മഴയോർമ്മകൾ
(രചന: സ്നേഹ)
കാലവർഷം കലിതുള്ളി പെയ്യുകയാണ് രണ്ടു ദിവസമായി നിർത്താതെയുള്ള മഴ തുടങ്ങിയിട്ട്… മാനം കറുത്ത് മഴ പെയ്യാൻ തുടങ്ങിയപ്പോൾ പോയതാണ് കരണ്ട്…
ലീന തൻ്റെ മൊബൈൽ എടുത്തു നോക്കി പത്തു ശതമാനം ബാറ്ററിയേയുള്ളൂ .. ഇതും ഇപ്പോ ഓഫ് ആകും.. അടുത്ത പരിസരത്തെങ്ങും കരണ്ടില്ല… വെട്ടവും ഇല്ല വെളിച്ചവുമില്ല…
മഴകെടുതിയിൽ എന്തെങ്കിലും സംഭവിച്ചോ എന്നറിയാൻ പോലും പറ്റില്ലല്ലോ ദൈവമേ… ലീന ഓരോന്ന് ഓർത്തുകൊണ്ട് ബെഡ് റൂമിലേക്ക് നടന്നു…
മക്കൾ രണ്ടു പേരും മഴയെ ഒരാഘോഷമാക്കി മാറ്റിയിരിക്കുകയാണ്… രണ്ടും കൂടി ബെഡിൽ കിടന്ന് കുത്തി മറിയുകയാണ്…
എൻ്റെ മക്കളെ ഒന്ന് അടങ്ങിയിരിക്ക്… സിറ്റിക്ക് പോയ നിങ്ങളുടെ അപ്പനാണെങ്കിൽ ഇതുവരെ വന്നിട്ടില്ല….
അങ്ങേർക്കെന്താ സിറ്റിയിൽ പോയി ഇരുന്നാൽ മതിയല്ലോ.. ഇവിടെ കരണ്ടില്ലങ്കിൽ എന്താ.. ടി വി ഇല്ലങ്കിലെന്താ… അങ്ങേർക്ക് സിറ്റിയിൽ പോയാൽ സകല വാർത്തയും അറിയാൻ പറ്റൂലോ…
എന്നാൽ നമുക്കും സിറ്റിയിൽ പോകാമ്മേ….
ഇനി അതിൻ്റെ കുറവേയുള്ളു… മര്യാദയ്ക്ക് അടങ്ങിയൊതുങ്ങി ഇരുന്നോണം ഞാൻ പോയി അത്താഴത്തിന് കഴിക്കാൻ വല്ലതും ഉണ്ടാക്കട്ടെ…. ലീന അടുക്കളയിലേക്ക് നടന്നു… അടുക്കളയുടെ പല ഭാഗത്തും ചോർന്ന് ഒലിച്ച് അടുക്കള ആകെ നനഞ്ഞു കിടക്കുകയാണ്….
കുറച്ച് ചെറുപയർ എടുത്ത് വെള്ളത്തിലിട്ടതിന്ശേഷം…. കുക്കർ കഴുകി വൃത്തിയാക്കി… ചോറു കലത്തിൻ്റെ മൂടി പൊക്കി നോക്കി… അത്താഴത്തിനുള്ള ചോറിരിപ്പുണ്ട്.. ചോറിൽ അല്പം വെള്ളം ഒഴിച്ച് ഗ്യാസിൽ വെച്ചു …
ചെറുപയർ തോരനും വെച്ച് ഒരു ചമ്മന്തിയും അരയ്ക്കാം.. ചാറു കറിയില്ലങ്കിൽ അങ്ങേർക്ക് ചോറ് ഇറങ്ങില്ല.. കരണ്ടില്ലാതെ എങ്ങനെ ചാറു കറി ഉണ്ടാക്കാനാ…വേണമെങ്കിൽ കഴിച്ചാ മതി.. അങ്ങേർക്കിതു വല്ലതും അറിയണോ…?
