(രചന: ആവണി)
” ഞാൻ.. ഞാനൊരാളെ പ്രണയിക്കുന്നു… ”
മാനത്ത് സൂര്യൻ മാഞ്ഞു തുടങ്ങുമ്പോൾ, ആ ഇളവെയിലിലേക്ക് നോക്കി നിന്ന് കൊണ്ട് ആരുഷി പറഞ്ഞു. തൊട്ടടുത്തു നിന്ന ഹൃദ്യ അവളെ ഒന്ന് തിരിഞ്ഞ് നോക്കി.
പിന്നെ പഴയത് പോലെ വീണ്ടും അനന്ത സാഗരത്തിലേക്ക് കണ്ണ് നട്ടു.
“നീ എന്താ ഒന്നും പറയാത്തെ..? ഞാൻ പറഞ്ഞത് കേട്ടില്ലെന്നുണ്ടോ..?”
താൻ പറഞ്ഞത് അവൾ കേട്ടിരിക്കില്ലേ എന്നൊരു സംശയത്തിൽ, ആരുഷി നെറ്റി ചുളിച്ചു.
” മം.. ഇതിൽ ഞാൻ എന്ത് മറുപടി പറയണം എന്നാണ് നീ ആഗ്രഹിക്കുന്നത്..? ”
ഗൗരവത്തോടെ ഉള്ള ചോദ്യം..! അത് കേട്ടപ്പോൾ മാത്രം ആരുഷി ഒന്ന് പരുങ്ങി.
സത്യത്തിൽ അവളോട് ഇങ്ങനെ ഒരു കാര്യം പറയുമ്പോൾ, അവളിൽ നിന്ന് യാതൊരു മറുപടിയും പ്രതീക്ഷിച്ചിരുന്നില്ല.
അല്ലെങ്കിൽ തന്നെ പ്രണയം ഓരോരുത്തരുടെയും സ്വാതന്ത്ര്യം അല്ലെ.. അത് ഇപ്പോൾ ആരോട് തോന്നണം എന്നത് ഓരോരുത്തരുടെയും ഇഷ്ടം ആണ്..!
അതിൽ പുറമെ നിന്നൊരാൾ എന്ത് അഭിപ്രായം പറയാനാണ്..!
” അല്ല.. അങ്ങനല്ല… ”
ഹൃദ്യയുടെ നോട്ടം ഇപ്പോഴും തന്നിൽ ആണെന്ന് അറിഞ്ഞപ്പോൾ ആരുഷി എന്തൊക്കെയോ പറയാൻ ശ്രമിക്കുന്നുണ്ടായിരുന്നു.
അത് അറിഞ്ഞെന്ന പോൽ ഹൃദ്യ മൗനം പാലിച്ചു.
” എനിക്കറിയാം.. കഴിഞ്ഞ കുറച്ചു കാലങ്ങളായി എന്നിലുണ്ടായ മാറ്റങ്ങളെ നിങ്ങൾക്ക് ഒക്കെ ഭയമാണെന്ന്…
എനിക്ക് ഭ്രാന്ത് ഒന്നുമല്ല. നീ പേടിക്കണ്ട.. എനിക്ക് ഇങ്ങനെ ഒരു മാറ്റം വന്നിട്ടുണ്ടെങ്കിൽ നിങ്ങളൊക്കെയും അതിന് ഉത്തരവാദികൾ ആണ്… ”
കുറച്ചു നിമിഷത്തെ നിശബ്ദതയ്ക്ക് ശേഷം ഹൃദ്യ സംസാരിച്ചു തുടങ്ങി.
” ഞാൻ എന്തുകൊണ്ട് ഇങ്ങനെയായി എന്ന് ആരെങ്കിലും അന്വേഷിച്ചിട്ടുണ്ടോ..?
ഒരുപക്ഷേ കുറച്ചു നാളുകൾക്കു മുൻപ് നിങ്ങൾ ഇങ്ങനെ ചോദിച്ചിരുന്നു എങ്കിൽ പോലും വ്യക്തമായി ഒരു മറുപടി തരാൻ എനിക്ക് കഴിയില്ലായിരുന്നു. അതിനൊരു കാരണമുണ്ട്..”
ഹൃദ്യ തന്റെ മനസ്സ് തുറക്കാൻ തയ്യാറെടുക്കുകയാണ് എന്ന് ആരുഷിക്ക് തോന്നി.
