നിന്നോട് അത്രയും അടുപ്പമുണ്ടായിരുന്ന ആള് ഇപ്പോ സെക്ഷ്വൽ റിലേറ്റഡ് ആയി ഒരു അടുപ്പവും കാണിക്കുന്നുമില്ല…

(രചന: പ്രജിത്ത് സുരേന്ദ്രബാബു.)

“ചിത്രേ.. നിന്റെ ചേട്ടൻ ഇപ്പോ ദുബായിൽ പോയിട്ട് എത്ര നാളാകുന്നു ”

” രണ്ട് വർഷം കഴിഞ്ഞു ”

കാവ്യയുടെ ചോദ്യത്തിന് മുന്നിൽ വളരെ ശാന്തയായാണ് ചിത്ര മറുപടി പറഞ്ഞത്.

” ഞാൻ ഓപ്പൺ ആയി ചോദിക്കുവാണെ…നാട്ടിൽ എങ്ങിനെ ആയിരുന്നു ആള്.. നിന്നോട് വല്യ സ്നേഹം ആയിരുന്നോ നിങ്ങളുടെ ഫിസിക്കൽ റിലേഷൻ ഒക്കെ ഓക്കേ ആയിരുന്നോ… ”

” ഉവ്വ് ടീ.. സ്നേഹമായിരുന്നു ഏട്ടന് അതിലൊക്കെ വല്യ ഇന്റെരെസ്റ്റ്‌ ആയിരുന്നു. ഞങ്ങൾ ഒന്നിച്ചുള്ള സമയം മിക്ക ദിവസങ്ങളിലും ബന്ധപ്പെടുമായിരുന്നു. ”

ചിത്രയുടെ ആ മറുപടി കാവ്യയെ അല്പസമയം നിശബ്ദയാക്കി.

” എന്നാൽ നീ ഒരു കാര്യം ചെയ്യ്.. നിന്റെ കൂട്ടുകാർ ആരേലും അവിടെ ചേട്ടന്റെ അടുത്ത് ഉണ്ടോ ഉണ്ടേൽ നൈൻസിനു അവര് വഴി ഒന്ന് തിരക്ക് പുള്ളിക്ക് അവിടെ വേറെ ഏതേലും അഫയർ ഉണ്ടോ ന്ന് ”

“ഏയ്.. അങ്ങിനെ തിരക്കാനും മാത്രം പരിചയമുള്ള ആരും അടുത്ത് ഇല്ല … ”

മറുപടി പറയുമ്പോൾ ചിത്രയുടെ മുഖത്ത് വേവലാതി നിറഞ്ഞു.

” ഇതിപ്പോ നിനക്ക് സംശയം ഉള്ള സ്ഥിതിക്ക് ഒന്ന് അന്വേഷിക്കേണ്ടത് തന്നെയാണ്. രണ്ട് വർഷമായി ഭാര്യയെയും കുടുംബത്തെയും വിട്ട് ദുബായിൽ പോയിട്ട്. നാട്ടിലും വരുന്നില്ല മാത്രമല്ല നിന്നോട് അത്രയും അടുപ്പമുണ്ടായിരുന്ന ആള് ഇപ്പോ സെക്ഷ്വൽ റിലേറ്റഡ് ആയി ഒരു അടുപ്പവും കാണിക്കുന്നുമില്ല.”

കാവ്യ പറഞ്ഞ് നിർത്തുമ്പോൾ മൗനമായി തല കുമ്പിട്ടു ചിത്ര.

“എടീ ഇതിലിപ്പോ മൂന്നാമതൊരാളെ ഉൾപ്പെടുത്താൻ നിൽക്കേണ്ട..ചോദിക്കാൻ ഉള്ളത് നേരിട്ട് തന്നെ ആളോട് ചോദിക്ക്.. എന്താണ് മനസ്സിൽ ഇരുപ്പെന്ന് അറിയാലോ.. എത്രയെന്നു വച്ചാ നീ എല്ലാം ഇങ്ങനെ മനസ്സിൽ ഒതുക്കി നടക്കുന്നെ..”

