(രചന: ശ്രീജിത്ത് ഇരവിൽ)
പ്രഭാകരന്റെ ഭാര്യയോടൊക്കെ എന്റെ അതിയാൻ വളരേ മര്യാദയോടെയാണ് സംസാരിക്കാറുള്ളത്. അതുമാത്രമല്ല. ജീവിതത്തിൽ സന്തോഷമല്ലാതെ മറ്റൊന്നും ഇല്ലെന്ന വിധം ആ മുഖം തെളിയുകയും ചെയ്യും. അല്ലെങ്കിലും, ഞാനുമായി ഇടപെടുമ്പോൾ മാത്രമാണ് അതിയാന്റെ ഭാവം ചുളിയുന്നത്. അതിന്റെ കാരണം സ്നേഹം ഇല്ലായെന്നല്ലാതെ മറ്റെന്താണല്ലേ….!
‘പ്രഭാകരന്റെ ഭാര്യയോടൊക്കെ എന്ത് മനോഹരമായിട്ടാണ് സംസാരിക്കുന്നേ…? ഞാൻ കണ്ടു. കൊഞ്ചിക്കുഴഞ്ഞ്… വീടിലുള്ളവരെ കണ്ടാൽ കലി… ഹും… ‘
അൽപ്പം ഒച്ചത്തിലാണ് ഞാനത് പറഞ്ഞതെങ്കിലും അതിയാൻ മിണ്ടിയില്ല. വെറുതേ വിടാൻ എനിക്കും തോന്നിയില്ല.
‘നിങ്ങളെ രണ്ട് മക്കളെ പെറ്റത് കൊണ്ടാണോ എന്നോടിങ്ങനെ…?’
എങ്ങനേയെന്ന് ചോദിച്ച് അതിയാൻ താടി ചൊറിഞ്ഞു. ശബ്ദത്തിൽ കനം കൂടുതലായിരുന്നു.
‘കണ്ടോ, പേടിപ്പിക്കുന്നത് പോലെയല്ലേ എങ്ങനേയെന്ന് ചോദിക്കുന്നത്…!’
നിറയേ നിറഞ്ഞിട്ടില്ലെങ്കിലും കണ്ണുകൾ തുടച്ചുകൊണ്ടാണ് ഞാനത് പറഞ്ഞത്. നിന്നോടൊക്കെ ഇങ്ങനെ സംസാരിക്കാനെ പറ്റൂയെന്ന് ശബ്ദിച്ച് അതിയാൻ മുറിയിലേക്ക് കയറിപ്പോയി.
ആ മനുഷ്യൻ പണ്ടേ ഇങ്ങനെയായിരുന്നു. പിള്ളേര് ഇഴഞ്ഞ് നടക്കുന്ന പ്രായം കഴിഞ്ഞപ്പോൾ തൊട്ട് ഞാൻ ശ്രദ്ധിക്കുന്നുണ്ട്. എന്തെങ്കിലുമൊക്കെ മിണ്ടിയാൽ അപ്പോൾ കയർത്ത് സംസാരിക്കും. ഈയിടെയായി ദേഷ്യം ഇത്തിരി കുറവുണ്ട്. എന്നാലും, എല്ലാവരോടുമെന്ന പോലെയെങ്കിലും എന്നോട് പെരുമാറിക്കൂടെ… അത്രയെങ്കിലും ആഗ്രഹിക്കാനുള്ള അർഹത പോലും എനിക്കില്ലേ…
‘സത്യം പറ…
നിങ്ങക്കെന്നെ മടുത്തോ…’
കാലത്ത് തന്നെ കുളിച്ച് കുട്ടപ്പനായി എവിടേക്കോ പോകാൻ നിന്ന അതിയാനോട് ഞാൻ ചോദിച്ചതാണ്. ആ മനുഷ്യൻ വെറുതേ എന്നേ നോക്കി. മടുത്തൂവെന്ന മറുപടി പറയുമോയെന്ന ഭയം എനിക്ക് ഉണ്ടായിരുന്നു. ഭാഗ്യം. അതിയാൻ ഒന്നും മിണ്ടിയില്ല. സ്കൂട്ടറിന്റെ താക്കോലുമെടുത്ത് ഇറങ്ങി പോകുകയും ചെയ്തു.
