പാതി രാത്രിയിൽ എപ്പോഴോ ഉറക്കത്തിൽ ആരോ തന്നെ സ്പർശിക്കുന്നതറിഞ്ഞു അവൾ ഒച്ചവച്ചു.. പെട്ടെന്നൊരു രൂപം തുറന്ന…

ഡെലിവറി ബോയിയെ പ്രണയിച്ച കാന്താരി പെണ്ണ്

( രചന : വിജയ് സത്യ)

========================

ബൈക്കിൽ പ്രശാന്ത് സുജയെയും കൊണ്ട് ആ ഫ്ലാറ്റിൽ എത്തിച്ചേർന്നു… പ്രശാന്തിന്റെ സുഹൃത്തിന്റെ ഫ്ലാറ്റ് ആണത്….

നേരത്തെ പരിചയമുള്ളതു കൊണ്ടു സെക്യൂരിറ്റി ആയ നേപ്പാൾ കാരൻ ഒന്ന് ചിരിച്ചു…

സുജ തന്റെ ബാഗും കൊണ്ട് ബൈക്കിൽ നിന്നും ഇറങ്ങി..

സെക്യൂരിറ്റി കാണിച്ചുകൊടുത്ത സ്ഥലത്ത് പ്രശാന്ത് ബൈക്ക് പാർക്ക് ചെയ്തു

വാ….. സുജേ

പ്രശാന്ത് അവളെയും ചേർത്തുപിടിച്ച് ഫ്ലാറ്റിലേക്ക് നടന്നു…

ഹമ്മോ… എന്തൊരു ഉയരമാണ് ഇതിന്… കാണുമ്പോൾ തന്നെ പേടിയാകുന്നു..എത്ര നിലയാ പ്രശാന്ത് ഇതു..

അവൾ ഫ്ലാറ്റിന്റെ മുകളിലേ നിലയിലേക്ക് നോക്കി പ്രശാന്ത് നോട് ചോദിച്ചു..

40 മറ്റോ ആണെന്ന് തോന്നുന്നു…

ഇതിൽ ഏതു നിലയിലാണ് നമ്മളുടെ ഫ്ലാറ്റ്…

മുപ്പത്തിമൂന്നാം നിലയിലാണ് ഫ്ലാറ്റ് എന്ന് പറഞ്ഞാൽ ചിലപ്പോൾ ഇവൾ ഭയന്ന് തിരിച്ചു പോയാലോ എന്ന് അവൻ ഓർത്തു… അതുകൊണ്ട് ആദ്യം ചോദിച്ചു ഉറപ്പുവരുത്താം… എന്ന് കരുതി അവൻ ചോദിച്ചു.

നിനക്ക് പേടിയുണ്ടോ…സുജ.

ഏയ് എനിക്ക് പേടിയൊന്നുമില്ല ചുമ്മാ ചോദിച്ചതാ..

നമ്മുടെ ഫ്ലാറ്റ് 33 ആം നിലയിലാണ് ..

ആണോ..അടിപൊളി..

സുജയ്ക്ക് അറിയുമോ… ഏറ്റവും അടുത്ത ഒരു സുഹൃത്ത്
ഉസ്മാന്റെതാണ് 33 ആം നിലയിലുള്ള നമ്മൾ താമസിക്കാൻ പോകുന്ന ഫ്ലാറ്റ്…

ആണോ…

ആ…. ഈ ഉസ്മാൻ ഗൾഫിലാണ് അവിടെ പൂത്ത ബിസിനസ്സാണ്..
ഈ പണമൊക്കെ ഒരുപാട് കൈയിൽ വന്നു ചേരുമ്പോൾ ഇങ്ങനെയുള്ളവർക്ക് ഒരു ക്രേസി ഉണ്ടാകുമല്ലോ…
അവന്റെ ഫേവറേറ്റ് നമ്പർ 33 ആണത്രേ… അവന്റെ സകല വണ്ടിക്കും ഫോൺ നമ്പറിനും ഒക്കെ 33 നമ്പറിന്റെ ഒരു അയ്യര് കളിയാണ്..

അതും പറഞ്ഞു അവൻ പൊട്ടിച്ചിരിച്ചു..

അവളും അവനോടൊപ്പം ചിരിച്ചുകൊണ്ട് ചോദിച്ചു..

ആളു കൊള്ളാലോ.. ഇത്രയും വലിയ ആളുമായിട്ടൊക്കെ പ്രശാന്തിന് കണക്ഷൻ ഉണ്ടോ…?

എനിക്കോ…എനിക്ക് നമ്മുടെ യൂസഫലിയും ആയി വരെ നല്ല കണക്ഷനാ…

അത്രയ്ക്കും വേണോ പ്രസാന്ത്‌…

അല്പം കൂടിപ്പോയി എന്ന് അവനെ തന്നെ തോന്നി..

അല്ല… സത്യം ആണു ഞാൻ പറഞ്ഞത്… യൂസഫലിയുടെ ഒരു ചങ്ങാതി എന്റെ ചങ്ങാതിയാണ്…

ഉം ഉം…കൊള്ളാം ഇപ്പോൾ ചങ്ങാതിക്കായി അങ്ങേരുടെ കണക്ഷൻ…

കേറിക്കോ…വാ

 

ലിഫ്റ്റ് ഓപ്പണായപ്പോൾ പ്രശാന്ത് സുജയോട് പറഞ്ഞു…

ആ കെട്ടിടത്തിൽ മൂന്നാല് ലിഫ്റ്റ് ഉള്ളതുകൊണ്ട് തിരക്ക് കുറവാണ്…

രണ്ടുപേരും ലിഫ്റ്റിൽ കയറി…

പ്രശാന്ത് 33 നമ്പർ അടിച്ചു.

