(രചന: നിമിഷ)
ശക്തമായി അലയടിക്കുന്ന തിരമാലകളെ നോക്കി ആ കടൽ തീരത്ത് ഇരിക്കുമ്പോൾ തന്റെ മനസ്സും കടൽ പോലെ തന്നെ പ്രക്ഷുപ്തം ആണെന്ന് അവൾക്ക് തോന്നി.
ഓർമ്മകൾ ഒരു കുത്തൊഴുക്ക് പോലെ മനസ്സിലേക്ക് ഇരമ്പി വരുന്നത് അവൾ അറിയുന്നുണ്ടായിരുന്നു.
ഇതിനു മുൻപും ഈ കടൽത്തീരത്തേക്ക് അവൾ വന്നിട്ടുണ്ട്. വർഷങ്ങൾക്കു മുമ്പ്..! അപ്പോഴൊക്കെയും അവളോടൊപ്പം അവളുടെ ഇടം കയ്യിൽ കോർത്ത് പിടിച്ച് ഒരുവന്റെ വലം കൈയുണ്ടായിരുന്നു.
ആ ഓർമ്മകൾ മനസ്സിലേക്ക് എത്തിയപ്പോൾ അവളുടെ കണ്ണുകൾ ഈറനായി.
റോഷൻ.. അതായിരുന്നു അവന്റെ പേര്. തന്റെ ബാങ്കിന്റെ നേരെ ഓപ്പോസിറ്റ് കാണുന്ന കോളേജിൽ അധ്യാപകൻ ആയിരുന്നു അവൻ.
ഇടയ്ക്ക് ചില ബാങ്കിടപാടുകളുടെ കാര്യത്തിന് അവൻ ബാങ്കിലേക്ക് വന്നപ്പോൾ കണ്ടിട്ടുണ്ട്. അന്ന് പരിചയപ്പെട്ടെങ്കിലും പിന്നീട് തമ്മിൽ കാണുന്നത് അനിയത്തിയുടെ അഡ്മിഷൻ വേണ്ടി അതേ കോളേജിലേക്ക് ചെന്നപ്പോൾ ആയിരുന്നു.
അന്ന് അഡ്മിഷന്റെ കാര്യത്തിനു വേണ്ടി തങ്ങളെ സഹായിച്ചത് റോഷൻ ആയിരുന്നു. അന്നുമുതൽ തമ്മിൽ കാണുമ്പോൾ പരസ്പരം ചിരിക്കുന്ന ഒരു സൗഹൃദമായി തങ്ങൾ മാറി.
പിന്നെ പിന്നെ കാണാതിരിക്കാൻ കഴിയില്ല എന്ന് പരസ്പരം തോന്നി തുടങ്ങിയ നാളുകൾ.. ഇടയിലെപ്പോഴോ റോഷൻ പ്രണയം പറഞ്ഞു മുന്നിലേക്ക് വന്നിരുന്നു.
അപ്പോഴും അവനോട് പറയാൻ അവൾക്ക് ഒരു മറുപടി മാത്രമേ ഉണ്ടായിരുന്നുള്ളൂ.
“ജാ തി കൊണ്ടാണെങ്കിലും മ തം കൊണ്ടാണെങ്കിലും, സാമ്പത്തികം കൊണ്ടാണെങ്കിലും ഒരുപാട് അന്തരം ഉള്ളവരാണ് നമ്മൾ.
ആരെങ്കിലും പ്രണയിക്കുന്നുണ്ടെങ്കിൽ വിവാഹം കഴിക്കാൻ ആയിരിക്കണം എന്ന് എനിക്ക് നിർബന്ധമുണ്ട്. അല്ലാതെ പക്ഷം കാണിച്ചു കൂട്ടുന്ന കോമാളിത്തരങ്ങളോട് എനിക്ക് താല്പര്യമില്ല.
