(രചന: ഷൈനി വർഗീസ്)
എനിക്കിപ്പോ കല്യാണം വേണ്ടെന്ന് ചേച്ചിയോട് ഏട്ടനെങ്കിലും ഒന്നു പറ…
രാവിലെ പൂമുഖത്തിരുന്ന് പതിവു ചായയും കുടിച്ച് പത്രവും വായിച്ചിരിക്കുന്ന മനോജിൻ്റെ അടുത്തെത്തി ആതിര പറഞ്ഞു.
അല്ല ഇപ്പോ ആരാ ഏട്ടൻ്റെ കുട്ടിയുടെ കല്യാണം നടത്താൻ തിരക്കുക്കൂട്ടുന്നത്.
ഞാനാ.. അവിടേക്കു വന്ന അശ്വതി പറഞ്ഞു.
എനിക്ക് ഇനിയും പഠിക്കണം ഏട്ടാ പി ജി കഴിഞ്ഞതല്ലേയുള്ളു. പി എച്ച് ഡി ചെയ്യണം അതാണെൻ്റെ ഏറ്റവും വലിയ ആഗ്രഹം അതു കഴിഞ്ഞു മതി എനിക്ക് കല്യാണം
ഇപ്പോ തന്നെ വയസ് ഇരുപത്തിമൂന്നായി പി എച്ച് ഡി കൂടി കഴിയുമ്പോൾ കല്യാണപ്രായം കഴിയും ആ നേരത്ത് നല്ല ബന്ധം ഒത്തുവരണമെന്നില്ല .
ഇപ്പോ ഏതു നല്ല ബന്ധമാണ് അശ്വതി ഒത്തു വന്നത്? ഏതെങ്കിലും ഒത്തുവന്നിട്ടുണ്ടോ?
ബോക്കർ ദാമോദരൻ ഇന്നലെ ഇവിടെ വന്നിരുന്നു ആതിരക്ക് പറ്റിയ ഒരാലോചനയുമായി.
കേട്ടിട്ട് നല്ലൊരു ബന്ധം ആണന്നാ തോന്നുന്നത് ചെറുക്കന് ഗവൺമെൻ്റ് ജോലി ഉണ്ട്. ചെറുക്കൻ്റ അച്ഛനും അമ്മയും റിട്ടയേർഡ് ഉദ്യോഗസ്ഥർ ആണ്. അശ്വതി വാചാലയായി.
എന്നാൽ ആ ദാമോദരനോട് പറഞ്ഞേക്ക് ആ ചെറുക്കന് പറ്റിയ വേറെ ഒരു പെണ്ണിനെ അന്വേഷിച്ചോളാൻ. നീ കേട്ടല്ലോ അവളുടെ ആഗ്രഹം ആദ്യം അതിനുള്ള കാര്യങ്ങൾ ആലോചിക്കാം
നിങ്ങളാ ഇവളെ ഇങ്ങനെ വഷളാക്കുന്നത്.
പി എച്ച് ഡി കഴിഞ്ഞിട്ടു മതി കല്യാണം എന്നു പറഞ്ഞതാണോ വഷളത്തരം
ഞാനൊന്നും പറയുന്നില്ല അല്ലെങ്കിലും എൻ്റെ വാക്കിന് ഒരു വിലയും കല്പിക്കാറില്ലല്ലോ ഏട്ടനും അനിയത്തിയും’
ആതിര സന്തോഷത്താൽ ഓടി ചെന്ന് മനോജിൻ്റെ കവിളിൽ മുത്തം കൊടുത്തു. താങ്ക്സ് ഏട്ടാ…
സന്തോഷായോ. ഏട്ടൻ്റെ മോൾക്ക്…
സന്തോഷമായോ എന്നോ ഒത്തിരി സന്തോഷം .എനിക്കറിയാമായിരുന്നു ഈ പ്രശ്നം പരിഹരിക്കാൻ എൻ്റെ ഏട്ടനെ കൊണ്ടേ പറ്റു എന്ന്.
പിഎച്ച്ഡി ആണല്ലോ അല്ലേ മനസ്സിൽ?
അല്ലാതെ പിന്നെ? ഏട്ടൻ എന്താ ഉദ്ദേശിച്ചത്.
ഇന്നത്തെ കാലത്തെ പെൺകുട്ടികൾ അല്ലേ. ഇനി :…. വേറെ ആരെങ്കിലും.. ഈ… മനസ്സിലുണ്ടോന്ന്..
