(രചന: ശ്രുതി)
” എന്നാലും കഷ്ടം തന്നെ.. എങ്ങനെ ജീവിച്ച വീട്ടുകാരാ..? ”
സുമതി പറയുന്നത് കേട്ട് എല്ലാവരും അവിടേക്ക് ശ്രദ്ധിച്ചു.
” നീ ഇത് ആരുടെ കാര്യമാണ് പറയുന്നത്.. ”
കൂടെയുള്ള പെണ്ണുങ്ങൾ ഒക്കെ പണി നിർത്തി ആകാംഷയോടെ സുമതിയെ നോക്കി.
” ആ അനിൽ സാറിന്റെ കാര്യം പറഞ്ഞതാ.. ”
അത് കേട്ടതോടെ എല്ലാവർക്കും ഇടയിൽ നിശബ്ദത ആയിരുന്നു.
” അനിൽ സാറോ അതാരാ ചേച്ചി..? ”
ആ കൂട്ടത്തിലേക്ക് പുതിയതായി വന്ന സുനിതയുടെതായിരുന്നു ചോദ്യം.
” നീ ആ കാണുന്ന വീട് കണ്ടോ..? അവിടെ താമസിച്ചിരുന്നത് അനിൽ സാറും വീട്ടുകാരും ആയിരുന്നു. ”
തൊട്ടുമുന്നിൽ കാണുന്ന ബംഗ്ലാവ് പോലെയുള്ള ആ വീട്ടിലേക്ക് ചൂണ്ടിക്കാണിച്ചു കൊണ്ട് ആരോ ഒരാൾ പറഞ്ഞപ്പോൾ സുനിതയുടെ കണ്ണുകൾ അവിടെത്തന്നെ ഉറച്ചു നിന്നു പോയി.
” ഇപ്പോൾ പിന്നെ അവിടെ ആരും ഇല്ലല്ലോ ചേച്ചി.. അവരൊക്കെ എവിടെ പോയി..? ”
സുനിത ആകാംക്ഷയോടെ ചോദിച്ചു. അത് കേട്ടതോടെ എല്ലാ മുഖങ്ങളിലും സങ്കടം അല തല്ലി .
” അവനെക്കുറിച്ച് ഒന്നും പറയാത്തതാ കൊച്ചേ ഭേദം. ഓരോ മനുഷ്യർക്ക് കഷ്ടകാലം വരുമ്പോൾ അത് ഏത് വഴിക്ക് വേണമെങ്കിലും വരും. അനിൽ സാറിനും കുടുംബത്തിനും സംഭവിച്ചതും അങ്ങനെ തന്നെയായിരുന്നു.”
സുമതി ആ ഓർമ്മകളിൽ ആയിരുന്നു. ആദ്യമായി അനിലിനെയും വീട്ടുകാരെയും കണ്ടത് സുമതി ഓർത്തെടുത്തു.
ഒരിക്കൽ ബാലൻ ചേട്ടനാണ് വീട്ടിൽ വന്ന് പറഞ്ഞത് ആളൊഴിഞ്ഞ ആ ബംഗ്ലാവിൽ പുതിയ താമസക്കാർ വരുന്നുണ്ടെന്ന്.
അവർ വരുന്നതിനു മുൻപ് ബംഗ്ലാവും പരിസരവും വൃത്തിയാക്കി ഇടണം എന്ന് പറഞ്ഞിട്ടുണ്ട്. അതിനുവേണ്ടി തന്നെ വിളിക്കാൻ വന്നതാണ് ബാലൻ ചേട്ടൻ.
” ഈ വീട് വൃത്തിയാക്കി എടുക്കുമ്പോഴേക്കും ഒരു നേരമാകുമല്ലോ.. ഇതെന്താ കാടാണോ..? ”
ആ വീടിന്റെ കോലം അങ്ങനെയായിരുന്നു. വർഷങ്ങളായി ആരും താമസമില്ലാതെ പൂട്ടിക്കിടന്നിരുന്ന വീടായിരുന്നു അത്. ആ നാട്ടുകാർക്കിടയിൽ ആ വീട് ഒരു പ്രേതഭവനം ആയിരുന്നു. അതുകൊണ്ടാണ് അവർ അങ്ങനെ ഒരു ചോദ്യം ചോദിച്ചത്.
