ജനിച്ചനാൾ മുതൽ താഴത്തും തലയിലും വയ്ക്കാതെ കൊണ്ട് നടന്നു ലാളിച്ചു..

ഓർമ്മപ്പെടുത്തലുകളുടെ ഓർമ്മപ്പെടുത്തൽ
(രചന: Sarya Vijayan)

പുറംകാഴ്ചകൾ ഒന്നൊന്നായി കണ്ണിനെ തഴുകി തലോടി പോയി.

“സാർ എവിടേക്കാ??.”

പോക്കറ്റിൽ നിന്ന് അമ്പതിന്റെ ഒരു നോട്ടെടുത്ത് കൊടുത്തു.

“ഒരു ഹൈസ്കൂൾ ജംഗ്ഷൻ”

ടിക്കറ്റ് വാങ്ങി വീണ്ടും കാഴ്ച്ചകളിലേയ്ക്ക് തിരിഞ്ഞു. റോഡിന്റെ അരികത്തു കൂടി അച്ഛന്റെ കൈയ്യും പിടിച്ചു നീങ്ങുന്ന കുഞ്ഞിലേയ്ക്ക് എന്റെ കണ്ണുകൾ ഉടക്കി.

“അച്ഛാ ഞാനിന്നു പോകുന്നില്ല.”

“അതൊന്നും പറഞ്ഞാൽ പറ്റില്ല. വേഗം ഒരുങ്ങിക്കോ ബസ് വരാറായി.”

ഇഷ്ടമില്ലാതെ ഒരുങ്ങി കണ്ണുകൾ നിറച്ചു കൊണ്ടെനിക്ക് ഒരു ഉമ്മയും തന്നിട്ട് ബസിൽ കയറി കൈ വീശിയവൾ യാത്ര പറഞ്ഞു.

എന്തുകൊണ്ടോ ആ കണ്ണുകൾ നിറഞ്ഞൊഴുകിയപ്പോൾ എന്റെ കണ്ണുകളും അറിയാതെ നിറഞ്ഞു പോയി. വൈകുന്നേരം തിരികെ വരും വരെ ഒരു സ്വസ്ഥതയുമില്ലതെ ഞാനങ്ങനെ ഇരുന്നു.

അതുപോലെ പിന്നീട് കണ്ണുകൾ നിറഞ്ഞവളെ കാണുന്നത്.

വിവാഹത്തിന്റെ അന്ന് എന്നോടും കല്യാണിയോടും യാത്ര പറഞ്ഞു പിരിഞ്ഞപ്പോളായിരുന്നു.
അതിനുശേഷം എത്ര നാളുകൾ കഴിഞ്ഞാണ് ഞാൻ ഒന്ന് ഉറങ്ങിയത്.

ഒരു മകളുടെ അച്ഛനാവുകയെന്നത് ജീവിതത്തിൽ വലിയ ഭാഗ്യം തന്നെ.

ജനിച്ചനാൾ മുതൽ താഴത്തും തലയിലും വയ്ക്കാതെ കൊണ്ട് നടന്നു ലാളിച്ചു വളർത്തി ഒടുവിൽ പടിയിറക്കി വിടുന്നത് അത്രയും നാൾ ഞാൻ സൂക്ഷിച്ചിരുന്ന നിധി തന്നെയാണ്.

ഹൃദയം നിറഞ്ഞ വേദനയോടെ ചിരിച്ചു നിൽക്കേണ്ടി വരുന്ന ജീവിതത്തിലെ ചിലനിമിഷങ്ങളിൽ ഒന്ന്.

“വാസുസാർ എവിടേയ്‌ക്കാ.”

നാരായണന്റെ ചോദ്യം കേട്ടാണ് ചിന്തയിൽ നിന്നുണർന്നത്.

“അല്ല ആരിത് നാരായണനോ? തന്നെ കുറെ കാലമായല്ലോ കണ്ടിട്ട്, ഇതാരാ ഈ കൊച്ചു മിടുക്കി.”

