നിക്കോളാസ്
(രചന: Nisha Pillai)
ട്രെയിൻ കുലുങ്ങി നിന്നപ്പോഴാണ് അവൾ ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നത്.
സ്റ്റേഷനിലെ എൽ ഇ ഡി ഡിസ്പ്ലേയിൽ , വലിയ അക്ഷരത്തിൽ മാഡ്രിഡ് എന്ന് എഴുതി വച്ചിരിക്കുന്നു.ഇതല്ലേ നിക്കോളാസിന്റെ നഗരം.അവനെ കാണാനല്ലേ താൻ ഒറ്റയ്ക്ക് പുറപ്പെട്ടത്.
ട്രെയിൻ, ഏതാനും സെക്കൻഡുകൾക്കുള്ളിൽ അവിടെ നിന്നും പുറപ്പെടും എന്ന അനൗൺസ്മെന്റ് കേട്ടാണ് അവൾക്ക് ബോധം വന്നത്.അവൾ ആ ബോഗിയിൽ ആകെ കണ്ണോടിച്ചു നോക്കി .
ആരുമില്ല താൻ മാത്രമുള്ളൂ അതിൽ യാത്രക്കാരിയായി .വാച്ചിൽ സമയം ഏഴ് എന്നാണ് കാണിക്കുന്നത്.
അവൾ സ്റ്റേഷനിൽ ഇറങ്ങി അവിടെ കറുത്ത ഡിസ്പ്ലേയിൽ ചുവന്ന അക്ഷരങ്ങളിൽ സമയം കാണിക്കുന്നു 2 :00 AM എന്ന്.ശരിയാണല്ലോ ,രാജ്യങ്ങൾ മാറുമ്പോൾ സമയം മാറണമല്ലോ.തന്റെ വാച്ച് കാണിക്കുന്നത് ഇന്ത്യൻ സമയമാണ്.
അവൾ മുന്നോട്ടു നടന്നു .ചുറ്റും മഞ്ഞ് മൂടിയ കാഴ്ചകൾ.അവൾക്കു കാലിൽ നിന്നും തണുപ്പ് മുകളിലേയ്ക്കു പടരുന്നു.
അപ്പോഴാണ് അവൾ തന്റെ വേഷം ശ്രദ്ധിച്ചത്.സാധാരണ ലതർ ചപ്പലും കോട്ടൺ കുർത്തയും പലാസോയും ആണ് ധരിച്ചിരിക്കുന്നത്.ചുമ്മാതല്ല ഇത്രയും തണുപ്പ് .അവൾ കൈത്തലങ്ങൾ കൂട്ടി ഉരച്ചു ചൂട് വരുത്തി.
ചുറ്റുമുള്ള ചില കടകൾ മാത്രം തുറന്നിരിക്കുന്നു.ഒരു ചൂട് കാപ്പി കുടിക്കാൻ കൊതിയായി.കാപ്പി കുടിക്കുന്ന സമയത്ത് ,ഒരു പക്ഷെ നിക്കോളാസ് തന്നെ തിരക്കി വന്നെങ്കിലോ,കാണാതെ മടങ്ങിയാലോ?
അവൾ പ്ലാറ്റ്ഫോമിൽ ഒരു അറ്റത്ത് നിന്നും മറ്റേ അറ്റത്തേയ്ക്ക് മെല്ലെ നടന്നു,നിക്കോളാസ് വന്നില്ല .എവിടെ നിന്നോ വയലിൻ്റെ സംഗീതം കേൾക്കാൻ തുടങ്ങി .
അവൾ ചെവി വട്ടം പിടിച്ചു .അവളുടെ പ്രിയപ്പെട്ട ഫ്ളമൻകോ സംഗീതമാണ് കേട്ടത് .അവൾ സംഗീതം കേട്ട ദിശയിലേക്കു നടന്നു .പ്ലാറ്റഫോമിലെ തൂണിന്റെ മറവിൽ വലിയൊരു വിന്റർ കോട്ട് ധരിച്ച ഒരാൾ .
വലിയൊരു തൊപ്പി കൊണ്ട് മുഖം മറച്ചിരുന്നു .കയ്യിലെ വയലിന്റെ സംഗീതം ,അതിന്റെ മാസ്മരികതയിൽ അവൾ സ്തബ്ധയായി നിന്നു .അയാൾ മെല്ലെ അയാളുടെ തൊപ്പി ഉയർത്തി ,മുഖമിപ്പോൾ ദൃശ്യമായി .
