എന്റെ ദേഹത്ത് കൈ വയ്ക്കാന്‍ അയാള് കാണിച്ച ധൈര്യം, അയാള്‍ ഇങ്ങനെ കുറേപ്പേരെ കൈ വയ്ക്കുന്നുണ്ട്‌..

ലവ് ലെറ്റര്‍
(രചന: അന്ന മരിയ)

അഡ്രെസ്സ് ഇല്ലാത്ത ആദ്യത്തെ കത്ത് വന്നപ്പോള്‍ ആണ് ആള് ജീവനോടെ ഉണ്ടെന്ന് എനിക്ക് മനസ്സിലായത്. ഇനിയിപ്പോ രണ്ടു മാസം. ഓരോ മാസവും ഓരോ കത്ത് വീതം വീട്ടില്‍ വന്നാല്‍ പ്രശ്നം തീര്‍ന്നു.

ആള് നാട്ടിലെത്തിയാല്‍ കൂടെ പോകാം. നമുക്ക് ഗ്രാമങ്ങളില്‍ ചെന്ന് രാപ്പാര്‍ക്കാം എന്ന് ആരോ പറഞ്ഞത് തെറ്റാണ്. കാരണം ശുദ്ധവായു ശുദ്ധജലം ഇത് രണ്ടും ശരിയാണ്. ബാക്കി മുഴുവന്‍ വിഷമാണ് വിഷം.

എന്ന് പറഞ്ഞാല്‍ യാഥാ സ്ഥിതികത അന്നത്തെപോലെ ഇന്നും തുടര്‍ന്നു പോകുന്നത് കൊണ്ട് നമ്മളെ പോലെ പുറം ലോകം കണ്ടവരെ കാണുന്നത് തന്നെ ഇവര്‍ക്ക് അലര്‍ജിയാണ്.

എന്തോ അന്യഗ്രഹ ജീവികളെ പോലെ ഇവര്‍ പെരുമാറും. വെട്ടൊന്ന് മുറി രണ്ട്,, എല്ലാം സ്ട്രൈറ്റ്‌ ഫോര്‍വേഡ്. നേരെ വാ നേരെ പോ.

ഇരുട്ട് പറ്റിയാല്‍ മതില് ചാടാന്‍ പോകുന്നവരാണ് പകല്‍ സമയം സ്ലീവ് ലെസ്സ് ഇട്ട് നടക്കുന്നവരെ കളിയാക്കുന്നത്. കടുത്ത വിരോധാഭാസമാണ്. ഒരാളെ പ്രേമിച്ച കുറ്റത്തിന് ഞാന്‍ ഇപ്പോള്‍ വീട്ടു തടങ്കലില്‍ ആണ്.

ഇത്രെത കാലം എന്ന് ആദ്യം അറിയില്ലാരുന്നു. പിന്നെയാണ് ഇവര് തന്നെ പറയുന്നത് അവനെ മറക്കുന്നത് വരെയെന്ന്. തടങ്കലില്‍ ഇട്ടാല്‍ നടക്കുന്ന കാര്യമാണോ ആളെ മറക്കാന്‍. മണ്ടന്മാര്‍.

ഒരു തവണ ഫോണ്‍ ചെയ്തപ്പോള്‍ ഇരുപതിനായിരം രൂപയുടെ ഫോണ്‍ വാങ്ങി ഇവര്‍ നിലത്തെറിഞ്ഞു. നിലത്തെറിഞ്ഞ അമ്മാവന്റെ ചെകിട്ടത്ത് ഞാന്‍ പൊട്ടിച്ചു.

എന്റെ ഇടത്തും വലത്തും അടി കിട്ടിയെങ്കിലും ഞാനും വിട്ടു കൊടുത്തില്ല. എന്നെ തല്ലാന്‍ അയാള്‍ ആരാ. അയാള്‍ക്കുള്ളത് ഞാന്‍ വച്ചിട്ടുണ്ട്. തക്കം കിട്ടുമ്പോള്‍ ഞാന്‍ കൊടുക്കും.

അതുറപ്പാണ്. ഇരുപത്തിനാല് വയസുള്ള എന്റെ ദേഹത്ത് കൈ വയ്ക്കാന്‍ അയാള് കാണിച്ച ധൈര്യം. അയാള്‍ ഇങ്ങനെ കുറേപ്പേരെ കൈ വയ്ക്കുന്നുണ്ട്‌. അത് എനിക്ക് നന്നായി അറിയാം.

ആ കളി എന്റെടുത്ത് എടുക്കാന്‍ പറ്റില്ല. അത് അയാളുടെ കൈയ്യില്‍ വച്ചാ മതി. എല്ലാവരും ടോക്സിക് ആണ്. മലയാളത്തില്‍ പറഞ്ഞാല്‍ അസഹനീയം.

സഹിക്കുക എന്നല്ലാതെ തല്‍ക്കാലം വേറെ ഒരു മാര്‍ഗ്ഗവും ഇല്ല. എന്താ ചെയ്യാ. ഫോണ്‍ പോയപ്പോള്‍ കിട്ടിയ വഴിയാണിത്. ലാപ്പില്‍ അവനൊരു മെയില്‍ അയച്ചു. കാര്യം പറഞ്ഞു.

