ദാമ്പത്യം
(രചന: Aneesh Anu)
മൊബൈൽ നിർത്താതെ ശബ്ദിച്ചു കൊണ്ടിരിക്കുന്നത് കേട്ടാണ് ദേവൻ ഉണർന്നത്.
രാവിലെ തന്നെ ആരാണ് i mo വിളിക്കുന്നത് എന്നോർത്ത് ഫോൺ തപ്പി പിടിച്ചു എടുത്തു. ഡിസ്പ്ലേയിൽ പ്രിയയുടെ നമ്പർ കണ്ടപ്പൊ ഉറക്കം മൊത്തം പോയി.
ഇന്ന് കുഞ്ഞുവാവയുടെ നൂലുകെട്ട് ആണ് ഈശ്വരാ ചടങ്ങുകൾ തുടങ്ങിയോ, താൻ ഇന്നലെ എപ്പോഴാ ഉറങ്ങിയത്, വേഗം കാൾ എടുത്തു.
കുളി കഴിഞ്ഞു പുതിയ സെറ്റുസാരി ഒക്കെ ഉടുത്തു നിൽക്കുന്ന സഹധർമിണിയുടെ മുഖത്തുവാട്ടം കണ്ടെങ്കിലും കണ്ടില്ലെന്നു നടിച്ചു.
” മോൻ എന്തിയെടി ?, അവനെ കുളിപ്പിച്ചോ,? എല്ലാരും എത്തിയോ, ചടങ്ങിന് സമയം ആയോ?” ,എല്ലാ ചോദ്യവും ഒറ്റവീർപ്പിനു ആയിരുന്നു .
“മോൻ ഇതാ കുളിയൊക്കെ കഴിഞ്ഞു കിടക്കുവാ” അവള് ഫോൺ മോന്റെ അടുത്തേക്ക് തിരിച്ചു പിടിച്ചു, കുളി കഴിഞ്ഞു കുഞ്ഞുമുണ്ടൊക്കെ ഉടുത്തു കിടക്കുവാണ് കള്ളൻ,
അറിയാതെ കണ്ണ് നിറഞ്ഞു വന്നെങ്കിലും അവളെകാട്ടാതെ പെട്ടെന്നു മുഖം മാറ്റി.
“എല്ലാരും എത്തി ഏട്ടാ ഞാൻ കണ്ണന്റെ കയ്യിൽ കൊടുക്കാം അവൻ എല്ലാരേം കാണിച്ചു തരും ഏട്ടന്”
” ആ കൊടുക്ക് ഞാൻ എല്ലാരേം ഒന്ന് കാണട്ടെ ഡി” മുഖത്തു ചിരി പടർത്തി.
” അച്ഛാ കണ്ണനാ മോന്റേം വാവടേം പുതിയ ഡ്രസ്സ് കണ്ടോ , ഇവിടെ എല്ലാരും ഉണ്ട് അച്ഛാ അച്ഛമ്മ, അച്ഛാച്ചൻ, മുത്തശ്ശി, മുത്തശ്ശൻ എല്ലാരും ഉണ്ട്,”
” ആഹാ … എല്ലാരും ഭക്ഷണം ഒക്കെ കഴിച്ചോടാ, നീ അച്ചമ്മേടെ അടുത്തൊന്നു കൊടുത്തേ ഫോൺ”
“ശെരി അച്ഛാ ഇപ്പൊ കൊടുക്കാം” അച്ചമ്മേ ദേ ഫോൺ, അവൻ അമ്മയെ വിളിക്കുന്നത് കേൾക്കാം, കുഞ്ഞാവയുടെ നൂലുകെട്ടിന്റെ സന്തോഷത്തിലാണ് അവൻ.
