ഭാര്യയും ഭർത്താവും ഒന്നിച്ച് കഴിയാതെ എങ്ങനെയാണ് ഒരു ഭാര്യ പ്രഗ്നന്റ് ആവുക, വിവാഹം കഴിഞ്ഞ നാൾ മുതൽ..

(രചന: ആവണി)

പോലീസ് സ്റ്റേഷനിലേക്ക് കയറി ചെല്ലുമ്പോൾ അവന്റെ കൈയ്യും കാലും ഒക്കെ വിറയ്ക്കുന്നുണ്ടായിരുന്നു.

അവൻ അനുഭവിക്കുന്ന മാനസിക സംഘർഷം നിമിത്തം ആയിരിക്കണം അവന് ഒരാളിനെയും തലയുയർത്തി നോക്കാൻ പോലും കഴിയുന്നുണ്ടായിരുന്നില്ല.

അവന്റെ ഒപ്പം അവന്റെ സഹോദരിയും അമ്മയും ഒക്കെ ഉണ്ടായിരുന്നു. സഹോദരി പുറത്തു നിൽക്കുന്ന പോലീസുകാരനോട് എന്തോ പോയി പറഞ്ഞപ്പോൾ അയാൾ അകത്തേക്ക് കയറി ചെല്ലാൻ പറയുന്നത് അവൻ കേട്ടതാണ്.

അകത്തേക്ക് ചെല്ലുമ്പോൾ അവിടത്തെ കാഴ്ച എന്തായിരിക്കും എന്ന് പറയാനാവില്ല..!

എന്നാലും എന്തിനായിരിക്കും അവൾ അങ്ങനെ ഒരു ചതി എന്നോട് ചെയ്തത്…?

വേദനയോടെ അവൻ ഓർത്തു.

“നമ്മളോട് അകത്തേക്ക് ചെല്ലാൻ പറഞ്ഞിട്ടുണ്ട്..”

സഹോദരി വന്നു പറഞ്ഞപ്പോൾ തലയാട്ടിക്കൊണ്ട് അവൻ അകത്തേക്ക് കയറി. അവന്റെ പിന്നാലെ തന്നെ അമ്മയും സഹോദരിയും.

കയറിയപ്പോൾ തന്നെ എസ്ഐയെയാണ് ആദ്യം കണ്ടത്.

” അജിത്ത് വന്നോ.. താനിരിക്കു.. ”

തന്റെ മുന്നിലെ കസേര ചൂണ്ടിക്കാണിച്ചു കൊണ്ട് എസ്ഐ പറഞ്ഞപ്പോൾ അവൻ അവിശ്വസനീയതയോടെ അയാളെ നോക്കി.

എന്റെ ആവശ്യം ഇതല്ലല്ലോ എന്നൊരു ഭാവമായിരുന്നു അവന്റെത്.

“അജിത്ത് ഇരിക്കൂ.. നമുക്ക് സംസാരിക്കാം..”

അവന്റെ ഭാവം മനസ്സിലാക്കിയത് പോലെ എസ് ഐ പറഞ്ഞു.

അത് കേട്ടപ്പോൾ അവനും അവനോട് അടുത്ത സീറ്റുകളിൽ തന്നെ അമ്മയും അനിയത്തിയും ഇരുന്നു.

” നമിത ഇവിടെയുണ്ട്.. ”

എസ് ഐ പറഞ്ഞപ്പോൾ അവൻ അറിയാതെ തന്നെ അവന്റെ കണ്ണുകൾ ചുറ്റും പാഞ്ഞു നടക്കുന്നുണ്ടായിരുന്നു.

“അവളെ ഞാനിവിടെക്ക് വിളിക്കാം. നിങ്ങൾക്ക് ഒരു മുന്നറിയിപ്പ് തന്നു എന്ന് മാത്രം..”

എസ് ഐ പറഞ്ഞപ്പോൾ അവൻ തലയാട്ടി.ഉടൻ തന്നെ അടുത്തു നിന്ന് പോലീസുകാരനോട് അയാൾ ഒരു നിർദ്ദേശം കൊടുക്കുകയും അതനുസരിച്ച് ആ പോലീസുകാരൻ പുറത്തേക്ക് പോവുകയും ചെയ്തു.

രണ്ടു ദിവസം മുൻപാണ് നമിതയെ കാണാനില്ല എന്ന് ഈ പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്തത്. ഒരു ദിവസം ഉച്ചയ്ക്ക് വീട്ടിൽ നിന്ന് ഇറങ്ങിപ്പോയ അവളെ പിന്നീട് ആരും കണ്ടിട്ടില്ല.

