(രചന: ജെയ്‌നി റ്റിജു)
” അമ്മേ, ഞങ്ങൾ പിരിയാൻ തീരുമാനിച്ചു. ”
അമ്മ അടുക്കളയിൽ ദോശ ചുറ്റുകൊണ്ടിരിക്കുമ്പോഴാണ് ഞാനത് പറഞ്ഞത്. അടുക്കളയിൽ തന്നെയുള്ള ചെറിയ ഡൈനിങ് ടേബിളിൽ പപ്പയും എൽദോയും ഇരുന്നു കഴിക്കുന്നുണ്ട്, എൽസ ചേച്ചി അവർക്ക് ചായ കൊടുക്കുന്നു. ഞാൻ സ്ലാബിൽ ചാരി എല്ലാവരെയും നോക്കി നിൽക്കുകയായിരുന്നു.
” പിരിയുകയോ? ആര്? ”
ചേച്ചി പെട്ടെന്ന് ഞെട്ടിതിരിഞ്ഞു.
” ഞാനും ജിംസനും. അല്ലാതാര്.? ”
കഴിയാവുന്നത്ര ശാന്തമായാണ് ഞാൻ സംസാരിച്ചത്. എന്റെ മുഖഭാവവും പറഞ്ഞ ടോപ്പിക്കും തമ്മിൽ ഒരു പൊരുത്തക്കുറവ് പോലെ തോന്നിയിട്ടാവും ഒരു നിമിഷം എന്നേ നോക്കിയിട്ട് പിന്നെ ചേച്ചി ചിരിച്ചത്.
“പോ കൊച്ചേ, കളിക്കാതെ. തമാശ പറയാൻ പറ്റിയ വിഷയമാണോ ഇത്? ”
” തമാശ പറയാൻ പറ്റിയ വിഷയമാണോ ഇത്? ”
ഞാൻ തിരിച്ചും ചോദിച്ചു.
” മോളെ, എന്താ കാര്യം? തുറന്നു പറ.. വെറുതെ അമ്മയെയും പപ്പയെയും വിഷമിപ്പിക്കാതെ. ”
പപ്പയാണ്. പപ്പ എന്നും ശാന്തമായേ കാര്യങ്ങൾ സംസാരിക്കൂ.. അതുകൊണ്ട് തന്നെ പപ്പയോട് എന്തുപറയാനും ഞങ്ങൾ മക്കൾക്ക് അമ്മയുടെ മധ്യസ്ഥത വേണ്ടി വന്നിട്ടില്ല.
” എനിക്ക് മടുത്തു പപ്പാ. അതൊരു സർക്കസ് കൂടാരമാണ്. ട്രെയിൻ ചെയ്തെടുത്ത കുറച്ചു മൃഗങ്ങളും അനുസരിപ്പിച്ചു മാത്രം ശീലമുള്ള കുറച്ചു ഓണർമാരും. അതിൽ പെട്ടുപോകുന്നവർ ആദ്യം കുറെ കരയും, എതിർക്കാൻ ശ്രമിക്കും, പിന്നീട് കീഴടങ്ങും.. രക്ഷപെടണമെന്ന് ആരും ആഗ്രഹിച്ചിട്ടില്ല, ഞാനല്ലാതെ. ” ഞാൻ പതുക്കെ പറഞ്ഞു.
” നീ മനുഷ്യർക്ക് മനസ്സിലാവുന്ന പോലെ സംസാരിക്ക് മോളെ ”
അമ്മ അസ്വസ്ഥയായി.
” എന്ന് വെച്ചാൽ ആ കൂടാരത്തിലെ പുതിയ അംഗമാണ് ഞാൻ. ഞാൻ ആരാണ്,എന്താണ്, ഓരോ നിമിഷവും എന്ത് ചെയ്യണം എന്നൊക്കെ പ്രോഗ്രാം ചെയ്ത്, ട്രെയിൻ ചെയ്തു വെച്ചിരിക്കുന്ന ഒരു ജീവി. സ്വന്തമായിട്ട് അഭിപ്രായങ്ങളില്ല, തീരുമാനങ്ങളില്ല, വ്യക്തിത്വമില്ല. ”
” എലീനെ… ” അമ്മ ശാസനയോടെ വിളിച്ചു.