അതോർത്ത് ഏട്ടൻ പേടിക്കണ്ട അങ്ങനെ ആരെങ്കിലും ഈ മനസ്സിൽ ചേക്കേറാൻ വന്നാൽ ആദ്യം ഞാൻ ഈ ഏട്ടനോടായിരിക്കും പറയുന്നത്.
ഏട്ടന് വിശ്വാസമാണ് ഏട്ടൻ്റെ കുട്ടിയെ..
എന്നാൽ ഏട്ടൻ പത്രം കാണാതെ പഠിക്ക് ഞാൻ പോയി ചേച്ചിയെ സോപ്പിട്ട് പിണക്കം മാറ്റട്ടെ.
ചെല്ല് ചെന്ന് അവളെ സഹായിക്കുക കൂടി ചെയ്യ്. ആതിര ചെല്ലുമ്പോൾ അശ്വതി ചട്നിക്കുള്ള തേങ്ങ ചിരകുകയായിരുന്നു.
ഞാൻ സഹായിക്കണോ ചേച്ചിക്കുട്ടിയേ…
എന്നെ ആരും സഹായിക്കണ്ട. എൻ്റെ മനസ്സിലെ ആധി ആരും കാണണ്ട.
എന്തിനാടി നിനക്കിത്ര ആധി ഒഴിഞ്ഞ ചായ കപ്പുമായി അവിടേക്കു വന്ന മനോജ് ചോദിച്ചു.
ഞാനെന്തു പറഞ്ഞാലും നിങ്ങൾക്കതു തമാശയായിരിക്കും
എന്താ എൻ്റെ ഭാര്യക്ക് പറ്റിയത് ശബ്ദമൊക്കെ ഇടറിയല്ലോ.
ചേച്ചി…. എന്തിനാ സങ്കടം.. ഞാൻ കല്യാണത്തിന് സമ്മതിക്കാത്തതു കൊണ്ടാണോ?
എൻ്റെ സ്ഥാനത്തു നിന്ന് നിങ്ങളൊന്ന് ആലോചിച്ചു നോക്ക്. അപ്പോഴെ നിങ്ങൾക്ക് എൻ്റെ സങ്കടം മനസ്സിലാകു.
ഞാനിപ്പോ കല്യാണത്തിന് സമ്മതിച്ചാൽ ചേച്ചിക്ക് സന്തോഷമാകുമോ എങ്കിൽ ആ ദാമോദരൻ ചേട്ടനെ വിളിച്ചു പറഞ്ഞേക്ക് അയാളു പറഞ്ഞ ചെറുക്കനോട് നാളെത്തന്നെ വന്നു പെണ്ണുകാണാൻ…
അതും പറഞ്ഞ് ആതിര തൻ്റെ മുറിയിലേക്കു പോയി.
മുറിയിൽ തൂക്കിയിട്ടിരിക്കുന്ന അച്ഛൻ്റേയും അമ്മയുടെയും ഫോട്ടോയുടെ മുമ്പിൽ ഒരു നിമിഷം നോക്കി നിന്നു.
നിൻ്റെ ചേച്ചിയെ നീ സങ്കടപ്പെടുത്തരുത്. അവൾ ജീവിച്ചത് നിനക്കു വേണ്ടിയാണ്. അമ്മ തൻ്റെ ചെവിയിൽ വന്നു പറയുന്നതുപോലെ ആതിരക്ക് തോന്നി.
ആതിര തൻ്റെ ബെഡിൽ വന്നിരുന്നു…
അച്ഛനും അമ്മയും യാത്ര ചെയ്ത ബസ് അപകടത്തിൽ പ്പെട്ട് അച്ഛനും അമ്മയും ഞങ്ങളെ വിട്ടു പോകുമ്പോൾ ചേച്ചിക്ക് പതിനഞ്ചും എനിക്ക് അഞ്ചു വയസുമായിരുന്നു.
അവരുടെ വിയോഗം എന്നിൽ കാര്യമായ ദുഃഖം ഉണ്ടാക്കിയില്ല അതിൻ്റെ പ്രധാന കാരണം എൻ്റെ ചേച്ചിയുടെ സ്നേഹവും കരുതലും തന്നെയായിരുന്നു.