നിക്കോളാസ്,തന്റെ കാമുകൻ .എന്തൊരു മാസ് എൻട്രിയാണ് .ആദ്യമായി കാമുകിയുടെ മുന്നിലെത്തുന്ന കാമുകന്റെ രീതികളും ചേഷ്ടകളുമല്ല നിക്കോളാസിന്.
അയാളോടുള്ള പ്രണയം കൊണ്ട് അവളുടെ ഹൃദയം വികാരഭരിതമായി .അയാളൊരിക്കലും പ്രതീക്ഷിച്ചു കാണില്ല വൻകരകളും കടലും കടന്നു വന്ന് അവൾ അയാളെ കാണാൻ എത്തുമെന്ന് .
അവൾ അയാളെ കണ്ണ് നിറയെ കണ്ടു .പറയത്തക്ക സൗന്ദര്യമൊന്നും നേർക്കാഴ്ചയിൽ തോന്നിയില്ല .വെളുത്തു ചുവന്ന മുഖം ,ഒട്ടിയ കവിളുകൾ .
നല്ല പൊക്കം .ആരോഗ്യമുള്ള ശരീരം .മുന്നിൽ പോയി നിന്ന് അയാളെ കണ്ണ് നിറയെ കണ്ടു .കണ്ണുകളിടഞ്ഞപ്പോൾ അയാൾ വയലിൻ മാറ്റി വച്ച് ,പിന്നെ അവളെ ചേർത്ത് പിടിച്ചു കൊണ്ട് മുന്നോട്ടു നടത്തി .
റയിൽവേ സ്റ്റേഷന് മുന്നിൽ നിരന്നു കിടക്കുന്ന ഇലക്ട്രിക് വാഹനങ്ങളുടെ നിരകൾ .അവൾക്കാണേൽ തണുത്ത് വിറങ്ങലിച്ച് വയ്യ .
വാഹനങ്ങളുടെ അടുത്തേയ്ക്കു പോകാതെ അയാളവളെ മുന്നോട്ടു നടത്തി .പാതയുടെ അരികിൽ നിർത്തിയിട്ടിരുന്ന ഒരു കുതിര വണ്ടി .ഇരട്ട കുതിരകൾ വലിക്കുന്നത് ,അവൾക്കു അതിശയം തോന്നി .
ഇയാൾക്കിനി വട്ടാകുമോ ? ഈ കൊടും തണുപ്പത്ത് കുതിര വണ്ടിയിൽ എങ്ങനെ സഞ്ചരിക്കും .അയാളുടെ നീളൻ വൂളൻ കോട്ട് ഊരി അവളെ ധരിപ്പിച്ചു . കുതിര വണ്ടിയിലെ ഗ്ലാസ് ക്യാബിനുള്ളിൽ അവളെ കടത്തിയിരുത്തി .
വിചാരിച്ചതിലും അധികം ഊഷ്മളമായിരുന്നു വണ്ടിക്കകത്ത്, ഇളം ചൂട് .കാബിനു വെളിയിലെ തുറന്ന ഇരിപ്പിടത്തിൽ അയാളിരുന്നു കുതിരകളെ തെളിയിച്ചു .
“സൈറസ് ,ക്ളിയോപാട്ര നമുക്ക് പോകാം .” അയാൾ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു.
അയാളുടെ ആജ്ഞ കേൾക്കേണ്ട താമസം കുതിരകൾ മുന്നോട്ടു നടന്നു .നടത്തം നിമിഷനേരം കൊണ്ട് ഒരു പാച്ചിലായി.
അതിവേഗം കുതിരകളോടി .നല്ല നിരത്തുകളായത് കൊണ്ട് ഒരു കുലുക്കമോ ക്ഷീണമോ തോന്നിയില്ല .അവൾ നിരത്തിൻ്റെ ഇരു വശത്തും നോക്കി .ചുറ്റും ഇരുട്ടാണ് .