നാല് വര്‍ഷം ആരും അറിയാതെ പ്രേമിച്ചതും കറങ്ങാന്‍ പോയതുമൊക്കെ ചെയ്ത കുറ്റത്തിന്റെ തീവ്രത കൂട്ടുന്നു. അവന്‍ ജോലിക്ക് പോയതിന് ശേഷമാണു കാര്യങ്ങള്‍ വീട്ടില്‍ അറിഞ്ഞത്.

ഒരു ദിവസം ഉച്ചയ്ക്ക് അമ്മ റൂം തള്ളി തുറന്നു കയറി വന്നപ്പോള്‍ ഞാന്‍ ഹാഫ് നെക്കാട് ആയിരുന്നു. എന്ന് പറഞ്ഞാല്‍ ഒരു നിക്കറും കൈയ്യില്ലാത്ത ടി ഷര്‍ട്ടും. എന്റെമ്മോ,, ഞാന്‍ അവനുമായി വീഡിയോ കോള്‍ ചെയ്യുകയായിരുന്നു.

പോരെ പൂരം,, തുണി ഇല്ലാതെ ഇരിക്കുന്നു. നാട്ടുകാരെ മുഴുവന്‍ കാണിക്കുന്നു.ആരാടീ അവന്‍ ഏതാടി അവന്‍. ബോയ്‌ ഫ്രണ്ട് എന്ന് പറഞ്ഞിട്ട് അമ്മയ്ക്ക് മനസ്സിലകുന്നില്ല.

ഒടുക്കം കൃത്യമായ കാര്യം പറഞ്ഞ് കൊടുത്തു. ആദ്യം കിട്ടിയത് അമ്മയുടെ അടുത്ത് നിന്നാണ്. എന്റെ ദൈവമേ,, ഈ മനുഷ്യര്‍ എന്താ ഇങ്ങനെ. തൊട്ടതിനും പിടിച്ചതിനും മുഴുവന്‍ തല്ലും വഴക്കും.

ഫോണ്‍ പോയപ്പോള്‍ ഇനി വിളി നടക്കില്ല. വിളിക്കണ്ട,, ഒരു കുഴപ്പവുമില്ല. ആള് ജീവനോടെ ഉണ്ടെന്ന് കൃത്യമായി അറിഞ്ഞാല്‍ മതി. അതിന് എന്റെ അഡ്രസ്സില്‍ ഒരു ബ്ലാങ്ക് ലെറ്റര്‍. അത് മതി.

അമ്മ പറയുന്നത് ഭീകരമാണ്. അച്ഛന്‍ വന്നു കണ്ടത് അമ്മ ഇല്ലാത്തപ്പോള്‍ ആണ്. അച്ഛന്‍ വീട്ടില്‍ വന്നിട്ട് പോയി. പിന്നെ അച്ഛന്‍ വരുന്നത് നിശ്ചയിക്കാന്‍ ആണ്.

അച്ഛനെ കണ്ടപ്പോള്‍ അമ്മ ഞെട്ടിപ്പോയി. അമ്മയുടെ അച്ഛന്‍ മിണ്ടരുതെന്ന് ആംഗ്യം കാണിച്ചപ്പോള്‍ അമ്മ മിണ്ടിയില്ല. കല്യാണം നിശ്ചയിച്ചു കല്യാണം നടന്നു ഞാന്‍ ഉണ്ടായി.

മിണ്ടരുത് എന്ന് പറയാന്‍ കാര്യമുണ്ട്. അമ്മ ലേറ്റ് മാരിയേജ് ആണ്. അമ്മയ്ക്ക് കല്യാണം കഴിക്കുമ്പോള്‍ മുപ്പത് വയസ്സുണ്ട്. ഇന്നത്തെ കണക്കില്‍ ലേറ്റ് അല്ലാട്ടാ. അന്നത്തെ കണക്കിലുള്ള കാര്യമാണ് പറഞ്ഞത്.

അച്ഛനും അമ്മയും പതിനാല് വയസ്സ് വ്യത്യാസം ഉണ്ട്. എന്ന് പറഞ്ഞാല്‍ അച്ഛന്‍ രണ്ടാം കല്യാണമാണ്. ആദ്യം ഈ ചങ്ങല പറഞ്ഞ് തരുമ്പോള്‍ എനിക്കൊന്നും മനസ്സിലാവാറില്ല. ഇപ്പൊ എല്ലാം കൃത്യമായി അറിയാം.

എല്ലാമെല്ലാം. അച്ഛന്‍ മരിച്ചിട്ട് ആറു കൊല്ലമായി. അന്ന് തൊട്ട് അമ്മാവന്‍ ആണ് കാര്യങ്ങള്‍ നോക്കുന്നത്. എന്ന് പറഞ്ഞാല്‍ കാരണവര്‍ സ്ഥാനം. അയാള്‍ മഹാ മുരടന്‍ ആണ്. ഒരു വക പറഞ്ഞാല്‍ മസ്സിലാകാത്ത മനുഷ്യന്‍.