ചെറുപയർ കഴുകി കുക്കറിൽ ഇട്ടു കുക്കർ അടച്ച് ഗ്യാസ് കത്തിക്കാൻ ലൈറ്റർ അടിച്ചു കത്തുന്നില്ല വീണ്ടും വീണ്ടും ലൈറ്റർ അടിച്ചു നോക്കി ഗ്യാസ് അടുപ്പ് കത്തുന്നില്ല.. കഞ്ഞികലം വെച്ചിരിക്കുന്ന അടുപ്പിലേക്ക് നോക്കിയപ്പോൾ അതും അണഞ്ഞിരിക്കുന്നു..
യ്യോ ഗ്യാസും തീർന്നോ എൻ്റെ ദൈവമേ ഇനി എന്തു ചെയ്യും … വിറകടുപ്പിൽ തീ കത്തിക്കണമെങ്കിൽ തുള്ളി മണ്ണെണ്ണയില്ല.. അതുമല്ല ഉണങ്ങിയ ഒരു കഷ്ണം വിറകും ഇല്ല അടുപ്പാണെങ്കിൽ ഈർപ്പം കൊണ്ട് തണുത്ത് കിടക്കുന്നു….
ലീന ആത്മഗതം നടത്തി കൊണ്ട് വിറകുപുരയിലേക്ക് നടന്നു…. വിറകുപുരയിൽ അടുക്കി വെച്ചിരിക്കുന്ന വിറകിൽ നിന്ന് ഒന്നെടുത്ത് തറയിൻ ഇട്ടു കോടാലി കൊണ്ട് കീറാൻ തുടങ്ങി…
അങ്ങേര് പോകും മുൻപ് രണ്ടു കക്ഷണം വിറക് കീറിച്ചിടാതിരുന്നത് കഷ്ടമായി പോയി… ഇതും എൻ്റെ തലയിലായി എൻ്റെ വിധി..ഗ്യാസിന് തീരാൻ കണ്ട സമയം..
എന്നെ പറഞ്ഞാൽ മതിയല്ലോ. വിറകടുപ്പ് കത്തിക്കാനുള്ള മടി കാരണം ഗ്യാസ് എപ്പോഴും ഉപയോഗിച്ചിട്ടല്ലേ ഇപ്പോ തീർന്നത് ലീന സ്വയം ശപിച്ചു കൊണ്ട് കീറിയ വിറകും വാരി കൊണ്ട് അടുക്കളയിലേക്ക് നടന്നു…
വിറക്കഷ്ണങ്ങൾ അടുപ്പിൽ അടുക്കി വെച്ച് പഴയ പ്ലാസ്റ്റിക് കവറുകൾ അടുപ്പിനടിയിൽ നിന്നെടുത്ത് വിറകിന് മുകളിൽ വെച്ചിട്ട് തീപ്പെട്ടി എടുത്ത് ഉരച്ച് നോക്കി…കത്തുന്നില്ല..
തീപ്പെട്ടി തണുത്തിരിക്കുന്നു… ശ്ശൊ എന്തൊരു കഷ്ടമാണ് ഇത് ഇനി എപ്പോ തീ കത്തിച്ച് കറി ഉണ്ടാക്കാനാണ്..? ഇനി ഞങ്ങേരുടെ ലാമ്പ് എവിടെയാണോ ഇരിക്കുന്നത്…
ലീന ഹാളിലും ബെഡ് റൂമിലും നോക്കി അവസാനം ഒരു ലാമ്പ് കിട്ടി അതുമായി വന്ന് അടുപ്പിൽ തീ കത്തു പിടിപ്പിച്ചു… ഗ്യാസ് അടുപ്പിൽ നിന് കഞ്ഞി കലം എടുത്ത് അടുപ്പിൽ വെച്ചു….
ഒരു ഗ്ലാസ്സ് കട്ടൻ കുടിച്ചാൽ കൊള്ളാമെന്നുണ്ട് …. വേണ്ട ചോറും കറിയും ഉണ്ടാക്കി ഇനി അതു കഴിച്ചാ മതി… കുഴലെടുത്ത് അടുപ്പിൽ ഊതി കൊണ്ട് ലീന അടുപ്പിനരികിൽ തന്നെ നിന്നു….
എടി.. ലീനേ…. എടി….
