വരുന്ന ഞായറാഴ്ച എന്റെ വിവാഹമാണ്, ഇനിയിങ്ങോട്ടൊരു വരവില്ല..

വെള്ളക്കൽ മൂക്കുത്തി
(രചന: അഭിരാമി അഭി)

“സ്സ്…… ”

“നൊന്തോ പെണ്ണേ…. ”

തന്റെ നെഞ്ചോടൊട്ടിയിരുന്നവളുടെ മുഖത്തേക്ക് തെല്ലൊന്ന് കുനിഞ്ഞാ വെള്ളക്കൽ മൂക്കുത്തിയിൽ പതിയെ ഒന്ന് കടിച്ച് നൊമ്പരത്താൽ എരിവ് വലിച്ചവളുടെ മുഖത്തേക്ക് നോക്കിയൊരു കുസൃതിച്ചിരിയോടെ വസുദേവ് ചോദിച്ചു.

അപ്പോഴേക്കും ഗൗരവത്തിന്റെ മൂടുപടമഴിച്ചിട്ടുകൊണ്ടവളും ചിരിച്ചുപോയിരുന്നു. നിലാവിന്റെ ശോഭയുള്ള വിടർന്ന പുഞ്ചിരി.

പക്ഷേ അതിനും മുകളിലായ് അവന്റെ കണ്ണുകളുടക്കി നിന്നത് അവളുടെ ഇടതുമൂക്കിൽ പതിഞ്ഞിരുന്ന ആ വെള്ളക്കൽ മൂക്കുത്തിയായിരുന്നു.

“എന്തേ വീണ്ടുമൊരു കള്ളത്തരം?”

അവന്റെ നോട്ടത്തിൽ ഉരുകിയൊലിച്ചുവെങ്കിലും സംയമനം പാലിച്ചുകൊണ്ട് തന്റെ നീളൻ മിഴികൾ കൂർപ്പിച്ച് അവൾ ചോദിച്ചു.

“ഒരുകള്ളത്തരവുമില്ല പെണ്ണേ….. ഒന്നരവർഷത്തേ ബന്ധം നമുക്കിടയിലുണ്ടെങ്കിലും നിന്നോടുള്ളതിലും കൊതിയാണെനിക്ക് നിന്റെയീ വെള്ളക്കൽ മൂക്കുത്തിയോട്….. ”

ഒരിക്കൽ കൂടിയാ ചെറുലോഹത്തിലേക്ക് അമർത്തി ചുംബിച്ചുകൊണ്ട് അവൻ പറയുമ്പോൾ പൊട്ടിച്ചിരിച്ചുപോയവൾ.

“നിനക്ക് ഭ്രാന്താണ് ദേവ് ….. ”

മുറിയിലാകെ നിറഞ്ഞ ചിരിയലകൾക്കിടയിലും അവളുടെയാ വാക്കുകൾ അവിടമാകെ പ്രതിധ്വനിച്ചു.

“അതേ ധന എനിക്ക് ഭ്രാന്താണ്….. ആ ഭ്രാന്താണ് നീ….. പക്ഷേ നിന്നിലുമൊരുപടി മുകളിലാണ് എനിക്കിതിനോടുള്ള ഭ്രാന്ത്. ”

പറഞ്ഞുകൊണ്ടവളുടെ ന ഗ്ന ത യെ പൊതിഞ്ഞിരുന്ന കമ്പിളി വലിച്ചുമാറ്റിയൊരിക്കൽ കൂടിയവളിലേക്ക് പടർന്നുകയറുമ്പോൾ അവന്റെ നോട്ടത്തിലെങ്ങുമാ മൂക്കുത്തിയുണ്ടായിരുന്നില്ല.

പകരം അവളിലെ പെ ണ്മ യുടെ ഉയർച്ച താഴ്ചകൾ മാത്രമായിരുന്നു അവനപ്പോൾ കണ്ടത്.