“ഞാൻ ടൗണിലേയ്ക്ക് ഇറങ്ങിയതാ, ദേ ഇയാൾക്ക് ഒരു തുണി മേടിക്കണം. മകന്റെ മകളാണ് നാളെ പിറന്നാളാ. അപ്പൂപ്പന്റെ സമ്മാനം.”

“ആഹാ ഇവിടെ ഇരിക്ക്.”

സീറ്റിൽ കുറച്ചു കൂടി ഓരം ചേർന്നിരുന്നു.

“ആട്ടെ എന്താ മോളുടെ പേര്.”

തന്റെ കുഞ്ഞി പല്ലുകൾ പുറത്തു കാട്ടി അവൾ ഒന്ന് ചിരിച്ചു.

“പറ അപ്പൂപ്പനോട് പേര് പറ മോളെ.”

വീണ്ടും ചിരി തന്നെയായിരുന്നു മറുപടി.

“ലക്ഷ്മി, അതാ സാർ പേര്”

“ആഹാ എന്റെ മോളുടെ അതെ പേരാണല്ലോ.”

“ലക്ഷ്മിയ്ക്ക് സുഖമാണോ??”

“സുഖം തന്നെ”

“ഇപ്പോ എത്ര വർഷമായി പോയിട്ട്.”

“കുഞ്ഞു ജനിച്ചു ആറുമാസം കഴിഞ്ഞു പോയതാ, കഴിഞ്ഞയാഴ്ച്ച അഞ്ചാം ജന്മദിനമായിരുന്നു. ടെക്നോളജി മാറി വന്നത് കൊണ്ട് വീഡിയോ കോളിൽ ഞങ്ങളും കണ്ടു കേക്ക് മുറിക്കുന്നതൊക്കെ.”

അത്രയും പറഞ്ഞു നിറഞ്ഞു വന്ന കണ്ണുകൾ പുറത്തേയ്ക്ക് പായിച്ചു. അത് മനസിലാക്കി എന്ന പോലെ നാരായണൻ തുടർന്നു.

“ഇപ്പോ എങ്ങോട്ട് പോവുകയ??”

“ലക്ഷ്മിയുടെ ഒരു കൂട്ടുകാരി ഹൈസ്കൂൾ ജംഗ്ഷനിൽ താമസിക്കുന്നുണ്ട്,

അതിന്റെ കൈയ്യിൽ ലക്ഷ്മി ഞങ്ങൾക്ക് വേണ്ടി കുറച്ചു സാധനങ്ങൾ കൊടുത്തു വിട്ടിട്ടുണ്ട് വാങ്ങാൻ പോവുകയ. അപ്പൊ സ്ഥലം എത്തി ഞാൻ ഇറങ്ങട്ടെ.”

നാരായണനോട് യാത്ര പറഞ്ഞു ഇറങ്ങി. വഴിയിൽ കണ്ട ഒരു കുട്ടിയോട് ചോദിച്ചു വീട് മനസിലാക്കി.

ബസ് സ്റ്റോപ്പിൽ തന്നെ ആദ്യ വീട്. കോളിങ് ബെല്ല് അടിച്ചപ്പോൾ ഗാഥയാണ് വാതിൽ തുറന്നത്.

“ആ അങ്കിൾ, വരൂ ലക്ഷ്മി കുറച്ചു മുൻപ് കൂടി വിളിച്ചു ചോദിച്ചിരുന്നു അച്ഛൻ എത്തിയോ എന്ന്.”

ഒരു ചിരി സമ്മാനമായി നൽകി അകത്തേയ്ക്ക് കടന്നിരുന്നു.

“അങ്കിന് എന്താ കുടിക്കാൻ ചായയോ കാപ്പിയോ അല്ലെങ്കിൽ മറ്റെന്തെങ്കിലും .”

“എനിക്ക് ഒരു ഗ്ലാസ് പച്ചവെള്ളം മതി മറ്റൊന്നും ഞാൻ കുടിക്കില്ല അതാ ശീലം.”