” എലീന അല്ലമ്മേ. വിസ്മയ. അമ്മ മറന്നുപോയോ? നിങ്ങൾ ഒത്തിരി ഇഷ്ടത്തോടെ എനിക്കിട്ട പേര് പോലും എനിക്കിപ്പോഴില്ല. വിസ്മയയാണ് ഞാൻ. വിസ്മയ ജിംസൻ പുറമറ്റത്ത്. സർട്ടിഫിക്കറ്റിൽ പോലും എനിക്കാ പഴയ പേരില്ല. “. ഞാനൊന്ന് നിശ്വസിച്ചു.
ആരും മിണ്ടിയില്ല. ആർക്കും ഒന്നും മിണ്ടാനില്ല.
ഞാൻ നഴ്സിംഗ് ഫൈനൽ ഇയർ പഠിക്കുമ്പോഴാണ് പുറമറ്റത്ത് ജിംസൺ എന്നേ വിവാഹം ആലോചിച്ചു വരുന്നത്. പള്ളിയിലെ പ്രോഗ്രാമുകളിൽ എവിടെയോ വെച്ചു കണ്ട് ഇഷ്ടപ്പെട്ടതാണത്രേ. ഇടവകയിലെ അച്ചൻ വഴിയാണ് ആലോചന വന്നത്. സാധാരണക്കാരനും കൃഷിക്കാരനുമായ കോന്നിയിൽ ജോസഫിന്റെ കുടുംബത്തിന് കിട്ടാവുന്ന ഒരു ലോട്ടറി തന്നെയായിരുന്നു ആ ആലോചന. മൂത്തമകൾ എൽസയെ കെട്ടിച്ച കടത്തിൽ നിന്ന് കുടുംബം അപ്പോഴും കരകേറിയിട്ടില്ല. രണ്ടാമത്തെ മകൻ എൽദോ ഡിപ്ലോമ കഴിഞ്ഞെങ്കിലും ജോലിയായിട്ടില്ല.. ഞാനാണേൽ നഴ്സിംഗ് കഴിയുന്നതേയുള്ളൂ. മഹാഭാഗ്യമെന്നാണ് കുടുംബക്കാരും നാട്ടുകാരും പറഞ്ഞത്. അല്ലെങ്കിൽ നാലോളം ജ്വല്ലറികളും രണ്ടു ടെസ്റ്റെയിൽസ് ഷോപ്പും ഉള്ള ജിംസന് ഇങ്ങനെ ഒരു സാധാരണ കുടുംബത്തിൽ നിന്ന് കല്യാണം കഴിക്കേണ്ട കാര്യമില്ലല്ലോ.
അന്നൊരു നാടൻ കുട്ടിയായിരുന്നു ഞാൻ. അമ്മ ഉണ്ടാക്കുന്ന കാച്ചെണ്ണ പുരട്ടി വളർത്തിയ മുട്ടോളം മുടിയുള്ള, പട്ടുപാവാടയും ചുരിദാറും ഇടുന്ന, കുഞ്ഞു മുത്തുമാലയും മൊട്ടുകമ്മലും മാത്രം സൗന്ദര്യം കൂട്ടിയിരുന്ന സാധാരണ ഒരു കുട്ടി..എനിക്ക് വേണ്ടി ഒന്നും ചിലവാക്കേണ്ട എന്ന് പറഞ്ഞു ജിംസൺ തന്നെയാണ് എനിക്കിടാനുള്ള സ്വർണം മുഴുവൻ കൊടുത്തയച്ചത്.. വിവാഹം ആർഭാടമായിത്തന്നെ ജിംസന്റെ വീട്ടിൽ. ആയിരക്കണക്കിന് ക്ഷണിക്കപ്പെട്ട അതിഥികളുടെ നടുവിൽ. പക്ഷെ, ചെറിയ ഒരു കാര്യമേ ആവശ്യപ്പെട്ടുള്ളൂ. ഏറ്റവും വേണ്ടപ്പെട്ട എന്റെ കുടുംബക്കാർ മാത്രമേ കല്യാണത്തിന് വരാവൂ എന്ന്. പകരം എൻഗേജ്മെന്റ് എന്റെ ഇടവകപ്പള്ളിയിൽ എങ്ങനെ വേണമെങ്കിലും നടത്താം. അതിൽ ജിംസന്റെയും വേണ്ടപ്പെട്ടവർ മാത്രമേ കാണൂ. ഒറ്റനോട്ടത്തിൽ മാന്യമായ ഡീൽ. പക്ഷെ, അവരുടെ മനസ്സിലെ പാവപ്പെട്ടവരോടുള്ള അയിത്തം തിരിച്ചറിയാനുള്ള ബുദ്ധിയൊന്നും അന്ന് ആർക്കും ഇല്ലാതെപോയി.
