ഇന്ദുലേഖ
(രചന: Medhini Krishnan)
“ഇന്ദു… നിനക്ക് സുഖമാണോ?”
പതിനഞ്ചു വർഷങ്ങൾക്കു ശേഷം കണ്ടു മുട്ടിയ എന്റെ പ്രിയപ്പെട്ട കൂട്ടുകാരിയോട് ഞാൻ ചോദിക്കുമ്പോൾ വർഷങ്ങൾക്ക് മുൻപ് കണ്ടുമറന്ന അതേ ചിരിയോടെ അവൾ പറഞ്ഞു.
“സുഖം.”
ഇനിയും മാറ്റം വരാത്ത ആ ചിരിയിലേക്ക് ഞാൻ അത്ഭുതത്തോടെ നോക്കി.
കാരണം വർഷങ്ങൾക്കിപ്പുറത്തേക്കു ഞാൻ അവളെ കാണുമ്പോൾ അവളുടെ വേഷം ഒരു വേലക്കാരിയുടെതായിരുന്നു.
പുതിയതായി വാങ്ങിയ വീട്ടിലേക്കു പണിക്കു ഒരാളെ വേണമെന്ന് പറഞ്ഞപ്പോൾ ആ ജോലിക്കായി മുന്നിൽ വന്നു നിന്ന രൂപം.
അതെന്റെ ഇന്ദുവിന്റെ ആയിരുന്നു.
ആ ചിരി… അത് മാത്രം മതി എനിക്കവളെ മനസ്സിലാക്കാൻ. വർഷങ്ങൾ ഇത്രയും കഴിഞ്ഞിട്ടും എന്റെ മനസ്സിൽ എപ്പോഴൊക്കെയോ വന്നു മറഞ്ഞു പോകുന്ന ചിരി.
അപ്പോഴൊക്കെ ഞാൻ വേദനയോടെ അവളെ ഓർക്കാറുണ്ട്. അതേ വേദനയോടെ ഞാൻ എന്റെ ലോകത്തേക്ക് മടങ്ങാറുമുണ്ട്.
ഇന്ന് വാതിൽ തുറന്ന് മുന്നിൽ അവളെ കണ്ടപ്പോൾ വല്ലാത്തൊരു ഞെട്ടൽ. അമ്പരപ്പ്.. ചിരിയോ കരച്ചിലോ..
ഇടറിയ സ്വരം. ലേഖ…
അമ്പരപ്പ് മാറാതെ അവൾ എന്നെ കെട്ടിപ്പിടിക്കാൻ തുനിഞ്ഞു. പിന്നെ എന്തോ ഒന്ന് ഓർത്ത് അവൾ പിന്നോക്കം മാറിയിരുന്നു.
“ഇന്ദു..” ഞാൻ പരിഭ്രമം കലർന്ന സ്വരത്തിൽ വിളിച്ചു. മുറുകെ കെട്ടിപിടിച്ചു. പഴുത്ത അയിനിച്ചക്കയുടെ സുഗന്ധം… ഓർമ്മകൾ പിന്നോട്ട് പായുകയാണ്.
ഇടവഴികളും സ്കൂളും. പിന്നെ ഓലമേഞ്ഞ അവളുടെ വീടും സ്വപ്നങ്ങളും. എന്റെ കണ്ണുകൾ നിറഞ്ഞു അവളുടെ ചുമലിൽ വീണു.
“നീയെന്തിനാ കരയുന്നെ.” അവൾ ചോദിച്ചു.
സന്തോഷം കൊണ്ടോ സങ്കടം കൊണ്ടോ.. എനിക്കറിയില്ല. അവളുടെ മുഖത്തിപ്പോഴും ആ ചിരിയുണ്ട്..
ഒരു ചിരിയിൽ നിന്നും തുടങ്ങിയ സൗഹൃദം അതൊരു വല്ലാത്ത ആത്മ ബന്ധമായി വളർന്നു. ഇന്ദുവും ലേഖയും… കുട്ടികൾ കളിയാക്കി ഇന്ദുലേഖയെന്ന് ചേർത്തു വിളിച്ചു തുടങ്ങിയപ്പോൾ മനസ്സിൽ സന്തോഷം തന്നെയായിരുന്നു.
ബെഞ്ചിൽ ഇന്ദുലേഖയെന്ന് ചേർത്തെഴുതിയിരുന്നു. അഞ്ചു വർഷം..
അഞ്ചാം ക്ലാസ്സു മുതൽ പത്താം ക്ലാസ്സു വരെ.. ഒരേ ബെഞ്ചിൽ അടുത്തടുത്തിരുന്നു.. പറഞ്ഞാലും തീരാത്ത വിശേഷങ്ങളുമായി..
