കല്യാണം കഴിഞ്ഞ് നീ അങ്ങോട്ട് പോയിട്ട് അധികം നാൾ ഒന്നും ആയിട്ടില്ലല്ലോ, നീ ഇങ്ങോട്ട് വരുന്നത് തന്നെ..

(രചന: ശ്രേയ)

” ചേച്ചി എവിടെ അമ്മേ…? ”

വീട്ടിലേക്ക് കയറി വന്നുകൊണ്ട് മകൾ ചോദിക്കുന്നത് കേട്ടപ്പോൾ സരോജിനിയമ്മ അവളെ ശ്രദ്ധിച്ചു.മകളെ കണ്ടപ്പോൾ അവരുടെ മുഖം വിടർന്നു.

” നീയെന്താ മോളെ വന്ന വഴിക്ക് അവിടെ തന്നെ നിൽക്കുന്നത്..? അകത്തേക്ക് കയറി വാ..”

അമ്മ വിളിച്ചപ്പോൾ അവൾ അമ്മയുടെ അടുത്തേക്ക് വന്നിരുന്നു.

” അമ്മ എന്താ ഇവിടെ ചെയ്യുന്നത്..? ”

അമ്മയുടെ കയ്യിൽ ഇരിക്കുന്ന തുണിയിലേക്ക് നോക്കിക്കൊണ്ട് അവൾ ചോദിച്ചു.

” ഇതിന്റെ ഹൂക് വിട്ടു പോയതാ മോളെ..ഞാൻ അതൊന്നു തയ്ക്കുന്നതാണ്.. ”

അമ്മ പറഞ്ഞപ്പോൾ അത് ഇഷ്ടപ്പെടാത്തത് പോലെ അവൾ മുഖം ചുളിച്ചു.

” അമ്മ ഈ പഴയതൊക്കെ തന്നെയാണോ ഇപ്പോഴും ഉപയോഗിക്കുന്നത്..? ”

അവൾ ചോദിച്ചപ്പോൾ അമ്മ അതിൽ എന്താ കുഴപ്പം എന്നുള്ള പോലെ അവളെ നോക്കി.

” ചേച്ചിക്ക് ചേട്ടൻ ഇടയ്ക്ക് പുതിയത് ഒക്കെ വാങ്ങി കൊടുക്കുന്നു എന്ന് കേൾക്കാറുണ്ടല്ലോ. എന്നിട്ട് അമ്മയ്ക്കൊന്നും വാങ്ങി തരാറില്ലേ.. ?”

അവൾ ചോദിച്ചപ്പോൾ അമ്മ അവളെ നോക്കി പുഞ്ചിരിച്ചു.

“നിന്നോട് ആരാ പറഞ്ഞേ അവർ എനിക്കൊന്നും വാങ്ങിത്തരാറില്ല എന്ന്.. അവൾക്ക് എന്നൊക്കെ ഡ്രസ്സ് വാങ്ങിയിട്ടുണ്ടോ അന്നൊക്കെ അവൾ എനിക്ക് വാങ്ങി തന്നിട്ടുണ്ട്..

പിന്നെ എല്ലാം കൂടെ എടുത്ത് ഉപയോഗിച്ച് നാശമാക്കുന്നത് എന്തിനാ എന്ന് കരുതിയിട്ടാണ് ഞാൻ ഇത് എടുക്കുന്നത്.. ഇതിന് തുണിക്കോ മറ്റോ ഒരു കേടുപാടുമില്ല. ഒരു ഹുക്ക് വിട്ടുപോയത് മാത്രമേയുള്ളൂ. ആ പേരും പറഞ്ഞ് ഇത്രയും നല്ല തുണിയെടുത്ത് കളയേണ്ട കാര്യമില്ലല്ലോ..”

അമ്മ പറഞ്ഞത് അവൾക്ക് ഇഷ്ടപ്പെട്ടില്ല എന്ന് അവളുടെ മുഖത്ത് തന്നെ എഴുതി വച്ചിട്ടുണ്ടായിരുന്നു..