ഒരിക്കൽ കൂടിയവന്റെ ഭ്രാന്തമായ പ്രണയത്തേയറിഞ്ഞ ശേഷം എപ്പോഴോ പൂട്ടിയ മിഴികൾ തുറക്കുമ്പോഴേക്കും നിർവൃതിയോടൊരു നിദ്രയെ പുൽകിയിരുന്നു അവൻ.

നേർത്ത ചൂടുവെള്ളത്തിലൊരു കുളിയൊക്കെ കഴിഞ്ഞ് അവനേറ്റവും പ്രിയമുള്ള കറുത്ത കോട്ടൺ സാരിയുടുത്തൊരുകപ്പ് തിളച്ച കാപ്പിയുമായി

ബാൽക്കണിയിലേക്ക് വരുമ്പോൾ മൂ ന്നാറിന്റെ സ്ഥിരം കാഴ്ചയായ കോടമഞ്ഞ് മണ്ണിനെ പുൽകിയിരുന്നു.

ഒപ്പം ജലാംശം നിറഞ്ഞിരുന്നൊരു നേർത്ത കാറ്റും വീശിയടിച്ചുകൊണ്ടിരുന്നു.

അതിലവളുടെ ചെമ്പിച്ച മുടിയിഴകൾ പാറിപ്പറന്നു. ഇറക്കിവെട്ടിയ ബ്ലൗസിന്റെ കഴുത്തിന് മുകളിലെ ന ഗ്ന ത യിലേക്ക് തണുപ്പ് തുളഞ്ഞിറങ്ങിയപ്പോൾ

പിന്നിലേക്കൂർന്ന് കിടന്നിരുന്ന സാരിത്തുമ്പ് പിടിച്ച് പുതച്ചുകൊണ്ട് കാപ്പിക്കപ്പൊന്ന് ചുണ്ടോട് ചേർത്തവൾ.

ഒന്നരവർഷം മുൻപ് നേരം വൈകിയുള്ളൊരു ബസ് യാത്രയിൽ വച്ചായിരുന്നു വസുദേവിനെ പരിചയപ്പെടുന്നത്. ഒരേസീറ്റിൽ ഞെരുങ്ങിയിരുന്നുള്ള യാത്രയിലെപ്പോഴോ വാക്കുകൾ കൂട്ടിമുട്ടി തുടക്കമിട്ട ബന്ധം.

ആദ്യം കാണുന്നതിന്റെ ജാള്യതയില്ലാതെ സംസാരിക്കുന്ന മനോഹരമായി പൊട്ടിച്ചിരിക്കുന്ന ഇടയ്ക്കിടെ തന്റെ മൂക്കിലെ മൂക്കുത്തിയിലേക്കുറ്റു നോക്കി

എന്നൊ നഷ്ടമായ മാതൃവാത്സല്യമയവിറക്കുന്നവന് മുന്നിൽ ഹൃദയവാതിൽ തുറക്കാൻ തനിക്കധികസമയം ആവശ്യമുണ്ടായിരുന്നില്ല.

പക്ഷേ അവന്റെ വാക്കുകളിൽ മുഴുവനും നിറഞ്ഞുനിന്നിരുന്നത് ജേർണലിസവും വി പ്ല വവും ഒക്കെയായിരുന്നു. അല്ലെങ്കിലും വസുദേവിനെപ്പോലെ പ്രഗത്ഭനായ ഒരു ജേ ർ ണലിസ്റ്റ് മറ്റെന്തിനെപ്പറ്റി സംസാരിക്കാൻ?

യാത്രകളിൽ കിട്ടുന്ന ബന്ധങ്ങളുടെ ആയുസ് തനിക്കിറങ്ങേണ്ട സ്റ്റോപ്പ്‌ വരെയെന്നാണ് വയ്പ്പെങ്കിലും അവനോടുള്ള ബന്ധം അങ്ങനെ അവസാനിക്കുന്നതായിരുന്നില്ല.