ലിഫ്റ്റ് അല്പം മേലോട്ട് ഒന്ന് ആഞ്ഞപ്പോൾ അവൾ പേടിച്ചു…

അവൾ വേഗം പ്രശാന്തിന് ചേർത്ത് പിടിച്ച്..

പേടിക്കേണ്ട

അവൻ പറഞ്ഞു

ആദ്യമാണ് സുജ അതുപോലുള്ള ലിഫ്റ്റിൽ ഒക്കെ കയറുന്നത്…

ലിഫ്റ്റ് 33 ആം ഫ്ലോറിൽ എത്തി നിന്നു.. സുജയും പ്രശാന്തും അതിൽ നിന്ന് ഇറങ്ങി അല്പം നടന്നു അവരുടെ റൂമിന് മുമ്പിൽ എത്തി..

കാർഡ് ഉപയോഗിച്ച് പ്രശാന്ത് റൂം തുറന്നു…

ലൈറ്റുകൾ തെളിച്ചു…

അതിമനോഹരമായ മുറി… വെളുത്തു മിന്നുന്ന പട്ടു വിരിപ്പ് വിരിച്ച ട്രിപ്പിൾ കോട്ട് ബെഡ്…

ബെഡ് കാണുമ്പോൾ സ്ഥലകാല ബോധം മറന്ന് ചില സ്ത്രീകൾ ചെയ്യുന്ന പോലെ ആ ബെഡിൽ അവൾക്കും കിടന്നു ഉരുളണമെന്നുണ്ട്…. ചീപ്പാണത്… ഒരാണു കൂടെ ഉണ്ടാകുമ്പോൾ അങ്ങനെ ചെയ്യുന്നത് ശരിയല്ല… അവൾക്ക് തോന്നി…

സുജ ബാഗൊക്കെ അലമാരിൽ വച്ചോളൂ…

റൂമിൽ എത്തിയിട്ടും വേഗം തൂക്കി നിൽക്കുന്ന സുജയെ കണ്ടപ്പോൾ
പ്രശാന്ത് സുജയോട് പറഞ്ഞു…

സുജ അല്പസമയം വിശ്രമിക്കു കേട്ടോ… ഞാനെന്റെ കയ്യിലുള്ള സാധനം എന്റെ സുഹൃത്തിന് ഏൽപ്പിച്ചിട്ട് ഉടനെ വരാം…

അതിന് പ്രശാന്തിന്റെ കയ്യിൽ എന്ത് സാധനം ആണ് ഉള്ളത്…

അതോ… അതൊരു പാർസൽ ആണ്…അത് എന്റെ ഡ്രസ്സ് ഒക്കെ ഉള്ള ഈ ബാഗിനകത്താ…

അതും പറഞ്ഞവൻ തന്റെ ബാഗ് ബെഡിൽ വച്ച് സിബ്ബ് തുറന്നു അതിനകത്തുള്ള ചെറിയ ഒരു ബാഗ് പുറത്തെടുത്തു..

ഈ ബാഗും അലമാരയിൽ വെച്ചോളൂ എന്ന് പറഞ്ഞ് അവൻ തന്റെ ഡ്രസ്സ് ഒക്കെയുള്ള ബാഗിന്റെ സിബ്ബ് ക്ലോസ് ചെയ്തു സുജയെ ഏൽപ്പിച്ചു..

കയ്യിൽ ഉണ്ടായിരുന്ന ചെറിയ ബാഗ് എടുത്ത് പുറത്ത് തോളിലിട്ടു..

ശരി ഞാൻ പോകുന്നു ഒരു അരമണിക്കൂറിനകം വരും… ദേ നീ ഈ കാർഡിലുള്ള നമ്പറിൽ വിളിച്ച് ഫുഡ് ഓർഡർ ചെയ്തോളൂ…

ഈ ഭാഗങ്ങളിൽ നല്ല ഫുഡ് സെർവ് ചെയ്യുന്ന ഒരു ഓൺലൈൻ സർവീസ് കമ്പനിയാണ്… നിനക്ക് ആവശ്യമുള്ളത് വരുത്തിച്ച് കഴിച്ചോളൂ… പെട്ടെന്ന് വരും അതുകൊണ്ട് എനിക്കുള്ളത് ഞാൻ വന്നതിനുശേഷം ഓർഡർ ചെയ്യാം… നീ ഫ്രഷ് ആയിട്ട് ഭക്ഷണം കഴിച്ച് ഇരുന്നോളൂ അപ്പോഴേക്കും…

പ്രശാന്ത് അതിന് എന്റെ കൈയിൽ ഗൂഗിൾ പേ ഇല്ല…മാത്രമല്ല ക്യാഷ് ആയിട്ടും ഒന്നുമില്ല…

ആ… അത് ഞാൻ മറന്നു..കുഴപ്പമില്ല.. നീ ഫുഡ് ഇവിടെ എത്തിയ ഉടനെ ഒന്ന് മിസ്സ് അടിച്ചാൽ മതി ഫുഡ് കൊണ്ടുവരുന്ന ഡെലിവറി ബോയുടെ ഓൺലൈൻ നമ്പറിലേക്ക് ഞാൻ ക്യാഷ് അപ്പത്തന്നെ ഇട്ടുകൊടുത്തോളാം… നീ ഒക്കെയല്ലേ…

ശരി പ്രശാന്ത്…

പ്രശാന്ത് ഡോർ അടച്ചു ഫ്ലാറ്റിൽ നിന്നും പുറത്തിറങ്ങിപ്പോയി..

