വീട്ടില്‍ ഉണ്ടാകുന്നതും അമ്മായിയമ്മപ്പോരും കുറച്ചൊക്കെ പെങ്ങന്മാരോട് സൂചിപ്പിച്ചു, അതൊക്കെ അങ്ങനെയാണെന്നെ..

മല മുത്തിക്ക് ഒരു മുത്തം
(രചന: Vipin PG)

ഇരുട്ടടഞ്ഞപ്പോള്‍ പ്രതീക്ഷിക്കാതെ വന്ന കോട മഞ്ഞും നീതയെ അസ്വസ്ഥമാക്കിയില്ല. അവള്‍ അതും ആസ്വദിച്ചു.എ അവള്‍ക്ക് മൂക്കടപ്പ് വന്നില്ല,, അവള്‍ തുമ്മിയില്ല. അവള്‍ കോട്ടേഴ്സ് ന്റെ പുറത്തിറങ്ങി.

മൂന്നു വര്‍ഷമാണ്‌ അവള്‍ ശ്വാസം വിടാതെ ജീവിച്ചത്. കുറച്ചു മാറി ഒരു മല കയറിയാല്‍ ഒരു മുത്തിയുണ്ട്. ആ മുത്തിയെ കാണാന്‍ വന്നതാണ്‌ നീത. എന്നോ എവിടെയോ ഒരു ഫേസ് ബുക്ക് പോസ്റ്റില്‍ വായിച്ചതാണ്.

അതും തേടി ഇവിടെയെത്തി. ഇന്നിനി രാത്രി പോകേണ്ട എന്ന് കരുതി. രാത്രി കോട മഞ്ഞ് കൂടാന്‍ സാധ്യതയുണ്ട്. ഒരു പരിധിക്കപ്പുറം തണുപ്പ് പ്രശ്നമാണ്. പണിയാകും

പിറ്റേന്ന് വെളുപ്പിനെ എഴുന്നേറ്റ് മല കയറി ആലിന്‍ ചുവട്ടില്‍ പ്രതിഷ്ടിച്ചിരിക്കുന്ന മുത്തിയുടെ അടുത്തെത്തി. അവള്‍ കൈ കൂപ്പി നിന്ന് പ്രാര്‍ത്ഥിച്ചു.

തിരികെ കിട്ടിയ ജീവിതമാണ്. അതിനി നന്നായി കൊണ്ട് പോകണം. ഇപ്പൊ ചുറ്റിലും ആരുമില്ല,, അച്ഛന്‍ ഇല്ല,, അമ്മയില്ല,, ആരുമില്ല. സ്വസ്ഥം സമാധാനം. വൈകാതെ ഡിവോഴ്സ് കിട്ടും. അതുംകൂടി ആയാല്‍ സമാധാനം.

ഏഴു വര്‍ഷം മുന്നേയാണ്‌ നീതയുടെ കല്യാണം കഴിഞ്ഞത്. തീര്‍ത്തും നിശ്ചയിച്ച് ഉറപ്പിച്ച കല്യാണം. നീതയുടെ അച്ഛനാണ് എല്ലാം തീരുമാനിച്ചതും ഉറപ്പിച്ചതും.

ഡിഗ്രി ഫൈനല്‍ പഠിക്കുമ്പോള്‍ ഒരു ദിവസം ക്ലാസ് കഴിഞ്ഞു വന്ന സമയത്ത് അമ്മേ ചായ എന്ന് ഉറക്കെ നില വിളിക്കാന്‍ നോക്കുമ്പോഴാണ് ഹാളില്‍ രണ്ടു പേര്‍ ഇരിക്കുന്നത് കാണുന്നത്.

നീ പോയി വേഗം ഡ്രസ്സ്‌ മാറി വാ എന്ന് പറഞ്ഞ് അമ്മ പിടിച്ചു വലിച്ചു കൊണ്ട് പോയി. അവിടുന്ന് ഓരോ അഞ്ചു മിനിറ്റിലും റൂമിന്റെ അടുത്ത് വന്ന് അച്ഛന്റെ അലര്‍ച്ച.