” ചേച്ചി എവിടെപ്പോയി…? അമ്മ പറഞ്ഞില്ലല്ലോ…”

പെട്ടെന്ന് ഓർത്തത് പോലെ അവൾ വീണ്ടും അന്വേഷിച്ചു.

“നീ എന്തിനാ ഇപ്പൊ അവളെ അന്വേഷിക്കുന്നത്..?”

അമ്മ അവളെ തുറിച്ച് നോക്കി.

” അല്ല സാധാരണ എന്റെ ശബ്ദം കേട്ടാൽ വേഗം ഇവിടേക്ക് വരുന്നതാണല്ലോ.. ഇന്ന് കണ്ടില്ല.. അതുകൊണ്ട് അന്വേഷിച്ചതാണ്..”

അവൾ പറഞ്ഞപ്പോൾ അമ്മ ചിരിച്ചു.

” അവൾ ഇവിടെ ഇല്ല. ബാങ്കിൽ പോയതാണ്… പിന്നെ വീട്ടിലേക്ക് കുറെ സാധനങ്ങളും വാങ്ങാനുണ്ട്..ഇതൊക്കെ കൂടി വാങ്ങി കൊണ്ട് അവൾ ഇനി എങ്ങനെ വരുമോ ആവോ..? ”

അമ്മ ആകുലപ്പെട്ടു.

“ചേച്ചി എന്തിനാ ബാങ്കിലേക്ക് പോയത്..?”

അവളുടെ സംശയങ്ങൾക്ക് അവസാനം ഉണ്ടായിരുന്നില്ല.

“അവൻ പൈസ അയച്ചിട്ടുണ്ട്.. അത് എടുക്കാൻ പോയതാണ്.. അത് എടുത്തിട്ട് വേണം വീട്ടിലേക്ക് ഈ മാസത്തേക്കുള്ള സാധനങ്ങൾ മുഴുവൻ വാങ്ങാൻ. എന്തായാലും പോയ സ്ഥിതിക്ക് അവൾ അതും കൂടി വാങ്ങിക്കൊണ്ടേ വരുള്ളൂ..”

അമ്മ പറഞ്ഞതൊന്നും അവൾക്ക് ഇഷ്ടപ്പെടുന്നുണ്ടായിരുന്നില്ല.

” ചേട്ടൻ ചേച്ചിയുടെ അക്കൗണ്ടിലേക്ക് ആണോ പൈസ അയക്കുന്നത്..? മുൻപ് അമ്മയുടെ അക്കൗണ്ടിലേക്ക് ആണല്ലോ അയച്ചു കൊണ്ടിരുന്നത്..?”

അവൾ സംശയം പ്രകടിപ്പിച്ചു.

” നീ പറഞ്ഞത് ശരിയാ.. മുൻപ് അവൻ എന്റെ അക്കൗണ്ടിലേക്ക് ആയിരുന്നു പൈസ അയച്ചിരുന്നത്. അത് അവന്റെ കല്യാണത്തിന് മുൻപ് അല്ലേ..?

ഇതിപ്പോൾ അവന്റെ കല്യാണം കഴിഞ്ഞ് അവൻ ഒരു കുടുംബമായി. ഇനി ഇവിടത്തെ കാര്യങ്ങളൊക്കെ നോക്കാൻ ഉള്ളത് അവൾ തന്നെയാണ്. ഇപ്പോൾ ചെയ്തു പഠിക്കുന്നത് തന്നെയല്ലേ നല്ലത്..? ”

അമ്മ ചോദിച്ചപ്പോൾ അവൾ മുഖം വീർപ്പിച്ചു.

” അമ്മ ഇങ്ങനെ എല്ലാ കാര്യങ്ങളും അവകാശങ്ങളും ഒക്കെ പറഞ്ഞു അവൾക്ക് കൊടുത്തോ. അവസാനം അമ്മയ്ക്ക് ഇവിടെ ഒരു വിലയും ഇല്ലാതാകും.