രാത്രികാലങ്ങളിൽ അമ്മാവൻ്റെ വീട്ടിൽ തന്നേയും ചേർത്തു പിടിച്ച് ചേച്ചി കരയുമ്പോൾ അതെന്തിനാന്നു പോലും അറിയാതെ എൻ്റെ കണ്ണും നിറഞ്ഞിരുന്നു.
അമ്മാവൻ്റെ വീട്ടിൽ മൂന്നു വർഷം താമസിച്ചു. ചേച്ചി പത്തിൽ വെച്ച് പഠിത്തം നിർത്തി. എന്നെ അമ്മാവൻ്റെ വീടിനടുത്തുള്ള ഗവ. സ്കൂളിൽ ചേർത്തു.
പെട്ടെന്നൊരു ദിവസം അമ്മായി വന്നു പറഞ്ഞു. നീ ഇന്നു മുതൽ ഇവിടുത്തെ കുട്ടികളോടൊപ്പം കിടന്നാൽ മതി എന്ന്.
ഇല്ല ഞാനെൻ്റെ ചേച്ചീടെ കൂടെയാ കിടക്കുന്നത്.
മര്യാദക്ക് ഞാൻ പറയുന്നത് അങ്ങു കേട്ടാൽ മതി. അമ്മായി എൻ്റെ കൈയിൽ പിടിച്ചു വലിച്ചുകൊണ്ട് അമ്മാവൻ്റെ മക്കൾ കിടക്കുന്ന മുറിയിലെത്തി.
എടാ ഇന്നു മുതൽ ഇവളും കൂടി നിങ്ങളുടെ മുറിയിൽ കിടന്നോട്ടെ…
വേണ്ട വേണ്ട ഇതു ഞങ്ങളുടെ മുറിയാ എന്നെ പിടിച്ചു തള്ളിക്കൊണ്ട് അമ്മാവൻ്റെ ഇളയ മകൻ ജിഷ്ണുവേട്ടൻ പറഞ്ഞു.
സാരമില്ലാടാ അവളും ഇവിടെ കിടന്നോട്ടെ നിനക്ക് ഇഷ്ടമല്ലങ്കിൽ അവളെ എൻ്റെ കൂടെ കിടത്തിക്കോളാം അമ്മാവൻ്റെ മൂത്ത മകൻ വിഷ്ണുവേട്ടൻ എന്നെ ഏട്ടൻ്റെ കട്ടിലിൽ കൊണ്ടുപോയി ഇരുത്തി.
എനിക്കെൻ്റെ ചേച്ചീടെ കൂടെ കിടന്നാ മതി ഏങ്ങിയേണ്ടി കരഞ്ഞു പറഞ്ഞു കൊണ്ടിരുന്നു.
നിൻ്റെ ചേച്ചീടെ കൂടെ ഇന്നു മുതൽ മറ്റൊരാളാണ് കിടക്കുന്നത്. ചേച്ചീടെ കല്യാണം കഴിഞ്ഞതു നീ കണ്ടില്ലേ.
വേണ്ട വേറെ ആരും ചേച്ചീടെ കൂടെ കിടക്കണ്ട എനിക്കു കിടക്കണം ചേച്ചീടെ കൂടെ ഞാൻ അലറിക്കരഞ്ഞുകൊണ്ടിരുന്നു.
നിന്നോടല്ലേടി മിണ്ടാതിരിക്കാൻ പറഞ്ഞത് ജിഷ്ണുവേട്ടൻ പേടിപ്പിച്ചു.
ജിഷ്ണുവേട്ടനെ പേടിച്ച് മിണ്ടാതെയിരുന്ന് കരഞ്ഞു കരഞ്ഞു ഞാനെപ്പോഴോ ഉറങ്ങി പോയി. പാതിരാ കഴിഞ്ഞൊരു സമയത്ത് തൻ്റെ മേല് ഭാരം തോന്നി കണ്ണൂ തുറന്നപ്പോളാണ്
വിഷ്ണുവേട്ടൻ തൻ്റെ ദേഹത്ത് കിടക്കുന്നതറിഞ്ഞത് ശ്വാസം മുട്ടുന്നതു പോലെ തോന്നിയപ്പോ ഞാൻ ഉറക്കെ കരഞ്ഞു എൻ്റെ കരച്ചിൽ കേട്ട് ജിഷ്ണുവേട്ടൻ എണീറ്റ് ലൈറ്റിട്ടു.