” മോനെ ദേവാ”
“ആ അമ്മേ എല്ലാരും വന്നിട്ടില്ലേ അമ്മേ, മോനുനു എല്ലാം വാങ്ങിയില്ലേ, എല്ലാം എടുത്തരുന്നല്ലോ അല്ലെ, ഭക്ഷണം സതീശനെ വിളിച്ചു പറഞ്ഞത് ഒക്കെ എത്തിയില്ലേ അമ്മേ”
” എല്ലാരും ഇവിടുണ്ട് ടാ പക്ഷെ വേണ്ടത് നീയാ ആ ഒരുകുറവുണ്ട് ഈ ചടങ്ങിന് ” അമ്മയുടെ കണ്ണുനിറഞ്ഞു.
” പോട്ടെ അമ്മേ സാരമില്ല അമ്മ ഇനി വിഷമിച്ചു അസുഖം കൂട്ടണ്ട, നല്ലൊരു ദിവസായിട്ട് കരഞ്ഞു എല്ലാരേം വിഷമിപ്പിക്കണ്ട, ഞാൻ ഉണ്ടല്ലോ അവിടെ മനസ്സുകൊണ്ട് ”
അറിയാതെ എന്റെ കണ്ണും നിറഞ്ഞൊഴുകി.
അത് മനസിലായത് കൊണ്ടാവാം അമ്മ വേഗം ഫോൺ കണ്ണന് കൈമാറി.
” അച്ഛാ ചടങ്ങ് തുടങ്ങാനായി കട്ട് ചെയ്യല്ലേ ഞാൻ അവിടെ പോയി നിക്കട്ടെ അച്ഛന് കാണണ്ടേ വാവേടെ നൂലുകെട്ട് ” കണ്ണൻ ഹാളിലേക്ക് ഓടി.
ക്യാമറ കണ്ണിലൂടെ കുഞ്ഞുമോനെ അച്ഛൻ മടിയിലിരുത്തുന്നതും നൂലുകെട്ടുന്നതും, തേനും വയമ്പും വായിൽ കൊടുക്കുമ്പോൾ അവൻ ചിണുങ്ങുന്നതും,
അമ്മ കണ്മഷി കൊണ്ട് പുരികം എഴുത്തുബോൾ അവൻ കൈ തട്ടുന്നുണ്ട്, അവനെ പുന്നാരിച്ചു അമ്മ അതും എഴുതി,
കഴുത്തിലേക്കും അരയിലും കൈകളിലും കാലിലും എല്ലാം ഓരോരുത്തരും അവരുടെ സമ്മാനങ്ങൾ നൽകി തുടങ്ങിയപ്പോഴേക്കും വാവ ഉറങ്ങിപ്പോയിരുന്നു.
എല്ലാം കഴിഞ്ഞു വീട് സദ്യയുടെ ബഹളത്തിലായപ്പോൾ കണ്ണൻ ഫോൺ കട്ട് ആക്കി.
തിരിഞ്ഞു ബെഡിലേക്ക് കിടന്നപ്പോൾ കണ്ണുകൾ നിറഞ്ഞു ഒഴുകുകയാണ് തന്റെ മോന്റെ ജീവിതത്തിലെ ആദ്യത്തെ ചടങ്ങ് അതിൽ കൂടി പങ്കെടുക്കാൻ പറ്റാതെ കാതങ്ങൾക്കപ്പുറത്തു എല്ലാം കണ്ട് കൊണ്ടിരിക്കുന്നു.
“പ്ര വാസം” , വീട്ടുകാർക്ക് എല്ലാം നേടികൊടുത്തപ്പോൾ നഷ്ടമായത് തനിക്കാണ്, ബാധ്യതകളും പ്രാരബ്ധങ്ങളുടെയും പേരിൽ വൈകിപോയ വിവാഹം,
തന്റെ എല്ലാ കാര്യങ്ങളും മനസിലാക്കി അതിനനുസരിച്ചു ജീവിക്കുന്നവളെ തന്നെയാണ് സഖിയായി കിട്ടിയത്. ഞാൻ അടുത്ത് ഇല്ലെങ്കിലും വീട്ടുകാരെ ഒരു കുറവും അറിയിക്കാതെ നോക്കിയവൾ .