അവൾ ആ ട്രിപ്പിൾ കോർട്ട് ബെഡിൽ ഒന്ന് കിടന്നു…. വെളുപ്പിനെ നാലുമണിക്ക് ചാടിയതാണ് പ്രശാന്തിന്റെ കൂടെ വീട്ടിൽ നിന്നും… നാലുവർഷം നീണ്ടുനിന്ന പ്രേമമാണ് അവരുടേത്… ചെറുപ്പത്തിലെ അമ്മ നഷ്ടപ്പെട്ട അവളെ അച്ഛനും ചേച്ചിയുമാണ് വളർത്തിയത്….. അവൾക്ക്
10 വയസ്സ് ഉണ്ടാകുമ്പോൾ തന്നെ ചേച്ചി നാട്ടിൽ അടുത്തു തന്നെയുള്ള ഒരു പാവം ചേട്ടനെ കല്യാണം കഴിച്ചു പോയി… അച്ഛന് ഏറെ ഇഷ്ടമുള്ള ഒരു ചെറുപ്പക്കാരൻ ആയിരുന്നു അയാൾ.. നല്ല അധ്വാനിയായ അയാള് പെണ്ണ് ചോദിച്ചു ഞങ്ങളുടെ വീട്ടിൽ വന്നപ്പോൾ അച്ഛൻ കൂടുതലൊന്നും ആലോചിക്കാതെ ഉടനെ അവരുടെ വിവാഹം നടത്തുകയായിരുന്നു…

പിന്നെ വീട്ടിൽ അവളും അച്ഛനും തനിച്ചായി.. ഭർത്താവുമൊത്ത് ചേച്ചി സന്തോഷത്തോടെ കഴിയുകയായിരുന്നു…രണ്ടുവർഷം മാത്രമേ ആ ദാമ്പത്യ ബന്ധം നിലന്നുള്ളു… അവൾ പ്ലസ് ടു പരീക്ഷ കഴിഞ്ഞ് വീട്ടിലിരിക്കുമ്പോഴാണ് ആ സംഭവം.. ചേച്ചിയുടെ ഭർത്താവ് ചുമടുപ്പ്കാരനായിരുന്നു… ദൗർഭാഗ്യം എന്നല്ലേ പറയേണ്ടൂ.. ടൗണിൽ ലോഡ് ഇറക്കുമ്പോൾ പറ്റിയ ഒരു അപകടത്തിൽ ആ ചേട്ടന് ഗുരുതരമായ പരിക്കേറ്റ് മരണപ്പെട്ടു..

നല്ല സ്വഭാവ ഗുണമുള്ള ഒരു ചേട്ടൻ ആയിരുന്നു.അത് കൊണ്ട് തന്നെ നാട്ടിലാകെ അയാളുടെ പെട്ടെന്നുള്ള വിയോഗം എല്ലാവരെയും കുറച്ചുനാൾ ദുഃഖത്തിൽ ആഴ്ത്തി…… അതിൽ ഒരു കുട്ടിയുണ്ട്…ഋതു മോൻ…. അളിയന്റെ മരണശേഷം ചേച്ചി വീട്ടിൽ മോനെ കൊണ്ടു വരുമ്പോൾ ഒരു വയസ്സായിരുന്നു അവനു പ്രായം..ഇപ്പോൾ അവന് ഒമ്പത് വയസ്സായി.. . നാലാം ക്ലാസിൽ പഠിക്കുന്നു…

ചേച്ചിയുടെ ഭർത്താവിന്റെ മരണത്തോടുകൂടി അച്ഛൻ തളർന്നുപോയി.. അച്ഛൻ എവിടെ ചെന്നാലും നാട്ടുകാർക്ക് ആ ചേട്ടനെ കുറിച്ച് പറയാൻ മാത്രമേ നേരം ഉണ്ടാവും… അതൊക്കെ കേൾക്കുമ്പോൾ അച്ഛൻ കരഞ്ഞു പോകും..മനസ്സിന്റെ വിഷമങ്ങൾ വർദ്ധിച്ചു.. അതിൽ നിന്നും രക്ഷപ്പെടാൻ ആണോ എന്തോ,അതുവരെ ഇല്ലാത്ത ഒരു ദുശീലം അച്ഛന്റെ ജീവിതത്തിൽ കടന്നുവന്നു….അവനെ ഓർക്കുമ്പോൾ കുടിച്ചു പോകുന്നു എന്നാണ് കാരണം പറയുന്നത്… അവന്റെ സ്മരണകൾ മറക്കാൻ വേണ്ടി പിന്നെ അച്ഛൻ ദിവസവും കുടി തുടങ്ങി…

അതോടെ അച്ഛന്റെ കയ്യിലുള്ള പൈസയൊക്കെ തീർന്നു…. നേരംവണ്ണം ജോലിക്കും പോകാതായി… പിന്നെ പലരും നൽകുന്നത് കൊണ്ട് കൂടി തുടങ്ങി.. ആ കൂട്ടത്തിൽ രഘു എന്ന് പറയുന്ന ഒരു നാട്ടിലെ തെമ്മാടി അച്ഛന്റെ ചങ്ങായിത്തം കൂടി… ഇടയ്ക്കിടെ മദ്യപിച്ച് വഴിയിൽ വീണ അച്ഛനെയും കൊണ്ടായാൽ വീട്ടിൽ വന്നു തുടങ്ങി.. അച്ഛന് കൂട്ടായി ചില ദിവസങ്ങളിൽ നേരം വൈകുവോളം ക്രമേണ അയാളും വീട്ടിൽ തന്നെ പറ്റിക്കൂടി..
തെമ്മാടി ആണെങ്കിലും ഭംഗിയൊക്കെ ഉള്ളതുകൊണ്ട് ചെറുപ്പക്കാരിയായ ചേച്ചി അയാളിൽ ആകൃഷ്ടയായി.. പണത്തിനു വലിയ കുറവില്ലാത്ത അയാൾ അച്ഛനെ സ്വാധനിച്ച് ചേച്ചിയെ കെട്ടിക്കൊള്ളാമെന്ന് പറഞ്ഞു. തുടർന്ന് അച്ഛൻ ആരോടും ചോദിക്കാതെ തന്നിഷ്ടപ്രകാരം ചേച്ചിയെ രഘുവിനെ കെട്ടിച്ചു കൊടുക്കുകയായിരുന്നു… അയാൾക്ക് പ്രത്യേകിച്ച് വീട് ഒന്നുമില്ല അതുകൊണ്ട് അയാളും ഇവിടെ താമസം തുടങ്ങി…

