(രചന: ശ്രേയ)
“എന്താ സോനാ… നീ എന്താ ഇങ്ങനെ ഡെസ്പ് ആയിരിക്കുന്നത്…”
വിദൂരതയിലേക്ക് കണ്ണ് നട്ട് വിഷാദം നിറഞ്ഞ മുഖ ഭാവത്തോടെ ഇരിക്കുന്ന സോനയ്ക്ക് അടുത്തേക്ക് വന്നു കൊണ്ട് സജീവ് ചോദിച്ചു. അവന്റെ ചോദ്യം കേട്ട് അവൾ അവനെ ഒന്ന് തിരിഞ്ഞു നോക്കി.
“കാരണം ഇനിയും സജീവേട്ടന് മനസ്സിലായില്ലേ…”
കണ്ണീരോടെ അവൾ ചോദിച്ചു.
“ഇപ്പോ നീ ഇങ്ങനെ കരഞ്ഞത് കൊണ്ട് എന്ത് കാര്യം ആണ് സോനാ… അന്ന്… അന്ന് നീ ഒരു അല്പം സ്നേഹം ആ അമ്മയ്ക്ക് കൊടുത്തിരുന്നെങ്കിൽ ഇപ്പോ ഇങ്ങനെ വിഷമിക്കണമായിരുന്നോ..”
ആ ചോദ്യം സോനയിൽ ഒരു വിങ്ങൽ തീർത്തു. ശരിയാണ്.. അന്ന്… ഒരു അല്പം സ്നേഹം.. മനുഷ്യത്വം… അതൊക്കെ കാണിച്ചിരുന്നെങ്കിൽ അമ്മ ഇപ്പോ തന്നോടൊപ്പം ഉണ്ടായിരുന്നേനെ…
അവരുടെ രണ്ടുപേരുടെയും ഓർമ്മകൾ കുറച്ചു കാലം പിന്നിലേക്ക് പോയി.
സോന… ബസ് കണ്ടക്ടർ ആയ രമേശന്റെയും വീട്ടമ്മയായ നിർമലയുടെയും മകൾ.. പഠനത്തിൽ മിടുക്കി ആയിരുന്ന സോനയെ അവർ പട്ടണത്തിൽ കോളേജിൽ അയച്ചു പഠിപ്പിച്ചു.
പക്ഷെ, അത് ആയിരുന്നു അവരുടെ ജീവിതത്തിലെ വലിയ പരാജയവും. അന്ന് വരെ അമ്മയ്ക്കും അച്ഛനും സ്നേഹനിധി ആയിരുന്ന മകൾ, അന്ന് മുതൽ മാറിത്തുടങ്ങി.
ആടിനെയും കോഴിയെയും വളർത്തുന്ന അമ്മയുടെ വിയർപ്പ് അവൾക്ക് അലോസരം സൃഷ്ടിക്കാൻ തുടങ്ങി. അമ്മ ഉണ്ടാക്കുന്ന ആഹാരം കഴിക്കാതെയായി.
“ഈ വീടിന് മുഴുവൻ എന്തൊരു നാറ്റമാണ്..? എപ്പോഴും കോഴിക്കാഷ്ടവും ആട്ടിൻ കാഷ്ടവും മാത്രമാണ് വീട്ടിലും അതിനു ചുറ്റും. ഇതിന്റെയൊക്കെ നാറ്റം കാരണം മനുഷ്യനു വീടിനകത്ത് കയറാൻ വയ്യാത്ത അവസ്ഥയാണ്..”
മകൾ ദേഷ്യത്തോടെ നിർമ്മലയോട് പറയുന്നത് കേട്ടു കൊണ്ടാണ് രമേശൻ ജോലി കഴിഞ്ഞു വന്നത്.
“എന്താ മോളെ..? എന്താ പ്രശ്നം..?”
വാൽസല്യത്തോടെ രമേശൻ അന്വേഷിച്ചു.അയാളെ കണ്ടപ്പോൾ അവൾ ദേഷ്യത്തോടെ മുഖം തിരിച്ചു.
