പറയാതെ പോയ പ്രണയം
(രചന: Aneesh Anu)
ഇന്ന് പതിവിലും നേരത്തെ എഴുന്നേറ്റു. അത് കണ്ടപോഴേ അമ്മ ചോദിച്ചു.
“ലീവാന്നു പറഞ്ഞിട്ട് നീ എന്തിനാടാ നേരത്തെ എണീറ്റത് ”
“ഇന്നലെ പറഞ്ഞില്ലേ അമ്മേ, അന്നയ്ക്കുള്ള ടിക്കറ്റ് കൊടുക്കാന്‍ പോവണം എന്ന് ”
“ഉം എന്നാ ചെല്ല് വേഗം കുളിച്ച് പോവാന്‍ നോക്ക്. വെറുതെ അല്ല നാട്ടുകാര്‍ പറയണേ നിനക്ക് പെണ്കുട്ട്യോള് മാത്രേ കൂട്ടുള്ളുന്നു”.
“ദേ അമ്മേ വേണ്ടാട്ടോ അത് ഒരു പാവാ ഒരു സഹായം ചോദിച്ചു ഞാന്‍ ചെയ്യുന്നു അത്രേ ഉള്ളൂട്ടോ ”
“ഓ ശരി ശരി ” ന്റെ കുട്ടി ചെല്ലു.
അങ്ങനെ പറഞ്ഞെങ്കിലും അമ്മക്കറിയാം എന്നെ, ഒരു പെങ്ങളുകുട്ടി ഇല്ലാത്ത സങ്കടം കൊണ്ടുനടക്കുന്നതു കൊണ്ട് ആ ഒരു രീതിലെ എല്ലാരേം കാണാറുള്ളുന്ന്..
“കോ ട്ടയം കിടക്കുന്ന ഓളെ എങ്ങനാടാ നിനക്ക് പരിചയം?” ദേ വന്നു അടുത്ത ചോദ്യം..
“അതിപ്പോ, ആന്നു ഞാന്‍ കോ ഴിക്കോട് ഒരു പ്രോഗ്രാമിനു പോയപ്പോ പരിചയപ്പെട്ടതാ”
“അച്ഛന് കേക്കണ്ട അതോടെ തീരും കുട്ടിടെ കളിയൊക്കെ”
“ചതിക്കല്ലെട്ടോ ഞാന്‍ പെട്ടുപോവുമേ, കുളിച്ചു വരുബോഴെക്കും ഫുഡ് റെഡി ആക്കിവയ്ക്കണേ”…
പാവം അമ്മക്കറിയില്ല ഞാന്‍ കുത്തിയിരുന്നു എഴുതുന്നതും പോസ്റ്റ് ചെയ്യുന്നതും ഒന്നും. എഴുതിലൂടെ പരിച്ചയപ്പെട്ടതാണ്, “അന്നയെ ” ഏതോ ഒരു നിമിഷത്തില്‍ വരികളില്‍ പരസ്പരം ശ്രദ്ധിച്ചു തുടങ്ങിയതാണ്.
അന്ന് തുടങ്ങിയ അടുപ്പം വല്ലാതെ വളര്‍ന്നു, വല്ലപ്പോഴും നാലുവരികള്‍ എഴുതിയിരുന്ന എനിക്ക് ഇന്നവള്‍ ഒരു പ്രചോദനം ആണ്,പലപ്പോഴും എഴുതുന്നത് അവളെ പറ്റിയാണ്.
അന്ന കോഴ്സ് കഴിഞ്ഞു ജോലി കിട്ടിയത് ഡല്‍ഹിയില്‍ ആണ്. അവള് ലീവ് കഴിഞ്ഞു തിരിച്ചു പോകാനിരിക്കബോഴാണ് ടിക്കറ്റ് പ്രോബ്ലം വന്നത്.