അങ്ങേരു വന്നെന്നു തോന്നുന്നു… ഇനി ഇപ്പോ തന്നെ അങ്ങേർക്ക് കട്ടൻ വേണം… എന്താ … എന്തിനാ കാറി കൂവുന്നത് എന്ന് ചോദിച്ചു കൊണ്ട് ലീന മുൻ വശത്തേക്ക് ചെന്നു.. എടി ലീനേ നീയൊരു തോർത്തെടുത്തേ…
ഉടുത്തിരുന്ന നനഞ്ഞ മണ്ടുയർത്തി തല തുടച്ചു കൊണ്ട് ജോസ് പറഞ്ഞു… ആകെ നനഞ്ഞു കുളിച്ചു നിൽക്കുന്ന ജോസിൻ്റെ കാലു മുഴുവൻ ചെളിയിൽ പൊതിഞ്ഞിരിക്കുകയാണ്… അതു കണ്ട് ലീനയ്ക്ക് ദേഷ്യം വന്നു..
ഇത് എന്തൊരു കോലമാണ് മനുഷ്യ… നിങ്ങളെന്താ ഈ പെരുമഴയത്ത് കിളയ്ക്കാൻ പോയോ ..? രാവിലെ പോയതാണല്ലോ …? ഈ നേരം വരെ എവിടെയായിരുന്നു നിങ്ങൾ ..?ആദ്യം നിങ്ങൾ പോയി കുളിച്ചു വാ..
നീയൊരു തോർത്തെടുത്തു താ ആദ്യം ഞാനൊന്ന് കുളിക്കട്ടെ.. എന്നിട്ട് പറയാം ഞാനെവിടാ പോയതെന്ന്…
കുളിക്കുന്ന സമയം കൊണ്ട് ആയിരം കള്ളം കണ്ടു പിടിക്കാലോ…. തോർത്തു പിറകുവശത്തെ ചാർത്തിലുണ്ട് പോയി എടുത്തോ… എനിക്ക് അടുക്കളയിൽ നൂറു കൂട്ടം പണിയുണ്ട്…
ഞാനെടുത്തോളാം തോർത്ത്… ഞാൻ കുളിച്ചു വരുമ്പോഴെക്കും നീ നല്ലൊരു കട്ടനിട്…. നേരം വെളുത്തിട്ട് ഈ സമയം വരെ ഒന്നും കഴിച്ചിട്ടില്ല..
കട്ടൻ.. ഗ്യാസ് തീർന്നു.. കട്ടൻ കുടിക്കണ്ട.. ഞാൻ വിറകടുപ്പിൽ തീ കത്തിച്ചിട്ടുണ്ട് കറി വെച്ചിട്ട് കഞ്ഞി കുടിക്കാം..
ജോസ് ഒന്നും മിണ്ടാതെ പിന്നാമ്പുറത്തേക്ക് നടന്ന് ബാത്ത് റൂമിലേക്ക് കയറി….. ഇന്നത്തെ മഴ പോലെ ഒരു മഴ ജീവിതത്തിൽ ഇതുവരെ കണ്ടിട്ടില്ല..
രാവിലെ വീട്ടിൽ വെറുതെ ഇരുന്ന് മടുത്തപ്പോളാണ് സിറ്റിക്ക് ഇറങ്ങിയത്… ദാസേട്ടൻ്റെ ചായകടയിലിരുന്ന് ചൂടു ചായ മോന്തി കുടിച്ചു കൊണ്ടിരുന്നപ്പോഴാണ് ആ ദുരന്ത വാർത്തയുമായി റഹിം ഓടി വന്നത്…
രണ്ടു കിലോമീറ്റർ അപ്പുറത്ത് ഉരുൾപൊട്ടിയിരിക്കുന്നു ആ പ്രദേശത്തെ മൂന്നു വീടുകളെ മലവെള്ളം കൊണ്ടുപോയി എന്ന് .കേട്ടപാതി കുടിച്ചു കൊണ്ടിരുന്ന ചായ ഗ്ലാസ്സ് മേശ പുറത്ത് വെച്ചിട്ട് കടയിൽ നിന്നിറങ്ങി..
അവിടുന്നും ഇവിടുന്നുമായി കുറെ പേർ ദാസേട്ടൻ്റെ കൂടെ മുന്നിൽകൂട്ടം കൂടി അവർക്കൊപ്പം അപകടസ്ഥലത്തേക്ക് പോകാനൊരുങ്ങി.. ഒരു ഓട്ടോ വിളിച്ചു പോകാന്നു വെച്ചപ്പോൾ സിറ്റിയിൽ ഓട്ടോ സ്റ്റാൻഡിൽ ഒരു ഓട്ടോ പോലും ഇല്ല..