അത് കണ്ടപ്പോൾ ആ അച്ഛന്റെ മനസ്സ് ഒന്ന് പൊള്ളി. അയാളുടെ നോട്ടം മകളുടെ മുന്നിൽ തലകുനിച്ചു നിൽക്കുന്ന നിർമ്മലയെ ആയിരുന്നു.
“നിങ്ങളൊക്കെ തന്നെയാണ് എന്റെ പ്രശ്നം.ഈ വീട് ഒന്നു വൃത്തിയാക്കിയിട്ടൂടെ..? എപ്പോഴും ആടിന്റെയും കോഴിയുടെയും മണം മാത്രമാണ് ഈ വീട്ടിൽ.”
ദേഷ്യത്തോടെ അവൾ അച്ഛനമ്മമാരോട് പറഞ്ഞു.
രമേശൻ അവിടെ മുഴുവൻ ഒന്ന് കണ്ണോടിച്ചു. അപ്പോഴാണ് നിലത്ത് കിടക്കുന്ന കോഴിക്കാഷ്ടം അയാൾ കണ്ടത്.
” നിനക്ക് ഇതൊക്കെയൊന്ന് വൃത്തിയാക്കിയിട്ടൂടെ നിമ്മി..? വെറുതെ എന്തിനാ മോളെ കൊണ്ട് ഇങ്ങനെ ഓരോന്ന് പറയിക്കുന്നത്..? ”
അയാൾ ചോദിച്ചപ്പോൾ നിർമല നിറഞ്ഞ കണ്ണുകളോടെ അയാളെ നോക്കി.
” ഞാനിവിടെ ഇപ്പോൾ വൃത്തിയാക്കിയിട്ട് അങ്ങോട്ട് പോയതേയുള്ളൂ. അതിനിടയിൽ കോഴി എപ്പോഴാണ് അകത്തു കയറിയതെന്ന് ഞാൻ കണ്ടില്ല. ”
വാക്കുകൾ ഇടറാതെ പറഞ്ഞൊപ്പിക്കാൻ അവർ വല്ലാതെ കഷ്ടപ്പെട്ടു.
” ഇതൊക്കെ നോക്കാൻ വയ്യെങ്കിൽ ഇവിടെ ഈ വക സാധനങ്ങൾ ഒന്നും വളർത്തരുത്.. വെറുതെ ബാക്കിയുള്ളവരെ ബുദ്ധിമുട്ടിക്കാൻ വേണ്ടി മാത്രം.. ”
ദേഷ്യത്തോടെ പറഞ്ഞുകൊണ്ട് അവൾ മുറിയിലേക്ക് കയറി വാതിൽ വലിച്ചടച്ചു.
തങ്ങളുടെ മുഖത്ത് കിട്ടിയ അടി പോലെയാണ് രമേശനും നിർമലക്കും അതിനെ തോന്നിയത്.
” അവൾ എത്ര പെട്ടെന്നാണല്ലേ മാറിപ്പോയത്..? ”
നെടുവീർപ്പോടെ അത്രയും ചോദിച്ചു കൊണ്ട് നിമ്മി അടുക്കളയിലേക്ക് നടന്നു. രമേശന്റെയും ഉള്ളിലെ ചിന്ത അതു തന്നെയായിരുന്നു.
ദിവസങ്ങൾ ചെല്ലുംതോറും സോനയിൽ മാറ്റങ്ങൾ വീണ്ടും വീണ്ടും ഉണ്ടായിക്കൊണ്ടിരുന്നു.
അതിന്റെ പരിണിതഫലമായി അച്ഛനെയും അമ്മയെയും അവൾക്ക് കണ്ണിന് നേരെ കാണാൻ കഴിയാതെയായി.