അവളെന്തോ സ്വപ്നം കണ്ടെന്നാ തോന്നുന്നത്. വിഷ്ണുവേട്ടൻ പറഞ്ഞ കള്ളം കേട്ട് ഞാൻ മിണ്ടാതെ നിന്നു.
പിറ്റേന്ന് രാവിലെ കണ്ണുതുറന്നതും വാതിലും തുറന്ന് ഓടി ചെന്നത് ചേച്ചീടെ മുറിയിലേക്കായിരുന്നു. പക്ഷേ ചേച്ചി ആ മുറിയിൽ ഉണ്ടായിരുന്നില്ല. പകരം ഒരു പരിചയവും ഇല്ലാത്ത ചേട്ടനെയാണ് അവിടെ കണ്ടത്.
ചേട്ടൻ കൈകാട്ടി ചേട്ടൻ്റെ അടുത്തേക്ക് വിളിച്ചു.
എൻ്റെ ചേച്ചി എവിടെയാ…
പറയാം മോളിങ്ങോട്ട് വന്നേ…
ഇല്ല വരില്ല ചുമലുകുലുക്കി കൊണ്ട് ഞാൻ പറഞ്ഞു…
വാ ചേട്ടൻ ചോദിക്കട്ടെ എന്താ മോൾടെ പേര്?
എനിക്കു ചേച്ചിയെ കാണണം ആ എട്ടു വയസുകാരിയുടെ സങ്കടം കണ്ടിട്ടാകണം ഏട്ടൻ കട്ടിലിൽ നിന്നെഴുന്നേറ്റ് എൻ്റെ അടുത്ത് വന്ന് എന്നെ പൊക്കിയെടുത്ത് ചുമലിൽ വെച്ചു കൊണ്ട് അടുക്കള ഭാഗത്തേക്ക് ചെന്നു
മുറ്റത്ത് പാത്രം കഴുകി കൊണ്ടിരിക്കുന്ന ചേച്ചിയെ ചൂണ്ടി കാണിച്ചു കൊണ്ട് ചേട്ടൻ പറഞ്ഞു
ദേ ആതിര മോളുടെ ചേച്ചി…
ചേച്ചിയെ കണ്ട ഞാൻ സന്തോഷം കൊണ്ട് ചേട്ടനെ തള്ളി മാറ്റി കൊണ്ട് ഓടി ചെന്നു ചേച്ചിയെ കെട്ടി പിടിച്ചു
പാത്രം കഴുകൽ നിർത്തിയിട്ട് ചേച്ചി എന്നെ ചേർത്തു പിടിച്ചു.
ഇന്നലെ എന്നെ കൂടെ കിടത്താതിൻ്റെ പരിഭവം പറഞ്ഞ് ഞാൻ പൊട്ടി കരഞ്ഞു. വിഷ്ണുവേട്ടൻ ദേഹത്തു കയറി കിടന്ന കാര്യം കേട്ടതും ചേച്ചി എന്നേയും കൂട്ടികൊണ്ട് ചേച്ചി കിടക്കുന്ന മുറിയിലേക്കു പോയി.
മുടി ചീകി കൊണ്ട് നിന്നിരുന്ന ഏട്ടനോട് എന്തൊക്കെയോ പറഞ്ഞു ചേച്ചി പൊട്ടി കരഞ്ഞു.
അന്ന് ഉച്ചയൂണ് കഴിഞ്ഞപ്പോൾ തന്നെ ചേച്ചിക്കും ഏട്ടനും ഒപ്പം അമ്മാവൻ്റെ വീട്ടിൽ നിന്നു അച്ഛനും അമ്മയും ഞങ്ങളും താമസിച്ചിരുന്ന വീട്ടിലേക്കു പോയി.
പൂട്ടി കിടന്ന വീടു തുറന്നപ്പോൾ ചേച്ചി കരഞ്ഞു. കരയുന്ന ചേച്ചിയേയും എന്നേയും ചേർത്തു പിടിച്ചു കൊണ്ടാണ് ഏട്ടൻ ആ വീട്ടിലേക്ക് കയറിയത്.