സ്വന്തമായി ഒരു മൊബൈൽ ഫോൺ പോലും ഇല്ലാത്തതിനാൽ അവളെവിടെയാണ് എന്ന് വിളിച്ചു ചോദിക്കാൻ പോലും കഴിഞ്ഞില്ല.

അയൽക്കാരാണ് പോലീസിൽ പരാതി കൊടുക്കാം എന്നൊരു ബുദ്ധി ഉപദേശിച്ചത്. അതനുസരിച്ച് ഇവിടെ വന്ന് പരാതി കൊടുക്കുകയും ചെയ്തു.

അവൾക്ക് എന്ത് സംഭവിച്ചു എന്ന് ഓർത്തിട്ട് മനസ്സിന് ഒരു സമാധാനവും ഉണ്ടായിരുന്നില്ല. സമാധാനമില്ലാതെ ഉറക്കമില്ലാതെ രണ്ടു ദിവസങ്ങൾ തള്ളി നീക്കി.

ഇന്ന് രാവിലെയാണ് പോലീസ് സ്റ്റേഷനിൽ നിന്ന് വിളിച്ചിട്ട് കണ്ടെത്തി എന്ന് ഒരു വാർത്ത പറഞ്ഞത്. അത് കേട്ടപ്പോൾ സന്തോഷം തോന്നിയെങ്കിലും അതിനേക്കാൾ ഏറെ വേദനയാണ് തോന്നിയത്.

അവളെ ഞാൻ ആത്മാർത്ഥമായി സ്നേഹിച്ചിട്ടും എന്തുകൊണ്ടാണ് അവൾ എന്നെ വിട്ടു പോയത് എന്നൊരു ചിന്ത..

ഇതിനിടയിൽ തന്നെ അവൾക്ക് മറ്റ് ആരെങ്കിലും ആയി ബന്ധം ഉണ്ടായിരിക്കുമെന്നും അയാളോടൊപ്പം ഒളിച്ചോടി പോയതായിരിക്കും എന്നും അമ്മയും സഹോദരിയും മാറിമാറി പറയുന്നത് കേട്ടിട്ടും അത് കേട്ടില്ലെന്നും നടിക്കുകയായിരുന്നു.

അവർക്ക് പുറമേ നാട്ടുകാർ കൂടി ഇങ്ങനെ പറഞ്ഞു തുടങ്ങിയപ്പോൾ ഒരുപക്ഷേ അത് സത്യമായിരിക്കുമോ എന്നൊരു തോന്നൽ പോലും ഉണ്ടായിരുന്നു.

ഇപ്പോൾ അവളെ കാത്തിരിക്കുമ്പോൾ പോലും അവളോടൊപ്പം മറ്റാരെങ്കിലും ഉണ്ടോ എന്ന് പോലും അറിയില്ല..!

അവൻ ചിന്താഭാരത്തോടെ തലകുനിച്ചു.

” വരുന്നുണ്ട് അഹങ്കാരി.. ”

അമ്മ പിറുപിറുക്കുന്നത് കേട്ടാണ് അവൻ തലയുയർത്തി നോക്കിയത്.

പോലീസുകാരനോടൊപ്പം നടന്നു വരുന്ന നമിതയെ കണ്ടപ്പോൾ അവന്റെ കണ്ണുകൾ വികസിച്ചു. പക്ഷേ അവളോടൊപ്പം ഉള്ള ചെറുപ്പക്കാരനെ കണ്ടപ്പോൾ അവന്റെ മുഖം ഇരുണ്ടു.

ഒരുപക്ഷേ അമ്മയും സഹോദരിയും പറഞ്ഞത് തന്നെയാണ് സത്യം എന്നുപോലും അവൻ ചിന്തിച്ചു.

” നിനക്ക് ഞങ്ങളുടെ വീട്ടിൽ എന്ത് കുറവുണ്ടായിട്ടാണ് അഹങ്കാരി നീ എന്റെ സഹോദരനെ ഉപേക്ഷിച്ച് ഇവനോടൊപ്പം ഇറങ്ങിപ്പോയത്..? കുടുംബത്തിന്റെ മാനം കെടുത്താൻ ആയിട്ട്.. ”

അവളെ കണ്ട വഴിക്ക് തന്നെ അനിയത്തി രോഷം കൊള്ളുന്നത് കേട്ടപ്പോൾ അവന് വല്ലായ്മ തോന്നി.

