ഷാൾ
(രചന: Krishnan Abaha)
ട്രെയിൻ സ്റ്റേഷനിൽ കിതച്ചു കൊണ്ടു നിന്നപ്പോൾ അവൾ വാച്ചിലേക്ക് നോക്കി. പത്തു മണി കഴിഞ്ഞിരിക്കുന്നു. നാട്ടിലേക്കുള്ള അവസാന ബസ്സും പോയി കഴിഞ്ഞു. ഇനി റിക്ഷ തന്നെ ശരണം.
അവൾ സ്റ്റേഷനിൽ നിന്നും തിടുക്കത്തിൽ ഓട്ടോ സ്റ്റാൻഡ് ലക്ഷ്യമാക്കി നടന്നു. തണുത്ത കാറ്റിൽ നിന്നും രക്ഷ തേടി അവൾ ഷാൾ കൊണ്ടു തലമറച്ചു.
റോഡിൽ ആളൊഴിഞ്ഞു തുടങ്ങിയിരുന്നു. നഗരത്തിലെ ബാറിൽ നിന്നും ഇറങ്ങിപ്പോകുന്ന മ ദ്യപർ അവളെ തന്നെ തുറിച്ചു നോക്കി കൊണ്ടിരുന്നു.
ചിലർ അവളുടെ പിറകെ വരുന്നതായി തോന്നി. നഗരത്തിലെ മാംസ വില്പനക്കാരിയെന്നു സംശയിച്ചു കാണും.
എല്ലാ ശനിയാഴ്ചകളിലും അവൾ ജോലി കഴിഞ്ഞു നേരത്തെ സ്റ്റേഷനിൽ എത്താറുണ്ടെങ്കിലും വൈകിയെത്തുന്ന തീവണ്ടി ചതിക്കുകയാണ് പതിവ്.
ആഴ്ചയിൽ ഒരു ദിവസമെങ്കിലും വീട്ടിൽ മറ്റുള്ളവരോടൊപ്പം കഴിയാലോ എന്നു കരുതിയാണ് മണിക്കൂറുകൾ താണ്ടി വീട്ടിലേക്കു പുറപ്പെടുന്നത്.
ജോലിയിലെ ടെൻഷനിൽ നിന്നും ഇത്തിരി ആശ്വാസം. എന്നാൽ വണ്ടിയിറങ്ങിയാൽ കൂടുതൽ പ്രശ്നങ്ങൾ തന്നെ. ഒന്നാമത് ബസ് കിട്ടില്ല. പോട്ടേ എന്നു വിചാരിക്കാം.
സാമൂഹ്യ വിരുദ്ധർ നിറഞ്ഞ നഗരത്തിലൂടെയുള്ള രാത്രിയിലെ തനിച്ചുള്ള യാത്ര ഒരു യുവതിയെ സംബന്ധിച്ചോളം ദുഷ്ക്കരം തന്നെ.
ആർത്തിയോടെ നോക്കുന്ന പുരുഷന്മാർ. ഇങ്ങനെ നോക്കുന്നത് കാണുമ്പോൾ ചിലപ്പോൾ തോന്നും ഇവന്മാർക്കൊന്നും അമ്മ പെങ്ങന്മാർ ഇല്ലെന്നു. ഒറ്റപ്പെട്ട ഒരു സ്‌ത്രീ എങ്ങനെ ഈ സമൂഹത്തിൽ ജീവിക്കും.
മാംസം മണത്തു നടക്കുന്ന ചെ ന്നാ യ് ക്കൾ തലങ്ങും വിലങ്ങും. ഒരു രക്ഷയുമില്ല.
സമത്വവും നവോത്ഥാനവുമൊക്കെ വെറും വീൺവാക്കുകൾ. കു ഞ്ഞുങ്ങളെ വെറുതെ വിടുന്നുണ്ടോ. അവരെ വലിച്ചു കീറുകയല്ലേ.. എന്നിട്ടല്ലേ മറ്റുള്ളവർ..
പെട്ടെന്നു ഒരു റിക്ഷ അവളുടെ സമീപം വന്നു നിന്നു.
പെങ്ങളെ.. എങ്ങോട്ട് പോകണം ?ഞാൻ വിടാം..
മെല്ലിച്ച ശരീരമുള്ള ഓട്ടോ ഡ്രൈവർ പറഞ്ഞപ്പോൾ അവൾ രക്ഷപ്പെട്ടു എന്നു കരുതി വണ്ടിയിൽ കയറി. ശ്വാസം നേരെ വീണത് അപ്പോൾ ആയിരുന്നു. ഓട്ടോയിൽ നല്ല ഭക്തി ഗാനം അലയടിക്കുന്നുണ്ടായിരുന്നു.
ഈ നഗരം അത്ര നല്ലതല്ലെന്ന് പെങ്ങൾക്കറിയില്ലേ. വെറും തെമ്മാടികളാണ് ഇവിടെ. ആട്ടെ എവിടേക്കാണ് പോകേണ്ടത് ?
ഓട്ടോക്കാരന്റെ വിനയം നിറഞ്ഞ സംഭാഷണം അയാൾക്ക് ശക്തി പകർന്നു. അവൾ ഇറങ്ങേണ്ട സ്ഥലം പറഞ്ഞു കൊടുത്തു.
വീട്ടിലേക്കു ഫോൺ ശ്രമിച്ചപ്പോൾ അതിൽ കാശില്ലെന്നു മനസ്സിലായി. നഗരകാഴ്ചകൾ കഴിഞ്ഞു ഓട്ടോ ഇരുൾ നിറഞ്ഞ പാതയിലേക്ക് നീങ്ങിയപ്പോൾ ആണ് അവൾ വഴി ശ്രദ്ധിച്ചത്.
എനിക്ക് പോകേണ്ടുന്ന റോഡിലൂടെ അല്ല ഓട്ടോ സഞ്ചരിക്കുന്നത്. തണുത്ത കാറ്റും അവളെ അലോസരപ്പെടുത്തി.
ഏയി… നിങ്ങൾ എങ്ങോട്ടാണ് എന്നെ കൊണ്ടു പോകുന്നത്? ഇതേതാ വഴി?
അവൾ ഭയത്തോടെ ചോദിച്ചു.
അവൾക്കു കാരയണമെന്നു തോന്നി.
പെങ്ങൾ വിഷമിക്കല്ല. വേഗം വിടാം നിന്നെ. ഒരു അരമണിക്കൂർ… സഹകരിക്കു.. കാശ് എത്ര വേണേലും തരാം.
നീയൊക്കെ പൊറത്തുള്ളവർക്കേ വഴങ്ങൂ എന്നറിയാം. കുറെ കാലമായി നിന്നെ നോട്ടമിട്ടിട്ട്..
അയാളുടെ വാക്കുകൾ കേട്ടപ്പോൾ അവളുടെ ഭയം വർദ്ധിച്ചു. ഇതിൽ നിന്നും ചാടിയാലോ എന്നാലോചിച്ചു. ഓട്ടോ അമിത വേഗത്തിലാണ് പായുന്നത്.
ഞാൻ കരഞ്ഞു ബഹളം വെക്കും. അല്ലെങ്കിൽ നിർത്തിക്കോ.
ദൈവം പോലും കേൾക്കില്ല ഈ രാത്രിയിൽ. അടുത്ത ആളൊഴിഞ്ഞ വീട്ടിലെത്തുമ്പോൾ വണ്ടി നിർത്താം. ഒരു അരമണിക്കൂർ…
അയാൾ ചിരിച്ചു കൊണ്ടു പറഞ്ഞു.
എന്തു ചെയ്യണമെന്നറിയാതെ അവൾ കരഞ്ഞപ്പോൾ കഴുത്തിൽ അണിഞ്ഞ ഷാൾ അഴിഞ്ഞു നിലത്തു വീണു.
അതെടുക്കുമ്പോൾ അവളുടെ മനസ്സിലൂടെ ഒരു വെളിച്ചം കടന്നു പോയി. പിന്നെ ആലോചിച്ചില്ല. ഷാൾ ഡ്രൈവറുടെ കഴുത്തിൽ കുരുക്കായി വീണു.
ഷാൾ കൊണ്ടുള്ള കുരുക്കു മുറുക്കി ഡ്രൈവറുടെ പിന്നിലെ ഇരുമ്പ് പൈപ്പിൽ കെട്ടിയപ്പോൾ അയാൾ അലറി. പിന്നീട് ഓട്ടോ അടുത്തുള്ള പീടിക മുറിയുടെ ഷട്ടറിൽ നിയന്ത്രണം വിട്ട് ഇടിച്ചു നിന്നു.
പുറത്തേക്ക് തെറിച്ചു വീണ അവൾ അലറി വിളിച്ചു. ഇരുട്ടിനെ കീറിമുറിച്ചു കൊണ്ടുള്ള കരച്ചിൽ കേട്ടു കുറേ ടോർച്ചു വിളക്കുകൾ അവളുടെ അടുത്തേക്ക് അപ്പോൾ പാഞ്ഞടുക്കുന്നുണ്ടായിരുന്നു.