ആ പറഞ്ഞത് തന്നെയാണ് ഒരു പോം വഴി എന്ന് ചിത്രയ്ക്കും മനസ്സിൽ തോന്നി തുടങ്ങിയിരുന്നു. പക്ഷെ അപ്പോഴും ഒരു സംശയം അവളിൽ വേവലാതി നിറച്ചു.

” എടീ.. ഞാൻ ഇനി ചോദിക്കുമ്പോൾ ഏട്ടന് അവിടെ മറ്റേതെലും റിലേഷൻ ഉണ്ട് എന്നാണ് മറുപടി പറയുന്നതെങ്കിൽ ഞാൻ എന്ത് ചെയ്യും.. ”

” എന്നാൽ നീ വായിൽ വിരലും ഇട്ട്……. വേണ്ട.. ഞാൻ പറയുന്നില്ല.. എടി പൊട്ടി പെണ്ണെ ആദ്യം നീ കാര്യം തിരക്ക് ബാക്കി ഒക്കെ പിന്നേ അല്ലെ.. ഇത്രേം അങ്ങ് പാവം ആകാൻ നിൽക്കല്ലേ നീ.. കെട്ട്യോനോട് ആയാലും ആരോട് ആയാലും ചോദിക്കാൻ ഉള്ള കാര്യം മുഖത്ത് നോക്കി ചോദിക്കണം. അതിനുള്ള തന്റേടം ഒക്കെ വേണം ഒരു പെണ്ണിന്. ”

കലി കയറി കാവ്യയ്ക്ക്. അതോടെ വീണ്ടും മൗനമായി ചിത്ര. അന്ന് വീട്ടിൽ തിരികെ എത്തുമ്പോ എന്തായാലും രാത്രിയിൽ ഭർത്താവ് അനീഷിനോട് ഈ കാര്യങ്ങൾ ചോദിക്കാൻ തന്നെ ഉറച്ചു ചിത്ര.

“ദൈവമേ.. പേടിക്കുന്ന പോലൊന്നും ഉണ്ടായേക്കരുതേ ”

മനസുരുകി പ്രാർത്ഥിച്ചു അവൾ. അനീഷിന്റെ പതിവ് കോളിനായി കാത്തിരുന്നു അവൾ സമയം പത്ത് മണി ആയപ്പോൾ തന്നെ അവൻ വിളിച്ചു. പതിവ് കുശലാന്വേഷണങ്ങൾക്കൊടുവിൽ അവൾ വിഷയത്തിലേക്ക് കടന്നു.

” ഏട്ടാ.. ഇതിപ്പോ ഏട്ടൻ പോയിട്ട് രണ്ട് വർഷങ്ങൾ കഴിഞ്ഞു. ഉണ്ടായിരുന്ന കടങ്ങളും തീർന്നല്ലോ ഇനീപ്പോ തിരിച്ചു വന്നൂടെ.. അല്ലേൽ ലീവിനെങ്കിലും വാ… ഏട്ടന് ഞങ്ങളെ പറ്റിയൊന്നും ചിന്തയില്ലേ.”

ആ ചോദ്യത്തിന് മറുപടി ഒന്നും പറഞ്ഞില്ല അനീഷ്.

” ഏട്ടാ.. ഞാൻ ചോദിച്ചത് കേട്ടില്ലേ… ഏട്ടന് ഇപ്പോ എന്നെ പറ്റി ഒന്നും ചിന്ത ഇല്ലേ.. അറിയാലോ നമ്മൾ ഇവിടെ എങ്ങിനെ കഴിഞ്ഞതാ എന്നിട്ടിപ്പോ… വിളിച്ചാൽ എന്നോട് ഒന്നും പറയാൻ പോലും ഇല്ല ഏട്ടന്.. എന്തെ ഏട്ടന് എന്നോടുള്ള വികാരങ്ങൾ ഒക്കെ തീർന്നോ.. ”

മറുപടി കിട്ടാതെ ആയപ്പോൾ രണ്ടും കല്പ്പിച്ചു ചോദ്യം ആവർത്തിച്ചു ചിത്ര.