ആരാ വന്നെ എന്തിനാ വന്നെ എന്ന് ചോദിച്ചപ്പോള്‍ അവളെ പെണ്ണ് കാണാന്‍ ആണെന്ന്. ഇതെന്താ സിനിമയോ,, പെണ്ണ് പോലും അറിയാതെ,, പെണ്ണിനോട് ചോദിക്കാതെ പെണ്ണ് കാണല്‍.

അച്ഛന്‍ അറക്കവാള്‍ എടുക്കും എന്നുറപ്പുള്ളത് കൊണ്ട് ഒന്നും മിണ്ടാതെ ഒരുങ്ങിക്കെട്ടി നിന്നു. എനിക്ക് മനസ്സിലാവാത്തത് അമ്മ എന്ത് കണ്ടിട്ടാണെന്നാണ്‌.

ഇവരൊക്കെ ഏത് നൂറ്റാണ്ടിലാണ് ജീവിക്കുന്നത്. മനസ്സില്ലാ മനസ്സോടെയാണ് ഞാന്‍ ചെന്നു നിന്നത് എന്ന് കാണാന്‍ വന്നവര്‍ക്ക് മനസ്സിലായി. എന്നിട്ടും ഒന്ന് സംസാരിക്കുക പോലും വേണ്ടെന്ന് പറഞ്ഞ് അവര് പോയി.

അങ്ങനെ പറഞ്ഞപ്പോള്‍ അത് ഒഴിവായി പോയതാകുമെന്ന് കരുതി സമാധാനിച്ചപ്പോള്‍ പിറ്റേന്ന് ഇതാ അടുത്ത കൂട്ടര്‍. ചെക്കന്റെ പെങ്ങന്മാര്‍. ആദ്യം കണ്ടവര്‍ക്ക് ബോധിച്ചു. ഇവര്‍ക്കും കൂടി ബോധിച്ചാല്‍ കല്യാണം.

പിന്നീട് അങ്ങോട്ട്‌ ഓരോ നിമിഷവും നിസ്സഹായതയുടെത് ആയിരുന്നു. വന്ന രണ്ടു പെങ്ങന്മാര്‍ക്കും നീതയെ ബോധിച്ചു. അവര് അവളുടെ സൌന്ദര്യത്തെ പറ്റി ആവോളം സംസാരിച്ചു.

അവിടെ സുഖമാണ്,, നല്ലതാണ്,, അതാണ്‌ ഇതാണ് എന്നൊക്കെ വാ തോരാതെ അമ്മയും സംസാരിച്ചു കൊണ്ടിരുന്നു. ഒരാള്‍ പോലും ഒരു തവണ പോലും മോളെ നിനക്ക് ഓക്കേ ആണോ എന്ന് ചോദിച്ചില്ല.

അരവിന്ദ്,, അതാണ്‌ പേര്. ഭാഗ്യം,, അതെങ്കിലും അറിയാന്‍ പറ്റി. ആള് അങ്ങനെ ഫോണ്‍ വിളിയൊന്നുമില്ല. മൊത്തത്തില്‍ തല പെരുത്തിരിക്കുമ്പോള്‍ അച്ഛന്‍ കല്യാണത്തിന്റെ മുഹൂര്‍ത്തം കുറിച്ച് വന്നിരിക്കുന്നു. അതുകൂടിയായപ്പോള്‍ നില വിട്ടു പോയി.

അമ്മയുടെ അടുത്ത് ചെന്ന് നീത ചോദിച്ചു
“ അമ്മേ,, ഇത്രയും ബാധ്യത ആകുന്നെങ്കില്‍ അമ്മ എന്തിനാ പ്രസവിക്കാന്‍ നിന്നത്”
“ നീയെന്താ അങ്ങനെ ചോദിച്ചേ”

“എല്ലാ കാര്യങ്ങളും നിങ്ങള്‍ തന്നെ തീരുമാനിച്ചു നടത്തുമ്പോള്‍ സ്വാഭാവികമായും ഞാന്‍ ചോദിക്കണമല്ലോ”

