നഷ്ടങ്ങൾ
(രചന: Vijitha Ravi)
മറവി അങ്ങനെയൊന്നുണ്ടോ …
അങ്ങനെയെങ്കിൽ ഹൃദയത്തിൽ എവിടെയാണ് മറവിക്ക് ഒരു സ്ഥാനം നൽകിയിരിക്കുന്നത്…?
എന്നിട്ടും ഹൃദയം പിന്നെയും പിന്നെയും എന്തിനീ മറവിയുടെ തിരശീല നീക്കി എന്നെ വീണ്ടുമെല്ലാം ഓർമപ്പെടുത്തുന്നു..
കാലത്തിന്റെ കുത്തൊഴുക്കിൽ പെട്ട് രാജീവേട്ടന്റെ ഓർമ്മകൾ മാത്രം എന്തെ എന്നിൽ നിന്നും മറവിയായി അകന്നു പോയില്ല …
കാലം മായ്ക്കാത്ത മുറിവുകൾ ഇല്ലെന്നു കേട്ടു വിശ്വസിച്ച ഞാൻ ഒരു മണ്ടിയാണ് ..
കാലത്തിനു പോലും മായ്ച്ചു കളയാൻ കഴിയാത്ത ആ മുറിവുകൾ ഇന്നും എന്നെ കണ്ണുനീരിലാഴ്ത്താറുണ്ട് ..
രാജീവേട്ടനെ ഞാൻ അത്രമേൽ ഇഷ്ടപ്പെട്ടിരുന്നു ..ഓരോ നോക്കിലും ഏട്ടൻ എന്റെ മനസിനെ കീഴ്പെടുത്തുവാൻ തുടങ്ങിയത് എന്നായിരുന്നു ..
എന്നെ കാണാൻ സ്ഥിരമായി ബസ് സ്റ്റോപ്പിൽ വന്നപ്പോളാണോ…
അതോ, തമ്മിൽ കാണാറുള്ള ആ വഴിയോരങ്ങളിൽ വെച്ച് എന്നെ കേൾപ്പിച്ചു കൊണ്ട് തമാശകൾ പറഞ്ഞു കൊണ്ടോ….
ആ മനസ്സിൽ കയറി കൂടിയെന്നു എനിക്ക് അറിയാമായിരുന്നുവെങ്കിലും ആ മുഖത്തേക്ക് ഒരു സെക്കന്റ് നേരം പോലും നോക്കി നിൽക്കുവാൻ എനിക്ക് കഴിഞ്ഞിരുന്നില്ല …
ചിലപ്പോൾ എന്റെ ഇഷ്ടവും ആ നോട്ടത്തിൽ നിന്നും ഏട്ടൻ അറിഞ്ഞുവെങ്കിൽ …..
പേടിയായിരുന്നു ….
അച്ഛൻ ,അമ്മ ,ബന്ധുക്കൾ ,നാട്ടുകാർ ….അങ്ങനെ ഓരോരുത്തരെയും ..
അതുകൊണ്ട് തന്നെ ഇഷ്ടം മറച്ചു വെച്ച് എത്രകാലം ഞാൻ ആ ബസ് സ്റ്റോപ്പിൽ എന്നെ കാത്തു നിൽക്കുന്ന ആ മനുഷ്യനെ നിരാശപെടുത്തിയിട്ടുണ്ട് …
എന്റെ പിന്നാലെ നടന്നു തീർത്ത വഴികളിലെല്ലാം ആ മനുഷ്യന്റെ സ്വപ്നങ്ങളായിരുന്നു ,ഇഷ്ടങ്ങളായിരുന്നു കൊഴിഞ്ഞു പോയത് …
ഓരോ വാക്കുകൾ കൊണ്ടുo എന്റെ ഹൃദയം രാജീവേട്ടനെ അടുപ്പിച്ചുകൊണ്ടിരുന്നു… പക്ഷെ അകലങ്ങളിൽ നിന്നും കൊണ്ടു മാത്രം ഞാൻ ആ മനുഷ്യനെ സ്നേഹിക്കാൻ പഠിച്ചു …
അതായിരുന്നു എനിക്ക് പറ്റിയ തെറ്റ് …. സ്നേഹം അത് ഒരു കുടകീഴിൽ ചേർന്നിരുന്നു ഒരുമിച്ചു അനുഭവിക്കാൻ ഉള്ളതെന്നാണ് അറിയാതെ പോയി ….