രണ്ടുദിവസം അവള് ശ്രമിച്ചിട്ട് നടന്നില്ല അപ്പോഴാണ് എന്റെ അടുത്ത് എടുത്ത് തരോ ചോദിച്ചത്,
അവളെ കാണാന്‍ ആഗ്രഹം ഉണ്ടായിരുന്നു എങ്കിലും തുറന്നു പറയാന്‍ മടിച്ച എനിക്ക് അവളെ കാണാന്‍ കിട്ടിയ അവസരം ആരുന്നു അത്.
ടിക്കറ്റ് എടുത്തു കൊടുക്കുന്ന ഫ്രണ്ട്സ് ഉള്ളതോണ്ട് അത് കിട്ടി. അത് കൊടുക്കാന്‍ വേണ്ടി സ്റ്റേഷന് പോവാന്ന്. രാവിലെ ട്രെയിന്‍ കേറുമ്പോള്‍ വിളിച്ചിരുന്നു അവള്…
കുളി കഴിഞ്ഞു വന്നപ്പോഴേക്കും ഫുഡ് റെഡി. വാരി വലിച്ചു കഴിക്കുന്നത് കണ്ടിട്ട് അമ്മ പറഞ്ഞു.
” മെല്ലെ തിന്നു ചെക്കാ ചങ്കില് കുടുങ്ങും”
” നേരം വൈകും അതാ ”
” അതെ അതെ ഇക്ക് മനസ്സില്‍ ആവുണ്ട് ഇയ്യിടെ ഫോണില്‍ കുത്തല് കൂടുതലാണുട്ടോ”
”നീ പോയിട്ട് വാ ബാക്കി വന്നിട്ട് തരാം”
അമ്മക്കൊരു പുഞ്ചിരി സമ്മാനിച്ചുകൊണ്ട് വേഗം ഡ്രസ്സ് മാറി ഇറങ്ങി, അന്നയുടെ മുഖം ഡിസ്പ്ലേയിൽ തെളിഞ്ഞു. അ ച്ചായത്തിക്കുട്ടി ആണെങ്കിലും, കുറി തൊട്ടു, കാതര ഭാവത്തോടെ നോക്കുന്ന ശാലീനതയുള്ള മുഖം.
” അന്നമ്മോ എവിടെ എത്തി ”
” കണ്ണാ ഞാനിതാ ചാലക്കുടി കഴിഞ്ഞു, നീ എത്തുല്ലേ സമയത്ത് ?”
” ഞാനിപ്പോ ഇറങ്ങാന്‍ നിക്കുവാ, നിനക്കെന്തെലും വാങ്ങാന്‍ ഉണ്ടോ?
” ഇല്ലില്ല ടിക്കറ്റ് എടുക്കാന്‍ മറക്കല്ലേ ടാ, അല്ലെങ്കിലെ ടി ടി കലിപ്പായിട്ടിരിക്കുവാ ”
“എടുത്തിട്ട്ണ്ട് ഞാനെത്തിട്ടു വിളിക്കാം”
” ഒക്കെ കണ്ണാ ”
ഇന്നലെ വരെ തകര്‍ത്തു പെയ്ത മഴമേഘങ്ങള്‍ ഇന്ന് മാറി നിന്നു എനിക്ക് വേണ്ടിയിട്ട്. പോകുന്ന വഴിക്ക് ചോക്ലേറ്റ് കൂടി വാങ്ങികയ്യില് കരുതി. കാണാനുള്ള ആവേശം മൂലം ബൈ ക്ക് വേ ഗത കൂടി.
ഇത്രയും വേഗത്തില്‍ തന്റെ മനസ്സിതെങ്ങോട്ടാണ് ഓടുന്നത്. ഡിഗ്രി വരെയുള്ള കോളേജ് ലൈഫില്‍ ഒരുപാട് പേരെ പരിചയപ്പെട്ടിട്ടുണ്ടെങ്കിലും ആദ്യമായാണ് ഒരാളെ കാണാന്‍ ഇത്രയും സന്തോഷം.