ആദ്യമൊക്കെ വലിയ പ്രശ്നമില്ലാതെ കടന്നുപോയി…

അതിനിടയിൽ അവൾ ഡിഗ്രി കഴിഞ്ഞ് പിജിക്ക് ചേർന്നിരുന്നു…

ആ സമയത്താണ് മദ്യപാനം മൂലം അച്ഛൻ മരണമടയുന്നത്…

അതിനുശേഷം ഭരണം മൊത്തമായി അയാൾ ഏറ്റെടുത്തു…

സ്വന്തമായി ജോലിയോ തൊഴിലോ ഇല്ലാതെ അയാളുടെ ചെലവിൽ കഴിയുന്ന വിഷമം അവൾക്കുമുണ്ട്.. ഇത്രയും കാലം പഠനം എന്നൊക്കെ പറഞ്ഞ് അങ്ങനെ ജീവിച്ചു ഇനിയും പറ്റുമോ…

സെക്കൻഡ് ഇയർ ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് പ്രശാന്തിനെ പരിചയപ്പെടുന്നത്… അന്ന് തൊട്ടുള്ള ആ അടുപ്പം പ്രണയമായി വളരെ പെട്ടെന്ന് മാറുകയായിരുന്നു..

ഒരു ദിവസം അവൾ രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ വാതിൽ അടച്ചു വാതിലിന്റെ കൊളുത്തിടാൻ നോക്കുമ്പോൾ അടയുന്നില്ല… കുറച്ചുദിവസമായി മഴയാണ് അതുകാരണം മരങ്ങൾ വികസിച്ചത് കൊണ്ടാണെന്ന് അവൾ കരുതി.. എങ്കിലും ടവർ ബോൾട്ട് കണക്കിൽ അധികം മാറികിടക്കുന്നു.. ഡോറിന്റെ ഹാൻഡിൽ ലോക്ക് ആകുന്നുണ്ട്. പക്ഷേ ടവർ ഇടാൻ പറ്റുന്നില്ല.പക്ഷെ അവൾ അത് അത്ര കാര്യമാക്കിയില്ല. ഡോർ അടച്ചു അവൾ ഉറങ്ങാൻ കിടന്നു..

പാതി രാത്രിയിൽ എപ്പോഴോ ഉറക്കത്തിൽ ആരോ തന്നെ സ്പർശിക്കുന്നതറിഞ്ഞു അവൾ ഒച്ചവച്ചു..

പെട്ടെന്നൊരു രൂപം തുറന്ന തന്റെ റൂമിന്റെ വാതിലിലൂടെ പുറത്തേക്ക് ഓടിപ്പോയി..

അവൾ എഴുന്നേറ്റ് ലൈറ്റ് ഇട്ടു നോക്കി ആരെയും കണ്ടില്ല…

അന്ന് ഉറങ്ങാൻ സാധിച്ചില്ല..
പിറ്റേദിവസം അതിശക്തമായ മഴയായതുകൊണ്ട് അവൾക്ക് കാർപെന്ററേ വിളിക്കാനോ ഡോർ ശരിയാക്കാൻ പറ്റിയില്ല..

അടയ്ക്കാൻ പറ്റാത്ത ആ
ടവർ ബോൾട്ടിൽ ചരട് കെട്ടി ഉറപ്പിച്ചാണ് അന്ന് ഉറങ്ങാൻ കിടക്കുന്നത്..

അവളുടെ ഗാഢമായ ഉറക്കത്തിൽ
അന്ന് രാത്രിയും അത് ആവർത്തിച്ചപ്പോൾ അവൾക്കു മനസ്സിലായി താൻ ഈ വീട്ടിൽ സുരക്ഷിതയല്ല.. താൻ ഉണർന്നു ഒച്ചവഴിക്കുമ്പോൾ ഓടുന്ന അയാളെ മൊബൈലിന്റെ ടോർച്ച് വെളിച്ചത്തിൽ അവൾ തിരിച്ചറിഞ്ഞു..ഇപ്രാവശ്യം ആരാണെന്ന് മനസ്സിലായി… ചേച്ചിയുടെ ഭർത്താവ്..

ഏതായാലും ഭയന്ന് കൂടുന്നത് കൊണ്ട് തൽക്കാലം സമാധാനം ഉണ്ട്.. ഇനിയും ഇവിടെ നിന്നാൽ ചിലപ്പോൾ ബലത്തിലൂടെയും കാര്യം സാധിച്ചേക്കാം… അതുകൊണ്ട് എത്രയും പെട്ടെന്ന് രക്ഷപ്പെടുന്നതാണ് ബുദ്ധി… അങ്ങനെ കാമുകനായ പ്രശാന്തിന്റെ അടുത്ത് കാര്യങ്ങളൊക്കെ അവതരിപ്പിച്ചു.. അനാഥനായ അവനു വീടൊന്നുമില്ല… കൂട്ടുകാരുടെ കൂടെ കഴിയുന്ന അവൻ വിവാഹശേഷം താമസിക്കാനായി നമുക്ക് ഒരു ഫ്ലാറ്റ് റെഡിയാക്കിയിട്ടുണ്ടെന്ന് പറഞ്ഞു…അങ്ങനെ ഇന്ന് വെളുപ്പിന് വീട്ടുകാർ അറിയാതെ അവൾ പ്രശാന്തിനോടൊപ്പം വന്നു…. അപ്രകാരം എത്തിയതാണ് ഈ ഫ്ലാറ്റിൽ..