എന്നെ കാണുമ്പോൾ കണ്ണുകൾ കൊണ്ടു കഥ പറഞ്ഞിരുന്ന ആ മനുഷ്യൻ ചിലപ്പോഴൊക്കെ കരയുന്നതും എനിക്ക് കാണാൻ കഴിയുമായിരുന്നു..എങ്കിലും കണ്ടിലെന്നു നടിച്ചു ഞാൻ വഴി മാറി പോകും …
എന്റെ പ്രാർത്ഥനകളിൽ എന്നോ ഒരിക്കൽ ഞാൻ ആ പേര് ഉരുവിട്ടു ..” ഈശ്വര ഒരാപത്തും വരുത്തല്ലേ “എന്നു പറഞ്ഞു കൊണ്ടു ഞാൻ വലം വെച്ച് നടന്നു നീങ്ങിയിരുന്ന ക്ഷേത്രമുറ്റങ്ങൾ …
ഇന്ന് ആ കൽപ്പടവുകൾ എനിക്ക് നിഷേധമാണ് ഞാനുമാ ദൈവങ്ങളും തമ്മിൽ കണ്ടിട്ട് ഒരുപാട് ആയി …..
എന്നാണ് എന്റെ ജീവിതം വഴി തെറ്റി സഞ്ചാരിക്കുവാൻ തുടങ്ങിയത് .. എങ്ങോ നിന്നോ വന്ന ഒരു വിവാഹ ആലോചന.. അതിൽ എല്ലാ സ്വപ്‌നങ്ങളും ഒലിച്ചിറങ്ങി പോകുകയാണെന്ന് അറിയാൻ വൈകി..
എല്ലാം ഉറപ്പിക്കുന്ന നേരത്തും സ്വന്തം വിവാഹത്തെ കുറച്ചു എനിക്ക് മാത്രം ഒരു മറുപടിയും ഉണ്ടായിരുന്നില്ല … എല്ലാം വീട്ടുകാർ ആലോചിച്ചു ആ ബന്ധം ഉറപ്പിച്ചു ..
അതറിഞ്ഞു കൊണ്ടു അന്നും എന്നെ തേടി വന്ന ആ മനുഷ്യനെ
ഞാൻ മുഖം കൊടുക്കാതെ മടക്കിയയച്ചു .. ഇഷ്ടം ഉണ്ടായിരുന്നു എന്ന് പറയാൻ എനിക്ക് ആവുന്നില്ല …
എല്ലാം വിധിയെന്നു പറഞ്ഞു കൊണ്ടു കതിർ മണ്ഡപത്തിലേക്ക് കയറുമ്പോൾ കണ്ടു നിന്ന മുഖങ്ങളിൽ എല്ലാം ഞാൻ തിരഞ്ഞതു രാജീവേട്ടനെയായിരുന്നു …
കഴുത്തിൽ താലി വീണപ്പോഴും ഞാൻ തിരഞ്ഞതു രാജീവേട്ടനെയാണ് … ആ മുഖം എന്നിൽ നിന്നും അപ്രതീക്ഷിതമായി കൊണ്ടിരിക്കുന്നുവെന്ന സത്യം മനസിലാക്കാൻ,
അത് ഉൾക്കൊള്ളാൻ എനിക്കായില്ല .. അതുകൊണ്ട് തന്നെ വിവാഹജീവിതം എനിക്ക് ഒരു അഗ്നി പരീക്ഷണമായിരുന്നു ..