“നിങ്ങൾ അവിടെ മിണ്ടാതിരിക്കണം. ഇവർ എങ്ങനെ പോയെന്നു എന്തിനു പോയെന്നോ ഇവർ പറഞ്ഞാൽ അല്ലേ നിങ്ങൾക്കറിയൂ.. അവർ എന്തെങ്കിലും പറയുന്നതിനു മുൻപേ സ്വന്തം കാര്യങ്ങൾ സമർഥിക്കാൻ നിൽക്കരുത്..”

രൂക്ഷമായ ഭാഷയിൽ എസ് ഐ പറഞ്ഞപ്പോൾ അവൾ മൗനം പാലിച്ചു.പക്ഷേ ഇതൊക്കെ കേട്ടിട്ടും നമിതയുടെ ചുണ്ടിൽ ചിരിയായിരുന്നു.

” പറയൂ നമിത.താൻ രണ്ടുദിവസം എവിടെയായിരുന്നു..? ”

എസ് ഐ തനിക്ക് സംസാരിക്കാനുള്ള അവസരമാണ് നൽകുന്നത് എന്ന് അറിഞ്ഞപ്പോൾ അവൾക്ക് സന്തോഷം തോന്നി. അവൾ സ്വയം ഓരോന്നും പറയാൻ തയ്യാറെടുക്കുകയായിരുന്നു.

” ഞാൻ എന്റെ വീട്ടിൽ ഉണ്ടായിരുന്നു സാറേ.. എന്റെ അച്ഛനോടും അമ്മയോടും ഒപ്പം.. ”

അവൾ പറഞ്ഞ മറുപടി വിശ്വസിക്കാൻ കഴിയാതെ അവനും കുടുംബവും അവളെ തുറിച്ചു നോക്കി.

” നിങ്ങൾ എന്നെ ഇങ്ങനെ തുറിച്ചു നോക്കിയത് കൊണ്ട് കാര്യമില്ല. എന്നെ എന്റെ വീട്ടിൽ നിന്ന് അല്ലേ കണ്ടെത്തിയതെന്ന് നിങ്ങൾ ഈ പോലീസുകാരോട് ചോദിക്ക്..

ഇവനെ എന്നോടൊപ്പം കണ്ടിട്ടാണ് നിങ്ങളുടെ ഈ നോട്ടമെങ്കിൽ അതിനും എനിക്ക് പറയാൻ മറുപടിയുണ്ട്.. ”

അവൾ പറഞ്ഞപ്പോൾ അവന്റെ അമ്മ പല്ലു കടിക്കുന്നത് അവൾ കണ്ടു.

” പക്ഷേ അതിനെക്കുറിച്ച് പറയുന്നതിനു മുൻപ് എനിക്ക് മറ്റു ചില കാര്യങ്ങളെക്കുറിച്ച് സംസാരിക്കാനുണ്ട്. നിങ്ങൾ ഇപ്പോൾ എന്നെ കാണാനില്ല എന്ന് പറഞ്ഞു തലകുനിച്ചിരിക്കുന്ന സഹോദരനെ കാണുന്നില്ലേ..?

ഈ പറയുന്ന സഹോദരൻ എപ്പോഴെങ്കിലും എന്നെ സ്നേഹത്തോടെ നോക്കുന്നതോ എനിക്കൊരു പരിഗണന തരുന്നതോ നിങ്ങൾ ആരെങ്കിലും കണ്ടിട്ടുണ്ടോ..

അഥവാ അയാൾ അതിനു ശ്രമിച്ചാലും നിങ്ങൾ അതിനുള്ള അവസരം അയാൾക്ക് കൊടുക്കാറുണ്ടോ..? ”

നമിത ചോദിച്ചത് കേട്ടപ്പോൾ അവന്റെ സഹോദരി തലതാഴ്ത്തി.

ശരിയാണ്.. അജിത്തും അവന്റെ ഭാര്യയും ഒന്ന് ചിരിക്കുന്നതും സന്തോഷത്തോടെ സമയം തള്ളിനീക്കുന്നതോ, അമ്മയ്ക്കും സഹോദരിക്കും ഇഷ്ടമായിരുന്നില്ല.

25 വയസ്സോളം കഴിഞ്ഞിട്ടും സഹോദരിക്ക് ഇതുവരെയും ഒരു വിവാഹം ശരിയായിരുന്നില്ല.

തനിക്ക് കിട്ടാത്ത സൗഭാഗ്യങ്ങൾ ഒന്നും വന്നു കയറിയ മറ്റൊരുത്തിക്ക് കിട്ടേണ്ട എന്നൊരു തോന്നൽ ആയിരുന്നു അവൾക്ക്. സമ്മതം നൽകിക്കൊണ്ട് ഒരു അമ്മയും..!