അങ്ങനെ ഓരോന്നും ഓർത്തുകൊണ്ട് പട്ടുപോലെ മൃദുലമായ ആ വിരിപ്പിൽ തലചായ്ച്ചപ്പോൾ കണ്ണിലേക്ക് ഉറക്കം വരുന്നു…പിന്നെ എഴുന്നേറ്റു ഫ്രഷ് റൂമിൽ പോയി ഫ്രഷ് ആയി തിരിച്ചുവന്നു..

അവൾ പ്രശാന്ത് നൽകിയ നമ്പറിൽ വിളിച്ചു അവൾക്ക് വേണ്ട ഭക്ഷണം ബുക്ക് ചെയ്തു..

ഫുഡും കൊണ്ട് ഡെലിവറി ബോയി കോളിംഗ് വല്ല അടിച്ചപ്പോൾ അവൾ വാതിൽ തുറന്നു..

സുന്ദരനായ ഒരു ചെറുപ്പക്കാരൻ പാർസലും കൊണ്ട് വന്നു…

എത്ര പൈസയായി..

270.. രൂപ

ഒരു മിനിറ്റ്…

അവൾ പ്രശാന്തിനെ ഫോൺ ചെയ്തു..

പക്ഷേ ഫോൺ സ്വിച്ച് ഓഫ് ആണ്..

അയ്യോ പ്രശാന്തിന് എന്തുപറ്റി..

കുറെ പ്രാവശ്യം വിളിച്ചു നോക്കി..
ഫോൺ സ്വിച്ച്ഓഫിൽ തന്നെ..

അയ്യോ എന്റെ കയ്യിൽ കാശില്ല കാശ് ഇടാം എന്ന് പറഞ്ഞ ചേട്ടന്റെ ഫോൺ സ്വിച്ച് ഓഫ് ആണ്…

കുഴപ്പമില്ല മാഡം എനിക്ക് ഈ ഫ്ലാറ്റിൽ തന്നെ ഒരുപാട് പേർക്കും ഫുഡ് കൊണ്ടുപോയി കൊടുക്കാൻ ഉണ്ട് അപ്പോഴേക്കും വാങ്ങിച്ചു വെച്ചാൽ മതി..

ശരി എന്നും പറഞ്ഞ് അവൾ ഭക്ഷണം വാങ്ങിച്ചു..

പ്രശാന്ത് കുറച്ചു കഴിയുമ്പോൾ ഫോൺ ഓൺ ചെയ്യുമായിരിക്കും ഏതെങ്കിലും അച്ചടക്കമുള്ള ഓഫീസിലോ മറ്റു ആയിരിക്കും…

ഭക്ഷണം കഴിക്കാൻ അവൾക്കൊരു ഭയം.. ഇനി ഒരുപക്ഷേ കാശ് കൊടുക്കാൻ സാധിച്ചില്ലെങ്കിലോ…
ഓർഡർ ചെയ്ത ഭക്ഷണം തിരിച്ചെടുക്കൂല്ല കഴിക്കുക തന്നെ…

അവൾ ഭക്ഷണം കഴിച്ചു തുടങ്ങി..

അവൾ ഓരോ മിനിറ്റ് വെച്ച് പ്രശാന്തിന്റെ നമ്പറിലേക്ക് കോൾ ചെയ്തുകൊണ്ടിരുന്നു..

ഫോൺ സ്വിച്ച് ഓഫ് തന്നെ..

ഒരു അരമണിക്കൂറിന് ശേഷം ഡെലിവറി ബോയി വീണ്ടും വന്നു…

റെഡിയായോ മാഡം..

ഇല്ല.. സ്വിച്ച് ഓഫ് തന്നെ ഇപ്പൊ വരാം എന്ന് പറഞ്ഞ് പോയതാണ് എന്തുപറ്റിയോ ആവോ..

അവൾ അല്പം ഭയത്തോടെ പറഞ്ഞു..

വരുമായിരിക്കും കാശിന്റെ കാര്യം ഓർത്തു മാഡം പേടിക്കേണ്ട ഞാൻ അഡ്ജസ്റ്റ് ചെയ്തോളാം..

അതുകേട്ടപ്പോൾ അവൾക്ക് ആശ്വാസമായി..

പിന്നെ മാഡം ഭയപ്പെടേണ്ട… ഏട്ടൻ വരാൻ വൈകിയെങ്കിൽ വൈകിട്ടത്തെ ഫുഡിന് വേണ്ടി വിളിച്ചോളൂ ഞാൻ കൊണ്ടു തരാം കാശ് ഒക്കെ നമുക്ക് അഡ്ജസ്റ്റ് ചെയ്യാം…

ഉം…

അവന്റെ സ്നേഹത്തോടുള്ള ആ വർത്തമാനം കേട്ടപ്പോൾ അവൾ ആശ്വാസത്തോടെ മൂളി..

ഈ പ്രശാന്തിന് എന്ത് പറ്റി… ഫോൺ വിളിച്ചിട്ട് കിട്ടുന്നില്ല വേറെ ആരെയാ ഇനി വിളിക്കേണ്ടത്… വീട്ടിൽ തന്നെ കാണാത്തതുകൊണ്ട് ചേച്ചിയൊക്കെ വലിയ അങ്കലാപ്പിലായിരിക്കും… താൻ എവിടെ പോയതെന്ന് എന്തിനു പോയതെന്ന് അറിയില്ല അവർക്ക്… വൈകിട്ട് ആകുമ്പോഴേക്കും പ്രസവം എത്തിയാൽ മതിയായിരുന്നു എന്ന് അവൾ ആശിച്ചു..