മടുത്തിട്ടുണ്ടാകും. അത് മുഖത്ത് നോക്കി പറയാനുള്ള മടിയും കാണും. സാരമില്ല. ഞാൻ മനസിലാക്കണമല്ലോ… മക്കളുമായി കയറി ചെന്നാൽ ബാധ്യതയാണെന്ന് കരുതാത്ത ഒരു വീട് എനിക്കുമുണ്ട്. അവിടെ ഞാൻ ഭദ്രമാണ്. പക്ഷേ, അതിയാൻ ഇവിടെ തനിച്ചാകുമല്ലോയെന്ന് ഓർക്കുമ്പോൾ…
‘നിങ്ങള് വരുമ്പോഴേക്കും ഞാൻ പിള്ളാരേം കൂട്ടി എന്റെ വീട്ടിലേക്ക് പോകും..’
ഒരുനാൾ ജോലിക്ക് പോകാനായി സ്കൂട്ടറിൽ കയറുന്ന അതിയാനോട് ഞാൻ സൂചിപ്പിച്ചതാണ്. തിരിച്ച് വരില്ലെന്ന് കൂടി ചേർത്തപ്പോൾ ആ മനുഷ്യൻ തൊണ്ട കുത്തി ചെറുതായി ചുമച്ചു. ശേഷം, വേണമെങ്കിൽ ഒറ്റക്ക് പോയാൽ മതിയെന്ന് പറയുകയായിരുന്നു. അതായത്, ഞാൻ വേണമെന്ന് നിർബന്ധമില്ലായെന്ന്…
അത്രത്തോളം വേണ്ടായെന്ന് വെക്കാൻ എന്ത് തെറ്റാണ് ഞാൻ ചെയ്തതെന്ന ചോദ്യം ഗുരുതരമായി തലയിൽ കൊണ്ടത് ആ നേരമായിരുന്നു. ആ മനുഷ്യനെ ഞാൻ സ്നേഹിച്ചിട്ടേയുള്ളൂ…
ഞങ്ങൾ പോകുമെന്ന് കരുതിയിട്ടായിരിക്കണം അതിയാൻ അന്ന് നേരത്തേ വന്നത്. ഒരു തീരുമാനമെടുക്കാൻ പറ്റാത്ത മനസ്സുമായി ഞാൻ കിടക്കുകയായിരുന്നു.
‘ഇവിടെ നിന്ന് പോയാൽ സന്തോഷമായിട്ട് കഴിയാൻ പറ്റുമെങ്കിൽ നീ പോയിക്കൊള്ളൂ… ഡിവോഴ്സ് വേണമെങ്കിൽ അതും തരാം… ദയവ് ചെയ്ത് മക്കളെ പിരിക്കരുത്…’
അതിയാൻ എത്രയോ കടന്ന് ചിന്തിച്ചിരിക്കുന്നു. അത് മാത്രമല്ല. കയർക്കാതെ സംസാരിച്ചിരിക്കുന്നു. മനോഹരമായി പിരിയാമെന്ന് പറഞ്ഞിരിക്കുന്നു. നിങ്ങൾക്ക് എന്നെ വേണ്ടാത്തോണ്ടല്ലേ അങ്ങനെ തീരുമാനിച്ചതെന്ന് പറയുമ്പോഴേക്കും എന്റെ കണ്ണുകൾ കവിഞ്ഞിരുന്നു. എല്ലാം നീ ഊഹിക്കുന്നതല്ലേയെന്ന് പറഞ്ഞ് അതിയാൻ വേഷം മാറി.
‘അതൊന്നുമല്ല… നിങ്ങൾ എന്നോട് സ്നേഹത്തോടെയൊന്ന് സംസാരിച്ചിട്ട് എത്ര കാലമായെന്നറിയോ…? സ്നേഹത്തോടെ വേണ്ട… അയൽക്കാരോട് കാണിക്കുന്ന പരിഗണനയെങ്കിലും….’