അവൾ പറഞ്ഞതു പോലെ പലപ്പോഴും അവളുടെ മാറ്റത്തിന് കാരണമെന്താണ് എന്ന് ചോദിക്കാൻ മനസ്സ് വെമ്പിയിട്ടുണ്ട്. എന്നിട്ടും അത് ചോദിക്കാതിരുന്നത് അതൊന്നും തുറന്നു പറയാൻ ഒരു മാനസികാവസ്ഥ അവൾക്കില്ല എന്ന് തോന്നിയിട്ട് തന്നെയാണ്.
ഇപ്പോൾ അവൾ സ്വയം പറയാൻ തയ്യാറെടുക്കുമ്പോൾ,അത് കേൾക്കുകയാണ് ഏറ്റവും നല്ലത്. ഒരുപക്ഷേ അവളിപ്പോൾ ആഗ്രഹിക്കുന്നത് നല്ലൊരു കേൾവിക്കാരിയെ ആയിരിക്കണം.
ആരുഷി ചിന്തിച്ചു.
” പണ്ടത്തെ എന്റെ നിഴൽ രൂപം പോലും ഇപ്പോൾ ഇല്ല എന്ന് നിങ്ങളിൽ പലരും ഓർത്തിട്ടുണ്ടാവും. അതൊരു സത്യമായിരുന്നു താനും. പണ്ട് നമ്മുടെ നാട്ടിൽ ഞാൻ ജീവിച്ചിരുന്നപ്പോൾ ഒരു തുമ്പിയെ പോലെ ആ നാടു മുഴുവൻ പറന്നു നടക്കാൻ എനിക്ക് കഴിഞ്ഞിരുന്നു.
ആ നാട്ടിൽ എനിക്ക് പരിചയമില്ലാത്തവരുടെ എണ്ണം വളരെ കുറവായിരുന്നു എന്ന് വേണമെങ്കിൽ പറയാം. അത്രത്തോളം ആക്ടീവ് ആയിരുന്നു അന്ന് ഞാൻ.
എന്നിട്ടും ആ നാടിനെ അത്രയേറെ സ്നേഹിച്ചിട്ടും എനിക്ക് നഗരത്തിൽ പോയി പഠിക്കണം എന്ന് തോന്നിയത് ഒരുപക്ഷേ എന്റെ സമയദോഷം കൊണ്ടായിരിക്കണം.
നഗരത്തിലേക്ക് പഠിക്കാനായി പോകുമ്പോൾ വീട്ടിൽ നിന്ന് അച്ഛൻ ഒരു 100 തവണയെങ്കിലും പറഞ്ഞിട്ടുണ്ടാകും ചതിക്കുഴികളിൽ ഒന്നും പോയി വീഴരുത് എന്ന്..
അന്ന് അച്ഛൻ ഞാൻ വാക്കു കൊടുത്തിരുന്നു ഒരിക്കലും എന്റെ ഭാഗത്തു നിന്ന് അങ്ങനെ ഒരു തെറ്റും സംഭവിക്കില്ല എന്ന്. എന്നിട്ടും ആ വാക്ക് ഞാൻ തെറ്റിച്ചു.. ”
അത്രയും പറഞ്ഞു ഹൃദ്യ സങ്കടത്തോടെ തല കുനിക്കുന്നത് ആരുഷി കണ്ടു.
” നീ എന്തൊക്കെയാണ് ഈ പറയുന്നത്..? ”
ആരുഷി വല്ലായ്മയോടെ ചോദിച്ചു.
“ഞാൻ സത്യമാണ് പറഞ്ഞത്. അച്ഛൻ ചെറുപ്പത്തിൽ തന്നെ എന്നോട് പറഞ്ഞിട്ടുണ്ട് എന്റെ ചെക്കനെ അച്ഛൻ കണ്ടുപിടിക്കും എന്ന്.
അച്ഛൻ കണ്ടുപിടിക്കുന്നത് ആരെയാണെങ്കിലും എനിക്ക് സമ്മതമാണ് എന്ന് അന്ന് ഞാൻ അച്ഛനും വാക്കു കൊടുത്തിരുന്നു. അച്ഛന് കൊടുത്ത എല്ലാ വാക്കുകളും തെറ്റിച്ച് അച്ഛനോട് യാതൊരു മമതയും കാണിക്കാത്ത മകളാണ് ഞാൻ..”