ഞങ്ങളുടെ സംഭാഷണത്തിന് ഇടയിൽ കടന്നു വന്നയാളെ ഗാഥ പരിചയപ്പെടുത്തി.

“ഇതാണ് സ്വരൂപ് എന്റെ ഹസ്ബൻഡ്, എന്റെ മോളും അമ്മയും അടുത്തുള്ള ഒരു ക്ഷേത്രത്തിൽ തൊഴാൻ പോയിരിക്കുകയാണ്.”

ഇത്രയും പറഞ്ഞു ഗാഥ അകത്തേയ്ക്ക് പോയി.

“മോൻ അവിടെ ആദിയുടെ കൂടെ ആണോ??”

“അതെ അങ്കിൾ ഞാനും ആദിയും ഒരുമിച്ചാണ്, അതുപോലെ ഗാഥയും ലക്ഷ്മി ഒരുമിച്ചാണ്.”

ഗാഥ കൊണ്ട് വന്ന വെള്ളം ആർത്തിയോടെ കുടിച്ചു.

“അപ്പൊ ഞാൻ ഇറങ്ങട്ടെ മോളെ.”

“അതെങ്ങനെയ ഒന്നും കഴിക്കാതെ.”

“ഇപ്പോ ഒരു ബസ് ഉണ്ട് അതിൽ വീട്ടിനു മുന്നിൽ ഇറങ്ങാൻ കഴിയും കല്യാണി കാത്തിരിക്കുകയാവും ചെന്നിട്ട് ഒരുമിച്ചു കഴിക്കാൻ. ഞാൻ ചെന്നിട്ടേ അവൾ കഴിക്കൂ.”

ഞാൻ പറഞ്ഞു കേട്ട് ഗാഥ അകത്തുപോയി രണ്ടു കവറുമായി വന്നു. എന്റെ കൈകളിൽ ഏല്പിച്ചു.

“ഞാൻ ഇറങ്ങുന്നു. മോള് ഇനി അവളെ കാണുമ്പോൾ അവളോട് ഒന്ന് ചോദിക്കണം നാട് മടുത്തോ എന്ന്.”

വികാരങ്ങളെ നിയന്ത്രിക്കാൻ കണ്ണ് തന്നെ കണ്ടെത്തിയ മായവലയം മറ്റൊന്നും പറയാൻ എന്നെ അനുവദിച്ചില്ല.

അവരോട് യാത്ര പറഞ്ഞിറങ്ങുമ്പോൾ ഫോൺ ബെൽ അടിച്ചു. മറുത്തലയ്ക്കൽ കല്യാണി.

“അതെ പായസത്തിന് മധുരം അല്പം കൂടി പോയി.”

“അതിനെന്താ എനിക്ക് വയസ്സ് എഴുപത് ആയെങ്കിലും ഇന്നും നമുക്ക് വയസ്സ് മധുര പതിനേഴ് അല്ലേ. അതല്ലേ ഇന്നും ആരുടെയും തുണയില്ലാതെ ജീവിക്കുന്നത്.”

ഒരു തേങ്ങൽ മറുവശത്ത് കേട്ട് തുടങ്ങി. അതൊരു പൊട്ടി കരച്ചിൽ ആകും മുൻപേ ഫോൺ കട്ട് ചെയ്തു. അപ്പോഴാണ് ഫോണിലെ മെസ്സേജ് കണ്ടത്.

Message from Lekshmi…

“ഹാപ്പി ഫാദേഴ്സ് ഡേ.”

ഭാഗ്യം എന്റെ പിറന്നാൾ ഓർത്തില്ലെങ്കിലും മക്കൾ മറന്ന അച്ഛനമ്മമാരെ ഓർക്കാനുള്ള ദിവസമെങ്കിലും

തന്റെ മകൾ ഓർക്കുന്നുണ്ടല്ലോ എന്ന സന്തോഷത്തിൽ ബസ്സിൽ കയറി വീട്ടിലേയ്ക്ക് തിരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *