക്കും അങ്ങനെ തന്നെയാ ഇക്കാ. ഇന്ന് വരെ അവൾ പറഞ്ഞ ഒരു ആഗ്രഹവും നമ്മൾ നടത്തി കൊടുക്കാതിരുന്നിട്ടില്ല. ”
“വാങ്ങാം. പതുക്കെ ഓടിക്കാൻ പറയണം..”
പിറ്റേന്ന് രാവിലെ വാപ്പയും മോളും പോയി വണ്ടി ബുക്ക് ചെയ്തു. വീട്ടിൽ വന്നിട്ട് പുന്നാര ഉമ്മച്ചിയെ കെട്ടിപിടിച്ചു കവിളിൽ ഒരു മുത്തം കൊടുത്തു നസ്രിയ.
“എന്റെ ഭാഗ്യം തന്നെയാണ് ഈ വാപ്പിച്ചിയും ഉമ്മിച്ചിയും. ”
“വണ്ടി കിട്ടിയല്ലോ ഇനിയും വേണോ സോപ്പ് ”
“സോപ്പ് അല്ല വാപ്പി. സത്യമാണ്. ”
“പിന്നെ നിന്റെ ഭാഗ്യമല്ല ഞങ്ങൾ.ഞങ്ങളുടെ ഭാഗ്യവും സന്തോഷവുമാണ് നീ ”
നസ്രിയ വീട്ടിൽ നിന്നും രാവിലെ പോയതാണ്. വൈകുന്നേരമായിട്ടും കാണാത്തതിൽ ആകുലതയോടെ പുറത്തിറങ്ങി കാത്ത് നിൽക്കുന്ന ഉമ്മയുടെ മനസ്സിൽ വണ്ടി വാങ്ങിയ അന്നത്തെ കാര്യങ്ങൾ.
സുലു ഫോൺ എടുത്ത് ഇക്കയെ വിളിച്ചു.
“ഇക്കാ,മോൾ ഇതുവരെ എത്തിയില്ല. ”
“നീ വിഷമിക്കണ്ട അവൾ വന്നോളും. ”
പിന്നെയും സമയം കഴിഞ്ഞ് പോയി. പക്ഷികൾ കൂട്ടിലേക്ക് പറന്ന് തുടങ്ങി. ആകാശത്തിന്റെ നിറം മാറി. പതുക്കെ പതുക്കെ വെളിച്ചം ഇരുട്ടിന് വഴി മാറി. മഗ്‌രിബ് ബാങ്ക് പള്ളിയിൽ നിന്നും കേൾക്കുന്നുണ്ട്.
.
വീണ്ടും സുലു ഇക്കയെ വിളിക്കാൻ ഫോൺ എടുത്ത നേരത്ത് ഇക്കാ ഇങ്ങോട്ട് വിളിച്ചു.
“അവൾ എത്തിയോ സുലു”
“ഇല്ല ഇക്കാ. എന്റെ മോൾക്ക് എന്ത് പറ്റി പടച്ചോനെ.. ”
സുലുവിന്റെ കണ്ണ് നിറയാൻ തുടങ്ങി. കണ്ണ് തുടച്ചു വഴി കണ്ണുമായി അവളെ കാത്തിരുന്നു. കുറച്ചു സമയം കഴിഞ്ഞപ്പോൾ രണ്ട് മൂന്ന് പേർ വീട്ടിൽ വന്നു.
“ഇക്കാ വന്നില്ലേ…? ”
“ഇല്ല… എന്തെ.. ”
“ഹേയ് ഒന്നുല്ല. ”
ആ സമയം മതിലിന്റെ പുറത്ത് ആ സമയം വീടിനെ ചുറ്റിപ്പറ്റി നിൽക്കുന്നവരെ സുലു കണ്ടില്ല. ഇശാ ബാങ്ക് കൊടുക്കുന്ന നേരത്ത് ഇക്കാ വീട്ടിലേക്കു വന്ന് സുലുവിനെ മുറിയിലേക്ക് വിളിച്ചു.
“ഞാൻ പറയുന്നത് കേട്ട് നീ വിഷമിക്കരുത്. നീ എന്നെ വിളിക്കുന്നതിന് മുൻപേ ഞാൻ അറിഞ്ഞു നമ്മുടെ മോള് ഏതോ ഒരുത്തന്റെയൊപ്പം പോയെന്ന്.
കേട്ടത് നുണ ആവട്ടെന്ന് പ്രാർത്ഥനയോടെ അന്വേഷിച്ചു. പക്ഷെ സുലു നമ്മുടെ മോൾ നമ്മളെ…. ”
പറയാൻ വാക്കുകൾ കിട്ടാതെ സുലുവിന്റെ ഇക്കാ വിതുമ്പി. ഇക്കയുടെ കൈയിൽ പിടിച്ച് കേട്ടത് വിശ്വാസിക്കാൻ കഴിയാതെ സുലു കണ്ണീർ പോലും വരാതെ തരിച്ചു നിന്നു.
ഇക്കാ വന്നപ്പോൾ ഇരുട്ടിൽ മാറി നിന്നവർ വെളിച്ചത്തിലേക്ക് വന്നു. പരിഹാസത്തോടെയുള്ള നോട്ടം.
“അനുഭവിച്ചോ… വല്ലാണ്ട് പുന്നാരിച്ചു മോളെ ഇവിടെവരെ എത്തിച്ചു. ” ഇക്കാടെ അനിയന്റെ ശവത്തിൽ കുത്തുന്ന പോലെയുള്ള വാക്കുകൾ.
