വിഷ്ണുവിന്റെയും മേഖയുടെയും വിവാഹം കുഞ്ഞുനാളിലെ പറഞ്ഞു വച്ചിരിക്കുന്നതാ..

അഞ്ജലി
(രചന: Nithya Prasanth)

ശാന്തഗംഭീരമായ അന്തരീക്ഷത്തിൽ പടിപ്പുരയും പത്തായപ്പുരയും നാലുകെട്ടും ഒക്കെയായി പ്രൗഡിയോടെയും തനിമയോടെയും തലയുയർത്തി നിൽക്കുന്ന ദേശമംഗലം മന.

അവിടെയ്ക്ക് അഞ്‌ജലിയോടും വിജയാനന്ദ പ്രഭുവിനോടുമൊപ്പം വിഷ്ണുവിന്റെ കാർ പടിപ്പുര കടന്നു വന്നു.

വല്യ ഏടത്തിയാണ് ആദ്യം പുറത്തേക്ക് വന്നത്. ഇത്തവണ തന്റെ കൂടെ ഒരുമിച്ചു ജോലി ചെയ്യുന്ന രണ്ടു പേർകൂടെ ഉണ്ടെന്ന് വിഷ്ണുഅറിയിച്ചിരുന്നു.
ബോസ് എന്നൊക്കെ പറഞ്ഞപ്പോൾ കുറച്ചു കൂടി പ്രായം പ്രതീക്ഷിച്ചു.

ഇതിപ്പോൾ അവനെക്കാൾ പ്രായം കുറഞ്ഞ ഒരു പെൺകുട്ടി. ഏട്ടത്തി ചിന്തിച്ചു. അഴിച്ചിട്ട നീളൻ മുടിയും അത്യാവശ്യം ഉയരം ഒക്കെയുള്ള ഒരു സുന്ദരി. ഏടത്തി അവളെ ഒന്ന് നോക്കി.

“എന്തൊക്കെയുണ്ട് ഏടത്തി വിശേഷങ്ങൾ? ഇത്തവണ ഉത്സവത്തിന് ഞാൻ എത്തുമെന്ന് പറഞ്ഞിട്ട് വാക്ക് പാലിച്ചുട്ടോ…” വിഷ്ണു സന്തോഷത്തോടെയാണത് പറഞ്ഞത്.

“പിന്നെ നീയില്ലാതെ ഇവിടെ ഏതെങ്കിലും ആഘോഷം പൂർണമാകുമോ? “ഒരു മറുചോദ്യം ചോദിച്ചു ഏടത്തി സന്തോഷത്തോടെ എല്ലാവരെയും അകത്തേക്ക് സ്വീകരിച്ചിരുത്തി.

സിവിൽ സർവീസ് ജൂനിയർ അഡ്മിന്സ്ട്രേറ്റീവ് ഓഫീസർ ഗ്രേയ്ഡിൽ ൽ ഉള്ള ആളാണ് അഞ്ജലി വിശ്വനാഥൻ. വിഷ്ണുവും പ്രഭുവും അസിസ്റ്റസ്ൻസ് തസ്തികയിലുള്ളവരും.

നാട്ടിലെ മഹാദേവക്ഷേത്രത്തിൽ ഉത്സവം ആണ്. രണ്ടു ദിവസത്തെ ഒഴിവിന് “വരുന്നോ” എന്ന വിഷ്ണുവിന്റെ ഒറ്റ ചോദ്യത്തിന്റെ പുറത്താണ് അഞ്ജലി ആ ക്ഷണം പ്രതീക്ഷിച്ചിരുന്നപോലെ “യെസ് “മൂളി പുറപ്പെട്ടത്.

കൂടെ എന്തിനും ഏതിനും കൂടെ ഉള്ള പ്രഭുവിനെയും നിർബന്ധിച്ചു കൂട്ടി.

വിഷ്ണുവിന്റെ അച്ഛന്റെ അകന്ന ഒരു ബന്ധു കൂടിയാണ് പ്രഭു. അങ്കിൾ കൂടി ഉണ്ടെങ്കിൽ വീട്ടിൽ നിന്നും പെർമിഷൻ കിട്ടാൻ എളുപ്പം ഉണ്ടെന്ന് അഞ്ജുവിന് അറിയാം.

ഒരുപാട് ആളുകൾ ഉള്ള ഒരു കൂട്ടുകുടുംബം ആണ് വിഷ്ണുവിന്റേത്. രണ്ടു ഏട്ടന്മാർ, അവരുടെ ഭാര്യമാർ, അപ്പ, അമ്മ, മുത്തശ്ശി,മൂത്ത ഏട്ടന്റെ രണ്ടു കുട്ടികൾ. എല്ലാവരെയും വിശദമായി പരിചയപ്പെട്ടു.

