(രചന: RJ)
ഹോട്ടൽ മഹാരാജയുടെ ഇടനാഴിയുടെ ഇരുൾ വീണ ഒഴിഞ്ഞ മൂലയിൽ പരിസരം മറന്ന് ചുംബിക്കുന്ന രണ്ടു പേർ…
അവരിൽ നിന്നുയരുന്ന മൂളിച്ചകളാ ഇടനാഴിയുടെ ഇരുൾ ഭേദിച്ച് പുറത്തേക്ക് തെറിച്ചതും അതുവഴി വന്ന അനൂപൊന്ന് നിശ്ചലനായ്..
ശബ്ദം കേട്ടയിടത്തേക്ക് മിഴികൾ തേടി ചെന്നതും കണ്ടവൻ ഇരുളിന്റെ മറപറ്റി ശരീരത്തിന്റെ ദാഹം ചുംബനങ്ങളിലൂടെ പകർന്നെടുക്കുന്ന രണ്ടു പേരെ …
പരിസരം മറന്നെന്ന പോലുള്ള അവരുടെയാ പ്രവർത്തി, ഇതു പോലെയുള്ള ഇടത്തരം ഹോട്ടലുകളിൽ ഒരു സാധാരണ സംഭവമാണെന്ന് ഓർത്തതും തലക്കുടഞ്ഞ് അവരെ കണ്ടില്ലായെന്ന ഭാവത്തിൽ തന്റെ മുറിയിലേക്ക് നടന്നു അനൂപ്…
കമ്പനി ആവശ്യങ്ങൾക്കായ് വരുമ്പോൾ പലപ്പോഴും ഇതുപോലുള്ള ഇടത്തരം ഹോട്ടലുകളിലാണ് കമ്പനി ജോലിക്കാർക്ക് താമസ സൗകര്യമൊരുക്കുന്നത്..
ഇതുപോലുള്ള കാഴ്ചകൾക്ക് ഇതിനു മുമ്പും ധാരാളം സാക്ഷിയാക്കേണ്ടി വന്നതിന്റെ നിസ്സംഗതയാണ് അനൂപിന്റെ മുഖത്തിപ്പോൾ..
ജീവിതം അലച്ചിലില്ലാതെ മുന്നോട്ടു കൊണ്ടുപോവാൻ രാപകൽ ഇല്ലാതെ കഷ്ടപ്പെടുന്നവന് ഇത്തരം കാഴ്‌ചകൾ നൽകുന്നത് നവ്യാനുഭൂതിയല്ല മറിച്ച് എന്തിനോടെല്ലാമോ ഉള്ള ദേഷ്യം മാത്രമാണ്…
തന്റെ റൂമിലെത്തി കമ്പനി മീറ്റിംഗിന് ആവശ്യമുള്ള രേഖകളുമെടുത്ത് അനൂപ് തിരികെയിറങ്ങി പോവുമ്പോഴും ആ ഇടനാഴിയിൽ സീൽക്കാര ശബ്ദമുയർത്തി ചുംബനങ്ങൾ പങ്കിട്ടെടുക്കുന്നവർ പരസ്പരം വേർപ്പെട്ടിരുന്നില്ല…
ചുണ്ടുകൾക്കൊപ്പം പരസ്പരം കൈകൾ കൂടി ശരീരത്തിൽ അലയുന്നുണ്ടിപ്പോഴവരുടെ…
അവരെ മറിക്കടന്ന് അനൂപ് ധൃതിയിൽ നടന്നതും പുണർന്നു നിന്നവരൊന്ന് ഞെട്ടിയകന്നു .
ഏയ് അനൂപ്…
പിന്നിൽ നിന്നൊരു വിളിയൊച്ച ഉയർന്നതും അമ്പരന്ന് തിരിഞ്ഞു നോക്കി അനൂപ്
വിഷ്ണു….