ആരുമറിയാതെ എത്രയോ രാത്രികൾ കരഞ്ഞു തീർത്തു ഞാൻ … എന്റെ കണ്ണുനീർ കണ്ടു മടുത്ത രാവ് പോലും എന്നെ കുറ്റപ്പെടുത്തി .. ഇനിയെന്തിനു നീ കരയണം ….?
എല്ലാം നഷ്ടപെടുത്തിയിട്ട് ഇനിയും നിനെക് കരയുവാൻ അവകാശമില്ല …
കണ്ണീരു തുടച്ചു നീ നിന്റെ ഈ ജീവിതം ആസ്വദിച്ചു കൊൾക … ഇനിയുള്ള ജീവിതം അത് ഇതാണ് ,നീ ഉൾകൊൾക …
അന്ന് ഞാൻ കരുതി .മറവി മനുഷ്യനു ഒരു അനുഗ്രഹമാണ് … കാലങ്ങൾ കഴിയുമ്പോൾ ഞാനും മറന്നു തുടങ്ങിയെക്കാo…
ജീവിതം യാത്രികമായി ജീവിക്കാൻ തുടങ്ങി ,അല്ലെങ്കിൽ അതിനുള്ള ശ്രമങ്ങളായിരുന്നു പിന്നീട് അങ്ങോട്ട് …
ഒരു കൂട്ടം മുഖങ്ങളുടെ മുന്നിൽ ചായകൂട്ടുകൾ എല്ലാം പൂശി ചിരിച്ചു നിൽകുമ്പോളും ഉള്ളിൽ നിന്നും നിന്റെ ഓർമ്മകൾ വീണ്ടും വന്നു ആ വർണ്ണങ്ങൾ എല്ലാം മായ്ച്ചു കളയും …
ഓടി ഒളിക്കുന്ന മുറികൾക്കു പോലും എന്റെ കണ്ണുനീർ ശീലമായി മാറി ….
എന്റെ ഇഷ്ടങ്ങൾ, മോഹങ്ങൾ എല്ലാം നീയാണ് …ഇന്നും നിനെക് വേണ്ടിയാണ് ഞാൻ ഈ വീഥിയിൽ വീണ്ടും വരുന്നത് …
നിന്നെ ഒരുനോക്ക് കാണുവാൻ വേണ്ടി മാത്രം .. നിന്റെ അടുത്ത് എത്തിയാൽ ഞാൻ എല്ലാം മറക്കും …..
ഇപ്പൊ ഞാൻ നിന്റെ ഓർമ്മകൾ മറവിയിലേക്ക് തള്ളിവിടാറില്ല .. നിന്റെ മുഖം എന്റെ മനസിൽ പതിഞ്ഞു പോയി ..
മായാത്ത ഓർമ്മകൾ പോലെ മറവിക്കു പിടി കൊടുക്കാതെ എന്നും എന്റെ കൂടെ ഞാൻ ചേർത്തു പിടിക്കുന്നു ..കണ്ണുനീർ എന്നെ വിട്ടുപോയി ..നിന്റെ ഓർമ്മകൾക്ക് മാസ്മരികമായ എന്തോ ഒരു ശക്തിയുണ്ട് ഇപ്പോൾ ..
