ഇത്രയും ബുദ്ധിമുട്ട് ഉണ്ടെന്ന് അറിഞ്ഞിരുന്നെങ്കിൽ ഒരിക്കലും നീ ഒരു പ്രവാസിയെ കല്യാണം കഴിക്കില്ലായിരുന്നു അല്ലേ..

(രചന: അംബിക ശിവശങ്കരൻ)

‘എന്തിനാ ചേച്ചി നീ ഇങ്ങനെ ഫോണും നോക്കി വെപ്രാളപ്പെട്ടിരിക്കുന്നത്?

ചേട്ടന്റെ ഡ്യൂട്ടി കഴിഞ്ഞിട്ടുണ്ടാകില്ല നീ വന്ന് അഡ്രസ്സൊക്കെ ഒന്ന് മാറ്റിയിട് അപ്പോഴേക്കും ചേട്ടൻ വിളിച്ചോളും… ”

” ഭർത്താവായ കിരൺ വിളിക്കേണ്ട സമയം കഴിഞ്ഞിട്ടും വിളിക്കാതെ ആയപ്പോൾ ബന്ധത്തിൽ ഒരു കല്യാണം കഴിഞ്ഞു വന്ന പാടെ ഫോണും നോക്കി ടെൻഷൻ അടിച്ചിരിക്കുന്ന അമൃതയോട് കിരണിന്റെ അനുജത്തി മേഘ പറഞ്ഞു.

മേഘയും അമൃതയും ഒരേ പ്രായമായിരുന്നതുകൊണ്ട് തന്നെ ചേട്ടന്റെ ഭാര്യ എന്നതിലുപരി അവർക്കിടയിൽ നല്ല സൗഹൃദം നിലനിന്നിരുന്നു.

” കിരണേട്ടൻ വിളിക്കാറുള്ള സമയം കഴിഞ്ഞെടീ… ഞാൻ അങ്ങോട്ട് വിളിച്ചിട്ടും ഫോൺ എടുക്കുന്നില്ല അതാ എനിക്ക് ഇത്ര ടെൻഷൻ. ”

അവൾ നിസ്സഹായയായി പറഞ്ഞു.

“ഓഹ്.. എന്റെ ദൈവമേ ഇങ്ങനെയുമുണ്ടോ ഒരു ഭാര്യയും ഭർത്താവും. ഒരു സെക്കൻഡ് ഒന്ന് വിളിക്കാൻ വൈകിയാൽ മതി അപ്പോൾ തുടങ്ങും ഇവിടെ കിടന്നു പരാക്രമം.

ഇത് കാണുമ്പോൾ അമ്മയ്ക്കും തുടങ്ങും ടെൻഷൻ.എന്നാൽ എന്റെ മോൾ ഒരു കാര്യം ചെയ്യ് ചേട്ടൻ വരുമ്പോൾ ഇനി പറഞ്ഞയക്കേണ്ട ഇവിടെ തന്നെ അങ്ങ് പിടിച്ചിരുത്ത് കേട്ടല്ലോ…”

അതും പറഞ്ഞ് ദേഷ്യം ഭാവിച്ചുകൊണ്ട് അവൾ അകത്തേക്ക് പോയി.

” അവൾക്കറിയില്ലല്ലോ തന്റെ വേദന അതറിയണമെങ്കിൽ അവൾ ഒരു പ്രവാസിയുടെ ഭാര്യയാകണം.

എന്നും വിളിക്കുന്ന സമയത്ത് നിന്നോരല്പം വൈകിയാൽ പോലും നെഞ്ചിനുള്ളിൽ വല്ലാത്ത ആധിയാണ്. പിന്നെ എന്ത് ചെയ്താലും ഒന്നിലും ശ്രദ്ധ കിട്ടില്ല. വേണ്ടാത്ത ചിന്തകൾ ഒക്കെയും മനസ്സിൽ വന്നുകൂടും.

എന്തെങ്കിലും സംഭവിച്ചിട്ടുണ്ടാകുമോ എന്ന നെഗറ്റീവ് ചിന്ത വന്നുകൊണ്ടിരിക്കു ഓരോ ദിവസവും എത്ര പ്രയാസപ്പെട്ടാണ് തള്ളിനീക്കുന്നത് എന്ന് തനിക്കല്ലാതെ മറ്റാർക്കാണ് മനസ്സിലാക്കുക?