” എന്റെ ചിത്രേ.. എന്താ നീ ഈ പറയുന്നേ.. നിങ്ങളെ പറ്റില്ല എനിക്ക് ഓർമ ഇല്ലാതിരിക്കോ.. ഇവിടെ ഓരോരോ തിരക്കുകൾ ആണ് പൊന്നെ.. അതല്ലേ.. ”

ആ മറുപടിയിൽ തൃപ്തായിരുന്നില്ല ചിത്ര.

” ഏട്ടാ.. അങ്ങിനല്ല.. എന്തോ ഉണ്ട്.. ഏട്ടൻ അവിടെ പോയി ആദ്യം ഒക്കെ നല്ല സ്നേഹം ആയിരുന്നു.പിന്നെ പിന്നേ സംസാരം പോലും നേരെ ഇല്ല… എന്നേക്കാൾ വലുതായി എന്ത് തിരക്കാ അത്രയ്ക്ക്.. ഏട്ടന്… ഏട്ടന് അവിടെ മ… മറ്റാരുമായേലും… അടുപ്പം ഉണ്ടോ.. സത്യം പറയ് ”

അറച്ചറച്ചുള്ള ആ ചോദ്യം കേട്ട് ഒന്ന് നടുങ്ങി അനീഷ്.

” എന്താ ചിത്രേ.. നിനക്ക് എന്താ ഭ്രാന്ത്‌ ആണോ.. ഇതെന്തൊക്കെയാ ചിന്തിച്ചു കൂട്ടുന്നെ.. ”

ഇത്തവണ അവന്റെ ശബ്ദം ഉയർന്നു.

” ഏട്ടാ.. പ്ലീസ്.. ഒച്ചയെടുത്തിട്ട് കാര്യമില്ല.. എനിക്ക് അറിയണം. ഏട്ടന്റെ മനസ്സിൽ എന്താണെന്ന്.. എന്നെ കെട്ടിപ്പിടിച്ചു കിടക്കാതെ ഉറക്കം വരാത്ത ഏട്ടന് ഇപ്പോ എന്നോട് ഒന്ന് പ്രൈവസിയായി സംസാരിക്കാൻ പോലും നേരമില്ല.. സത്യം അറിയണം.. ഏട്ടന് അവിടെ മറ്റേതെലും റിലേഷൻ ഉണ്ടോ.. ”

ചിത്ര വിട്ടു കൊടുക്കുവാൻ തയ്യാറല്ലായിരുന്നു. അതോടെ ആകെ കലി കയറി അനീഷിന്.

” തോന്യവാസം പറയുന്നെന് ഒരു അതിരുണ്ട് കേട്ടോ .. മനുഷ്യൻ ഇവിടെ കിടന്ന് നരകിക്കുവാ അതിനിടക്കാ നിന്റെ ഒരു മറ്റേടത്തെ സംശയം. നിനക്ക് അറിയോ.. ഇവിടെ കിടന്ന് പട്ടിയെ പോലെ പണി എടുക്കുവാ ഞാൻ. നേരം വെളുക്കുന്നെന്നു മുന്നേ ജോലിക്ക് പോണം പണിയെടുത്തു തളർന്നു ശവം പോലെയാ വൈകിട്ട് റൂമിൽ വന്ന് കേറുന്നേ.. എന്നിട്ട് വീണ്ടും കുക്കിംഗ്‌ എല്ലാം കൂടി കഴിഞ്ഞു ഉറങ്ങാൻ കിടക്കുമ്പോ പാതിരാത്രി ആകും. പുറമെ കാണാൻ മാത്രേ ഈ ഗൾഫ് രാജ്യങ്ങൾക്ക് ഒക്കെ ഭംഗി ഉള്ളു ഉള്ളിലേക്ക് കേറിയാൻ ഞങ്ങളെ പോലെ ഗതിപിടിക്കാത്ത പാവങ്ങൾ കുറെ ഉണ്ടാകും… ഇതൊക്കെ ആരോട് പറയാൻ ആര് മനസിലാക്കാൻ… നിനക്കൊക്കെ വേണ്ടിയാടി ഞാൻ ഇവിടെ കിടന്നു കഷ്ടപ്പെടുന്നത് ”

അവന്റെ വാക്കുകളിൽ നിരാശ നിറയുമ്പോൾ പരുങ്ങി പോയി ചിത്ര.

