ഒരിക്കൽ രാത്രി എന്റെ മുറിയിലേക്ക് അവരുടെ രഹസ്യക്കാരനെ അവർ പറഞ്ഞു വിട്ടു, അയാൾ അവിടെ വച്ചെന്നെ പിച്ചി ചീന്തി..

(രചന: J. K)

“”””സത്യേട്ടാ… ഞാൻ എന്റെ വീട്ടിലേക്ക് പൊയ്ക്കോളാം വെറുതെ എല്ലാവരുടെയും മുന്നിൽ ഏട്ടൻ ഒരു കോമാളി ആകുന്നത് എനിക്ക് സഹിക്കാൻ പറ്റില്ല “”””

ഷീബ അത്രയും പറഞ്ഞത് സത്യൻ ദേഷ്യത്തോടെ അവളെ നോക്കിയിരുന്നു…

“”””‘ഇങ്ങനെ ആരെങ്കിലും ഒക്കെ പറയുമ്പോൾ തിരിച്ചു പോകാൻ, തോറ്റു മടങ്ങാൻ വേണ്ടിയാണോ ഞാൻ നിന്നെ വിവാഹം കഴിച്ചത്”””

എന്നയാൾ തിരിച്ചു ചോദിച്ചു അതിന് മറുപടിയൊന്നും ഉണ്ടായിരുന്നില്ല ഷീബയുടെ പക്കൽ…

“” എന്റെ പെണ്ണേ ആളുകൾ പലതും പറയും അവരാരും അല്ലല്ലോ നിനക്ക് ചെലവിന് തരുന്നത് ഈ ഞാനല്ലേ….. അപ്പോൾ ഈ ഞാൻ പറയുന്നത് മാത്രം നീ കേട്ടാൽ മതി എനിക്ക് യാതൊരു പ്രശ്നവുമില്ല….

നിന്നോട് ഉള്ളത് നിറയെ സ്നേഹം മാത്രമാണ് നിനക്ക് അറിയാമല്ലോ…പിന്നെ എന്തിനാണ് ആവശ്യമില്ലാത്തവരുടെ കാര്യം നീ ശ്രദ്ധിക്കാൻ പോകുന്നത്”””

അത്രയും കേട്ടപ്പോൾ അവളുടെ ചുണ്ടിൽ ചെറിയൊരു ചിരി വിടർന്നിരുന്നു അയാൾക്ക് കാണാൻ മാത്രം പാകത്തിൽ അവർ വേഗം അടുക്കളയിലേക്ക് പോയി….

അടുത്ത വീട്ടിലെ ചെറിയ കുട്ടിയുടെ പിറന്നാളാണ്. എല്ലാവർക്കും ക്ഷണമുണ്ട് തങ്ങൾക്ക് ഒഴിച്ച്…. എല്ലാകാര്യത്തിലും എല്ലാവരും തങ്ങളെയും അകറ്റിനിർത്തുന്നത് അവൾക്ക് അറിയാമായിരുന്നു താൻ കാരണം സത്യനേയും…

അവൾക്ക് ആകെ സങ്കടമായി അവൾ വേഗം മുറിയിലേക്ക് നടന്നു….

ഓർമ്മകൾ കുറച്ചുകാലം മുന്നിലേക്ക് പോയി..
ഒരു പാവപ്പെട്ട ഫാമിലിയിലാണ് താൻ ജനിച്ചത് അമ്മ ചെറുപ്പത്തിലെ മരിച്ചു അച്ഛൻ മാത്രമായിരുന്നു ഉണ്ടായിരുന്നത്….

അച്ഛന് മറുപടിയായിരുന്നു അവിടെ പണി പഠിക്കാനും കൈ സഹായത്തിനും നിന്നിരുന്നതാണ് സത്യേട്ടൻ…

ഒരു പ്രായം വരെ അച്ഛൻ തന്നെയാണ് വളർത്തി വലുതാക്കിയത്… താൻ പ്രായം തികഞ്ഞപ്പോൾ…

തന്നെ നോക്കാനും തനിക്ക് കൂട്ടായും അച്ഛൻ മറ്റൊരു വിവാഹം കഴിച്ചു പക്ഷേ അത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തമായി തീരും എന്ന് ഒരിക്കലും അറിയില്ലായിരുന്നു…..

അവർ ഒരു ചീത്ത സ്ത്രീയായിരുന്നു.. പക്ഷേ അച്ഛനെ പേടിച്ച് വളരെ അനുസരണയുടെ അവർ അവിടെനിന്നു….

അച്ഛൻ വീട്ടിൽ ഇല്ലാത്ത സമയത്തെല്ലാം എന്നെക്കൊണ്ട് എല്ലാ ജോലികളും ചെയ്യിപ്പിച്ചിരുന്നു… വളരെ ക്രൂരമായി ഉപദ്രവിച്ചിരുന്നു…

അച്ഛനോട് പറഞ്ഞാൽ കൊന്നുകളയും എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി ചെറിയ കുഞ്ഞായതുകൊണ്ട് അവരുടെ ഭീഷണി ഭയന്ന് ആരോടും ഒന്നും പറഞ്ഞില്ല എല്ലാം സഹിച്ചു..

