എന്താടാ അധ്യാനിച്ച് ഭാര്യയെ പോറ്റാൻ കഴിവില്ലാഞ്ഞിട്ടാണോ നീയവളേം കൊണ്ടെന്റെ വീട്ടീന്ന് സ്വർണ്ണോം പണോം…

(രചന: Hera)

കാർത്തികിനൊപ്പം അവന്റെ വീടിന്റെ പടികൾ കയറുമ്പോൾ തന്റെ ബാഗിൽ കൈകൾ മുറുക്കി പിടിച്ചു കാവ്യ

കാർത്തികിന്റെ ഭാര്യയായ് അവന്റെ വീട്ടിലേക്കുള്ള രംഗപ്രവേശനമാണ് …

വലതുകാൽ വെച്ച് വീട്ടിലേക്ക്കയറി വരുന്ന മരുമകളെ നിലവിളക്കു തന്ന് നിറചിരിയോടെ സ്വീകരിക്കേണ്ട കാർത്തികിന്റെ അമ്മ ഉമ്മറത്തൊരു കാഴ്ചക്കാരിയായ് വെറുതെ നിൽക്കുന്നത് അകത്തേക്ക് കയറുന്നതിനിടയിൽ കാവ്യ കണ്ടിരുന്നു

പുച്ഛം തോന്നിയവൾക്കുള്ളിലവരോട്, ഒപ്പമൊരു സംതൃപ്തിയും… അവരുടെയാ നില്പ് കണ്ട്…

തന്റെയും കാർത്തിക്കിന്റെയും വിവാഹത്തിനെതിരു നിന്ന അവരെ വെല്ലുവിളിയ്ക്കും മട്ടിലൊന്ന് നോക്കിയിട്ട് തന്നെയാണവൾ അകത്തേയ്ക്ക് കയറിയതും..

എന്റമ്മേ… രക്ഷപ്പെട്ടു…

തങ്ങളുടെ മുറിയ്ക്കുള്ളിലെത്തിയതും അതുവരെ ശ്വാസം പിടിച്ചെന്ന വിധം നിന്നിരുന്ന കാർത്തിയ്ക്ക് ദീർഘമായൊന്നു ശ്വാസം വിട്ടു പറഞ്ഞതും അവനെ സംശയത്തിൽ നോക്കി കാവ്യ…

“വീടിനകത്തേയ്ക്ക് കയറുമ്പോൾ അമ്മ തടയുമെന്നാണ് ഞാൻ കരുതിയത്..”

തന്നെ നോക്കുന്നവളോട് ഒരു ചിരിയോടെ കാർത്തിക്ക് പറയുമ്പോഴും തെളിച്ചമില്ലാത്ത മുഖത്തോടവനെ നോക്കി മിഴിച്ചു നിന്നു കാവ്യ

“താനൊന്ന് റെസ്റ്റെടുക്ക്… ഞാൻ അമ്മയെ ഒന്ന് കണ്ടു വരട്ടെ… ”

കാവ്യയോടു പറഞ്ഞ് കാർത്തിക്‌ റൂമിനു പുറത്തേയ്ക്ക് നടന്നതും അവന്റെ കയ്യിൽ പിടിച്ചു തടഞ്ഞു നിർത്തി കാവ്യ

“നിങ്ങളെങ്ങോട്ടാ കാർത്തിക് ഈ പാഞ്ഞു പോണത് …?
ഇന്ന് നമ്മുടെ കല്യാണമായിരുന്നു… നിങ്ങളിരിക്കേണ്ടതിനി എനിയ്ക്കൊപ്പമാണ് , അല്ലാതെ അമ്മയ്ക്കൊപ്പമല്ല…”

ഉള്ളിൽ പതഞ്ഞുയരുന്ന ദേഷ്യമടക്കി പിടിച്ചോണം കാവ്യ പറഞ്ഞതും അവളെ നോക്കിയൊന്ന് കൺചിമ്മിയിട്ടവളുടെ കൈ വേർപ്പെടുത്തി റൂമിനു പുറത്തേയ്ക്ക് നടന്നു കാർത്തിക്

പല്ലുകൾ ഞെരിച്ചമർത്തി കാവ്യ അവന്റെ പോക്ക് കണ്ട്..