” എല്ലാ ദിവസവും കുടിച്ച് നാല് കാലിൽ വീട്ടിൽ കയറി വരുന്ന ഈ മനുഷ്യൻ എന്നെ എങ്ങനെ സ്നേഹിച്ചിട്ടുണ്ട് എന്നാണ് നിങ്ങളൊക്കെ പറയുന്നത്..?

നിങ്ങൾ അമ്മയും മകളും കൂടി എന്നെ ആ വീട്ടിലിട്ട് കഷ്ടപ്പെടുമ്പോൾ ഒരിക്കലെങ്കിലും എന്നെ ചേർത്തു നിർത്താൻ ഇയാൾ ഉണ്ടായിരുന്നെങ്കിൽ എന്ന് എനിക്ക് കൊതി തോന്നിയിട്ടുണ്ട്..

പക്ഷേ ഒരിക്കൽ പോലും അങ്ങനെ ഒരു തോന്നൽ പോലും അയാളുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല.

പലപ്പോഴും ബോധമില്ലാതെ കയറി വരുന്ന ഇയാൾ എന്നെ തല്ലുകയും ചെയ്തിട്ടുണ്ട്. അതൊക്കെ കണ്ട് ആസ്വദിച്ച് നിൽക്കുന്ന നിങ്ങളെ ഞാൻ പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്.. ”

അത് പറഞ്ഞപ്പോൾ അവൾക്ക് അവരോട് വല്ലാത്ത ദേഷ്യം തോന്നുന്നുണ്ടായിരുന്നു.

” നാടുനീളെ നിങ്ങൾ രണ്ടാളും പറഞ്ഞു നടന്നില്ല ഞാൻ ഒരു മച്ചിയാണെന്ന്..? ഭാര്യയും ഭർത്താവും ഒന്നിച്ച് കഴിയാതെ എങ്ങനെയാണ് ഒരു ഭാര്യ പ്രഗ്നന്റ് ആവുക..?

വിവാഹം കഴിഞ്ഞ നാൾ മുതൽ ഞാൻ ആ വീട്ടിൽ നിന്ന് ഇറങ്ങി വരുന്നതു വരെയും ഞങ്ങൾ ഒരുമിച്ച് ഒരു മുറിയിൽ കഴിഞ്ഞതിനെ കുറിച്ച് നിങ്ങൾക്കറിയാമോ.?

വിവാഹം കഴിഞ്ഞ ആദ്യ നാളുകളിൽ ഇയാൾ മദ്യപിക്കാതെ വന്നാൽപോലും എന്റെ മുറിയിലേക്ക് ഇയാൾ കയറാതിരിക്കാൻ നിങ്ങൾ അമ്മയും മകളും കൂടി എത്രത്തോളം ചീപ്പായ നാടകങ്ങളാണ് കളിച്ചിരുന്നത് എന്ന് നിങ്ങൾക്കറിയാമല്ലോ.?

ഇത്രയും പേർ ഇരിക്കുന്ന ഒരു വേദിയിൽ അതിനെക്കുറിച്ച് പറയാൻ തന്നെ എനിക്ക് നാണം തോന്നുന്നു.

അധികം വൈകാതെ ഇയാൾ മദ്യപാനത്തിലേക്ക് കടന്നു.പാതിരാത്രി ബോധമില്ലാതെ വന്നുകയറി ചിലപ്പോൾ വീടിന്റെ വരാന്തയിലോ മുറ്റത്തോ ആയിരിക്കും ഇയാൾ കിടന്നുറങ്ങുന്നത്.

അങ്ങനെയുള്ളപ്പോൾ എനിക്ക് വിശേഷമാകാത്തത് ഞാൻ മച്ചി ആയതുകൊണ്ടാണ് എന്ന് പറയാൻ നിങ്ങൾക്ക് എങ്ങനെ തോന്നി..?”

അവൾ ചോദിച്ചത് കേട്ടപ്പോൾ കൂടി നിന്നവർക്കൊക്കെ ആശ്ചര്യം ആയിരുന്നു. അവൾ ചോദിച്ചതിലെ സത്യം അറിയുന്നതുകൊണ്ടു തന്നെ അജിത്ത് തലതാഴ്ത്തി ഇരിക്കുകയായിരുന്നു.

