പിന്നെന്തിനാ ഈ കണ്ണുകൾ നിറയുന്നത്, അവളുടെ താടി തുമ്പിൽ പിടിച്ചുയർത്തി..

നിനക്കായ്‌
(രചന: അക്ഷര മോഹൻ)

“കാത്തിരിക്കും ഞാൻ…”

അവന്റെ നെഞ്ചിലേക്ക് തല ചേർത്തു പറയുമ്പോൾ ദ്രുത ഗതിയിൽ അവന്റെ ഹൃദയം മിടിക്കുന്നത് അവൾക്ക് കേൾക്കാമായിരുന്നു…

“ഞാൻ തിരികെ വരും… നിനക്ക് വേണ്ടി…”

അവളുടെ നെറ്റിയിൽ അമർത്തി മുത്തി അവളിൽ നിന്ന് അടർന്നു മാറി തിരികെ നടക്കാൻ ഒരുങ്ങുമ്പോൾ അവൾ അവനെ വിടാതെ മുറുകെ പിടിച്ചു…

നിറയുന്ന കണ്ണുകൾ മറച്ചു വയ്ക്കാനാകാതെ അവന്റെ മുഖം കണ്ടു മതിവരാതെ അവൾ വീണ്ടും വീണ്ടും കൊതി തീരെ അവനെ തന്നെ നോക്കി…

വിതുമ്പുന്ന ചുണ്ടുകളെ കടിച്ചു പിടിച്ചു കണ്ണീർ മറക്കാൻ പാട് പെടുന്നവളെ മുറുകെ പുണർന്നു രണ്ട് കണ്ണുകളിലേക്കും അവനവന്റെ ചുണ്ടുകൾ ചേർത്തപ്പോൾ കണ്ണുകളിൽ ഉരുണ്ടു കൂടിയ നീർതുള്ളികളുടെ ഉപ്പുരസം അവനറിഞ്ഞു…

കവിളിലൂടെ ഒഴുകിയിറങ്ങുന്ന കണ്ണീർ ചാലുകൾ വിരലുകളാൽ ഒപ്പിയെടുത്തു അവളുടെ തണുത്തുറഞ്ഞ കൈയിൽ മുറുകെ പിടിച്ചു ഒന്നുകൂടെ ഉറപ്പു നൽകും പോലെ അവൻ നടന്നകന്നു…

ഒരു പൊട്ട് പോലെ അവൻ കണ്ണിൽ നിന്ന് മായുന്ന വരെ അവളവിടെ നിന്നു…

എയർപോർട്ടിൽ നിന്ന് തിരികെ നടക്കുമ്പോൾ ഇനിയുമൊരിക്കൽ കൂടി കാണാൻ കഴിയുമോ എന്ന പ്രതീക്ഷയോടെ പുറകിലേക്ക് വീണ്ടും വീണ്ടും തിരിഞ്ഞു നോക്കിയെങ്കിലും നിരാശയായിരുന്നു ഫലം…

കണ്ണുനീർ കാഴ്ചയെ മറച്ചു തുടങ്ങിയപ്പോൾ ചുരിദാറിന്റെ ഷാൾ കൊണ്ട് കണ്ണുകൾ അമർത്തി തുടച്ചു റോഡിലേക്ക് കയറി…

അതേസമയം കടന്നു പോയ ഓട്ടോയ്ക്ക് കൈ നീട്ടി വേഗത്തിൽ കയറി കണ്ണുകളടച്ചിരുന്നു…

സാന്ത്വനം എന്ന് പേരെഴുതിയ ഒരു വലിയ കെട്ടിടത്തിനു മുന്നിൽ ഓട്ടോ നിർത്തിയപ്പോൾ പേഴ്സ് തുറന്നു പണമെടുത്തു നൽകി ഗേറ്റിനുള്ളിലേക്ക് കടന്നു…

ഓരോ ഇടങ്ങളിലായി ഓരോരുത്തരായി അവരുടെ ജോലികൾ ചെയ്യുന്നു…
ചിലർ പുസ്തകത്തിൽ മുഴുകിയിരിക്കുന്നു…

ചിലർ മുറ്റത്തു ഒരറ്റത്തു നിന്ന് മറ്റേയറ്റം വരെ ഭംഗിയായി നട്ടു വളർത്തിയ ചെടികൾ നനയ്ക്കുന്നു…വെള്ളയും മഞ്ഞയും ഓറഞ്ചും ചുവപ്പും നിറങ്ങളിൽ പലവിധം പൂക്കൾ ഇളംകാറ്റിൽ ആടുന്നുണ്ട്…

മറ്റു ചിലർ കളി പറയുകയും പൊട്ടി ചിരിക്കുകയും ചെയ്യുന്നു… ചെറിയ കുട്ടികൾ കൂട്ടം കൂടിയിരുന്നു കളിക്കുന്നു…