“നിങ്ങളെയും നിങ്ങളുടെ അമ്മയേയും ഞാൻ രണ്ടു വഴിയ്ക്ക് ആക്കും കാർത്തിക്… കണ്ടോ നിങ്ങളത്…’

മനസ്സിലുറപ്പിച്ചു കാവ്യയത്..

കഴിഞ്ഞ രണ്ടു മൂന്നുവർഷമായിട്ടുള്ള പ്രണയമാണ് കാർത്തിക്കുമായ്…

പ്രണയം ആദ്യം തോന്നിയതും അതവനോടു പറഞ്ഞതുമെല്ലാം കാവ്യയാണ്…
ആദ്യമൊന്നും കാവ്യയുടെ ഇഷ്ടം അംഗീകരിക്കരിച്ചില്ല കാർത്തിക് ,അതോടെ വാശിയായ് കാവ്യയ്ക്ക്.

അവളുടെ ആ വാശിയുടെ അവസാനമാണ് ഇന്നു നടന്ന ഈ കല്യാണം..

കാവ്യയുടെ സ്വഭാവവും പെരുമാറ്റവും ഇഷ്ടപ്പെടാത്തതു കൊണ്ട് തന്റെ മരുമകളായ് അവളെ സ്വീകരിക്കില്ല എന്ന നിലപാടായിരുന്നു കാർത്തിക്കിന്റെ അമ്മയ്ക്കെങ്കിൽ പഠനം പൂർത്തിയാകാതെ വിവാഹത്തിന് സമ്മതിക്കില്ല എന്ന തടസ്സമാണ് അവളുടെ വീട്ടിൽ നിന്നുണ്ടായത്…

ആഗ്രഹിയ്ക്കുന്നതെന്തും എങ്ങനെയും നേടിയെടുക്കുന്ന കാവ്യയ്ക്ക് പുച്ഛം മാത്രമാണ് ഇരുവീട്ടുക്കാരോടും തോന്നിയത്…

അവളുടെ വാശിയും ദേഷ്യവും അവൾ കാർത്തിക്കിൽ തീർത്തു, തന്നെ രജിസ്റ്റർ മര്യേജ് ചെയ്ത് കൂടെ കൂട്ടിയില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന അവളുടെ ഭീഷണിയിലാണവരുടെ ഇന്നത്തെ വിവാഹം പോലും..

പുറത്തേക്കിറങ്ങി പോയ കാർത്തിക്കിനെ തിരികെ റൂമിലേക്ക് കാണാതെ വന്നതും അവനെ അന്വേഷിച്ച് റൂമിനു പുറത്തേക്കിറങ്ങിയ കാവ്യ ആ വീടിന്റെ പടിക്കടന്നു വരുന്നവരെ കണ്ടൊന്നു പതറി

അവളുടെ അച്ഛനും അമ്മയും സഹോദരിയും

തന്നെ നോക്കുന്ന അവരുടെ കണ്ണിലെ ദേഷ്യവും വെറുപ്പും തിരിച്ചറിഞ്ഞതും ഒന്നു കൂടി പതറി പരിഭ്രമിച്ചവൾ…

“ഞങ്ങളുടെ വാക്കു കേൾക്കാതെ ഞങ്ങളെ ധിക്കരിച്ചു ഇറങ്ങി വന്നവൾക്കെന്തിനാ ടീ ഞാൻ വിയർപ്പു വറ്റിച്ചുണ്ടാക്കിയ സ്വർണ്ണവും പണവും….?

അവളെ കണ്ടതേ ശബ്ദമുയർത്തിയ അച്ഛന്റെ ചോദ്യത്തിൽ പകച്ച് നാലു ചുറ്റുമൊന്ന് നോക്കി പോയവൾ

ആ ചോദ്യം ആരെങ്കിലും കേട്ടോയെന്നറിയാൻ…

“ഞങ്ങളെ വേണ്ടാത്തവൾ ,ഞങ്ങളുടെ വാക്കിനു വില കല്പ്പിക്കാത്തവൾ ഒരു കള്ളിയെ പോലെ ഞങ്ങളുണ്ടാക്കിയതെല്ലാം കട്ടെടുത്തിട്ടാണ് വീടുവിട്ടിറങ്ങിയതല്ലേ…?
നാണമുണ്ടോടീ നിനക്ക്….?

അച്ഛനു പുറകെ അമ്മക്കൂടി ശബ്ദമുയർത്തിയതും ആകെ പതറി വീടിനകത്തേയ്ക്ക് നോക്കിയ കാവ്യ ചലനമറ്റതു പോലെ നിന്നു പോയ് ഇതെല്ലാം കേട്ടു തനിയ്ക്ക് പുറകിൽ നിൽക്കുന്ന കാർത്തിക്കിന്റെ അമ്മയെ കണ്ടതോടെ….

“എന്താണ് കാര്യം…?
നിങ്ങളെന്താണിവിടെ വന്ന് ബഹളമുണ്ടാക്കുന്നത്….?

ചോദിച്ചു കൊണ്ടമ്മ വീടിനുമ്മറത്തേയ്ക്കിറങ്ങിയതും നിമിഷ നേരം കൊണ്ടവിടെ ഇരുകൂട്ടരുടെയും ശബ്ദമുയർന്നൊരു വഴക്കിൽ കലാശിച്ചത്…

“എന്താടാ അധ്യാനിച്ച് ഭാര്യയെ പോറ്റാൻ കഴിവില്ലാഞ്ഞിട്ടാണോ നീയവളേം കൊണ്ടെന്റെ വീട്ടീന്ന് സ്വർണ്ണോം പണോം എടുപ്പിച്ചത്…?

വഴക്കിനിടയിൽ നിന്ന് അച്ഛൻ തനിയ്ക്ക് പുറകിലേക്ക് നോക്കി ആക്രോശത്തോടെ ചോദിച്ചതും
എന്തേ വേണ്ടൂ എന്നറിയാതെ ഭയന്ന് ഉടുത്തിരുന്ന സാരിയിൽ കൈകൾ മുറുക്കി പിടിച്ചു കണ്ണടച്ചു പോയ് കാവ്യ…

ഭയന്നവൾ നിൽക്കുമ്പോൾ അവളെ എരിയ്ക്കാനുള്ള അഗ്നി കണ്ണിൽ നിറച്ചവളെ നോക്കി നിന്നു കാർത്തിക് അവൾക് പുറകിലായ്

പോലീസ് സ്റ്റേഷനിൽ ആരുടെയും മുഖത്തു നോക്കാനാവാതെ തലക്കുനിച്ചു നിൽക്കുമ്പോൾ കയ്യിലെ ബാഗൊന്ന് മുറുകെ പിടിക്കാൻ കാവ്യ ശ്രമിച്ചെങ്കിലും അവളിൽ നിന്നത് പിടിച്ചു വാങ്ങി എസ് ഐയ്ക്ക് മുമ്പിലെ ടേബിളിൽ വെച്ചു കാർത്തിക്ക്…

” ഞാൻ വിവാഹം കഴിച്ചില്ലെങ്കിൽ സ്വയം ജീവനൊടുക്കുമെന്ന് ഇവൾ കടുംപിടുത്തം പിടിച്ചതുകൊണ്ടാണ് സാറെ ഞാനിന്നിവളെ വിവാഹം കഴിച്ചത് ,ഇവളെ ഒന്നിനു വേണ്ടിയും ആർക്കുവേണ്ടിയും നഷ്ടപ്പെടുത്താൻ എനിയ്ക്ക് ആവില്ലായിരുന്നു സാറെ… ”

“ഇറങ്ങി വരുമ്പോൾ വീട്ടിൽ നിന്ന് സ്വർണ്ണമോ പണമോ എടുത്തിട്ട് വരാൻ ഞാനിവളോട് പറഞ്ഞിട്ടില്ല ,മറിച്ച് എടുക്കരുതെന്ന് കർശനമായ് പറഞ്ഞിട്ടും ഉണ്ട്, ഈ ബാഗിലെന്താണെന്ന് ഞാൻ രാവിലെ ഇവളോട് തിരക്കിയപ്പോൾ എന്നോടിവൾ പറഞ്ഞത് അവളുടെ വസ്ത്രങ്ങളും സർട്ടിഫിക്കറ്റും ആണെന്നാണ്… ഇവളിതെല്ലാം കൊണ്ടുവന്നത് ഞാനറിഞ്ഞിട്ടില്ല സാറെ… ”

ബാഗിനുള്ളിൽ നിന്നും പണവും സ്വർണ്ണവുമെടുത്ത് പുറത്തേക്ക് വെയ്ക്കുന്നതിനിടയിൽ മുഖമുയർത്താതെ പറയുന്ന കാർത്തികിനെ കുറ്റബോധത്തോടെ നോക്കി നിന്നു കാവ്യ