അവർ രണ്ടാളും അവൾക്ക് പുഴുക്കൾക്ക് സമാനമായിരുന്നു. തന്റെ ആവശ്യങ്ങൾ നടത്തിത്തരാൻ വേണ്ടി മാത്രമുള്ള ജീവനില്ലാത്ത വെറും പാവകളായി മാത്രമാണ് അവൾ അവരെ കണക്കാക്കിയത്.
” നാളെ എനിക്ക് കോളേജിൽ പോകുമ്പോൾ 500 രൂപ വേണം.”
ഒരു ദിവസം വൈകുന്നേരം അവൾ കോളേജിൽ നിന്ന് വീട്ടിലേക്ക് വന്നപ്പോൾ നിർമലയോട് ആയി പറഞ്ഞു. അത് കേട്ടപ്പോൾ അവർ ആകെ പെട്ടത് പോലെയായി.
മോൾക്ക് ബുദ്ധിമുട്ടാണ് എന്ന് പറഞ്ഞതു കൊണ്ട് തന്നെ കോഴികളെയും ആടിനെയും ഒക്കെ കുറച്ചൊക്കെ കൊടുത്തിരുന്നു. രമേശന് കിട്ടിയ ശമ്പളം വീട്ടിലെ സാധനങ്ങളും മറ്റും വാങ്ങി തീർക്കുകയും ചെയ്തു.
അത് തന്നെയുമല്ല മോൾക്ക് ഈയിടെയായി പണത്തിന്റെ ആവശ്യങ്ങൾ കൂടുതലാണ്. ഇടയ്ക്കിടയ്ക്ക് 500 ഉം ആയിരവും ഒക്കെ വീതം വാങ്ങിക്കൊണ്ടു പോകുന്നുണ്ട്. പല ആവശ്യങ്ങളും അതിന് അവൾ പറയാറുമുണ്ട്.
ഇതിൽ ഏതൊക്കെയാണ് സത്യമെന്നോ എന്തൊക്കെയാണ് അവളുടെ ആവശ്യങ്ങൾ എന്ന് ഇതുവരെ ആരും അന്വേഷിച്ചിട്ടില്ല. അന്വേഷിച്ചാലും അവൾ കൃത്യമായ മറുപടിയൊന്നും തരാറുമില്ല.
മകളുടെ ഇങ്ങനെയുള്ള ഭാവമാറ്റങ്ങൾ നിർമ്മലയെ വല്ലാതെ ഭയപ്പെടുത്തിയിരുന്നു.
” നിനക്ക് ഇപ്പോൾ എന്തിനാണ് 500 രൂപ..? ”
നിർമ്മല അന്വേഷിച്ചു. അത് കേട്ടപ്പോൾ അവൾ വല്ലാത്തൊരു ഭാവത്തോടെ അവരെ നോക്കി.
” എന്റെ കാര്യങ്ങളൊക്കെ ഞാൻ നിങ്ങളെ പറഞ്ഞു ബോധ്യപ്പെടുത്തണമെന്നുണ്ടോ..? എനിക്ക് 500 രൂപ വേണമെന്ന് പറഞ്ഞാൽ അത് ഇങ്ങോട്ട് തന്നാൽ മതി. അല്ലാതെ അത് ഞാൻ എന്തിന് ചെലവാക്കി എത്ര രൂപ ചെലവാക്കി എന്നൊന്നും നിങ്ങൾ അറിയേണ്ട.. ”
അവൾ ദേഷ്യത്തോടെ പറയുന്നത് കേട്ടപ്പോൾ നിർമ്മലക്ക് ദേഷ്യം തോന്നി.
“ഞങ്ങൾ അറിയണ്ടാത്ത എന്ത് ചെലവാണ് നിനക്കുള്ളത്..?
ഞങ്ങൾ കഷ്ടപ്പെടുന്ന പൈസ നീ വാങ്ങിക്കൊണ്ടു പോയി ചെലവാക്കുമ്പോൾ അത് എന്തിന് ചെലവാക്കുന്നു എന്ന് അറിയാനുള്ള ബാധ്യത ഞങ്ങൾക്കുണ്ട്. എന്തിനാണെന്ന് പറയാൻ പറ്റില്ലെങ്കിൽ പണം തരാനും പറ്റില്ല..”
