(രചന: ശ്രേയ)
വഴിയരികിലെ പോസ്റ്റിൽ ആദരാഞ്ജലികൾ എന്ന പേരിൽ ഒട്ടിച്ചിരിക്കുന്ന പടം ആരുടേതാണെന്ന് അവൻ ഒരിക്കൽ കൂടി നോക്കി.
അതേ… അത്.. അവൾ തന്നെ… അനു…!!
അവനു തല കറങ്ങുന്നത് പോലെ തോന്നി.
” ദൈവമേ.. ഇവൾ ഇങ്ങനെ ഒരു തീരുമാനം എടുക്കാൻ ഞാൻ ആണോ കാരണക്കാരൻ..? ”
അവൻ അലമുറയിട്ടു.
അവന്റെ ഭാവമാറ്റം തൊട്ടടുത്തു നിന്ന് അവന്റെ സുഹൃത്ത് പുച്ഛത്തോടെയാണ് കണ്ടത്.
” ഇനി ആരെ കാണിക്കാനാണ് നീ ഇങ്ങനെ അഭിനയിക്കുന്നത്..? നീ എത്രത്തോളം അഭിനയം കാഴ്ച വച്ചാലും നീ ചെയ്ത തെറ്റുകൾ ഒന്നും തെറ്റല്ലാതെ ആവില്ലല്ലോ..!”
അമർഷത്തോടെ ആ സുഹൃത്ത് പറയുമ്പോൾ,സങ്കടത്തോടെ അവൻ അയാളെ നോക്കി.
” എടാ ഒന്നും മനഃപൂർവ്വം അല്ലല്ലോ.. ”
സങ്കടം കൊണ്ട് അവന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു.
” എന്തു മനപ്പൂർവ്വം അല്ലെന്ന്..? അവളെ സ്നേഹിച്ച് വഞ്ചിച്ചിട്ട് മറ്റൊരുത്തിയുടെ കഴുത്തിൽ താലി കെട്ടിയത് മനപ്പൂർവ്വം അല്ലെന്നാണോ..?
അവളുടെ കണ്ണിന്റെ മുന്നിൽ ഇവിടെ ഭാര്യയെയും ചേർത്തുപിടിച്ചു നടന്നു പോയത് മനപ്പൂർവ്വം അല്ലെന്നാണോ..? ”
ആ സുഹൃത്ത് ഓരോന്നായി എണ്ണി ചോദിക്കുമ്പോൾ മറുപടിയില്ലാതെ അവൻ തലകുനിച്ചു.
” നിന്നെപ്പോലെ ഉള്ളവനു ഒന്നും പറഞ്ഞിട്ടുള്ളതല്ല പ്രേമം.. അവൾ ആത്മാർത്ഥമായി തന്നെ സ്നേഹിച്ചതല്ലേ നിന്നെ..? എന്നിട്ടും എന്തിനായിരുന്നു അവളോട് ഇങ്ങനെയൊരു ദ്രോഹം..?
അവളെ വിവാഹം കഴിച്ച് കൂടെ കൂട്ടാൻ കഴിയില്ലെങ്കിൽ എന്തിനാണ് നീ അവൾക്ക് ആശകളും മോഹങ്ങളും ഒക്കെ കൊടുത്തത്..? അവളെ അവളുടെ വഴിക്ക് വിട്ടാൽ പോരായിരുന്നോ..? ”
സങ്കടം കൊണ്ട് ആ സുഹൃത്തിന്റെയും ശബ്ദം ഇടറുന്നുണ്ടായിരുന്നു.
” പരിചയപ്പെട്ട നാൾ മുതൽ സ്വന്തം സഹോദരിയെ പോലെ തന്നെ ആ കുട്ടിയെ ഞാൻ കണ്ടിട്ടുള്ളൂ.