” നിന്നെക്കൊണ്ട് പറ്റുന്നതു മാത്രം ചെയ്താൽ മതി.. പിന്നെ വീടിന്റെ അകം മുഴുവൻ വൃത്തിയാക്കാൻ ഉണ്ടല്ലോ.. അവർക്ക് വന്നു കയറി താമസിക്കാനുള്ളതാണ്. അതുകൊണ്ട് അതിന്റേതായ രീതിയിൽ ചെയ്തേക്കണം.. ”
ബാലൻ ചേട്ടൻ ഓർമിപ്പിച്ചു. അത് സമ്മതിച്ചുകൊണ്ട് പണികൾ ഓരോന്നായി തീർക്കുകയും ചെയ്തു.
പക്ഷേ പറഞ്ഞിരുന്നതു പോലെ ഒരു ദിവസത്തെ പണി ആയിരുന്നില്ല അവിടെ ഉണ്ടായിരുന്നത്. പിറ്റേന്നും ഏകദേശം ഉച്ചവരെ അവിടെ ജോലിയുണ്ടായിരുന്നു.
അത് ചെയ്തു കൊണ്ടിരിക്കുന്ന സമയത്താണ് വീട്ടിലേക്ക് ഒരു കാർ വന്നു നിൽക്കുന്നത് കണ്ടത്.
ആ വീട്ടിലേക്ക് താമസത്തിനു വന്നവരാണെന്ന് ഒറ്റനോട്ടത്തിൽ തന്നെ മനസ്സിലായിരുന്നു.
പുതിയ ആളുകളെ കാണാൻ വേണ്ടി മാത്രം ആ കാറിലേക്ക് കണ്ണും നട്ട് നിൽക്കുകയായിരുന്നു താൻ ഉൾപ്പെടെ അവിടെ ഉണ്ടായിരുന്ന ജോലിക്കാർ എല്ലാവരും.
എല്ലാവരോടും മനസ്സ് നിറഞ്ഞ പുഞ്ചിരിച്ചു കൊണ്ടാണ് അനിൽ സാറും അദ്ദേഹത്തിന്റെ ഭാര്യ മിനി ചേച്ചിയും രണ്ടു മക്കളും വന്നത്. ഒരു മകനും ഒരു മകളും മാത്രമായിരുന്നു അവർക്ക് ഉണ്ടായിരുന്നത്.
മകൻ ബിടെക് ഒക്കെ കഴിഞ്ഞു നിൽക്കുന്ന സമയം ആയിരുന്നു. മകൾ ആണെങ്കിൽ എംബിബിഎസിന് പഠിക്കുന്നു.
അനിൽ സാർ റവന്യൂ ഡിപാർട്ട്മെന്റ് എന്തോ ജോലിയിൽ ആയിരുന്നു. അവിടെ നിന്ന് റിട്ടയർ ചെയ്തപ്പോഴാണ് അവർ ഗ്രാമത്തിലേക്ക് ജീവിതം മാറ്റിയത്.
അവരുടെ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട ഒരു തീരുമാനമായി മാറും എന്ന് ഒരിക്കലും അറിയാതെയാണ് അവർ അത്തരത്തിൽ ഒരു തീരുമാനം എടുത്തത്.
വന്നു കയറിയ അവരെ ഒരുപാട് സന്തോഷത്തോടെ തന്നെയാണ് ഞങ്ങൾ സ്വാഗതം ചെയ്തത്. വളരെയധികം സ്നേഹത്തോടെ ജോലിക്കാരോട് ഒക്കെ അവർ ഇടപെട്ടപ്പോൾ എല്ലാവർക്കും മനസ്സു നിറഞ്ഞ സന്തോഷം തന്നെയായിരുന്നു.
സാധാരണ നഗരത്തിൽ നിന്നൊക്കെ വരുന്ന ആളുകൾക്ക് ഗ്രാമത്തിൽ ഉള്ളവരോട് ഒരുതരം പുച്ഛം ആണല്ലോ.. പക്ഷേ അവർ നേരെ തിരിച്ചായിരുന്നു.
ദിവസങ്ങൾ കടന്നു പോകുമ്പോൾ അവർ ഇവിടെ അവരുടെ ജീവിതം കെട്ടിപ്പടുത്തു തുടങ്ങി. ഗ്രാമത്തിലെ എന്ത് കാര്യങ്ങളിലും അവർ ഇടപെട്ടു തുടങ്ങി.
ഗ്രാമത്തിലുള്ളവർക്ക് അവർ ഒരുപാട് പ്രിയപ്പെട്ടതായി മാറാൻ അധികം സമയമൊന്നും വേണ്ടി വന്നില്ല.