നിർമ്മല അറുത്തു മുറിച്ചു പറഞ്ഞപ്പോൾ സോനയ്ക്ക് അതിനപ്പുറം ദേഷ്യം വന്നു.
” അല്ലെങ്കിലും ഈ പട്ടിണിക്കാരുടെ വീട്ടിൽ ജനിച്ചത് എന്റെ കഷ്ടപ്പാട്. എന്നെങ്കിലും സാധാരണ എല്ലാ പിള്ളേരെയും പോലെ മാത്രം ധരിക്കാനും എല്ലാവരെയും പോലെ അടിച്ചുപൊളിച്ച് ജീവിക്കാനും എനിക്ക് പറ്റിയിട്ടുണ്ടോ..?
ആദ്യമൊക്കെ എല്ലാവരും ഇങ്ങനെയൊക്കെ തന്നെയാണ് എന്നാണ് ഞാൻ കരുതിയത്. പക്ഷേ കോളേജിൽ എത്തിയപ്പോഴാണ് മനസ്സിലായത് ദാരിദ്ര്യം എന്റെ വീട്ടിലെ കുത്തകയാണെന്ന്.. ”
പുച്ഛത്തോടെ അവൾ പറയുന്നത് കേട്ടപ്പോൾ നിർമ്മലയുടെ കണ്ണ് നിറഞ്ഞു.
” നീ എന്തൊക്കെയാ ഈ വിളിച്ചു പറയുന്നത്..? ങേ..? വന്നുവന്ന് എന്തും പറയാം എന്നൊരു ഭാവമായിട്ടുണ്ട്.. അത് അത്ര നല്ലതൊന്നുമല്ല.. ”
നിർമല ദേഷ്യത്തോടെ പറഞ്ഞപ്പോൾ അവൾ മുഖം വെട്ടിച്ചു.
“ഞാൻ പറഞ്ഞതിൽ എന്താ തെറ്റ്..? ജനിച്ച അന്നുമുതൽ ദാരിദ്ര്യം പറച്ചിൽ അല്ലാതെ ഞാൻ എന്തെങ്കിലും ഈ വീട്ടിൽ കേട്ടിട്ടുണ്ടോ..? എനിക്കും ആഗ്രഹം ഉണ്ടാവില്ലേ എന്നോടൊപ്പം ഉള്ള മറ്റു കുട്ടികളെ പോലെ സന്തോഷമായി സുഖമായി ജീവിക്കണമെന്ന്..?”
അവൾ ചോദിച്ചപ്പോൾ അമ്മയ്ക്ക് വേദന തോന്നി. ചെറുപ്പം മുതൽ അവളെ ദാരിദ്ര്യം അറിയാതെ വളർത്താൻ ആണ് തങ്ങൾ രണ്ടാളും ശ്രമിച്ചത്.
അവളുടെ ആഗ്രഹങ്ങൾ അവൾ പറയുന്നതിനു മുൻപ് തന്നെ സാധിച്ചു കൊടുക്കാൻ ഞങ്ങൾ രണ്ടാളും കഴിയുന്നതും ശ്രമിച്ചിട്ടുണ്ട്.. എന്നിട്ടും…!
നിർമല നെടുവീർപ്പിട്ടു.
” നിങ്ങളൊക്കെ കൂടി ഇപ്പോൾ എനിക്ക് വേണ്ടി ചെലവാക്കിയതിനും ചെയ്തതിനുമൊക്കെ കണക്ക് പറയാൻ തുടങ്ങിയിട്ടുണ്ട്. എന്നെങ്കിലും ഒരിക്കൽ നിങ്ങളുടെ ഈ കടങ്ങളൊക്കെ ഞാൻ വീട്ടും ..”