ഒരച്ഛൻ്റെ സ്നേഹവാത്സല്യങ്ങൾ തന്നു തന്നെയാണ് ഏട്ടൻ എന്നെ വളർത്തിയത്. കൂലിപ്പണിക്കാരനായിരുന്നു ഏട്ടൻ. എന്നിട്ടും എന്നെ നല്ല സ്കൂളിൽ ചേർത്തു പഠിപ്പിച്ചു
എനിക്ക് അന്നു എട്ടുവയസായിരുന്നു. ഏട്ടനും ചേച്ചിക്കും ഒപ്പം കിടത്തിയാണ് എന്നെ വളർത്തിയത്. ഏട്ടനും ചേച്ചിക്കും മൂത്ത മോൾ ജനിച്ച അന്നു ഏട്ടൻ പറഞ്ഞത്. ഇവളാണ് എൻ്റെ മൂത്ത മോൾ ഇവളു കഴിഞ്ഞിട്ടേയുള്ളു എനിക്ക് മറ്റാരും.
കുഞ്ഞാവയെ ചേച്ചി കൊഞ്ചിക്കുന്നതു കാണുമ്പോൾ ഏട്ടൻ പറയും..
പെട്ടൊന്നൊരു ദിവസം നീ മറ്റൊരു കുഞ്ഞിനെ സ്നേഹിക്കുന്നതും കൊഞ്ചിക്കുന്നതും കാണുമ്പോൾ ആതിര മോൾക്ക് സങ്കടമാകും.
അവളെ സങ്കടപ്പെടുത്തി കൊണ്ട് അവളുടെ മുന്നിൽ വെച്ച് കൊച്ചിനെ കൊഞ്ചിക്കരുത് ഈ കുഞ്ഞിന് തിരിച്ചറിവ് ആയിട്ടില്ല പക്ഷേ തിരിച്ചറിവായ ആതിര മോളെ നീ സങ്കടപ്പെടുത്തരുത്.
കുഞ്ഞാവയെ എനിക്ക് ഇഷ്ടമായിരുന്നു അവളെ കളിപ്പിക്കുന്നതും കൊഞ്ചിക്കുന്നതും ഞാനായിരുന്നു. അവൾക്ക് രണ്ടു വയസായപ്പോൾ അടുത്ത വാവ വന്നു. രണ്ട് അനിയത്തിമാർ അങ്ങനെയെ എനിക്ക് തോന്നിയത്.
അവരേയും കുട്ടി സ്കൂളിൽ പോകുമ്പോഴും അവരോടൊപ്പം കളിക്കുമ്പോഴും ഞാനൊരു വെല്യേച്ചിയായി അവരെ സംരക്ഷിച്ചു.
വളർന്നു വലിയ കുട്ടി ആയി കഴിഞ്ഞപ്പോളാണ് ഞാനവരുടെ ചിറ്റ ആണന്ന് മനസ്സിലാക്കിയത്. ഏട്ടൻ ഒരനാഥാലയത്തിൽ വളർന്ന ആളാണന്ന് അറിഞ്ഞതും ഞാൻ വളർന്ന കുട്ടി ആയേ പിന്നെയാണ്.
പ്ലസ് ടുവിന് നല്ല മാർക്ക് വാങ്ങി പസ്സായപ്പോൾ ചേച്ചി പറഞ്ഞു വല്ലതു തയ്യലോ കമ്പ്യൂട്ടറോ പഠിച്ചാൽ മതിയെന്ന്
എന്നാൽ ചേച്ചി പറഞ്ഞതു കേട്ട് ചേച്ചിയെ വഴക്കു പറഞ്ഞ് തുടർന്ന് ബി എസ് സി യും എം എസ് സി യും പഠിക്കാൻ അയച്ചതും ഏട്ടനാണ്.
ഇനിയും ചേച്ചിയെ കഷ്ടപെടുത്തുന്നത് ശരിയല്ല. ചേച്ചിയുടെ ആഗ്രഹപ്രകാരം വിവാഹത്തിന് സമ്മതിക്കണം വിവാഹം കഴിഞ്ഞു പഠിക്കാൻ വിധിയുണ്ടങ്കിൽ പഠിക്കാം
ഓരോന്നോർത്ത് ആതിരയുടെ കണ്ണുകൾ ഈറനണിഞ്ഞു.
മോളെ…
നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ട് ആതിര വാതിൽ കടന്നു തൻ്റെ മുറിയിലേക്കു വന്ന ഏട്ടനേയും ഏടത്തിയേയും നോക്കി.