അവളെ ഓർക്കുമ്പോൾ എല്ലാം മനസ്സിൽ ഒരു മഞ്ഞുതുള്ളി വീഴുന്ന അനുഭവം ആണ്.
ട്രെയിന്‍ വരുന്നത് നോക്കി പ്ലാറ്റ്ഫോമിലിരുന്നു, പതിയെ ചൂളം വിളിച്ചുവരുന്ന ട്രെയിനില്‍ നിന്ന് എന്നെ തിരയുന്ന മിഴികള്‍ ഞാന്‍ കണ്ടു. പരസ്പരം കണ്ണ് തമ്മില്‍ കൂട്ടി മുട്ടി ചെറിയൊരു പുഞ്ചിരിയോടവള്‍ ചോദിച്ചു.
“കണ്ണാ ഞാന്‍ പുറത്തുവരണോ ”
“വാ ഇരുപതുമിനുറ്റ് ടൈം ഉണ്ട് ഇവിടെ, ടിക്കറ്റ് അവള്‍ക്ക് നേരെനീട്ടി കൊണ്ട് ഞാന്‍ പറഞ്ഞു..
ആദ്യമായി കാണുന്ന അപരിചിതത്വം രണ്ടുപേര്‍ക്കും ഉണ്ടായിരുന്നില്ല പ്ലാറ്റ്ഫോമിലെ സിമന്റ് ബഞ്ചിൽ ചാരിയിരുന്നു അവളുടെ കിലുക്കാം പെട്ടി വർത്തമാനങ്ങൾ ഞാൻ ആസ്വദിച്ചു.
അടുത്തു ഇരുന്ന് ഒരു ഫോട്ടോ എടുത്തപ്പോളും നോ എന്നവള്‍ പറഞ്ഞില്ല.
അവൾക്കായ് കരുതിയിരുന്ന ചോക്ലേറ്റ് പാക്കറ്റ് കൈകളിൽ വച്ചു കൊടുത്തപ്പോൾ ആ മുഖത്ത് ഒരു കുസൃതി ചിരി വിരിഞ്ഞു.
ഒരു കൊച്ചു കുഞ്ഞിന്റെ നിഷ്കളങ്കതയോടെ അവളെന്റെ കരം പിടിച്ചപ്പോൾ ഒന്നുഞെട്ടിയെങ്കിലും ആ കൈ പിന്നെ വിട്ടില്ല, ട്രെയിന്‍ പോകാനുള്ള അനൗണ്സ്മെന്ഡ് വന്നു കഴിഞ്ഞു.
സമയം എത്ര വേഗം ആണ് ഓടി മറഞ്ഞത്. അന്ന തിരികെ ട്രെയിന്‍ കയറി. ജനലരുകില് വന്നു ഇരുന്നപ്പോഴും അവളെന്‍ കരംഗ്രഹിച്ചിരുന്നു.
പോകാന്‍ സമയമടുക്കുന്തോറും ആ നഖങ്ങളെന്‍ കയ്യിലാഴ്ന്നിറങ്ങി, ട്രെയിൻ നീങ്ങി തുടങ്ങിയപ്പോൾ എന്റെ ഹൃദയ താളവും കൂടുന്നത് ഞാൻ അറിഞ്ഞു.
കുറച്ച് കൂടി മുന്നോട്ട് നടന്നിട്ടാ കൈകള്‍ വിട്ടു, യാത്ര പറയാന്‍ നേരം ആ വിടര്‍ന്ന കണ്ണുകള്‍ ഈറനണിഞ്ഞു…
പറയാതെ പറഞ്ഞൊരു പ്രണയം എനിക്ക് നല്കി അവള് യാത്രയായ്, അവളുടെ പിന്‍വിളിക്കായ് കാതോര്‍ത്ത് ഞാനും തിരികെ നടന്നു.