” എന്നെക്കൊണ്ട് ഒട്ടും സഹിക്കാൻ പറ്റാത്ത ആയപ്പോഴാണ് സാറേ ഞാൻ ആ വീട്ടിൽ നിന്ന് ഇറങ്ങി പോകുന്നത്.. അവിടെ നിന്ന് ഇറങ്ങി ഞാൻ മറ്റൊരിടത്തേക്കും പോയിട്ടില്ല.

എന്റെ വീട്ടിലേക്ക് തന്നെയാണ് പോയത്. ഇത് എന്റെ കൂടെ പഠിച്ച എന്റെ സുഹൃത്താണ്. അങ്ങനെ പരിചയപ്പെടുത്തുന്നതിനേക്കാൾ എന്റെ അനിയനാണ് എന്ന് പറയാനാണ് ഇപ്പോൾ ഇഷ്ടം.

കാരണം മറ്റൊന്നുമല്ല, എന്റെ അനിയത്തിയെ വിവാഹം ചെയ്യാൻ പോകുന്നത് ഇവനാണ്. ഞാൻ ആ വീട്ടിൽ നിന്ന് ഇറങ്ങി പോകുന്ന ദിവസം ഇവൻ അവിടേക്ക് വന്നിരുന്നു.

എന്റെ സഹോദരിയെ വിവാഹം കഴിക്കാൻ ഇഷ്ടമാണെന്നും അത് എന്റെ വീട്ടുകാരോട് പറയണം എന്നുമൊക്കെ പറഞ്ഞിട്ടാണ് അവൻ അന്ന് എന്നെ കാണാൻ വന്നത്.

പക്ഷേ അവിടുത്തെ എന്റെ അവസ്ഥ അത്ര നല്ലതല്ല എന്ന് അവന് ബോധ്യപ്പെട്ടത് കൊണ്ടായിരിക്കണം അവൻ കാര്യങ്ങൾ ചോദിച്ചത്.

എന്റെ അടുത്ത സുഹൃത്ത് ആയതുകൊണ്ട് തന്നെ അവനോട് മറച്ചുവെക്കാൻ തോന്നിയില്ല. എല്ലാം തുറന്നു പറഞ്ഞപ്പോൾ അവൻ തന്നെയാണ് പറഞ്ഞത് വീട്ടിലേക്ക് മടങ്ങി പോകാൻ.

അനിയത്തിയുടെ ഭാവിയെ ഓർത്ത് ഒന്നും സഹിച്ചും ക്ഷമിച്ചും നിൽക്കണ്ട എന്നും, അനിയത്തിയെ അവൻ വിവാഹം കഴിച്ചോളാം എന്നും, എനിക്ക് ഒരു ജോലി ശരിയാവുന്നതുവരെ എന്റെ കാര്യങ്ങൾ അവൻ നോക്കിക്കോളാം എന്നുമൊക്കെ അവൻ വാക്ക് തന്നതാണ്.

അതുകൊണ്ട് അവൻ തന്നെയാണ് എന്നെ എന്റെ വീട്ടിൽ കൊണ്ടുപോയി ആക്കിയത്.

എന്റെ അവിടുത്തെ അവസ്ഥ മുഴുവൻ എന്റെ വീട്ടുകാരെ പറഞ്ഞു മനസ്സിലാക്കിയതും അവൻ തന്നെയാണ്. അല്ലാതെ നിങ്ങളൊക്കെ കരുതുന്നതു പോലെ ഞാനും ഇവനും തമ്മിൽ അവിഹിതം ഒന്നുമല്ല.

എന്നിട്ടും നിങ്ങളുടെ നാട് മുഴുവൻ ഞാൻ ഏതോ ഒരുത്തന്റെ കൂടെ ഇറങ്ങിപ്പോയി എന്ന് നിങ്ങളുടെ ഈ ഇരിക്കുന്ന സഹോദരിയും അമ്മയും തന്നെ പറഞ്ഞു പരത്തിയിട്ടുണ്ടാകും എന്ന് എനിക്കറിയാം. എങ്കിലും ഞാൻ അത് കാര്യമാക്കുന്നില്ല.. ”

എസ്ഐയോടും അജിത്തിനോടുമായി അവൾ അത് പറഞ്ഞു നിർത്തുമ്പോൾ, അവൾ ജീവിതത്തിൽ യാതൊരു തെറ്റുമില്ല എന്നൊരു തോന്നലിൽ ആയിരുന്നു എസ് ഐ.

അജിത്താകട്ടെ താൻ ചെയ്തു പോയ തെറ്റുകളുടെ കുറ്റബോധത്തിലും…