ഇത്ര കാലത്തിന് ഇടയിൽ നിനക്കു വേണ്ടി എന്തെങ്കിലും സമ്പാദിച്ചോ, ഭാസ്കരേട്ടന്റെ..

അബു
(രചന: Jomon Joseph)

“എന്റെ ഗുരുവായൂരപ്പാ ,ഇതാര് അബുവോ, നീ എപ്പഴാ ദുബായിൽ നിന്നും വന്നേ …. വാ കയറി വാ ….”

ഭാസ്കരേട്ടൻ അതിശയം വിട്ടുമാറാത്ത മുഖഭാവത്തോടെ അബുവിനെ അകത്തേക്ക് ക്ഷണിച്ചു .

“ഇന്നലെ വെളുപ്പിന് എത്തി ഭാസ്കരേട്ടാ, സത്താർ വന്നിരുന്നു എന്നെ കൂട്ടാൻ ”
അബുവിന്റെ വർത്തമാനം തീരും മുന്നേ ഭാസ്കരേട്ടന്റെ ഭാര്യ ഒരു ഗ്ലാസ് ചൂടു ചായയുമായി അവിടേക്കു വന്നു .

” അല്ല ,അബുവോ, ഇന്നാ ഈ ചായ മോൻ കുടിയ്ക്ക് .ഭാസ്കരേട്ടന് ഞാൻ വേറെയെടുക്കാം ”

ആ ഗ്ലാസ് അബുവിന്റെ കയ്യിൽ കൊടുത്ത് അവർ അടുക്കളയിലേക്ക് പോയി .

”എത്ര ദിവസത്തെ ലീവ് ഉണ്ട് നിനക്ക്, എന്നാ ഇനി മടക്കം ” ഭാസ്കരേട്ടന്റെ ആ ചോദ്യം അബുവിന്റെ മുഖഭാവം തന്നെ മാറ്റി .

” ഒരു ഗൾഫുകാരനെ ആദ്യം കാണുമ്പോൾ ഏതൊരാളും ചോദിക്കുന്ന ആദ്യത്തെ ചോദ്യം ,എന്നാ മടക്കം …

ഞാൻ ഇനി അങ്ങോട്ടേക്കില്ല ഭാസ്കരേട്ടാ ,വർഷം 20 കഴിഞ്ഞു ദുബായിൽ .ജീവിതത്തിന്റെ നല്ല സമയങ്ങളെല്ലാം അവിടെ ആയിരുന്നു, ഇനി എനിക്ക് ഇവിടെ ജീവിക്കണം. നമ്മുടെ നാടും ,നാട്ടാരുമൊത്ത് .

പുഴയിലും ,വയലിലുമെല്ലാം ഒന്നു കുറേ നാൾ രസിക്കണം. കുറച്ച് രൂപയുണ്ട് അതുകൊണ്ട് ഒരു ചെറിയ കട, അന്നന്നത്തെ ആഹാരത്തിന് മുട്ടം വരാതെ പടച്ചോൻ കാത്തു കൊള്ളുമായിരിക്കും ”

ഒരു ദീർഘശ്വാസത്തോടെ അബു നിർത്തി .

” ആ ശരിയാ മോൻ പറഞ്ഞത്, പതിനേഴു വയസിൽ നീ കടൽ കടന്നതല്ലേ .അതോണ്ട് എത്ര പേരെയാ നീ രക്ഷിച്ചെടുത്തത് .മൂന്ന് പെണ്ണുങ്ങളെ പടിയിറക്കി വിട്ടില്ലേ ,

പോരാത്തതിന് ഉമ്മയുടേയും, വാപ്പായുടേയും ദീനത്തിലും നീയല്ലേ തുണയായത്. ഒരു വീട് വച്ചിട്ട് അതും നേരെ ഇളയവൻ വീതം പറഞ്ഞ് വാങ്ങിയില്ലേ …

ഇത്ര കാലത്തിന് ഇടയിൽ നിനക്കു വേണ്ടി എന്തെങ്കിലും സമ്പാദിച്ചോ…”

ഭാസ്കരേട്ടന്റെ വാക്കുകൾ അബുവിനെ പഴയകുറേ ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ട് പോയി .കയ്യിൽ ഇരുന്ന ചായ ഒന്ന് ഊതി വലിച്ച ശേഷം അബു പറഞ്ഞു .