ഞാനത് വിങ്ങി വിങ്ങി പറഞ്ഞ് തീർക്കുമ്പോഴേക്കും അതിയാൻ എന്റെ അടുത്തേക്ക് വന്ന് ഇരുന്നിരുന്നു.
‘ഈ അയൽക്കാരൊന്നും എന്നോട് പരാതി പറയാറില്ല. പരിഭവപ്പെടാറുമില്ല… ഞാൻ ഇങ്ങനെ ചെയ്യണം ചെയ്യരുതെന്ന് നിർദ്ദേശിക്കുന്നുമില്ല… നിന്നോട് സംസാരിക്കാൻ തോന്നാത്തത് ഇതൊക്കെ കൊണ്ടാണ്… ജോലിയും കഴിഞ്ഞ് ഞാൻ വരുമ്പോൾ, എപ്പോഴെങ്കിലും ഒരു നല്ല വാക്ക് പറഞ്ഞിട്ടുണ്ടോ…? എന്നെ കുറ്റപ്പെടുത്താനല്ലാതെ വായ നീ തുറക്കുന്നുണ്ടോ…! ഇല്ല. സമാധാനം ഇല്ലാത്ത വീട്ടിൽ എന്തുണ്ടായിട്ടെന്താ….!’
നിർത്തി നിർത്തി പറഞ്ഞത് കൊണ്ട് തലയിൽ കയറി. ശരിയാണ്. അതിയാന്റെ ഭാഗത്ത് നിന്ന് ചിന്തിക്കുമ്പോൾ പലതും മനസ്സിലാകുന്നുണ്ട്. സുഖമുള്ള വാക്കുകളൊന്നും ഞാനും പറയാറില്ല. നഷ്ടപെടുന്നുവെന്ന തോന്നലിന്റെ പരവേശം മാത്രം പ്രകടിപ്പിച്ചു. സ്നേഹമെന്ന് വരുമ്പോൾ പരിഭവങ്ങൾ സാധാരണമാണ്. അതിൽ കുറ്റപ്പെടുത്തലിന്റെ ഭാഷ വരാതിരിക്കാൻ അത്രത്തോളം ശ്രദ്ധിക്കണമായിരുന്നു.
അത്രമേൽ പ്രിയപ്പെട്ടവർ തന്നോട് മാത്രം മുഖം ചുളിച്ച് സംസാരിക്കുന്നുവെന്ന തോന്നലുകൾക്ക് ഇങ്ങനെയൊരു വശം കൂടിയുണ്ടെന്ന് അന്നാണ് മനസ്സിലായത്. വിതച്ചതേ കൊയ്യൂവെന്ന തലത്തിൽ മറ്റുള്ളവരോടുള്ള പെരുമാറ്റം എങ്ങനെയാണെന്നും മനുഷ്യർ പരിശോധിക്കേണ്ടിയിരിക്കുന്നു.
ഞങ്ങൾ പരസ്പരം ക്ഷമ പറഞ്ഞു. അതിയാൻ എന്റെ മുഖം കൈക്കുള്ളിൽ പൊതിഞ്ഞ് വെച്ച് തലയിൽ ചുംബിച്ചു. കൂടെ ഉണ്ടാകുന്ന നേരങ്ങളിലെല്ലാം പരസ്പരം അവഗണിക്കാതെ ചേർന്ന് നിൽക്കുകയെന്ന സിദ്ധാന്തം മാത്രമേ സ്നേഹത്തിനുള്ളൂ… വെറുതേ ചിന്തിച്ച് കാട് കയറാൻ, ആ വികാരത്തിന് ഭൂതമോ ഭാവിയോ ഇല്ല. വർത്തമാനങ്ങൾ മാത്രം.. പരസ്പരം മുറിവുകൾ പകരാത്ത ഇടപെടലുകൾ മാത്രം…!!!
ശ്രീജിത്ത് ഇരവിൽ