വണ്ടിയുടെ മുന്നിൽ തൂക്കിയിട്ട ഗ്യാസ് വിളക്കിൽ നിന്നുള്ള നേരിയ വെളിച്ചം മാത്രം .എവിടെയും കാറുകൾ അല്ലാതെ മറ്റു വാഹനങ്ങൾ അവൾ കണ്ടില്ല .ഇയാൾക്ക് മാത്രമെന്താണ് കുതിരവണ്ടി .അവൾക്കു ആശങ്ക തോന്നി .
ഒരു രണ്ടു നില കെട്ടിടത്തിന് മുന്നിൽ വണ്ടി നിന്നു.അവളെ ഇറക്കാൻ മിനക്കെടാതെ അയാൾ ആദ്യം കുതിരകളെ അഴിച്ചു ലയത്തിലാക്കി .
പിന്നെ വന്നു കാബിൻ തുറന്നു കൊടുത്തു . കൈപിടിച്ചവളെ താഴെയിറക്കി .അവളെ മെല്ലെ കൈകളിൽ എടുത്ത് കൊണ്ടയാൾ രണ്ടാം നിലയുടെ പടിക്കെട്ടുകൾ കയറി .
വാതിൽ തുറക്കാൻ നേരം അവളെ താഴെ നിർത്തി അയാൾ പോക്കറ്റിൽ താക്കോൽ തപ്പി . കാണാഞ്ഞ് അവളഞ്ഞിഞ്ഞ വൂളൻ കോട്ടിൻ്റെ പോക്കറ്റിൽ നോക്കി.താക്കോൽ തപ്പിയെടുത്ത് വാതിൽ തുറന്നു.
നിക്കോളാസ് അവളെയെടുത്ത് കിടക്കയിലിരുത്തി. റൂമിലെ ഹീറ്റർ ഓണാക്കുകയും ചപ്പലൂരിയ അവളുടെ നീലിച്ച നഗ്ന പാദങ്ങൾ കൈകളാൽ തടവി ചൂടാക്കുകയും ചെയ്തു.
അവൾ ആശ്വാസത്താൽ ചിരിക്കുകയും അയാൾ ആ പാദങ്ങളിൽ ചുംബിക്കുകയും ചെയ്തു.
അയാൾ പെട്ടെന്ന് തന്നെ അവൾക്ക് ചൂട് കാപ്പിയും ബ്രഡും പൊരിച്ച കോഴിയും കൊടുത്തു.ഭക്ഷണം കഴിഞ്ഞ് ഉറങ്ങാനായി കിടന്നെങ്കിലും അവൾക്കുറക്കം വന്നില്ല.അവർ പരസ്പരം കെട്ടിപ്പിടികുകയും ചുംബിക്കുകയും ചെയ്തു.
അവൾ നാട്ട് വിശേഷങ്ങൾ പറയുകയും അതൊക്കെ കേട്ട് നിക്കോളാസ് മൂളുകയും ചെയ്തു.റൂമിലെ സുഖകരമായ ഊഷ്മാവിൽ അവളെപ്പോഴോ ഉറങ്ങി പോയി.
ഉണരുമ്പോൾ നിക്കി എന്ന നിക്കോളസ് അവർക്കുള്ള പ്രാതൽ തയാറാക്കി കഴിഞ്ഞു.കഴിച്ചും കഴിപ്പിച്ചും അവർ ആനന്ദചിത്തരായി.അവർ പുറത്തെക്കാഴ്ചകൾ കാണാൻ തയാറായി.ഇലക്ട്രിക് കാറായിരുന്നു വാഹനം.
“നിക്കിന്റെ കുതിരവണ്ടി? ”
“അവരുടെ റോൾ ഇന്നലെ കഴിഞ്ഞു.സൈറസും ക്ലിയോയും കമിതാക്കളാണ് ,നമ്മളെ പോലെ . നിന്നെ സ്വീകരിക്കാൻ അവർ തന്നെ വേണമെന്ന് എനിക്ക് നിർബന്ധമായിരുന്നു.ഇനി കുറെ ദിവസം നമുക്ക് കാറുമതി.അതാണ് സമയലാഭം”
അവർ നഗരം മുഴുവൻ കറങ്ങി നടന്നു,അല്ല പ്രണയിച്ചു നടന്നു.വല്ലാത്തൊരു ഫീൽ ഉള്ള പ്രണയമായിരുന്നു.