ഒരു വാശി പോലെ അവൾ പറഞ്ഞപ്പോൾ അവൾ വെറുതെ ജയിക്കാൻ വേണ്ടി പറയുന്നതാണ് എന്നാണ് നിർമല കരുതിയത്.
അത് അങ്ങനെ അല്ലെന്ന് മനസ്സിലായത് പിറ്റേന്ന് മുതൽ അവൾ പാർടൈം ആയി ജോലിക്ക് പോകുന്നു എന്നറിഞ്ഞപ്പോഴാണ്. കിട്ടുന്ന പണം മുഴുവൻ സ്വരൂപിച്ച് വച്ച് അവൾ ധൂർത്തടിക്കുന്നതും ഓരോന്ന് വാങ്ങി കൂട്ടുന്നതും അച്ഛനും അമ്മയും കണ്ടില്ലെന്ന് നടിച്ചു.
അല്ലെങ്കിലും അവളോട് ഒന്നും പറഞ്ഞിട്ട് കാര്യമുണ്ടാകുമായിരുന്നില്ല.
അതിനിടയിൽ അവൾക്കൊരു പ്രണയം ഉണ്ടായി. അവൾ ജോലിക്ക് പോയിരുന്നു സൂപ്പർമാർക്കറ്റിൽ സ്ഥിരമായി വന്നിരുന്ന ഒരു കസ്റ്റമർ ആയിരുന്നു ആള്. പക്ഷേ പ്രത്യേകിച്ച് ചോദിക്കുന്നു പോകാതെ വെറുതെ കറങ്ങി നടക്കുന്ന സ്വഭാവമായിരുന്നു അവന്റെത്.
അവളുടെ പ്രണയ ബന്ധത്തെക്കുറിച്ച് രമേശൻ അറിയുന്നത് ബസ്സിലെ മറ്റു തൊഴിലാളികൾ പറയുമ്പോഴാണ്.
അത് കേട്ടപ്പോൾ രമേശൻ ആകെ തകർന്നുപോയി.വീട്ടിൽ വന്നു മകളോട് അതിനെക്കുറിച്ച് ചോദിക്കുകയും ചെയ്തു.
“ഞാൻ എനിക്കിഷ്ടമുള്ളവനെ സ്നേഹിക്കും. അവനോടൊപ്പം ജീവിക്കും.അതൊക്കെ ചോദിക്കാനും പറയാനും നിങ്ങളാരാ..?”
അവളുടെ ആ ചോദ്യം അച്ഛനെയും അമ്മയെയും ഞെട്ടിച്ചു കളഞ്ഞു.തങ്ങളുടെ മകളെ ഇങ്ങനെ ഒരുത്തനെ കൊണ്ട് വിവാഹം കഴിപ്പിക്കാൻ ആവില്ല എന്ന് പറഞ്ഞു അച്ഛനും അമ്മയും കഴിയുന്നതും എതിർത്തു.
പക്ഷേ അതിന്റെ വാശിയിൽ പിറ്റേന്ന് തന്നെ അവൾ അവനോടൊപ്പം ഇറങ്ങിപ്പോയി. അത് അവർക്ക് കിട്ടിയ വല്ലാത്തൊരു ഷോക്ക് ആയിരുന്നു. അവളെ ഒപ്പം കൂട്ടിയപ്പോൾ മുതൽ സജീവന്റെ സ്വഭാവത്തിലും മാറ്റങ്ങൾ വന്നു തുടങ്ങിയിരുന്നു.
അങ്ങനെയിരിക്കെ ഒരു ദിവസമാണ് രമേശൻ സജീവനെ കാണാൻ വരുന്നത്.
“ഞാൻ മോനെ കാണാൻ വന്നത് ഒരിക്കലും അവൾ അറിയരുത്.മോന് ഇപ്പോൾ ജോലിയൊന്നുമില്ല എന്ന് അച്ഛൻ അറിയാം. അതുകൊണ്ടാണ് നിങ്ങളുടെ വിവാഹത്തിന് ഞങ്ങളൊക്കെ എതിർത്തത്.