ഇപ്പോൾ തന്നെ അമ്മയ്ക്ക് എന്തെങ്കിലും ഒരു ആവശ്യമുണ്ടെങ്കിൽ ചേച്ചിയോട് പൈസ ചോദിക്കേണ്ട അവസ്ഥയല്ലേ..? അമ്മയ്ക്ക് സ്വന്തം ഇഷ്ടത്തിന് എടുത്തു ചെലവാക്കാൻ ഒരു രൂപയെങ്കിലും ഉണ്ടാകുമോ..? ”

അവൾ ആകുലത പ്രകടിപ്പിച്ചു.

” അതിന് എനിക്ക് എന്ത് ആവശ്യം ഉണ്ടെന്നാണ്..? ആഹാരവും വസ്ത്രവും എല്ലാം കൃത്യമായി എനിക്ക് ഇവിടെ നിന്ന് കിട്ടുന്നുണ്ട്.

പിന്നെ എന്റെ ഫോൺ റീചാർജ് ചെയ്യുന്ന കാര്യമാണെങ്കിൽ അത് എന്നെക്കാൾ മുന്നേ ഓർത്ത് ചെയ്യുന്നത് അവളാണ്. ടിവി കണ്ടിരിക്കാൻ ആണെങ്കിൽ കേബിളും കറണ്ടും ഒക്കെ ഉണ്ട് താനും.

പിന്നെ വല്ലപ്പോഴും എനിക്ക് എന്തെങ്കിലും വാങ്ങണമെന്ന് തോന്നിക്കഴിഞ്ഞാൽ തന്നെ പണം ആവശ്യത്തിന് എന്റെ കയ്യിൽ ഉണ്ടാകും.. അവൾ ബാങ്കിൽ നിന്ന് പണം എടുത്തു കൊണ്ട് വന്നാൽ കൃത്യമായി എല്ലാ മാസവും ഒരു തുക എന്നെ ഏൽപ്പിക്കാറുണ്ട്.. ”

അമ്മ പറഞ്ഞത് അത്ര ഇഷ്ടപ്പെടാത്ത ഭാവമായിരുന്നു അവളുടേത്.

“എന്തായാലും എല്ലാ കാര്യങ്ങൾക്കും ചേച്ചിയെ ഇങ്ങനെ വളം വച്ചു കൊടുക്കുന്നത് നല്ലതൊന്നുമല്ല..ഇപ്പോൾ നാട്ടിൽ എന്തൊക്കെയാണ് നടക്കുന്നത് എന്ന് നമ്മൾ കാണുന്നതല്ലേ..?”

ഒന്നുമല്ലാത്ത രീതിയിൽ അവൾ പറഞ്ഞപ്പോൾ അമ്മയ്ക്ക് ആകെ ഒരു ടെൻഷനായി.

“നീ എന്താ ഉദ്ദേശിക്കുന്നത്..?”

അമ്മ അന്വേഷിച്ചു.

” അല്ല ചേട്ടൻ നാട്ടിൽ ഇല്ലാത്തത് ആണല്ലോ.. അപ്പോൾ പിന്നെ ചേച്ചിയെ ഇങ്ങനെ എല്ലാ കാര്യത്തിനും ആശ്രയിച്ചാൽ ചേച്ചി ഏതെങ്കിലും വിധത്തിൽ വഴിമാറി പോയി കഴിഞ്ഞാൽ നമ്മൾ അറിയുകയുമില്ല..

നാളെ വല്ലവന്റെയും കൂടെ ഇറങ്ങി പോയാൽ നഷ്ടം നമുക്ക് തന്നെയായിരിക്കും. ചേട്ടൻ മാസാമാസം അയക്കുന്ന പൈസ മുഴുവൻ ചേച്ചി എന്തായാലും ഇവിടെ എടുത്ത് ചെലവാക്കുന്ന ഒന്നുമില്ലല്ലോ.. അതിൽ നിന്ന് എന്തായാലും ഒരു നീക്കിയിരുപ്പ് ചേച്ചിയുടെ അക്കൗണ്ടിൽ ഉണ്ടാകും.