സങ്കടമായോ? ഒരുപോലെ വളർന്നു വരുന്ന നിങ്ങൾ മൂന്നു പെൺകുട്ടികളെ കാണുമ്പോൾ ചേച്ചിക്ക് ആധിയാണ് അതുകൊണ്ടാണ് ചേച്ചി അങ്ങനെയൊക്കെ പറഞ്ഞത്.
വിഷമിക്കണ്ട ചേച്ചി കല്യാണത്തിന് എനിക്ക് സമ്മതമാണ്…
എനിക്കു സമ്മതമല്ല എൻ്റെ മോളും സമ്മതിക്കണ്ട മോൾടെ ആഗ്രഹം പോലെ പിഎച്ച്ഡി കഴിഞ്ഞു ഒരു ജോലി കിട്ടിയിട്ടുമതി ഇനി കല്യാണത്തെ കുറിച്ച് ചിന്തിക്കുന്നത്.
ആതിരയുടെ മുഖത്തെ സങ്കടം മാറി…
മൂന്നു പെൺമക്കളെ ഓർത്ത് ഇനി നീ സങ്കടപ്പെടുമോ…
ഇല്ല. പെൺകുട്ടികൾ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാകട്ടെ എന്നിട്ടുമതി കല്യാണം.
അപ്പോ എൻ്റെ ഭാര്യക്ക് ബുദ്ധി ഉദിച്ചു.
ഏട്ടൻ്റെ ബുദ്ധിയല്ലേ? എത്ര നേരമെടുത്തു ചേച്ചിയെ ബോധവത്ക്കരിക്കാൻ?
ഏയ്യ് അധികനേരം ഒന്നും എടുത്തില്ല കുറച്ച് കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തി.
ഇരുപത്തിമൂന്ന് വയസു കഴിഞ്ഞാൽ വിവാഹപ്രായം കഴിഞ്ഞു എന്നാണ് പാവം മോൾടെ ചേച്ചിയുടെ അഭിപ്രായം ആ തെറ്റിദ്ധാരണ മാറ്റി കൊടുത്തു.
അപ്പോ ഇനി അഞ്ചു വർഷത്തേക്ക് എനിക്ക് സമാധാനം കിട്ടുമല്ലോ അല്ലേ.
ചിറ്റക്ക് മാത്രമല്ല ഞങ്ങൾക്കും ചിറ്റയുടെ വിവാഹം കഴിയും വരെ അമ്മ ഞങ്ങളോടും വിവാഹ കാര്യം പറഞ്ഞു വരില്ലല്ലോ അല്ലേ അമ്മേ.
അച്ഛനെ പോലെ നല്ലൊരു മനുഷ്യനെ അമ്മക്ക് കിട്ടി എന്നു വെച്ച് എല്ലാവരും അങ്ങനെ ആകണമെന്നില്ലല്ലോ
വിവാഹം കഴിപ്പിച്ചു വിടുക എന്നതല്ല മതാപിതാക്കളുടെ ഉത്തരവാദിത്വം പെൺകുട്ടിക്ക് അത്യാവശ്യമായ വിദ്യാഭാസം നൽകുക ജോലി നേടാനുള്ള അവസരം കൊടുക്കുക എന്നിട്ട് മതി വിവാഹത്തെ കുറിച്ചുള്ള ചിന്ത.
എനിക്ക് എല്ലാം മനസ്സിലായി.
അഞ്ചു വർഷം വളരെ പെട്ടന്നു കടന്നു പോയി ആതിര പി എച്ച് ഡി പൂർത്തിയാക്കി. കോളേജ് അദ്ധ്യാപികയായി ജോലിയും കിട്ടി.
ചേച്ചി ആ ദാമോദരൻ ചേട്ടനെ കാണാറുണ്ടോ?
എന്തിനാ? അയാൾ ബ്രോക്കർ പണി നിർത്തി…
ചേച്ചീടെ ആഗ്രഹം പോലെ കല്യാണം കഴിച്ചേക്കാം എന്നൊരാഗ്രഹം.
എന്നാൽ നാളെ ആതിര മോളെ പെണ്ണുകാണാൻ ഒരു കൂട്ടർ വരും അങ്ങോട്ടു വന്ന ഏട്ടൻ പറഞ്ഞു.