അവൾ ഇന്ന് ജീവനില്ലാതെ കിടക്കുമ്പോൾ ഞാൻ ഇങ്ങനെയല്ലാതെ പിന്നെ എങ്ങനെ നിന്നോട് പ്രതികരിക്കണം..? നീ എന്റെ ആത്മാർത്ഥ സുഹൃത്താണ്.
പക്ഷേ എന്തൊക്കെ പറഞ്ഞാലും നിന്റെ ഈ പ്രവർത്തി ഒരിക്കലും എനിക്ക് ന്യായീകരിക്കാൻ കഴിയില്ല. അങ്ങനെ ഞാൻ ചെയ്താൽ അത് ആ പെൺകുട്ടിയോട് ചെയ്യുന്ന ഏറ്റവും വലിയ അപരാധം ആയിരിക്കും.. ”
അവൻ പോലും അറിയാതെ അവന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.
” എടാ നിനക്ക് തോന്നുന്നുണ്ടോ ഞാൻ അവളെ മനപ്പൂർവ്വം വഞ്ചിച്ചതാണെന്ന്..? ”
പൊട്ടിക്കരഞ്ഞു കൊണ്ട് അവൻ ചോദിച്ചപ്പോൾ സുഹൃത്ത് അവനെ പകച്ചു നോക്കി.
” നീ അവളെ ചതിച്ചതല്ലെങ്കിൽ പിന്നെ എന്ത് സംഭവിച്ചതാണ്..? എനിക്ക് ഇനിയെങ്കിലും അറിഞ്ഞേ മതിയാകൂ. കാരണം നിങ്ങളുടെ പ്രണയത്തിന് പലപ്പോഴും ദൂതൻ ഞാനായിരുന്നല്ലോ..!”
ഉറച്ച ശബ്ദത്തിൽ സുഹൃത്ത് ആവശ്യപ്പെട്ടപ്പോൾ അവന്റെ ആവശ്യം അംഗീകരിക്കാതിരിക്കാൻ അവനും കഴിയുന്നുണ്ടായിരുന്നില്ല.
“പറയാം.. ഇനിയെങ്കിലും ആരോടെങ്കിലും തുറന്നു പറഞ്ഞില്ലെങ്കിൽ ചങ്കു പൊട്ടി ഞാൻ ചത്തു പോകും.. അത്രത്തോളം ഞാനിപ്പോൾ അനുഭവിക്കുന്നുണ്ട്..”
അരുൺ എന്ന അവൻ പറഞ്ഞപ്പോൾ, ആ സുഹൃത്ത് അവനെ കേൾക്കാൻ തയ്യാറെടുക്കുകയായിരുന്നു..
” അനു എന്റെ ജീവിതത്തിലേക്ക് കടന്നു വന്നത് എങ്ങനെയാണെന്ന് നിനക്കറിയാമല്ലോ.. അമ്മയുടെ നാട്ടിൽ,ഒരിക്കൽ വെക്കേഷന് പോയപ്പോൾ അവിടെ ക്ലബ്ബിൽ വാർഷികം നടക്കുകയായിരുന്നു.
വീട്ടിലിരുന്ന് ബോറടിച്ചപ്പോൾ വെറുതെ അവിടേക്ക് ഇറങ്ങിയതാണ്. കൂടെ അയലത്തെ കൂട്ടുകാരും ഉണ്ടായിരുന്നു. അവിടെ ചെല്ലുമ്പോൾ മലയാളം പദ്യപാരായണം മത്സരം നടക്കുകയാണ്.
സ്റ്റേജിൽ ഒരു പെൺകുട്ടി കണ്ണുകൾ അടച്ച് നിന്ന് മനോഹരമായ പാട്ടു പാടുന്നുണ്ട്. സ്വതവേ പദ്യങ്ങളോട് താല്പര്യം ഇല്ലാത്ത ഞാൻ, അന്ന് യാതൊരു മടുപ്പും കാണിക്കാതെ ആ കവിത മുഴുവൻ കേട്ടു നിന്നു.