ഏതൊരു അച്ഛനും അമ്മയ്ക്കും മകൾ നല്ല നിലയിൽ ജീവിക്കുന്നത് കാണണമെന്ന് ഒരാഗ്രഹം മാത്രമാണല്ലോ ഉണ്ടാവുക.. അല്ലാതെ അവൾ ജീവിതാവസാനം വരെ കഷ്ടപ്പെടണം എന്ന് ആഗ്രഹിക്കുന്ന മാതാപിതാക്കൾ ഉണ്ടാകില്ലല്ലോ..!
അതിന്റെ പേരിലാണ് നിങ്ങളെ ഞാൻ എതിർത്തത്.. അവൾക്ക് ഞങ്ങളോട് ദേഷ്യവും ഒക്കെയുണ്ട്. അത് പതിയെ മാറും..മോൻ അവളെ നന്നായി നോക്കണം..”
ആ അച്ഛന്റെ വാക്കുകൾ സജീവന്റെ മനസ്സിൽ തട്ടുക തന്നെ ചെയ്തു.അന്നുമുതൽ അവൻ സീരിയസായി തന്നെ ജോലി അന്വേഷിച്ചു തുടങ്ങി.
പെട്ടെന്ന് തന്നെ അവനു ഒരു ജോലി ശരിയാവുകയും ചെയ്തു. ഒരിക്കൽപോലും തന്റെ വീട്ടിലേക്ക് പോകാനോ അവരുമായി ബന്ധപ്പെടാനോ സോന ശ്രമിച്ചിട്ടില്ല.
അതിനെക്കുറിച്ച് സംസാരിക്കുമ്പോൾ ഒക്കെ സജീവനും സോനയും തമ്മിൽ ഒരു ബഹളമുണ്ടാകുക പതിവാണ്.
അങ്ങനെയിരിക്കയാണ് സോനയുടെ അച്ഛൻ ഒരു ആക്സിഡന്റ് മരണപ്പെടുന്നത്.അത് കേട്ടപ്പോൾ പോലും അവൾക്ക് യാതൊരു തരത്തിലുള്ള വേദനയും ഉണ്ടായിരുന്ന എന്നുള്ളത് സജീവനെ വല്ലാതെ വേദനിപ്പിച്ചു.
അവന്റെ നിർബന്ധത്തിനു വഴങ്ങി മാത്രം അവൾ മരണ കർമ്മങ്ങളിൽ പങ്കെടുത്തു.ഒറ്റയ്ക്കായി പോയ അമ്മയെ ഒപ്പം കൂട്ടാൻ സജീവൻ ശ്രമിച്ചിട്ടും അവൾ ഒരിക്കൽപോലും അതിനു തയ്യാറായിട്ടില്ല.
ഇന്നിപ്പോൾ അവൾ ഒരു അമ്മയായപ്പോഴാണ് ഒരു അമ്മയുടെ വേദനയും വിഷമങ്ങളും അവൾ അറിയുന്നത്. അമ്മയോട് ചെയ്തുപോയ തെറ്റുകൾ എല്ലാം പരിഹരിച്ച് അവരെ ഒരുപാട് സ്നേഹിക്കാം എന്ന് കരുതിയപ്പോഴേക്കും അമ്മ ഈ ലോകം വിട്ടു പോയിരുന്നു..
ഓർമ്മകളിൽ നിന്ന് തിരിച്ചു വന്നപ്പോൾ അവൾ അലറി കരഞ്ഞുകൊണ്ട് സജീവന്റെ നെഞ്ചിലേക്ക് ചാഞ്ഞു..
അവളെ ചേർത്തു പിടിച്ചു ആശ്വസിപ്പിക്കുമ്പോൾ അവൾ ചെയ്ത തെറ്റുകൾ അവൾക്ക് എതിരെ തിരിയല്ലേ എന്നൊരു പ്രാർത്ഥന ആയിരുന്നു അവനിൽ…!!