എൻഗേജ്മെന്റ് ന്റെ പിറ്റേന്ന് ജിംസന്റെ മമ്മിയും ചേച്ചിയും കൂടെ എന്റെ വീട്ടിൽ വന്നു. ബ്യൂട്ടിപാർലറിൽ കൊണ്ടുപോകാൻ. എൻഗേജ്മെന്റ് നു എനിക്കൊരു കഞ്ഞി ലുക്കായിരുന്നത്രേ. പുറമറ്റത്തുകാർക്ക് ചേരുന്ന പോലെ ഒരു മേക്കോവർ നടത്തണമെന്ന് പറഞ്ഞു അവര് ചിരിച്ചപ്പോൾ എല്ലാവരും കൂടെ ചിരിച്ചു. കൂടിയ ഏതോ പാർലറിൽ ചെന്ന് ആദ്യം ചെയ്തത് എന്റെ മുടി വെട്ടി തോളോടൊപ്പം സ്ട്രൈറ്റ് ചെയ്ത് ലേയർ വെട്ടിയിട്ടു. എണ്ണ കിനിയുന്ന മുടി ഷാംപൂ ചെയ്തു പറത്തിയിട്ടു. പിന്നീട് എന്തൊക്കെയോ.. അവിടെ നിന്നിറങ്ങുമ്പോൾ ഞാൻ മറ്റൊരു രൂപമായിരുന്നു.. പിന്നെ കുറെ മോഡേൺ വസ്ത്രങ്ങൾ. അതും ഞങ്ങൾക്ക് സ്വപ്നം കാണാനാവാത്ത വിലയുള്ളത്.
പിന്നെയാണ് അടുത്ത ആവശ്യം വന്നത്, പേര് മാറ്റണം. എലീന എന്ന പേര് അവർക്കിഷ്ടപ്പെട്ടില്ല, വിസ്മയ എന്നാക്കണമെന്ന്. കേട്ടപ്പോൾ എനിക്കാദ്യം വിഷമം തോന്നിയെങ്കിലും കിട്ടിയ ഭാഗ്യത്തിൽ കണ്ണ് മഞ്ഞളിച്ചുപോയ വീട്ടുകാർക്ക് എന്തും സമ്മതമായിരുന്നു..
ഞാൻ ഞാനല്ലാതാവുന്നതിന്റെ തുടക്കം മാത്രമായിരുന്നു അത്. പിന്നീടുള്ള പാർട്ടികളിൽ, വിരുന്നുകളിൽ എങ്ങനെ പെരുമാറണമെന്ന്, ചിരിക്കണമെന്ന്, കഴിക്കണമെന്ന് അവരെന്നെ പഠിപ്പിച്ചു. ഞാൻ എന്ത് സംസാരിക്കണമെന്നും എവിടെയൊക്കെ പോകണമെന്നും അവരുടെ ഇഷ്ടം മാത്രമായിരുന്നു എന്ന് ഞാൻ തിരിച്ചറിഞ്ഞത് എന്റെ അമ്മാവൻ മോളുടെ വിവാഹം ക്ഷണിക്കാൻ പുറമറ്റത്ത് എത്തിയപ്പോഴായിരുന്നു.. ഞങ്ങൾക്ക് വേറെ ഫങ്ക്ഷൻ ഉള്ളത്കൊണ്ട് വരാൻ കഴിയില്ലല്ലോ എന്ന് പറഞ്ഞത് ജിംസനായിരുന്നു. എത്രയെന്നു പോലും നോക്കാതെ ഒരു കെട്ട് നോട്ടും കൊടുത്തു. കസിനാണെങ്കിലും എന്റെ ഏറ്റവും അടുത്ത കൂട്ടുകാരിയായിരുന്നു സോന. എന്റെ കല്യാണത്തിന് എന്റെ ഒപ്പം തന്നെ നിന്ന അവളുടെ കല്യാണം അതുപോലെ ആഘോഷിക്കണമെന്ന് പറഞ്ഞ എന്നോട് ജിംസൺ പറഞ്ഞത്, പഴയ ദാരിദ്രവാസി കൂട്ടുകളൊക്കെ മറന്നേക്കണം എന്നായിരുന്നു. കൊടുത്ത പണം ചുരുട്ടിപ്പിടിച്ചു ഇറങ്ങിപ്പോയ അമ്മാവന്റെ കണ്ണ് നിറഞ്ഞത് കണ്ടിട്ടും അദ്ദേഹം വന്നത് നിങ്ങളുടെ പിച്ചക്കാശിനല്ല എന്ന് പറയാൻ കഴിയാതെ ഞാൻ നിന്നുരുകി.