“ ഡീ,, നിനക്ക് അങ്ങനൊക്കെ തോന്നും. നിന്റെ പ്രായം അതാ. എന്റെ കല്യാണത്തിന്റെ അന്നാണ് നിന്റെ അച്ഛനെ രൂപം ഞാന്‍ ശരിക്കും കണ്ടത്. ആ ഗതികേട് എന്റെ മോള്‍ക്ക് വന്നിട്ടില്ലല്ലോ”

“ അപ്പൊ ആ ഗതികേടിന്റെ പാതിയെങ്കിലും സ്വന്തം മോളും അനുഭവിക്കണം എന്നാണ് അമ്മ പറഞ്ഞ് വരുന്നത്”

“ നിന്നോട് തര്‍ക്കിച്ചു ജയിക്കാന്‍ പറ്റില്ല. എന്നോട് പറഞ്ഞത് പറഞ്ഞു. അച്ഛനോട് ഇങ്ങനെ പറഞ്ഞാല്‍ നിന്റെ ചെവിക്കല്ല് അടിച്ചു പൊട്ടിക്കും”

“ അപ്പൊ അമ്മയ്ക്ക് രണ്ടു ചെവിക്കല്ലും ഇല്ലെന്ന് സാരം,, ല്ലേ അമ്മെ”
ആ പറഞ്ഞതിന് നീതയുടെ അമ്മ ദേവകി ഒന്നും മിണ്ടിയില്ല. അതിനു ശേഷം ദേവകി ആരോടും കുറച്ചു നേരം മിണ്ടിയില്ല. അത് കുറെ നേരത്തേയ്ക്കുള്ള നിശബ്ദതയായി മാറി.

നീതയല്ല,, ആര് പറയുന്നതും ദേവകി കേട്ടില്ല. ആ നിശബ്ദത അവസാനിച്ചത് നീത പറഞ്ഞത് പോലെ സംഭവിച്ചു കൊണ്ടായിരുന്നു. ദേവകിയുടെ ചെകിട്ടത്ത് നീതയുടെ അച്ഛന്റെ കൈ വീണു.

“ നീ ഞാന്‍ പറയുന്നത് കേള്‍ക്കുന്നില്ലേ,, അതോ കേട്ടിട്ടും മിണ്ടാതിരിക്കുവാണോ”
അടിയുടെ ആഘാതം ദേവകി ഇപ്പൊ പഴയത് പോലെ അറിയാറില്ല.

ഒന്നോ രണ്ടോ നിമിഷത്തിനു ശേഷം ദേവകി പഴയത് പോലെയായി. കാര്യം പറയാന്‍ പറഞ്ഞ് ദേവകി കാര്യത്തിലേയ്ക്ക് കടന്നു.

ദേവകിയെ വീണ്ടും ആ അവസ്ഥയിലേയ്ക്ക് വിടാന്‍ നീതയ്ക്ക് തോന്നിയില്ല. വരുന്നത് വരുന്നിടത്ത് വച്ച് കാണാന്‍ അവളും തയ്യാറായി. അങ്ങനെ ആ കല്യാണം നടന്നു. ഗംഭീരമായി തന്നെ നടന്നു.

അടുത്ത ഘട്ടം ചെക്കന്‍ വീട്ടിലാണ്. അരവിന്ദ് അവളുടെ അച്ഛനേക്കാള്‍ ഒരുപടി മുകളില്‍ നിന്നു. നീത ദേവകിയെ പോലെയാകാന്‍ ശ്രമിച്ചു. അത് പലപ്പോഴും പരാജയപ്പെട്ടു. പരാജയ നിമിഷങ്ങള്‍ ആ വീട്ടില്‍ തന്നെ തരണം ചെയ്യാന്‍ ദേവകി നീതയെ ഉപദേശിച്ചു.

“മോളെ,, ജീവിതം ഇങ്ങനെയാണ്,, നിന്ന് കൊടുക്കണം”

അമ്മയുടെ നിലപാടില്‍ ഒരു മാറ്റവും കാണാന്‍ സാധ്യതയില്ല എന്ന് മനസ്സിലായപ്പോള്‍ നീത അടുത്ത വഴി തേടി. വിദ്യാഭ്യാസമുണ്ടലോ,, ഒരു ജോലി നോക്കിയാലോ. അതിന് അരവിന്ദ് ന്റെ പെങ്ങന്മാര്‍ ഉടക്കി.