പിന്നെ ചേട്ടൻ എത്ര രൂപയാണ് ഒരു മാസം അയക്കുന്നത് എന്നൊന്നും നമുക്ക് കണക്കില്ലല്ലോ. ഇതെല്ലാം കൂടെ കൂട്ടിവച്ച് ചേച്ചി നാളെ ഏതെങ്കിലും ഒരുത്തന്റെ കൂടെ ഇറങ്ങിപ്പോയാൽ ഇതു മുഴുവൻ നമുക്ക് നഷ്ടമാണ്..

അതുകൊണ്ട് ചേച്ചിയുടെ അക്കൗണ്ടിലേക്ക് അയക്കാതെ ഇനി മുതൽ അമ്മയുടെ അക്കൗണ്ടിലേക്ക് തന്നെ പൈസ അയച്ചാൽ മതിയെന്ന് ചേട്ടനോട് പറയണം..

പിന്നെ ഇങ്ങനെ സാധനം വാങ്ങാൻ എന്നും അതിനെന്നും ഇതിനെന്നും ഒക്കെ പറഞ്ഞു ചേച്ചിയെ ഒറ്റയ്ക്ക് അയക്കണ്ട..! പോകുന്ന വഴിയിൽ ആരെയൊക്കെ കാണുന്നുണ്ടെന്നോ എവിടെയെല്ലാം പോകുന്നുണ്ടെന്നോ നമുക്ക് അറിയില്ലല്ലോ..

ഇനി അഥവാ ചേച്ചി എവിടെയെങ്കിലും പോകുന്നു എന്ന് പറയുകയാണെങ്കിൽ അമ്മയും കൂടെ പോയാൽ മതി.. രണ്ടാൾക്കും കൂടി ഒന്നിച്ചു പോയി സാധനങ്ങളൊക്കെ വാങ്ങാമല്ലോ.. തിരികെ ഒരു ഓട്ടോ വിളിച്ചു വന്നാൽ മതി…”

അവൾ തന്റെ മനസ്സിൽ തോന്നിയതു മുഴുവൻ അമ്മയോട് പറഞ്ഞു. അപ്പോഴും അമ്മ അവളെ തുറിച്ചു നോക്കിയിരിക്കുകയായിരുന്നു.

“നിന്റെ ഉദ്ദേശം എന്താണെന്ന് ഞാൻ ചോദിക്കുന്നില്ല.. എന്നാലും എന്നെയും അവളെയും തമ്മിൽ ഇങ്ങനെ തമ്മിലടിപ്പിക്കുമ്പോൾ നിനക്ക് എന്താണ് ലാഭം എന്നുള്ള കാര്യത്തിൽ എനിക്ക് സംശയമുണ്ട്..”

അമ്മ പറഞ്ഞത് കേട്ട് അവൾ ആകെ വല്ലാതായി.

” എനിക്ക് എന്ത് ലാഭമുണ്ടെന്ന്…? ”

അവൾ ഒന്നുമറിയാത്തതു പോലെ ചോദിച്ചു.

“നിന്നെ എനിക്ക് നന്നായി അറിയാം… നിന്നെ പ്രസവിച്ച് ഈ പ്രായം വരെ വളർത്തിയത് ഞാനാണല്ലോ.. കല്യാണം കഴിഞ്ഞ് നീ അങ്ങോട്ട് പോയിട്ട് അധികം നാൾ ഒന്നും ആയിട്ടില്ലല്ലോ.. നീ ഇങ്ങോട്ട് വരുന്നത് തന്നെ എന്നെയും അവളെയും തമ്മിൽ ഓരോന്ന് പറഞ്ഞു തെറ്റിക്കാൻ വേണ്ടിയാണ്.

ഇപ്പോൾ ആ പെങ്കൊച്ചിനെ കുറിച്ച് ഇത്രയും അപവാദങ്ങൾ വിളിച്ചു പറയാൻ എന്തെങ്കിലും ഒരു കാരണം അവൾ ഉണ്ടാക്കിയിട്ട് ആണോ..? അവൻ ഇവിടെ ഇല്ലാതെ ഒന്നൊന്നര വർഷമായി ആ കൊച്ചു ഈ വീട്ടിൽ നിൽക്കാൻ തുടങ്ങിയിട്ട്..