നമ്മൾ തമ്മിൽ ഇത്രയും അന്തരം നിലനിൽക്കുന്ന സ്ഥിതിക്ക് ഒരിക്കലും നമ്മുടെ വിവാഹം നടത്തി തരാൻ തന്റെ വീട്ടുകാർ സമ്മതിക്കില്ല. നമ്മുടെ വീട്ടുകാരെ ധിക്കരിച്ചുകൊണ്ട് അങ്ങനെ ഒരു ബന്ധത്തിന് എനിക്ക് താല്പര്യമില്ല.”
അവൾ അത് പറയുമ്പോൾ അവൻ അവളെ നോക്കി ഹൃദ്യമായി പുഞ്ചിരിക്കുകയായിരുന്നു.
” എന്റെ വീട്ടിൽ ഞാൻ ഒറ്റ മോനാടോ. എന്റെ ഇഷ്ടങ്ങളല്ലാതെ അതിനപ്പുറത്തേക്ക് മറ്റൊന്നും എന്റെ മാതാപിതാക്കൾക്ക് ഇല്ല.
തനിക്ക് എന്നെ ഇഷ്ടമാണെങ്കിൽ അവരെ പറഞ്ഞു സമ്മതിപ്പിക്കേണ്ട കാര്യം ഞാൻ ഏറ്റു. പിന്നെ തന്റെ വീട്ടിലെ കാര്യവും നമുക്ക് പരിഹരിക്കാം. എനിക്ക് തന്റെ സമ്മതം മാത്രം അറിഞ്ഞാൽ മതി.”
അവൻ അങ്ങനെ പറയുമ്പോഴും അവളുടെ ഉള്ളിൽ സംശയമായിരുന്നു. അതുകൊണ്ടു തന്നെ അവൾ ആ സമയത്ത് വ്യക്തമായ ഒരു മറുപടി അവന് കൊടുത്തിട്ടുണ്ടായിരുന്നില്ല.
പതിയെ പതിയെ അവനെ അവഗണിക്കണമെന്ന് അവൾ മനസ്സിൽ തീരുമാനിച്ചിരുന്നു. പക്ഷേ വിധി മറ്റൊന്നായിരുന്നു അവർക്ക് വേണ്ടി കാത്തു വച്ചിരുന്നത്.
അവനെ അവഗണിക്കാൻ അവൾ എത്രയൊക്കെ ശ്രമിച്ചിട്ടും അതിന് സാധിക്കാതെ അവൾ പരാജയപ്പെട്ടു പോയി. കാരണം അവളുടെ ഉള്ളിൽ ഇതിനോടകം തന്നെ അവൻ സ്ഥാനം പിടിച്ച് കഴിഞ്ഞിരുന്നു.
അധികം വൈകാതെ ഒരിക്കൽ അവൾ അത് തുറന്നു പറയുകയും ചെയ്തു. വല്ലാത്തൊരു സന്തോഷം അവന്റെ മുഖത്ത് ആ നിമിഷം പ്രകടമായിരുന്നു.
പിന്നീടുള്ള നാളുകൾ അവരുടെ പ്രണയത്തിന്റെതായിരുന്നു. എവിടെയെങ്കിലും വല്ലപ്പോഴും അവർ പരസ്പരം കണ്ടുമുട്ടിയിരുന്നു. ഭാവിയെ കുറിച്ചുള്ള അവരുടെ സ്വപ്നങ്ങളൊക്കെയും അവർ നെയ്തെടുത്തിരുന്നത് അപ്പോഴായിരുന്നു.
മിക്കപ്പോഴും അവരുടെ പ്രണയസംഗമങ്ങൾക്ക് സാക്ഷിയായത് ആ കടൽതീരം ആയിരുന്നു.
ഒരിക്കൽ ഇതേ കടൽ തീരത്ത് വച്ചായിരുന്നു വിവാഹത്തിനെ സംബന്ധിച്ച് അവർ തമ്മിൽ സംസാരിച്ചത്..