” ഏ…. ഏട്ടാ… ഞാൻ… അങ്ങനല്ല…. ”

അവളുടെ ശബ്ദം ഇടറുമ്പോൾ കലി അടങ്ങാതെ വീണ്ടും തുടർന്നു അനീഷ്.

“പിന്നെ നീ എന്താ പറഞ്ഞെ.. നിന്നോട് പ്രൈവസിയായി സംസാരിക്കുന്നില്ല എന്നോ…. താത്പര്യം കുറഞ്ഞു എന്നോ.. എന്റെ കൊച്ചേ എട്ടു പേരുണ്ട് എന്റെ ഇടുങ്ങിയ റൂമിൽ ഒരു ബെഡ് സ്പേസ് അതാണ് ആകെയുള്ള സ്ഥലം. അവിടെന്ത്‌ പ്രൈവസി.. റൂമിൽ വന്നാൽ കുക്കിങ്ങും അലക്കും കുളിയും ഒക്കെ കഴിഞ്ഞു ഒന്ന് നേരെ വിളിച്ചു നിന്നോട് മിണ്ടാൻ പോലും സമയം ഇല്ല.. ആഗ്രഹം ഉണ്ട് ഉള്ളിൽ ഒരുപാട്. പക്ഷെ പറ്റാഞ്ഞിട്ട് ആണ്. എനിക്കിവിടെ വേറെ അവിഹിതം ഒന്നുമില്ല. സാഹചര്യങ്ങൾ കാരണം ഞാൻ ഇങ്ങനായി പോയി. എനിക്ക് മടുത്തു ഇവിടം. നാട്ടിൽ വന്ന് നീയും മോളും എല്ലാവരുമായി നമ്മുടെ ആ പഴേ ലൈഫ് അതാണ് എന്റെ സ്വപ്നം. പക്ഷെ നാട്ടിൽ വന്ന് എന്തേലും ഒന്ന് തുടങ്ങണേൽ കയ്യിൽ കാശ് വേണം. ഇപ്പോ നമ്മുടെ കടങ്ങൾ ഒക്കെ തീർന്നല്ലോ.. ഇനീപ്പോ ഒരു രണ്ട് മൂന്ന് മാസങ്ങൾ കൂടി പിടിച്ചു നിന്നാൽ ഒരു ചെറിയ സമ്പാദ്യം ആകും.. എന്നിട്ട് ഞാൻ ഓടി വരും നിങ്ങടെ അടുത്തേക്ക്.. ”

പറഞ്ഞ് നിർത്തുമ്പോൾ അവന്റെ ശബ്ദം ഇടറി. ഒക്കെയും കേട്ട് നിന്ന ചിത്രയാകട്ടെ പൊട്ടിക്കരഞ്ഞു പോയി

“എന്റെ പൊന്ന് ഏട്ടാ.. എന്നോട് ക്ഷമിക്ക് എനിക്ക് തെറ്റ് പറ്റി പോയി.. എന്തൊക്കെയോ മനസ്സിൽ ഓർത്തു പോയി..ഞാൻ വെറുതെ എന്റെ ഏട്ടനെ…”

വാക്കുകൾ കിട്ടിയില്ല അവൾക്ക്.