പ്രശാന്തിനെ ചൊല്ലി ഉള്ളിൽ അല്പം ഭയം ഉണ്ടെങ്കിലും ഭക്ഷണമൊക്കെ കഴിച്ചപ്പോൾ അവൾ റൂമിലെ ടിവി ഓൺ ചെയ്തു…

ഓരോ ചാനൽ കാണുന്ന കൂട്ടത്തിൽ അവൾ ഒരു ന്യൂസ് ചാനലിലെ വാർത്തയിൽ കണ്ണുടക്കി..

കൊച്ചിയിലെ മട്ടാഞ്ചേരിയിൽ നടന്ന റൈഡിൽ അന്താരാഷ്ട്ര മയക്ക്മരുന്ന് വില്പന സംഘത്തിന്റെ പ്രധാന കണ്ണി എന്ന് സംശയിക്കുന്ന ക്രിസ്പർ കസ്റ്റഡിയിൽ..
10 കിലോ വരുന്ന മയക്കുമരുന്നും പിടികൂടിയിരിക്കുന്നു.. റെയ്ഡ് ചെയ്ത പോലീസ് ഓഫീസേഴ്സിന്റെ മധ്യത്തിൽ നിരനിരയായി നിൽക്കുന്ന പ്രതികളുടെ കൂട്ടത്തിൽ തന്റെ പ്രശാന്തും… അവൾ ഒരു നിമിഷം ഞെട്ടി… അവൾ ഒന്നുകൂടി നോക്കി… പല ചാനലുകളിലും എക്സ്ക്ലൂസീവായി വാർത്ത വരുന്നതുകൊണ്ട് അവൾ ചാനലുകൾ ഓരോന്നും മാറിമാറി നോക്കി.. അതെ അത് പ്രശാന്ത് തന്നെ ഇന്ന് ഇപ്പോൾ ഇവിടുന്ന് പോയ അതേ വേഷം..ഈശ്വരാ പ്രശാന്ത് ഇതിൽ പെട്ട ആളായിരുന്നോ… അതാണോ എന്തോ സാധനം കൊണ്ടു കൊടുക്കാൻ ഉണ്ടെന്നും പറഞ്ഞ് ഇവിടെ നിന്ന് പോയത്… അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി..
ഇനി എന്തു ചെയ്യും.. എങ്ങോട്ട് പോകും…

പ്രതികളെ ഉടനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുമെന്നാണ് പറയുന്നത്…

അങ്ങനെയെങ്കിൽ പ്രശാന്തിന് ഇനി ഇപ്പോഴേ പുറംലോകം കാണാൻ കഴിയില്ല. അവനെ വിശ്വസിച്ചു ഇറങ്ങിയ താൻ ഇവിടെ കുടുങ്ങിയിരിക്കുന്നു… അവൻ ജയിലിൽ ആകുമ്പോൾ ഏതാണ്ട് അതേ വിധത്തിൽ താൻ ഈ ഫ്ലാറ്റിൽ ഒറ്റപ്പെട്ടു പോകും.. എങ്ങനെ ജീവിക്കും… കൈയിൽ ആണെങ്കിൽ അഞ്ചിന്റെ പൈസ ഇല്ല…

നേരം വൈകിട്ട് ആയി… മൂന്നാല് മണിക്കൂർ ആയി ടിവിയിൽ അതുതന്നെയാണ് ന്യൂസ്…

പെട്ടെന്ന് കോളിംഗ് ശബ്ദം കേട്ടു..

അവൾ വേഗം ഡോർ തുറന്നു…

മാഡം ഞാൻ കാശിന് വന്നതല്ല കേട്ടോ ഈ
മാഡത്തിന് വൈകിട്ടേക്കുള്ള ചായയും കടിയും കൊണ്ടുവന്നതാണ്…

അയ്യോ അത് എന്റെ കയ്യിൽ പൈസ ഇല്ലല്ലോ

സാരമില്ല മാഡം… ചായ കുടി നടക്കട്ടെ… നമ്മളൊക്കെ മലയാളികളല്ലേ പരസ്പരം സ്നേഹമുള്ളവർ അല്ലേ….

എന്ന് പറഞ്ഞ് അവൻ ചായയും കടിയും അവളെ ഏൽപ്പിച്ചു…

എന്താ പേര്?

അവൾ ചോദിച്ചു.

സുജിത്ത് എന്നാണ്….

മേഡം പുതിയ താമസം വന്നതാണോ…

താമസിക്കാൻ വന്നത് തന്നെയാണ്… പക്ഷേ എന്നെ വീട്ടിൽ നിന്നും കൊണ്ടുവന്ന എന്റെ ഇഷ്ടക്കാരൻ ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്… അവൾ ആ ചാനലിന്റെ വാർത്തയുടെ ശബ്ദം കൂട്ടി വച്ചു…

ആ ഇത് ഞാൻ കണ്ടതാണ്… മട്ടാഞ്ചേരിയിൽ പോലീസ് റൈഡിൽ മയക്കുമരുന്ന് വലിയ ശേഖരം കിട്ടി..കുറെ ആളെ പിടിച്ചല്ലോ… മലയാളികളാ…നമ്മുടെ നാട്ടുകാരാ…

അതിൽ നീല ഷർട്ട് എടുക്കുന്ന ആളെ കണ്ടോ… അതാണ് പ്രശാന്ത് അവനെ വിശ്വസിച്ചാണ് ഞാൻ ഇന്ന് വീട്ടുകാരെ ഉപേക്ഷിച്ചു ഇറങ്ങിയത്…..