അവൻ അടുത്തെത്തുന്ന ഓരോ നിമിഷവും അവൾ സ്നേഹത്താൽ തരളിതയാകുന്നു. തിരക്കുള്ള നിരത്തുകളിൽ കൈവിട്ട് വേർപിരിഞ്ഞ് പോകാതെയിരിക്കാൻ അവനവളുടെ വയറിൽ കൈ ചുറ്റുമ്പോൾ ,
വിരലുകളിൽ വിരൽ കോർക്കുമ്പോൾ, അവൻ്റെ ശ്വാസം അവളുടെ മുഖത്ത് തട്ടുമ്പോൾ അവളുടെ ഹൃദയത്തിന് നിന്നും ശലഭങ്ങൾ ,അവളെ ഇക്കിളിയാക്കി പറന്നു പോകുന്ന പോലെ പലപ്പോഴും അവൾക്ക് തോന്നി.
ഇതിന് മുൻപും പലരെയും അവൾ പ്രേമിച്ചിട്ടുണ്ട്. അതൊക്കെ കുറച്ച് സമയത്തേയ്ക്ക് മാത്രം.
പെട്ടെന്ന് മടുപ്പ് തോന്നി ഉപേക്ഷിച്ച ബന്ധങ്ങൾ. ഇതങ്ങനെയല്ല . ഓരോ വാക്കിലും നോട്ടത്തിലും സ്പർശനത്തിലും പ്രണയം നിറയ്ക്കുന്ന രണ്ട് പേർ.നിക്കിയും പിങ്കിയും.രണ്ട് ഇണക്കുരുവികൾ.
നാളെയാണ് മടക്കം.മാഡ്രിഡിൽ നിന്നും രാവിലെ ഫ്ലൈറ്റ്.ബാർസലോണ വഴി ഇന്ത്യ.പിരിയുന്ന കാര്യം ഓർക്കാനേ വയ്യ.എങ്ങനെയവനോട് യാത്ര പറയും?അവന് വിഷമം ആകില്ലേ.
“എനിക്ക് മടങ്ങാൻ വയ്യ നിക്കി.ഞാൻ നിന്നെ വിട്ട് പോകുന്നില്ല.ഞാനിവിടെ കൂടുകയാണ്. നീയില്ലാതെ വയ്യ.”
അവളവനെ ഗാഡമായി കെട്ടിപ്പിടിച്ചു.അവളെ കൂടുതൽ തന്നോട് ചേർത്ത് കൊണ്ടവൻ പറഞ്ഞു.
“ഇപ്പോൾ നീ പോയേ പറ്റൂ.ഇപ്പോൾ നിന്നെയിവിടെ നിർത്താൻ പറ്റില്ല പിങ്കി.ഒരു തവണ കൂടി നീ വരണം .അന്ന് നിന്നെ ഞാൻ വിടില്ല .നമ്മൾ ഒന്നിച്ചു ഇവിടെ താമസമാക്കും.”
“ഇപ്പോൾ എന്താണ് പ്രശ്നം.? ഞാൻ ഇത്രയേറെ ഒരാളെ സ്നേഹിച്ചിട്ടില്ല.ഇനിയെനിക്ക് പിരിയാൻ വയ്യ .ഞാൻ പോകില്ല.”
“പിങ്കി നീയെന്റെ മുപ്പത്തി രണ്ടാമത്തെ കാമുകിയാണ്. മറ്റുള്ള മുപ്പത്തിയൊന്ന് പേർക്കും കൊടുത്ത പോലെ ഒരാഴ്ചത്തെ സമയം മാത്രമേ നിനക്കും തരാനാകൂ. നാളെ എന്നെ തേടി മുപ്പത്തി മൂന്നാമത്തെയാൾ വരും .
അവളെയും നിരാശപെടുത്താൻ എനിക്കാകില്ല. എല്ലാവരിൽ നിന്നും നീ വ്യത്യസ്തപ്പെട്ടിരിക്കുന്നു. എന്റെ കാമുകിമാരിലെ ആദ്യ ഇന്ത്യക്കാരി, തവിട്ടുനിറക്കാരി.
എന്നെ സ്നേഹം കൊണ്ട് വീർപ്പുമുട്ടിച്ചവൾ. എന്നെ പിരിയാൻ നേരം കെട്ടിപിടിച്ചു കരഞ്ഞവൾ. മറ്റുള്ളവരൊക്കെ വളരെ ലാഘവത്തോടെയാണ് എന്നോട് യാത്ര പറഞ്ഞ് പോയത്.
