(രചന: പ്രജിത്ത് സുരേന്ദ്രബാബു)
“ചേച്ചി… ഇന്നെന്തായാലും ലോട്ടറി ആണ്… ആള് റിച്ച് ആണ് നല്ലോണം ഒന്ന് സുഖിപ്പിച്ചാൽ ചോദിക്കുന്ന കാശ് കയ്യിൽ കിട്ടും.”
സന്തോഷ് പറഞ്ഞത് കേട്ട് ആ ആഡംബര വില്ലയിലേക്ക് മിഴി ചിമ്മാതെ നോക്കി നിന്നു ദേവി.
” എടാ.. എനിക്ക് അങ്ങട് വിശ്വസിക്കാൻ പറ്റുന്നില്ല. ഇത്രേം കാശുകാരനായ ഒരാള് എന്നെ പോലൊരുത്തിയെ അന്തിയുറങ്ങാൻ കൂട്ടിനു വിളിക്കുമൊ… ഇങ്ങേരു വിചാരിച്ചാൽ ആരെ വേണേലും കിട്ടില്ലേ.. ”
” അതൊക്കെ ഓരോരുത്തരുടെ ഇഷ്ടം അല്ലെ ചേച്ചി.. ഇങ്ങേർക്ക് ചിലപ്പോ സാധാരണക്കാരെ
ആകും പ്രിയം.. എന്തായാലും ചേച്ചിക്ക് ഗുണം ഉണ്ടായല്ലോ അത് മതി. ”
സന്തോഷ് ഓട്ടോ ഓഫ് ചെയ്ത് പുറത്തേക്കിറങ്ങി
ചേച്ചി വേഗം അകത്തേക്ക് ചെല്ല് ആള് കാത്തിരിക്കുവാകും.. ഞാൻ ഈ പരിസരത്ത് തന്നെ കാണും വെളുപ്പിന് ഇറങ്ങുമ്പോ വിളിച്ചാൽ മതി ”
മറുപടി പറഞ്ഞില്ല ദേവി. അറച്ചറച്ചവൾ പതിയെ ആ വീടിനുള്ളിലേക്ക് കയറി. ചുറ്റുമതിലിനുള്ളിൽ വലിയൊരു ആഡംബര വില്ല.. പതിയെ ഉള്ളിലെ ഹാളിലേക്ക് ചെല്ലവേ അവിടെ അവൾ ഒരാളെ കണ്ടു. മദ്യപിച്ചു അവശനായി സെറ്റിയിൽ ചാഞ്ഞു കിടക്കുന്ന ഏകദേശം മുപ്പത്തിയഞ്ചു വയസ്സ് പ്രായം തോന്നിപ്പിക്കുന്ന ഒരു സുമുഖൻ. കണ്ട മാത്രയിൽ തന്നെ തന്റെ ഇന്നത്തെ യജമാനനാണ് അയാളെന്ന് ഉറപ്പിച്ചു ദേവി. പതിയെ ചുവടുകൾ വച്ചു അവൾ അവനരുകിൽ എത്തി.
” സാ.. സാറേ… ”
” ങും..! ”
വിളി കേട്ട് ഞെട്ടലോടെ തലയുയർത്തി അവൻ. കണ്മുന്നിൽ ദേവിയെ കണ്ട് ഒരു നിമിഷം സൂക്ഷിച്ചു നോക്കിയിരുന്നു പെട്ടെന്ന് ആ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.
” ദേവി. ല്ലേ.. ”
ആ ചോദ്യം കേട്ടപാടെ ഒന്ന് പുഞ്ചിരിച്ചു ദേവി..
” അതേ.. ”
ആ മറുപടി കേട്ട് പതിയെ എഴുന്നേറ്റു അവൻ. മദ്യ ലഹരിയിൽ കാലുകൾ നിലത്തേക്ക് ഉറയ്ക്കുന്നുണ്ടായിരുന്നില്ല.