ഏത് ദൈവത്തിന്റെ മുന്നിൽ ചെന്ന് നിന്നാലും കിരണേട്ടന് ഒരാപത്തും വരുത്തല്ലേ എന്ന് മാത്രമാണ് പ്രാർത്ഥന അതൊന്നും ആർക്കും മനസ്സിലാകണമെന്നില്ല. ”

ബാത്റൂമിൽ പോയി ഫ്രഷ് ആയി വന്ന നേരമാണ് ഫോൺ റിംഗ് ചെയ്യുന്ന ശബ്ദം കേട്ടത്.കയ്യിലിരുന്നി ടവ്വൽ തൊട്ടടുത്ത് ഉണ്ടായിരുന്ന കസേരയിലേക്ക് ഇട്ടവൾ ഓടിച്ചെന്ന് ഫോൺ എടുത്തു നോക്കി.

കിരൺ ആണ്.

ഹാവൂ ഇപ്പോഴാണ് ശ്വാസം നേരെ വീണത്.

“എന്താ കിരണേ ട്ടാ വിളിക്കാൻ വൈകിയത്? ഞാൻ എത്രവട്ടം വിളിച്ചു ആകെ ടെൻഷനായി ഞാൻ…”

ഒറ്റശ്വാസത്തിൽ അവൾ പറഞ്ഞു തീർത്തു.

“ഒന്നും പറയേണ്ട എന്റെ അമ്മൂ…ഇന്ന് ഒരേ ഡ്യൂട്ടിയായിരുന്നു. നിന്ന് തിരിയാൻ പോലും സമയം കിട്ടിയില്ല അതാണ് വിളിക്കാൻ വൈകിയത് നിന്റെ കോൾ ഞാൻ കണ്ടില്ല ഫോൺ സൈലന്റ് മോഡ് ആയിരുന്നു.”

“ഡ്യൂട്ടി കഴിയാൻ വൈകുമെങ്കിൽ കിരണേട്ടന് അതൊന്ന് മെസ്സേജ് ഇട്ടാൽ പോരായിരുന്നോ? ബാക്കിയുള്ളവരെ ഇങ്ങനെ ടെൻഷൻ ആക്കാൻ അതും ഇത്ര ദൂരെ കിടക്കുമ്പോൾ…”

അവൾ പരിഭവം നടിച്ചു

“ആഹ് കൊള്ളാം മെസ്സേജ് അയക്കാൻ പോയിട്ട് ഫോൺ കൈകൊണ്ട് തൊടാൻ സമയം കിട്ടിയില്ല അപ്പോഴല്ലേ….

മൂന്നുനേരം വിളിച്ചിട്ടും ഇത്ര ബേജാറാകുന്നുവെങ്കിൽ നീ പണ്ടത്തെ പ്രവാസികളുടെ ഭാര്യമാരുടെ കാര്യം ഒന്ന് ഓർത്തു നോക്ക് അമ്മു….

ഇന്നിപ്പോൾ ഡെയിലി ഫോൺ ചെയ്യാം കാണണമെന്ന് തോന്നിയാൽ വീഡിയോ കോൾ ചെയ്യാം അന്നൊക്കെയാണെങ്കിൽ ആകെ ഒരു ആശ്രയം കത്ത് മാത്രമല്ലേ?

ഒരു കത്ത് അയച്ച് അതിന് മറുപടി കിട്ടാൻ എത്ര ദിവസങ്ങൾ കാത്തിരിക്കണം? ഒന്നു കാണണമെങ്കിൽ സ്റ്റുഡിയോയിൽ പോയി ഫോട്ടോയെടുത്ത് വേണം അയക്കാൻ.. ഇന്ന് അങ്ങനെയാണോ?

ഇപ്പോൾ കാണണമെന്ന് തോന്നിയാൽ ഇപ്പോൾ തന്നെ കാണാമല്ലോ… എന്നിട്ടാണോ നീ ഇങ്ങനെ പേടിക്കുന്നത് എന്റെ അമ്മൂ..എനിക്ക് തോന്നുന്നു സൗകര്യ കൂടുമ്പോഴാണ് ടെൻഷനും കൂടുന്നതെന്ന്.”

“കിരണേട്ടന് അതൊക്കെ പറയാം അന്നത്തെ കാലത്തെങ്ങാനും ആണ് കിരണേട്ടൻ ഗൾഫിൽ പോയതെങ്കിൽ ഞാൻ ഇവിടെ ടെൻഷൻ അടിച്ചു മരിച്ചേനെ… ഒന്നും മിണ്ടാതെ, പറയാതെ എങ്ങനെയാ ഇത്രയും ദിവസം കഴിച്ചു കൂട്ടുക?