ഇന്നുവരെ ഏതെങ്കിലും ഒരുത്തന്റെ മുഖത്തേക്ക് ഒരു 5 മിനിറ്റ് നോക്കി നിൽക്കുന്നതു പോലും ഞാൻ കണ്ടിട്ടില്ല.. ആരെങ്കിലും അനാവശ്യമായി ഫോണിൽ വിളിച്ച് സംസാരിക്കുന്നതോ സംശയം തോന്നിക്കുന്ന തരത്തിൽ ഒരു പ്രവർത്തനം പോലും അതിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല.

എന്റെ മോനെ അവൾ അത്രയും ആത്മാർത്ഥമായി തന്നെയാണ് സ്നേഹിക്കുന്നത് എന്ന് എനിക്കറിയാം. അങ്ങനെയൊരു കൊച്ചിനെ കുറിച്ച് ഇത്രയും അപവാദം പറഞ്ഞ് പരത്താൻ നിന്നെ കൊണ്ട് എങ്ങനെ കഴിയുന്നു…?

നീ ഇനി എന്തൊക്കെ പറഞ്ഞാലും ശരി അവളെ ഞാൻ അവിശ്വസിക്കാൻ പോകുന്നില്ല.. എന്റെ അവസാനകാലത്ത് നിന്നെക്കാൾ കൂടുതൽ എനിക്ക് ഉപകരിക്കുന്നത് അവളായിരിക്കും..

ഇന്ന് നിന്റെ വാക്ക് കേട്ട് അവളെ ഓരോന്ന് പറഞ്ഞ് വേദനിപ്പിച്ച് ആ പെൺകുട്ടിയുടെ കണ്ണീരു മുഴുവൻ ഞാൻ കാണുന്നതിനേക്കാൾ നല്ലത് അവളെ സ്നേഹിച്ച് മര്യാദയ്ക്ക് കഴിഞ്ഞാൽ എന്റെ ആപത്തുകാലത്ത് അവൾ എന്നെ സഹായിക്കും.

എന്നെ സ്വന്തം അമ്മയെ പോലെ തന്നെയാണ് ആ കൊച്ചു സ്നേഹിക്കുന്നത്.. ഞാനെന്തിനാണ് വയസ്സ് കാലത്ത് വെറുതെ അതിനെ പിണക്കുന്നത്..? ”

അമ്മ പറഞ്ഞത് ഇഷ്ടപ്പെടാതെ അവൾ ഇരുന്ന ഇടത്തു നിന്ന് എഴുന്നേറ്റു.

” ഞാൻ പോകുവാ…”

മുഖം വീർപ്പിച്ചു കൊണ്ട് അവൾ പറഞ്ഞു.

” അതുതന്നെയാണ് നല്ലത്.. പോകുന്നതിനു മുൻപ് ഒരു കാര്യം കൂടി പറഞ്ഞേക്കാം.. എന്നെയും അവളെയും തമ്മിൽ തെറ്റിക്കാൻ വേണ്ടി ഇനി ഇവിടേക്ക് കയറി വരണമെന്നില്ല. വന്നാൽ കൊള്ളാം മര്യാദയ്ക്ക് രണ്ടുദിവസം നിന്നിട്ട് പൊയ്ക്കോളണം.. അവൾക്ക് എപ്പോഴും ഉള്ളതാണ് ഈ കണ്ണുകടി.. ”

അമ്മ പറഞ്ഞത് ഇഷ്ടപ്പെടാതെ ചവിട്ടിതുള്ളി അവൾ വന്ന വഴിക്ക് തന്നെ മടങ്ങി. ഇങ്ങനെയുള്ള നാത്തൂന്മാരും നമ്മുടെ നാട്ടിൽ വിരളം ഒന്നുമല്ല…!!