ആ മായാലോകത്തിലാണ് ഞാൻ ജീവിക്കുന്നത് ..അവിടെ ഞാൻ സന്തോഷവതിയാണ് …നീയും ഞാനും മാത്രം … ,ഈ മണ്ണിൽ എത്തിയാൽ മനസിൽ നിന്റെ ഒരേയൊരു മുഖം മാത്രമേയുള്ളൂ …
പക്ഷെ , വെള്ളപുതച്ച കൊണ്ട് മൂടി കെട്ടിയ ആ മനുഷ്യന്റെ രൂപം …
അതെങ്ങനെ ഞാൻ മറക്കും.. ഒരായിരം വട്ടം ഞെട്ടി പിടഞ്ഞു എഴുനേറ്റു ഞാനാ ദിനമോർക്കും …
അന്ന് , ആ ദിവസം ഞാൻ എങ്ങനെയാണ് നിന്റെയടുത്തു എത്തിയത് എന്നറിയില്ല …
അമ്മയായിരുന്നു ആ വാർത്ത വിളിച്ചു പറഞ്ഞത് … കണ്ണുകളിൽ ഇരുട്ട് കയറി ,കുഴഞ്ഞു വീണുപോകുമാറ് ഞാൻ നിലത്തിരുന്നു .. ആരൊക്കെയോ എന്നെ പിടിച്ചു എഴുന്നേൽപ്പിച്ചു …
ഒരു നോക്ക് കാണുവാൻ ഞാനും വന്നു … അടുത്തേക്ക് എത്തുന്തോറും
എന്റെ കാലുകൾ പിന്നിലേക്കാണ് ചലിച്ചത് .. ..
നീ എന്തിനീ കടുംകൈ ചെയ്തു ,
വിവാഹം കഴിച്ചു കഴിഞ്ഞു സുഖമായി തന്നെയല്ലേ രാജീവേട്ടൻ കഴിഞ്ഞത്… എന്നോട് അങ്ങനെയാണല്ലോ കഴിഞ്ഞ വരവിലും പറഞ്ഞത് …പിന്നെ എന്തുപറ്റി പോയ് ..?
രാജീവേട്ടന്റെ വിവാഹം ,അത് എന്റെ മനസിന് ഒരു സമാദാനമായിരുന്നു …
ഇനിയുള്ള കാലം എനിക്ക് മാറ്റിവെച്ച ഇഷ്ടങ്ങൾ അത് നിറവേറ്റാൻ ഒരാൾ ആ മനുഷ്യനെ തേടിയെത്തിയിരിക്കുന്നു.. അത് എന്റെ മനസിന് ഒരു ആശ്വാസമായിരുന്നു .. എന്നാൽ, ഇതിപ്പോ ….
എന്തുപറ്റി …?
ആരോട് ചോദിക്കും …?
അങ്ങനെ എല്ലാവരും രഹസ്യമായി പറഞ്ഞു ..
ദാമ്പത്യ ജീവിതത്തിലെ സ്വരച്ചേർചയില്ലായമ്മ … വഴക്കുകൾ … അങ്ങനെയോരോ കഥകൾ ..,
കാലമിത്ര കഴിഞ്ഞു പോയിട്ടും ഇപ്പോഴും അറിയില്ല …ആ മനുഷ്യൻ എന്തിന് ആ ത്മ ഹത്യ ചെയ്തുവെന്ന് …
ഒരു പക്ഷെ ആ മനുഷ്യന്റെ ജീവിതത്തിൽ എനിക്ക് ഒരു സ്ഥാനം കിട്ടിയിരുന്നെങ്കിൽ ഇങ്ങനെയൊന്നും സംഭവിക്കില്ലയിരുന്നു …
അറിയില്ല , എന്റെ ചോദ്യങ്ങൾ എല്ലാം ഈ മണ്ണിൽ കിടക്കുന്ന മനുഷ്യനോട് മാത്രമാണ് ….
കണ്ണുനീർ തുടച്ചു കൊണ്ടു ഒന്നുകൂടി ആ മണ്ണിൽ കാലുകൾ മടക്കി കുമ്പിട്ടു കൊണ്ടു ആ നെഞ്ചിലേക് ഒരിറ്റ് കണ്ണുനീർ കൂടി ഒഴുകി കൊണ്ടു നെഞ്ചിൽ ഒരായിരം വട്ടം മാപ്പ് പറഞ്ഞു കൊണ്ടു ഞാൻ മടങ്ങി….
ഞാൻ വന്നത് അറിഞ്ഞുവോ …
വാനിൽ നിന്നും ഒരിറ്റ് മഴത്തുള്ളികൾ എന്റെ കണ്ണുകളിൽ ഉടക്കി എന്റെ നെഞ്ചിലേക് ഊർന്നിറങ്ങി …