സങ്കടം കൊണ്ട് ഹൃദ്യയുടെ ചുണ്ടുകൾ വിതുമ്പുന്നുണ്ടായിരുന്നു.
” നീ ഇങ്ങനെ സങ്കടപ്പെടാതെ കാര്യം എന്താണെന്ന് പറയൂ.. പ്രതിവിധിയില്ലാത്ത പ്രശ്നങ്ങൾ ഒന്നും ഉണ്ടാവില്ലല്ലോ.. ”
ആരുഷി അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.
” എന്റെ പ്രശ്നങ്ങൾക്ക് ഒന്നും പരിഹാരമുണ്ടാവില്ല.. ”
നിരാശയോടെ ഹൃദ്യ പറഞ്ഞു. ഒരു നിമിഷം മൗനമായി നിന്നിട്ട് അവൾ തുടർന്നു.
” നഗരത്തിലെ കോളേജിലേക്ക് പോകുമ്പോൾ അവിടെ എനിക്ക് പ്രണയമോ അനാവശ്യ സൗഹൃദങ്ങളോ ഒന്നും ഉണ്ടാവില്ല എന്ന് മനസ്സിൽ ഉറപ്പിച്ചു കൊണ്ടാണ് ആ കോളേജിന്റെ പടി ചവിട്ടിയത്.
ആദ്യത്തെ കുറച്ച് നാളുകൾ ആരോടും സൗഹൃദത്തിന് പോകാതെ സ്വയം എന്നിലേക്ക് തന്നെ ഒതുങ്ങിക്കൊണ്ട് പഠനത്തിൽ മാത്രം ശ്രദ്ധിക്കുകയായിരുന്നു ഞാൻ.
പക്ഷേ പതിയെ പതിയെ ക്ലാസ്സിൽ ആരോടും മിണ്ടാതെ ഇരിക്കുന്നത് എന്നെക്കൊണ്ട് സാധിക്കാത്ത തരത്തിലായി.
അത് മറ്റൊന്നും കൊണ്ടായിരുന്നില്ല ഞാൻ മിസ്സ് ചെയ്യുന്ന ക്ലാസുകളിലെ നോട്ട് എഴുതിയെടുക്കാനും അസൈൻമെന്റിനെ കുറിച്ച് സംസാരിക്കാനും ഒക്കെ എനിക്ക് ഏതെങ്കിലും സുഹൃത്തുക്കളെ വേണമായിരുന്നു. അങ്ങനെയാണ് ക്ലാസിൽ പലരും എന്റെ സുഹൃത്തുക്കളായത്.
എത്രയൊക്കെ സുഹൃത്തുക്കളാണ് എന്ന് പറഞ്ഞാലും എല്ലാവരോടും ഞാൻ ഒരു അകലം പാലിച്ചിരുന്നു. എന്നെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും അവരോട് ആരോടും ഞാൻ പങ്കു വച്ചിട്ടില്ല.
പക്ഷേ പെട്ടെന്ന് ഒരിക്കൽ അനുവാദം പോലും ചോദിക്കാതെ എന്റെ മനസ്സിലേക്ക് ഇടിച്ചു കയറിയതായിരുന്നു അവൻ. സൗഹൃദം മാത്രമായിരുന്നു തുടക്കത്തിൽ എങ്കിലും പതിയെ പതിയെ അത് പ്രണയത്തിലേക്ക് വഴിമാറി.
പ്രണയം പിന്നീട് അതിരുകളില്ലാതെ ഒഴുകി എന്ന് തന്നെ പറയാം. അവന്റെ ക്ലാസ്സ് കഴിഞ്ഞ് അവൻ മടങ്ങി പോയപ്പോൾ അവനെപ്പോലെ തന്നെ എനിക്കും സങ്കടമായിരുന്നു. കാരണം ഇനി ഒരിക്കലും തമ്മിൽ കാണാൻ ആവില്ലല്ലോ എന്ന് ഓർത്തിട്ട്..