“റോഷൻ.. എനിക്ക് ഇപ്പോൾ തന്നെ വീട്ടിൽ നിന്ന് ഒരുപാട് പ്രഷർ ഉണ്ട്. അറിയാമല്ലോ എനിക്ക് താഴെ ഒരു പെൺകുട്ടി കൂടി ഉള്ളതാണ്.
അതുകൊണ്ടുതന്നെ എത്രയും വേഗം എന്റെ വിവാഹം നടത്തി, എന്റെ ജീവിതം സുരക്ഷിതമാക്കാൻ ആണ് അവരൊക്കെ ഉദ്ദേശിക്കുന്നത്.
വിവാഹം വേണ്ടെന്ന് പറയാൻ എനിക്കിപ്പോൾ മതിയായ കാരണങ്ങളുമില്ലല്ലോ. കുറച്ചുനാൾ മുൻപ് വരെയാണെങ്കിൽ ജോലി കിട്ടിയിട്ട് മതി എന്നൊരു കാരണം കൊണ്ടാണ് ഞാൻ വിവാഹം വേണ്ടെന്ന് പറഞ്ഞിരുന്നത്.
പക്ഷേ ഇപ്പോൾ അങ്ങനെയല്ലല്ലോ. എനിക്ക് ജോലി കിട്ടിയിട്ട് ഒരു വർഷത്തിനു മേലെയായി. ഇനി എനിക്ക് ഇതേ കാരണം പറഞ്ഞു പിടിച്ചു നിൽക്കാൻ പറ്റില്ല.എന്തുവേണമെന്ന് റോഷൻ ഒരു തീരുമാനം പറയണം.
നമ്മുടെ കാര്യം എത്രനാൾ മറച്ചു വയ്ക്കും..? എന്നാണെങ്കിലും എല്ലാ കാര്യങ്ങളും എല്ലാവരും അറിയേണ്ടതല്ലേ..? നമുക്ക് ഈ കാര്യങ്ങളൊക്കെ വീട്ടിൽ പറയണ്ടേ..?”
അവൾ അങ്ങനെ ചോദിച്ചപ്പോൾ അവൻ സമ്മതിച്ചു.
” ഞാനും കുറച്ചു നാളായി ഇതേ കാര്യത്തെക്കുറിച്ച് തന്നെയായിരുന്നു ആലോചിക്കുന്നത്. ”
അവൻ അത് പറഞ്ഞപ്പോഴാണ് അവൾക്കും ആശ്വാസമായത്.
അധികം വൈകാതെ റോഷൻ അവന്റെ വീട്ടിൽ കാര്യങ്ങൾ അവതരിപ്പിച്ചു. പ്രതീക്ഷിച്ചത് പോലെ തന്നെ ആദ്യം ഒരു പൊട്ടിത്തെറി ആയിരുന്നു.
അല്ലെങ്കിലും രണ്ടു മ തത്തിൽപ്പെട്ട ആളുകൾ തമ്മിൽ വിവാഹം കഴിക്കണം എന്നു പറയുമ്പോൾ,ആ തീരുമാനത്തെ ഇരുകൈയും നീട്ടി സ്വീകരിക്കുന്ന ആളുകൾ കുറവാണല്ലോ..!
റോഷൻ എത്രയൊക്കെ ശ്രമിച്ചിട്ടും അവന്റെ വീട്ടുകാരെ അവനിലേക്ക് അടുപ്പിക്കാൻ അവനു കഴിഞ്ഞില്ല. അവന്റെ തീരുമാനത്തെ അവർ എതിർക്കുക തന്നെ ചെയ്തു.
തന്റെ വീട്ടുകാരുടെ ഭാഗത്തു നിന്ന് സപ്പോർട്ട് ഉണ്ടാകും എന്ന് പ്രതീക്ഷിച്ച അവന് ലഭിച്ച ആദ്യത്തെ പ്രഹരമായിരുന്നു അത്.