ഇത്ര പെട്ടെന്നോ ഏട്ടൻ എവിടുന്ന് കണ്ടു പിടിച്ചു.
പെട്ടന്ന് കണ്ടു പിടിച്ചതല്ല മോൾ പിജിക്ക് പഠിക്കുന്ന സമയത്ത് ഒരു പയ്യൻ മോളെ കണ്ടു ഇഷ്ടപ്പെട്ടു എന്നോടു വന്നു ചോദിച്ചു
മോളെ കെട്ടിച്ചു കൊടുക്കുമോന്ന് അവനു മോളെ ഒരു പാട് ഇഷ്ടമാണത്ത് –
അന്ന് അവന് ജോലിയും കൂലിയും ഒന്നും ഇല്ലായിരുന്നു ഞാനവനോട് പറഞ്ഞു നിനക്ക് അവളോടുള്ള ഇഷ്ടം ആത്മാർത്ഥമാണങ്കിൽ ഒരു ജോലി നേടി എടുത്തിട്ടു വാ
ആ സമയത്ത് അവളുടെ വിവാഹം കഴിഞ്ഞിട്ടില്ലങ്കിൽ എൻ്റെ കുട്ടിക്ക് അവനെ ഇഷ്ടമായാൽ നടത്തി കൊടുക്കാം എന്നു വാക്കു പറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസം അവനെന്നെ വീണ്ടും കാണാൻ വന്നു. അവൻ ഒരു ജോലി നേടി എൽ ഡി സി എഴുതി എടുത്തു മോൾടെ അത്ര പഠിത്തം ഇല്ല മോളുടെ അത്ര ഉയർന്ന ജോലിയും അല്ല
പക്ഷേ ഏട്ടൻ ഉറപ്പു തരാം അവനെ വിശ്വസിക്കാം ഇഷ്ടപ്പെട്ട പെണ്ണിനെ സ്വന്തമാക്കാൻ വേണ്ടി കഷ്ടപെട്ടു ജോലി സമ്പാദിച്ചു. നിൻ്റെ പഠിത്തം തീരും വരെ കാത്തിരുന്നു.
മോളോട് ചോദിക്കാതെ ആണോ നിങ്ങള് വാക്കു കൊടുത്തത്. എൻ്റെ മോൾക്ക് ഇഷ്ടമാണങ്കിൽ മാത്രം എന്നു ഞാൻ എടുത്തു പറഞ്ഞിട്ടുണ്ട്.
നാളെ അവരോട് വരാൻ പറഞ്ഞോളു ഏട്ടൻ…
പിറ്റേന്ന് ആതിരയെ കാണാൻ അവനെത്തി പ്ലസ വണ്ണിനു പഠിക്കുമ്പോൾ അതേ സ്കൂളിൽ പ്ലസ്ടുവിന് പഠിച്ചിരുന്ന രോഹൻ
രോഹനെ കണ്ട ആതിരയുടെ മുഖം പ്രകാശിച്ചു.
ആതിരക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. റോഹൻ്റെ താലിക്കായി ആതിര തൻ്റെ ശിരസ്സ് കുനിച്ചു. ആതിരയെ രോഹൻ്റെ ‘കൈകളിൽ പിടിച്ചേൽപ്പിക്കുമ്പോൾ മനോജിൻ്റെ കണ്ണുകളും നിറഞ്ഞു.
ഏട്ടനെ കെട്ടിപിടിച്ച് യാത്ര പറയുമ്പോൾ ആതിരയും വാവിട്ടു കരഞ്ഞു. അതു കണ്ടു നിന്ന അശ്വതിയുടെ കണ്ണുകളും നിറഞ്ഞു.
കാറിൽ രോഹനോട് ചേർന്നിരുന്ന അശ്വതിയുടെ ചെവിയിൽ റോഹൻ പറഞ്ഞു.
അതുപോലെ ഒരേട്ടനെ കിട്ടിയ ആതിര നീ ഭാഗ്യവതിയാണ്. ആ ഏട്ടനെ എനിക്കു സമ്മാനിച്ച നീയും എനിക്കു പ്രിയപ്പെട്ടവളാണ്.
അതെ കൂടെ പിറക്കാതെ പോയ ആ ഏട്ടൻ എൻ്റെ ഭാഗ്യമാണ്. കൂടെ പിറക്കണം എന്നില്ല കൂടപ്പിറപ്പാകാൻ…