” ദേ.. ദേവി ഇരിക്ക് ”
അത്രയും പറഞ്ഞ് കൊണ്ടവൻ പതിയെ തിരിഞ്ഞു ബാത്രൂം ലക്ഷ്യമാക്കി നടന്നു.
” ദൈവമേ… ആള് നല്ലോണം മദ്യപിച്ചിട്ടുണ്ടല്ലോ… ഇതിനി എന്താകോ എന്തോ..”
ഉള്ളിൽ ചെറിയ ഭയത്തിൽ ചുറ്റും നോക്കി ദേവി. അത്രയും വലിയ വീടിനുള്ളിൽ എന്തെന്നില്ലാത്ത ഭീതി അവളെ പിടികൂടിയിരുന്നു അപ്പോൾ.
അല്പസമയം കഴിയവേ ആ ചെറുപ്പക്കാരൻ പതിയെ ബാത്‌റൂമിൽ നിന്നും പുറത്തേക്ക് വന്നു.
” ഉച്ച തൊട്ട് തുടങ്ങിയ അടിയാ… നല്ല ഫിറ്റ് ആയി പോയി… ”
മുഖം കഴുകി തുടച്ചു കൊണ്ടാണവൻ ദേവിയ്ക്ക് അരികിലേക്കെത്തിയത്.
” ദേവി ഇരിക്ക് എന്തിനാ ഇങ്ങനെ നിൽക്കുന്നെ… ഇരുന്നു വിശേഷങ്ങൾ ഒക്കെ പറയ് ”
അവൻ സെറ്റിയിലേക്കിരിക്കവേ പിന്നാലെ അരികിലായി ഇരുന്നു ദേവി.
” എന്റെ പേര് ആനന്ദ്. ഇവിടെ കുറച്ചു ബിസിനസുകൾ ഒക്കെ ഉണ്ട് മേരെഡ് ആണ് കുട്ടികൾ ഇല്ല.. ദേവിയുടെ ചില വിശേഷങ്ങൾ ഒക്കെ സന്തോഷ് പറഞ്ഞ് കുഞ്ഞിന് എന്തോ സുഖമില്ല എന്ന് കേട്ടു എന്താ ഹാർട്ടിനാണോ പ്രശ്നം.. ”
ആ ചോദ്യം ഒറ്റ നിമിഷത്തിൽ ദേവിയുടെ മുഖത്തേക്ക് വിഷാദം പടർത്തി.
” അതേ സർ.. ജന്മനാ ഉള്ള തകരാറാണ്. ഒരു സർജറി വേണം ഏകദേശം മൂന്ന് ലക്ഷം രൂപയോളം വേണം അതിനു ഞാൻ ഒറ്റക്ക് എന്ത് ചെയ്യാനാ കെട്ട്യോൻ മരിച്ചു പോയതാ.. പിന്നേ പെട്ടെന്ന് ക്യാഷ് ഉണ്ടാക്കാൻ കണ്ടെത്തിയ വഴിയാണ് ഇത്. ”
” ആ നല്ല വഴി.. ”
പുച്ഛത്തോടെ സെറ്റിയിലേക്ക് ചാരി ആനന്ദ്.
” നമ്മൾ ഇന്നത്തെ രാത്രി പറഞ്ഞുറപ്പിച്ചേക്കുന്നത് മൂവായിരം രൂപയ്ക്ക് ആണ്. അതിൽ എത്ര കിട്ടും നിനക്ക്. ”
ആ ചോദ്യം കേട്ടിട്ടും മറുപടി പറയാതെ മൗനമായി ദേവി.
” ഹാ..! പറയ് ദേവി. ആ സന്തോഷ് എന്തായാലും കമ്മീഷൻ എടുക്കും ന്ന് എനിക്ക് അറിയാം അത് എത്ര ന്ന് ആണ് ചോദിച്ചേ.”