അവളുടെ വീട്ടിൽ വിവരം പറഞ്ഞപ്പോൾ ആദ്യം ഒരു പൊട്ടിത്തെറിയും ബഹളവും ഒക്കെ ഉണ്ടായെങ്കിലും, പിന്നീട് അവളുടെ തീരുമാനത്തോട് ഒപ്പം നിൽക്കാനായിരുന്നു വീട്ടുകാർക്ക് താൽപര്യം..!
റോഷനോ അവളോ തീരെ പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു അത്.
റോഷന്റെ വീട്ടുകാർ എതിർത്തു നിൽക്കുമ്പോഴും വിവാഹം കഴിക്കാൻ അവൾക്ക് താൽപര്യം ഉണ്ടായിരുന്നില്ല.കാരണം വിവാഹം നടക്കുമ്പോൾ രണ്ടു വീട്ടുകാരും ഒപ്പം വേണം എന്ന് അവൾ ഒരുപാട് ആഗ്രഹിച്ചിരുന്നു.
പക്ഷേ എത്രയൊക്കെ ശ്രമിച്ചിട്ടും അവരുടെ തീരുമാനം തങ്ങൾക്കൊപ്പം എത്തുന്നില്ല എന്ന് കണ്ടതോടെ റോഷൻ തന്നെയാണ് അവളെ നിർബന്ധിച്ചു വിവാഹത്തിന് സമ്മതിപ്പിച്ചത്.
അവളുടെ വീട്ടുകാരുടെയും റോഷന്റെയും അവളുടെയും കൂട്ടുകാരുടെയും സാന്നിധ്യത്തിൽ അവർ വിവാഹിതരായി.
ഒരു വീട് വാടകയ്ക്ക് എടുത്ത് ഇരുവരും അവിടേക്ക് താമസം മാറി. സ്വർഗ്ഗം തന്നെയായിരുന്നു അവർക്ക് ആ ജീവിതം.
റോഷന്റെ വീട്ടുകാർ ഇടഞ്ഞു നിൽക്കുന്നു എന്നല്ലാതെ മറ്റൊരു തരത്തിലും അവർക്ക് യാതൊരു വിധ ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നില്ല.
പക്ഷേ പെട്ടെന്ന് ഒരു ദിവസം മുതൽ റോഷന്റെ സ്വഭാവത്തിൽ കാര്യമായ മാറ്റങ്ങൾ വന്നു തുടങ്ങി. അവളെ സ്നേഹം കൊണ്ട് വീർപ്പുമുട്ടിച്ചിരുന്ന റോഷൻ എങ്ങോ അപ്രത്യക്ഷമായി. പരസ്പരം കണ്ടുമുട്ടുന്നെങ്കിൽ വഴക്കും ബഹളവും മാത്രം ആ വീട്ടിൽ ബാക്കിയായി.
ഒരു ചർച്ചയ്ക്ക് എന്ന പോലെയാണ് ഒരിക്കൽ ഈ കടൽതീരത്തേക്ക് വന്നത്. പക്ഷേ ഇവിടെ വന്നപ്പോൾ അവൻ പറഞ്ഞ വാക്കുകൾ അവളെ ഞെട്ടിച്ചു കളഞ്ഞു.
” ഒരു വീടിനുള്ളിൽ പരസ്പരം വഴക്കിട്ടും കുറ്റപ്പെടുത്തിയും നമ്മൾ എത്ര ദിവസം മുന്നോട്ടു പോകും..? നമ്മുടെ രണ്ടാളുടെയും ജീവിതമാണ് അങ്ങനെ തീർന്നു പോകുന്നത്. അതിനേക്കാൾ എത്രയോ നല്ലതാണ് ഇപ്പോൾ നമ്മൾ പിരിയുന്നത്..? ”
അവൻ പറഞ്ഞ വാക്കുകൾ അവൾക്കു വിശ്വസിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. അവൾ കരഞ്ഞും പറഞ്ഞു എത്രയൊക്കെ ശ്രമിച്ചിട്ടും അവന്റെ തീരുമാനത്തിൽ ഒരു മാറ്റവും ഉണ്ടായില്ല.