അടുത്തില്ലാത്തതിന്റെ ദുഃഖം ഏറെക്കുറെ മറക്കുന്നത് എന്നും കാണുമ്പോഴും സംസാരിക്കുമ്പോഴും ആണ് അതും കൂടിയില്ലെങ്കിൽ പിന്നെ… ഓഹ് ഞാൻ അക്കാലത്തെ പ്രവാസികളുടെ ഭാര്യമാരെ നമിച്ചു.”

“എനിക്ക് മനസ്സിലാകുന്നുണ്ട് അമ്മു നിന്റെ വിഷമം. ഈ ബാധ്യതകൾ ഒക്കെ ഒന്ന് കഴിഞ്ഞോട്ടെ പിന്നെ മേഘയുടെ കല്യാണവും. അതുകൂടി കഴിഞ്ഞാൽ പിന്നെ അവിടെ എന്തെങ്കിലും ജോലി ചെയ്ത് ഉള്ളതുകൊണ്ട് നമുക്ക് ജീവിക്കാം. ”

“ഹ്മ്മ്” അവൾ മൂളി

“ഇത്രയും ബുദ്ധിമുട്ട് ഉണ്ടെന്ന് അറിഞ്ഞിരുന്നെങ്കിൽ ഒരിക്കലും നീ ഒരു പ്രവാസിയെ കല്യാണം കഴിക്കില്ലായിരുന്നു അല്ലേ അമ്മു”

അവൻ അവളെ കളിയാക്കി ചിരിച്ചു.

“ശരിയാണ് ഇത്രയും വേദന സമ്മാനിക്കുന്നതാണ് പ്രവാസികളുടെ ഭാര്യമാരുടെ ജീവിതം എന്ന് താൻ അറിഞ്ഞിരുന്നുവെങ്കിൽ ഒരിക്കലും ഈ പദവി അലങ്കരിക്കാൻ തയ്യാറാകുമായിരുന്നില്ല”

” കിരണേട്ടൻ വല്ലതും കഴിച്ചോ? ”

“എവിടുന്ന്…. ഡ്യൂട്ടി കഴിഞ്ഞ് ഉടനെ നിന്നെ വിളിച്ചതാണ്. ഫോണെടുത്തതും മിസ്സ് കോളുകളുടെ എണ്ണം കണ്ടപ്പോൾ തന്നെ മനസ്സിലായി നീ ആകെ ടെൻഷനടിച്ചിരിക്കുകയായിരിക്കും എന്ന് അതൊക്കെ പോട്ടെ എങ്ങനെയുണ്ടായിരുന്നു ഫംഗ്ഷൻ ഒക്കെ?”

“എല്ലാം ഭംഗിയായി നടന്നു. എല്ലാവരും ചേർന്ന് കപ്പിൾ ഫോട്ടോസ് എടുത്തപ്പോൾ എനിക്ക് ശരിക്കും സങ്കടായി കിരണേട്ടാ… ഞാൻ ഒറ്റയ്ക്ക് നിൽക്കേണ്ടി വന്നപ്പോൾ ശരിക്കും ഞാൻ കിരണേട്ടനെ മിസ്സ് ചെയ്തു.

എല്ലാവരും ഭർത്താവിന്റെ കൈപിടിച്ചു നിൽക്കുമ്പോൾ എന്റെ നെഞ്ചു പിടക്കുകയായിരുന്നു. എനിക്ക് സത്യം പറഞ്ഞാൽ കരച്ചിലൊക്കെ വന്നു.

ഭക്ഷണം കഴിക്കുമ്പോഴും തൊണ്ടയിൽ നിന്ന് ഇറങ്ങാത്തത് പോലെയായിരുന്നു. അപ്പോഴൊക്കെ കിരണേട്ടന്റെ മുഖമായിരുന്നു മനസ്സിൽ.”

അത് പറയുമ്പോൾ അവളുടെ തൊണ്ടയിടറുന്നുണ്ടായിരുന്നു അത് കേട്ടപ്പോൾ അവന്റെയും മനസ്സ് പിടഞ്ഞു.

“എന്താ അമ്മു ഇത്??നീ ഇങ്ങനെ സങ്കടപ്പെട്ടിരുന്നാൽ എങ്ങനെയാ ഞാൻ ഇവിടെ സന്തോഷത്തോട് കൂടിയിരിക്കുന്നത്? ഇനി കുറച്ചു മാസങ്ങൾ കൂടി കഴിഞ്ഞാൽ ഞാൻ അങ്ങ് വരുമല്ലോ….