പാട്ടുപാടി കഴിഞ്ഞ് അവൾ സ്റ്റേജിൽ നിന്ന് ഇറങ്ങി കഴിഞ്ഞിട്ടും എന്റെ കണ്ണുകൾ അവൾക്ക് ചുറ്റും കറങ്ങി നടക്കുകയായിരുന്നു.
പിന്നീടുള്ള ഓരോ നിമിഷവും അവളെ കാണാൻ വേണ്ടി മാത്രം ഞാൻ അവൾക്ക് ചുറ്റും പാറിപ്പറന്നു.
ആ വെക്കേഷൻ കഴിഞ്ഞ് തിരികെ വരുമ്പോഴേക്കും അവൾ എന്റെ ഉള്ളിൽ സ്ഥാനം പിടിച്ചു കഴിഞ്ഞിരുന്നു. പിന്നീട് അടുത്ത വെക്കേഷന് അവിടേക്ക് ചെന്നപ്പോഴാണ് ഞാൻ അവളോട് എന്റെ ഇഷ്ടം പറഞ്ഞത്.
ആദ്യം എന്റെ ഇഷ്ടം പറഞ്ഞപ്പോൾ എന്നെ അവഗണിക്കുകയാണ് അവൾ ചെയ്തത്. പക്ഷേ അവളെ അങ്ങനെ വേണ്ടെന്നു വയ്ക്കാൻ എനിക്ക് കഴിയില്ലായിരുന്നു.
കാരണം ആ ചുരുങ്ങിയ നാളുകൾ കൊണ്ട് അവൾ എന്റെ ഉള്ളിൽ അത്രയേറെ സ്ഥാനം പിടിച്ചിരുന്നു. അവൾക്കു വേണ്ടി അവൾക്ക് പിന്നാലെ എത്ര ദൂരം അലയാനും ഞാൻ തയ്യാറായിരുന്നു.
എന്റെ ആത്മാർത്ഥത തിരിച്ചറിഞ്ഞത് കൊണ്ടായിരിക്കണം അവളും തന്റെ പ്രണയം തുറന്നു പറഞ്ഞത്. പിന്നീട് എന്റെ ഓരോ വെക്കേഷനുകളും അവൾക്കു വേണ്ടി മാത്രമുള്ളതായിരുന്നു.
എല്ലായിപ്പോഴും പരസ്പരം കാണാൻ കഴിഞ്ഞില്ലെങ്കിലും ഞങ്ങൾ തമ്മിൽ ഒരുപാട് അടുത്തു എന്ന് തന്നെ പറയാം. പരസ്പരം കാണാൻ വേണ്ടി മാത്രമാണ് ഞങ്ങൾ രണ്ടാളും ഒരുമിച്ച് ഒരേ കോളേജിൽ അഡ്മിഷൻ എടുത്തത്.”
ആ പ്രണയകാലത്തിന്റെ ഓർമ്മയിൽ അരുൺ പുഞ്ചിരിക്കുന്നുണ്ടായിരുന്നു.
” കോളേജിൽ ഉണ്ടായിരുന്ന ഓരോ ദിവസവും ഓരോ നിമിഷവും ഞങ്ങൾ ഞങ്ങളുടെ പ്രണയം ആസ്വദിക്കുക തന്നെയായിരുന്നു.
കോളേജ് കഴിഞ്ഞ് ജോലി വാങ്ങി കഴിഞ്ഞപ്പോൾ എത്രയും വേഗം അവളുടെ കാര്യം വീട്ടിൽ അവതരിപ്പിക്കാം എന്നൊരു ചിന്തയായിരുന്നു എനിക്ക് ഉണ്ടായിരുന്നത്.
അവൾക്കും വീട്ടിൽ പ്രണയം അംഗീകരിക്കുമോ എന്ന കാര്യത്തിൽ വല്ലാത്തൊരു ടെൻഷൻ ഉണ്ടായിരുന്നു.
