പതിവിൽ വിപരീതമായി പിങ്കിയെ അടുക്കളയിൽ കണ്ട അടുക്കള നിവാസികൾ..

കുക്കറി ഷോ
(രചന: Jinitha Carmel Thomas)

പതിവിൽ വിപരീതമായി പിങ്കിയെ അടുക്കളയിൽ കണ്ട അടുക്കള നിവാസികൾ ഞെട്ടി.. ഇന്ന് എന്താണാവോ ഇതിന്റെ ചകിരിച്ചോർ തലയിൽ എന്നവർ പരസ്പരം ചോദിച്ചു..

പിങ്കി അഹങ്കാരം തെല്ലുമില്ലാതെ അമ്മ കഴുകി വച്ചിരിക്കുന്ന പത്രങ്ങൾക്ക് അരികിലേക്ക് ചെന്നു..

പിങ്കിയെ കണ്ട ഉരളി ഞെട്ടി.. മുൻപൊരിക്കൽ മുളക് പായസം എന്ന പേരിൽ അമ്മ തയ്യാറാക്കി വച്ചിരുന്ന പായസത്തിൽ കടുക് താളിച്ചു ചേർത്ത കാര്യം ഓർത്തപ്പോൾ തന്നെ ഉരളി വിരളി പിടിച്ചു ഓടാൻ തയ്യാറായി..

ഇതൊന്നും തന്നെ ബാധിക്കുന്നതല്ല എന്നമട്ടിൽ പിങ്കി സാവകാശം കുക്കറിനടുത്തു ചെന്നു..

3 ലിറ്റർ കുക്കർ ഞെട്ടി കണ്ണുതള്ളി.. കഴിഞ്ഞ ക്രിസ്തുമസിന് 2 കിലോ അരി കുത്തിനിറച്ച ശേഷം വെള്ളം ഒഴിക്കാൻ സ്ഥലം ഇല്ലന്ന് പറഞ്ഞു തന്നെ എടുത്തെറിഞ്ഞ സീൻ കുക്കർ മനസിൽ കണ്ടു..

അന്നത്തെ അവസ്‌ഥ കണ്ടിരുന്ന ചട്ടുകം സഹതാപത്തോടെ ചെവി മുറിഞ്ഞ 3 ലിറ്റർ കുക്കറിനെ നോക്കി മന്ദഹസിച്ചു..

ഭാഗ്യം.. ഇന്നത്തെ ലോട്ടറി അടിച്ചിരിക്കുന്നത് ഒരേയൊരു 5 ലിറ്റർ കുക്കറിന്..

“ഇവളിന്ന് എന്തിനുള്ള പുറപ്പാടാണോ ന്റെ അടുക്കള മുത്തപ്പാ.. അംഗവൈകല്യം ഉണ്ടായാലും ജീവൻ തന്നെക്കണേ മുത്തപ്പാ……”

ദയനീയമായി കുക്കർ നിലവിളിച്ചു.

കുക്കർ കഴുകി വച്ചതിനു ശേഷം പിങ്കി ഫ്രിഡ്ജിനരുകിൽ ചെന്നു..

ഫ്രിഡ്ജ്: “പുതിയ ഫ്രിഡ്‌ജ്‌ വാങ്ങാൻ ഈ കൊ റോണകാലം വീട്ടുകാർ പോകേണ്ടി വരും..”

ഇതൊന്നും ശ്രദ്ധിക്കാതെ, നല്ലൂട്ടിയായി പിങ്കി ഫ്രിഡ്ജ് തുറന്നു.. ഒരു ലിറ്റർ കുപ്പിയിൽ നിറച്ചു വച്ചിരുന്ന ശുദ്ധമായ പശുവിൻ പാൽ എടുത്തു..

അതു ഭംഗിയായി കുക്കറിൽ ഒഴിച്ചു.. കുക്കർ നിറഞ്ഞില്ല എന്ന സങ്കടം തോന്നിയ പിങ്കി വെള്ളം കൂടി ചേർത്തു കുക്കർ ഏതാണ്ട് മുക്കാൽ ഭാഗവും നിറച്ചു..

കുക്കർ: “ഇന്ന് എന്തു പരീക്ഷണം ആണ് മുത്തപ്പാ?? അടുക്കള കൂട്ടുകാരെ, എന്നെ കാണേണ്ടവർ അവസാനമായി കണ്ടോളൂ..”

പിങ്കി ഇതൊന്നും ശ്രദ്ധിക്കുന്നില്ല.. അവൾ ചാടിതുള്ളി അലമാര തുറന്ന് പഞ്ചസാര ബോട്ടിൽ എടുത്തു..

പഞ്ചസാര ബോട്ടിൽ:- “എന്നെ വിടെടീ.. ഇതിന്റെ തലയിൽ ആരെങ്കിലും രണ്ട്‌ ഇടി കൊടുത്തു എന്നെ രക്ഷിക്കൂ..”