അത്യാവശ്യത്തിന് നോക്കുമ്പോൾ ഒരു ഓട്ടോ പോലും കാണില്ല… കൂട്ടത്തിൽ ആരോ പറഞ്ഞു…
മണ്ണിടിഞ്ഞ് വഴിയെല്ലാം ബ്ലോക്കാണ് അതായിരിക്കും ഓട്ടോ ഇല്ലാത്തത് വാ നമുക്ക് നടക്കാം.. എന്നും പറഞ്ഞ് റഹിം നടക്കാൻ തുടങ്ങി പിന്നാലെ ഞങ്ങളും… അവിടെ ചെന്നപ്പോൾ ഹൃദയഭേദകമായ കാഴ്ചയ്ക്ക് കണ്ടത്…
പലപ്പോഴും ബസിനും പോകുമ്പോൾ കാണാറുള്ള രണ്ടു വീടുകൾ ഇരുന്ന സ്ഥാനം ഇന്ന് ശൂന്യമാണ്… രക്ഷാപ്രവർത്തകർക്കൊപ്പം രക്ഷാപ്രവർത്തനത്തിനിറങ്ങി.. ഒരാളെയെങ്കിലും ജീവനോടെ കിട്ടണേ എന്ന പ്രാർത്ഥനയോടെ കുഴഞ്ഞ ചെളിയിലേക്കിറങ്ങി…
ഒരു വീട്ടിലെ അഞ്ചു പേരും മറ്റൊരു വീട്ടിലെ നാലുപേരും ഉണ്ടായിരുന്നു എന്ന് നാട്ടുകാർ പറയുന്നുണ്ട്…. ഏറെ നേരത്തെ തിരച്ചിലിനൊടുവിൽ ഒരു വൃദ്ധമതാവിൻ്റേയും ഒരു കുട്ടിയുടേയും ജീവനറ്റ ശരീരം മണ്ണിനടിയിൽ നിന്ന് കണ്ടെത്തി…
നിർത്താതെയുള്ള മഴയും മണ്ണിടിച്ചിലും രക്ഷാപ്രവർത്തനത്തെ തടസ്സപ്പെടുത്തി… പോലീസും ഫയർഫോഴ്സും നേവിക്കാരും രക്ഷാപ്രവർത്തനം തുടരുന്നത് കണ്ടിട്ടാണ് അവിടെ നിന്നു പോന്നത്…
ഇനിയും വൈകിയാൽ ലീനയും മക്കളും ഭയപ്പെട്ടാലോ എന്നോർത്താണ് പോന്നത്…. മണ്ണിനടിയിൽ നിന്ന് കിട്ടിയ ജീവനറ്റ ആ കുട്ടിയെ കണ്ടപ്പോ മുതൽ നെഞ്ചിനുള്ളിലൊരു പിടപ്പ്…മക്കളെ കാണണം എന്നൊരു തോന്നൽ…
ഓരോന്നോർത്ത് ജോസ് കുളി കഴിഞ്ഞിറങ്ങി… അയയിൽ കിടന്നലുങ്കി എടുത്തുടത്തു.. ബെഡ് റൂമിലേക്ക് ചെല്ലുമ്പോൾ മക്കൾ രണ്ടു പേരും കൂടി ബെഡിൽ ഇരുന്ന് വിരലുകൾ മടക്കി കുടഞ്ഞ് എന്തോ കളിക്കുകയാണ്…
അവരെ കണ്ടതും മനസ്സിനൊരു തണുപ്പ് അനുഭവപ്പെട്ടു… ജോസ് ബെഡിലേക്കിരുന്നു… പപ്പാ എപ്പോ വന്നു..? പപ്പ എന്താ ഇത്രയും താമസിച്ചത്..? രണ്ടു പേരും ജോസിനെ വന്നുകെട്ടി പിടിച്ചു കൊണ്ട് ചോദിച്ചു…
മഴ ആയിരുന്നല്ലോ പപ്പേടെ കൈയിൽ കുടയില്ലായിരുന്നു….
