(രചന: ഛായമുഖി)
എല്ലാവരോടും യാത്ര പറഞ്ഞിറങ്ങുമ്പോളും അവന്റെ കണ്ണുകൾ അവളിൽ തന്നെയായിരുന്നു. കരഞ്ഞു വീർത്ത മുഖവുമായി ഭീത്തിയിൽ ചാരി നിൽക്കുന്നവളെ കാണുമ്പോൾ ഹൃദയം വിങ്ങുന്നുണ്ടായിരുന്നു.
അമ്മക്കരുകിലേക്ക് ചെന്നു പാദം തൊട്ട് നെറുകയിൽ തൊടുമ്പോളേക്കും കണ്ണുകൾ നിറഞ്ഞു തൂവിപോയി… കലങ്ങിയ കണ്ണുകൾ അമർത്തി തുടച്ചുകൊണ്ട് നിവർന്ന അമ്മയുടെ മുഖത്തേക്ക് നോക്കി പിന്നെ വേണിയുടെ മുഖത്തേക്കും.
ഞാൻ നോക്കി കൊളളാം… നീ സമാധാനത്തോടെ പോയിട്ട് വരൂ. ആ നോട്ടം കണ്ട് വിനുവിനെ ആശ്വസിപ്പിക്കാനായി ഗീത പറഞ്ഞെങ്കിലും മനസ്സിൽ നിറയെ ആശങ്കകൾ ഒരുപാടുണ്ടായിരുന്നു.
പറഞ്ഞതൊക്കെ ഓർമ്മയുണ്ടല്ലോ…അച്ഛൻ കുടിക്കേണ്ടെന്നു ഒരിക്കലും ഞാൻ പറയുന്നില്ല . ഇനി മുതൽ ജോലിക്കും പോകണ്ടാ…
വേണ്ട പൈസ അയച്ചു തരാം ആവിശ്യമുള്ളതു വാങ്ങി ഈ വീട്ടിൽ കുടിച്ചിട്ട്, നാട്ടുകാരോട് വഴക്കിന് പോകാതെ ഇവിടെ തന്നെ കിടന്നുറങ്ങിക്കോണം. പഴയത് പോലെയൊന്നും നടക്കല്ലേ അച്ഛാ. വേണിക്കിതൊന്നും ശീലമില്ലാത്തതാണ് ഓർമ്മയുണ്ടല്ലോ…
എല്ലാം വീണ്ടുമൊന്നു ഓർമ്മപ്പെടുത്തിക്കൊണ്ട് അച്ഛനോടും യാത്ര പറഞ്ഞു. തിരഞ്ഞോന്നുകൂടി വേണിയെ നോക്കി…
കാറിലേക്ക് കയറിയിരുന്നുകൊണ്ട് വാതിൽക്കലേക്കു നോക്കി കൈ വീശി കാണിക്കുമ്പോൾ കണ്ടു പൊട്ടി കരഞ്ഞുകൊണ്ട് അകത്തേക്ക് ഓടിപോകുന്നവളെ.
വണ്ടിയിൽ കയറി കണ്ണടച്ച് സീറ്റിലേക്കു ചാരിയിരുന്നു…
ഇരുചെന്നിയിൽ കൂടെയും കണ്ണുനീർ ഒഴുകിയിറങ്ങുന്നത് കണ്ടിട്ടാകണം അതുവരെ മൗനമായിരുന്ന അനിയേട്ടൻ തട്ടിവിളിച്ചു.
“എന്തോന്നെടായിതു… നീ സമാധാനമായിട്ട് പോയി വാ.”
“അനിയേട്ടാ വീട്ടിലെ കാര്യങ്ങളൊക്കെ അറിയാല്ലോ… ഇടക്ക് അങ്ങോട്ട് പോയി വിവരങ്ങളൊക്കെ തിരക്കണെ…”
“ഞാൻ നോക്കിക്കോളാം… നീ ധൈര്യമായിട്ടിരിക്ക്.”അവനെ സമാധാനിപ്പിച്ചുകൊണ്ട് അനി ഡ്രൈവിങ്ങിൽ ശ്രദ്ധിച്ചു.
ഞങ്ങൾ ചെല്ലുമ്പോൾ വിനുവിന് പോകനുള്ള ട്രെയിനിൽ വന്നു കിടപ്പുണ്ടായിരുന്നു. ട്രെയിനിലേക്ക് കയറി സീറ്റിൽലേക്ക് ബാഗ് വെച്ചുകൊണ്ട് അനിക്ക് നേരെ കൈ വീശി കാണിച്ചു… അപ്പോഴേക്കും ട്രെയിൻ നീങ്ങി തുടങ്ങിയിരുന്നു.