ആ ഇടയ്ക്കാണ് സാറിന്റെ മകന് ഈ ഗ്രാമത്തിലെ ഒരു പെൺകുട്ടിയോട് പ്രണയം തോന്നിയത്.
കാണാൻ നല്ല ഭംഗിയുള്ള ഒരു പെൺകുട്ടിയായിരുന്നു അത്. അച്ഛനില്ല. ആ പെൺകുട്ടിക്ക് അമ്മയും ഏട്ടനും മാത്രമാണ് ഉണ്ടായിരുന്നത്.
സാറിന്റെ മകൻ പ്രണയം പറഞ്ഞപ്പോൾ ആ പെൺകുട്ടി എതിർത്തിരുന്നു എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. പക്ഷേ എന്തൊക്കെയാണെങ്കിലും ഞങ്ങളൊക്കെ കാണുമ്പോൾ രണ്ടാളും തമ്മിൽ നല്ല അടുപ്പത്തിൽ ആയിരുന്നു. അവർ രണ്ടാളും പരസ്പരം ഒരുപാട് സ്നേഹിച്ചു.
സാറിന്റെ വീട്ടിൽ അതൊന്നും ഒരു പ്രശ്നമായിരുന്നില്ല. മകന്റെ ഇഷ്ടത്തിനൊപ്പം നിൽക്കുന്ന മാതാപിതാക്കൾ ആയിട്ടാണ് അവരെ തോന്നിയിട്ടുള്ളത്.
ഒരിക്കൽ വിവാഹമാലോചിച്ച് അനിൽ സാറും ഭാര്യയും കൂടി ആ പെൺകുട്ടിയുടെ വീട്ടിൽ ചെല്ലുകയും ചെയ്തു.
പക്ഷേ ആ സമയത്ത് ആ പെൺകുട്ടിയുടെ സഹോദരൻ അവിടെയുണ്ടായിരുന്നു. കള്ളും കഞ്ചാവും ഒക്കെയായി ലഹരിക്ക് അടിമപ്പെട്ട് ജീവിക്കുന്ന ഒരാളായിരുന്നു അവളുടെ സഹോദരൻ.
അനിൽ സാറും ഭാര്യയും ചെന്ന് ആവശ്യം പറഞ്ഞപ്പോൾ, അവരുടെ സ്ഥാനമാനങ്ങൾ പോലും ആലോചിക്കാതെ അയാൾ അവരെ വീട്ടിൽ നിന്ന് ആട്ടിയിറക്കി.
ഇനിയൊരിക്കലും നിങ്ങളുടെ മകൻ എന്റെ സഹോദരിയുടെ പിന്നാലെ നടക്കുക പോലും അരുത് എന്ന് അവൻ താക്കീത് ചെയ്തു. അങ്ങനെ എന്തെങ്കിലും ഉണ്ടായാൽ തന്റെ പ്രതികരണം ഇങ്ങനെ ആയിരിക്കില്ല എന്നുകൂടി അയാൾ കൂട്ടിച്ചേർത്തു.
അനിൽ സാർ അത് വീട്ടിൽ വന്നു പറയുകയും ചെയ്തു. പക്ഷേ സ്നേഹിച്ച പെണ്ണിനെ അങ്ങനെ മറന്നു കളയാൻ സാറിന്റെ മകൻ തയ്യാറായിരുന്നില്ല.
ആരൊക്കെ എതിർത്താലും അവളെ താലികെട്ടി സ്വന്തമാക്കും എന്ന് അവൻ സഹോദരനോട് വെല്ലുവിളിച്ചു. അത് അയാൾക്ക് വല്ലാത്തൊരു നാണക്കേട് ആയി മാറി.
അതിന്റെ പ്രതികാരമായി അയാൾ ചെയ്തത് എന്താണെന്ന് അറിയാമോ..? അനിൽ സാറിന്റെ മകളെ തക്കം പാർത്തിരുന്ന് ഉപദ്രവിച്ചു. നാണക്കേട് സഹിക്കാൻ വയ്യാതെ ആ പെൺകുട്ടി ആത്മഹത്യ ചെയ്തു.
അത് ചോദിക്കാനായി അയാളുടെ അടുത്തേക്ക് ചെന്ന് അനിൽ സാറിന്റെ മകനെ അയാൾ കുത്തി വീഴ്ത്തി.അതിൽ തന്നെ ആ പയ്യൻ മരണപ്പെടുകയും ചെയ്തു.