ആര് കേൾക്കാൻ?? കേട്ടാലോ പിങ്കിയിൽ നിന്നും രക്ഷയോ?? നോ നോ നോ..

പിങ്കി കുപ്പി തുറന്നു കണ്ണുരുട്ടി നോക്കി പഞ്ചസാര ആണെന്ന് ഉറപ്പിച്ച ശേഷം, മുഴുവൻ കുക്കറിൽ തട്ടിയിട്ടു.

“വീണ്ടും പായസം?? എന്നെ രക്ഷിക്കണേ..”

കുക്കറിന്റെ നിലവിളി പിങ്കി ശ്രദ്ധിക്കുന്നില്ല..

ഇതൊക്കെ കണ്ടു കറികത്തിയും പേടിച്ചു വിറച്ചു..

“ഇതിനെ ആരെങ്കിലും വേഗം പിടിച്ചിട്ട് പോയാൽ മതിയായിരുന്നു.. അല്ലെങ്കിൽ പുതിയ വീട് വയ്ക്കാൻ ലോൺ അപേക്ഷ ഇന്ന് തന്നെ നൽകേണ്ടി വരും..”

ഒളിച്ചിരുന്ന ചിരവയോട് പപ്പടം കുത്തി പറഞ്ഞു..

പിങ്കി വീണ്ടും അലമാരയിൽ വന്നു തേയില കുപ്പിയുമായി കുക്കറിന് അരികിൽ എത്തി..

പിശുക്ക് ഒന്നും ഇല്ല.. കുക്കറിൽ തേയിൽപൊടിയുടെ ഒരു ലേയർ രൂപം കൊണ്ടു..

കുക്കർ നന്നായി അടച്ചു വെയ്റ്റും ഇട്ടു.. പിങ്കി സംതൃപ്തിയോടെ കുക്കർ ഗ്യാസ് അടുപ്പിൽ വച്ചു. തീ കത്തിച്ചു..

അടുപ്പ് നിലവിളിച്ചു : “ആരെങ്കിലും അഗ്നിശമനസേനയെ വിളിക്കൂ.. ഈ കുരുത്തംകെട്ട പെണ്ണ് ഇന്ന് നശിപ്പിക്കുമെല്ലാം..”

പിങ്കി ചുമരിലെ ക്ലോക്കിൽ സമയം നോക്കി താളംപിടിച്ചു നിൽക്കുന്നു. കുക്കർ ചൂട് പിടിക്കുന്നു..

പിങ്കി സങ്കടത്തോടെ കുക്കറിനെ ഇടയ്ക്ക് നോക്കുന്നുണ്ട്.. എന്താ പ്രശ്നമെന്ന് അടുക്കളനിവാസികൾക്ക് മനസിലായില്ല. തീർത്തും നിരാശയോടെ പിങ്കി അമ്മയെ വിളിച്ചിട്ട് വന്നു..

അമ്മ: “അടുക്കളയിൽ നിനക്ക് എന്താപണി പിങ്കി? കുക്കർ ആരാ ഗ്യാസിൽ വച്ചിരിക്കുന്നേ?”

പിങ്കി: “അമ്മേ ഞാനാ..”

അമ്മ: “നീയോ?? കുക്കറിൽ എന്താ??”

പിങ്കി: ” അമ്മേ, ഞാൻ ചായ ഇടുന്നതാ..”

അമ്മ: “എന്ത്??”

“അമ്മേ, ചായ റെഡി ആകാൻ എത്ര വിസിൽ കേൾക്കണം?? ഇതുവരെ വിസിൽ കേട്ടില്ല..”

ചങ്കടത്തോടെ പിങ്കി പറയവേ അമ്മ ഗ്യാസ് ഓഫ് ചെയ്തശേഷം കയ്യിൽ കിട്ടിയ ചപ്പാത്തി കോലെടുത്തു പിങ്കിക്കിട്ടു ഒരെണ്ണം കൊടുത്തു..

“ചായക്ക് വിസിലോ?? മേലിൽ അടുക്കള ഭാഗത്തു നിന്നെ കണ്ടേക്കരുത്..”

കരഞ്ഞുവിളിച്ചു പിങ്കി അമ്മയ്ക്കൊപ്പം പോകവെ, ചപ്പാത്തികോലിനോട് എല്ലാവരും നന്ദി പറഞ്ഞു പിങ്കിക്കിട്ടു 2 പൊട്ടിച്ചതിനു..

പുറത്തു നിന്ന നായ്ക്കുട്ടി ടോമിയും വാലാട്ടി നന്ദി പ്രകടിപ്പിച്ചു.. മുളക് പായസം കഴിക്കാൻ ഭാഗ്യം കിട്ടിയ ആളാണ് ടോമി…

Leave a Reply

Your email address will not be published. Required fields are marked *