പതിവുപോലുള്ള വണ്ടിയൊട്ടം കഴിഞ്ഞു അനി വീട്ടിലേക്കു എത്തുമ്പോൾ കേട്ടിരുന്നു… അമ്മാവന്റെ ചീത്തവിളിയും സംസാരങ്ങളും…
വണ്ടി വന്നു നിന്ന ശബ്ദം കേട്ടു വീടിനുള്ളിൽ നിന്നും അനിയുടെ ഭാര്യ ഇന്ദു വെളിയിലേക്കിറങ്ങി വന്നു.
“ഇങ്ങേരിത് നന്നാകുമെന്ന് തോന്നില്ല… ആ ചെക്കൻ എന്തെല്ലാം പറഞ്ഞേൽപ്പിച്ചിട്ട് പോയതാ… അവന് ആകെ വിഷമിച്ചാ പോയത്… “ഭാര്യയെ നോക്കി അയാൾ പറഞ്ഞു.
“ആ കൊച്ചും പേടിച്ചിരിക്കുകയായിരിക്കും… ഇവിടിരുന്നു കേൾക്കുമ്പോൾ തന്നെ നമ്മുക്ക് പേടി തോന്നുന്നു അപ്പൊ പിന്നെ വീട്ടിലുള്ളവരുടെ കാര്യം പറയണോ??”
“ഞാനൊന്ന് അവിടെവരെ പോയിട്ട് വരാം…”
“ബോധമില്ലാത്ത മനുഷ്യന്റെ അടുത്തുപോയി എന്ത് പറഞ്ഞിട്ടും കാര്യമില്ല… വെറുതെ ഏട്ടനെക്കൂടെ തെറി പറയും…”
ഇന്ദു പറയുന്നതൊക്കെ സത്യമാണെങ്കിലും വിനുവിനെ ഓർത്തപ്പോൾ അയാൾക്ക് അങ്ങോട്ട് പോകാതിരിക്കാൻ തോന്നിയില്ല.
പതുപതിനെഴു വർഷം പഴക്കമുള്ളയൊരു ചെറിയ ഓടിട്ട വീട്… തിണ്ണയൊക്കെ ഇടിഞ്ഞു വാരി കിടന്നതാ കല്യാണം സംബന്ധിച്ച് ചെറുതായിട്ടൊന്നു മിനുക്കി പണിഞ്ഞു.
വീടുവെക്കാൻ സ്ഥാനം വരെ നോക്കിയതാ അതിനുള്ള പണവും അവന്റെ കൈവശം ഉണ്ടായിരുന്നു…
അതിനും തടസം ഇങ്ങേരു തന്നെ. വർഷത്തിൽ രണ്ടുമാസം ലീവ് കിട്ടുന്ന അവന് ഇവിടെ നിന്നു വീട് പണി നടത്താൻ പറ്റുവോ?? ആരേലും ഏൽപ്പിച്ചിട്ടു പോയാൽ ഇതുപോലെ കുടിച്ചിട്ട് വന്നു ചീത്തവിളിക്കും അവരെ.
തിണ്ണയിൽ നിന്നും അകത്തേക്ക് നോക്കുമ്പോൾ കണ്ടു ലാൻഡ് ഫോണിൽ ആരോടോ ഉച്ചത്തിൽ സംസാരിക്കുന്നതു അമ്മാവനെ.വെള്ളം അടിച്ചു കഴിഞ്ഞാലുള്ള മറ്റൊരു ശീലം ഇതാണ്… ഡയറിയിൽ കുറിച്ചിട്ടിരിക്കുന്ന നമ്പരിലേക്ക് മൊത്തം വിളിക്കും
അമ്മായി വാതിലിക്കലേക്കു ചെന്നു കൊണ്ട് വിളിച്ചു.
തോളിൽ ഇട്ടിരുന്ന തോർത്ത് ഒന്നുകൂടി ശരിയാക്കിക്കൊണ്ട് കരഞ്ഞ മുഖത്തോടെ ഇറങ്ങിവരുന്ന രൂപത്തെ കണ്ട് സങ്കടം തോന്നി.
“വേണിയുറങ്ങിയോ?? “തിണ്ണയിലേക്ക് ഇരുന്നുകൊണ്ട് ചോദിച്ചു.