ഈ ഗ്രാമത്തിലേക്ക് വന്നതോടെ മകനെയും മകളെയും നഷ്ടപ്പെട്ട് അനിൽ സാറും കുടുംബവും ഇവിടെ നിന്ന് മാറിപ്പോയി.
അന്ന് നന്നായി പുഞ്ചിരിച്ച് ഈ ഗ്രാമത്തിലെ ആളുകളുടെ ഉള്ളിലേക്ക് കയറി വന്ന അനിൽ സാറും ഭാര്യയും, എല്ലാവരുടെയും ഉള്ളിൽ ഒരു വേദനയും നൽകി കൊണ്ടാണ് ഇവിടെ നിന്ന് പടിയിറങ്ങിയത്.
അവരും കൂടി പോയതിനു ശേഷം പിന്നീട് ഒരിക്കലും ഈ വീട്ടിലേക്ക് ആരും താമസത്തിന് വന്നിട്ടില്ല. അങ്ങനെ വരുന്നവരുടെ കഷ്ടകാലം ആണ് എന്ന് നാട്ടുകാർക്കിടയിൽ ഒരു ശ്രുതിയുണ്ട്.
സുമതി പറഞ്ഞു കഴിഞ്ഞപ്പോൾ സുനിത താടിക്ക് കയ്യും കൊടുത്ത് ഇരിക്കുകയായിരുന്നു.
” അല്ല ചേച്ചി അപ്പോൾ ആ സാറിന്റെ മകൻ സ്നേഹിച്ചിരുന്ന പെൺകുട്ടിയോ..? ”
ആകാംക്ഷയോടെ സുനിത ചോദിച്ചു.
” ആ സാറിന്റെ മകൻ ആ പെൺകുട്ടിയെ ആത്മാർത്ഥമായി തന്നെയാണ് സ്നേഹിച്ചിരുന്നത്. അവൾക്കും അവനോട് അങ്ങനെ തന്നെയുള്ള ഇഷ്ടമായിരുന്നു.
തന്നോടുള്ള പ്രണയം നിമിത്തം അവന്റെ കുടുംബം പോലും നശിച്ചത് കണ്ട് ആ പെൺകുട്ടിക്ക് സങ്കടം സഹിക്കാൻ കഴിഞ്ഞില്ല. അവനെ കുത്തി വീഴ്ത്തി അവൻ മരണപ്പെട്ട ആ രാത്രിയിൽ ആ പെൺകുട്ടി ഒരു മുഴം കയറിൽ ജീവിതം അവസാനിപ്പിച്ചു.. ”
സുമതി പറഞ്ഞു കഴിഞ്ഞപ്പോൾ സുനിതയ്ക്ക് ആകെ സങ്കടം വന്നു.
” ആ പെൺകുട്ടിയുടെ സഹോദരൻ ഒരാൾ നിമിത്തം എത്ര ജീവിതങ്ങളാണ് ഇല്ലാതെയായത്..? എന്നിട്ട് അയാളെ പോലീസ് പിടിച്ചോ..?. ദുഷ്ടനാണ് അയാൾ.. ”
സുനിതയ്ക്ക് അയാളെ ഓർത്ത് വെറുപ്പ് തോന്നി.
” അയാളെ പോലീസ് പിടിക്കുകയും ചെയ്തു. കുറെനാൾ ശിക്ഷ അനുഭവിച്ചു. പിന്നെ ചെയ്ത ദ്രോഹങ്ങളുടെ ബലം കൊണ്ടായിരിക്കണം അവിടെവച്ച് എന്തോ ഒരു അസുഖം വന്നിട്ടാണ് മരിച്ചത്.
രണ്ടു മക്കളെയും നഷ്ടപ്പെട്ട അവരുടെ അമ്മ മനോനില തെറ്റി ഒരിക്കൽ ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്തു. ”
സുമതി പറഞ്ഞു കഴിഞ്ഞ് തന്റെ ജോലികൾ തുടർന്നു. സുനിതയുടെ കണ്ണുകൾ അപ്പോഴും ആ വീടിന് നേരെയായിരുന്നു.
ഒരാൾ കാരണം എത്ര ജന്മങ്ങളാണ് ഇല്ലാതെയായത്..! നെടുവീർപ്പോടെ അതും ചിന്തിച്ചുകൊണ്ട് സുനിത തന്റെ ജോലികൾ പൂർത്തിയാക്കാൻ തുടങ്ങി…