ഇടയ്ക്കൊക്കെ ജോലിയുടെ ആവശ്യത്തിനായി മൂ ന്നാ റിലെത്തുമ്പോഴൊക്കെ ഒരു ടേബിളിനപ്പുറവുമിപ്പുറവുമിരുന്നുള്ള സൗഹൃദം പുതുക്കലുകളിൽ നിന്നും പതിയെപ്പതിയെ ഈ മലമുകളിലെ ഒറ്റപ്പെട്ട വീടിന്റെ അകത്തളങ്ങളിലേക്കും നീണ്ടത് വളരെ വേഗത്തിലായിരുന്നു.

എന്തെങ്കിലും ആവശ്യങ്ങൾക്കായി വരുമ്പോഴൊക്കെ ഒന്നിച്ചന്തിയുറങ്ങിയ ശേഷമെപ്പോഴോ ആണെന്ന് തോന്നുന്നു അവന്റെ ആവശ്യമീ ധനയിലേക്ക് മാത്രമായൊതുങ്ങിതുടങ്ങിയത്.

അവൻ മാത്രമല്ല താനുമാ വരവ് ഒരുപാട് മോഹിച്ചിരുന്നുവല്ലോ.

ഏതൊക്കെ ലോകം ചുറ്റിക്കറങ്ങിയാലും ഒടുവിലീ ധനയിലേക്ക് തന്നെയവൻ വന്നടിയുമെന്ന പ്രതീക്ഷയിലൊരു നേർത്ത പുഞ്ചിരിയോടെത്രയോ ദിനങ്ങളീ വഴിനോക്കിയിരുന്നിരിക്കുന്നു.

ഒരുതരം ല ഹരിയായിരുന്നു അവനോട്….. അവനിലേ ഭ്രാന്തമായ പ്രണയത്തോട്….. എന്തിനേറെപ്പറയുന്നു ആ ശ്വാസമലിഞ്ഞുചേർന്ന അവൻ വലിച്ചുതള്ളിയ പു കച്ചുരുളുകളോട് പോലും…..

പക്ഷേ ഒരിക്കൽ പോലും പരസ്പരം പ്രണയമാണെന്ന് പറഞ്ഞിരുന്നില്ല. അല്ലെങ്കിൽ തന്നെ ഇനിയെന്താണ് പറയുവാനുള്ളത്?

കറുപ്പുടുത്ത് അഴിഞ്ഞുലഞ്ഞ മുടിയോടെ ഇരുളിലും തിളങ്ങുന്ന വെള്ളക്കൽ മൂക്കുത്തിയുള്ള നിന്നോടെനിക്ക് വല്ലാത്ത കൊതിയാണ് ധന….

എന്ന അവന്റെ വാക്കുകളിൽ പ്രണയമായിരുന്നില്ലേ? ഈ വീടിന്റെ കൽച്ചുവരുകൾക്കുള്ളിലെ ഒറ്റപ്പെടൽ ശ്വാസം മുട്ടിച്ചപ്പോഴൊക്കെ അവന്റെ നെഞ്ചിടിപ്പിന്റെ താളം കൊതിച്ച ഈ ധനയിലും പ്രണയമായിരുന്നില്ലേ…..

“ധനാ….”

അകത്തുനിന്നും മുഴങ്ങിയ ഉറക്കപ്പിച്ചിലുള്ള വസുദേവിന്റെ വിളി കേട്ടാണ് ഓർമ്മകളുടെ ചരട് പൊട്ടിച്ചുകൊണ്ട് വർത്തമാനത്തിലേക്കവളിറങ്ങി വന്നത്.

ഒരു നേർത്ത പുഞ്ചിരിയോടെ വേഗത്തിലവൾ ബാൽക്കണി കടന്ന് മുറിയിലേക്ക് ചെന്നു.

“ഉണർന്നോ ? ”

അകത്തേക്ക് വന്നവളുടെ ചോദ്യത്തിന് മറുപടിയൊരു മൂളലിലൊതുക്കിക്കൊണ്ട്‌ ഒരു സി ഗ രറ്റെടുത്ത് ചുണ്ടിനിടയിൽ തിരുകിയതിലേക്ക് തീ പിടിപ്പിച്ചിരുന്നു അവനപ്പോൾ.