എല്ലായിടവും ചുറ്റിനടന്ന് കണ്ടു. ചുമരുകളിൽ ധരാളം കൊത്തുപണികൾ ഉള്ള പഴയ ഒരു ഇല്ലം. നിറയെ അലങ്കാര പണികളുള്ള മരത്തടിയിൽ തീർത്ത ഉപകരണങ്ങൾ,

നാലുകെട്ടിനു നടുവിലെ തുളസിതറയും വിശാലമായ മുറ്റവും വലിയ പറമ്പും നിറയെ മരങ്ങളും ഒക്കെയായി പുതിയൊരു അനുഭവം ആയിരുന്നു. അടുക്കളയിൽ നിന്നും കോരിയെടുക്കാം എന്ന രീതിയിലുള്ള കിണറുണ്ട്. അങ്ങനെ ഒന്ന് ആദ്യമായാണ് അവൾ കാണുന്നത്.

ഉച്ചയ്ക്ക് ഗംഭീര സദ്യതന്നെ ആയിരുന്നു .വിഷ്ണുവിനും പ്രഭുവിനും ഒപ്പമിരുന്നാണ് കഴിച്ചത്.

ആവശ്യനുസരണം കറികളൊക്ക തന്റെ ഇലയിലേക്കിട്ടു നിർബന്ധിപ്പിച്ചു കഴിപ്പിക്കുന്നത് കണ്ട് “നിനക്കിതൊക്കെ അറിയാമോ “എന്ന് ചെറിയ ഏട്ടൻ വിഷ്ണുവിനോട് കളിയാക്കി ചോദിക്കുന്നത് കണ്ടു.

കുട്ടികളുടെ കൂടെ കളിയും തമാശ പറയലും അങ്കിളിന്റെ വീരവാദവും ഒക്കെയായി നേരം പോയത് അറിഞ്ഞതേയില്ല. സ്നേഹ വാത്സല്യത്തോടെ ആണ് എല്ലാവരും തന്നോട് സംസാരിക്കുന്നത്.

അമ്മയ്ക്കാണെങ്കിൽ കുറെ നാളെത്തി മകനെ അടുത്ത് കിട്ടിയപ്പോൾ യാശോദയ്ക്ക് ഉണ്ണിക്കണ്ണനെ അടുത്ത് കിട്ടിയ സന്തോഷം ആയിരുന്നു.

വൈകുന്നേരം ഏടത്തിമാരോടൊപ്പം കുളത്തിൽ പോയി നീന്തിക്കുളിച്ചു….. മുടിയിലൊക്കെ എണ്ണതേച്ചു ഷാംപൂ വിനു പകരം താളിയൊക്കെ തേച്ച് ….. കളഭാഭിഷേകം എന്ന പേരിലറിയപ്പെടുന്ന ത്രി കലശാട്ടത്തോടെ ഉത്സവം സമാപിക്കുന്ന ദിവസമാണെത്രെ ഇന്ന് .

ചെറിയേടത്തി തന്ന ഒരു ദാവണിയും അമ്മ തന്ന മാലയും വളയും ഒക്കെ അണിഞ്ഞ് മുറിയിലെ നി ല്ല കണ്ണാടിയിൽ നോക്കി. ഇപ്പോൾ നല്ല രസമുണ്ട് കാണാൻ. ശരിക്കും ഒരു നാടൻ പെൺകുട്ടിയായി. ഇതുപോലുള്ള നാടും ഇല്ലവും ഒക്കെ കേട്ടിട്ടേയുള്ളു.

പട്ടണത്തിൽ ജനിച്ചുവളർന്ന തനിക്ക് ഇങ്ങനെ ഒരു ഭാഗ്യം കിട്ടാതെ ആയല്ലോ. ശരിക്കും നഷ്ട ബോധം തോന്നി. എന്തു രസമാണ് ഇവിടം..ഈ ഗ്രാമവും നിഷ്കളങ്കരായആളുകളും…. ശരിക്കും വിഷ്ണുവിനോട് ചെറിയൊരു അസൂയ തോന്നി..

പിന്നെ തന്നെ ശ്രദ്ധിക്കണമെന്ന് എല്ലാവരോടും പറഞ്ഞു ഏല്പിച്ചിരിക്കുകയാണ് വിഷ്ണു. താൻ എന്താ ചെറിയ കുട്ടി വല്ലതും ആണോ? ഇവിടുത്തെ പരിസരം ഒന്നും പരിചയം ഇല്ലാത്തത് കൊണ്ടാണെത്രെ.

“അഞ്ചു..തന്നെ വീട്ടുകാർ ഇങ്ങനെ തലയിൽ കയറ്റിവച്ചതുകൊണ്ടാ ഇത്ര വിഡ്ഢി ആയിപോയത്. തന്നെ ഒക്കെ വിവാഹം കഴിക്കുന്ന ആളുടെ ഒരുവിധി.” എന്നൊക്കെ പറഞ്ഞ് വിഷ്ണു എപ്പോഴും തന്നെ പരിഹസിക്കാറുണ്ട്.