മൂത്ത പെങ്ങളുടെ മകൾ പത്താം ക്ലാസ്സിൽ ഉയർന്ന മാർക്ക് വാങ്ങി ജയിച്ചപ്പോൾ .
മാമന്റെ സമ്മാനം ആണെന്ന പേരിൽ അവളുടെ സമ്പാദ്യത്തിൽ നിന്നും ഒരു തങ്കകൊലുസു വാങ്ങി നൽകി അവൾ .
ഇടയ്ക്കെപ്പോഴോ നാട്ടിൽ എത്തിയപ്പോൾ സംഭവം അറിഞ്ഞു ഞാൻ കണ്ണു മിഴിച്ചപ്പോൾ കണ്ണുറുക്കി ഒരു കള്ളചിരി എനിക്ക് സമ്മാനിച്ചു എൻ്റെ പ്രിയതമ .
ഓരോ ഭാവത്തിലും, എന്നെ ഒരുപാട് അതിശയിപ്പിച്ച അവളുടെ ഒരാഗ്രഹങ്ങൾക്കും ഇന്ന് വരെ നേരാവണ്ണം സാധിച്ചു കൊടുക്കാൻ പറ്റിയിട്ടില്ല .
കണ്ണൻ ഉണ്ടായപ്പോൾ താനിവിടെ ആയിരുന്നു .ഒരു വർഷം കഴിഞ്ഞാണ് അവനെ ആദ്യമായി ഒന്ന് കണ്ടത് ഇപ്പൊ കുഞ്ഞുമോന്റെ കാര്യത്തിലും അതെ അവസ്ഥയിൽ ആണ് കാര്യങ്ങൾ.
പ്രെഗ്നന്റ് ആരുന്നപ്പോൾ അവളുടെ അവളുടെ അടുത്തിരിക്കാനോ അവളുടെ ഇഷ്ടങ്ങൾ നടത്തികൊടുക്കാനോ സാധിച്ചില്ല .
അതിനൊന്നും ഒരു പരാതിയും കൊണ്ടവൾ വന്നില്ല. തന്നെ അറിഞ്ഞു മനസിലാക്കിയേ എന്നും അവള് നിന്നിട്ടുള്ളു.
പ്ര വാസം കൊണ്ട് ഞാനവർക്ക് നൽകിയ ഓരോ സമ്മാനങ്ങൾക്കും തന്റെ അധ്വാനത്തിന്റെയും അവളുടെ ത്യാഗത്തിന്റെയും കൂടി ഫലങ്ങളായിരുന്നു.
പരാതികളൊന്നും പറയാതെ , ഓരോ ഫോൺ വിളികളുടെയും അവസാനം
” ഒന്ന് കാണാൻ കൊതിയാവണൂ ദേവേട്ടാ” എന്ന് വിങ്ങി പൊട്ടുന്ന എൻ്റെ പെണ്ണ് .
ഇന്നും ഇനിയെന്നെയ്ക്കുമായി കടപ്പെട്ടിരിക്കുന്നത് നിന്നോട് മാത്രമാണ് ….
ജോലി സ്ഥലത്തേയ്ക്ക് പോകാനിറങ്ങുമ്പോൾ മനസ്സ് കൊണ്ടു ഒന്ന് ഉറപ്പിച്ചിരുന്നു . എങ്ങിനെ എങ്കിലും കുറച്ചു ദിവസത്തെ അവധി ചോദിക്കണം .
പത്തു ദിവസത്തെ എങ്കിൽ പത്തു ദിവസത്തെ അവധി . നാട്ടിൽ എത്തിയാൽ ഉടനെ ഭാര്യയുടെ കുഞ്ഞിഷ്ടങ്ങൾ നിറവേറ്റുന്ന അവളുടെ ദേവേട്ടൻ ആവണം .
ആ ദിവസങ്ങൾ മുഴുവൻ കുഞ്ഞു മക്കളുടെയും പ്രിയയുടേം ചിരി കൊഞ്ചലുകൾ മുഴുങ്ങുന്നത് മാത്രമാവണം.