” എന്റെ സമ്പാദ്യം എന്റെ ജമീലയും ,മൂന്നു കുഞ്ഞുങ്ങളുമാണ് ”

“നിനക്ക് ചക്കപ്പഴം കഴിക്കണോ അബൂ ” ചന്ദ്രേച്ചിയുടെ ചോദ്യം കേൾക്കും മുന്നേ അബു കൊതിയോടെ ഒന്നു മൂളി .

“നമ്മുടെ തേൻവരിക്ക കഴിഞ്ഞ വർഷം മുതൽ കായ്ക്കാൻ തുടങ്ങി. ഒത്തിരിയൊന്നും ഉണ്ടാവാറില്ല, എന്നാലും അഞ്ചാറു ചക്ക കിട്ടും .പക്ഷേ തേൻ പോലത്തെ മധുരവും .ആരാണ് ആ പ്ലാവു വച്ചതെന്ന് നീ ഓർക്കുന്നുണ്ടോ .?”

അബു പതിയെ ആ പ്ലാചോട്ടിലേയ്ക്ക് നടന്നു .പണ്ടൊരു പരിസ്തിഥി ദിനത്തിൽ താൻ വച്ച പ്ലാവ് വളർന്നു പൊങ്ങി നിൽക്കുന്നതു കണ്ട് അബുവിന് അഭിമാനം തോന്നി .

തന്റെ കൈകൾകൊണ്ട് അതിൽ അബു ഒന്നു തൊട്ടു .ഇലയിൽ നിന്നും അടർന്നു വീണ വെള്ളത്തുള്ളികൾ അബുവിന്റെ രോമാവൃതമായ കൈത്തണ്ടിൽ വന്നു വീണു .

അതിന് അരികിലായി പൂത്തുലഞ്ഞു നിന്ന മാഞ്ചോട്ടിലേക്ക് അബു ഒന്നു നോക്കി .

” പണ്ട് മഴക്കാലം വന്നാൽ ഒരു ഓട്ടമായിരുന്നു ഈ മാഞ്ചോട്ടിലേക്ക്, നീയും ഇവിടുത്തെ ശങ്കുവും, അയലത്തെ കുട്ടിയോളും കൂടി .

എന്നിട്ട് മാവിന്റെ കൊമ്പിലേക്ക് നോക്കിയിരിക്കും ,കാറ്റിൽ ആടിയുലഞ്ഞ് മാമ്പഴം താഴേക്ക് വീഴുന്നതും നോക്കി .

അണ്ണാൻ കടിച്ചതും ,കാക്ക പകുത്തതും വരെ നിങ്ങൾ അകത്താക്കും. ഓർക്കുന്നോ നീ …. ആ ശങ്കു ഇന്നും ആ മാഞ്ചോട്ടിൽ തന്നെയാണ് ഉറങ്ങുന്നത് ….

വർഷം എത്ര കഴിഞ്ഞാലും അതൊക്കെ ഇപ്പോഴും ദേ കൺമുന്നിലൂടെ ഓടി നടക്കുവാ…. കന്നാസും കടലാസും എന്നല്ലെ നിങ്ങളെ നാട്ടുകാർ വിളിച്ചിരുന്നത് ….