അവന്റെ നിർബന്ധത്തിന് വഴങ്ങി തന്നെയായിരുന്നു പിരിയാം എന്നൊരു തീരുമാനത്തിലേക്ക് അവർ എത്തിയത്. ആ തീരുമാനമെടുത്തതിന്റെ തൊട്ടടുത്ത ദിവസം അവൻ അവന്റെ വീട്ടിലേക്ക് താമസം മാറിയത് അവൾക്കൊരു ഷോക്കായിരുന്നു.
പിന്നീട് ഒരിക്കൽ അ വൾ അറിഞ്ഞു അവന്റെ അച്ഛന്റെ സുഹൃത്തിന്റെ മകളുമായി അവന്റെ വിവാഹം ആണെന്ന്. അതറിഞ്ഞപ്പോൾ അവൾ വല്ലാതെ തളർന്നു പോയി.
അവരുടെ ഡിവോഴ്‌സിന് ശേഷമാണ് കാര്യങ്ങളുടെ നിജസ്ഥിതി അവൾ അറിഞ്ഞത്. അതും അവന്റെ അടുത്ത സുഹൃത്തിൽ നിന്നും..
ഒരിക്കൽ അവന്റെ അപ്പൻ അവനെ കാണാൻ ചെന്നിരുന്നത്രേ. വീട്ടിലേക്ക് അവൻ എപ്പോൾ മടങ്ങിച്ചെന്നാലും അവനെ സ്വീകരിക്കാൻ അവർ തയ്യാറായിരുന്നു.
പക്ഷേ അവന്റെ ജീ വിതത്തിൽ അവൾക്ക് സ്ഥാനം ഉണ്ടാകാൻ പാടില്ല എന്ന് അയാൾ ഉറപ്പിച്ചു പറഞ്ഞു.
ഇനി അവളെ മാത്രം നോക്കി ജീവിക്കാൻ ആണെങ്കിൽ അവരുടെ സ്വത്ത് വകകൾക്ക് യാതൊരു അവകാശവും ഉണ്ടാകില്ല എന്നുകൂടി പറഞ്ഞപ്പോൾ അവന്റെ മനസ്സിൽ ഒരു ചാഞ്ചാട്ടം ഉണ്ടായി.
അതിന്റെ പരിണിത ഫലമായിരുന്നു വീട്ടിലുണ്ടായിരുന്ന പൊട്ടിത്തെറികളും ബഹളങ്ങളും ഒക്കെ. അവൻ വീട്ടിലേക്ക് മ ടങ്ങിച്ചെന്ന് തൊട്ടടുത്ത ആഴ്ച തന്നെ അപ്പൻ അയാളുടെ സുഹൃത്തിന്റെ മകളുമായി അവന്റെ വിവാഹവും നിശ്ചയിച്ചു.
ഇപ്പോൾ അവൻ വിവാഹം കഴിഞ്ഞ് സുഖമായി ജീവിക്കുന്നുണ്ട്..! എന്നിട്ടും അവനിൽ നിന്നും അവന്റെ ഓർമ്മകളിൽ നിന്നും മോചനം കിട്ടാത്തത് തനിക്ക് മാത്രമാണ്..!
അല്ലെങ്കിൽ പിന്നെ വീട്ടിൽ ഒരു വിവാഹാലോചനയെ കുറിച്ച് പറയുമ്പോൾ ഇത്രത്തോളം പ്രക്ഷുബ്ധമായ ഒരു മനസ്സുമായി ഈ കടൽത്തീരത്തിരിക്കേണ്ട ആവശ്യം ഇല്ലല്ലോ..!
വേദനയോടെ അവൾ ഓർത്തു.
അവിടെ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോഴേക്കും അച്ഛനോട് എന്തു മറുപടി പറയണമെന്ന് അവൾ മനസ്സിൽ ഉറപ്പിച്ചിരുന്നു.