അരയൊപ്പം മൂടിയ പുതപ്പിനുള്ളിലിരുന്നുകൊണ്ടുള്ള അവന്റെ ചെയ്തികളൊക്കെ നോക്കിയൊരുനിമിഷം നിന്നിട്ട് അവളും പതിയെ അവനരികിലേക്കിരുന്നുകൊണ്ട് ആ തോളിലേക്ക് കവിൾ ചേർത്തു.

“എന്താ ഒരാലോചന ??? ”

കുറച്ചുസമയം കഴിഞ്ഞിട്ടും അവനതേയിരുപ്പ് തുടരുന്നത് കണ്ട് അവൾ പതിയെ ചോദിച്ചു.

“ഞാൻ നമ്മളാദ്യം കണ്ടത് മുതൽ ഇതുവരെയുള്ള കാര്യങ്ങൾ വെറുതെയൊന്നോർക്കുകയായിരുന്നു. ”

“ഇപ്പൊ എന്തുപറ്റി അങ്ങനെയൊരാലോചന വരാൻ ??? ”

“ഏയ്….. ഇത് നമ്മുടെ അവസാനകൂടികാഴ്ചയാണല്ലോ എന്നോർത്തപ്പോൾ വെറുതെ ഒന്നോർത്തുപോയി….. ”

“എന്….എന്താ പറഞ്ഞത് ???? ”

നെഞ്ചാങ്കൂട്ടിലൊരു വെള്ളിടി വെട്ടി പതറിപ്പോയ സ്വരത്തിൽ വേപദുവോടെ ചോദിക്കുമ്പോൾ അവളുടെ മിഴികൾ പെയ്യാൻ വെമ്പൽ പൂണ്ടുനിൽക്കുകയായിരുന്നു.

“അതേ ധനാ….. ഞാൻ പറയാൻ വിട്ടുപോയി. വരുന്ന ഞായറാഴ്ച എന്റെ വിവാഹമാണ്…. ഇനിയിങ്ങോട്ടൊരു വരവില്ല….. എന്നേ മാത്രം പ്രതീക്ഷിക്കുന്നൊരു പെണ്ണിന്റെ കണ്ണ് നിറയാൻ ഞാനൊരു കാരണമാവരുതല്ലോ ….. ”

ചുണ്ടിലെ കത്തിത്തീരാറായ സി ഗ രറ്റാഞ്ഞ് വലിച്ചുകൊണ്ട് പറയുന്നവനെ ആദ്യം കാണുന്നത് പോലവൾ നോക്കി.

“അപ്പോൾ….. അപ്പോഴെന്നിൽ നിന്നുമീ ഒഴുകിയിറങ്ങുന്ന കണ്ണുനീരിനാരാണ് ദേവ് കാരണം ? ”

ചോദിച്ചത് മനസ്സിലായിരുന്നുവെങ്കിലും അവളുടെ മിഴികളപ്പോഴേക്കും വാർന്നൊഴുകിയിരുന്നു….. പക്ഷേ അതവന്റെ കണ്ണിൽ പെടും മുൻപ് തന്നെ കൈവെള്ളയാലവൾ തുടച്ചുനീക്കി.

എന്തോ അവനോട് ചേർന്നിരിക്കുമ്പോൾ ശരീരം പൊള്ളുന്നത് പോലെ തോന്നിയ അവൾ വേഗമെണീറ്റ് ജനലോരത്തേക്ക് മാറിനിന്നു.

തളർന്നുവീണുപോകുമോ എന്ന തോന്നലിൽ അവളുടെ വിരലുകൾ തണുത്തുറഞ്ഞ ജനൽ കമ്പികളിൽ മുറുകി.

പുറത്ത് പടർന്നിരുന്ന കോടമഞ്ഞുപോലെ തന്നെ പുകയുകയാണ് തന്റെ ഉള്ളുമെന്നവൾക്ക് തോന്നി.