പപ്പ കൂടുന്നോ ഞങ്ങളുടെ കൂടെ കളിക്കാൻ
മക്കളു കളിച്ചോട്ടോ പപ്പക്ക് ഒരു കട്ടൻ കിട്ടുമോന്ന് നോക്കട്ടെ… ജോസ് എഴുന്നേറ്റ് അടുക്കളയിലേക്ക് നടന്നു..
ലീനേ……
എന്താ…
നീ കട്ടൻഎടുത്തോ..?
ഇല്ല ഗ്യാസ് തീർന്നു പോയി.. വിറകടുപ്പ് കത്തിക്കാൻ ഉണങ്ങിയ വിറകും ഇല്ല കഞ്ഞി ചൂടാക്കണം കറി ഉണ്ടാക്കണം അതിനിടയിൽ കട്ടൻ ..
തീ ഊതി ഞാൻ മടുത്തു… ഇനി കട്ടൻ വേണോന്നുണ്ടങ്കിൽ കട്ടനിട്ടു കുടിച്ചോ.. ഈ നേരം വരെ നിങ്ങൾ എവിടെ പോയിരിക്കുകയായിരുന്നു.. പോയിടത്തൂന്ന് കട്ടനൊന്നും കിട്ടിയില്ലേ…
ജോസ് ഒന്നും മിണ്ടാതെ അടുക്കളയിൽ നിന്ന് പുറത്തേക്കിറങ്ങി… ഹാളിൽ കിടന്ന കസേരയിലേക്കിരുന്നു
ഇതെന്തു പറ്റി ഇങ്ങേർക്ക് സാധാരണ പൊട്ടിതെറിക്കേണ്ടതാണല്ലോ…
ലീന കഞ്ഞി ചൂടാക്കി വാങ്ങി വെച്ചതിന് ശേഷം ചായക്കുള്ള വെള്ളം വെച്ചു… ചായ തിളപ്പിച്ച് രണ്ടു ഗ്ലാസ്സിലേക്ക് പകർന്ന് പഞ്ചസാരയിട്ട് ഇളക്കി രണ്ടു ഗ്ലാസ്സ് ചായയുമായി ഹാളിലേക്ക് ചെന്നു… ജോസ് കസേരയിലേക്ക് ചാരി കണ്ണുകളടച്ച് കിടക്കുകയാണ്..
ഇച്ചായാ… ഇന്നെന്താ പതിവില്ലാത്തൊരു കിടപ്പ് പനിക്കുന്നുണ്ടോ..? ചായ ഗ്ലാസ്സ് ടീപ്പോയിലേക്ക് വെച്ചിട്ട് ജോസിൻ്റെ നെറ്റിയിൽ കൈത്തലം വെച്ചു കൊണ്ട് ചോദിച്ചു…
നല്ല തലവേദന ..
ദാ ഈ ചായ കുടിക്ക് തലവേദന മാറിക്കോളും.. ലീന ചായ എടുത്ത് ജോസിൻ്റെ കൈയിൽ കൊടുത്തു…ലീനേ നീയും ഇവിടെ ഇരിക്ക്.. ലീനയുടെ കൈയിൽ പിടിച്ച് ജോസ് തൻ്റെ അരികിൽ കിടന്ന കസേരയിലേക്കിരുത്തി….
എന്താ ഇച്ചായാ ഇച്ചായന് എന്താ പറ്റിയത്.. ആകെയൊരു മൂഡ് ഓഫ് ആണല്ലോ..
എന്തൊരു മഴയാ അല്ലേ…ഇന്നത്തെ ഈ മഴയിൽ എത്ര പേരുടെ ജീവനാ കൊഴിഞ്ഞതെന്ന് നിനക്കറിയോ?..