അവർക്ക് നിർദേശം നൽകാനായി അവരുടെ കൂടെ കുറച്ച് വലിയ കുട്ടികളുമുണ്ട്…

എപ്പോഴത്തെയും പോലെ ആണെങ്കിൽ താനും നേരെ അങ്ങോട്ടായിരുന്നു പോവുക… അവരുടെ കൂടെ കളിച്ചും ചിരിച്ചും കുറച്ചു സമയം ചിലവഴിച്ചതിന് ശേഷം മാത്രമേ റൂമിലേക്ക് പോകുമായിരുന്നുള്ളൂ…

എന്നാൽ ഇന്നതിന് കഴിയുന്നില്ല… നെഞ്ചിലൊരു പാറ കല്ല് കയറ്റി വച്ചത് പോലെ ഭാരം…

ഓരോ നിമിഷം കഴിയുന്തോറും അത് കൂടി കൂടി വരുന്നു… ആ ഭാരം താങ്ങാൻ കഴിയാതെ അവിടെ തന്നെ തളർന്നു വീണു പോകുമോ എന്ന ഭയത്താൽ തളർന്നു പോകുന്ന കാലുകൾ വലിച്ചു വേഗത്തിൽ നടന്നു…

“””പവി ചേച്ചി…”””

പുറകിലൂടെ വന്നൊരു കുറുമ്പി കാലിൽ വട്ടം പിടിച്ചു വച്ചപ്പോൾ പതിയെ തല ചരിച്ചു നോക്കി… എപ്പോഴത്തെയും പോലെ കൊഴിഞ്ഞു പോയ മുന്നിലത്തെ രണ്ട് പല്ലുകളില്ലാത്ത മോണ കാട്ടി ചിരിച്ചു കൊണ്ട് കൈ നീട്ടി…

അപ്പോഴാണവൾ അതും ഓർത്തത്… എന്നും ജോലി കഴിഞ്ഞു വരുന്ന വഴി കരുതുന്നതാണ് ഒരു മിട്ടായി പൊതി… അന്ന മോളുടെ കൈയിൽ കൊടുത്താൽ അവൾ എല്ലാവർക്കും അത് വീതിച്ചു കൊടുക്കും…

തന്റെ പങ്ക് കിട്ടിയ സന്തോഷത്തിൽ ഓരോരുത്തരായി ഓടി വന്നു കവിളിൽ ഉമ്മ വെക്കും… എന്തുകൊണ്ടോ അവളുടെ കണ്ണുകൾ നിറഞ്ഞു… അന്ന മോളുടെ മുന്നിലേക്ക് മുട്ടുകുത്തിയിരുന്നു…

“””ചേച്ചി മറന്നു… നാളെ വാങ്ങി കൊണ്ടുവരാമേ…”””

അന്ന മോളുടെ കവിളിൽ തലോടി പറഞ്ഞപ്പോൾ ആദ്യം അത് കേട്ട് അവളുടെ മുഖം മങ്ങിയെങ്കിലും പെട്ടെന്ന് തന്നെ അവൾ തലയാട്ടി ചിരിച്ചു കൊണ്ട് പവിയുടെ കവിളിൽ ഉമ്മ വച്ചു തിരികെ ഓടിപോയി…

“””പല്ലവി…”””

അവളുടെ പാറി പറന്ന മുടിയിഴകളും കണ്മഷി പടർന്ന കലങ്ങിയ കണ്ണുകളും കണ്ടു സിസ്റ്റർ മുറിയിലേക്ക് കയറാനൊരുങ്ങിയ പവിയെ വിളിച്ചു…
വിളി കേട്ട് നേർമയായി ചിരിച്ചു കൊണ്ട് പവി അവരെ നോക്കി…

പവിയുടെ കവിളിൽ തലോടി കൊണ്ട് അവളെ തന്നെ നോക്കി നിൽക്കുന്ന സിസ്റ്ററുടെ കണ്ണുകളിൽ എന്തുപറ്റിയെന്ന ചോദ്യം വ്യക്തമായി നിറയുന്നത് അവൾ കണ്ടു…

“””മിട്ടായി വാങ്ങിയില്ല…”””

വിഷമം നിറഞ്ഞ ഒരു പുഞ്ചിരി അവർക്ക് സമ്മാനിച്ചു പവി മറ്റെങ്ങോട്ടോ നോട്ടമുറപ്പിച്ചു…

സിസ്റ്റർ അവളുടെ താടി തുമ്പിൽ പിടിച്ചു മുഖമവർക്ക് നേരെ തിരിച്ചു അതെയോ എന്ന് തലയാട്ടി ചോദിച്ചപ്പോൾ പവിയുടെ കണ്ണുകൾ നിറയാൻ തുടങ്ങിയിരുന്നു…