എന്റെ മോള് കുറച്ച് സമയം റസ്റ്റ് എടുക്ക് അപ്പോഴേക്കും ഞാനൊന്ന് ഫ്രഷ് ആയിട്ട് എന്തേലും ഒക്കെ കഴിച്ചിട്ട് വിളിക്കാം കേട്ടോ ഇന്നെന്താണെന്ന് അറിയില്ല നല്ല വിശപ്പുണ്ട്.”

” സോറി കിരണേട്ടാ… ഓരോന്ന് പറഞ്ഞ് വിഷമിപ്പിച്ചതിന്.വേഗം പോയി കഴിക്ക് വിശന്നിരിക്കേണ്ട. ”

അവനോട് യാത്ര പറഞ്ഞു ആ കോൾ അവസാനിപ്പിച്ച് വെള്ളം കുടിക്കാനായി അടുക്കളയിലേക്ക് ചെല്ലുമ്പോൾ അവിടെ മേഘ നിൽപ്പുണ്ടായിരുന്നു.

“എന്താടി ചേച്ചി ചേട്ടൻ വിളിച്ചിരുന്നോ?”

“ആ ദാ ഇപ്പോൾ വിളിച്ചു വച്ചതേയുള്ളൂ കുളിക്കാൻ പോകുകയാണ് ഭക്ഷണം കഴിച്ചിട്ട് വിളിക്കാം എന്ന് പറഞ്ഞു.”

ഒരു ക്ലാസിൽ നിറയെ വെള്ളം എടുത്തു കുടിച്ചു കൊണ്ട് അവൾ പറഞ്ഞു.

“ഓഹോ വെറുതെയല്ല ഇപ്പോഴാ പെണ്ണിന്റെ മുഖം ഒന്ന് തെളിഞ്ഞത്”

തന്റെ കവിളിൽ നുള്ളി കൊണ്ട് മേഘ കടന്നുപോയതും അമൃത മുറിയിൽ വന്നു മിണ്ടാതെ കിടന്നു.

“ഈ ഒന്നരവർഷം കൊണ്ട് തന്നെ താൻ എത്ര മാറിയിരിക്കുന്നു. കിരണേട്ടന്റെ അടുത്ത് എപ്പോഴും വിഷമങ്ങൾ പറയുമെങ്കിലും മറ്റുള്ളവരുടെ മുന്നിലെല്ലാം താൻ എപ്പോഴും സ്ട്രോങ്ങ് ആയി നിൽക്കാറുണ്ട്.

തനിച്ചു കിടക്കാൻ ധൈര്യം ഇല്ലാതിരുന്ന, ഇരുട്ടിനെ ഭയന്നിരുന്ന താനിപ്പോൾ ഇരുട്ടിന്റെ മറവിൽ കരഞ്ഞു തീര്‍ക്കുന്നതും ശൂന്യതയെ തള്ളി നീക്കുന്നതും ഒറ്റയ്ക്കാണ്.

തനിച്ചൊരു കാര്യവും ചെയ്യാൻ പ്രാപ്തിയില്ലെന്ന് സ്വയം ധരിച്ചിരുന്ന താനിന്ന് കിരണേട്ടന്റെ സ്ഥാനത്തുനിന്ന് എല്ലാം ഭംഗിയായി ചെയ്യുന്നു.

കിരണേട്ടൻ അയച്ചുതരുന്ന പൈസ എങ്ങനെയാണ് വേണ്ടവിധം ഉപയോഗിക്കേണ്ടതെന്ന് താനിപ്പോൾ പഠിച്ചു കഴിഞ്ഞു.

വീട്ടിലെ കാര്യങ്ങൾ, മേഘയുടെ പഠനം,അച്ഛന്റെയും അമ്മയുടെയും കാര്യങ്ങൾ, മറ്റു ബാധ്യതകൾ എല്ലാം ഇന്ന് ഏറ്റെടുത്ത് നടത്തുന്നത് ഒറ്റയ്ക്കാണ്. താൻ മാത്രമല്ല ഏതൊരു പ്രവാസിയുടെ ഭാര്യയുടെയും അവസ്ഥ ഇതാണ്.”

എന്തൊക്കെയോ ആലോചിച്ചു കൂട്ടി സമയം നോക്കിയപ്പോഴാണ് കിരൺവിളിക്കാറുള്ള സമയം കഴിഞ്ഞെന്ന് മനസ്സിലായത് ഫോൺ എടുത്തു വേഗം അങ്ങോട്ട് വിളിച്ചെങ്കിലും അറ്റൻഡ് ചെയ്തില്ല.

വീണ്ടും മനസ്സ് നൂല് പൊട്ടിയ പട്ടം പോലെ പറന്നുകൊണ്ട് അവന്റെ കോളിനായി കാത്തിരുന്നു.