” സോറി ഏട്ടാ.. റിയലി സോറി.. ഏട്ടന്റെ അവിടുത്തെ കഷ്ടപ്പാടുകൾ ഞാൻ മനസിലാക്കിയില്ല തെറ്റ് എന്റെയാണ് ”

കെഞ്ചുകയായിരുന്നു അവൾ

” ഏയ് പോട്ടെടോ.. എനിക്ക് മനസിലാകും നിന്നെ. അഞ്ചെട്ടുകൊല്ലം ഒപ്പം നിന്നിട്ട് പെട്ടെന്ന് ഞാൻ ഇങ്ങട് വന്നപ്പോ നീ ഒപ്പപ്പെട്ടു പോയി.. ഇവിടുത്തെ ബുദ്ധിമുട്ടുകൾക്കിടയിൽ പലപ്പോഴും നിന്നെ കെയർ ചെയ്യാൻ എനിക്കും പറ്റാതെ പോയി. അത് എന്റെയും തെറ്റ് ആണ്. എന്റെ പൊന്ന് വിഷമിക്കേണ്ട മാക്സിമം മൂന്ന് മാസം അതൂടെ കഴിഞ്ഞാൽ ഞാൻ അങ്ങ് വരും നമ്മുടെ ലോകത്തേക്ക്.. പിന്നേ നമുക്ക് അടിച്ചു പൊളിക്കാം ”

ചിത്ര കരയുകയാണ് എന്ന് മനസിലാക്കിയതോടെ അനീഷിന്റെ മിഴികളിലും നനവ് പടർന്നു. പതിയെ പതിയെ അവരുടെ സംസാരങ്ങളിലൂടെ വിഷമങ്ങളും തെറ്റിധാരണകളും അകന്നു.

” എന്താ പൊന്നെ നീ പറഞ്ഞെ എനിക്ക് നിന്നോടുള്ള താത്പര്യം കുറഞ്ഞുവെന്നോ… നിനക്കറിയോ അങ്ങനൊരു താത്പര്യം ഉണ്ട് എന്നത് പോലും മറന്നു ഞാൻ… സത്യം പറഞ്ഞാൽ മുള്ളാൻ നേരം ആണ്….. അല്ല വേണ്ട പറയുന്നില്ല ഞാൻ ”
തമാശയായി അനീഷ് പറഞ്ഞത് കേട്ട് പൊട്ടിച്ചിരിച്ചു പോയി ചിത്ര.

” മോൻ ഇങ്ങ് വാ… താത്പര്യം ഒക്കെ താനെ വരുത്തി തരാം ഞാൻ ”

കുസൃതിയിൽ അവൾ അത് പറയുമ്പോൾ അനീഷിന്റെ ഉള്ളൊന്ന് കുളിർന്നു.

” അപ്പോ ശെരി പൊന്നെ.. നിന്നോട് സംസാരിച്ചു നിന്ന് ഇന്നത്തെ കുക്കിംഗ്‌ മുടങ്ങി.. ഞാൻ താഴെ ഹോട്ടലിൽ പോയി എന്തേലും കഴിച്ചു വരാം.. നാളെ വിളിക്കാം കേട്ടോ ”

അനീഷിന്റെ കോൾ കട്ട്‌ ആകുമ്പോൾ അറിയാതെ ബെഡിലേക്ക് ചാഞ്ഞു പോയി ചിത്ര അവളുടെ ഉള്ളിലെ കുറ്റബോധം അപ്പോഴും മാറിയിരുന്നില്ല.
എന്തായാലും ഉള്ളിലെ വലിയൊരു വേവലാതി ഇല്ലാണ്ടായ സന്തോഷത്തിൽ അന്ന് സുഖമായി ഉറങ്ങി അവൾ.

സത്യത്തിൽ തങ്ങൾ അനുഭവിക്കുന്ന കഷ്ടപാടുകളും ബുദ്ധിമുട്ടുകളും ഒരു പരിധിവരെ വേണ്ടപ്പെട്ടവരെ അറിയിക്കാത്തവരാണ് ഭൂരിപക്ഷം പ്രവാസികളും കഷ്ടപ്പാടുകൾ ഒന്നും അറിയിക്കാതെ തങ്ങളിലൂടെ അവരുടെ സന്തോഷങ്ങൾ കാണുന്നത് തന്നെയാണ് പ്രവാസ ലോകത്തെ ഏറ്റവും വലിയ ആശ്വാസം.. സംതൃപ്തി.

(ശുഭം )

പ്രജിത്ത് സുരേന്ദ്രബാബു.