അവളുടെ കൈയിൽ പിടിച്ചു മുറിയിലേക്ക് കയറി സിസ്റ്റർ വാതിൽ ചേർത്തടച്ചപ്പോൾ പവി കട്ടിലിലിരുന്നു… മുഖം കുനിച്ചിരിക്കുന്നവളുടെ കണ്ണുകളിൽ നിന്നോഴുകുന്ന നീർതുള്ളികൾ കവിളിലൂടെ അവളുടെ മടിയിൽ വച്ച കൈകളിലേക്ക് വീണു ചിന്നി ചിതറി…

ഓർമ വച്ച നാൾ മുതൽ ഇവിടെയാണ്‌… ഈ സിസ്റ്ററമ്മയുടെ തണലിൽ… അച്ഛനും അമ്മയും ഒരു കുഞ്ഞനിയനും ഉണ്ടായിരുന്നെന്നറിയാം…

ഒരു ആക്‌സിഡന്റിൽ എല്ലാവരും തന്നെ തനിച്ചാക്കി പോയെന്നുമറിയാം…ഈ പല്ലവി മാത്രം രക്ഷപെട്ടു… അതും ചെറിയ പരിക്കുകളോടെ… അത്ഭുതകരമായി…

നോവോടെ അവളുടെ കണ്ണുകൾ പെയ്തു കൊണ്ടിരുന്നു…

“””പേടിയാണോ മോളേ…”””

അവളുടെ അരികിലിരുന്നു തലയിൽ തലോടി അവർ ചോദിക്കുമ്പോൾ അവൾ കണ്ണുകൾ നിറച്ചു അല്ലെന്ന് തലയാട്ടി…

“””ഒരിക്കലും വരാതിരിക്കാൻ പറ്റില്ലവന്.. അവൻ തിരികെ വരും…എനിക്കായ്…”””

തല ഉയർത്താതെ വളരെ പതിഞ്ഞ ശബ്ദത്തിൽ പറയുമ്പോഴും അവളുടെ കണ്ണുകൾ നിറഞ്ഞു കൊണ്ടേയിരുന്നു…

“””പിന്നെന്തിനാ ഈ കണ്ണുകൾ നിറയുന്നത്…”””

അവളുടെ താടി തുമ്പിൽ പിടിച്ചുയർത്തി കണ്ണുകളിലേക്ക് നോക്കി സിസ്റ്ററമ്മ ചോദിച്ചപ്പോൾ നിറഞ്ഞു തുളുമ്പി പോയ കണ്ണുകളെ കൈകളാൽ അമർത്തി തുടച്ചു അറിയില്ലെന്ന് തലയാട്ടി…

വല്ലാത്തൊരു ഭാരം തോന്നുന്നു മനസ് നിറയെ… അത് ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങി അവിടം വല്ലാതെ വേദനിപ്പിക്കുന്നു… ആഴത്തിൽ മുറിഞ്ഞു ചോര വാർന്നോഴുകുന്നത് പോലെ തോന്നുന്നു…

പവി എഴുന്നേറ്റ് മുറിയിലെ ജനൽ തുറന്നിട്ടു… സന്ധ്യയുടെ ഭംഗി വിളിച്ചോതി സൂര്യൻ ഒരു ഭാഗത്തായി മറഞ്ഞു തുടങ്ങി…

അവിടെ നിന്ന് നേരെ നോക്കുമ്പോൾ കാണുന്ന വലിയ അത്തിമരത്തിലേക്ക് കിളികൾ കൂടണഞ്ഞു തുടങ്ങി…
ആ കാഴ്ചയിലേക്ക് കൺനട്ട് പല്ലവി നിന്നു…

“പ്രതീക്ഷിക്കരുത്,,, കാത്തിരിക്കരുത് എന്നൊന്നും ഞാൻ പറയില്ല… പക്ഷേ അരുതാത്തതെങ്കിലും സംഭവിച്ചു പോയാൽ അത് താങ്ങാനുള്ള കരുത്ത് നിനക്കുണ്ടാകണം… മനസിനെ പാകപെടുത്തണം…”

സിസ്റ്ററമ്മ എന്നും അങ്ങനെ ആണ്… അമിതമായ പ്രതീക്ഷകൾ ആർക്കും നൽകില്ല… അത് മനസിനെ കൂടുതൽ മുറിവേൽപ്പിക്കുമെന്നാണ് പറയുക…

“””ഇല്ല… അവൻ തിരികെ വരും… എന്നെ തനിച്ചാക്കാൻ ഒരിക്കലും കഴിയില്ലവന്… എന്റെ ഋഷി വരും…”””