ഒരു പക്ഷെ അവരുടെ പ്രതീക്ഷകളിലുള്ള കാമുകനായിരിക്കില്ല ഞാനെന്ന് അവർക്ക് തോന്നി കാണും. നീ മാത്രമാണ് വ്യത്യസ്തയായവൾ. നിന്നെ തേടി ഞാൻ വരും.”
“ഇനി നീ എന്നെ തേടി വരേണ്ടതില്ല. കാമുകിമാരിലൊരുവളാകാൻ എന്നെ കിട്ടില്ല. ഞാൻ നിന്നെ വിട്ടു പോകുകയാണ്. എന്നന്നേക്കുമായി .ഇനി നമ്മൾ കാണില്ല.”
അത്രയും പറഞ്ഞുകൊണ്ടവൾ പൊട്ടിക്കരഞ്ഞു. നിമിഷങ്ങൾ കൊണ്ടൊരു ഏങ്ങി ഏങ്ങി കരച്ചിലായി മാറി.
അവളുടെ തേങ്ങലിൻ്റെ ഒച്ച കേട്ട് കൊണ്ട് അവളുടെ റൂം മേറ്റുകളായ അഞ്ജന,ആൻ മരിയ,ഫെമിത എന്നിവർ ചുറ്റും കൂടി .കരച്ചിൽ ശക്തമായി ഉയർന്നു.അവരവളെ കുലുക്കിണർത്തി.
“പിങ്കി ,എഴുന്നേൽക്ക് ,എന്തിനാണ് നീ കരയുന്നത്.സ്വപ്നം വല്ലതും കണ്ടോ.”
അവൾ കണ്ണ് വലിച്ചു തുറന്നു.ഒരു ഏങ്ങൽ പുറത്തേയ്ക്കു വന്നു.
“നിക്കി ആരാടി പെണ്ണെ ? എന്തിനാ അവൻ നിന്നെ കരയിച്ചത്? ”
അവൾ ചിരിക്കാൻ ശ്രമിച്ചു.
“അതൊരു സ്വപ്നമായിരുന്നു.”
“ശരി ,എഴുന്നേറ്റു ചായ കുടിക്കൂ .കോളേജിൽ ഇന്നെങ്കിലും സമയത്ഥ് എത്തണം.”
അവൾ ചായ കുടിച്ചു.അപ്പോഴാണ് ആൻ മരിയ സോഫയിൽ ഇട്ട പത്ര കട്ടിങ് അവൾ കണ്ടത്.സെയിന്റ് നിക്കോളാസ് കത്രീഡൽ .ഇതെവിടെയാണ്.?അവൾ അതിന്റെ താഴെയുള്ള വാർത്ത വായിച്ചു.
സ്പെയിനിലെ ദേവാലയം.കമിതാക്കളുടെ ആശ്രയ കേന്ദ്രം.അവിടെ പോയി പ്രാർത്ഥിച്ചാൽ എത്ര അസാധ്യ പ്രണയങ്ങളും സാധ്യമാകും.നിങ്ങളുടെ സ്വപ്നത്തിൽ നിക്കോളാസ് വന്നു ചേരും .
നിങ്ങളുടെ വിവാഹം ഉടനടി നടത്തി തരും.ഇങ്ങനെയും ഒരു ദേവനോ? പക്ഷെ തനിക്കു പ്രണയമില്ലല്ലോ.ഉടനെ പ്രണയിക്കാൻ വഴിയൊന്നും കാണുന്നുമില്ല.പെട്ടെന്നവളുടെ ഫോൺ ശബ്ദിച്ചു.അമ്മയാണ്.
“പിങ്കി ഇന്ന് കോളേജിൽ ഒരു പയ്യൻ നിന്നെ കാണാൻ വരും. വല്യമ്മാവൻ പറഞ്ഞയക്കുന്നതാണ്. നീ അവനെ വിഡ്ഢിയാക്കി വിടരുതേ.കാണുക ,സംസാരിക്കുക.നല്ല കുടുംബം.തീരുമാനം നിനക്ക് വിടുന്നു.”
പതിവിലും നേരത്തെ കോളേജിൽ എത്തി.നേരെ ലൈബ്രറിയിലേക്ക് പോയി.വല്ലാത്ത ചൂട്.
സ്പെയിനിലെ തണുപ്പ് ഓർത്തപ്പോൾ ഈ ചൂട് തന്നെയാണ് സഹനീയമെന്നു തോന്നി.തന്നെ കാണാൻ ആരോ പുറത്തു നിൽക്കുന്നുവെന്ന് പീയൂണിൻ്റെ അറിയിപ്പ് കിട്ടി.ഒറ്റ നോട്ടത്തിൽ ഇഷ്ടപ്പെടുന്ന ഒരു മെലിഞ്ഞ ചെറുപ്പക്കാരൻ ,നില്കുന്നു.
“ഞാൻ നീലകണ്ഠൻ,എല്ലാവരും നിക്കിയെന്നു വിളിക്കും. ഞാൻ വന്നത് പരിചയപെടാനാണ്.
വീട്ടുകാർക്ക് വേറെ എന്തൊയൊക്കെ ഉദ്ദേശ്യം ഉണ്ടെന്ന് തോന്നുന്നു.ഞാൻ ഈ നഗരത്തിലേക്ക് ട്രാൻസ്ഫർ ആയി വന്നിട്ട് ഒരു മാസം ആയതേയുള്ളു.”
“ഞാൻ പിങ്കി,ഇവിടെ പി ജി രണ്ടാം വർഷം.സത്യം പറയാല്ലോ ,എനിക്ക് പഠിക്കാനോ, ജോലിക്കു പോകാനോ ഒരു താല്പര്യവുമില്ല. ഒരു നല്ല ആലോചന കിട്ടാനായി നിർബന്ധപൂർവം പി ജി യ്ക്ക് വീട്ടുകാർ അയച്ചതാണ്.
എനിക്ക് ഇഷ്ടം സംഗീതമാണ്. വോക്കലും വയലിനും ഒരേ പോലെ വഴങ്ങും.കാല്പനികമായ എന്റെ ലോകത്താണ് ഞാനെപ്പോഴും.
ഒരു പക്ഷെ നിക്കിക്ക് ഞാൻ ഒട്ടു പ്രായോഗികമല്ലാത്ത ആളായി മാറും.പിന്നെ യാത്രകൾ എന്നും ഹരമാണ്.എനിക്ക് തുറന്നു പറയുന്നതാണ് ഇഷ്ടം.പ്രതീക്ഷകൾ വെറുതെ ആർക്കും കൊടുക്കുന്നതിഷ്ടമല്ല.”
“ഞാനും കാല്പനികനാണ്.എഴുത്താണ് ഇഷ്ട വിനോദം.തന്റെ സംഗീതവും എന്റെ എഴുത്തും ഒരേപോലെ കാല്പനികമായി സഞ്ചരിച്ചാൽ നമ്മൾ മെയ്ഡ് ഫോർ ഈച്ച് അദർ ആകില്ലേ.അത് പോരെ അളിയാ .” രണ്ടു പേരും പൊട്ടിച്ചിരിച്ചു.
“ഇങ്ങനൊരാളെയാണ് ഞാൻ തേടി നടന്നത്.ഞായറാഴ്ച അമ്മ തന്നെ കാണാൻ വരുന്നതിൽ വിരോധമുണ്ടാകുമോ? ”
“വരട്ടെ ,പക്ഷെ എന്നോട് നടന്നു കാണിക്കാനും പാട്ടു പാടാനുമൊന്നും പറയരുത്.പിന്നെ.”
“പിന്നെ??”
“കല്യാണത്തിന് മുൻപ് എനിക്ക് കുറച്ച് പ്രേമിച്ച് നടക്കണം.സമ്മതമാണേൽ ഞാനും ഓക്കേ പറയാം.”
അയാൾ അങ്ങനെയൊന്നും ഉണ്ടാകില്ലായെന്ന് തലയാട്ടി .അയാൾ കണ്ണിൽ നിന്നും മറയുന്നതു വരെ അവൾ നോക്കി നിന്നു.അവൾക്കു ചുറ്റും മഞ്ഞു മഴ പെയ്യുന്നപോലെ അവൾക്കു തോന്നി.