താൻ ചെറിയ ചില കുസൃതികൾ ഒപ്പിക്കുബോഴും തമാശക്ക് വേണ്ടി ചില മണ്ടത്തരങ്ങൾ പറയുമ്പോഴും ഒക്കെയാണ് പരിഹാസങ്ങൾ. താനിതൊക്കെ പറയുന്നത് സീരിയസ്ആയി അല്ല എന്ന് അവനറിയാം.

എന്നാലും തന്നെ ഒന്ന് പരിഹസിച്ചു തന്റെ മുഖത്തെ ജാള്യത കാണുമ്പോൾ ആൾക്കെന്തോ ചെറുതല്ലാത്തൊരു സന്തോഷം.

പക്ഷേ ഓഫീസിലായാലും പുറത്തായാലും എപ്പോഴും തനിക്ക് തന്നെയാണ് ഫസ്റ്റ് പ്രിഫറൻസ്. ഒരുമിച്ചു ലഞ്ച് കഴിക്കാനായാലും ഷോപ്പിങ്ങിന് ആയാലും ബീച്ച് സൈഡ്ലെ റസ്റ്റോറന്റിലേക്കായാലും ആയാലും ആദ്യം അവൻ തന്നെയാണ് വിളിക്കുക.

ജോലിയായി നാട്ടിൽ നിന്നും പോന്ന ശേഷം ഓഫീസിനകത്തും പുറത്തും വിശ്വസിക്കാൻ പറ്റുന്ന, സ്നേഹം ഉള്ള രണ്ടു സുഹൃത്തുക്കൾ ആണ് വിഷ്ണുവും പ്രഭുവും. മറ്റുള്ളവരെ പോലെ, തന്റെ അധികാരസ്ഥാനത്തോടുള്ള ബഹുമാനമല്ലാതെ,

പുറം മോഡിയായി കാണിക്കുന്ന സ്നേഹ പ്രകടനങ്ങളല്ലാതെ,തന്നെ താനായി സ്നേഹിക്കുന്ന രണ്ടു പേർ.
ഇപ്പോൾ ജീവിതത്തിന്റെ ഒരു ഭാഗം തന്നെയായി മറികഴിഞ്ഞു ഇവർ.

“അഞ്ചൂ …പോകാം “ഏടത്തിയുടെ വിളികേട്ട് ഓർമകളിൽനിന്നും മടങ്ങി വന്നു. ഏടത്തിയും കുളിച്ചൊരുങ്ങി സെറ്റുമുണ്ടൊക്കെ ഉടുത്തിട്ടുണ്ട്.

അമ്മയും വലിയ ഏടത്തിയും കുട്ടികളുംആദ്യം ക്ഷേത്രത്തിലേക്ക് പോയിരുന്നു ചെറിയ ഏടത്തിയും താനും വിഷ്ണുവും അങ്കിളും അവർക്കു പിന്നാലെയാണ് പോയത്. വിഷ്ണു തന്റെ പുതിയ വേഷം കണ്ടിട്ട് അത്ഭുതത്തോടെ നോക്കുന്നത് കണ്ടു.

“എങ്ങനുണ്ട്”?

“മ്മ് നന്നായിട്ടുണ്ട്”. കുസൃതിയോടെ ചിരിച്ചു കൊണ്ട് പറഞ്ഞു.

കളഭാഭിഷേകം കാണാനായി അവരുടെ അടുത്ത് നിന്നും മാറി മുന്നോട്ടുപോയപ്പോൾ

“കൂട്ടത്തിൽ നിന്നും മാറി പോകരുത് കേട്ടോ” വിഷ്ണുഒന്നു രണ്ടുവട്ടം ശകാരിച്ചു.

ഇതിപ്പോ ഈ കുട്ടി നിന്റെ ബോസ് ആണോ നീ ഈ കുട്ടിയുടെ ബോസ് ആണോ? വന്നപ്പോൾ മുതലുള്ള പെരുമാറ്റം കണ്ടിട്ട് ചെറിയ ഏടത്തി ക്ക് സംശയം.

“അഞ്ജുവിന്റെ ഏട്ടൻ ഇടയ്ക്കിടയ്ക്ക് വിളിച്ചുകൊണ്ടിരിക്കുന്നത് കണ്ടില്ലേ. അടങ്ങി ഒതുങ്ങി നിൽക്കുന്ന ആളല്ല എന്ന് അറിയാവുന്നത് കൊണ്ടാ ആൾ ഇങ്ങനെ തിരക്കുന്നത്.

എനിക്ക് ഇത് പോലെ തന്നെ തിരിച്ചു കൊണ്ടെത്തിക്കാൻ ഉള്ളതാ. “വിഷ്ണു ചെറിയ ദേഷ്യത്തിൽ പറഞ്ഞു.

