പ്രകാശം പരത്തുന്നവൾ
(രചന: Megha Mayuri)
“ദൈവമേ, ഈ തേങ്ങ ചിരകുന്ന സാധനം ഇവളിതെവിടെ വച്ചു… മോനേ… കിച്ചൂ… നീ തേങ്ങാ ചിരവ കണ്ടോടാ….”
അടുക്കള മുഴുവൻ പരതുന്നതിനിടയിൽ രഘു മകനോട് തിരക്കി…
“അതെവിടെയെങ്കിലും കാണും അച്ഛാ…” ഉറക്കപ്പിച്ചിനിടയിൽ കിച്ചു വിളിച്ചു പറഞ്ഞു…
“മതി ഉറങ്ങിയത്…. നീ അച്ചുവിനെയും കൂടി വിളിച്ചുണർത്തി പല്ലു തേപ്പിക്ക്… സ്കൂളിൽ പോവണ്ടേ?”
“കുറച്ചു കൂടി ഉറങ്ങട്ടെ അച്ഛാ…. ”
കിച്ചു വീണ്ടും തലവഴി പുതപ്പ് മൂടി കണ്ണടച്ച് കിടന്നു… അവരു കിടക്കുന്നത് കാണുമ്പോൾ വീണ്ടും പോയി കട്ടിലിൽ കിടന്നുറങ്ങാൻ ഒരാഗ്രഹം…
സാധാരണ എഴുന്നേൽക്കുന്ന സമയം ആയിട്ടില്ല… നല്ല തണുപ്പും…പക്ഷേ ഉറങ്ങിയാൽ പണി പാളും… ഇന്ന് അച്ഛനും മക്കൾക്കും കൃത്യ സമയത്ത് വീട്ടിൽ നിന്നിറങ്ങാൻ സാധിക്കുമെന്ന് തോന്നുന്നില്ല…..
ഇനി എന്തൊക്കെ ചെയ്യണം? അടുക്കള ഭാഗം പരിചിതമല്ലാത്തതു കൊണ്ട് ഓരോന്നും പരതി പരതി കണ്ടു പിടിക്കണം…
മൂന്നു ദിവസമായി വീട്ടിലെ കാര്യങ്ങളെല്ലാം ആകെ കുഴഞ്ഞുമറിഞ്ഞു കിടക്കുന്നു…
വീടൊക്കെ ആകെ മുഷിഞ്ഞു കിടക്കുന്നു.. അലക്കാനുള്ള ഡ്രസ്സുകൾ കുന്നുകൂടി കിടക്കുന്നു…
ലതിക ട്രെയിനിംഗ് കഴിഞ്ഞ് വീട്ടിലെത്തിയാലേ ഇനി കാര്യങ്ങളൊക്കെ പഴയ പോലെയാവൂ… അവൾ തിരിച്ചു വരണമെങ്കിൽ ഇനിയും രണ്ടു ദിവസം കഴിയണം…
“നീയില്ലെങ്കിലും ഞങ്ങളുടെ കാര്യങ്ങളൊക്കെ ഞങ്ങളു തന്നെ നോക്കും”
എന്ന് അവളോടു വലിയ വീരവാദം മുഴക്കിയെങ്കിലും മൂന്നു ദിവസമായി വീടു നോക്കലും ജോലിക്കു പോകലും കുട്ടികളുടെ കാര്യം നോക്കലും കൂടി ആയപ്പോൾ ആകെ വശം കെട്ടു പോയിട്ടുണ്ട്…
രണ്ടു ദിവസവും വൈകുന്നേരം മക്കളെയും കൊണ്ട് ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചു…
മൂന്നിലും യു. കെ. ജി. യിലും പഠിക്കുന്ന കുട്ടികളല്ലേ… ഉച്ചഭക്ഷണമെങ്കിലും ആക്കിക്കൊടുക്കണ്ടേ… കുട്ടികൾക്ക് അമ്മയെ കാണാത്തതിന്റെ വിഷമം വേറേ…
ലതിക വീട്ടിലുള്ളപ്പോൾ ഒരു കാര്യവും അറിയേണ്ടിയിരുന്നില്ല… കുളിക്കാൻ നേരത്ത് ചൂടുവെള്ളം…
കൃത്യ സമയത്ത് ഡൈനിംഗ് ടേബിളിന് മുന്നിൽ ചെന്നിരുന്നാൽ ഭക്ഷണം റെഡി…
സ്കൂളിൽ പോവാൻ സമയമാവുമ്പോഴേക്കും ഡ്രസ് തേച്ച് മുന്നിൽ കൊണ്ടുവന്നു വയ്ക്കും…
മക്കളെ കുളിപ്പിച്ചൊരുക്കി അവരുടെ ബാഗ് റെഡിയാക്കി ഭക്ഷണം കഴിപ്പിച്ച് അവരെ സ്കൂട്ടറിൽ സ്കൂളിൽ കൊണ്ടാക്കിയിട്ടാണ് അവൾ ഓഫീസിൽ പോവുന്നത്…
എത്ര തവണ അവൾ കെഞ്ചി പറഞ്ഞിരിക്കുന്നു…
“ഈ പിള്ളേരെയെങ്കിലും സ്കൂളിൽ കൊണ്ടുചെന്നാക്കൂ രഘുവേട്ടാ….
