ജന്മപുണ്യം
(രചന: Sharath Sambhavi)
പതിവ് പോലെ ഓഫീസിൽ ഇരുന്നു ഫയൽ നോക്കുന്ന ഇടയിൽ ആണ് പുറത്ത് ഒരു പ്രായമായ സ്ത്രീയുടെ ഒച്ച കേൾക്കുന്നത്..
സർ നെ ഒന്ന് കണ്ടാൽ മതി… ഒരു ഒപ്പ് അത് കിട്ടി കഴിഞ്ഞു ഞാൻ പൊയ്ക്കോളാം…
എന്താ അശോകൻ ചേട്ടാ.. ആരാണ് അവർ… ഞാൻ ഓഫീസിലെ പ്യുണിനെ വിളിച്ചു അകത്തേക്ക്…
സർ.. അത് എപ്പോഴും ഇവിടെ വരാറുള്ള ഒരു സ്ത്രീ ആണ്.. ഭയങ്കര ശല്യം ആണ്
എന്താ അവരുടെ ആവശ്യം..
ഓഹ്.. അത് ഈ പ്രകൃതി ക്ഷോഭം മൂലം അവരുടെ വീട് പോയ്… അപ്പോൾ നേരത്തെ ഇവിടെ ഉണ്ടായിരുന്ന സാർ ഇൻസ്പെഷൻ ഒക്കെ നടത്തിയത് ആണ്.. പക്ഷെ ഒപ്പിട്ട് കൊടുത്തില്ല..
അതെന്താ..?
ഒന്നും കിട്ടപൊരില്ലന്നേ അത് തന്നെ…
എന്ന് വെച്ച്… ചേട്ടൻ അവരെ ഇങ്ങോട്ട് വിളിക്ക്…
ഓഹ്.. ശരി…
എന്റെ ക്യാബിനിലേക്ക് കയറിയ ആ സ്ത്രീയേ കണ്ടു ഞാൻ ആദ്യം ഒന്ന് ഞെട്ടി…
ഞാൻ ഇരിക്കാൻ പറഞ്ഞു.. കുടിക്കാൻ എന്തലും പറയട്ടെ ചായയോ കാപ്പിയോ.
അതൊന്നും വേണ്ടാ സർ…
മ്മ്. ഞാൻ പേപ്പർ എല്ലാം നോക്കി സൈൻ ചയ്തു…
അശോകൻ ചേട്ടനെ വിളിച്ചു…. ചേട്ടാ.. ഈ പേപ്പർ വാങ്ങി സതീഷ്ന്റെൽ കൊടുക്കണം.. വേഗം ഒന്ന് മൂവ് ചെയ്യാൻ പറയണം..
ശരി sir…
ആ നില്ക്.. പിന്നെ.. ഇവർക് ബാലേട്ടന്റെ കടയിൽ നിന്ന് കഴിക്കാൻ എന്തലും വാങ്ങി കൊടുത്തിട്ടേ വിടാവു..
അയ്യോ… അതൊന്നും വേണ്ടാ എനിക്കു…
അത് സാരമില്ല… മുഖം കണ്ടാൽ അറിയാം ഒന്നും കഴിച്ചിട്ടില്ലായെന്നു.. വിശപ്പിന്റെ വേദന അത് ഞാൻ അറിഞ്ഞിട്ടുള്ളത് ആണ് കുറെ
അവരുടെ കണ്ണ് പെട്ടെന്ന് നിറഞ്ഞ പോലെ … ഇറങ്ങാൻ നേരം… എന്നോട് ചോദിച്ചു… മോനെ എവിടെയോ കണ്ടിട്ടുണ്ടല്ലോ…
ഏയ്.. അമ്മയ്ക്ക് തോന്നുന്നത് ആണ്… ചെല്ല് അശോകൻ ചേട്ടൻ എല്ലാം ചയ്തു തരും…
അവർ തൊഴുകയ്യോടെ അവിടെ നിന്ന് ഇറങ്ങി… അവർ അവിടെ നിന്ന് പോയതും ഞാൻ പഴയ ഒരു ഓർമയിലേക്ക് ഒന്ന് കണ്ണോടിച്ചു.
അന്ന് ഒരു മഴക്കാലത്.. സ്കൂളിൽ നിന്ന് നനഞ്ഞു കുളിച്ചു വീട്ടിൽ കയറി വന്നു.
വീട് എന്നൊക്ക പറയാൻ പറ്റുമോ എന്നറിയില്ല ഒരു ഓലകുടിൽ നാല് മൂലയ്ക്കും അച്ഛന്റെ കൂട്ടുകാരൻ കൊടുത്ത കോൺഗ്രീൻറ്ന്റെ പഴയ തൂണ് ഉള്ളത് കൊണ്ട് നിലംപൊത്താതെ നിൽക്കുന്നു..