എല്ലാത്തിനും അപ്പുറം സഹിക്കാൻ കഴിയാതിരുന്നത്,മമ്മി, അവരുടെ വീട്ടുകാരുടെയും പൊങ്ങച്ചക്കമ്പനിയുടെയും മുന്നിൽ വെച്ച് പാവപ്പെട്ട പെങ്കൊച്ചിന് മകൻ ജീവിതം കൊടുത്ത കഥ വീമ്പ് പറയുന്നത് കേട്ട് ഒട്ടിച്ചു വെച്ച ചിരിയുമായി ഇരിക്കേണ്ടി വരുന്നതായിരുന്നു..
കല്യാണം കഴിഞ്ഞ് ഒരിക്കൽ പോലും ജിംസൺ ഞങ്ങളുടെ വീട്ടിൽ വന്നിട്ടില്ല. എനിക്കിവരെ കാണണമെന്ന് തോന്നുമ്പോൾ ഡ്രൈവറെ കൂട്ടി വരാം, കുറച്ചു നേരം ഇരിക്കാം, തിരിച്ചു പോകാം.. അത്ര തന്നെ. ജിംസന്റെ ബിസിനസ്സ് തിരക്കുകളിൽ കുറ്റം ചാരി ഞാൻ പിടിച്ചു നിന്നു. എങ്കിലും എപ്പോഴൊക്കെയോ, വിശേഷദിവസങ്ങളിൽ പപ്പയോടും ചേട്ടായിയോടും എൽസേച്ചിയുടെ ഭർത്താവ് ടോമിച്ചായനോടുമൊപ്പം സൊറ പറഞ്ഞിരുന്ന് മിനുങ്ങുന്ന,മമ്മിയുടെ മീൻ കറിയെ പുകഴ്ത്തി, എന്റെ മടിയെ എല്ലാവർക്കും മുന്നിൽ കളിയാക്കി, കുസൃതികൊണ്ട് എന്നേ നോക്കി കണ്ണിറുക്കുന്ന ഒരു സാധാരണക്കാരൻ ഭർത്താവ് മതിയായിരുന്നു എനിക്കെന്ന് തോന്നും.
ഇതിനിടയിൽ എനിക്ക് കൂട്ടുകാർ ഇല്ലാതായി, ബന്ധുക്കൾ ഇല്ലാതായി, സ്വന്തം വീട്ടുകാർ പോലും ഞാൻ ഇല്ലാതെ ജീവിക്കാൻ പഠിച്ചു. ഞാൻ ആ വീട്ടിലും ജിംസന്റെ ബിസിനസ്സ് മീറ്റിലെ പാർട്ടികളിലും ഒരു പാവയെപോലെ വേഷം കെട്ടി, ഇല്ലാത്ത ചിരി മുഖത്ത് ഒട്ടിച്ചു വെച്ചു. ആ വീട്ടിൽ ചെയ്യാൻ എനിക്കൊന്നുമില്ലായിരുന്നു.ആർക്കും സംസാരിക്കാൻ വിഷയങ്ങളില്ല, ഊണുമേശയിൽ പോലും കോടികളുടെ കണക്ക് മാത്രം. ഒരു കുഞ്ഞു വന്നാൽ എന്റെ മടുപ്പെങ്കിലും മാറുമെന്ന് കരുതിയപ്പോൾ ഒരു കുഞ്ഞിന്റെ അച്ഛനാവാൻ മനസ്സുകൊണ്ട് തയ്യാറായില്ല, കുറച്ചു കൂടെ കഴിയട്ടെ എന്നായിരുന്നു ജിംസന്റെ മറുപടി.
എനിക്കും ഈ വേഷം കെട്ടൽ മടുത്തു തുടങ്ങിയിരുന്നു. അങ്ങനെയാണ് പിരിയുന്നതിനെക്കുറിച്ച് ചിന്തിച്ചതും ഞാൻ വീട്ടിലേക്ക് വന്നതും.
” മോളെ.. ” അമ്മയുടെ വിളി എന്നെ ചിന്തയിൽ നിന്നുണർത്തി.