” അത്.. ആയിരം അവൻ എടുക്കും രണ്ടായിരം എനിക്ക്.. ”
ദേവിയുടെ മറുപടി കേട്ട് പൊട്ടിച്ചിരിച്ചു പോയി ആനന്ദ്.
” ആഹാ. ഒരു രാത്രി ഒന്ന് ഇരുട്ടി വെളുക്കുമ്പോൾ രൂപ രണ്ടായിരം കയ്യിൽ.. കൊള്ളാം…ഈ ജോലി എന്തായാലും കൊള്ളാം..”
അത്രയും പറഞ്ഞ് കൊണ്ടവൻ പതിയെ എഴുന്നേറ്റു ശേഷം പുഞ്ചിരിയോടെ മുറിയിലേക്ക് നടന്നു. ഒന്നും മനസിലാകാതെ പതർച്ചയിൽ നോക്കി ഇരുന്നു പോയി ദേവി അപ്പോൾ. ഒപ്പം അന്തിയുറങ്ങാൻ വിളിച്ചവൻ കണക്കുകൾ ചോദിച്ചും കഥകൾ പറഞ്ഞുമിരിക്കുന്നു . എന്താണ് അവന്റെ ഉദ്ദേശം എന്നത് മനസിലാകാത്തതിനാൽ തന്നെ ഉള്ളിൽ വല്ലാത്ത ഭയം തോന്നി അവൾക്ക്. അല്പം കഴിയവേ മുറി വിട്ട് പുറത്തേക്ക് വന്നു ആനന്ദ്. അപ്പോൾ അവന്റെ കയ്യിൽ ഒരു കവർ ഉണ്ടായിരുന്നു. ദേവിയുടെ അരികിലേക്കെത്തി ആ കവർ അവളുടെ കൈകളിൽ ബലമായി വച്ചു കൊടുത്തു അവൻ. പെട്ടെന്ന് ഞെട്ടലോടെ ചാടി എഴുന്നേറ്റു പോയി അവൾ.
” എന്താ ..എന്താ സാർ ഇത്.. ”
മറുപടി പറയാതെ ബലമായി അവളെ തിരികെ പിടിച്ചു സെറ്റിയിൽ ഇരുത്തി ആനന്ദ്.
” ഇത് കുറച്ചു കാശാണ്.. അഞ്ചു ലക്ഷം രൂപ വരും. മൂന്ന് അല്ലെ മോന്റെ സർജറിക്ക് വേണ്ടത് ബാക്കി വച്ച് നീ എന്തേലും ഒരു ചെറിയ ബിസിനസോ മറ്റോ തുടങ്ങി ജീവിക്കാൻ നോക്ക്.. ഈ പണി നിങ്ങൾക്കൊന്നും പറ്റിയതല്ല.. ”
ഞെട്ടിക്കുന്നതായിരുന്നു ആനന്ദിന്റെ മറുപടി. കണ്ടിട്ട് അഞ്ചു മിനിട്ടുകൾ മാത്രം കഴിയവേ രൂപ അഞ്ചു ലക്ഷം കയ്യിൽ…
” സാർ എന്താ ഇത് ഇത്രയും കാശ്… ”
ആശ്ചര്യത്തിലും ഉള്ളിലുണ്ടായ അമിതമായ സന്തോഷത്തിലും അറിയാതെ ദേവിയുടെ മിഴികൾ തുളുമ്പി പോയി.
അത് കണ്ടിട്ട് പതിയെ ഒന്ന് നെടുവീർപ്പിട്ടു ആനന്ദ്.