എന്നും സന്ധ്യക്ക് തുളസിത്തറയിൽ വിളക്ക് കൊളുത്തുമ്പോൾ ഒരു കാറ്റു പോലെ അവൻ വന്ന് എന്റെ കവിളിൽ തഴുകും …. എന്റെ പൊന്നു മോൻ ……”
പൊട്ടിയൊഴുകിയ കണ്ണുകളോടെ വിതുമ്പി വിതുമ്പി ചന്ദ്രേച്ചി പറഞ്ഞു ….

” ചന്ദ്രേ …..” ഭാസ്കരേട്ടന്റെ നീട്ടിയുള്ള വിളി കേട്ട് സാരിത്തുമ്പ് കൊണ്ട് അവർ കണ്ണുകൾ തുടച്ചു ….

“എന്താ ഞാൻ നിങ്ങൾക്ക്‌ തരേണ്ടത് ഭാസ്കരേട്ടാ …” അബു ചോദിച്ചു ….

”ഒന്നും വേണ്ട മോനേ … നീ ഇവിടെ വരുന്നുണ്ടല്ലോ … അതു തന്നെ ഒത്തിരി സന്തോഷം … നീ ഉള്ളപ്പോൾ ഞങ്ങൾ അനാഥർ അല്ല എന്നൊരു തോന്നൽ ….

വീണുപോയ എന്റെ ദേഹം തന്നെ ഉണർന്നെഴുന്നേറ്റത് നിന്റെ കരുണ കൊണ്ട് മാത്രമല്ലേ …..” ഇടയി ശബ്ദത്തിൽ ഭാസ്കരേട്ടൻ പറഞ്ഞു .

കയ്യിൽ ഇരുന്ന ഒരു കവർ ഭാസ്കരേട്ടനെ ഏൽപ്പിച്ച് അബു ഇനിയും വരും എന്നു പറഞ്ഞ് വീട്ടിലേക്ക് ഇറങ്ങി. പോകുന്ന വഴിയിലെ പരിചയക്കാരെല്ലാം അബുവിനോട് വിശേഷങ്ങൾ തിരക്കി .

“ഒരു ദുബായ് കാരന്റെ പത്രാസൊന്നും ആയില്ലല്ലോടാ നിനക്ക്‌ ”

അബുവിന്റെ അടുത്ത കൂട്ടുകാരൻ ജോയിക്കുട്ടി വിളിച്ചു ചോദിച്ചു .കുറേ നേരം അവരോടൊക്കെ കുശലം ചൊല്ലി അബു നടന്നു .

നിനക്ക് സുഖമാണോ എന്നു തിരക്കും മുന്നേ എന്നാ ഇനി മടക്കം എന്നു അറിയുവാനാണ് പലർക്കും ആകാംക്ഷ .

അബു വീട്ടിൽ എത്തിയപ്പോഴേക്കും ഉമ്മയും പെങ്ങൾമാരും മക്കളുമെല്ലാം അവിടെ എത്തിയിരുന്നു. അവരവർക്കു വേണ്ട സാധനങ്ങൾ എല്ലാം തന്നെ ഓരോരുത്തരും കയ്യടക്കി കഴിഞ്ഞിരുന്നു .

“ഇക്കാക്ക ക്ഷീണിച്ചു പോയല്ലോ ”
ഇളയ പെങ്ങളുടെ പരിഭവം

” നിനക്ക് ഇനിയുമെങ്കിലും ഇത്തിരി ഫാഷനിൽ നടന്നൂടെ ” മൂത്ത പെങ്ങളുടെ പരാതി

“ഇക്കാക്ക ഇനിയെന്നാ തിരിച്ച് ”
നടുവത്തവളുടെ ആ ചോദ്യം കേട്ട് അവിടെ കൂടിയിരുന്ന എല്ലാവരും അതിന്റെ ഉത്തരത്തിനായി കാതോർത്തു.

അബു ഒരു ചിരി പാസാക്കി അകത്തെ മുറിയിലേക്ക് നടന്നു .ജമീലയും മക്കളും പിറകെ അകത്തേക്ക്‌ നടന്നു ..

” മക്കൾക്ക് മിഠായി വല്ലതും കിട്ടിയിരുന്നോ ” അബു ചോദിച്ചു .

” ദേ വാപ്പാ എന്റെ കയ്യിൽ ഉണ്ട് ”
അബുവിന്റെ ഇളയ മകൾ ആയിഷ ഒരു കഷ്ണം മുറിച്ച് അബുവിന്റെ വായിൽ വച്ചു .അബു അവളുടെ കവിളിൽ ചുംബിച്ചു .

“ഞാൻ നിനക്ക് വാങ്ങിച്ച സാരിയാണ് അബീനയുടെ കയ്യിൽ ഇരിക്കുന്നത്. നിനക്ക് ഞാൻ ഇനി എന്താ തരിക .”

അബുവിന്റെ വാക്കുകൾ കേട്ട് ജമീല അൽപ്പം കൂടി അരികിലേക്ക് ചേർന്ന് നിന്നു .

“എനിക്ക് ഒന്നും വേണ്ട ഇക്ക .നിങ്ങളെ ഇങ്ങനെ സന്തോഷത്തോടെയും, ആരോഗ്യത്തോടെയും കാണണം ,അതു മാത്രം മതി ” ജമീല അതു പറഞ്ഞു തീരും മുന്നേ ഉമ്മ അകത്തേക്കു വന്നു .

” പുറത്ത് പെണ്ണുങ്ങളും കെട്ടിയോൻമാരും വന്നിരിക്കുമ്പോൾ നിങ്ങള് ഇവിടിരിക്കുന്നോ ….”

അവർ മുറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങി .പരാതികളും പരിഭങ്ങളും, കടങ്ങളും രോഗങ്ങളും പറഞ്ഞ് കിട്ടാവുന്നതും വാങ്ങി പെങ്ങളുമ്മാരും, ഉമ്മയും യാത്രയായി .

“ഇക്കാ ഇനിയിപ്പോൾ കട തുടങ്ങാൻ ഉള്ള പണം ” അത്താഴം കഴിക്കുന്ന സമയത്ത് ജമീല ചോദിച്ചു .

“പണം … ഇങ്ങനെയുള്ള കൂടപ്പിറപ്പുകൾ ഉണ്ടെങ്കിൽ എങ്ങനെ പണമുണ്ടാകും. ആമിന താത്തയെ അൻപതു പവൻ കൊടുത്തു കെട്ടിച്ചപ്പോൾ അബീനയ്ക്കും ,

അസ്നയ്ക്കും പത്തു പവൻ വീതം കൂടുതൽ കൊടുത്തു .അസ്നയ്ക്ക് പൊന്നു തികയ്ക്കാൻ നിന്റെ ആഭരണങ്ങൾ കൂടിയല്ലേ എടുത്തത് .

മൂന്നു പേർക്കും കൊടുത്തത് ദുബായ്ക്കാരായ മൊഞ്ചൻമാരെ. കല്യാണം കഴിഞ്ഞ് ഒരു കൊല്ലം തികയും മുന്നേ ദുബായ്കാരൊക്കെ വീട്ടുകാരായി … ”

അബു നെടുവീർപ്പെട്ടു കൊണ്ട് പറഞ്ഞു .

” അതു സാരമില്ല ഇക്ക ,ഒന്നുമില്ലെങ്കിലും ഒരേ ചോരയല്ലേ .ഒന്നു വീണു കിടന്നാ ഓടിവരാനുള്ളവരല്ലേ …. ”

ജമീല ആശ്വാസവാക്കായി പറഞ്ഞു .

“ആ ,വീണു കഴിയുമ്പോൾ കാണാം ….”
അബു അതു പറഞ്ഞ് തന്റെ അരികിൽ ഇരുന്ന രണ്ടാമ്മത്തെ മകൾ ഭക്ഷണം കഴിക്കുന്നത് കുറേ നേരം നോക്കിയിരുന്നു.