” മോളെ, നീ നന്നായി ആലോചിച്ചാണോ ഈ പറയുന്നത്? നോക്ക്, ഈ ബന്ധം പിരിഞ്ഞാൽ നഷ്ടം നിനക്ക് മാത്രമാണ്. അവർക്കൊന്നും നഷ്ടപ്പെടാനില്ല. ”
ഞാനൊന്ന് ചിരിച്ചു.
” ഇതുതന്നെ ജിംസനും പറഞ്ഞമ്മേ. ഞാൻ പോയാൽ നാളേക്ക് നാളെ അയാൾക്ക് വേറെ ഭാര്യയെ കിട്ടുമെന്ന്.. നൂറു പെണ്ണുങ്ങൾ ഇപ്പോഴും അയാളുടെ ഭാര്യാപദത്തിന് ക്യൂ നിൽക്കുമെന്ന്. അതിനർത്ഥം തന്നെ, ഭാര്യയെന്ന നിലയിൽ ഞാൻ അദ്ദേഹത്തെ ഒട്ടും സ്വാധീനിച്ചിട്ടില്ല എന്നല്ലേ. അവരുടെ വീട്ടിലെ അടുക്കളക്കാരി, സെക്യൂരിറ്റി, സെയിൽസ്മാൻ അങ്ങനെ ഏതു പോസ്റ്റും പോലെ എപ്പോൾ വേണമെങ്കിലും പകരം മറ്റൊരാളെ എടുക്കാവുന്നതേ ഉള്ളുവെങ്കിൽ…. ഞാൻ ആ വീട്ടിലെ എന്റെ വിലയെന്താണെന്ന് തിരിച്ചറിയണ്ടേ? ”
“ആരും പേടിക്കണ്ട. ഞാൻ ജിംസനോട് വഴക്കിട്ട് പോന്നതല്ല. സ്നേഹത്തിൽ സംസാരിച്ചു തന്നെയാണ് പിരിഞ്ഞത്. പിരിയുന്നവരെല്ലാം ശത്രുക്കളാവണമെന്നുണ്ടോ? പരസ്പരം കുറ്റപ്പെടുത്തൽ, ചെളിവാരിയെറിയൽ ഒന്നും ഉണ്ടാവില്ല. ജിംസന്റെ കെയർ ഓഫിൽ ചേട്ടായിക്ക് കിട്ടിയ ജോലിക്കും കുഴപ്പം ഒന്നും ഉണ്ടാവില്ല..തമ്മിൽ ചേർന്നുപോകാൻ കഴിയാത്ത ബന്ധം ഒഴിവാക്കികൊടുത്താൽ നഷ്ടപരിഹാരം എത്ര വേണമെങ്കിലും തരാമെന്ന് പറഞ്ഞു. പക്ഷെ, നമുക്കെന്തിന് അവരുടെ പണം? ”
” കൊച്ചേ, അട്ടയെ പിടിച്ചു മെത്തയിൽ കിടത്തിയായാൽ കിടക്കില്ലെന്നൊരു ചൊല്ലുണ്ട്. അതാണ് നീയിപ്പോ ചെയ്യുന്നത്. നാട്ടുകാരും അതേ പറയൂ. ” എൽസചേച്ചിയുടെ അതൃപ്തി ആ ശബ്ദത്തിൽ തന്നെയുണ്ട്.
” ഏത് നാട്ടുകാർ ചേച്ചി. ഞാൻ പുറമറ്റത്ത് ചെന്നപ്പോൾ വന്നവഴി മറന്നു എന്ന് പറഞ്ഞവരല്ലേ, പറഞ്ഞോട്ടെ.
ചേച്ചി, നമ്മൾ ഒരു ഡ്രസ്സ് ഇട്ടുനോക്കുമ്പോൾ അത് പാകമല്ലെങ്കിൽ നമ്മൾ അത് ഊരിമാറ്റില്ലേ. എന്നിട്ട് നമുക്ക് പാകമുള്ള ഒന്നെടുത്തിടും. ജിംസൺ എന്ന പുറംകുപ്പായം എനിക്ക് ഒരുപാട് ടൈറ്റ് ആണ് ചേച്ചി. എന്നെ വലിച്ചു മുറുക്കി ശ്വാസം മുട്ടിക്കുന്ന അത്രയും ടൈറ്റ്. ”
” ഒരു മോശം വ്യക്തിയൊന്നുമല്ല ജിംസൺ. അതാണ് ജിംസൺ… അങ്ങനെയാണ് അയാൾ. ആർക്കു വേണ്ടിയും ഒന്നിനു വേണ്ടിയും ആ സ്വഭാവം മാറ്റാൻ അദ്ദേഹം തയ്യാറല്ല. ആ സ്വഭാവത്തിന് ചേർന്ന് ജീവിക്കാൻ കഴിയുന്നവരുണ്ടെങ്കിൽ വിവാഹം കഴിച്ചോട്ടെ..അവർ സുഖമായി ജീവിച്ചോട്ടെ..”