നേരമില്ലാത്ത നേരത്ത് ഞാൻ ഓടിപ്പാഞ്ഞു നടക്കണ്ടേ…
ഞാൻ ഓഫീസിലെത്തുമ്പോൾ എന്നും വൈകും… ”
“രഘുവേട്ടാ…. നിങ്ങളെപ്പോലെ തന്നെ എനിക്കും സമയത്തിന് ജോലിക്കു പോവണ്ടേ… രാവിലെ എഴുന്നേറ്റ് കുളിച്ചു ഡ്രസ് മാറി പോയാൽ മതിയോ…
എന്തൊക്കെ പണികൾ തീർക്കണം? എത്ര മണിക്ക് എഴുന്നേൽക്കുന്നതാ ഞാൻ…
അച്ഛനും മക്കൾക്കും ഇഷ്ടത്തിനനുസരിച്ച് ഭക്ഷണമുണ്ടാക്കിത്തരണം… ഒരാൾക്ക് ദോശയെങ്കിൽ ഒരാൾക്ക് പുട്ട്…
ഒരാൾക്ക് ചായയെങ്കിൽ മറ്റേയാൾക്ക് കാപ്പി… വീടു വൃത്തിയാക്കണം… അലക്കണം…. തുടയ്ക്കണം…വൈകിട്ട് വന്നാലോ…. ബാക്കി എന്തൊക്കെ പണികളാ…
കുട്ടികൾക്ക് രണ്ടക്ഷരം പറഞ്ഞു കൊടുക്കാൻ പോലും നിങ്ങൾ തയ്യാറല്ലല്ലോ…. അധ്യാപകനാണു പോലും … അധ്യാപകൻ…
മക്കളെ പഠിപ്പിക്കണമെങ്കിലും ഞാൻ തന്നെ ചെയ്യണം…
ഒരു കൈ എന്നെ സഹായിക്കാറുണ്ടോ? നിങ്ങളുടെ ടൈം ടേബിൾ കുറച്ചെങ്കിലും തെറ്റിയാൽ എന്നെ വഴക്കു പറയുന്നതിന് ഒരു മടിയുമില്ലല്ലോ….
ഞാനെഴുന്നേൽക്കുന്ന സമയമോ ഞാനുറങ്ങുന്ന സമയമോ നിങ്ങൾ കണ്ടിട്ടുണ്ടോ?
എന്റെ ഇഷ്ടമെന്താണെന്ന് എന്നെങ്കിലും നിങ്ങൾ ചോദിച്ചിട്ടുണ്ടോ? ഇങ്ങോട്ടു കൽപിക്കുകയല്ലാതെ…. കുറ്റം കണ്ടു പിടിക്കുകയല്ലാതെ…..
ഒന്നസുഖം വന്നാൽ പോലും എന്തെങ്കിലും ഒരു സ്വസ്ഥതയോ വിശ്രമമോ തരാറുണ്ടോ? കുറച്ചു ദിവസം ഞാനില്ലാതിരിക്കുമ്പോൾ നിങ്ങളൊക്കെ പഠിച്ചോളും…”
മുറുമുറുത്തു കൊണ്ട് അവൾ താനേ പിൻവലിയും..
അവൾ പറഞ്ഞതു പോലെ തന്നെ രണ്ടു ദിവസമായി പഠിച്ചു കൊണ്ടിരിക്കുന്നു…
അപ്രതീക്ഷിതമായി തിരുവനന്തപുരത്ത് വച്ചുള്ള ട്രെയിനിംഗ്.. അവൾ എത്ര ഒഴിവാക്കാൻ ശ്രമിച്ചിട്ടും ട്രെയിനിംഗിന് പോകേണ്ടി വന്നു…
ഇപ്പോൾ മനസിലാവുന്നു…. ഭാര്യ വീട്ടിൽ നിന്നും മാറി നിന്നാലുള്ള അവസ്ഥ…
ഉള്ള ഇരുപത്തിനാലു മണിക്കൂർ കൊണ്ട് അവൾ എന്തൊക്കെ ചെയ്യുന്നു? ഒരിക്കൽ പോലും അവളുടെ ഇഷ്ടമെന്താണെന്ന് ചോദിച്ചിട്ടില്ല… എന്ത് ചെയ്താലും ഒരു അഭിനന്ദനം പോലും നൽകിയിട്ടില്ല..
കുറ്റപ്പെടുത്തലുകളല്ലാതെ… സത്യത്തിൽ അവൾ എഴുന്നേൽക്കുന്നത് എപ്പോഴാണെന്നു പോലും തനിക്കറിയില്ല…
ശരിക്കു ഭക്ഷണം കഴിക്കുന്നുണ്ടോ എന്നും ഇതുവരെ അന്വേഷിച്ചിട്ടില്ല… ഒരു കാര്യത്തിലും ഒരു സഹായം പോലും ചെയ്തു കൊടുത്തിട്ടില്ല…
എന്നാലും ഇടയ്ക്കൊക്കെ ചെറിയ പരിഭവവുമായി ഒരു മിനിട്ടു പോലും വിശ്രമിക്കാതെ,സ്വന്തം കാര്യം ശ്രദ്ധിക്കാതെ,
ഭർത്താവിന്റെയും മക്കളുടെയും എല്ലാ കാര്യങ്ങളും ചെയ്യുന്ന അവളെയൊന്നും സമ്മതിക്കാതെ തരമില്ല..
അവളു വന്നാൽ മാത്രമേ വീട്ടിൽ വെളിച്ചമുള്ളൂ… ആ തിരിച്ചറിവോടെ ലതികയുടെ വരവിനായി അയാൾ അക്ഷമയോടെ കാത്തിരുന്നു….