” ഓരോ മാസത്തിലും ഇതിന്റെ ഇരട്ടി ഞാൻ കൂത്താടി തീർത്തിട്ടുണ്ട്.. കള്ളും ചീട്ട് കളിയും… അങ്ങിനെ… ആ കാശൊക്കെ ഉണ്ടായിരുന്നേൽ എത്ര പാവങ്ങൾക്ക് ആശ്വാസമായേനെ.. ഒക്കെ എന്റെ അഹങ്കാരം.. ദൈവം ആ അഹങ്കാരത്തിനു ഉള്ളത് തന്നു.. എന്തായാലും നീ മോനുമായി സുഖമായി ജീവിക്കണം… സംശയിക്കേണ്ട കള്ളപ്പണം ഒന്നുമല്ല.. ഇത് നിനക്ക് ദോഷമാകില്ല ”
ഒന്നും മനസിലാകാതെ നിരമിഴികളോടെ അതിശയത്തിൽ തന്നെ നോക്കി ഇരുന്നു ദേവി.
“എടോ തന്റൊപ്പം കിടക്കാൻ പൂതി മൂത്തിട്ടൊന്നുമല്ല ഞാൻ ഇവിടെ വിളിപ്പിച്ചത്… താൻ ഇവിടിരിക്കണം ഒരു രണ്ട് മണിക്കൂർ എങ്കിലും. എന്നിട്ട് തിരിച്ചു പൊയ്ക്കോ.. അത്ര മാത്രം ചെയ്താൽ മതി എനിക്ക് വേണ്ടി.. താൻ വരുന്നതും തിരികെ പോണതും പുറത്തുള്ള ആ ക്യാമെറയിൽ കിട്ടണം… അതാണ് എന്റെ ആവശ്യം..”
ആ വാക്കുകൾ കേൾക്കെ ദേവിയുടെ നെറ്റി ചുളിഞ്ഞു.
” വെറുതേ ഇരിക്കാനോ .. അതെന്തിനാ.. എന്താ ഇങ്ങനെ.. എന്താ സാറിന്റെ ഉദ്ദേശം വന്ന പാടെ ഇത്രയും കാശ്… പിന്നേ ദേ ഇപ്പോ വെറുതേ ഇരുന്നിട്ട് പോകാൻ.. സത്യം പറയ് സാർ എന്തിനാ എന്നെ ഇന്ന് ഇവിടെ വിളിപ്പിച്ചത്.”
സംശയത്തിൽ അവൾ ചോദിക്കുമ്പോൾ പതിയെ എഴുന്നേറ്റു ആനന്ദ്.
” അതങ്ങിനെയാണ്.. ദേവി.. ചില കാര്യങ്ങൾ അറിയേണ്ടാത്തത് ആണേൽ പിന്നേ അത് അറിയാനായി വാശി പിടിക്കരുത് .ഇങ്ങട് ഒന്നും ചോദിക്കേണ്ട താൻ.. പറഞ്ഞത് അനുസരിച്ചാൽ മതി.. എനിക്ക് നല്ല ക്ഷീണം ഞാനൊന്ന് കിടക്കട്ടെ. രണ്ട് മണിക്കൂറുകൾ കഴിഞ്ഞു താൻ പൊയ്ക്കോ.. ”
അത്രയും പറഞ്ഞ് ആനന്ദ് മുറിയിലേക്ക് പോകവേ ഒന്നും മനസിലാകാതെ പകപ്പോടെ നോക്കി ഇരുന്നു ദേവി. എത്ര ആലോചിച്ചിട്ടും ഈ സംഭവിക്കുന്നതൊക്കെ എന്തിനു വേണ്ടിയാണ് എന്നത് മനസിലായില്ല അവൾക്ക്.. ആ സമയം കയ്യിൽ ഇരിക്കുന്ന കവറിലെ കാശ് കാണുമ്പോൾ ഉള്ളിൽ വല്ലാത്ത ആനന്ദം തോന്നി അവൾക്ക് മകന്റെ ചികിത്സ തന്നെയായിരുന്നു അവളുടെ ജീവിത ലക്ഷ്യം അത് നിറവേറ്റാൻ പോകുന്നത് ഓർക്കേണ്ട ഉള്ളാലെ പൊട്ടിക്കരഞ്ഞു ദേവി. ഉള്ളിലെ ഭയങ്ങൾക്കും ചിന്തകൾക്കും അപ്പുറം ആനന്ദിനോടുള്ള നന്ദി അതെങ്ങിനെ പ്രകടമാക്കണമെന്നത് മാത്രം അപ്പോഴും അവൾക്ക് അറിയില്ലായിരുന്നു. എങ്കിലും അവനെ ചുറ്റി പറ്റി എന്തൊക്കെയോ നടക്കുന്നുണ്ട് എന്നത് ഊഹിച്ചു അവൾ വെറുതേ തന്നെ ഇവിടെ ഇരുത്തുന്നുണ്ടേൽ അതിനും തക്കതായ കാരണം ഉണ്ടാകും.