തന്നെ പേരെടുത്ത് വിളിച്ചവനെ തിരിച്ചറിഞ്ഞതും ഒരു പകപ്പു നിറഞ്ഞു അനൂപിൽ…
ഇവനോ…. എന്നൊരു ചോദ്യം ഉള്ളിലുയരുന്നതിനൊപ്പം തന്നെ അവനൊപ്പം നിൽക്കുന്ന പെൺക്കുട്ടിയിലേക്കും അനൂപിന്റെ കണ്ണുകൾ ചെന്നു
വിഷ്ണുവിന്റെ ചുംബന കാഠിന്യത്താൽ പൊട്ടിയ ചുണ്ടിലെ രക്ത തുള്ളികൾ കർച്ചീഫുകൊണ്ടൊപ്പിയെടുക്കുകയാണാപെൺക്കുട്ടി…
വിഷ്ണൂ… നീ…?
അത്ഭുതവും അമ്പരപ്പും നിറഞ്ഞ അനൂപിന്റെ ചോദ്യത്തിൽ വിഷ്ണുവിന്റെ ചൊടികളിലൊരു നനുത്ത പുഞ്ചിരി വിരിഞ്ഞു…
ഏതൊരാളെയും അത്രമേൽ മോഹിപ്പിക്കുന്ന അവന്റെയാ മാസ്റ്റർ പീസ്ചിരി…
“നിനക്കെന്താടാ ഇത്ര വിശ്വാസക്കുറവ്, ഞാൻ വിഷ്ണുതന്നെയാണ്, നിനക്കൊപ്പം നാലഞ്ച് കൊല്ലം മുമ്പ് പലയിടത്തും ജോലി തേടി നടന്ന അതേ വിഷ്ണു തന്നെയാണ് ഞാൻ.. ”
അനൂപിന്റെ തോളിലൊന്ന് തമാശയിൽ ഇടിച്ച് വിടർന്ന ചിരിയോടെ വിഷ്ണു പറഞ്ഞതും അവന്റെ കണ്ണുകൾ വീണ്ടുമാ പെൺക്കുട്ടിയിലെത്തി
“നിന്റെ ഭാര്യയാണോ വിഷ്ണൂ….?
ആ പെൺക്കുട്ടിയിൽ ദൃഷ്ടിയുന്നി വിഷ്ണുവിനോടു ചോദിക്കുമ്പോൾ അനൂപിനറിയാം അതു വിഷ്ണുവിന്റെ ഭാര്യയല്ലെന്ന്…
അതല്ലെങ്കിലും അവനോളം മറ്റാർക്കാണ് അറിയുക..
“എന്റെ ഭാര്യ… അതും ഇതുപ്പോലൊരു സുന്ദരി… നടന്നത് തന്നെ….
എന്റെ ഭാര്യയൊരു കാക്ക പൊന്നല്ലേടാ …”
തന്റെ ചോദ്യത്തിന് ഉത്തരം പറഞ്ഞ് ഉറക്കെ പൊട്ടിച്ചിരിക്കുന്നവനെ നോക്കി നിശബ്ദനായ് നിൽക്കുമ്പോൾ നെഞ്ചിനുള്ളം മുറിവേറ്റതു പോലെ നീറുന്നത് അറിയുന്നുണ്ട് അനൂപ്…
എടാ നമുക്കൊപ്പം പി എസ് സി കോച്ചിംഗ് ക്ലാസ്സിൽ വന്നോണ്ടിരുന്ന രാഗിയാണെന്റെ ഭാര്യ.. നിനക്കോർമ്മയുണ്ടോ അവളെ..?
വിഷ്ണു ചോദിച്ചതിനുത്തരം പറയാതെ അവനെ വെറുതെ നോക്കി നിന്നു അനൂപ്
” നീയിത്രയൊന്നും ചിന്തിക്കേണ്ട, ഓർത്തുവെക്കാൻ മാത്രം പ്രത്യേകതയൊന്നുമില്ലാത്തൊരു കാക്കക്കറുമ്പിയാണവൾ… നീ ശ്രദ്ധിച്ചിട്ടു പോലുമുണ്ടാവില്ല ആ സാധനത്തിനെ…”
സ്വന്തം ഭാര്യയായിട്ടുള്ളവളെ പറ്റിയാണ് അന്യനൊരുത്തനോട് പറയുന്നതെന്ന ബോധം പോലുമില്ലാതെ ആസ്വദിച്ച് കുറ്റംപറയുകയാണ് വിഷ്ണു…
“ആ കറുമ്പിയ്‌ക്കെന്നോട് പ്രണയം, പ്രണയമെന്ന് വെച്ചാൽ അസ്ഥിക്ക് പിടിച്ചപ്രേമം… എന്നെയേ കെട്ടുള്ളൂന്ന് പറഞ്ഞ് വാശിയും കരച്ചിലും… ആകെ ബഹളമായിരുന്നവൾ….