പക്ഷേ എന്നെ ഞെട്ടിച്ചു കൊണ്ട് പോയതിന്റെ തൊട്ടടുത്ത ആഴ്ച അവൻ വീണ്ടും വന്നു.എന്നെ കാണാതെയും മിണ്ടാതെയും അവനെക്കൊണ്ട് കഴിയില്ല എന്ന് പറഞ്ഞു.. പിന്നീട് എല്ലാ ആഴ്ചകളിലും അത് പതിവായി..
ആ സമയത്ത് ഞാൻ നാട്ടിലേക്കുള്ള വരവ് കുറച്ചു. കാരണം ഇവിടേക്ക് വരുന്നതിനേക്കാൾ എനിക്ക് പ്രധാനം അവനോടൊപ്പം ഉള്ള നിമിഷങ്ങൾ ആയിരുന്നു. പക്ഷേ കുറച്ചു നാൾ കഴിഞ്ഞപ്പോൾ അവന്റെ വരവ് കുറഞ്ഞു.
പതിയെ പതിയെ അതില്ലാതായി. അവനെ ഫോൺ വിളിച്ചാൽ പോലും കിട്ടാത്ത അവസ്ഥ..!
കാരണമെന്താണെന്ന് അറിയാൻ അവന്റെ ചില സുഹൃത്തുക്കളോട് ഞാൻ അന്വേഷിച്ചിരുന്നു. അതിൽ നിന്ന് അവന്റെ വിവാഹം ഏതോ ഒരു ബിസിനസുകാരന്റെ മകളുമായി ഉറപ്പിച്ചു എന്ന് ഞാൻ അറിഞ്ഞു.
അതൊരു പക്ഷേ എന്നെ പറ്റിക്കാൻ വേണ്ടി ആ സുഹൃത്ത് കള്ളം പറഞ്ഞതായിരിക്കും എന്ന് മാത്രമാണ് എനിക്ക് തോന്നിയത്.
ഞാൻ ആ ടെൻഷനിൽ ഇരിക്കുന്ന സമയത്താണ് മറ്റൊരു വാർത്ത കൂടി ഞാൻ അറിയുന്നത്. എന്റെയും അവന്റെയും പ്രണയത്തിന്റെ അടയാളം എന്റെ വയറ്റിൽ വളരുന്നു എന്ന്..!”
ഹൃദ്യ അത് പറഞ്ഞു കൊണ്ട് ഒരു നിമിഷം നിന്നു. പക്ഷേ കേട്ട വാർത്തയുടെ ആഘാതം ആരുഷിയിൽ സൃഷ്ടിച്ച നടുക്കം ചെറുത് ഒന്നുമായിരുന്നില്ല.
“നീ എന്താ പറഞ്ഞേ..?”
കേട്ടത് തെറ്റിപ്പോയിട്ടില്ല എന്ന് ഉറപ്പിക്കാൻ ആരുഷി ഒരിക്കൽ കൂടി ചോദിച്ചു.
” ഐ വാസ് പ്രഗ്നന്റ്… ആ വാർത്ത അറിഞ്ഞു ഞാൻ അവനെ തേടി അവന്റെ വീട്ടിലേക്ക് പോയിരുന്നു. ഒരുപക്ഷേ ഇതറിയുമ്പോൾ അവൻ സന്തോഷിക്കും എന്ന് ഞാൻ കരുതി.
പക്ഷേ എന്റെ കണക്കുകൂട്ടലുകൾ മുഴുവൻ തെറ്റിച്ചു കൊണ്ട്, അവന്റെ വിവാഹമാണെന്നും വയറ്റിലുള്ള കുഞ്ഞിനെ അബോട്ട് ചെയ്തു കളഞ്ഞാൽ മതി എന്നുമൊക്കെ അവൻ എന്റെ മുഖത്ത് നോക്കി പറഞ്ഞു.
അവന്റെ വീട്ടുകാരെ എതിർത്തു കൊണ്ട് ഒരിക്കലും അവന് എന്നെ സ്വീകരിക്കാൻ കഴിയില്ലെന്ന്.
എല്ലാ പ്രതീക്ഷകളും നശിച്ചു കൊണ്ടാണ് ഞാൻ അന്ന് തിരികെ എന്റെ ഹോസ്റ്റൽ മുറിയിലേക്ക് വന്നത്.നാട്ടിലേക്ക് വരാനോ ആരെയെങ്കിലും വിളിച്ചു വിവരങ്ങൾ പറയാനോ ഒന്നും എനിക്ക് കഴിയില്ലായിരുന്നു.