അറിയോ. മേഡത്തിന്… ഇത് എംഡി എം എ യാണ് കഞ്ചാവ് അല്ല… അതുകൊണ്ട് 5 10 വർഷം ജയിലിൽ കിടക്കേണ്ടി വരും….

ആ അതാണ് ഞാൻ ഇവിടെ കിടന്നു ഉരുകുന്നത്… ഈ പ്രശാന്ത് ഇത്തരക്കാരനാണെന്ന് ഞാൻ അറിഞ്ഞിരുന്നില്ല…. ഇന്ന് തന്നെ അവന്റെ കൂടെ ഇറങ്ങിപ്പുറപ്പെട്ട ഞാൻ ഇവിടെ ഈ ഫ്ലാറ്റിൽ കുടുങ്ങി….

അപ്പോ ഈ ഫ്ലാറ്റ്…?

സുജിത്ത് ആശ്ചര്യത്തോടെ ചോദിച്ചു..

അത് പ്രശാന്തിന്റെ ഏതോ ഫ്രണ്ടിന്റേതാണ്…

അപ്പോ ഇവിടെ ഇനിയുള്ള കാലം മാഡം എങ്ങനെ ജീവിക്കും…

 

അവളുടെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നെങ്കിലും കണ്ണുനീർ കവിളിലൂടെ ഒഴുകി ഇറങ്ങി…

അവൾ സങ്കടത്തോടെ പറഞ്ഞു

ജീവിതമോ…നിന്റെ ഇപ്പോൾ കഴിച്ച ഭക്ഷണത്തിന്റെ പൈസ പോലും തരാൻ എന്റെ കയ്യിലില്ല പിന്നെ ഞാൻ അതൊക്കെ എങ്ങനെ ചിന്തിക്കും… അവന്റെ കൂടെ ഒന്നും ചിന്തിക്കാതെ ഇറങ്ങിപ്പുറപ്പെടുമ്പോൾ ഇങ്ങനെയൊക്കെ ആയിത്തീരും എന്ന് ഞാൻ കരുതിയിരുന്നില്ല.. അവനൊരു ചതിയായിരുന്നു എന്ന് ഇപ്പോഴാ മനസ്സിലായത്… ഇത്തരം ബിസിനസ് അവന്റെതെന്ന് ഞാൻ അറിഞ്ഞിരുന്നുവെങ്കിൽ ഒരിക്കലും അവനുമായി കൂട്ടുകൂടുമായിരുന്നില്ല.. എനിക്ക് ഇപ്പോൾ വെറുപ്പാ അവനോട് തോന്നുന്നത്.. സുജിത്തിന് എന്നെ രക്ഷിക്കാൻ പറ്റുമോ…

ആ …… പറ്റും മാഡം…നാട്ടിലേക്ക് ഞാൻ കൊണ്ടുവിടാം…

നാട് എന്ന് കേൾക്കുമ്പോൾ തന്നെ എനിക്ക് പേടിയാണ്…. ഇപ്പോൾ ഞാൻ അവരുടെ മുമ്പിൽ ഒളിച്ചോടിയവളാണ്…. അതിൽ പരാജയപ്പെട്ട് ഇനി അങ്ങോട്ട് പോകാൻ വയ്യ… മാത്രമല്ല ഈ പ്രശാന്തിന്റെ കൂടെ തന്നെ ഇത്ര പെട്ടെന്ന് ഒളിച്ചോടി വരാൻ തന്നെ ഒരു കാരണമുണ്ട്..

അതെന്താണ്…

സുജിത്ത് ചോദിച്ചു

ഏട്ടത്തി ഇപ്പോൾ എനിക്ക് കൂടി അവകാശപ്പെട്ട എന്റെ വീട്ടിലാ വിവാഹശേഷവും ഉള്ളത് അപ്പോൾ… അവരുടെ ഇപ്പോഴത്തെ ഭർത്താവ് മഹാ ചെറ്റയാണ്…. കഴിഞ്ഞ ഒന്ന് രണ്ട് രാത്രിയിൽ ഉപദ്രവിക്കുന്നതുകൊണ്ടാണ് ഞാൻ എത്രയും പെട്ടെന്ന് പ്രശാന്തിന്റെ കൂടെ ഒരു ജീവിതം തുടങ്ങാൻ ആഗ്രഹിച്ചു അവനൊപ്പം ചാടിപ്പുറപ്പെട്ടത്… അവൻ ആണെങ്കിലും വൃത്തികെട്ട ഒരു തൊഴിൽ ഏർപ്പെട്ട് അതിന്റെ അനന്തരഫലമായി ഇനി ജയിലിലേക്ക് പോകും…

അപ്പോൾ വീട്ടിൽ പോകാൻ പറ്റില്ല അല്ലേ… എന്തു… ചെയ്യും..
സുഹൃത്ത് ജയിലിലാവുന്നതോടു ഫ്ലാറ്റിന്റെ ഓണർ ഇവിടെ ഇനി ആരെയും കേറ്റി താമസിപ്പിക്കില്ലല്ലോ…. മാഡം ഇനി ഇവിടെ നിൽക്കുന്നത് അപകടമാണ്…

അതേ…എനിക്ക് ഇവിടെ താമസിക്കണം എന്നില്ല സുജിത്ത്.. എനിക്ക് ഒരു ഉപകാരം ചെയ്യുമോ..?

എന്താ മാഡം?

സുജിത്ത് മാരീഡ് ആണോ…

അതെന്താ മാഡം അങ്ങനെ ചോദിച്ചത്…?

ആദ്യം സുജിത്ത് എന്നെ മാഡം എന്ന വിളിക്കുന്നത് ഒന്ന് നിർത്താമോ.. ഞാൻ അതിനൊന്നും അർഹയല്ല…എന്റെ പേര് സുജാത എന്നാണ്. സുജിത്ത് എന്നെ സുജ എന്നു വിളിച്ചോളൂ…

ശരി സുജ… എന്തിനാ എന്നോട് വിവാഹം കഴിഞ്ഞോ എന്ന് ചോദിച്ചത്…അതിനുള്ള ഉത്തരം ഇല്ല എന്നാണ്… വിവാഹത്തിനായി പെണ്ണിനു വേണ്ടിയുള്ള അന്വേഷണം തുടരുന്ന ഒരു പാവം യുവാവാണ് ഈ സുജിത്ത്…
മാത്രമല്ല ഇന്നലെ വരെ സൺഡേ ആയതുകൊണ്ട് ഒരു പെണ്ണ് അന്വേഷിച്ചു പോഞ്ഞിക്കര വരെ പോയതാണ്… യാത്ര ചെയ്തത് മിച്ചം.. ശരിയായില്ല… വീട്ടിൽ ആണെങ്കിൽ അമ്മ നിർബന്ധിച്ചു കൊണ്ടിരിക്കുന്നു കല്യാണം കഴിക്കാൻ…

അതുകേട്ട് അവൾ പുഞ്ചിരിച്ചു…

എന്നിട്ട് പറഞ്ഞു

പറയാൻ പാടുണ്ടോ എന്ന് അറിയില്ല.. തികച്ചും ആപരിചിതയായ ഒരു പെൺകുട്ടിയാണ് സുജിത്തിന് ഞാൻ… എങ്കിലും എന്റെ അവസ്ഥ ഇങ്ങനെയൊക്കെ ആണ് എന്ന് സുജിത്തിനെ ഞാൻ പറഞ്ഞതിൽ നിന്നും മനസ്സിലായിക്കാണും എന്ന് വിചാരിക്കുന്നു..
പറഞ്ഞതൊക്കെ സത്യമാണ് ഈ അവസ്ഥയിൽ എനിക്ക് സഹായത്തിനായി ആകെ പിടിവള്ളി ആയിട്ടുള്ളത്.. സുജിത്ത് മാത്രമാണ്…

സുജിത്ത് എന്നെ കല്യാണം കഴിച്ചു വീട്ടിൽ കൊണ്ടുപോകുമോ…?

അയ്യോ മാഡം സോറി സുജ എന്താണീ പറയുന്നത്..പുള്ളി എങ്ങാണ്ട് ജാമ്യം കിട്ടി വന്നാലോ…

അവൻ വന്നാൽ പോലും ഇനി ഞാൻ അവനെ സ്വീകരിക്കില്ല… ഇത്തരം വൃത്തികെട്ട ബിസിനസ് ചെയ്യുന്നവന്റെ കൂടെ ജീവിക്കണമെന്നില്ല.. സത്യത്തിൽ അവൻ എന്നെ ചതിക്കുകയായിരുന്നു… സുജിത്തിന് പറ്റുമെങ്കിൽ എന്നെ സഹായിക്ക്…

സുന്ദരിയായ നിഷ്കളങ്കയുമായ ഗ്രാമീണ പെൺകുട്ടി തന്നോട് വിവാഹം ചെയ്യുമോ എന്ന് ആവശ്യപ്പെടുന്നു… ഇതിൽപരം എന്താണ് തനിക്ക് വേണ്ടത്… ബ്രോക്കർമാരുടെ കൂടെ കൂടിയും അല്ലാണ്ടും ഒരുപാട് പെണ്ണ് കണ്ടു… അവർക്കാർക്കും ഇത്ര ഭംഗിയോ രൂപ ലാവണ്യമോ കണ്ടിട്ടില്ല..

അവൻ അവളോട് നിശ്ചയദാർഢ്യത്തോടെ ചോദിച്ചു..

ആ പുള്ളിയെ സുജക്ക് ജീവിതത്തിൽ ഒരിക്കലും സ്വീകാര്യമല്ല എന്ന് ഉറപ്പുണ്ടെങ്കിൽ സുജ ധൈര്യമായി എന്റെ കൂടെ പോരൂ..

പിന്നെ ഒരു നിമിഷം പോലും അവൾ അമാന്തിച്ചില്ല അവന്റെ കൂടെ ഒരുങ്ങി ഇറങ്ങി….

രാവിലെ താൻ ഏത് ലക്ഷ്യത്തോടുകൂടിയാണോ ഒരുങ്ങി ഇറങ്ങിയത് അതിന്റെ പൂർത്തീകരണം വൈകിട്ടത്തോടുകൂടി അവൾ കണ്ടു..

ഏതോ ക്ഷേത്രത്തിൽ നിന്നും മാലയിട്ട് വീട്ടു
പടിക്കൽ വന്നു നിൽക്കുന്ന മകൻ സുജിത്തിനെയും അവന്റെ പെണ്ണിന്റെയും കയ്യിൽ സുജിത്തിന്റെ അമ്മ ഒരു നിലവിളക്ക് കൊളുത്തി വലതുകാൽ വയ്പ്പിച്ചുകൊണ്ട് തന്റെ വീട്ടിലേക്ക് കയറ്റി…

കണ്ടു നിന്ന അയൽപക്കക്കാരും
നാട്ടുകാരും ബന്ധുക്കളും മൂക്കത്ത് വിരൽ വച്ച് പറഞ്ഞു…

സുജിത്ത് ആളൊരു കേമൻ ആണ്… ഇത്രയും തങ്കക്കുടം പോലുള്ള ഒരു പെണ്ണിനെ സ്നേഹിച്ചിട്ട് ആരും അറിഞ്ഞില്ലല്ലോ…

.
.

രചന : വിജയ് സത്യ