പക്ഷേ ഞാനാണ് അവൾക്ക് ആത്മവിശ്വാസം നൽകിയത്. അമ്മയുടെയും അച്ഛന്റെയും ഒരേയൊരു മകനായ എന്റെ ആഗ്രഹം ഒരിക്കലും അവർ തള്ളിക്കളയില്ല എന്ന് ഞാൻ അമിതമായി വിശ്വസിച്ചു.
എന്റെ ചിന്തകൾക്ക് തിരിച്ചടി കിട്ടിയത് അവിടെ മുതൽ ആയിരുന്നു. ഞാൻ എന്റെ പ്രണയം എന്റെ വീട്ടിൽ തുറന്നു പറഞ്ഞ ആ ദിവസം മുതൽ..!”
ആ ദിവസത്തിന്റെ ഓർമ്മയിൽ അവന്റെ മുഖം വിഷാദത്താൽ മൂടി.
” ഒരിക്കലും ഈ ബന്ധം ഞങ്ങൾ അംഗീകരിച്ചു തരും എന്ന് നീ കരുതരുത്. നമ്മുടെ നിലയ്ക്കും വിലയ്ക്കും ചേർന്ന ബന്ധമല്ല ഒരിക്കലും അത്.
ഞാനും നിന്റെ അമ്മയും ഈ നഗരത്തിലെ അറിയപ്പെടുന്ന ഡോക്ടർമാരാണ് എന്ന് നീ മറക്കരുത്. അങ്ങനെയുള്ള നമ്മുടെ കുടുംബത്തിലേക്ക് ആ പട്ടിക്കാട്ടിൽ നിന്ന് ദരിദ്രവാസിയായ ഒരു പെൺകുട്ടി വന്നു കയറേണ്ട ആവശ്യമുണ്ടോ..? ”
അച്ഛൻ അങ്ങനെ ചോദിക്കുമ്പോഴും അവന് പ്രതീക്ഷ അമ്മയിലായിരുന്നു.
” നിനക്ക് പറ്റിയ നല്ലൊരു ബന്ധം ഞങ്ങൾ തന്നെ കണ്ടുപിടിച്ചിട്ടുണ്ട്. എന്റെ സുഹൃത്തിന്റെ മകളാണ്.
ആ കുട്ടിക്ക് നിന്നോട് ഒരു താല്പര്യം ഉണ്ടെന്നു പറഞ്ഞപ്പോൾ അ താണ് നല്ലത് എന്ന് ഞങ്ങൾക്ക് തോന്നി. അതുകൊണ്ട് ആ ബന്ധം ഞങ്ങൾ ഉറപ്പിക്കുകയും ചെയ്തു. അ ധികം വൈകാതെ വിവാഹം നടത്തണമെന്നാണ് ഞങ്ങളുടെയൊക്കെ ആഗ്രഹം.
ഞങ്ങളുടെയൊക്കെ ആഗ്രഹത്തെ മറികടന്ന് ആ ദരിദ്രവാസി പെണ്ണിനെ താലികെട്ടി ഇവിടേക്ക് കൊണ്ടുവരാം എന്ന് നിനക്ക് എന്തെങ്കിലും ആഗ്രഹം ഉണ്ടെങ്കിൽ, അ ന്ന് എന്റെ ശവം മാത്രമേ നീ കാണൂ.. ”
അമ്മ കൂടി അങ്ങനെ പറഞ്ഞപ്പോൾ അരുൺ തളർന്നു പോയിരുന്നു.
” അച്ഛന്റെയും അമ്മയുടെയും മ നസ്സ് മാറ്റാൻ ഞാൻ ഒരുപാട് ശ്രമിച്ചു. പട്ടിണി പോലും കിടന്നു. എന്നിട്ടും അവരുടെ ആറ്റിറ്റ്യൂഡിൽ മാത്രം ഒരു വ്യത്യാസവും വന്നില്ല.