“അവന്റ നാട്ടിൽ വന്നിട്ട് ഒരു ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ പറഞ്ഞെന്നെഉണ്ടാവുള്ളു. മോൾക്ക് കരാട്ടെയൊക്കെ വശമുള്ളതാ. മുൻപ് ഒരു പ്രശ്നം ഉണ്ടാക്കാൻ വന്നയാളെ വലതു കൈ കൊണ്ട് തൂക്കി എടുത്തു മുട്ടു കാൽ കൊണ്ടു ഒരു ചവിട്ടു കൊടുത്തു ഒറ്റ ഏറു..

കണ്ടു നിന്നവർ എല്ലാം വാതുറന്ന് നിന്ന് പോയി. ഇവനും കണ്ടതാ.” അങ്കിൾ പഴയ ഒരു സംഭവം ആക്ഷൻ ഒക്കെ കാണിച്ചു പറഞ്ഞുകൊടുത്തു.

‘ഇത്ര പാവം ആയിട്ട് നിൽക്കുന്ന ഈ കുട്ടിയെ പറ്റി യാണോ ഇങ്ങനെയൊക്കെ പറയുന്നത് എന്ന് ‘ ,കേട്ടത് വിശ്വസിക്കാനാകാതെ ചെറിയേടത്തി അവനെ നോക്കി. വിഷ്ണു ഇതൊന്നുംഅറിഞ്ഞിട്ടില്ല എന്ന ഭാവത്തിൽ നിന്നു.

പിറ്റേദിവസമാണ് വിഷ്ണുവിന്റെ അപ്പച്ചിയുടെ മകൾ മേഖ മനയിൽ എത്തിയത്. ഫൈനൽ ഇയർ പിജി വിദ്യാർത്ഥിനി. .. പിന്നെ എല്ലാവരുടെയും ശ്രദ്ധാകേന്ദ്രം അവളായി.

എല്ലാവരോടും വാതോരാതെ സംസാരിച്ചും അമ്മയെയും മുത്തശിയും കെട്ടിപ്പിടിച്ച് ഉമ്മവെക്കലും പിന്നെ പൊതുവെ ഗൗരാവസ്വഭാവം ഉള്ള അപ്പയെയും വലിയേട്ടനെയും യും വരെ അവൾ സംസാരിപ്പിച്ചു.

ഞങ്ങൾ രണ്ടുപേരും വരുന്നുഎന്ന് അവൾ അറിഞ്ഞിട്ടുണ്ടായിരുന്നില്ല.. തന്റെ സാന്നിധ്യം അവൾക്ക് ഇഷ്ടപ്പെടാത്തപോലെ . മറ്റു ഏട്ടന്മാരേക്കാൾ കൂടുതൽ അടുപ്പം അവൾക് വിഷ്ണുവിനോടാണെന്ന് തോന്നി.

“എനിക്ക് ടൗണിൽ നിന്നും കുറച്ചു സാധനങ്ങൾ വാങ്ങാനുണ്ട് വിഷ്ണുവേട്ടാ…ഒന്ന് കൊണ്ടു പോകാമോ “മേഘ ഒരു അപേക്ഷസ്വരത്തിലാണ് ചോദിച്ചത്.

“എന്നാൽ വാ നമുക്കൊന്ന് പോയിവരാം”
അവൻ അഞ്ജുവിനെ നോക്കി….

“കാറിൽ പോണ്ട… ഏട്ടന്റെ പുതിയ ബൈക്കിൽ എന്നെ കൊണ്ട് പോകണമെന്ന് എത്ര നാൾ ആയി ഞാൻ പറയുന്നു …”മേഘ പറഞ്ഞു.

അഞ്ജുവിന്റെ മുഖം ചെറുതാ യൊന്ന് മങ്ങി.. പുറമെ കാണിച്ചില്ല… “അത് സാരമില്ല നിങ്ങൾ പോയി വരൂ.” അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു.

അവർ പോകുന്നത് നോക്കി അവൾ നിൽകുമ്പോളാണ് മുത്തശ്ശി ആ കാര്യം പറഞ്ഞത്.

“വിഷ്ണുവിന്റെയും മേഖയുടെയും വിവാഹം കുഞ്ഞുനാളിലെ പറഞ്ഞു വച്ചിരിക്കുന്നതാ.”

നെഞ്ചിലൂടെ പെട്ടെന്നൊരു മിന്നൽ പിണർ കടന്നുപോയി. ഇങ്ങനെ ഒരു കാര്യം ഇത് വരെ വിഷ്ണു പറഞ്ഞിട്ടില്ല. കേട്ടപ്പോൾ എന്തോ ഒരു വല്ലായ്മ തോന്നി …

അല്ല, ഞാനിപ്പോൾ ഇത് കേട്ട് എന്തിനാ വിഷമിക്കുന്നത്.. സ്വയം ചോദിച്ചു…. എന്നാലും എന്തോ.. ഇത്രയും ആത്മാർത്ഥ സുഹൃത്ത് ആയിട്ട് ഇത്ര നാൾ ഇത് മറച്ചു വച്ചത്…വിഷ്ണു തനിക്കു സുഹൃത്ത് തന്നെ ആയിരുന്നോ…

അവൾ മുത്തശ്ശി യോട് മറുപടി ഒന്നും പറഞ്ഞില്ല.