“നമ്മുടെ ക്ലാസിലെ സുന്ദരൻ ഞാനാണല്ലോ… ഞാൻ നോക്കുമ്പോൾ അവൾ റാങ്ക് ലിസ്റ്റിലുണ്ട്, സർക്കാർ ജോലി ഉറപ്പ്, പിന്നെ അവൾക്ക് സ്വന്തമെന്ന് പറയാനുള്ളതൊരു തള്ള മാത്രമാണ്.. അത്യാവശ്യം നല്ല സമ്പത്ത് വീട്ടിലും ഉണ്ട്.. വേറൊന്നും ആലോചിച്ചില്ല ഞാൻ പ്രേമിച്ചങ്ങ് കെട്ടി … ഇപ്പോ രണ്ടു കൊല്ലമായ്… ”
തുറന്നുള്ള വിഷ്ണുവിന്റെ പറച്ചിലിൽ ശ്വാസം വിലങ്ങി നിന്നു പോയനൂപ്…
“ഭാര്യയൊരുത്തി നിന്നെ വിശ്വസിച്ച് കൂടെയുള്ളപ്പോൾ നീയ്യീ ചെയ്യുന്നത് തെറ്റല്ലേ വിഷ്ണൂ…?
നീ രാഗിയ്ക്ക് മാത്രം അവകാശപ്പെട്ടവനല്ലേ…?
ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല അനൂപിന്
“എന്ത് തെറ്റ്… ?
അവൾക്ക് അവകാശപ്പെട്ടതെല്ലാം ഞാനവൾക്ക് കൊടുക്കാറുണ്ടെടാ…
“അവൾ സ്നേഹിച്ച എന്നെ ഞാനവൾക്ക് കൊടുത്തില്ലേടാ… ഇപ്പോഴും അവൾക്ക് വേണ്ടത് കൊടുത്തതിന്റെ ബാക്കിയേ ഞാനിവളെ പോലെയുള്ളവർക്ക് കൊടുക്കൂ…
“അവളും ഹാപ്പി ഞാനും ഹാപ്പി… ”
“ഇതൊക്കെയൊരു ത്രില്ലല്ലേ മോനെ… ഭാര്യയെ ജോലിക്ക് വിട്ട് അവളുടെ ശമ്പളം കൊണ്ട് പെണ്ണ് പിടിച്ച് നടക്കാനും വേണം മോനെ ഒരു ഭാഗ്യം…”
മുന്നിൽ നിന്ന് പൊട്ടിച്ചിരിയോടെ പറയുന്നവന്
നേരെ കഷ്ട്ടപ്പെട്ടൊരു ചിരി നൽകി അനൂപ്.. അവനോടു പറയാനൊരു മറുപടി ഉണ്ടായിരുന്നില്ല സത്യത്തിൽ അനൂപിന്… അല്ലെങ്കിലും എന്തു പറയാൻ…
കമ്പനി മീറ്റിംഗ് കഴിഞ്ഞ് തിരികെ നാട്ടിലേക്ക് പോവുമ്പോൾ അനൂപിന്റെ ഉള്ള് നിറയെ അവളായിരുന്നു ,രാഗി… വിഷ്ണുവിന്റെ ഭാര്യ..