നമ്മള്‍ തമ്മില്‍ എത്ര തവണ വഴക്കുണ്ടായെന്ന് ദൈവത്തിനു മാത്രമേ അറിയൂ. ഓരോ കാര്യത്തിനും അയാള്‍ വന്നു പ്രശ്നം ഉണ്ടാക്കും. ആദ്യമൊക്കെ കേട്ട് നിന്നു.

പിന്നെ ചെവി തുളയ്ക്കാന്‍ തുടങ്ങിയപ്പോള്‍ തിരിച്ചു പറയാന്‍ തുടങ്ങി. പ്രായത്തിന്റെ പിടിവാശി അയാള്‍ക്ക് നന്നായി കാണാനുണ്ട്. അത് അമ്മയ്ക്കുമുണ്ട്‌. അവര് പറയുന്നത് ജയിക്കണം നടക്കണം എന്നൊക്കെയുള്ള കടും പിടുത്തം.

എന്ത് തന്നെയായാലും ഇക്കാര്യത്തില്‍ ആരുടേയും ഒരു പിടുത്തവും നടക്കില്ല. അത് ഞങ്ങള്‍ തുടങ്ങിയപ്പോള്‍ തീരുമാനിച്ചതാണ്. അതില്‍ യാതൊരു മാറ്റവുമില്ല.

തല പോയെങ്കില്‍ പോട്ടെ. എന്നാലും പിന്മാറില്ല. പിന്മാറേണ്ട ആവശ്യമില്ല. അവന്‍ നല്ല പയ്യനാണ്,, നല്ല ഫാമിലി ആണ്. പിന്നെന്തിനു പിന്മാറണം. ജീവിതം നമ്മള്‍ തിരഞ്ഞെടുക്കണം.

അത് വിജയിപ്പികണം. അതാണല്ലോ ഹീറോയിസം. ആ ഹീറോയിസം കാണിക്കാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു. അതുകൊണ്ട് യുദ്ധത്തിനു തുടക്കം കുറിച്ചു.

നിരാഹാര സമരമൊക്കെ പഴയ ഏര്‍പ്പാടാണ്. വെറുതെ പട്ടിണി കിടക്കാമെന്നല്ലാതെ വേറെ കാര്യമൊന്നുമില്ല. അവന്‍ വരുന്ന വരെ ആരോടും മിണ്ടില്ല.

അടിച്ചാലും കൊല്ലുമെന്ന് പറഞ്ഞാലും മിണ്ടില്ല. ഞാന്‍ മിണ്ടിയാല്‍ മാത്രം നടക്കുന്ന കുറെ കാര്യങ്ങള്‍ ഇവിടെ ഉണ്ട്. ഏതോ ഒരു അണ്ണാച്ചി,, ഇപ്പൊ അങ്ങനെ പറയാന്‍ പാടില്ലാലോ ഒരു കന്നട ക്കാരന്‍ ഇവിടെ വരാറുണ്ട്.

അയാള്‍ക്ക് പൈസ കൊടുക്കാന്‍ തികയാതെ വരുമ്പോള്‍ ഞാനാണ് പറഞ്ഞു സമാധാനിപ്പിക്കാര്. അയാള്‍ എവിടെ പോയാലും ഭയങ്കര അലമ്പാണ്.

ആള് കുറച്ചു പാവമായാത് കൊണ്ട് എല്ലാവരും അയാളെ പറ്റിക്കും. അത് മനസ്സിലായപ്പോള്‍ മുതല്‍ അയാള്‍ എല്ലാവരോടും പൈസ കൊടുത്തില്ലെങ്കില്‍ ബഹളം വയ്ക്കും. ഇവിടെ ആര്‍ക്കും കന്നഡ അറിയില്ല.

എനിക്കെ അറിയൂ. ഇപ്രാവശ്യം അയാള്‍ വന്നപ്പോള്‍ ഞാന്‍ മിണ്ടിയില്ല. അയാള്‍ അലമ്പോട് എ,അലമ്പ്. ഒടുക്കം അമ്മാവന്‍ അയാളെ തല്ലാന്‍ നോക്കിയപ്പോള്‍ അയാള്‍ അമ്മാവനെ തല്ലി.

അടിയും ബഹളവും ആയപ്പോള്‍ എന്നോട് ഒന്ന് പറയാന്‍ പറഞ്ഞ് എല്ലാവരും കാലു പിടിച്ചു. ഞാന്‍ ഒരു വിധം അയാളെ പറഞ്ഞ് സമാധാനിപ്പിച്ചു.

കുടുംബമേ നിങ്ങള്‍ കാണാന്‍ കിടക്കുന്നെ ഉള്ളൂ. എന്റെ പ്രാണ നാഥന്‍ വരുന്നത് വരെ എന്റെ ഭാഗത്ത് നിന്നും ഒരു സഹകരണവും നിങ്ങള്‍ പ്രതീക്ഷിക്കണ്ട.