ഞാൻ വിവാഹത്തിന് സമ്മതിച്ചില്ലെങ്കിൽ അവളെ അപകടപ്പെടുത്തും എന്ന് അച്ഛനും അമ്മയും ഒരേ സ്വരത്തിൽ പറഞ്ഞപ്പോൾ സമ്മതിച്ചു കൊടുക്കാതെ എനിക്ക് മറ്റൊരു വഴിയും മുന്നിൽ ഉണ്ടായിരുന്നില്ല.
എന്നെ ഭീഷണിപ്പെടുത്തി അ വർ നേടിയെടുത്തത് ആയിരുന്നു നീലിമയുടെ കഴുത്തിലെ താലി..!
ഞാൻ നിന്നെ വഞ്ചിക്കുകയായിരുന്നു എന്ന് അനുവിന്റെ മുഖത്തു നോക്കി പറയാൻ ഞാൻ എത്രത്തോളം കഷ്ടപ്പെട്ടു എന്ന് പറഞ്ഞാൽ നിനക്ക് മനസ്സിലാവില്ല.. നിനക്കെന്നല്ല ഈ ഭൂമിയിൽ ഒരാളിനും മനസ്സിലാവില്ല..
കല്യാണം കഴിഞ്ഞിട്ടും അനുവിന്റെ മുന്നിൽ നീലിമയെ ഞാനെന്റെ ഭാര്യയായി ചേർന്ന് നി ർത്തിയത് എന്റെ വഞ്ചന ഓർത്തിട്ടെങ്കിലും അനു മറ്റൊരു ജീവിതത്തിലേക്ക് പോകണം എന്ന് ഓർത്തിട്ടാണ്.
എനിക്കറിയാം അവൾ എന്നെ അത്രത്തോളം ആത്മാർത്ഥമായി സ്നേഹിച്ചു എന്ന്. അതുകൊണ്ടു തന്നെ മറ്റൊരാളുടെ ജീവിതത്തിലേക്ക് ചേർത്ത് വയ്ക്കാൻ അവൾക്ക് കഴിയില്ല എന്ന് എനിക്കറിയാം.
ഞാൻ വഞ്ചിച്ചു എന്ന് ഓ ർത്തിട്ടെങ്കിലും എന്നെ വെറുത്ത് അവൾ മറ്റൊരാളിനെ സ്നേഹിക്കണം എന്ന് മാത്രമേ ഞാൻ ആഗ്രഹിച്ചുള്ളൂ.
പക്ഷേ എന്റെ ആ ചി ന്ത നിമിത്തം അവൾ തന്റെ ജീവിതം തന്നെ അവസാനിപ്പിക്കുമെന്ന് ഒരിക്കലും ഞാൻ കരുതിയിരുന്നില്ല..!”
അത്രയും പറഞ്ഞ് അവസാനിപ്പിക്കുമ്പോൾ അരുൺ പൊട്ടിക്കരഞ്ഞു പോയിരുന്നു.
അവന്റെ നിസ്സഹായത ഓർത്ത് ആ സുഹൃത്തിനും സങ്കടം തോന്നി. പൂ ർണ്ണമായും അരുണിനെ കുറ്റപ്പെടുത്താനോ സപ്പോർട്ട് ചെയ്യാനോ കഴിയാതെ ആ സുഹൃത്തും ഓർമ്മകളുടെ തടവറയിൽ ആയിരുന്നു…!!
ഓർമ്മകളിൽ നിന്നും മടങ്ങിയെത്തിയപ്പോൾ നിശ്ചലനായി കിടക്കുന്ന സുഹൃത്തിനെയാണ് കണ്ടത്. തന്റെ പ്രാണൻ ഇല്ലാത്ത ലോകത്ത് ഒരുപക്ഷേ അവനും ഇനി ജീവനോടെ ഉണ്ടാവില്ല എന്ന് ദൈവം അവർക്ക് കൊടുത്ത വരമായിരിക്കണം.
അവനും അവളും ഇനി മരണാനന്തര ജീവിതം എങ്കിലും നന്നായി ജീവിക്കട്ടെ…