സമയം പിന്നെയും നീങ്ങി. ഏകദേശം രണ്ട് മണിക്കൂറുകൾ കഴിയവേ പതിയെ എഴുന്നേറ്റു ദേവി. അകത്തെ മുറിയിലേക്ക് നോക്കുമ്പോൾ ആനന്ദ് നല്ല ഉറക്കത്തിൽ ആയിരുന്നു. അവനെ ശല്യം ചെയ്യാൻ തോന്നിയില്ല അവൾക്ക്. പതിയെ അവൾ പുറത്തേക്ക് നടന്നു.
” ചേച്ചി.. എന്താ പെട്ടെന്ന്.. അങ്ങേർക്ക് ഇഷ്ടപെട്ടില്ലേ.. ”
ഓട്ടോയിൽ ഉറക്കമായിരുന്ന സന്തോഷ് ഞെട്ടിയുണർന്ന് ചോദിക്കുമ്പോൾ എന്ത് പറയണമെന്ന് അറിയില്ലായിരുന്നു അവൾക്ക്
” അങ്ങേരു അടിച്ചു പൂസ് ആയിരുന്നു ഇപ്പോ ഉറക്കം ആയി. അതാ ഞാൻ തിരിച്ചു പോന്നേ ”
മറുപടി പറഞ്ഞ് കൊണ്ടവൾ ഓട്ടോയിലേക്ക് കയറി.
” കാര്യമായി എന്തോ തടഞ്ഞല്ലോ.. കയ്യിൽ ഒരു കവറൊക്കെ.. ”
സന്തോഷിന്റെ വാക്കുകൾ ശ്രവിച്ചില്ല ദേവി. അവളുടെ ഉള്ളിൽ അപ്പോൾ ആനന്ദിനെ ചുറ്റി പറ്റിയുള്ള സംശയങ്ങൾ
ആയിരുന്നു.
ദിവസങ്ങൾ കഴിഞ്ഞു. ആനന്ദ് നൽകിയ കാശ് കൊണ്ട് മോന്റെ സർജറി വേഗത്തിൽ നടന്നു. കയ്യിൽ ഉള്ള ബാക്കി ക്യാഷ് വച്ച് ഒരു ചെറിയ ചായക്കട തുടങ്ങാൻ തീരുമാനിച്ചു ദേവി. അന്നത്തെ ദിവസത്തിന് ശേഷം പിന്നെ അവൾ തന്റെ ശരീരം മറ്റാർക്കും പണയം വച്ചിട്ടില്ല. പലപ്പോഴും ആനന്ദിന്റെ വലിയ വീടിനു മുന്നിൽ ചുറ്റി പറ്റി കറങ്ങി അവൾ ആ വീട് അടഞ്ഞു കിടക്കുകയാണെന്ന് മാത്രം മനസിലായി.