ഞാനെങ്ങനെ അറിയാനാ ഇച്ചായാ ടിവി ഇല്ല ഫോണിൽ ചാർജും ഇല്ല.. ഇന്നത്തെ ഈ മഴ കാരണം പുറത്തേക്കിറങ്ങിയിട്ടില്ല…
ജോസേ… ജോസേ…
ആരോ വിളിക്കുന്നുണ്ടല്ലോ… നീ ആ ടോർച്ച് എടുത്തേ…
ജോസേ.. ജോസേ ഇതു ഞാനാ സന്തോഷാ
എന്താ സന്തോഷേ…
നമ്മുടെ അലിക്കാടെ വീടിനു മുകളിലേക്ക് മരം മറിഞ്ഞു വീണു വാ നമുക്ക് അവിടം വരെ പോകാം… ഫയർഫോഴ്സിനെ വിളിച്ചു പറയാൻ ആരുടെയും ഫോണിൽ ചാർജില്ല… പറഞ്ഞിട്ടും കാര്യം ഇല്ല വഴിയെല്ലാം ബ്ലോക്കാണ്
ലീന ടോർച്ചുമായി വന്നു
ആരാ ഇച്ചായാ ആരാ വന്നത്…
അതു നമ്മുടെ സന്തോഷ് ആണ് നമ്മുടെ അലീക്കാടെ വീട്ടിലേക്ക് മരം മറിഞ്ഞു വീണെന്ന് സംസാരിച്ചു നിൽക്കാൻ സമയം ഇല്ല… നീയും മക്കളും ഭക്ഷണം കഴിച്ച് കിടന്നോ…
അയ്യോ എന്നിട്ട് എന്താ പറ്റിയത്.. ഞാനും വരുകയാണ്
വേണ്ട മക്കൾ ഇവിടെ ഒറ്റക്കാണ് ഞാൻ പോയിട്ട് വരാം…
ഇച്ചായാ വീടുപോയെങ്കിൽ പൊയ്ക്കോട്ടേന്ന് പറ അവരെ ഇങ്ങോട്ട് ക്കൂട്ടികൊണ്ടു വാ…
ഞാൻ പോയി നോക്കട്ടേ…
ജോസും സന്തോഷും പോകുന്നതും നോക്കി ലീന ഒരു നിമിഷം നിന്നു.. തിരിഞ്ഞു ഈശോടെ ക്രൂശിത രൂപത്തിലേക്ക് നോക്കി പ്രാർത്ഥിച്ചു.. ഈശോയെ ആർക്കും ആപത്തൊന്നും വരുത്തരുതേ..
ജോസും സന്തോഷും ചെല്ലുമ്പോൾ അലീക്കായും ജാസ്മി ഇത്തയും മക്കളും പുറത്തിരുന്ന് കരയുന്നുണ്ട്..
ഹാവു സമാധാനം ആളപായമൊന്നും ഇല്ല.. സന്തോഷും ജോസും മുഖത്തോടു മുഖം നോക്കി പറഞ്ഞു.. രണ്ടു പേരുടെയും മുഖം ആശ്വാസത്താൽ വിടർന്നു..
വീടിൻ്റെ ഒരു ഭാഗം പൂർണ്ണമായും തകർന്നു… എപ്പോ വേണേലും നിലംപൊത്താം എന്ന മട്ടിലാണ് ബാക്കി ഭാഗം…
ജോസ് അലിക്കായുടെ അടുത്തെത്തി ആ തോളിൽ തട്ടി ആശ്വസിപ്പിച്ചു… ആപത്തൊന്നും ഉണ്ടായില്ലാലോ അലീക്ക..