ഇന്ദുവിന്റെ തെളിഞ്ഞ ചിരിക്കു പിന്നിൽ മറഞ്ഞിരുന്നത് ദാരിദ്ര്യത്തിന്റെ വേദനയാണെന്ന് അറിഞ്ഞപ്പോൾ എനിക്കന്നു വിഷമം തോന്നി..
എല്ലാ ദിവസവും ഉച്ചക്ക് ചോറു പാത്രത്തിൽ കണ്ടിരുന്ന പുളിയും ചെറിയ ഉള്ളിയും മുളകും കൂട്ടി തിരുമ്മിയതിന്റെ ഗന്ധം മൂക്കിലേക്ക് അടിച്ചു കയറുമ്പോൾ ആദ്യമെല്ലാം വായിൽ വെള്ളം തെളിയുമായിരുന്നു…
പിന്നെ പിന്നെ എല്ലാ ദിവസവും അതാവർത്തിച്ചപ്പോൾ ആ ഗന്ധത്തിന്റെ രുചി എപ്പോഴോ അരുചിയായി തോന്നി തുടങ്ങി..
ഒരു ദിവസം ഞാൻ ചോദിച്ചു.
“ഇന്ദു… നിനക്ക് ഇത്ര ഇഷ്ടമാണോ ഈ കറി..?” അവൾ ചിരിച്ചു. പിന്നെ രുചിയോടെ ഒരു ഉരുള വായിലിട്ടു ആസ്വദിച്ചു കഴിച്ചിട്ട് പറയും.
“എനിക്കിഷ്ടാ….”
എന്റെ പാത്രത്തിൽ നിന്നും ഒരു പങ്ക് അവൾക്കായി നീട്ടുമ്പോൾ ആ ചിരിക്കുള്ളിൽ ഒളിയുന്ന കാർമേഘം എപ്പോഴോ അവളുടെ കണ്ണുകളെ നനയ്ക്കാൻ ഒരുങ്ങുന്നത് പോലെ എനിക്ക് തോന്നി പോകും.
അവളുടെ ആ നനയാൻ ഒരുങ്ങുന്ന കണ്ണുകളിൽ തെളിയുന്ന അനിയന്റെ… അനിയത്തിയുടെ മുഖം..
അത് ഞാൻ ഇടയ്ക്കു തിരിച്ചറിയാറുണ്ട്.
ഒരിക്കൽ ഞാൻ ചപ്പാത്തി കഴിക്കാൻ കൊടുത്തപ്പോൾ അവൾ അത് കൈയിൽ പിടിച്ചു കുറച്ച് നേരം ഇരുന്നു..
പിന്നെ ഞാൻ കണ്ടു.. വക്ക് മുറിഞ്ഞ ആ ചോറു പാത്രം കഴുകി തുടച്ചു അവൾ അത് ഭദ്രമായി അതിൽ സൂക്ഷിച്ചു.
എന്തിനെന്നു ഞാൻ ചോദിച്ചില്ല. നീയെന്തേ കഴിക്കാഞ്ഞതെന്നും..
എനിക്കറിയാം ആ കണ്ണുകളിൽ തിളങ്ങുന്ന രണ്ടു മുഖങ്ങൾ.
അതവർക്കുള്ളതാണ്…
ഒരിക്കൽ ഇന്ദു എന്നെ വീട്ടിലേക്ക് വിളിച്ചു. സ്കൂളിൽ നിന്നും കുറച്ചകന്ന് തിരിയുന്ന നീണ്ട ഇടവഴി അവസാനിക്കുന്നയിടം… ആ ഇടവഴിയുടെ ഓരങ്ങളിൽ നിറയെ അയിനി മരങ്ങളുണ്ടായിരുന്നു.
ഇടവഴിയിൽ വീണു കിടക്കുന്ന അയിനി ചക്കകൾ. എന്തോ അതിന്റെ ഒരു ഗന്ധം എനിക്ക് വല്ലാത്ത ഇഷ്ടമായിരുന്നു. നിലത്തു വീണുടയാത്ത പഴുത്ത അയിനി ചക്കയുടെ ചെറിയ ചുളകൾ എനിക്കവൾ കൊണ്ടു വന്നു തരും..
അന്ന് എനിക്ക് ഏറ്റവും പ്രിയം എന്തെന്ന് ചോദിച്ചാൽ അത് തന്നെയായിരുന്നു.. അന്ന് ആ ഇടവഴി അവസാനിക്കുന്നയിടം… അവളുടെ ഓല മേഞ്ഞ ചെറിയ ആ വീട് എന്നിൽ വല്ലാത്തൊരു നൊമ്പരമുണർത്തി..
മുറ്റത്ത് കുറേ ഓലകൾ കൂട്ടിയിട്ടിരുന്നു. അതിനിടയിൽ ഇരുന്നു ഓല മെടയുന്ന അവളുടെ അമ്മ… എന്നെ കണ്ടപ്പോൾ ചിരിയോടെ എന്റെ അടുത്തേക്ക് ഓടി വന്നു.
“അമ്മേ… ലേഖ…” ഇന്ദു പറഞ്ഞപ്പോൾ അമ്മ എന്നെ നോക്കി. ‘ഇന്ദു എപ്പോഴും പറയും മോളെപ്പറ്റി… മോൾക്കിപ്പോ എന്താ തരാ…”
ആ അമ്മയുടെ കണ്ണുകൾ തെല്ലു പരിഭ്രമത്തോടെ അകത്തേക്ക് പാഞ്ഞു.. പിന്നെ മുറ്റത്ത് നിൽക്കുന്ന അരിനെല്ലി മരത്തിലേക്ക് നോക്കി.. ഒരു ചേമ്പില താള് പറിച്ചെടുത്തു അതിൽ നിറയെ അരിനെല്ലിക്ക പറിച്ചെടുത്തു എന്റെ നേർക്കു നീട്ടി..
ഞാനതു വാങ്ങി.. മുറ്റത്ത് ഓടി കളിക്കുന്ന അവളുടെ അനിയത്തിയും അനിയനും. എന്റെ കയ്യിലിരുന്ന അരിനെല്ലിക്കയിൽ നിന്നും ഒരു പുളിയുറുമ്പു കൈകളിൽ കയറി ഇറുക്കി. ഉള്ളിലെവിടെയോ വേദനിച്ചതുപോലെ..
ഇന്ദുവിനോട് യാത്ര പറഞ്ഞു ഞാൻ ആ ഇടവഴിയിലൂടെ നടന്നു.. അങ്ങനെ നടക്കുമ്പോൾ എന്തോ എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു..
ഒരിക്കലും… ഒരിക്കലും.. ഞാൻ എന്റെ വീട്ടിലേക്ക് അവളെ വിളിക്കില്ല…
എന്റെ വീടിന്റെ മിനുസമുള്ള തറയിൽ അവളുടെ കാലുകൾ പതിഞ്ഞാൽ ഒരു പക്ഷേ അവൾക്ക് വേദനിക്കും..
ദാരിദ്ര്യത്തിന്റെ വേദന.
ഇന്ദു ഒരിക്കൽ പോലും അവളുടെ വീട്ടിലെ ദാരിദ്ര്യത്തെ പറ്റി എന്നോട് പറഞ്ഞിട്ടില്ല. അവൾ പറയും. എനിക്ക് പഠിക്കണം… പഠിച്ചു ജോലി കിട്ടിയിട്ട് വേണം അച്ഛനെയും അമ്മയെയും വീട്ടിലിരുത്താൻ…
അത് പറയുമ്പോഴും അവൾ ചിരിക്കും..
സ്കൂളിലേക്ക് നടന്നു പോകുന്ന വഴിയരുകിലെ വലിയ രണ്ടു നില വീട്ടിലേക്ക് വിരൽ ചൂണ്ടിയിട്ടു ഇന്ദു പറയും..
അത് പോലെ വലിയൊരു വീട് വയ്ക്കണം.. അതിൽ ഞാനും അച്ഛനും അമ്മയും അനിയത്തിയും അനിയനും… ന്നിട്ട് സുഖായി ജീവിക്കണം.. അവൾ പറയുമ്പോൾ അവളുടെ സ്വപ്നങ്ങൾ സത്യമാകട്ടെ എന്നും ഞാനും പ്രാർത്ഥിച്ചിരുന്നു.
പത്താം ക്ലാസ്സ് കഴിഞ്ഞപ്പോൾ അച്ഛന്റെ കൂടെ മുംബൈക്ക് പോകേണ്ടി വന്നു. അവിടെ ഠാക്കുർളിയിലെ ത്രിഭുവൻ അപ്പാർട്മെന്റിലായി ജീവിതം. നാട്ടിൽ ഇടയ്ക്കു വരുമ്പോൾ അവളെ അന്വേഷിക്കുമായിരുന്നു.
അന്ന് വീട് വിറ്റു താമസം മാറിയെന്നറിഞ്ഞപ്പോൾ സങ്കടം തോന്നി. എന്നാലും അവളെ ഓർക്കുമായിരുന്നു.. അവസാന ദിവസം പിരിയുമ്പോൾ അവളെന്നെ കെട്ടിപിടിച്ചു. കവിളിൽ അമർത്തി ഉമ്മ വച്ചു.