പിന്നെയും നാളുകൾ ഏറെ കഴിഞ്ഞു. മകൻ ഇപ്പോൾ ആരോഗ്യവാനായി വരുന്നു. ചായക്കട വലിയ വിജയമായി. അത്യാവശ്യം നല്ലൊരു വരുമാനമായി ദേവിയ്ക്ക്. അങ്ങിനിരിക്കെ വളരെ യാദൃശ്ചികമായി ഒരു ദിവസം പലഹാരങ്ങൾ പൊതിയാണെടുത്ത ന്യൂസ് പേപ്പർ തുണ്ടിലെ ഒരു വാർത്ത അവളുടെ ശ്രദ്ധയിൽ പെട്ടു.
‘ വ്യവസായ പ്രമുഖൻ ആനന്ദ് മേനോൻ ആത്മഹത്യ ചെയ്‌തു.. ഭാര്യയുമായി വിവാഹ ബന്ധം വേർപെട്ട ശേഷം ബാംഗ്ലൂരിൽ ക്യാൻസർ രോഗത്തിനടിമപ്പെട്ട് ചികിത്സയിൽ ആയിരുന്നു അദ്ദേഹം. മൃദദേഹം ബാംഗ്ലൂരിൽ തന്നെ സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.’
ദേവിയെ അടിമുടി നടുക്കിയ വാർത്തയായിരുന്നു അത്. ആകെ വിറങ്ങലിച്ചു പോയി അവൾ. കാണാൻ ഒരുപാട് ആഗ്രഹിച്ച ഒരാൾ… നന്മ മാത്രം ഉണ്ടാകാൻ ഒരുപാട് പ്രാർഥിച്ച ആള് ആ മനുഷ്യൻ ഇല്ലാണ്ടായിരിക്കുന്നു.. വളരെയേറെ ദിവസങ്ങൾക്ക് മുന്നേയുള്ള പേപ്പർ കട്ടിങ് ആയിരുന്നു അത്.
” ക്യാൻസർ രോഗം.. ഡിവോഴ്സ് ”
മനസ്സിൽ ആ വാക്കുകൾ ഉരുവിടുമ്പോൾ അന്ന് തനിക്കുണ്ടായ അനുഭവത്തിന്റെ യാഥാർഥ്യം ഊഹിച്ചു അവൾ
‘ഒരുപക്ഷെ രോഗ ബാധിതനായ വിവരം ഭാര്യയെ അറിയിച്ചു വിഷമിപ്പിക്കാതെ അവരിൽ നിന്നും അകന്ന് വെറുപ്പ് സമ്പാദിച്ചു കൊണ്ട് അവർക്ക് മറ്റൊരു ജീവിതം ഉണ്ടാക്കി കൊടുക്കാനായി ഒരു പരസ്ത്രീ ബന്ധം സ്ഥാപിച്ചെടുക്കാൻ വേണ്ടിയാകുമോ തന്നെ വീട്ടിലേക്ക് വിളിപ്പിച്ചത്.’
ആ സംശയം മാത്രം അവളുടെ ഉള്ളിൽ ഉടക്കി നിന്നു. എന്ത് തന്നെയായാലും അത് തെളിയിക്കാൻ ഇന്ന് പറ്റില്ല പറയേണ്ട ആളും ജീവനോടില്ല..
തന്റെ ജീവിതത്തിൽ സംഭവിച്ചതെല്ലാം ഒരു അത്ഭുതമായി തോന്നി ദേവിക്ക് അപ്പോൾ. അന്നത്തെ ആ രാത്രി ആ വീട്ടിൽ പോവുക എന്നത് ദൈവ നിശ്ചയം ആയിരുന്നിരിക്കണം. തകർന്നു പോയ തന്റെ ജീവിതം തിരികെ പിടിക്കാൻ താൻ പ്രാർത്ഥിക്കുന്ന ദൈവങ്ങൾ നൽകിയ അവസരം.
അറിയാതെ മനസ്സിൽ ആനന്ദിന്റെ ആത്മാവിനു നിത്യശാന്തി ലഭിക്കാൻ മനസുരുകി പ്രാർത്ഥിച്ചു അവൾ.
(ശുഭം )
പ്രജിത്ത് സുരേന്ദ്രബാബു