വീട്ടിൽ കയറി ചെന്നപ്പോൾ പെങ്ങൾ ഒരാൾ ഉള്ളത് ഒരു മൂലയ്ക്ക് ഇരുന്നു കരയുവാ…..
എന്താ മോളേ എന്ത് പറ്റി…..
എനിക്ക് പേടിയാവുന്നു ഏട്ടാ …. അമ്മ എന്താ വരാത്തത്….
അമ്മ പണിക്ക് പോയേക്കുവാല്ലേ… വരട്ടെ..
എനിക്കു വിശക്കുന്നു.. ചെറിയമ്മയോട് ചോദിച്ചപ്പോൾ എന്നെ പിടിച്ചു തല്ലി.. മുഖത്തെ പാട് കാണിച്ചു കൊണ്ട് അവൾ കരഞ്ഞു..
നോക്കുമ്പോൾ വിരലുകൾ പതിഞ്ഞു കാണാം അവളുടെ മുഖത്തു…
മോള് കരയല്ലേ.. ഞാൻ അടുക്കളയിൽ ഒന്ന് നോക്കട്ടെ അമ്മ എന്തലും ഉണ്ടാക്കി വെച്ചിട്ടുണ്ടാവും
ഒന്നും ഇല്ലാ …. ഞാൻ നോക്കി.. അച്ഛൻനും അമ്മയ്ക്കും നമ്മളോട് ഒരു സ്നേഹവും ഇല്ലാ… ഉണ്ടായിരുന്നേൽ നമ്മൾ ഇങ്ങനെ കഴിയോ…. നമ്മുടെ വീട് തന്നെ കണ്ടില്ലേ…
അങ്ങനെ പറയല്ലേടാ… നമുക്ക് വേണ്ടിയല്ലേ.. ഈ മഴയത്തും അവർ പണിക്ക് പോയിരിക്കുന്നുതു…. പഴയ ആ അഞ്ചാംക്ലാസ്സ് കാരൻ ആവുന്ന പോലെ പറഞ്ഞു തന്റെ അനിയത്തിയോട്
പെട്ടെന്ന്…അമ്മിണിയമ്മ യുടെ ശബ്ദം കേട്ടു വെളിയിൽ…
കുറിയുടെ പൈസ വാങ്ങാൻ വന്നത് ആണ്… കഴിഞ്ഞ ആഴ്ചയും അമ്മയെ ചീത്ത പറഞ്ഞിട്ട് ആണ് പോയത്…
അച്ഛൻ ദൂരെ ആണ് പണിക്ക് പോയിരിക്കുന്നു അത്കൊണ്ട് ഈ ആഴ്ച വരുമ്പോൾ കൊടുക്കാം എന്ന് പറഞ്ഞു വിട്ടത് ആണ്… എന്നാൽ അച്ഛൻ ഈ ആഴ്ചയും വന്നില്ല..
ഞാൻ അല്പം പേടിയോടെ പുറത്തോട്ട് ചെന്നു…
അമ്മിണിയമ്മേ അമ്മ വന്നിട്ടില്ല…. വരുമ്പോൾ ഞാൻ പറയാം..
മ്മ്… അവൾ എന്താ കരയുന്നെ… അകത്തു ഇരിക്കുന്ന പെങ്ങളെ നോക്കി ചോദിച്ചു…
അവൾക്ക് വിശന്നിട്ടു ആണ്… അമ്മ കമ്പനിയിൽ നിന്ന് വന്നാലേ എന്തലും വെച്ച്ണ്ടാക്കു…
അത് വരെ നിങ്ങൾ വിശന്നിരിക്കണോ .. അത് പറ്റില്ല ഇങ്ങ് വാ… അതും പറഞ്ഞു അകത്തു കയറി പെങ്ങളെ പിടിച്ചു എഴുന്നേൽപ്പിച്ചു. എന്നെയും കൂട്ടി അവരുടെ വീട്ടിൽ കൊണ്ട് പോയ്… അവിൽ വിളയിച്ചതും കാപ്പിയും തന്ന്…
എപ്പോഴും അമ്മയോട് ദേഷ്യത്തോടെ സംസാരിക്കുന്ന അമ്മിണിയമ്മയെ മാത്രമേ കണ്ടിട്ടുള്ളു…. പക്ഷെ ഇന്ന്… ആ മുഖത്തു ഒരു ചിരി കണ്ടു…
ആരും തുണ ഇല്ലാത്തവർക്ക് ദൈവം ഓരോ രൂപത്തിൽ വരും എന്ന് പറയും പോലെ.. ഞങ്ങൾക്ക് മുന്നിലും അന്ന് അമ്മിണിയമ്മയുടെ രൂപത്തിൽ പ്രത്ക്ഷ പെട്ടത് ആവും.. .