മേശമേൽ വീഴുന്ന ഓരോ വറ്റു ചോറും തന്റെ കുഞ്ഞു വിരലുകളാൽ നുള്ളിയെടുത്തു കുഞ്ഞു ചുണ്ടുകളിലേക്ക് ചേർക്കുന്ന അവളെ അബു തന്റെ ഭാര്യക്ക് കാട്ടിക്കൊടുത്തു .

“ഇതല്ലേ ജമീല നമ്മുടെ സമ്പാദ്യം, വിശപ്പിന്റെ വേദന അറിഞ്ഞ്, ആഹാരത്തിന്റെ വിലയറിഞ്ഞ് ഒരു തുള്ളി പോലും പാഴാക്കാതെ, ഒന്നിനോടും ആർത്തി ഇല്ലാതെ, പരസ്പരം പങ്കുവച്ച് നമ്മുടെ മക്കൾ വളരുന്നില്ലേ.

അതിലും വലുതായി നമുക്ക് ഒന്നും വേണ്ട ,ആയുസും ആരോഗ്യവും ഉണ്ടെങ്കിൽ എല്ലാം താനെ വന്നുകൊള്ളും ”

“എവിടാ നാട് ….?”

അരികിൽ ഇരുന്ന ആളുടെ ചോദ്യം കേട്ട് അബു ചിന്തകളിൽ നിന്നും ഉണർന്നു .

”കോഴിക്കോട് …….”

ഉയർന്നു പൊങ്ങുന്ന വിമാനത്തിന്റെ ജനൽ പാളിയിലൂടെ താഴെ നാടിന്റെ പച്ചപ്പും ,ജലാശയങ്ങളും നിറകണ്ണുകളോടെ അബു നോക്കിക്കണ്ടു .

പോക്കറ്റിൽ നിന്നും തന്റെ പഴയൊരു മൊബൈൽ ഫോൺ കയ്യിൽ എടുത്ത് അരികിലെ സ്വിച്ച് അമർത്തി നോക്കി .

തന്റെ അടുത്ത വരവിനായി ദിവസങ്ങൾ എണ്ണിത്തുടങ്ങിയ ജമീലയുടെയും മക്കളുടെയും ചിരിക്കുന്ന ചിത്രം അബുവിനോട് വീണ്ടും വീണ്ടും പറഞ്ഞു ..

”വാപ്പാ ,ഞങ്ങള് വാപ്പായെ കാത്തിരിക്കുവാണേ …”

ഏറെ ദൂരെ തന്റെ കൊച്ചുവീട്ടിൽ പഴയ ഒരു കട്ടിലിൽ താൻ ഇന്നു മാറിയ കുപ്പായത്തെ നെഞ്ചോടു ചേർത്തു കരയുന്ന ജമീലയെ പറ്റിയും ,

ആകാശത്തു കൂടെ പറന്നു നീങ്ങുന്ന വിമാനങ്ങളെ ചൂണ്ടി, ഇതിലായിരിക്കും നമ്മുടെ വാപ്പ പോകുന്നത്, എന്നു പറയുന്ന പൊന്നു മക്കളെയും പറ്റി ആലോചിച്ചപ്പോൾ അബുവിന്റെ കണ്ണിൽ നിന്നും ഓരോ തുള്ളി കണ്ണുനീർ ആ ചിത്രത്തിൽ പതിച്ചു …..

കൈ കൊണ്ട് അതു മെല്ലെ തുടച്ച് ഒന്നും അറിയാത്തവനെപ്പോലെഅടുത്തിരുന്നയാളെ നോക്കി ചിരിച്ചു കൊണ്ട്
അബു ചോദിച്ചു .

“എവിടാ ,നിങ്ങടെ സ്ഥലം ……?”

Leave a Reply

Your email address will not be published. Required fields are marked *