ഹൃദയമീർന്നുമുറിഞ്ഞ് ര ക്തം വാർന്നു. അപ്പോഴും അവന്റെ വാക്കുകളവളുടെ ഉള്ളിൽ പുച്ഛം നിറച്ചുകൊണ്ടിരുന്നു…. തന്നോട് തന്നെയുള്ള പുച്ഛം.

മറ്റൊരുവൾക്ക് സ്വന്തമാകാൻ വെറും നാലുദിവസങ്ങൾ മാത്രം ബാക്കി നിൽക്കേയും തന്നിലെ പെണ്മയെ ഞെരിച്ചുടയ്ക്കാനവനെ അനുവദിച്ചുവെന്നോർക്കെ തന്നിലെ പെണ്ണിനോട്‌ തന്നെയുള്ള പുച്ഛം…..

“എന്നേ മാത്രം പ്രതീക്ഷിക്കുന്നൊരു പെണ്ണിന്റെ കണ്ണ് നിറയാൻ ഞാനൊരു കാരണമാവരുതല്ലോ ….. ”

ആ വാക്കുകൾ ഹൃദയത്തെ കീറിമുറിച്ചുവെങ്കിലും എന്തിനോടോ ആരോടോ ഉള്ള വാശിപോലെ നെഞ്ചുപൊട്ടുന്ന നൊമ്പരം ഉള്ളിലെവിടെയോ കുഴിച്ചുമൂടി അവളൊരു പുഞ്ചിരിയെടുത്തണിഞ്ഞു.

“അതേ ഒരു പെണ്ണിന്റെ കണ്ണീരിനും നീ കാരണമാവരുത് വസു….”

പുച്ഛം നിറഞ്ഞൊരു പുഞ്ചിരിയോടെ അവൾ പറഞ്ഞുവെങ്കിലും അത് ശ്രദ്ധിക്കാതെ വേഷം മാറാൻ തുടങ്ങിയിരുന്നു അവൻ.

“ഇന്നുതന്നെ പോവാണോ ? ”

“പോണം ധനാ…. വിവാഹത്തിനിനി നാല് ദിവസം കൂടിയേ ബാക്കിയുള്ളൂ. എല്ലാത്തിനും ഓടിനടക്കാൻ ഞാൻ മാത്രമല്ലേയുള്ളൂ…..എന്തോ നിന്നോടൊന്ന് പറഞ്ഞിട്ട് പോണമെന്ന് തോന്നി അതിന് മാത്രാ ഈ തിരക്കിനിടയിലും ഞാനോടിവന്നത്…. ”

റെഡിയായി കണ്ണാടിയിൽ നോക്കി നിന്ന് മുടി ചീകുന്നതിനിടയിൽ പറഞ്ഞവനെ നോക്കി അവൾ മൗനമായി നിന്നു.

“താങ്ക്സ് ധനാ എനിക്ക് നൽകിയ ഒരുപാട് നല്ല രാത്രികൾക്ക്…..ഇനി…. ഇനിയൊരു മടങ്ങിവരവില്ല ഇങ്ങോട്ട്…. ”

അവസാനമായി ഒരിക്കൽ കൂടി വെറുമൊരു പ്രതിമ പോലെ നിന്നിരുന്നവളെ ചേർത്തുപിടിച്ച് എന്നും അവന് പ്രിയമായിരുന്ന ആ വെള്ളക്കൽമൂക്കുത്തിയിൽ അമർത്തി ചുംബിച്ചുകൊണ്ട്

അവൻ പറയുമ്പോൾ അറപ്പോടെ മിഴികളടച്ചുപോയെങ്കിലും ഒരു വിരൽത്തുമ്പാൽ പോലുമൊന്നെതെർക്കാനവൾ മുതിർന്നിരുന്നില്ല.

അവനിൽ നിന്നുമകന്ന് മാറിയാ മുഖത്തേക്ക് നോക്കി നിൽക്കുമ്പോൾ വല്ലാത്തൊരു വാശിയോടെ ഒരു പുഞ്ചിരിയവളിൽ ഇടംപിടിച്ചിരുന്നു.