അതെ ജോസേ മരം മുറിഞ്ഞ് വീഴുന്ന ശബ്ദം കേട്ടതും ഞാൻ അലറി വിളിച്ച് ഇവരേയും കൂട്ടി പുറത്തേക്കോടിയതുകൊണ്ട് രക്ഷപ്പെട്ടു.. തലനാരിഴയ്ക്കാണ് ജോസേ ഞങ്ങൾ രക്ഷപ്പെട്ടത്…
രക്ഷപ്പെട്ടല്ലോ….. വാ നമുക്ക് വീട്ടിലേക്ക് പോകാം.. ഈ മഴയത്ത് ഇവിടെ നിന്ന് നനയണ്ട …
ജോസേ എൻ്റെ വീട്…
സങ്കടമുണ്ട് അലീക്ക എന്നാൽ എനിക്കിപ്പോ സന്തോഷമാണ് തോന്നുന്നത് കാരണം നിങ്ങൾക്ക് ആപത്തൊന്നും വന്നില്ലാലോ.. വീട് ഇനിയും പണിയാം..പക്ഷേ നിങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിലോ… വാ നമുക്ക് പോകാം എൻ്റെ വീട്ടിലേക്ക്
ജോസേ എനിക്കു അത്യാവശ്യം കുറച്ച് സാധനങ്ങൾ എടുക്കാനുണ്ട് ആധാറും മറ്റ് സർടിഫിക്കറ്റുകൾ പിന്നെ കുറച്ച് പൈസയും സ്വർണ്ണവും ഉണ്ട്…
അലീക്ക് മഴ പെയ്തു കൊണ്ടിരിക്കുകയാണ്.. എപ്പോ വേണമെങ്കിലും ബാക്കി ഭാഗം നിലംപൊത്താം.. അതുമല്ല വെട്ടവും വെളിച്ചവുംഇല്ല…ഈ ഇരുട്ടിൽ എവിടെ തപ്പാനാണ് .. നേരം വെളുക്കട്ടെ നമുക്ക് നോക്കി എടുക്കാം
അതെ വാപ്പിച്ചി നമുക്ക് പോകാം നഷ്ടപെട്ടതൊക്കെ പോകട്ടെ നമ്മുടെ ജീവൻ തിരിച്ചു കിട്ടിയില്ലേ.. അലീക്കയുടെ മോൾ കരച്ചിലോടെ പറഞ്ഞു
‘
ഉം നമുക്ക് പോകാം… അലീക്കയേയും കുടുംബത്തേയും കുട്ടി ജോസ് വീട്ടിലേക്ക് നടന്നു….
ലീന എല്ലാവർക്കും കട്ടൻ ചായ തിളപ്പിച്ചുകൊടുത്തു..
നിങ്ങൾ ഭക്ഷണം കഴിച്ചായിരുന്നോ …
ഭക്ഷണം ഒന്നും വേണ്ട ലീന..
ലീന കഞ്ഞിയും പയറുതോരനും എല്ലാവർക്കും വിളമ്പി.. എല്ലാവരും ഭക്ഷണം കഴിച്ചു.. ലീന എല്ലാവർക്കും കിടക്കാനുള്ള സൗകര്യം ഒരുക്കി കൊടുത്തു.. ചെറിയ ഒരു ഹാളും രണ്ട് ബെഡ് റൂം ഒരു അടുക്കളയുമുള്ള ചെറിയ ഒരു വീടാണ് ജോസിൻ്റേത് ‘….
ജോസേ എന്നാൽ ഞാനങ്ങു പോകട്ടേ.. സന്തോഷ് യാത്ര പറഞ്ഞിറങ്ങി തൊട്ടയൽപക്കത്താണ് സന്തോഷും കുടുംബവും താമസിക്കുന്നത്… ജോസിൻ്റെ വീടിൻ്റെ അടുത്തു തന്നെയാണ് അലീക്കയും താമസിക്കുന്നത്..
മൂന്നു വീടുകൾ തമ്മിൽ അധികം അകലമില്ല.. ഈ മൂന്നു വീടുകൾ മാത്രമാണ് ആ പ്രദേശത്തുണ്ടായിരുന്നത്… ജാതിയുടെയോ മതത്തിൻ്റെയോ അതിർവരമ്പുകൾ ഇല്ലാതെ ഒരു കുടുംബം പോലെയാണ് മൂന്നു വീട്ടുകാരും ജീവിക്കുന്നത്…
സന്തോഷേ ഞാൻ കൊണ്ടുപോയി വിടാം..
വേണ്ട ജോസേ ഞാനങ്ങോട്ട് പൊയ്ക്കോളാം..
ഈ മഴയത്ത് നീ ഒറ്റക്ക് പോകണ്ട…
ജോസും സന്തോഷും ചെല്ലുമ്പോൾ സന്തോഷിൻ്റെ ഭാര്യയും മക്കളും പുറത്തിറങ്ങി കുടയും ചൂടി നിൽക്കുകയാണ്…
നിങ്ങളെന്താ ഇവിടെ ഇറങ്ങി നിൽക്കുന്നത്….
അച്ഛാ വീടിൻ്റെ പിന്നിലെ തിട്ട് ഇടിഞ്ഞു.. ഭിത്തിയിൽ വിള്ളൽ വന്നു .. മണ്ണിടിഞ്ഞു കൊണ്ടിരിക്കുകയാണ് പേടിച്ചിട്ടാണ് ഞങ്ങളിറങ്ങി ഇവിടെ നിന്നത്…
സന്തോഷ് ജോസിനെയും കൂട്ടി വീടിൻ്റെ പിന്നിലേക്കു ചെന്നു
മക്കൾ പറഞ്ഞതു സത്യമാണ് മണ്ണിടിഞ്ഞു കൊണ്ടിരിക്കുകയാണ്.. വിശ്വസിച്ച് വീട്ടിൽ കിടന്ന് ഉറങ്ങാൻ പറ്റില്ല…
സന്തോഷേ നീ എന്തെങ്കിലും എടുക്കാൻ ഉണ്ടെങ്കിൽ വേഗം എടുത്തോണ്ട് ഇറങ്ങ് നമുക്ക് വീട്ടിലേക്ക് പോകാം.. അത്യാവശ്യം ഉള്ളതുമാത്രം എടുത്താൽ മതി…
ഞങ്ങളും കൂടി വന്നാൽ അവിടെ സ്ഥലം ഉണ്ടോ ജോസേ..?
ഒരുമയുണ്ടേൽ ഉലക്ക മേലും കിടക്കാം എന്ന് പഴമക്കാർ പറയുന്നത് കേട്ടിട്ടില്ലേ… നീ മക്കളേയും കൂട്ടി ഇറങ്ങാൻ നോക്ക്…
സന്തോഷും കുടുംബവും കൂടി ജോസിൻ്റെ വീട്ടിലേക്കു വന്നു…
ലീന സന്തോഷത്തോടു കൂടി തന്നെ അവരേയും സ്വീകരിച്ചു. അവർക്ക് കിടക്കാനുള്ള സൗകര്യവും ആ കൊച്ചു വീട്ടിൽ ഒരുക്കി…
മണ്ണിടിച്ചിലും മഴയും കാരണം.. ആ പ്രദേശത്തു ക്യാമ്പുകൾ തുറന്നു… അപ്പോഴും ആ മൂന്നു കുടുംബങ്ങളും ഒരു കൂരയ്ക്ക് കീഴിൽ ദിവസങ്ങൾ സന്തോഷത്തോടെ കഴിഞ്ഞു. ഗ്യാസ് ഇല്ലങ്കിലും ലീന യാതൊരു പരാതിയും പരിഭവവും ഇല്ലാതെ അവരെ സത്കരിച്ചു…..
അലീക്കായുടെ വീട് പൊളിച്ചുമാറ്റാനും മറ്റൊരു ഷെഡ് ഉണ്ടാക്കാനും ആ നാട്ടുകാർ എല്ലാവരും സഹകരിച്ചു… സന്തോഷിൻ്റെ വീടിൻ്റെ പിന്നിലെ മണ്ണ് മാറ്റാനും എല്ലാവരും സഹകരിച്ചു….
രണ്ടു ദിവസം കൂടി ‘മഴ നീണ്ടുനിന്നു പലയിടത്തും മഴവെള്ളപായ്ച്ചിലും വെള്ളപൊക്കവും ഉണ്ടായി.. എല്ലായിടത്തും സഹായമായി ജോസും സന്തോഷും ഓടിനടന്നു
ദിവസങ്ങൾ കഴിഞ്ഞു മഴ മാറിമാനം തെളിഞ്ഞു കരണ്ടും വന്നു…. ഫേസ്ബുക്കിലെ പല ഓൺലൈൻ വാർത്ത ചാനലുകളിലൂടെ രക്ഷാപ്രവർത്തനവും ആയി ഓടി നടക്കുന്നജോസിനെ കണ്ടു..
മണ്ണിനടിയിൽ നിന്ന് സാരമായ പരുക്കുകളോടെ ഒരു കുട്ടിയെ രക്ഷിക്കുന്ന ജോസിനെ കണ്ട് ലീനയുടെ കണ്ണുകൾ നീർകണങ്ങൾ വന്നു മൂടി കണ്ടു കൊണ്ടിരുന്ന കാഴ്ചയെ മറച്ചു