പെട്ടെന്നായിരുന്നു അച്ഛന്റെ മരണം അത് ആകെ ജീവിതം താളം തെറ്റിച്ചു.. അച്ഛൻ മരിച്ചതും വീടിന്റെ എല്ലാ ഭരണവും അവർ ഏറ്റെടുത്തു..
ഒളിഞ്ഞും തെളിഞ്ഞും പലരും അവരെ കാണാൻ അവിടെ വരാൻ തുടങ്ങി…

ആളുകൾ അതും ഇതും ഒക്കെ പറയാൻ തുടങ്ങി. ഞാൻ അവരോട് കുറെ പറഞ്ഞു നോക്കി ഇത്തരത്തിലുള്ളതൊന്നും ചെയ്യരുത് അച്ഛനാണ് നാണക്കേട് എന്ന് അവർക്ക് അതെല്ലാം പുച്ഛം ആയിരുന്നു….

ഒരിക്കൽ രാത്രി എന്റെ മുറിയിലേക്ക് അവരുടെ രഹസ്യക്കാരനെ അവർ പറഞ്ഞു വിട്ടു…

അയാൾ അവിടെ വച്ചെന്നെ പിച്ചി ചീന്തി…
നിസ്സഹായയായിരുന്നു ഞാൻ..

എന്റെ ബോധം പോകും വരെയും
അയാൾ ഭോഗിച്ചു… ക്രൂരമായി…. ഓർമ്മ വരുമ്പോൾ ഞാൻ ആശുപത്രിയിൽ ആയിരുന്നു… സർവതും നഷ്ടപ്പെട്ട്….

പോലീസ് കേസെടുത്തു. ഞാൻ ചെറിയമ്മയ്ക്കെതിരെ മൊഴി കൊടുത്തു ചെറിയമ്മയെയും ആ ദുഷ്ടനെയും പോലീസുകാർ അറസ്റ്റ് ചെയ്തു പക്ഷേ അതു കൊണ്ടൊന്നും എനിക്ക് നഷ്ടപ്പെട്ടത് തിരിച്ചു കിട്ടില്ലല്ലോ….

പോലീസ് സ്റ്റേഷനിൽ നിന്ന് വന്നവർ ഹോസ്പിറ്റൽ വാസത്തിനുശേഷം എന്നെ റെസ്ക്യൂ ഹോമിലേക്ക് മാറ്റും എന്ന് പറഞ്ഞുതന്നു…

അതുതന്നെയാണ് നല്ലത് എന്ന് ഞാനും കരുതി കാരണം അച്ഛൻ പോയതിൽ പിന്നെ ആരും അങ്ങോട്ട് തിരിഞ്ഞു നോക്കിയിട്ടില്ല പ്രായം തികഞ്ഞ പെണ്ണ് ഒരു ബാധ്യതയാവും എന്ന് കരുതി….. ആകെ ഉണ്ടായിരുന്നത് ചെറിയമ്മയാണ് അവരാണെങ്കിൽ തന്നോട് ചെയ്തത് ഇത്തരത്തിലും….

പിന്നെ ആരെ കരുതിയാണ് താൻ തന്റെ വീട്ടിൽ ഒറ്റയ്ക്ക് നിൽക്കേണ്ടത് ഇന്നലെ ചെറിയമ്മയെ തിരഞ്ഞ് വന്നവർ ഇന്ന് എന്തായാലും തന്നെയും തിരഞ്ഞ് വരാതിരിക്കില്ല ഇപ്പോൾ താൻ നശിച്ചു എന്ന ഒരു ലേബലും ഉണ്ടല്ലോ…

ജീവിതം തന്നെ മടുത്തിരിക്കുന്ന സമയമായിരുന്നു… അപ്പോഴാണ് ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ആക്കുന്ന അന്ന് സത്യേട്ടൻ എന്നെ കാണാൻ വന്നത്…..

അച്ഛന്റെ മരണശേഷം അച്ഛന്റെ കട ഏറ്റെടുത്തു നടത്തുന്നത് സത്യേട്ടൻ ആയിരുന്നു ചെറിയമ്മ കണക്ക് പറഞ്ഞ് അതിന്റെ പൈസയൊക്കെ സത്യേട്ടന്റെ കയ്യിൽ നിന്ന് വാങ്ങിയിരുന്നു…..

തങ്ങളോട് യാതൊരു കടപ്പാടും ഇപ്പോൾ ഇല്ല എങ്കിലും അദ്ദേഹം വന്നത് ഏറെ ആശ്വാസമായി….