ആരോടും പറയാതെ മനസ്സിനുള്ളിൽ അനൂപ് കൊണ്ടു നടന്ന സ്വപ്നമായിരുന്നു രാഗി.. ഒന്നു കാലുറപ്പിച്ച് തനിയെ നിൽക്കാനാവുമ്പോൾ കൂടെ കൂട്ടാൻ കരുതിയവൾ…
എന്നാലവനൊട്ടും പ്രതീക്ഷിച്ചിരുന്നില്ല രാഗി വിഷ്ണുവിനോട് പ്രണയം പറയുമെന്ന്… അവർ കല്ല്യാണം കഴിക്കുമെന്ന്…
തനിക്ക് നേടാൻ കഴിഞ്ഞില്ലെങ്കിലും അവൾ നേടിയ ജീവിതത്തിൽ അവൾ സന്തോഷവതിയാണല്ലോ എന്ന ആശ്വാസമായിരുന്നു നാളിതുവരെ മനസ്സിലെങ്കിൽ ഇന്ന് വിഷ്ണുവിനെ കണ്ടതോടെ അതും നഷ്ടമായ് അനൂപിന്…
തന്റെ ആരുമല്ലവളെങ്കിലും അവളെ മറ്റൊരുവൻ സ്നേഹം ചാലിച്ച് ചതിക്കുന്നത് നീറ്റലുണ്ടാക്കി അവന്റെ ഉള്ളിൽ…
എന്നാൽ തന്നാലൊന്നും ചെയ്യാൻ സാധിക്കാത്ത വിധം നിസ്സഹായനായിരുന്നു അനൂപ്…
ഇതേ സമയം വിഷ്ണുവിന്റെ ദൃഷ്ടി തന്നിൽ പതിയില്ല എന്നുറപ്പുള്ള ഒരിടത്ത് മറ്റൊരുവനൊപ്പം തന്റെ പ്രണയ ലീലകൾ ആടി തിമർക്കുന്ന രാഗിയെ അനൂപോ വിഷ്ണുവോ കണ്ടില്ല…
സ്വന്തമായ് വേലയും കൂലിയും ഇല്ലാത്തൊരുവനെ , വിഷ്ണുവിനെ ജീവിതത്തിലേക്ക് രാഗി കൂട്ടിയതു തന്നെ തന്നിഷ്ടപ്പടി ജീവിക്കാനാണ് ..
സൗന്ദര്യമുള്ള എന്തിനോടും വല്ലാത്തൊരിഷ്ടമാണവൾക്ക്… സ്വന്തമാക്കി കയ്യടക്കാനും അനുഭവിക്കാനുമുള്ള ആർത്തി…
വിഷ്ണുവും അത്തരത്തിൽ അവൾ ആഗ്രഹിച്ച ഒരുവൻ മാത്രമാണ്…
ആരെയും മയക്കുന്ന ചിരിയും സൗന്ദര്യവുമുള്ള വിഷ്ണുവിനോടും അവൾക്ക് തോന്നിയത് കയ്യടക്കി വെയ്ക്കാനുള്ള ഒരിഷ്ടമാണ്…
അവളുടെ ഇഷ്ടങ്ങളുടെ അവസാന വാക്കായിരുന്നില്ല വിഷ്ണു… വിഷ്ണുവിനു മുമ്പും ശേഷവുമെല്ലാം അവളുടെ ജീവിതത്തിലൂടെ പലരും വന്നു പൊയ്ക്കൊണ്ടിരുന്നത് വിഷ്ണു അറിഞ്ഞില്ലെന്നു മാത്രം…
വിഷ്ണുവിനവൾ ഉത്തമ ഭാര്യയായിരുന്നു…
അവൾക്ക് മുന്നിൽ മാതൃകാ ഭർത്താവാണ് വിഷ്ണുവും
തന്നിഷ്ടങ്ങളിൽ മുഴുകി മതിമറന്ന് ജീവിക്കുന്നവർക്ക് അവരുടെ ജീവിതം മറ്റുള്ളവർക്ക് മുമ്പിൽ മാതൃകയാണെന്ന് തോന്നിപ്പിക്കുമ്പോഴും അകമേ അവരിരുവരും പരസ്പരം വഞ്ചിച്ചുകൊണ്ടിരുന്നു…
താൻ പ്രാണനായ് കൊണ്ടു നടന്നവളുടെ യഥാർത്ഥ സ്വഭാവം എന്താണെന്നറിയാതെ ,
ചിലരുടെയെല്ലാം ജീവിതം ഇങ്ങനെ ഇരുളടഞ്ഞതും ചീഞ്ഞതും ആണെന്നറിയാതെ അനൂപപ്പോഴും രാഗിയെ ഓർത്ത് അവൾക്കായ് വേദനിച്ചുകൊണ്ടേയിരുന്നു
RJ