“അയ്യോ അത് പറ്റില്ല,, അപ്പൊ അമ്മയ്ക്ക് സഹായത്തിന് വീട്ടില്‍ ആരാ”

വീട്ടില്‍ ഉണ്ടാകുന്നതും അമ്മായിയമ്മപ്പോരും കുറച്ചൊക്കെ പെങ്ങന്മാരോട് സൂചിപ്പിച്ചു.

“ അതൊക്കെ അങ്ങനെയാണെന്നെ,, പോകെപ്പോകെ ശീലമാകും”

അപ്പോഴും ഇതിലൊരു മാറ്റം പ്രതീക്ഷിക്കണ്ട എന്നാണ് എല്ലാവരും പറഞ്ഞ് വരുന്നത്. നീതയുടെ പരാതി കൂടുംതോറും അരവിന്ദും അവന്റെ അമ്മയും നീതയെ നക്ഷത്രം എണ്ണിച്ചു. അടുത്ത ഘട്ടം ഗര്‍ഭമാണ്,, വര്‍ഷം രണ്ടായിട്ടും ഗര്‍ഭമായില്ല.

“ ഒരു മച്ചി പെണ്ണിനെയാണല്ലോ ദൈവമേ ആ കുടുംബം എന്റെ മോന്റെ തലയില്‍ വച്ചേ”
പിന്നീട് അമ്മയുടെ പ്രാക്ക് അതായിരുന്നു.എ അതവര് ആസ്വദിച്ചു പറഞ്ഞു.

ഒറ്റയ്ക്ക് തുടങ്ങി ആളുടെ മുന്നിലും ആള്‍ക്കൂട്ടത്തിലും അവരത് പറഞ്ഞു. അപ്പോള്‍ കിട്ടുന്ന റിയാക്ഷന്‍ അവര്‍ ആസ്വദിച്ചു. അവള്‍ മറുത്തൊന്നും പറയുന്നില്ല എന്ന് കണ്ടപ്പോള്‍ ആ മച്ചി വിളി അവര്‍ക്കൊരു ഹരമായി.

ഒരിക്കല്‍ വീട്ടില്‍ ഒരു ചടങ്ങിന് നില വിളക്ക് കത്തിക്കാന്‍ നോക്കിയപ്പോള്‍
“ നീ മച്ചിയല്ലേ,, നീ കത്തിച്ചാല്‍ ഐശ്വര്യം വരില്ല” എന്ന് അവര്‍ എല്ലാവരും കേള്‍ക്കെ ഉറക്കെ പറഞ്ഞു.

അന്ധത ബാധിച്ച കുറെയെണ്ണം അത് ശരിയെന്ന നില പാടിലും അത് കേട്ട് നിന്ന നീതയും ദേവകിയും മരവിച്ച പോലെയും ആയി. ആ നില വിളക്ക് കൊണ്ട് അരവിന്ദിന്റെ അമ്മയുടെ നെറ്റിയില്‍ അടിച്ച ശേഷം ഒരു പോക്കാണ്.

എല്ലാവരും സ്തംഭിച്ചു പോയി. വീട്ടിലേയ്ക്ക് പോയില്ല. അവിടുന്ന് ഒന്നും പ്രതീക്ഷിക്കുന്നില്ല. ചെറുപ്പമാണ്,, ആയുസ്സും ആരോഗ്യവുമുണ്ട്. ജോലി ചെയ്ത് ജീവിക്കും.
ഒറ്റയ്ക്ക് നിന്ന് ജീവിച്ചു,, ഡിവോഴ്സ് ന് കൊടുത്തു.

അത്രത്തോളം ആരും പ്രതീക്ഷിച്ചില്ല. മുത്തിക്ക് ഒരു മുത്തം കൊടുത്തിട്ട് നീത അവിടുന്ന് ഇറങ്ങി. തല്‍ക്കാലം ലീവിലാണ്,, ഇനി അടുത്തയിടം. അവള്‍ ഇനിയും മല കയറും.