“മേഘ യുടെ അമ്മ അത് കുറച്ചു നാൾ മുൻപ് ഓർമിപ്പിക്കുകയും ചെയ്‌തതാണ് “മുത്തശ്ശി നിറഞ്ഞ ഒരു ചിരിയോടെ ആണ് ബാക്കി പൂരിപ്പിച്ചത്.

മനസ് ആസ്വസ്ഥം ആകുന്നപോലെ. ഏറ്റവും പ്രിയപ്പെട്ടതെന്തോ നഷ്ടപെടുന്ന പോലൊരു തോന്നൽ…. ആകെ ഒരു തളർച്ച … കണ്ണുകൾ നിറയുന്നു….”അല്ല… ഞാനാണവന് എല്ലാം “എന്ന് ഉറക്കെ വിളിച്ചു പറയണമെന്ന് തോന്നി….

ഇനിയും ഒന്നും കേട്ടുനിൽക്കാനാവില്ല … പിന്നെ അവിടെ നിന്നില്ല… ആർക്കും മുഖം കൊടുക്കാതെ, ആരും വരില്ലെന്ന് തോന്നിയ പുറകുവശത്തുള്ള കുളക്കടവിലെ ക്ക് പോയി….

മേഘ യ്ക്ക് ചെരുപ്പ് വാങ്ങിയ കൂട്ടത്തിൽ അഞ്ചുവിനും അവൻ ഒരെണ്ണം വാങ്ങിയിരുന്നു . അത് കൊടുക്കാൻ അനോക്ഷിച്ചപ്പോൾ ആളെ കാണാനില്ല.

“അഞ്ചു എവിടെ ‘?അകത്തൊന്നും കാണാഞ്ഞ് തെല്ലൊരു പരിഭ്രമത്തോടെ വിഷ്ണു തിരക്കി

“പുറകുവശത്തുള്ള കുളപ്പടവിലേക്ക് പോകുന്നത് കണ്ടു .” ചെറിയേടത്തിയാണ് മറുപടി പറഞ്ഞത്.

“ഒറ്റയ്ക്കോ? എന്തിനാ ഈ സമയത്ത് അവിടേക്ക് പോയത് “സ്വയം പറഞ്ഞു കൊണ്ടു അവൻ അവിടേക്ക് നടന്നു.

കാര്യഗൗരവം ഒക്കെ ഉള്ള ആൾ ആണെങ്കിലും ചില സമയത്ത് കുട്ടികളുടെ സ്വഭാവമാണ് മുൻപും പിൻപും നോക്കാതെ എടുത്തു ചാടും. മനസ്സിൽ ഓർത്തു.

നോക്കിയപ്പോൾ കണ്ടു കൈമുട്ടുകൾ ഉരഞ്ഞ് പൊട്ടിയിട്ടുണ്ട്കാലുകളിൽ നിന്നും ചോ ര വരുന്നുണ്ട്. കരഞ്ഞിട്ടുണ്ടെന്ന് മുഖം കണ്ടാലറിയാം.

“അയ്യോ…എന്തുപറ്റി”?പരിഭ്രമത്തോടെ ഓടിവന്നു. കരഞ്ഞുകലങ്ങിയ മുഖവും എല്ലാം കണ്ട് അവൻ ആകെ വല്ലാതെയായി.

” വീണതാ.””ഇവിടെ പടവുകൾ ഇറങ്ങുമ്പോൾ പായലിന്റെ വഴുക്കൽ ഉണ്ടായിരുന്നു ”

അവൻ വേഗം തൊടിയിൽ നിന്നും കുറച്ച് പച്ചമരുന്ന് എടുത്ത് കയ്യിൽ വച്ചു ഞരടി അതിന്റെ നീരെടുത്തു അവളുടെ മുട്ടുകയ്യിലെ മുറിവിലേക്കൊഴിച്ചു.

“ആ…എന്തൊരു വേദന…. എന്തായിത്.. എനിക്ക് വേണ്ടാ…”അവൾ ദേഷ്യത്തോടെ കരച്ചിലടക്കികൊണ്ട് മരുന്ന് തുടച്ചു മാറ്റി.

“ഈ ചെരിപ്പ് എനിക്ക് തീരെ ഇഷ്ടപ്പെട്ടില്ല. ”

അതും പറഞ്ഞു അഞ്ജലി ചെരുപ്പുകൾ കൈകൾ കൊണ്ട് കല്പടവിൽ നിന്നും തട്ടിമാറ്റി. വിഷ്ണു അവളെ അമ്പരപ്പോടെ നോക്കി. സങ്കടം കൊണ്ട്അവളുടെ ചുണ്ടുകൾ വിറയ്ക്കുന്നുണ്ടായിരുന്നു.