അത് കഴിച്ചു കൊണ്ട് ഇരുന്നപ്പോ അമ്മയുടെ ശബ്‌ദം കേട്ടു.. അമ്മിണിയമ്മ ഉമ്മറത്തേക്ക് ചെന്നു… അവിടെ നനഞ്ഞു കുളിച്ചു നിൽക്കുന്ന അമ്മയെ ഞങ്ങൾ ജനൽ വഴി കണ്ടു….
ചേച്ചി .. കുറിയുടെ പൈസ ഇന്നാ… കമ്പനിയിലെ സർനോട് തത്കാലം വാങ്ങി.. ചേട്ടൻ ചിലപ്പോൾ അടുത്ത ആഴ്ച ആവും വരുമ്പോൾ… അതാണ് ഞാൻ..
നീ ഇങ്ങോട്ട് കയര് ആ മഴയത്തു നിന്ന്…
ഇല്ല ചേച്ചി പോട്ടെ… മക്കൾ സ്കൂളിൽ നിന്ന് വന്നു കാണും ചെന്നിട്ടു വേണം എന്തെങ്കിലും ഉണ്ടാക്കാൻ…….
അവരുടെ കാര്യം ഓർത്ത് നീ പേടിക്കണ്ട രണ്ടാളും അകത്തു ഉണ്ട്… ഞാൻ വീട്ടിൽ വന്നപ്പോൾ രണ്ടാളും കരയുവായിരുന്നു… ഞാൻ ഇങ്ങോട്ട് വിളിച്ചോണ്ട് പൊന്ന്.. ദാ അകത്തു ഇരുന്നു കാപ്പി കഴിക്കുവാ..
കണ്ണാ…. അമ്മ വിളിച്ചു… ഞാനും പെങ്ങളും പുറത്തോട്ട് ചെന്നു…
ഒത്തിരി നന്ദിയുണ്ട് ചേച്ചി.. സ്വന്തക്കാർക്ക് ഇല്ലാത്ത സ്നേഹം ആണ് ചേച്ചി ന്റെ മക്കളോട് കാണിച്ച… അമ്മ തൊഴുകൈയോടെ പറഞ്ഞു…
പോടീ അവിടന്ന്… എനിക്കും ഉണ്ട് മക്കൾ ഇത് പോലെ…
കാര്യം കുറികാശ് കിട്ടിയില്ലേ ഞാൻ ചിലപ്പോൾ ചീത്ത വിളിക്കും..
എന്നിരുന്നാലും വിശപ്പിനേക്കാൾ വലുതായി ഒന്നും ഇല്ലാ ഈ ഭൂമിയിൽ…
അമ്മ കണ്ണുകൾ തുടച്ചു കൊണ്ട് ഞങ്ങളെയും കൂട്ടി വീട്ടിലേക്കു
നടക്കുമ്പോൾ….
പിന്നിൽ ഞാൻ ഒരിക്കൽ കൂടി കണ്ടു.. ഞങ്ങളെ നോക്കി കണ്ണുകൾ തുടയ്ക്കുന്ന ആ ദൈവത്തിനെ… വീട്ടിൽ എത്തിയതും… പെങ്ങൾ ചെറിയമ്മ തല്ലിയ കാര്യം പറഞ്ഞു…
എന്റെ മക്കൾ കരയാതെ… ഈശ്വരൻ ഒരിക്കൽ അവരെ മക്കളുടെ മുന്നിൽ എത്തിക്കും തൊഴുക്കയോടെ..
നോക്കിക്കോ.. അപ്പോൾ ഞാൻ അവരെയും അടിക്കും ഇത് പോലെ… പെങ്ങൾ പറഞ്ഞു..
അയ്യോ…അത് തെറ്റ്… അങ്ങനെ ച്യ്താൽ നമ്മളും അവരും തമ്മിൽ എന്താ മോളേ വ്യത്യാസം.. മക്കൾ രണ്ടാളും നല്ലോണം പഠിക്കണം.. എന്നിട്ട് അവരെക്കാൾ ഒക്കെ മേലേ.. എത്തണം…
അമ്മ പറഞ്ഞു നിർത്തി..
എത്തും അമ്മേ……. ഞങ്ങൾ രണ്ടാളും ഒരേ സ്വരത്തിൽ പറഞ്ഞു…
നാളുകൾ ഏറെ കഴിഞ്ഞു ഞങ്ങൾ അവിടെ നിന്ന് മാറി വേറൊരു വീട് വെച്ചു . അന്ന് അമ്മയ്ക്ക് കൊടുത്ത വാക്ക്.. ഇന്ന് ഈ ഓഫീസിൽ എന്നെ എത്തിച്ചു…
അന്ന് അമ്മ പറഞ്ഞ പോലെ തന്നെ ആ ചെറിയമ്മയെ തൊഴുകൈയ്യോടെ എന്റെ മുന്നിലും ആ ഈശ്വരൻ എത്തിച്ചു…