“ഇതൊക്കെ കേട്ടിട്ട് എങ്ങനെ ഉറങ്ങാൻ… ആദ്യമായിട്ട് കാണുന്നത് കൊണ്ടായിരിക്കും നല്ലതുപോലെ പേടിച്ചത് കരച്ചിൽ തന്നെയായിരുന്നു …
വല്ലസ്ഥലത്തേക്കും പോയ എന്റെ കുഞ്ഞിനും ആധിയല്ലേ ഇവിടുത്തെ കാര്യങ്ങൾ ഓർക്കുമ്പോൾ.”
“ഇപ്പോ ഇവിടെ എന്തിന്റെ കുറവ് ഉണ്ടായിട്ടാ… ആയ കാലത്ത് കയ്യിലുള്ളതെല്ലാം വിറ്റുകുടിച്ചു തുലച്ചു… അന്നും ഈ വീട് നോക്കിയോ ഇങ്ങേര്.
നാലഞ്ച് കന്നുകാളികളെ വളർത്തി അതിൽ നിന്നും കിട്ടുന്നതുകൊണ്ട് ഈ വീടും കഴിഞ്ഞു പിള്ളേരെയും പഠിപ്പിച്ചും അന്നും ഞങ്ങൾക്ക് സ്വസ്ഥത തന്നിട്ടില്ല ഇപ്പോഴുമില്ല.”
“അവൻ എന്തൊക്കെ പറഞ്ഞു ഏൽപ്പിച്ചിട്ട് പോയതാ… അതിനോട് വല്ല സ്നേഹവും ഉണ്ടെങ്കിൽ ഇമ്മാതിരി പേകൂത്തു ഇപ്പോഴും ഈ മനുഷ്യൻ കാണിക്കുവോ… അന്യവീട്ടിൽ നിന്നും വന്ന കൊച്ചല്ലേ… വന്നിട്ട് അതിനും വേണ്ടി ദിവസമായോ???”
“അവൻ പോയ വിഷമം മാറിക്കാണില്ല അതിന്… അതിന്റെ കൂടെയിതും. ഒന്നാമതെ അവരുടെ ബന്ധുക്കളിൽ പലർക്കും ഈ വിവാഹത്തിനോട് താൽപ്പര്യമില്ലായിരുന്നു ഇങ്ങേരുടെ ഈ നശിച്ച കുടി കാരണം.
എന്റെ മോന്റെ സ്വഭാവം കണ്ടിട്ടാണ് വേണിയുടെ അച്ഛൻ ഈ കല്യാണത്തിന് സമ്മതിച്ചത്
അവന്റെ സ്വഭാവം എത്ര നന്നായാലും പേര് കുടിയന്റെ മോനെന്നല്ലേ…. എവിടുന്നെല്ലാം അതിന്റെ പേരിൽ കുത്തുവാക്കുകളും പരിഹാസങ്ങളും വിനു കേട്ടിട്ടുണ്ട്…
എല്ലാവരോടും ചിരിക്കുകയും പറയുകയും ചെയ്യുമെന്നല്ലാതെ പുറത്തോട്ട് അവനൊരു കൂട്ടുകെട്ടുണ്ടോ…
എന്തിനു അവന് ആകെയുള്ളത് നീ ഒരാൾ മാത്രമല്ലെ…സ്വയം ഉൾവലിഞ്ഞു മാറിയതാ… നാണക്കേട് കൊണ്ട്.
കരഞ്ഞുകൊണ്ട് മൂക്ക് തുടക്കുന്ന അമ്മായിയുടെ കൺപോളകൾ രണ്ടും വീർത്തിരുന്നു.
What is this….വെച്ചു പോകുന്ന കാലടികളോടെ അമ്മായിടെ അടുത്തേക്ക് വന്നു ആടി കുഴഞ്ഞു കൊണ്ട് അമ്മാവന്റെ ഇംഗ്ലീഷ് ഡയലോഗ് അടിക്കാൻ തുടങ്ങിയിരുന്നു.
എന്തോന്നാ… അമ്മാവയിതു, അവൻ എന്തെല്ലാം പറഞ്ഞിട്ട് പോയതാ??
അവൻ ആരാ എന്നെ മര്യാദ പഠിപ്പിക്കാൻ. ഇത് എന്റെ വീടാണ് ഇവിടെ എനിക്ക് ഇഷ്ടമുള്ളതുപോലെ ചെയ്യും ഒരു പന്ന……….. മോനും ചോദിക്കാൻ വരണ്ടാ… അനിയെ കൂടെ സ്ഥാപിച്ചുകൊണ്ട് അയാൾ കുഴച്ചിലോടെ പറഞ്ഞു നിർത്തി.
അമ്മാവൻ എന്താന്ന് വെച്ചാൽ കാണിക്ക്… അവന്റെ ഭാര്യ ഇവിടെ ഉണ്ടെന്ന് ഓർക്കണം… അവന്റെ ജീവിതം ഇല്ലാതാക്കരുത്…
അതു കേൾക്കെ കരച്ചിലും തെറിയും മാറിമാറി വന്നു കൊണ്ടിരുന്നു…വിളിക്കുന്ന പച്ചതെറിയാണ് ഒട്ടും സഹിക്കാൻ പറ്റാത്തത്. വഴിയിലെ കൈതതുമ്പിനെ വരെ തെറിപറയും കുടിച്ചു കഴിഞ്ഞാൽ.
അനി നീ പോയി കിടക്കാൻ നോക്ക്… ഇത് നിൽക്കാൻ പോകുന്നില്ല.
തെറിയുടെ റൂട്ട് വേറെ തരത്തിലോട്ടു മാറി തുടങ്ങിയപ്പോൾ അമ്മായി ഇരുന്നിടത്തു നിന്നും എഴുന്നേറ്റ് കൊണ്ട് പറഞ്ഞു.
തിരികെ വീട്ടിൽ വന്നു അത്താഴമൊക്കെ കഴിഞ്ഞു കട്ടിലേക്കു ചെന്നു കിടന്നു പിറകെ വാതിൽ അടച്ചുകൊണ്ട് ഇന്ദുവും കയറി വന്നു.
അമ്മാവൻ എന്ത് പറഞ്ഞു…
അങ്ങേര് നന്നാകില്ലെടി… ആ കൊച്ചിന്റെ വീട്ടിൽ ഈ ബഹളങ്ങളൊക്കെ അറിഞ്ഞു കഴിഞ്ഞാൽ അവർ അതിനെ ഇവിടെ നിർത്തില്ല… അതിന്റെ നാണക്കേടും ആ ചെക്കനല്ലേ. അതൊക്കെ മനസ്സിലാക്കാനുള്ള വിവരം അങ്ങേർക്ക് വേണ്ടേ…
പിറ്റേന്ന് രാവിലെ വേണി എഴുന്നേറ്റ് വരുമ്പോൾ അവളുടെ കണ്ണും മുഖവും വീർത്തിരിപ്പുണ്ടായിരുന്നു ഇന്നലെ കരഞ്ഞതിന്റെ ബാക്കിയെന്നോണം.
ഒന്ന് കുളിച്ച് ശേഷം അമ്മക്കൊപ്പം അടുക്കളയിൽ കയറി… വലിയ മിണ്ടാട്ടങ്ങൾ ഒന്നുമുണ്ടായില്ല. കുറച്ച് കഴിഞ്ഞു വിനുവിന്റെ ഫോൺ വന്നു…
അരമണിക്കൂറോളം സംസാരിച്ചു തിരിച്ചു വരുമ്പോൾ മുഖത്തിന് അൽപ്പം തെളിച്ചം തോന്നിയിരുന്നു… ട്രെയിനിൽ തന്നെയാണ്. നാളെ വൈകിട്ടെ അങ്ങേതുകയുള്ളൂ.
പകൽ സമയങ്ങളിൽ അച്ഛൻ വീട്ടിൽ തന്നെ കാണും ആ നേരങ്ങളിൽ ഇതുപോലെ പാവം മനുഷ്യനെ വേറെ കാണില്ല… ആരോടും അധികം മിണ്ടാതെ ടിവിയും കണ്ടു ആ കുഞ്ഞു മുറിയിലെ കട്ടിലിൽ തന്നെ കാണും…
സന്ധ്യക്കൊന്ന് പുറത്തേക്ക് പോകും… പോകുന്ന ആളെ ആയിരിക്കില്ല തിരികെ വരുന്നത്… അങ്ങ് റോഡിൽ നിന്നെ കേൾക്കാം പാട്ടും ചീത്തവിളിയും ബഹളമുമൊക്കെ…
ചിലപ്പോൾ ആരേലുമായും അടിയും ഉണ്ടാക്കും. അമ്മയെ കാണുമ്പോൾ ഈ ജീവിതം വെറുത്തപോലെയാണ്
രണ്ടുപേരും തമ്മിൽ ആധിക സംസാരങ്ങൾ ഒന്നും തന്നെ കാണില്ല.
വീട്ടിലെ ഈ ശീലങ്ങളുമായി വേണിയും പൊരുത്തപ്പെട്ടു തുടങ്ങി. സ്വന്തം വീട്ടിൽ ഈ കാര്യങ്ങളൊന്നും അവൾ അറിയിച്ചിരുന്നില്ല.
പതിയെ പതിയെ അവൾക്കും പുറത്തേക്കിറങ്ങാൻ നാണക്കേട് തോന്നി… ഓരോ ആൾക്കാരുടെയും കുത്തികുത്തിയുള്ള ചോദ്യങ്ങളും പരിഹാസങ്ങളുമൊക്കെ കൊണ്ട് തന്നെ.
ചിലദിവസങ്ങളിൽ പകലും കുടിച്ചിട്ട് വന്നു വഴക്കുണ്ടാക്കാൻ തുടങ്ങി ഇത് അറിഞ്ഞ വിനു പൈസ അച്ഛന് കൊടുക്കാതെയായി…
കുടിക്കാൻ പൈസയില്ലാതെ വന്നപ്പോൾ നാട്ടിൽ കൂലി പണിക്ക് പോകും ആ കിട്ടുന്ന പൈസ തീരുന്നവരെ പിന്നെ പോകില്ല…
തലേദിവസത്തെ മേളം കഴിഞ്ഞു പിറ്റേന്ന് കാലത്ത് എഴുന്നേറ്റ സോമന് ചെറിയ നെഞ്ചു വേദനപോലെ തോന്നി.
ഗ്യാസ്സിന്റെ ആണെന്ന് കരുതി ചുടുവെള്ളമൊക്കെ കുടിച്ചു നോക്കിയിട്ടും ഒരു മാറ്റവും ഉണ്ടായിരുന്നില്ല. പതിയെ ആ വേദന കൈകളിലേക്കും അരിച്ചിറങ്ങി. നെഞ്ചിന്റെ വേദന സഹിക്കാൻ കഴിയാത ഹോസ്പിറ്റലിലെക്ക് കൊണ്ട് പോയി.
ഉടൻ തന്നെ ICU യിലേക്ക് മാറ്റി. അറ്റാക്കായിരുന്നു… കൃത്യസമയത്തിന് എത്തിച്ചതുകൊണ്ട് ജീവൻ രക്ഷപെട്ടു എന്നാൽ പിന്നിടുള്ള അസ്വസ്ഥതകൾ കണ്ടൊരു ഫുൾബോഡി ചെക്കപ്പ് നടത്തുപ്പോളാണ് കരളിന്റെ തകരാറു തിരിച്ചറിയുന്നത്…
കുടിയും വലിയുമൊക്കെ ഉപേക്ഷിച്ചാൽ തനിക്ക് കുറച്ച് നാളുകൾ കൂടി ജീവിക്കാം അല്ലെങ്കിൽ പെട്ടന്ന് തന്നെ മുകളിലേക്കു പോകാം.
ഒരു ചെറിയ പനി വന്നാൽപോലും പേടിയുള്ള സോമന്റെ ഉള്ളിലേക്കാണ് ഡോക്ടറുടെ ആ വാക്കുകൾ കയറിയത്.
ഹോസ്പിറ്റലിൽ നിന്നു വീട്ടിലെത്തി ആദ്യത്തെ കുറച്ച് ദിവസം പുറത്തേക്ക് എങ്ങും ഇറങ്ങാതെ വീട്ടിൽ തന്നെയിരുന്നു.
ഒരാഴ്ച കഴിഞ്ഞ് ഹോസ്പിറ്റലിൽ വീണ്ടും ചെക്കപ്പിന് പോയിരുന്നു. എന്നാൽ അന്ന് വൈകിട്ട് വീണ്ടും പുറത്തേക്ക് പോകുന്ന സോമനെ കണ്ട് വേണി അമ്മയുടെ മുഖത്തേക്ക് നോക്കി.
നന്നാകില്ല എന്ത് ചെയ്യാൻ… ചത്തു തുലയത്തെയുള്ളൂ ദേഷ്യവും സങ്കടവും കൊണ്ടവർ വിങ്ങി പൊട്ടിയിരുന്നു.