എന്ത് പറ്റി? ഇങ്ങനെയൊന്നും തന്നോട് പെരുമാറാറില്ലല്ലോ. പെട്ടെന്നുണ്ടായ മാറ്റം അവനെ അത്ഭുതപ്പെടുത്തി. അവൾ അവിടെ നിന്നുംദേഷ്യത്തോടെ എഴുന്നേറ്റു പോയി.

പിന്നെ കണ്ടു വല്യ ഏട്ടത്തി കാലിലെ മുറിവിൽ അതേ പച്ച മരുന്ന് പുരട്ടി കൊടുക്കുന്നത്. ഒരു പ്രതികരണവും ഇല്ലാതെ നല്ല അനുസരണയോടെ ഇരിക്കുന്നു.

“മുത്തശ്ശി പറഞ്ഞൂല്ലോ മേഖയുടെയും….” അഞ്ചു മുഴുമിപ്പിച്ചില്ല. ഏട്ടത്തി മുഖമുയർത്തി നോക്കി.

“അല്ല..വിഷ്ണുവിന്റെയും… വിവാഹം..” വാക്കുകൾ ഇടറി.

“ഓ..അതൊക്കെ ഇവിടുത്തെ മുത്തശ്ശിയും മുത്തശ്ശനും പണ്ടു പറഞ്ഞ കാര്യങ്ങളാണ് എന്നാൽ അവർ കുട്ടികൾ കൂടപ്പിറപ്പുകളെ പോലെയാണ് ജീവിച്ചത്.

പിന്നെ വിഷ്ണു സിവിൽ സർവീസ് എക്സാം ഒക്കെ ക്ലിയർ ചെയ്തപ്പോൾ മേഖയുടെ അമ്മയൊരു ആഗ്രഹം പറഞ്ഞു. എന്നാൽ തനിക്ക് ഇപ്പോൾ വിവാഹം വേണ്ടെന്നു പറഞ്ഞു വിഷ്ണു ഒഴിയുകയായിരുന്നു. ”

അഞ്ചു വിന്റെ മുഖത്തെ കാർമേഘങ്ങൾ ഒഴിഞ്ഞു. ചുണ്ടിൽ ഒരു ചെറിയ പുഞ്ചിരി വിരിഞ്ഞു. കണ്ണുകളിൽ ആ പഴയ കുസൃതി യും തിളക്കവും.

ഏട്ടത്തി എന്തോ സംശയത്തോടെ അവളെ നോക്കി. വിഷ്ണു ഇതൊന്നും കണ്ടതായി ഭാവി ക്കുകയോ അങ്ങോട്ട് ചെല്ലുകയോ ചെയ്തില്ല.

പിന്നീട് അഞ്ചു മേഖയോട് നന്നായി സ്നേഹത്തിൽ ഇടപഴകുന്നത് കണ്ടു.

ഇടുങ്ങിയ കുത്തനെയുള്ള കോണിപ്പടികൾ കയറി മുകളിൽ എത്തുമ്പോൾ ആണ് വിഷ്ണുവിന്റെ യും അങ്കിളിന്റെ യും എന്റെയും മുറികൾ.

അന്നുരാത്രി ബാക്കിയുള്ള വർക്കിനായി വിഷ്ണു അങ്കിളിനും അഞ്ജുവിനൊപ്പം അവന്റെ ബെഡ്റൂമിൽ ടേബിൾനു ചുറ്റും ഇരിക്കുകയാ യിരുന്നു.

ഏതാണ്ട് ഒരുമണിക്കൂറിനുശേഷം ഉറക്കംവന്നു അങ്കിൾ എഴുന്നേറ്റുപോയി. യാതൊരു ഭാവ വേദങ്ങളും ഇല്ലാതെ അഞ്ജു അടുത്ത ദിവസത്തേക്കുള്ള ഒരു വർക്ക് ഷെഡ്യൂൾ ചെയ്യുകയാണ്.

“അഞ്ജുവിനു ഇപ്പോൾ വന്ന ഡോക്ടർ ടെ പ്രൊപ്പോസൽ അത്ര താല്പര്യമില്ലാലെ?”

കിട്ടിയ ഒരു ഗ്യാപ്പിൽ അവൻ ചോദിച്ചു.

അപ്രതീക്ഷിതമായ ചോദ്യം കേട്ട് അവൾ ഒന്നമ്പരന്നു. എഴുത്തു നിർത്തി. പതിയെ മുഖമുയർത്തി അവനെ നോക്കി. അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി കണ്ടു. അവൾ പതിയെ തല തിരിച്ചു. കഴിഞ്ഞ ദിവസംഒരു പ്രപ്പോസൽ ന്റെ കാര്യം താൻ തന്നെയാണ് പറഞ്ഞത്..

ഇപ്പൊ എന്താ പറയാ…തനിക്ക് ഇഷ്ടം ഇല്ല. തന്റെ മനസ്സിലെ സങ്കല്പത്തിൽ ഉള്ള ആളല്ല അയാൾ. വീട്ടുകാർ കൊണ്ടുവന്ന ആലോചനയാണ്, ഇപ്പോൾ വേണ്ടെന്ന് പറഞ്ഞു മാറ്റി വച്ചിരിക്കുകയാണ്.