ഒരാളെങ്കിലും എന്നെ കാണാൻ വന്നല്ലോ എന്ന്… എന്നെ ഒരു മനുഷ്യജീവിയായി പരിഗണിച്ചല്ലോ എന്ന്…

റെസ്ക്യൂ ഹോമിലേക്ക് മാറ്റുകയാണ് ഇനി താൻ അവിടെയാണ് എന്നൊക്കെ സത്യേട്ടനോട് പറഞ്ഞു അപ്പോഴാണ് അദ്ദേഹം ചോദിച്ചത്…

“””” ഞാൻ നിന്നെ വിവാഹം കഴിക്കട്ടെ? “”” എന്ന്…

കേട്ടത് വിശ്വസിക്കാനാവാതെ ഞാൻ ഇരുന്നു അദ്ദേഹത്തിന്റെ മനസ്സിൽ ഇങ്ങനെയൊരു ആഗ്രഹം എന്നോ മുള പൊട്ടിയിട്ടുണ്ടായിരുന്നു…

അച്ഛനോട് ചോദിച്ചതുമാണ് അച്ഛൻ സമ്മതിച്ചിരുന്നു… പക്ഷേ അതൊന്നും പറയാൻ പോലും സാവകാശം കിട്ടാതെയാണ് അച്ഛൻ പോയത്….

ആദ്യം അത് കേട്ട് ഞാൻ പൊട്ടിക്കരഞ്ഞു പിന്നീട് പറഞ്ഞു വേണ്ട എനിക്കിഷ്ടമല്ല എന്ന് കാരണം ആരോ നശിപ്പിച്ച എന്നെ തലയിലെടുത്ത് വയ്ക്കേണ്ട കാര്യമൊന്നും സത്യേട്ടന് ഇല്ലായിരുന്നു….

അക്കാരണം പറഞ്ഞു ഞാൻ ഒഴിവായി..
പക്ഷേ,

“”” ഒരു സ്ത്രീയുടെ സമ്മതം പോലും ഇല്ലാതെ അവളുടെ ദേഹത്ത് ആരോ പേക്കൂത്ത് കാട്ടിയാൽ നശിക്കുമോടീ ആ പെണ്ണ്.. അവളുടെ മനസ്സ് “””

ആ ചോദ്യത്തിന് ഉള്ളിൽ ഉത്തരം ഇല്ലായിരുന്നു.. കാരണം ഞാൻ കളങ്കപ്പെട്ടു എന്ന് മനസ്സുകൊണ്ട് ഇപ്പോഴും ഞാൻ വിശ്വസിക്കുന്നില്ലായിരുന്നു… എന്റെ അറിവോ സമ്മതമോ കൂടാതെ ഏതോ ഒരു മൃഗം ഉപദ്രവിച്ചു എന്ന് മാത്രം….

കുറെനാൾ സമ്മതിച്ചിട്ടില്ലായിരുന്നു വിവാഹത്തിന്.. മിക്കവാറും സത്യേട്ടൻ റസ്ക്യൂ ഹോമിലേക്ക് വരും…

കുറേ സംസാരിക്കും മനസ്സ് മാറ്റാൻ ശ്രമിക്കും..
ആദ്യം ഒന്നും എന്തുപറഞ്ഞാലും സമ്മതിക്കില്ല പക്ഷേ ക്രമേണ അദ്ദേഹത്തിന്റെ വാക്കുകൾ വിശ്വസിച്ചാണ് ഈ വിവാഹത്തിന് സമ്മതിച്ചത് പക്ഷേ അതോടെ അദ്ദേഹത്തിന്റെ വീട്ടുകാർ അദ്ദേഹത്തെ ഉപേക്ഷിച്ചു..

ഞങ്ങൾക്കു ഞങ്ങൾ മാത്രമായി..

രണ്ടാളും കൂടി ഒന്ന് ഒരുമിച്ചു പുറത്തിറങ്ങാൻ പോലും പറ്റില്ല ആളുകൾ അതും ഇതും ഒക്കെ കളിയാക്കി പറയും അദ്ദേഹത്തെ മറ്റൊരു കണ്ണിലൂടെ കാണാൻ തുടങ്ങി..

എത്രയൊക്കെ പുരോഗമനം പ്രസംഗിച്ചാലും അത് തൊട്ട് തീണ്ടിയിട്ടില്ലാത്ത എത്രയോ പേർ നമുക്കിടയിൽ തന്നെ ഉണ്ട്.. ചിലരൊക്കെ മനസ്സിലാക്കും, കൂടുതൽ പേരും പണ്ടത്തെപ്പടി തന്നെ…

എപ്പോഴും പറയുന്നതാണ്…. പോയി രക്ഷപ്പെട്ടു കൊള്ളാൻ പക്ഷേ കേൾക്കില്ല….

ഒരു സമൂഹം തന്നെ തനിക്കെതിരെ തിരിയുമ്പോഴും ഈ ഒരാളെന്നെ ചേർത്തു പിടിച്ചാൽ മതി മുന്നോട്ടു ധൈര്യമായി പോകാൻ എന്ന് അവൾക്കും അറിയാം…

അതുകൊണ്ട് അന്യർക്ക് ചെവി കൊടുക്കാതെ രണ്ട് ചെവിയും കൊട്ടി അടച്ചു അവൾ സത്യേട്ടന് വേണ്ടി മാത്രം ജീവിക്കാൻ തുടങ്ങി….