ഒരാഴ്ച്ച കൊണ്ട് വീട്ടിലുണ്ടായ സന്തോഷമെല്ലാം ഒറ്റനിമിഷം കൊണ്ട് തകർന്ന പോലെ തോന്നി. അച്ഛന്റെ മാറ്റത്തെ കുറിച്ചു വിനുവേട്ടനോട് പറയുമ്പോൾ ആളും ഭയങ്കര സന്തോഷത്തിലായിരുന്നു… അതൊക്കെ ഓർക്കേ വേണിയുടെ സങ്കടം കൂടി വന്നു.
ടിവി കാണാൻ ഇരിക്കുമ്പോളും വേണി ഭീതിയോടെ പുറകിലേക്ക് തിരിഞ്ഞു നോക്കും… കാതുകളിൽ കൂർപ്പിച്ചു പിടിക്കും ശബ്ദം കേൾക്കുന്നുണ്ടോയെന്നു… വയറ്റിലൊരു തീ ഉരുണ്ടു കയറുന്ന പോലെയായിരുന്നു.
അൽപ്പ സമയത്തിന് ശേഷം വാതിലിൽ മുട്ട് കേട്ടുകൊണ്ടാണ് എഴുന്നേറ്റത്…
അനിയേട്ടൻ ആയിരിക്കും, ഓട്ടം കഴിഞ്ഞു വരുമ്പോൾ വിശേഷങ്ങൾ തിരക്കാൻ ഇതുപോലെ വരും ഓർത്തുകൊണ്ടുപോയി വാതിൽ തുറന്നു… എന്നാൽ മുന്നിൽ നിൽക്കുന്ന ആളെ കണ്ടിട്ട് വിശ്വാസം തോന്നിയില്ല.
ബഹളം വെക്കാതെ, തെറി പറയാതെ, പാട്ടുപാടാതെ…വിനുവേട്ടൻ പോയതിനു ശേഷം അച്ഛൻ ഈ വീട്ടിലേക്കു കയറി വരുന്നത് ആദ്യമായിരുന്നു.
മിഴിച്ചു നോക്കുന്ന എന്നെക്കണ്ടോന്നു ചിരിച്ചു ശേഷം കയ്യിൽ കരുതിയ പൊതി എനിക്ക് നേരെ നീട്ടി…
ചിരിയോടെ ഞാനതു വാങ്ങി തുറന്നു നോക്കുമ്പോൾ എനിക്ക് ഏറ്റവും ഇഷ്ടമുള്ള പരിപ്പുവടയും ഉള്ളുവടയും. സന്തോഷം കൊണ്ടന്റെ കണ്ണുകൾ നിറഞ്ഞുപോയി… അച്ഛനും അതു കണ്ടിരുന്നു ഒന്നുമിണ്ടാതെ തലകുനിച്ചു കയറിപ്പോയി…
പതിയെ അച്ഛന്റെ സ്വാഭാവത്തിൽ കാര്യമായ മാറ്റങ്ങൾ കണ്ടു തുടങ്ങി. അമ്മയും അച്ഛനും ഞാനും കൂടി ചെറിയ യാത്രകൾക്ക് പോയി തുടങ്ങി.
അമ്പലത്തിലെ ഉത്സവത്തിനൊക്കെ അച്ഛൻ ഞങ്ങളെ കൂട്ടികൊണ്ട് പോകും.. എല്ലാ പരിപാടികളും കാണിക്കും.. പതിയെ വീടൊരു സ്വർഗ്ഗമായി തുടങ്ങി…
ആ തവണത്തെ ഓണത്തിന് വിനുവേട്ടൻ വന്നിരുന്നു. എല്ലാം കൊണ്ടും സന്തോഷം നിറഞ്ഞ ഓണം ഞങ്ങൾ നന്നായി തന്നെ ആഘോഷിച്ചു…
അന്നും അച്ഛൻ എനിക്കായൊരു പൊതി കൊണ്ട് തന്നു… മറ്റാരും തന്നാലും രുചി തോന്നിക്കാത്ത പരിപ്പുവടകളും ഉള്ളിവടകളും നിറഞ്ഞയൊരു പൊതി.
ആ പൊതിയിൽ സ്നേഹമുണ്ട് സന്തോഷമുണ്ട് വാത്സല്യമുണ്ട്…. എന്നാൽ ഇതിനെല്ലാം അപ്പുറം സമാധാനവും ഉണ്ടായിരുന്നു.