“നീയെന്നെ മറക്കോടി”.. കരഞ്ഞിട്ടാണ് അവൾ ചോദിച്ചത്. മറുപടി.. എന്റെ കണ്ണുകളിലെ നീരിൽ അവൾ തളം കെട്ടി നിന്നു. ആ വിയർപ്പു പൊടിഞ്ഞ എണ്ണമയമുള്ള മൂക്കിൻ തുമ്പിൽ ഞാനൊന്നു നുള്ളി നോവിച്ചു. മറക്കാതിരിക്കാൻ.. എന്റെ പ്രിയപ്പെട്ട കൂട്ടുകാരി..
ഇപ്പോൾ ഇവിടെ മുഷിഞ്ഞ വേഷത്തിൽ ഒരു വേലക്കാരിയുടെ രൂപത്തിൽ അവളങ്ങനെ.. എന്റെ ഉള്ളൊന്നു പിടഞ്ഞു.
ഞാൻ ഒന്നും അവളോട് ചോദിച്ചില്ല..
പാതി വഴിയിൽ ഉപേക്ഷിച്ചു കളഞ്ഞ സ്വപ്നങ്ങളുടെ ശവകുടിരം.. മണ്ണ് മാറ്റിയാൽ അവശേഷിക്കുന്ന ദാരിദ്ര്യത്തിന്റെ അസ്ഥികൂടം…
കാണുക വയ്യ. കേൾക്കുക വയ്യ.
എന്നിട്ടും ഇന്ദു പറഞ്ഞു.
“അച്ഛൻ മരിച്ചപ്പോൾ അമ്മ ഞങ്ങളെ കൂട്ടി ആലപ്പുഴയ്ക്ക് പോയി.. അമ്മേടെ വീട്ടില്.. പിന്നെ… അവളുടെ മുഖത്തെ ചിരി മാഞ്ഞു.. ഒന്നും ശരിയായില്ല.. ആരും നേരയായില്ല. ഞാനും… അനിയനും.. അനിയത്തിയും..
“ഒരു ആൺകുട്ടിണ്ട് നിക്ക്.
ഭർത്താവ്..” അവളൊന്നു നിർത്തി.. പുറത്തെ ഇരുണ്ടു വരുന്ന മഴയിലേക്ക് നോക്കി. ” ഒരു ദിവസം എന്നെ വേണ്ടാന്നും പറഞ്ഞു അയാൾ പോയി. മോനെ പഠിപ്പിക്കണം. ന്റെ സ്വപ്നങ്ങളൊക്കെ മോൻ നടത്തും..” ഇടറിയ സ്വരം.
അവളുടെ കണ്ണുകളിൽ തെളിഞ്ഞു വരുന്ന സ്വപ്നത്തിന്റെ ആഴങ്ങളിലേക്ക് ഞാനൊന്നു നോക്കി പോയി. പഴയ ഇന്ദു… അതേ ഭാവം. ഞാൻ കേട്ടിരുന്നു.. എന്നെ പറ്റി ഒന്നും അവൾ ചോദിക്കാതിരിക്കട്ടെ..
“നിനക്ക് ഞാനെന്താ തരാ ഇന്ദു… ” അവൾ എന്റെ മുഖത്തേക്ക് നോക്കിയില്ല.. വീടിനുള്ളിൽ കണ്ണോടിച്ചു.
“ജോലി വേണം. ഞാൻ എന്നും വന്നോളാം.. അടിച്ചുവാരലും പാത്രം കഴുകലും എല്ലാം ചെയ്യാം.” അവൾ മടി കൂടാതെ പറഞ്ഞെങ്കിലും എന്റെ മനസ്സിനെ എന്തോ വേദനിപ്പിച്ചു കൊണ്ടിരുന്നു.
“നീ എന്റെ വീട്ടിൽ… പാതിയിൽ നിർത്തി.. എന്റെ സ്വരം ഇടറി.. കരച്ചിൽ വരുന്നു.
അവൾ ചിരിച്ചു കൊണ്ട് എന്റെ കൈകളിൽ പിടിച്ചു. ” എനിക്കില്ലാത്ത വിഷമം നിനക്കെന്തിനാ… ഇതൊരു മോശം ജോലിയായിട്ട് എനിക്ക് തോന്നണില്ല..