ജനലഴികളിലൂടെ പുറത്തേക്ക് തന്നെ നോക്കി അവൾ സ്വരം താഴ്ത്തി പറഞ്ഞു…

അവളുടെ സ്വരത്തിലെ ദൃഡത മനസിലാക്കി അവളുടെ തോളിൽ മുറുകെ പിടിച്ചു പിന്നീടൊന്നും പറയാൻ നിൽക്കാതെ സിസ്റ്ററമ്മ മുറിയുടെ വാതിൽ തുറന്നു പുറത്തേക്കിറങ്ങി…
വരാന്തയുടെ അറ്റത്ത് ചുമരിൽ വലുതായി പിടിപ്പിച്ച മാതാവിന്റെ ചിത്രത്തിലേക്ക് നോക്കി മൗനമായി പ്രാർത്ഥിച്ചു…

“””ഞാനിവിടെ എത്തി… ഇനി എപ്പോഴാണ് ഫോൺ കൈയിൽ കിട്ടുകയെന്നോ സംസാരിക്കാൻ പറ്റുകയെന്നോ ഒന്നും എനിക്കറിയില്ല… ഇനി…”””

“””ഋഷി…”””

അവനെ പറഞ്ഞു മുഴുവനാക്കാൻ സമ്മതിക്കാതെ പല്ലവി അവനെ പേരെടുത്തു വിളിച്ചു…

ഫോണിലൂടെ കേട്ട അവളുടെ ശബ്ദം മനസിലേക്ക് ആവാഹിച്ചു അവൻ അവൾ പറയുന്നതിനായി കാതോർത്തു…

“””എനിക്ക് തന്ന വാക്ക് പാലിക്കില്ലേ… മറന്നു കളയില്ലല്ലോ അത്…മടങ്ങി വരില്ലേ എനിക്കായ്…”””

ശാന്തമായ അവളുടെ ചോദ്യം കേട്ടപ്പോൾ അവൻ ഒന്ന് പുഞ്ചിരിച്ചു… ആ പുഞ്ചിരി അവളിലേക്കും വ്യാപിച്ചു…

“നിന്നെ തനിച്ചാക്കി പോകാൻ എന്റെ മനസിന്‌ ഒരിക്കലും കഴിയില്ല പവി…
ഈ ശരീരം വിട്ടു പോകേണ്ടി വന്നാലും മനസ് അപ്പോഴും… എപ്പോഴും നിന്റെ കൂടെ തന്നെ ഉണ്ടാകും…”

നിമിഷങ്ങൾ നീണ്ടു നിന്ന മൗനത്തിനു ശേഷം അവൻ പറഞ്ഞത് കേട്ടപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു…

“ഇതാണോ… ഇതാണോ നീ എനിക്ക് തന്ന വാക്ക്…”

ഇടറുന്ന ശബ്ദത്തോടെ അവൾ ചോദിക്കുന്നത് കേട്ടപ്പോൾ അവൻ വീണ്ടും ചിരിച്ചു…

അല്ലെങ്കിലും അവനെല്ലാം അങ്ങനെ ആണ്… എല്ലാം ഒരു ചിരിയോടെ മാത്രം നേരിടുന്നവൻ…തമാശ പോലെ…

“””ഞാൻ വാക്ക് തന്നാലും അത് പൂർത്തീകരിക്കാൻ മുകളിലുള്ളൊരാൾ കൂടെ വിചാരിക്കണ്ടേ…”””

അതേ ചിരിയോടെ അവൻ ചോദിക്കുന്നത് കേട്ടപ്പോൾ അവളുടെ എങ്ങലടികൾ കുറച്ചു കൂടെ ഉച്ചതിലായി…

“””പവി…”””

അവന്റെ ശാസനയോടെയുള്ള വിളി കേട്ടപ്പോൾ അവൾ കണ്ണുകൾ തുടച്ചു…

“””ഇനിയെങ്ങാനും എന്തെങ്കിലും സംഭവിച്ചു പോയാലും രാജ്യം കാക്കാൻ ജീവൻ ത്യജിച്ച ധീരജവാന്റെ പെണ്ണായി നിന്നെ ഓർത്ത് എല്ലാരും അഭിമാനിക്കും…”””

കുസൃതിയോടെ അവൻ പറയുന്നത് കേട്ടപ്പോൾ പല്ലവി കണ്ണുകളടച്ചു ഒന്നും മിണ്ടാതെ നിന്നു…

“””പവീ…”””

അവളുടെ മൗനം അറിഞ്ഞു ഋഷി അവളെ നീട്ടി വിളിച്ചു…

“””എനിക്ക് വേണ്ട അങ്ങനുള്ള ഒരു അഭിമാനവും… എനിക്കെന്നും നിന്റെ പവി ആയാൽ മതി… അത് മാത്രം മതി…”””

മുറിഞ്ഞു പോകുന്ന വാക്കുകളെ കൂട്ടി പെറുക്കി എങ്ങലടിച്ചു അവൾ പറയുന്നത് കേട്ടപ്പോൾ അവന്റെ കണ്ണുകളും നിറഞ്ഞു…

“””ഞാൻ തിരികെ വരും പവി…”””