“പോലീസിൽ പരാതി കൊടുത്തിട്ടുണ്ട്. ”
ഒന്നും മിണ്ടാതെ നസ്രിയയുടെ ഉമ്മച്ചിയും വാപ്പിച്ചിയും. ഭാഗ്യവും സന്തോഷവുമായി അള്ളാഹ് തന്ന വസന്തം.
“ഇതിലും ഭേദം അവൾ ആ വണ്ടി തട്ടി മരിക്കുന്നതായിരുന്നു ഇക്കാ. ”
“സുലു…… ” പിറ്റേന്ന് രാവിലെ തന്നെ പോലീസ് നസ്രിയയെയും ചെക്കനെയും കിട്ടിയ വിവരം അറിയിച്ചു.
ഉമ്മയും വാപ്പയും അവളെ കാണാൻ സ്റ്റേഷനിൽ എത്തിയ നേരത്ത് പുറത്ത് വാപ്പ വാങ്ങി കൊടുത്ത വണ്ടി കണ്ടു. അവന്റെ കൈ പിടിച്ച് നസ്രിയ കുറച്ച് മാറി നിന്നത് കാണാത്ത പോലെ മുന്നോട്ട് പോയി.
ചങ്ക് പിടച്ചു. വലിയൊരു കരിങ്കല്ല് നെഞ്ചിൽ എടുത്ത വെച്ച പോലെ. കണ്ണീർ തുള്ളികൾ ഒറ്റ ഒറ്റയായി സുലുവിന്റെ കണ്ണിൽ നിന്നും അടർന്നു വീണു.
“നിങ്ങളാണോ നസ്രിയയുടെ….? ”
“അതെ സാർ… ”
“അവരുടെ രജിസ്റ്റർ വിവാഹം കഴിഞ്ഞു ഇന്നലെ.. ഇനി അവർ ഒരുമിച്ച് ജീവിക്കട്ടെ അല്ലെ.. ” ഒന്നും പറയാനില്ലാതെ വാക്കുകൾ കിട്ടാതെ ഇക്ക സുലുവിനെ നോക്കി.
“അവർ ഒരുമിച്ച് ജീവിച്ചോട്ടെ… പക്ഷെ സാർ,അവളുടെ കൈയിലെ വണ്ടി ഇക്കയുടെതാണ് .
പിന്നെ പന്ത്രണ്ട് പവൻ സ്വർണ്ണം അവളുടെ ദേഹത്തു ഉണ്ട് . അതും ഞങ്ങൾ വാങ്ങിയതാണ്. അതും തിരിച്ചു വാങ്ങി തരണം. ”
നസ്രിയ സ്വർണ്ണം ഊരി മേശയിൽ വെച്ചു. കൂടെ വണ്ടിയുടെ താക്കോലും.
“ഇതിൽ ഒരു വള കുറവുണ്ട്. ”
“ഉമ്മച്ചി അത് ഞാൻ… ”
“ഞാൻ നിന്റെ ഉമ്മച്ചിയല്ല നസ്രിയ. ഞങ്ങളുടെ ഭാഗ്യമായി പടച്ചോൻ തന്ന എന്റെ മോള് ഇന്നലെ മരിച്ചു. ”
“മൂന്ന് ദിവസത്തിനുള്ളിൽ വള തരാം. ”
സുലുവിന്റെ പ്രവർത്തിയും സംസാരവും ഇങ്ങിനെയൊന്നും ആയിരിക്കില്ലന്ന് കരുതിയ ഇക്കാക്ക് അത്ഭുതം തോന്നി.
“വാ ഇക്കാ നമുക്ക് പോകാം . എനിക്ക് എന്റെ ഇക്കയില്ലേ … ഇക്കാക്ക് ഞാനും..അതുമതി. ”
സുലു ഇക്കയുടെ കൈ പിടിച്ചു പടികൾ ഇറങ്ങി.
“നമ്മൾ നമ്മയുടെ മോളെ ആവശ്യത്തിൽ കൂടുതൽ സ്‌നേഹിച്ചു അല്ലെ ഇക്കാ. ”
“മ്മ്.. ”
“ഇക്കാക്ക് ഓർമ്മയുണ്ടോ… പ്രസവിച്ചു മൂന്നാം നാൾ ശ്വാസം കിട്ടാതെ അനക്കമില്ലാതെ കിടന്ന മോളെ വാരി പിടിച്ചു ഇക്കാ ഓടിയത് . അന്ന് നമ്മൾ ഒത്തിരി കരഞ്ഞില്ലെ ഇക്കാ… ”
“അതൊന്നും മറക്കാൻ കഴിയില്ലല്ലോ… ” ഒരു കൈകൊണ്ട് ഇക്ക കണ്ണു തുടച്ചു. കണ്ണീർ സുലു കാണാതിരിക്കാനുള്ള ശ്രമം.
“ഇക്കാ സങ്കടപ്പെടല്ലെ… അന്ന് അവൾ മരിച്ചു പോയെങ്കിൽ ഇത്രയും സങ്കടം ഉണ്ടാവില്ലായിരുന്നു അല്ലെ ഇക്കാ ” സുലു വിന്റെ ഉള്ളിൽ അടക്കി വെച്ച സങ്കടം പൊട്ടി ഒലിച്ചു. പൊട്ടിക്കരഞ്ഞു ഇക്കയുടെ തോളിൽ കിടന്നു ..
ഒരിക്കൽ നസ്രിയ ഒരു ഉമ്മയാകും അന്ന് ഉമ്മച്ചിയുടെ,വാപ്പിച്ചിയുടെ സങ്കടം,വേദന അവൾക്കും മനസ്സിലാകും…