എന്റെ മനസ്സിപ്പോൾ ക്ലിയർ ആണ്. ആദ്യം വയ്യാതെ കിടക്കുന്ന വല്യമ്മച്ചിയെ പോയിക്കണ്ട് ഇത്രയും നാൾ ചെല്ലാഞ്ഞതിന്റെ പരിഭവം മാറ്റണം. സോനയെ വിളിച്ച് പറയണം കോടീശ്വരിയായപ്പോൾ ഞാൻ അവളെ മറന്നതല്ലെന്ന്.. അപ്പുറത്തെ ജാനകിയേട്ടത്തിയോട് ടൗണിൽ വെച്ച് കണ്ടപ്പോൾ മിണ്ടാതെ പോയതിന് ക്ഷമ ചോദിക്കണം. അദൃശ്യമായ ചങ്ങലകൾ പൊട്ടിച്ചു കളഞ്ഞിട്ട് എനിക്കൊന്ന് ശ്വാസം വിടണം. എന്നിട്ട് സ്വയം ഉറക്കെ പറയണം ആ പഴയ എലീന മരിച്ചുപോയിട്ടില്ലെന്ന്. ”
“എന്തൊക്കെയാ മോളെ നീ.ആരും എന്തും പറഞ്ഞോട്ടെ. നിനക്ക് ഞങ്ങളുണ്ടെടി.”
ചേട്ടായിയാണ്.. എന്നും അടിയുണ്ടാകുമായിരുന്നെങ്കിലും എന്നെ കുറച്ചെങ്കിലും മനസ്സിലാകുന്നത് അവനാണ്.
“ഇതാണെടാ ഞാൻ. എനിക്ക് വീണുപോകുന്ന ഒരാളെ അയാളുടെ നിലയോ വിലയോ നോക്കാതെ താങ്ങിപ്പിടിക്കണം, കൂട്ടുകാരോടൊപ്പം ഒരു പാത്രത്തിൽ ഭക്ഷണം പങ്കിട്ടു കഴിക്കണം, എന്റെ വിദ്യാഭ്യാസ യോഗ്യത നഴ്സിംഗ് ആണെന്ന് ആരുടെ മുമ്പിലും അഭിമാനത്തോടെ പറയണം. ഒരാൾക്ക് സ്വന്തം വ്യക്തിത്വം മുറുകെപ്പിടിക്കാൻ ഉപാധികളുണ്ടോ? പണവും പദവിയുമുള്ളവർ, ബലവും അധികാരമുള്ളവർ, വിദ്യാഭ്യാസവും പ്രായവുമുള്ളവർ അങ്ങനെ എന്തെങ്കിലും? ”
ഞാൻ നിന്ന് കിതച്ചു. പിന്നെ തുടർന്നു.
” കോയമ്പത്തൂരിലെ ഒരു ഹോസ്പിറ്റലിൽ ജോലി ശരിയായിട്ടുണ്ട്, ജിംസന്റെ സുഹൃത്തിന്റെ ഹോസ്പിറ്റൽ ആണ്..ഇപ്പോൾ ട്രെയിനി ആയിട്ടാണ്. അടുത്ത മാസം ജോയിൻ ചെയ്യണം. അതിനു മുൻപ് സർട്ടിഫിക്കറ്റ് എല്ലാം വീണ്ടും തിരുത്തണം. അവിടെ ഞാൻ എലീനയായിരിക്കും. ആ പഴയ എലീന ജോസഫ്.”
പുറകിൽ പിറുപിറുക്കലുകൾ ഉയരുന്നതറിഞ്ഞിട്ടും അതൊന്നും ശ്രദ്ധിക്കാതെ ഞാൻ മുറ്റത്തേക്ക് നടന്നു.. എനിക്കൊന്ന് ആകാശം കാണണം. കരയുന്ന കാക്കകൾക്കും വയലിലെ പറവകൾക്കും ഇടമുള്ള ആ വിശാലമായ അതേ ആകാശം….
ജെയ്‌നി റ്റിജു