അവനാ പറഞ്ഞതത്രയും സത്യമായിരുന്നു… താനാണ് അതിമോഹം കാണിച്ചത്… ആർഭാടത്തോടെ ജീവിയ്ക്കാൻ വേണ്ടിയാണത് എടുത്തതും…

തന്റെ അതിമോഹവും വാശിയും കൊണ്ടാണവൻ എല്ലാവർക്കും മുമ്പിൽ ഇങ്ങനെ നിൽക്കേണ്ടി വന്നതെന്ന ചിന്തയിൽ കാവ്യ നിൽക്കുമ്പോൾ പരസ്പരം കാര്യങ്ങൾ പറഞ്ഞു തീരുമാനമാക്കി പോലീസും…

കാവ്യയെ ഒന്നു തിരിഞ്ഞു പോലും നോക്കാതെ തങ്ങളുടെ പണവും സ്വർണ്ണവുമെടുത്ത് അവളുടെ വീട്ടുകാർ സ്റ്റേഷനിൽ നിന്നിറങ്ങിയതും അവർക്ക് മുമ്പിലേക്ക് ചെന്നു കാർത്തിക്

“നിങ്ങൾ നിങ്ങളുടെ മകളുടെ ഭാവിയെ കരുതിയാണ് ഈ കല്യാണത്തിന് തടസം നിന്നതെന്ന് അറിയാം എനിയ്ക്ക്… വിദ്യാഭ്യാസം ആവശ്യം തന്നെയാണ് ആണിനും പെണ്ണിനും… അവളുടെ വാശിയ്ക്ക്, അവളെ നഷ്ടപ്പെടുത്താൻ വയ്യാത്തത് കൊണ്ടു മാത്രമാണ് ഞാനിന്നവളെ കൂടെ കൂട്ടിയത്,,

കാർത്തിക് പറഞ്ഞു വരുന്നത് എന്താണെന്നറിയാതെ അവനെ തന്നെ നോക്കി നിന്നു എല്ലാവരും

“നിങ്ങൾ ആഗ്രഹിച്ചതു പോലെ നിങ്ങളുടെ മകളുടെ പoനം പൂർത്തിയായതിനു ശേഷം മാത്രമേ ഞങ്ങളൊരുമ്മിച്ച് ഒരു ജീവിതം തുടങ്ങൂ, ഞാനിന്ന് രാത്രി യുകെയിലേക്ക് പോവും ,മടക്കം ഇവളുടെ പഠനം തീർന്നതിനു ശേഷം മാത്രമാണ്. അതു വരെ എന്റെ വീട്ടിൽ എന്റമ്മയുടെ മകളായിട്ട് ഉണ്ടാവും ഇവൾ….”

കാർത്തിക് പറഞ്ഞു നിർത്തുമ്പോൾ ഞെട്ടി പകച്ച് അവനെ നോക്കി നിന്നു കാവ്യ ,കേട്ടതു വിശ്വസിക്കാൻ കഴിയാതെ…

തന്നെ പകച്ചു നോക്കുന്നവളെ ഒരു പുഞ്ചിരിയോടെ നോക്കി കാർത്തിക്കും

“ഇത് നിനക്കുള്ള അവസരമാണ് കാവ്യാ.. നിന്റെ വാശിയ്ക്ക് മുന്നിൽ ഞാൻ കീഴടങ്ങിയത് ഇങ്ങനെ പലതും കണ്ടിട്ടു തന്നെയാണ്..

“ഇനി നീ തെളിയിക്കണം നീയൊരു നല്ല മകളും മരുമകളും ആണെന്ന്… അങ്ങനെ നീ ആവുന്ന നാളിൽ എന്റെ ഭാര്യയായ നിനക്കരികിൽ നീ ആഗ്രഹിക്കുന്ന ഭർത്താവായ് ഞാൻ ഉണ്ടാവും…”

ഉറപ്പോടെ പറയുന്നവനെ പകപ്പോടെ നോക്കി നിൽക്കുമ്പോൾ തന്റെ വാശികൊണ്ടു താനെന്തു നേടിയെന്ന ചോദ്യം മാത്രം അവശേഷിച്ചു കാവ്യയിൽ…

ശുഭം…