അവസാനമായി അതാണ് കേട്ടത്… ആ ഉറപ്പിന്മേൽ ആ ഇരുട്ടിലും അവളുടെ കണ്ണുകൾ തിളങ്ങി… ചുണ്ടുകളിൽ ആശ്വാസത്തിന്റെ പുഞ്ചിരി വിടർന്നു…

എല്ലാവരും സുഖ നിദ്രയിലാഴ്ന്ന ആ സമയത്തും പല്ലവി തന്റെ പ്രിയപ്പെട്ടവൻ തനിക്ക് നൽകിയ ഉറപ്പ് വീണ്ടും വീണ്ടും കാതിൽ മുഴങ്ങുന്നത് കേട്ട് നിറഞ്ഞു ചിരിച്ചു…

“അതിർത്തിയിൽ ഭീ ക ര ക്ര മണത്തിൽലെ ഏറ്റു മുട്ടലിൽ ഇന്നത്തേക്ക് വീ രമൃത്യു വരിച്ച ജവാന്മാരുടെ എണ്ണം മൂന്നായി… നാല് ദിവസങ്ങളായി നീണ്ടു നിൽക്കുന്ന ആക്രമണത്തിൽ അഞ്ച് തീ വ്ര വാ ദികളും വധിക്കപെട്ടു…”””

സിസ്റ്ററമ്മയുടെ തോളിലേക്ക് തല ചായിച്ചു എല്ലാവരുടെയും ഒപ്പം പ്രധാന വാർത്തകൾ കേൾക്കുമ്പോൾ പല്ലവിയുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു… ഇന്നേക്ക് ഒരാഴ്ച കഴിഞ്ഞിരിക്കുന്നു ആ ശബ്ദമൊന്ന് കേട്ടിട്ട്…

ഒരു മെസ്സേജ് പോലുമില്ലാതെ ആദ്യമായാണ് ഇത്രയും ദിവസങ്ങൾ…
എനിക്ക് കുഴപ്പമൊന്നുമില്ല പവി എന്നൊരു സന്ദേശം… അത് മാത്രമേ ആഗ്രഹിക്കുന്നുള്ളു… വെന്തു നീറുന്ന മനസ് തണുക്കാൻ അത് മാത്രമേ വേണ്ടു…

പവിയുടെ കണ്ണുനീർ വീണു സിസ്റ്ററമ്മയുടെ ഷോൾഡർ നനഞ്ഞു തുടങ്ങിയപ്പോൾ അവളുടെ കവിളിൽ കൈവച്ചു കണ്ണടച്ച് ഒന്നുമില്ലെന്നവർ ആശ്വസിപ്പിച്ചു…

“””രണ്ടാഴ്ചയോളം നീണ്ടു നിന്ന അക്രമണത്തിന് അറുതി… അതിർത്തിയിലേക്ക് നുഴഞ്ഞു കയറിയ മുഴുവൻ തീ വ്ര വാ ദികളെയും വധിച്ചു ഇന്ത്യൻ ക രസേന…”””

ആ ഒരു വാർത്ത രണ്ടാഴ്ച തോരാതെ പെയ്തിരുന്ന അവളുടെ കണ്ണുകളെ വീണ്ടും നനച്ചു… കണ്ണുകൾ നിറഞ്ഞൊഴുകുകയാണെങ്കിലും ചുണ്ടുകളിൽ ഇതുവരെ വിടരാത്ത സന്തോഷത്തിന്റെ പുഞ്ചിരിയായിരുന്നു…

സിസ്റ്ററമ്മ ചേർത്തു പിടിച്ചു നെറ്റിയിൽ ചുണ്ടുകൾ ചേർത്തപ്പോൾ അവരെ മുറുകെ പുണർന്നു… ഒരു ചിരിയോടെ അവർ അവളുടെ പുറത്ത് തട്ടിക്കൊണ്ടിരുന്നു…

അവരിൽ നിന്നുമകന്നുമാറി മുറിയിലേക്കോടി…

രണ്ടാഴ്ചയ്ക്ക് ശേഷം… അവന്റെ ശബ്ദം കേൾക്കാനായി ഫോണിലേക്ക് അവൾ പ്രതീക്ഷയോടെ നോക്കി…

ഇപ്പോൾ വിളിക്കും എന്ന കാത്തിരിപ്പിൽ മണിക്കൂറുകൾ കടന്നു പോയി… ഒടുവിൽ ക്ഷമ നശിച്ചു അങ്ങോട്ട്‌ വിളിക്കുമ്പോൾ സ്വിച്ച് ഓഫ്‌ എന്ന മറുപടി അവളെ നിരാശയിലാഴ്ത്തി…

റേഞ്ച് ഉണ്ടാകില്ല… ചാർജ് ഉണ്ടാകില്ല എന്ന് പറഞ്ഞു മനസിനെ സ്വയം ആശ്വസിപ്പിച്ചു കൊണ്ട് കട്ടിലിലിരുന്നു…
ഒരുപാട് ദിവസത്തെ സമാധാനം ഇല്ലായ്മയ്ക്കും ഉറക്കമില്ലായ്മയ്ക്കും ശേഷം ഇന്നൊരു ദിവസം സമാധാനം മനസിനെ തേടി വന്നപ്പോൾ അവളുടെ കണ്ണുകൾ പതിയെ അടഞ്ഞു പോയി…

“””പവി… തന്ന വാക്ക് പാലിക്കാൻ കഴിഞ്ഞില്ലെങ്കിൽ അടുത്തൊരു ജന്മം വരെ കാത്തിരിക്കില്ലേ നീ…”””

ഇരുട്ട് നിറഞ്ഞൊരു സ്ഥലമായിരുന്നു അത്… അവിടെ പല്ലവിയും അവളുടെ ഋഷിയും മാത്രമേ ഉണ്ടായിരുന്നുള്ളു… അവളുടെ മുഖം കൈകുമ്പിളിലെടുത്തു കണ്ണുകളിലേക്ക് നോക്കി കൊണ്ടായിരുന്നു അവൻ ചോദിച്ചത്…

“””ഋഷി…”””

പല്ലവിയുടെ കണ്ണുകൾ നിറയാൻ തുടങ്ങിയിരുന്നു… ഒന്നും പറയാൻ കഴിയാതെ തൊണ്ടകുഴിയിൽ ഒരു വേദന കുടുങ്ങി നിൽക്കുന്നു…
തന്റെ കവിളിൽ തൊട്ട അവന്റെ കൈ തണ്ടയിൽ അവൾ പിടിക്കാൻ നോക്കി…
ഇല്ല… കഴിയുന്നില്ല… അവനെ തൊടാൻ കഴിയുന്നില്ല…

എന്നാലവൻ തന്നെ തന്നെ നോക്കി നിൽക്കുകയാണ്… അവന്റെ കണ്ണുകളും നിറഞ്ഞിട്ടുണ്ടോ… അറിയില്ല…

അവന്റെ മുഖം കുനിഞ്ഞു വരുന്നതും നെറ്റിയിൽ തണുത്ത ചുണ്ടുകൾ ചേരുന്നതും അവൾ അറിഞ്ഞു…
അവന്റെ കവിളിലേക്ക് അവൾ കൈ ചേർത്തു… ഇല്ല…ഇപ്പോഴും തൊടാൻ കഴിയുന്നില്ല…അവൻ അകന്നു പോകുകയാണ്… എത്തി പിടിക്കാൻ കഴിയാത്തത്ര ദൂരത്തോളം…

“””ഋഷി…”””

ഒരലർച്ചയോടെ പല്ലവി ഞെട്ടിയുണർന്നു…

സ്വപ്നമായിരുന്നോ…

അവൾ നെറ്റിയിൽ വിരലുകൾ കൊണ്ട് തഴുകി… അവന്റെ ചുണ്ടിന്റെ തണുപ്പ് ഇപ്പോഴും അവിടെ തങ്ങി നിൽക്കുന്ന പോലെ…

പുറത്ത് തിമിർത്തു പെയ്യുന്ന തുലാമഴയുടെ തണുപ്പിലും പല്ലവി വിയർത്തു…കണ്ണുകൾ നിറഞ്ഞൊഴുകി തുടങ്ങി…

കൈയെത്തിച്ചു ലൈറ്റ് ഇട്ടു…അത് തെളിഞ്ഞില്ല…കറന്റ്‌ പോയിരിക്കുന്നു… മുറി കൂരാകൂരിരുട്ടിലാണ്…

പല്ലവി കട്ടിലിൽ വച്ച ഫോൺ കൈ കൊണ്ട് തപ്പിയെടുത്തു…

മൂന്ന് മണി… നേരം പുലരാൻ കാത്തിരിക്കുവാനുള്ള ശേഷി അവൾക്കില്ലായിരുന്നു… അവനെ വീണ്ടും വിളിച്ചു… പഴയ മറുപടി തന്നെ…

തോൽവി സമ്മതിക്കാതെ വീണ്ടും വീണ്ടും വിളിച്ചു… മറുപടി ആവർത്തിച്ചപ്പോൾ ശബ്ദം പുറത്ത് വരാതെ തേങ്ങി കരഞ്ഞു ചുമരിലേക്ക് ചാരിയിരുന്നു…

ദിവസങ്ങൾ ആരെയും കാത്തു നിൽക്കാതെ കടന്നു പോയി… അവന്റെ ഒരു വിവരവും അവളെ തേടി വന്നില്ല…

കുറച്ചു ദിവസങ്ങൾ ആ മുറിയിൽ അവന്റെ വിളിയെയും കാത്തിരുന്നെങ്കിലും ആ പ്രതീക്ഷ അവസാനിച്ചു തുടങ്ങിയപ്പോൾ ഋഷിയുടെ വീട്ടിലേക്കവൾ ചെന്നു…

മരണവീടിന് തുല്യമായിരുന്നവിടം… ഒന്നും കഴിക്കാതെയും ഉറങ്ങാതെയും ഒരു അച്ഛനും അമ്മയും… അവരെ ഇനി എന്ത് പറഞ്ഞു സമാധാനിപ്പിക്കുമെന്നറിയാതെ തളർന്നിരിക്കുന്ന അവന്റെ അനിയൻ…

“””മോളേ… എന്റെ മോൻ… വിളിച്ചിരുന്നോ അവൻ… എപ്പോഴാ വരുന്നേന്നു പറഞ്ഞോ അവൻ…”””

ആ വീടിന്റെ പടി കടന്നപ്പോൾ തന്നെ പല്ലവിയെ ചേർത്തു പിടിച്ചു അമ്മ അവളെ മുറുകെ പിടിച്ചു കണ്ണുകളിലേക്ക് നോക്കി…

ഇതറിയാനല്ലേ താനും ഇങ്ങോട്ട് വന്നത്…
ഇനി ഇവർക്ക് എന്ത് മറുപടിയാണ് കൊടുക്കേണ്ടത്…

തന്നെ പ്രതീക്ഷയോടെ നോക്കുന്ന മൂന്ന് ജോഡി കണ്ണുകളിലേക്ക് തളർച്ചയോടെ നോക്കി ഇല്ലെന്ന് തലയാട്ടി തിരികെ ഇറങ്ങുമ്പോൾ അവിടെ നിന്നും വീണ്ടും കരച്ചിലുകൾ ഉയർന്നു കേൾക്കുന്നുണ്ടായിരുന്നു…

അവളെ കൊണ്ട് കഴിയും പോലെ ആരോടൊക്കെയോ അന്വേഷിച്ചു അങ്ങോട്ട്‌ ബന്ധപ്പെടാൻ അവൾ നിരന്തരം ശ്രമിച്ചു കൊണ്ടിരുന്നു.. പക്ഷേ ആ പാവം പെണ്ണിന്റെ പരിശ്രമങ്ങളെല്ലാം വിഫലമായി കൊണ്ടേയിരുന്നു…

“””അവൻ വരും… തിരികെ വരും… എനിക്കായ്…”””

തന്റെ അരികിൽ എന്നും വന്നിരിക്കുന്ന സിസ്റ്ററമ്മയോട് അതുമാത്രമവൾ ആവർത്തിച്ചു പറഞ്ഞു…

ആഴ്ചകളും മാസങ്ങളും പോയികൊണ്ടിരുന്നു… വർഷം മാറി ശൈത്യവും വേനലും മാറി മറിഞ്ഞു…
അവന് വേണ്ടിയുള്ള അവളുടെ കാത്തിരിപ്പൊഴികെ…

“””പവി…”””

ആ ശബ്ദം… തന്നെ അത്രയേറെ പ്രണയത്തോടെ വിളിക്കുന്ന ആ ശബ്ദം…

സാന്ത്വത്തിന് മുന്നിലെ സിമെന്റ് ബെഞ്ചിൽ കണ്ണുകളടച്ചു ഇരിക്കുകയായിരുന്ന പല്ലവിയുടെ കണ്ണുകൾ നിറഞ്ഞു… ഇരുന്നിടത്ത് നിന്ന് ഞെട്ടി പിടഞ്ഞെഴുന്നേറ്റ് കണ്ണുകളുയർത്തി നോക്കുമ്പോൾ തന്റെ കണ്മുന്നിൽ തെളിഞ്ഞത് സത്യമാണോ എന്നറിയാതെ അവൾ നിന്നു…

കണ്ണുകൾ നിറഞ്ഞു കാഴ്ചയെ മറച്ചു…
ഇതൊരിക്കലും തന്റെ തോന്നലാകല്ലേ എന്നവൾ ഉള്ളുരുകി പ്രാർത്ഥിച്ചു…

“””പവി…”””

അവന്റെ കണ്ണുകളും നിറഞ്ഞിരുന്നു… അവളെ കണ്ട്… പീലി നിറഞ്ഞു വിടർന്ന കണ്ണുകൾ ഒരു കുഴിയിലേക്കെന്ന പോലെ ആയിരിക്കുന്നിപ്പോൾ… അതിന് ചുറ്റും വലയം ചെയ്ത കറുപ്പ് നിറം…
ആ കണ്ണുകൾ നിർത്താതെ പെയ്തിരുന്നെന്ന് മനസിലാക്കി തരും വിധം കരഞ്ഞു വീർത്ത കൺപോളകൾ…

വീണ്ടും ആ വിളി കേട്ടപ്പോൾ കൈയുയർത്തി അവൾ അവന്റെ കവിളിൽ തൊട്ടു… കുറ്റി താടിയുടെ മുന കൈയിൽ തട്ടിയപ്പോൾ അവൻ കൈകൾ പിൻവലിച്ചു… കണ്ണുകൾ വിടർന്നു… വീണ്ടും നിറഞ്ഞു…

ആ നിമിഷം തന്നെ അവന്റെ നെഞ്ചിലേക്ക് വീണു അവനെ മുറുകെ പുണർന്നവൾ… അവന്റെ കൈകളും അവളെ ചുറ്റി വരിഞ്ഞു… നെറ്റിയിലേക്ക് അവന്റെ ചുണ്ടുകൾ പതിഞ്ഞു കൊണ്ടിരുന്നു…

ഇടുപ്പെല്ലിന് സമീപത്തായി തുളഞ്ഞു കയറിയ ബുള്ളറ്റ്… തിരിച്ചു വരില്ലെന്ന് വിധിയെഴുതിയതാണ് എല്ലാരും…ജീവൻ തിരികെ കിട്ടിയാലും ശിഷ്ട കാലം കിടന്ന കിടപ്പിൽ… ഓരോരുത്തരും ആവർത്തിച്ചു…

എല്ലാവരുടെയും ഓർമ്മകൾ മറവിക്ക് മുന്നിൽ തോറ്റു പോകുമെന്ന വിശ്വാസത്തിൽ താനും ആരെയും ഒന്നും അറിയിക്കേണ്ടെന്ന തീരുമാനത്തിൽ…
എന്നാൽ എന്റെ ഓർമ്മകൾ മറവിക്ക് മേൽ ചിറക് വിരിക്കുകയായിരുന്നു ഓരോ നിമിഷവും…

നിനക്ക് തന്ന വാക്ക് പാലിക്കാൻ കഴിയില്ലല്ലോ എന്ന വേദന ശരീരത്തെക്കാൾ മനസിനെ നോവിച്ചു…

ആ നോവിന് മേൽ ആരുടെയൊക്കെയോ പ്രാർത്ഥനയുടെയും കണ്ണീരിന്റെയും ഫലം… അതാണ് ഞാൻ ഇന്നിവിടെ ഇങ്ങനെ നിൽക്കുന്നത്…വിധിയെ തോൽപ്പിച്ച്…

“””നിന്റെ വിശ്വാസവും… നിനക്കായ്‌ ഞാൻ തന്ന എന്റെ വാക്കും വിജയിച്ചിരിക്കുന്നു പവി…നിനക്കായ്‌ ഞാൻ തിരിച്ചു വന്നിരിക്കുന്നു…”””

അവളുടെ കാതോരം അവൻ പറഞ്ഞപ്പോൾ പല്ലവി അവന്റെ നെഞ്ചിടിപ്പിന്റെ താളം ആവോളം കേട്ട് അവന്റെ നെഞ്ചിൽ പറ്റി ചേർന്നു നിന്നു…

ഒരുപാട് സമയം ഒന്നും മിണ്ടാതെ അവർ ചേർന്നു നിന്നു… ആ മൗനവും സംസാരിക്കുകയായിരുന്നു അപ്പോൾ…
അവളെ തന്നിൽ നിന്ന് അവൻ അടർത്തി മാറ്റി..

ഷർട്ടിന്റെ പോക്കറ്റിൽ നിന്നെടുത്ത ഒരു താലി മാല അവളുടെ കണ്ണുകൾക്ക് മുന്നിൽ തൂങ്ങിയാടി…

അവർ നിന്നിരുന്നതിന്റെ തൊട്ട് പുറകിൽ സ്ഥാപിച്ചിരുന്ന മാതാവിന്റെ വലിയ പ്രതിമയ്ക്ക് മുന്നിൽ വച്ചു അവളുടെ കഴുത്തിലേക്കത് ചാർത്തുമ്പോൾ കണ്ണ് നിറച്ചു ആ കാഴ്ചയെ അനുഗ്രഹിച്ചു അവളുടെ സിസ്റ്ററമ്മയുമുണ്ടായിരുന്നു…

അവന്റെ കൈ പിടിച്ചു അവന്റെ കൂടെ അവിടെ നിന്ന് ഒരു പുതിയ ജീവിതത്തിലേക്ക് കടക്കുമ്പോൾ ആ കെട്ടിടത്തിനു പുറത്ത് നീല മഷിയാൽ എഴുതിയ വചനങ്ങൾ അവളുടെ കണ്ണുകളിൽ തെളിഞ്ഞു…

“വിദൂരത്തിൽ നിന്നു കർത്താവ് അവനു പ്രത്യക്ഷനായി അരുളിച്ചെയ്തു: എനിക്കു നിന്നോടുള്ള സ്നേഹം അനന്തമാണ്; നിന്നോടുള്ള വിശ്വസ്തത അചഞ്ചലവും…”

Leave a Reply

Your email address will not be published. Required fields are marked *