അതിനിടയിൽ എന്റെ കോഴ്സ് കഴിഞ്ഞു.എക്സാം കഴിഞ്ഞിട്ടും എനിക്ക് വീട്ടിലേക്ക് തിരികെ വരാൻ കഴിയാതിരുന്നതിന് കാരണം അത് മാത്രമായിരുന്നു.
ഒരുപക്ഷേ എന്റെ ഓവർ ആയിട്ടുള്ള ടെൻഷനും, മറ്റും കൊണ്ടാകണം ആ കുഞ്ഞ് എന്റെ വയറ്റിൽ വച്ചു തന്നെ നഷ്ടമായത്.
സത്യം പറഞ്ഞാൽ ആ കുഞ്ഞിനെ ഞാൻ കെയർ ചെയ്തിട്ടില്ല എന്ന് തന്നെ പറയാം. അത് നഷ്ടമായപ്പോൾ എന്റെ ശ്രദ്ധ കുറവു കൊണ്ടാണ് അത് എന്നെ വിട്ടു പോയത് എന്ന് എനിക്ക് തോന്നി.
ഞാനാകെ ഡിപ്രഷൻലേക്ക് പോകുന്നു എന്ന് കണ്ട എന്റെ സുഹൃത്തുക്കളാണ് എത്രയും വേഗം വീട്ടിലേക്ക് പോകണം എന്ന് പറഞ്ഞ് എന്റെ വീട്ടിലേക്ക് എന്നെ തിരികെ കൊണ്ടാക്കിയത്.
ഇപ്പോൾ ഒരുപാട് നാളുകൾക്ക് ശേഷമാണ് ഞാൻ പുറത്തേക്ക് ഇറങ്ങാനും യാഥാർത്ഥ്യം ഉൾക്കൊള്ളാനും ശ്രമിക്കുന്നത്. ഇതിനിടയിൽ അവന്റെ വിവാഹം കഴിഞ്ഞിരുന്നു കേട്ടോ… ”
ഒരു ഫാന്റസി കഥ പറയുന്നതു പോലെ അവൾ പറഞ്ഞു നിർത്തിയത് അവളുടെ സ്വന്തം ജീവിതമായിരുന്നു എന്ന് വിശ്വസിക്കാൻ ആരുഷിക്ക് പ്രയാസം തോന്നി.
” ഞാനിപ്പോൾ ഇത്രയും നിന്നോട് പറഞ്ഞത് എന്തിനാണ് എന്ന് നീ ഓർക്കുന്നുണ്ടാവും. അതിന് ഒരൊറ്റ ഉത്തരമേ എന്റെ കയ്യിൽ പറയാനുള്ളൂ.
എല്ലാ പ്രണയങ്ങളും യാഥാർഥ്യമല്ല.. ഇങ്ങനെ ചതിക്കുന്നവരും ഉണ്ട്. ഒരിക്കലും നീ ഒരു ചതിക്കുഴിയിൽ ചെന്ന് പെടരുത് എന്ന് ആഗ്രഹം ഉള്ളതു കൊണ്ടാണ് ഞാൻ ഇത് നിന്നോട് പറയുന്നത്.”
അത്രയും പറഞ്ഞുകൊണ്ട് ആരുഷിയുടെ മറുപടി പോലും കാത്തുനിൽക്കാതെ ഹൃദ്യ വണ്ടിയുടെ അടുത്തേക്ക് നടന്നു.
പക്ഷേ ആ ഒരു നിമിഷം കൊണ്ട് ആരുഷി മനസ്സിൽ ചില തീരുമാനങ്ങൾ എടുത്തിരുന്നു. പ്രണയിക്കുന്നവൻ ആരെയായാലും, ഒരിക്കലും ശരീരം പങ്കുവെച്ചുകൊണ്ട് ഒരു പ്രണയം തങ്ങൾക്കിടയിൽ ഉണ്ടാവില്ല എന്ന്.
പ്രണയം എന്തുതന്നെയാണെങ്കിലും, വീട്ടിൽ അറിയിച്ച് വീട്ടുകാരുടെ സമ്മതം കൂടി വാങ്ങിയതിന് ശേഷമേ ഇതിനൊക്കെ ഇറങ്ങിത്തിരിക്കൂ എന്ന് കൂടി അവൾ ഓർത്തു.