ഒരിക്കൽ കൂടിയവളെ നോക്കി എന്നുമവളെ ഭ്രമിപ്പിച്ചിരുന്ന അതേ മനോഹരമായ പുഞ്ചിരി സമ്മാനിച്ചുകൊണ്ട് അവൻ ധൃതിയിൽ മുറിയിൽ നിന്നിറങ്ങിപ്പോയതും

അതുവരെ കൂട്ടിവച്ചിരുന്ന ധൈര്യമൊന്നാകെ ചോർന്നുപോയി വെറുമൊരു പഴന്തുണിക്കെട്ട് പോലെ അവളൂർന്ന് നിലത്തേക്കിരുന്നു.

“അപ്പോൾ നിന്നോട്… നിന്നോടവനെന്തായിരുന്നു ധനാ ഉണ്ടായിരുന്നത്? നിന്റെയീ വെള്ളക്കൽ മൂക്കുത്തിയോടെന്തായിരുന്നു? നിന്നോടുണ്ടെന്ന് പറഞ്ഞ കൊതിയെന്തായിരുന്നു?”

അങ്ങനെയൊരായിരം ചോദ്യങ്ങളുണ്ടായിരുന്നു അവൾക്കപ്പോൾ സ്വന്തം മനസാക്ഷിയോട്.

ഉത്തരം കിട്ടില്ലെന്നറിഞ്ഞിട്ടും അവയോരോന്നുമെണ്ണിയെണ്ണി ചോദിക്കുമ്പോൾ അവളുടെ ഇരുമിഴികളും ഭ്രാന്തമായി ചോർന്നൊലിച്ചുകൊണ്ടിരുന്നു.

എങ്ങനെയൊക്കെയോ നാലുദിവസങ്ങൾ തള്ളിനീക്കി വസുദേവ് വാങ്ങിക്കൊടുത്ത സാരിയുടുത്ത് മുടിയിൽ മുല്ലമാല ചൂടി അവന്റെ വിവാഹത്തിന് പോകാനൊരുങ്ങിയിറങ്ങുമ്പോൾ എന്തിനാണ് തന്റെ പുറപ്പാടെന്ന് അവൾക്ക് പോലുമറിയില്ലായിരുന്നു.

മണിക്കൂറുകൾ നീണ്ട യാത്രയുടെതോ തനിക്ക് മാത്രം സ്വന്തമായിരുന്നത് ഇനി നിമിഷങ്ങൾക്കുള്ളിൽ മറ്റൊരുവൾക്ക് സ്വന്തമാകുമെന്ന ചിന്തയുടേതോ എന്തോ വിവാഹമണ്ഡപത്തിലെത്തുമ്പോഴേക്കുംഅവൾ നന്നേ തളർന്നുപോയിരുന്നു.

മേളങ്ങൾക്കും ആളുകളുടെ ബഹളങ്ങൾക്കുമിടയിലൂടെ നടന്നുചെന്ന് ഒഴിഞ്ഞൊരു കസേരയിലിരുന്ന് കഴിഞ്ഞപ്പോഴായിരുന്നു മണ്ഡപത്തിൽ നിന്നും തന്നിലേക്ക് മാത്രം ചൂണ്ടപ്പെട്ടിരുന്ന ആ മിഴികളവളുടെ ശ്രദ്ധയിൽ പെട്ടത്.

“വസുദേവ്….”

അറിയാതെ മന്ത്രിച്ചുപോയ അധരങ്ങളിലൊരു പുഞ്ചിരി വരുത്തി അവനേ നോക്കുമ്പോൾ ആ മിഴികളിലെവിടെയോ ഒരു നഷ്ടബോധമായിരുന്നു നിറഞ്ഞിരുന്നത്.