ഓരോരുത്തർക്കും ഓരോന്ന് പറഞ്ഞിട്ടുണ്ട്. എനിക്ക് പറഞ്ഞിട്ടുള്ളത് ഇതാ.. ഞാനിതു ചെയ്യുന്നുണ്ട്.. സന്തോഷത്തോടെ.. ”
അവൾ പറഞ്ഞിട്ടും എന്റെ മനസ്സിലെ നൊമ്പരം മാറിയില്ല. ഞാൻ നോക്കുമ്പോൾ അവൾ ജോലി തുടങ്ങിയിരുന്നു. പോകാൻ നേരം ഞാനവൾക്കു ഒരു പ്ലേറ്റിൽ വറുത്ത അണ്ടിപരിപ്പും ചായയും കൊടുത്തു.
അവൾ അതിൽ ഒന്നെടുത്തു കൈയിൽ പിടിച്ചിരുന്നു. ആ കണ്ണുകളിൽ തിളങ്ങുന്ന അവളുടെ മകന്റെ മുഖം.
പഴയ ഒരു കാഴ്ച.
ഞാൻ ഒരു പാത്രമെടുത്തു അതിൽ നിറയെ അണ്ടിപ്പരിപ്പ് നിറച്ചു അവൾക്ക് കൊടുത്തു.. പിന്നെ വാങ്ങി വച്ചിരുന്ന പലഹാരങ്ങൾ എന്തൊക്കെയോ ഒരു കവറിലിട്ടു അവളുടെ കൈയിൽ കൊടുത്തു.
“മോന് കൊടുക്കണം. അവനെയും കൂട്ടി വരണം.”
അവളതു വാങ്ങി.. ആ കണ്ണുകൾ നിറയാൻ തുടങ്ങുന്നത് ഞാൻ കണ്ടു.
“വേണ്ട.. നീ കരയരുത്.. നിന്നെ ചിരിച്ചു കാണാനാ എനിക്കിഷ്ടം. “ഇന്ദു കണ്ണുകൾ തുടച്ചു.. പതിയെ ഇടറിയ സ്വരത്തിൽ എന്നോട് ചോദിച്ചു.
“ലേഖാ… നിനക്ക് സുഖല്ലേ.. നിന്റെ ഭർത്താവ്.. കുട്ടികൾ.. “ഒരിക്കലും അവൾ ചോദിക്കരുതേയെന്ന് ആഗ്രഹിച്ചിരുന്ന ചോദ്യം.
ഉള്ളൊന്നു പിടഞ്ഞു. അവൾ തുടച്ചിട്ട വൃത്തിയുള്ള മാർബിളിന്റെ തറയിലേക്ക് നോക്കി ഞാൻ നിന്നു.
മറുപടിയില്ല.
ലേഖാ.. അവൾ വീണ്ടും വിളിച്ചു.
സുഖാണ്… പരുപരുത്ത സ്വരം.
അത് എന്നിൽ നിന്നായിരുന്നോ… അല്ലെന്നു തോന്നി. എന്റെ മൗനം.
“ഞാൻ നാളെ വരാം.” അവൾ പോകാൻ മടിക്കുന്ന പോലെ തോന്നി. ഒരു നിമിഷം നിന്നിട്ട് അവൾ പുറത്തേക്കു നടന്നു.
കണ്ണാടിക്ക് മുന്നിലെ എന്റെ രൂപത്തിലേക്ക് നോക്കി ഞാൻ സ്വയം ചോദിച്ചു. ലേഖാ… നിനക്ക് സുഖമാണോ?
എവിടെയോ തട്ടി തെറിച്ചു തന്നിലേക്ക് തിരിച്ചെത്തിയ ആ വാക്കുകൾക്ക് മൂർച്ച തോന്നി.. മേശപ്പുറത്തെ ഊരി വച്ചിരുന്ന നേർത്ത താലിമാല കയ്യിലെടുത്തു..
“നമുക്ക് ഒരുമിച്ചു ജീവിക്കാൻ ഒരു താലിയുടെ സംരക്ഷണം വേണോ? കടലാസ്സിൽ എഴുതി പിടിപ്പിച്ച രേഖയുടെ ബലം വേണോ?
അഞ്ചു വർഷത്തെ പ്രണയത്തിനൊടുവിൽ വിവാഹത്തെ കുറിച്ച് പറഞ്ഞപ്പോൾ വിഷ്ണുവിന്റെ പരിഭവം നിറഞ്ഞ സ്വരം.. തനിക്കു നിർബന്ധമായിരുന്നു.. വേണം.. ഒരു പെണ്ണിന്റെ ഏറ്റവും വലിയ സ്വപ്നമാണത്. സ്നേഹിച്ച പുരുഷന്റെ കൈകൊണ്ടു കഴുത്തിൽ താലി വീഴുന്ന ആ നിമിഷം..
ഒടുവിൽ അങ്ങനെയൊരു താലി കഴുത്തിൽ വീണപ്പോൾ ജീവിതം പൂർണ്ണമായി എന്നു തന്നെ തോന്നി .
പക്ഷേ അതൊരു വെറും തോന്നൽ മാത്രയിരുന്നു..
അപൂർണമായ ജീവിതത്തിന്റെ തുടക്കം..
അതായിരുന്നു അത്. അർത്ഥം മാറി തുടങ്ങിയിരുന്നു. പ്രണയത്തിന്റെ… ജീവിതത്തിന്റെ…. പ്രണയാതുരയായ കാമുകിയിൽ നിന്നും ഭാര്യയിലേക്കുള്ള ദൂരം ഏറെയായിരുന്നു…
കൈയെത്തി പിടിക്കാൻ ശ്രമിച്ചിട്ടും അകന്നു പോകുന്ന എന്തോ ഒന്ന്.
“നിനക്ക് കാമുകിയുടെ വേഷമേ ചേരൂ…ഭാര്യയുടെ വേഷം നിനക്ക് നന്നല്ല ലേഖ… ”
വിഷ്ണു പറഞ്ഞപ്പോൾ അതിന്റെ അർത്ഥം അറിയാതെ നടുങ്ങി..
പ്രണയത്തിന്റെ മുഖം വികൃതമായി… അവിടെ ചോരയൊലിക്കുന്ന ഒരു മുറിപ്പാട്… അഴുകിയ ര ക്ത ത്തിന്റെ ദുർഗന്ധം..
പ്രണയം ഓടയിൽ ചീഞ്ഞു നാറി…
അതിന്റെ ദുർഗന്ധം… ശരീരത്തിനെയും മനസ്സിനെയും തളർത്തി… ഭ്രാന്ത് പിടിപ്പിച്ചു…
പ്രണയത്തിന്റെ മനോഹര വർണ്ണങ്ങൾ സമ്മാനിച്ച മഴയുടെയും മഞ്ഞിന്റെയും നിലാവിന്റെയും നിറം വിളറി വെളുത്തിരുന്നു .
പ്രണയത്തിലെ പൊരുത്തങ്ങൾ വിവാഹജീവിതത്തിൽ പൊരുത്തക്കേടുകൾ ആകുന്നതു ഒരു കാഴ്ചക്കാരിയായി നോക്കി നിന്നു. ഒരു ദിവസം വിഷ്ണു പറഞ്ഞു..
ലേഖാ നമുക്ക് പിരിയാം.
നമ്മൾ പരസ്പരം മുറിവേൽപ്പിച്ചിട്ടില്ലെന്നു ഓർത്ത് ആശ്വസിക്കാം. നമ്മൾ പരസ്പരം പ്രണയിച്ചിരുന്നുവല്ലോയെന്നോർത്തു സന്തോഷിക്കാം..
ഇനി.. എവിടെയെങ്കിലും വച്ചു നമ്മൾ കണ്ടുമുട്ടിയാൽ എവിടെയോ കണ്ടുമറന്ന മുഖം എന്നോർത്ത് നമുക്ക് നടന്നകലാം..
എന്നിട്ടും… എന്നിട്ടും എനിക്കുള്ളിൽ നീയും നിനക്കുള്ളിൽ ഞാനും മരിച്ചിട്ടില്ലെങ്കിൽ നമുക്ക് പരസ്പരം പ്രണയിക്കാം… ബന്ധങ്ങളില്ലാതെ… ബന്ധനങ്ങളില്ലാതെ… നമുക്ക് സ്വതന്ത്രമായി പ്രണയിക്കാം..
പറഞ്ഞതിന്റെ പൊരുളറിയാതെ മിഴികൾ നിറഞ്ഞു നിന്നപ്പോൾ വിഷ്ണു എന്റെ കഴുത്തിലെ ആ താലി മാല ഊരി മാറ്റിയിരുന്നു..
“ഇതൊരു ഭാരമായിരുന്നു.. എനിക്കും നിനക്കും.. ”
എന്റെ കൈകളിൽ അത് ഏൽപ്പിച്ചു… നെറ്റിയിൽ അമർത്തി ചുംബിച്ചിട്ടു വിഷ്ണു പറഞ്ഞു..
“ഞാനിപ്പോഴും നിന്നെ പ്രണയിക്കുന്നു. ”
പിന്നെ തിരിഞ്ഞു നോക്കാതെ മെല്ലെ നടന്നകന്നു… നിശ്ചലയായി നിൽക്കുമ്പോൾ ഞാനറിഞ്ഞു എന്റെ കണ്ണുനീരിനു കയ്പ് രസം..
പ്രണയത്തിന്റെ കയ്പു രസം.. പാതി ചത്ത പ്രണയത്തിന്റെ ആത്മാവും പേറി അയാൾ പോയി.. ഞാൻ തനിച്ചായി..
നേർത്ത സ്വർണ്ണ നൂലിലെ ആ താലിയും നോക്കി എത്ര നാൾ.
പിന്നിൽ ആരുടെയോ നിഴൽ. ഇന്ദുവിന്റെ നിറഞ്ഞ കണ്ണുകൾ മുന്നിൽ. “നീ പോയില്ലേ.”? അവളെന്റെ കണ്ണുകളിലേക്കു സൂക്ഷിച്ചു നോക്കി.
“നീ കരയുകയാണെന്നു എനിക്കു തോന്നി. അതാ തിരികെ..”
ഉള്ളിൽ അടക്കി നിർത്തിയിരുന്ന നീർചാലുകൾ പൊട്ടിയൊഴുകുകയാണ്. ഞാൻ കരഞ്ഞു. അവളുടെ വിയർപ്പിന്റെ ഗന്ധമുള്ള ശരീരത്തിലേക്ക് ഞാൻ എന്റെ കണ്ണുകളെ തുറന്നു വിട്ടു.
തറയിൽ അവൾക്കരുകിലിരുന്നു ഞാൻ.”ഇഷ്ടപ്പെട്ട പുരുഷന്റെ താലിക്കു വേണ്ടി എല്ലാം ഉപേക്ഷിച്ചു ഇറങ്ങി തിരിച്ചു വിണ്ഡിവേഷം കെട്ടിയവൾ.
ഒടുവിൽ ആ താലിക്കുള്ളിലെ പ്രണയത്തെ അഴുക്കുചാലിൽ ഉപേക്ഷിച്ചു കടന്നു പോയൊരാൾ. നഷ്ടങ്ങൾ എനിക്ക് മാത്രമായിരുന്നു.
ഒരു ജോലിയുള്ളതു കൊണ്ടു ജീവിക്കാം. അല്ലാതെ ഒന്നുമില്ലെടി എനിക്കും. ഞാൻ ശരിക്കും ഒറ്റക്കായി.”
ഇന്ദു എന്നെ ചേർത്തു പിടിച്ചു.
“പഠിക്കുമ്പോൾ നമുക്ക് ഇത്രയും സങ്കടം ഒന്നുമില്ലായിരുന്നൂല്ലേ.” എന്തൊക്കെയോ സ്വപ്നങ്ങളും ഉണ്ടായിരുന്നു. ഇപ്പൊ ഒന്നൂല്യ. നമ്മള് രണ്ടാളും. ഒരുപോലെ.
അയാള് എന്നെ ഉപേക്ഷിച്ചു പോയപ്പോ കുറെ കരഞ്ഞു. പിന്നെ ഞാൻ എന്തിന് കരയണം. അങ്ങനെ തോന്നി. നീ കരയല്ലേ. നിക്ക് സഹിക്കില്ല. അവൾ ഇടറിയ സ്വരത്തിൽ പറഞ്ഞു. പിന്നെ മെല്ലെ എന്റെ ചുമലിൽ തട്ടി കൊണ്ടിരുന്നു.
ചുമരിൽ ചാരി ഞാൻ അവളെ നോക്കിയിരുന്നു.”നിനക്കോർമ്മയുണ്ടോ ഇന്ദു. ആ പഴയ കാലം. അയിനിചക്ക വീണു കിടക്കുന്ന ഇടവഴികൾ. ഒരു കുടകീഴിൽ നമ്മൾ നനഞ്ഞു തീർത്ത മഴകൾ. നിന്റെ വീട്ടുമുറ്റത്തെ അരിനെല്ലിക്കയുടെ രുചി.
സ്കൂളിന്റെ മുറ്റത്തെ ആ വലിയ തടിച്ച മാവിന്റെ പുറത്തു ആ പേര് ഇപ്പോഴും ഉണ്ടാവോ. ഇന്ദുലേഖ..നീയാ കല്ല് കൊണ്ട് കോറിയിട്ടേ. എന്നെങ്കിലും വലിയ ആളായി തിരിച്ചു വരുമ്പോൾ ഈ പേര് ഇവിടെ കാണണംന്നു പറഞ്ഞു. അല്ലേ.”
ഞാൻ പറഞ്ഞപ്പോൾ അവൾ എന്റെ അടുത്തില്ലെന്നു തോന്നി. ദൂരെ ആ സ്കൂൾ മുറ്റത്ത്.. ഇടവഴികളിൽ.. ഉപ്പും മുളകും പുളിയും കൂട്ടി തിരുമ്മിയ ചോറിന്റെ ഓർമ്മകളിൽ.
പെട്ടന്ന് അവൾ വിടർന്ന മിഴികളോടെ എന്റെ കൈകളെ ചേർത്തു പിടിച്ചു. ലേഖാ… നമുക്ക് അവിടെ വരെയൊന്നു പോയാലോ. എന്നെയൊന്നു കൊണ്ടോവോ നീ. അന്ന് വീട് വിറ്റു പോയ ശേഷം ഒരിക്കലും പോയിട്ടില്ല അവിടെ. എനിക്ക് പോണം.
അവിടെ ആ വഴികളിലൂടെ നിന്റെ കൈ പിടിച്ചു ഇനിയും നടക്കണം. ആ ഒരു ആഗ്രഹമെങ്കിലും.. അവളുടെ ഇടറിയ സ്വരത്തിലേക്ക് ഞാൻ മിഴിച്ചു നോക്കി. നഷ്ടപ്പെട്ടത് എന്തൊക്കെയോ തിരിച്ചു കിട്ടുന്നത് പോലെ.
പതിനഞ്ചു വയസ്സിൽ എത്തി നിൽക്കുന്ന രണ്ട് പെൺകുട്ടികൾ. അവരുടെ സ്വപ്‌നങ്ങൾ. കൈയിൽ മുറുകെ പിടിച്ചിരുന്ന താലിയെടുത്തു മേശപ്പുറത്തു വച്ചു.” ഞാൻ ആർക്കു വേണ്ടി കരയണം. കാത്തിരിക്കണം.
വെറുതെ ഞാൻ എന്തിന് എന്റെ ജീവിതം കളയുന്നെ. നമുക്ക് പോകാം അവിടെ.. അവിടെ മാത്രമല്ല എല്ലായിടത്തും. കാണാൻ ആഗ്രഹിക്കുന്ന എല്ലാം നമുക്ക് കാണണം.”ഞാൻ അവളുടെ മുഖം ചേർത്തു പിടിച്ചു.
“നീ… നിന്റെ മോനെ കൂട്ടി ഇവിടെ വന്നു താമസിക്കോ. എന്റെ കൂടെ. എനിക്ക് ഒറ്റക്കിനി വയ്യടി. “ഞാൻ കരയാൻ തുടങ്ങിയിരുന്നു. അവൾ കേട്ടത് വിശ്വസിക്കാനാവാതെ ഒരു നിമിഷം നിന്നു. അന്ന് എപ്പോഴോ പറഞ്ഞ ഒരു ആഗ്രഹം.
“വലുതാവുമ്പോൾ നമ്മൾ കല്യാണം കഴിച്ചു പോണത് അടുത്തടുത്ത വീട്ടിലായിരുന്നെങ്കിൽ.. എനിക്ക് എന്നും നിന്നെ കാണാലോ ലേഖാ..”
“നീ വരോ ഇന്ദു…” ഞാൻ വീണ്ടും ചോദിച്ചു. ചേരിയിലെ ആ ചെറിയ വാടക വീട്. ഉറക്കമില്ലാത്ത.. സുരക്ഷിതമല്ലാത്ത.. രാത്രികളും. അവൾ തലയാട്ടി.
ഞാൻ അവളെ കെട്ടിപിടിച്ചു. കവിളത്തും നെറ്റിയിലും ഉമ്മ വച്ചു.
“നമുക്ക് പോണം. കാണാൻ പറ്റില്ലെന്ന് കരുതിയതെല്ലാം കാണണം. നമ്മൾ അന്ന് സംസാരിച്ചു തീരാതെ പാതി വഴിയിൽ നിർത്തിയതെല്ലാം ഇനിയും പറയണം.”
പുറത്തു മഴ പെയ്തു തുടങ്ങിയിരുന്നു.. മണ്ണിനെ പൊതിഞ്ഞു പുൽകിയ അഗ്നിയുടെ മാറിലേക്ക് മഴയുടെ ശരവർഷം.
ഞാൻ അവളെയും കൊണ്ടു പുറത്തിറങ്ങി. വർഷങ്ങൾക്ക് ശേഷം ഒരുമിച്ചു നിന്നു ആ മഴയങ്ങനെ നനയുമ്പോൾ.. ഞങ്ങൾ ഉറക്കെ ചിരിച്ചു. പതിനഞ്ചു വയസ്സുള്ള രണ്ടു പെൺകുട്ടികളുടെ സ്വപ്‌നങ്ങളിലേക്ക്..
വീണ്ടും ഒരു പുതിയ യാത്ര തുടങ്ങുകയാണ്.. ഞാനും പിന്നെ എന്റെ ഇന്ദുവും..