അതിന്റെ പേരിൽ പപ്പയുടെയും മമ്മയുടെയും കുറെ പരിഭവവും കേട്ടു. താല്പര്യം ഇല്ലാത്ത വിവാഹത്തിനു നിർബന്ധിക്കേണ്ടെന്നു പറഞ്ഞു ഏട്ടൻ മാത്രമാണ് തനിക്കു അനുകൂലമായി നിന്നത്.

അവളുടെ ആലോചനയോടെയുള്ള മുഖം കണ്ടിട്ട് വിഷ്ണു പതിയെ എഴുന്നേറ്റു.

അവളുടെ ഈസി ചെയർ തനിക്ക് അഭിമുഖമായി തിരിച്ചുകൊണ്ട് അതിന്റെ കൈകളിൽ കൈകൾ ഊന്നി അവളുടെ മുഖത്തേക്ക് തന്റെ മുഖം അടുപ്പിച്ച് ചോദിച്ചു “അഞ്ജുവിന് എന്നെയാണോ ഇഷ്ടം.”

അപ്രതീക്ഷിതമായുണ്ടായ പെരുമാറ്റത്തിൽ അവൾ ഞെട്ടലോടെയും ചെറിയ പകപ്പോ ടെയും അവന്റെ മുഖത്തേക്ക് നോക്കി. അവളുടെ കണ്ണുകളിൽ പരിഭ്രമം നിറഞ്ഞു. ഇങ്ങനെ ഒരു ചോദ്യമോ പെരുമാറ്റമോ അവനിൽ നിന്നും പ്രതീക്ഷിച്ചില്ല.

എന്ത് ചെയ്യണമെന്ന് അറിയാതെ പതിയെ എഴുന്നേൽക്കാൻ തുടങ്ങിയതും അവൻ പുറകോട്ടു മാറി. അവൾ ഒന്നും മിണ്ടാതെ മുറിവിട്ടു പുറത്തേക്ക് പോകാനായി തിരിഞ്ഞതും കയ്യ് തെല്ലൊന്നുയർത്തി തടഞ്ഞു …..

“അഞ്ചൂ…ഒരു നിമിഷം “…. അവൻ പറഞ്ഞു. പിന്നെ തിരിഞ്ഞ് എന്തോ എടുക്കാനായി ഡ്രോയർ തുറന്നു. ഒരു പെയിന്റിംഗ് പുറത്തേക്ക് എടുത്തു.

“ഇത് ഞാൻ വരച്ച ചിത്രമാണ്. കണ്ടിട്ട് അഭിപ്രായം പറയണം. ഇതിന്റെ തീം ഇഷ്ടമായോ എന്ന്സത്യ സന്ധമായി പറഞ്ഞാൽ മതി.”

അവൾ സംശയത്തോടെ ആ ഓയിൽ പെയിന്റിംഗ് വാങ്ങി നോക്കി. ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് പെയിന്റിംഗ്. വിഷ്ണുവിന്റെ മുഖത്തോട് ചേർന്ന് തന്റെ മുഖം. തന്റെ സിന്ദൂരരേഖയിൽ കുങ്കുമ ചുവപ്പ്. കഴുത്തിൽ മഞ്ഞ ചരടിൽ കോർത്തതാലി.

നെഞ്ചിടിപ്പ് കൂടി. ഇങ്ങനെ ഒരു രംഗം സങ്കല്പിച്ചിട്ടില്ല. എങ്കിലും മറ്റൊരാളെ ആസ്ഥാനത് സങ്കല്പിക്കാനും കഴിയില്ല. അത് ഇന്ന് മനസിലായതാണ്. തന്റെ ഉത്തരം എന്താകും എന്ന ആശങ്കയിൽ അവൻ തന്നെ തന്നെ നോക്കി നിൽപ്പുണ്ട്.

“നന്നായിട്ടുണ്ട്… തീം ഇഷ്ട്പ്പെട്ടു….. ” ഉള്ളിൽ നിന്നും താൻ പോലും അറിയാതെ വാക്കുകൾ പുറത്തേക്ക് വന്നു. അതും പറഞ്ഞു അവന്റ മുഖത്തേക്കൊന്നു പാളി നോക്കി.

വലിയൊരാശ്വാസവും സന്തോഷവും ആ മുഖത്ത്. അവന്റെ ചുണ്ടിൽ ചെറിയൊരു പുഞ്ചിരി മിന്നിമറഞ്ഞു. അവന്റെ മുന്നിൽ നിന്നും അവൾ പെയിന്റിംഗുമായി മുറിക്കു പുറത്തിറങ്ങി.