ഇന്നലെ വരെ ഇല്ലായിരുന്ന ഒരു നൊമ്പരം ആ മുഖത്ത് ഓളം വെട്ടിയിരുന്നു അപ്പോൾ. മറുത്തൊരു പുഞ്ചിരിപോലും നൽകാതെ അവനപ്പോൾ ആ പെണ്ണിനെ നോക്കിക്കാണുകയായിരുന്നു.

ദിവസങ്ങൾ കൊണ്ട്തന്നെ അവൾ വല്ലാതെ മെലിഞ്ഞുണങ്ങിയിരുന്നു. പണ്ടെങ്ങോ താനണിയിച്ച ചെയിൻ ചുറ്റിപ്പിണഞ്ഞുകിടന്നിരുന്ന ആ കഴുത്തിൽ എല്ലുകൾ തെളിഞ്ഞിരുന്നു.

താനിണയാക്കിയിരുന്ന ആ അധരങ്ങൾ വരണ്ടുണങ്ങിയിരിക്കുന്നു. മിഴികൾക്ക് ചുറ്റും ഇരുളിമ ബാധിച്ചിരുന്നു.

എങ്കിലും തളർന്നതെങ്കിലുമൊരു പുഞ്ചിരിയവളിൽ വിടർന്ന് നിന്നിരുന്നു. തന്നെയേറെ മോഹിപ്പിച്ചിരുന്ന ആ വെള്ളക്കൽ മൂക്കുത്തിയണിഞ്ഞ പെണ്ണിനെ കാണുംതോറും ഉള്ളിലെവിടെയോ ഒരു കൊളുത്തിവലി തോന്നുന്നതവനറിഞ്ഞു.

നിമിഷങ്ങൾ കൊഴിയവേ വാമഭാഗത്ത് മറ്റൊരുവൾ വന്നിരുന്നതും മേളങ്ങൾ മുറുകിയതുമറിഞ്ഞെങ്കിലും ആളുകൾക്കിടയിലൊരു കാഴ്ചക്കാരിയായുണ്ടായിരുന്നവളിൽ നിന്നും കണ്ണുകളെ പിൻവലിക്കാനാവുന്നുണ്ടായിരുന്നില്ല വസുദേവിന്.

മുഹൂർത്തമടുക്കും തോറും ഉയർന്ന വാദ്യമേളങ്ങൾക്കും മുകളിൽ മുറുകിയിരുന്നു പരസ്പരം മിഴികൾ കോർത്തിരുന്ന ആ ഇരുഹൃദയങ്ങളുടെയും.

ഒടുവിലെപ്പോഴോ ആരോ എടുത്തുനൽകിയ മഞ്ഞച്ചരടിൽ കൊരുത്ത ലോഹക്കഷ്ണമരികിലിരുന്ന പെണ്ണിലവൻ ചാർത്തുമ്പോൾ മറ്റൊരുവളുടെ ഹൃദയമുരുകിയൊലിക്കുകയായിരുന്നു.

അവന്റെ വിരലുകൾ മറ്റൊരുവളുടെ നെറുകയിൽ ചുവപ്പ് പടർത്തുന്നത് കൂടി കണ്ടിരിക്കാനാവാതെ ഇരിപ്പിടം വിട്ടെണീക്കുമ്പോൾ അവളുടെ ചുവടുകൾ ഇടറിയിരുന്നു.

കുങ്കുമം പടർന്ന അവന്റെ വിരലുകളും ആ നിമിഷമൊന്ന് വിറപൂണ്ടിരുന്നു…. അവളെയൊന്ന് താങ്ങിപ്പിടിക്കാൻ പോലും കഴിയാതെ അവന്റെ ഉള്ളം പിടഞ്ഞുകൊണ്ടിരുന്നു.

അതൊന്നുമറിയാതെ തന്റെ വിധിയെ പഴിച്ചുകൊണ്ട് പുറത്തേക്ക് നടക്കുമ്പോൾ അവളുടെ കണ്ണീരിനും മുകളിൽ ആ വെള്ളക്കൽ മൂക്കുത്തി വെട്ടിത്തിളങ്ങിയിരുന്നു….

Leave a Reply

Your email address will not be published. Required fields are marked *