(രചന: ആവണി)
” എടാ അമ്മ പറഞ്ഞ കല്യാണ ആലോചനയുടെ കാര്യം നീ എന്ത് തീരുമാനിച്ചു..?”
ചായ കുടിച്ചു കൊണ്ടിരിക്കുമ്പോൾ കിരൺ ചോദിച്ചത് കേട്ട് രൂക്ഷമായി അവനെ നോക്കി.
“ഞാൻ പ്രത്യേകിച്ചൊന്നും തീരുമാനിച്ചില്ല.ഇനി തീരുമാനിക്കാനും പോകുന്നില്ല. ആകപ്പാടെ ഒരുത്തിയെ ജീവിതത്തിലേക്ക് വേണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ആത്മാർത്ഥമായി തന്നെയാണ് അവളെ സ്നേഹിച്ചത്..
എന്നിട്ട് എന്തുണ്ടായി..? ഇതുപോലെയൊക്കെ തന്നെയായിരിക്കും എല്ലാ പെണ്ണുങ്ങളും.. ഒറ്റ ഒരുത്തിയെയും വിശ്വസിക്കാൻ കൊള്ളില്ല.. സ്വന്തം കാര്യങ്ങൾക്ക് വേണ്ടി മാത്രമായിരിക്കും അവർ നമ്മളോട് അടുപ്പം കൂടാൻ വരുന്നത്…”
അമർഷത്തോടെ നന്ദൻ പറയുന്നത് കേട്ട് കിരൺ അവനെ നോക്കി പുഞ്ചിരിച്ചു.
” എന്തിനാടാ ചിരിക്കുന്നത്..? ഞാൻ പറഞ്ഞത് ഒരു തമാശയായിട്ട് നിനക്ക് തോന്നുന്നുണ്ടോ..? ”
വല്ലാതെ ദേഷ്യം വന്നു തുടങ്ങിയിരുന്നു നന്ദനു .
” എന്റെ പൊന്നോ..എന്നോട് ചാടി കടിക്കണ്ട.. നിന്നെ കളിയാക്കിയതൊന്നുമല്ല.. പക്ഷേ നീ പറയുന്ന സംഭവങ്ങളൊക്കെ കഴിഞ്ഞിട്ട് വർഷങ്ങളായി എന്ന് നീ മറന്നു പോകരുത്.
ആർക്കു വേണ്ടിയാണോ നീ ഇത്രയും വാശിയും ദേഷ്യവും കാണിക്കുന്നത് അവൾ മറ്റൊരുവനോടൊപ്പം സുഖമായി ജീവിക്കുന്നുണ്ട് എന്ന് നീ മറക്കരുത്.”
കിരണിന്റെ ആ ഓർമ്മപ്പെടുത്തൽ നന്ദന്റെ തല കുനിച്ചു.പ്രിയ സുഹൃത്തിന്റെ അവസ്ഥ കണ്ടപ്പോൾ കിരണിനും സങ്കടം തോന്നി.
അല്ലെങ്കിലും അവർ തമ്മിലുള്ള ബന്ധത്തിന്റെ വ്യാപ്തി അങ്ങനെയാണ്. അവരിൽ ഒരാളിന്റെ മനസ്സ് വേദനിച്ചാൽ, അത് അടുത്ത ആളിനും അതേ അളവിൽ തന്നെ അറിയാൻ പറ്റുന്ന അവസ്ഥയാണ്.
നന്ദനെ പോലെ തന്നെ കിരണും ആ ദിവസങ്ങളുടെ ഓർമ്മയിലായിരുന്നു.
സ്കൂൾ സമയം മുതൽ തന്നെ ഒരുമിച്ച് പഠിക്കുന്ന സുഹൃത്തുക്കൾ ആയിരുന്നു നന്ദനും കിരണും. ഒന്നാം ക്ലാസിൽ വച്ച് തുടങ്ങിയ സൗഹൃദം ഇപ്പോൾ ഈ പ്രായത്തിലും അവസാനിച്ചിട്ടില്ല എന്ന് സാരം.
മക്കളുടെ സൗഹൃദം പതിയെ പതിയെ അച്ഛനമ്മമാരിലേക്കും വ്യാപിച്ചപ്പോൾ അവർ അടുത്തടുത്ത് വീടുകൾ വച്ച് അവിടെ താമസമായി.
അതോടെ രണ്ടു കുടുംബങ്ങളും തമ്മിലുള്ള ബന്ധം കുറച്ചു കൂടി ദൃഢമായി എന്ന് തന്നെ പറയാം.
കോളേജിൽ പഠിക്കുന്ന സമയത്താണ് അവർക്കിടയിലേക്ക് മൂന്നാമത്തെ ഒരാൾ കടന്നു വരുന്നത്. ദൃശ്യ… അതായിരുന്നു അവളുടെ പേര്.
കോളേജിൽ ജൂനിയേഴ്സ് ആയി വന്നതിന്റെ തൊട്ടടുത്ത ദിവസം ദൃശ്യ അവളുടെ പ്രണയം നന്ദനോട് തുറന്നു പറഞ്ഞു.
അന്നുവരെ ഒരു പെൺകുട്ടിയോടും ഇഷ്ടം പറയുകയോ ആരുമായും ഒരു അടുപ്പം സൂക്ഷിക്കുകയോ ചെയ്യാത്ത നന്ദന് അത് ഒരു അത്ഭുതം തന്നെയായിരുന്നു.
എങ്കിലും കണ്ട മാത്രയിൽ തന്നെ തോന്നുന്ന ഇഷ്ടം ക്ഷണികമാണ് എന്ന് അവൻ അറിയാമായിരുന്നു. അല്ലെങ്കിൽ അവൻ അങ്ങനെ വിശ്വസിച്ചു. അതുകൊണ്ടു തന്നെ ദൃശ്യയെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാനാണ് അവൻ ശ്രമിച്ചത്.
“കുട്ടി എന്നെ ആദ്യമായി കണ്ടത് ഒരുപക്ഷേ ഇന്നലെ ആയിരിക്കും.അതുകഴിഞ്ഞ് ഇന്ന് താൻ എന്നോട് വന്നു ഇഷ്ടം പറയുന്നു. ഇതിൽ നിന്നു തന്നെ തന്റെ ഇഷ്ടം തീരെ ജനുവിൻ അല്ല എന്ന് മനസ്സിലാക്കാം.
കണ്ട മാത്രയിൽ തന്നെ ഒരിക്കലും ഒരാളിനോടും ഇത്രയേറെ അടുപ്പത്തിൽ ഇഷ്ടം തോന്നില്ല. അങ്ങനെ തോന്നിയാൽ തന്നെ അതിൽ യാതൊരു ആത്മാർത്ഥതയും ഉണ്ടാകില്ല.”
അന്ന് നന്ദൻ അങ്ങനെ പറഞ്ഞപ്പോൾ അവൾ തർക്കിക്കുന്നുണ്ടായിരുന്നു.
” ഒരിക്കലും അങ്ങനെയല്ല. എനിക്ക് ചേട്ടനോട് തോന്നിയ ഇഷ്ടം ആത്മാർത്ഥമായി തന്നെയാണ്. അത് തോന്നിയപ്പോൾ തന്നെ ഞാൻ ചേട്ടനോട് വന്നു പറഞ്ഞു എന്നുള്ളതാണ് ഞാൻ ചെയ്ത തെറ്റ്.
എന്തായാലും ഈ ഇഷ്ടം എന്റെ മനസ്സിൽ നിന്ന് ഒരിക്കലും മാഞ്ഞു പോകാൻ പോകുന്നില്ല. എത്രകാലം കഴിഞ്ഞിട്ടാണെങ്കിലും ചേട്ടനെ കൊണ്ട് എന്നെ ഇഷ്ടമാണെന്ന് ഞാൻ പറയിപ്പിക്കും.. ”
ഒരു വാശി പോലെ അന്ന് അവൾ അങ്ങനെ വിളിച്ചു പറയുമ്പോൾ ആ പന്തയത്തിൽ അവൾ ജയിക്കുമെന്ന് ഒരിക്കലും ആരും കരുതിയിരുന്നില്ല.
എന്തു മാന്ത്രികതയാണ് അവൾ നന്ദനിൽ പരീക്ഷിച്ചത് എന്ന് ഇപ്പോഴും അറിയില്ല.. അധികം വൈകാതെ നന്ദൻ അവളിൽ അടിമയായി പോയി എന്നു വേണമെങ്കിലും പറയാം.
അങ്ങനെയാണ് നന്ദന്റെയും കിരണിന്റെയും ഇടയ്ക്ക് ദൃശ്യ എന്നൊരു പെൺകുട്ടി കടന്നു വരുന്നത്.
നന്ദന്റെ കാര്യത്തിൽ അവൾ കുറച്ച് സ്വാർത്ഥയായിരുന്നു എന്ന് വേണമെങ്കിൽ പറയാം. കാരണം മിക്കപ്പോഴും കിരണിന്റെ സാന്നിധ്യം അവളെ അസ്വസ്ഥയാക്കിയിരുന്നു.
നന്ദനും അവളും മാത്രമുള്ള ഒരു ലോകത്തിനെ കുറിച്ചായിരുന്നു അവൾ ചിന്തിച്ചിരുന്നത്.
പക്ഷേ നന്ദനെ സംബന്ധിച്ച് അവന്റെ വീട്ടുകാരോടൊപ്പം അവന്റെ കിരണിനോടും കുടുംബത്തോടും ഒപ്പം അവൾ ഉണ്ടാകണം എന്നാണ് അവൻ ആഗ്രഹിച്ചത്.
അവൻ തന്റെ കുടുംബത്തെയും കൂട്ടുകാരനെയും ഒക്കെ കുറിച്ച് പറയുമ്പോൾ അവൾ അതൊക്കെ ശ്രദ്ധിക്കുന്നതായി ഭാവിക്കുമെങ്കിലും അവളുടെ ഉള്ളിന്റെയുള്ളിൽ എങ്ങനെയെങ്കിലും അവനെ തനിക്ക് മാത്രമായി ലഭിക്കണം എന്നൊരു ആഗ്രഹം മാത്രമായിരുന്നു ഉണ്ടായിരുന്നത്.
കോളേജ് കാലഘട്ടം കഴിഞ്ഞപ്പോഴേക്കും നന്ദൻ നല്ലൊരു ജോലി സ്വന്തമാക്കിയിരുന്നു. അങ്ങനെയെങ്കിലും അവളെ എത്രയും വേഗം ജീവിതത്തിലേക്ക് കൂട്ടാൻ കഴിയണം എന്നൊരു ആഗ്രഹമായിരുന്നു അവന്റേത്..
അധികം വൈകാതെ തന്നെ അവളുടെ കോഴ്സ് കംപ്ലീറ്റ് ആയി. അവൻ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ തന്നെ അവൾ ട്രെയിനിയായി ജോലിക്ക് കയറുകയും ചെയ്തു.
ആ സമയത്ത് വിവാഹത്തെക്കുറിച്ച് അവൻ അവളോട് സൂചിപ്പിച്ചു.
” എനിക്ക് ഇപ്പോൾ ഒരു വിവാഹത്തെ ചിന്തിക്കാൻ കഴിയില്ല നന്ദേട്ടാ.. ”
അന്ന് ആദ്യമായി അവൾ അവനോട് എതിർപ്പ് പ്രകടിപ്പിച്ചു.
“അതെന്താടോ ഇപ്പോൾ അങ്ങനെ പറയുന്നത്…?”
അവൻ ചോദിച്ചപ്പോൾ അവൾ അവനെ നോക്കാതെ മുഖം കുനിച്ചു.
” ഞാനിത് നന്ദേട്ടനോട് സംസാരിക്കണം എന്ന് കരുതി ഇരിക്കുകയായിരുന്നു. എനിക്ക് ഒരു സ്കോളർഷിപ്പ് കിട്ടിയിട്ടുണ്ട്. അമേരിക്കയിൽ പോയി പഠിക്കാൻ..
കൂട്ടത്തിൽ അവിടെ ജോലിയും നോക്കാം.. നന്ദേട്ടനും എന്നോടൊപ്പം അവിടേക്ക് വരണം എന്നാണ് എന്റെ ആഗ്രഹം.. അതൊക്കെ കഴിഞ്ഞതിനു ശേഷം മതിയല്ലോ വിവാഹം..”
അവൾ പറഞ്ഞപ്പോൾ എന്തുകൊണ്ടോ അവളുടെ ആശയത്തെ അംഗീകരിക്കാൻ അവനു കഴിഞ്ഞില്ല.
“എടോ തന്നോട് പലപ്പോഴും ഞാൻ പറഞ്ഞിട്ടുള്ളതാണ് നാട് വിട്ടുനിൽക്കാൻ എന്നെക്കൊണ്ട് പറ്റില്ല എന്ന്. എന്റെ അച്ഛനും അമ്മയ്ക്കും ഞാൻ ഒരേയൊരു മകനാണ്.
അവരുടെ ചെറുപ്പകാലത്ത് അവരുടെ ആരോഗ്യം കളഞ്ഞിട്ടാണ് അവർ എന്നെ നോക്കി വളർത്തി വലുതാക്കി ഈ ഒരു പ്രായത്തിലേക്ക് എത്തിച്ചത്. ഇപ്പോൾ അവർ വാർദ്ധക്യത്തിലേക്ക് അടുക്കുകയാണ്.
ഇങ്ങനെയുള്ള സമയത്ത് അവരെ സംരക്ഷിക്കേണ്ടത് മകൻ എന്ന നിലയിൽ എന്റെ കടമയാണ്. ആ കടമയിൽ നിന്നൊളിച്ച് എനിക്ക് ഒരിക്കലും തന്നോടൊപ്പം മറ്റൊരു രാജ്യത്ത് വന്നു സെറ്റിൽ ആവാൻ കഴിയില്ല.”
അവന്റെ ആ മറുപടി അവളെ ദേഷ്യപ്പെടുത്തുകയാണ് ചെയ്തത്.
” അല്ലെങ്കിലും നന്ദേട്ടന് ഈ പട്ടിക്കാട്ടിൽ കിടക്കാൻ തന്നെയാണ് യോഗം. നല്ലൊരു നാട്ടിലേക്ക് നല്ലൊരു ജോലിയും ജീവിതവുമായി ചേക്കേറാം എന്ന് പറഞ്ഞാൽ ഒരിക്കലും നിങ്ങൾക്കത് മനസ്സിലാവില്ല.
കുറെ സെന്റിമെന്റ്സ് മാത്രമാണ് നിങ്ങളുടെ ജീവിതത്തിലുള്ളത്.. എനിക്ക് ഇത്തരം ചീപ്പ് സെന്റിമെന്റ്സിനോട് യാതൊരു താൽപര്യവുമില്ല.”
അവൾ പുച്ഛത്തോടെ പറഞ്ഞപ്പോൾ അവനും ദേഷ്യം വന്നു.
“അതേടി സെന്റിമെന്റ്സ് ആണെങ്കിൽ സെന്റിമെന്റ്സ് തന്നെ.. പക്ഷേ ഇതൊക്കെ കൊണ്ടാണ് നന്ദൻ പൂർണ്ണനാവുന്നത്.
നീ ഇപ്പോൾ സെന്റിമെന്റ്സ് എന്നുപറഞ്ഞ് അപമാനിച്ച എന്റെ അച്ഛനും അമ്മയും എന്റെ സുഹൃത്തും ഒക്കെ ഇല്ലായിരുന്നെങ്കിൽ ഇങ്ങനെയൊരു അവസ്ഥയിൽ ഇവിടെ നിൽക്കുമായിരുന്നില്ല..”
നന്ദനും ദേഷ്യത്തോടെ വിളിച്ചു പറയുന്നുണ്ടായിരുന്നു.
അന്ന് പരസ്പരം ഉണ്ടായ വാഗ്വാദങ്ങൾക്കൊടുവിൽ അവർ തമ്മിൽ പിരിയുകയും അവൾ അമേരിക്കയിലേക്ക് തന്നെ പോവുകയും ചെയ്തു. അത് നന്ദന് വല്ലാത്തൊരു ഷോക്ക് ആയിരുന്നു.
അവളോട് അങ്ങനെയൊക്കെ കടുപ്പിച്ചു പറഞ്ഞെങ്കിലും അവൾ അവനെ ഉപേക്ഷിച്ചു പോകുമെന്ന് ഒരിക്കലും അവൻ കരുതിയിരുന്നില്ല.
അതിനുശേഷം സ്ത്രീകളെ ആരെയും അവൻ വിശ്വസിക്കാതെയായി. അവിടെ എത്തി രണ്ടു വർഷങ്ങൾ കഴിഞ്ഞപ്പോൾ അവളുടെ കോഴ്സ് കംപ്ലീറ്റ് ആവുകയും അവിടെത്തന്നെ സെറ്റിൽ ആയ ഒരു മലയാളി ഫാമിലിയിലേക്ക് അവൾ വിവാഹം കഴിക്കുകയും ചെയ്തു.
ഇപ്പോഴും അവൻ അവളോടുള്ള വാശിയിൽ ജീവിതം തള്ളി നിൽക്കുകയാണ്.
അവന് ഇപ്പോൾ ഒരു വിവാഹാലോചന വന്നിട്ടുണ്ട്.. അതിനെക്കുറിച്ചുള്ള സംസാരത്തിനിടയിലാണ് അവൻ വീണ്ടും പഴയതൊക്കെ ഓർത്തെടുക്കുന്നത്..
‘ എല്ലാ സ്ത്രീകളും ഒരുപോലെയല്ല തിരിച്ചറിയുന്ന ഒരു ദിവസം വരും… നിന്നെ സ്നേഹം കൊണ്ട് വീർപ്പുമുട്ടിക്കുന്ന ഒരു പെൺകുട്ടി വരും..’ എന്തൊക്കെയോ ചിന്തിച്ചിരിക്കുന്ന നന്ദനെ നോക്കി കിരൺ ഓർത്തു.