തന്റെ റൂമിൽ കയറി വാതിലടച്ചു,നേരെ ബെഡിൽ പോയി കിടന്നു. കുറച്ചു കഴിഞ്ഞാണ് ക്രമാതീതം ആയ ശ്വാസോഛാസം സാധരണ ഗതിയിൽ ആയത്. പെയിന്റിംഗ് അരികിൽ വച്ചു ഏതൊക്കെയോ ചിന്തകളിലൂടെ കടന്നുപോയി എപ്പോഴോ ഉറങ്ങി.

പിറ്റേന്ന് പോകാനുള്ള ദിവസം ആയിരുന്നു. വിഷ്ണു അഞ്ജുവിന്റെ മുറിയിലെത്തിയപ്പോൾ ബാഗുകൾ എല്ലാം പാക്ക് ചെയ്തു വച്ചിട്ടുണ്ടായിരുന്നു.

“റെഡി ആയോ “വളരെ നേർമയിൽ ഉള്ള ചോദ്യം.

“മ് മ്മ് “മുഖത്തേക്കു നോക്കാതെ മറുപടി ഒരു മൂളലിലൊതുക്കി. അവൻ ലഗേജുകൾ ഓരോന്നായി എടുത്തു പുറത്തേക്കു വച്ചു.

“പോകാം “മുഖത്തോട് മുഖം നോക്കിയപ്പോൾ കണ്ണുകൾ തമ്മിൽ കൂട്ടിമുട്ടിയപ്പോൾ ഇരുവരിലും ഒരു പുഞ്ചിരി വിടർന്നു.

എന്തൊക്കെയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്?എന്തൊക്കെയായാലും മനസ്സിൽ വല്ലാത്തൊരു സന്തോഷം.

അത് എന്താണ് എങ്ങനെ ആണ് എന്നൊന്നും പറയാൻ പറ്റുന്നില്ല. ഇതാണോ പ്രണയം? അങ്കിളിനെയും അവനെയും കാത്തുനിൽക്കാതെ കോണിപടികളിറങ്ങി താഴേക്ക് പോന്നു.

അവിടെ എല്ലാവരും തങ്ങളെ കാത്തുനിൽപുണ്ടായിരുന്നു.
യാന്ത്രികമായി എല്ലാവരോടും യാത്ര പറഞ്ഞു. വിഷ്ണു അമ്മയോട് എന്തൊക്കെയോ പറഞ്ഞിട്ടുള്ളതു പോലെ തോന്നി. പോകാൻ നേരം തന്നെ ആശ്ലേഷിച്ച് കവിളിൽ ഒരു ഉമ്മ നൽകി.

കാറിൽ മുൻസീറ്റിൽ തന്നെ ഇടം പിടിച്ചു. അങ്കിൾ പുറകിലും. ആരോടും ഒന്നും സംസാരിക്കാതെ പുറത്തെ കാഴ്ചകൾ കണ്ടു ഇരുന്നു..

സാധാരണ ഒരുമിച്ചു യാത്ര ചെയ്യുമ്പോൾ ഉള്ള പരസ്പരം പരിഹാസങ്ങളും തർക്കങ്ങളും ഒന്നുമില്ല.

” ഇതെന്താ… ഇങ്ങോട്ട് വന്നപ്പോൾ കീരിയുംപാമ്പും ആയിരുന്നവർ ഇപ്പോൾ അടയും ചക്കരയും പോലെ ആയല്ലോ? എന്തുപറ്റി? ”

അങ്കിൾ സംശയത്തോടെ ഇരുവരെയും മാറി മാറി നോക്കി. ഒന്നുമറിയാതെയുള്ള അങ്കിൾ ന്റെ മുഖഭാവം കണ്ട് ചിരിയടക്കാൻ ഇരുവരും പാടുപെട്ടു.
“അത് ഞങ്ങൾ തമ്മിൽ ഒരു എഗ്രിമെന്റ് വച്ചു.” വിഷ്ണു വാണ് മറുപടി പറഞ്ഞത്.

“എത്ര ദിവസത്തേക്ക്” അങ്കിളിനു വീണ്ടും സംശയം

“ലൈഫ് ലോങ്ങ്‌ ” വിഷ്ണു ചിരിച്ചുകൊണ്ട് അഞ്ജുവിനെ നോക്കി… അവന്റ കണ്ണുകളിലെ സ്നേഹം കണ്ടപ്പോൾ മനസിലൊരായിരം മഞ്ഞു തുള്ളികൾ പെയ്തിറങ്ങിയ കുളിർമ…മുഖത്തെ ചമ്മലൊളിപ്പിക്കാൻ പുറത്തെ കാഴ്ചകളിലേക്ക് തിരിഞ്ഞു.

അങ്കിളിനു മുഴുവൻ മനസ്സിലായില്ലെങ്കിലും ഇവിടെ എന്തൊക്കെയോസംഭവിക്കുന്നുണ്ട് എന്ന് തീർച്ചയായി .കാറിലെ നേർത്ത സംഗീതത്തിനൊപ്പംഇരുവരുടെയും മനസിലെ സ്വപ്നങ്ങളും സഞ്ചരിച്ചു തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *