പിന്നീട് അവളെ കാണാൻ മാത്രമായി ക്യാന്റീനിലേക്കുള്ള യാത്രകൾ, അതിനിടയിൽ..

നിശാഗന്ധി
(രചന: Sarath Lourd Mount)

നിനക്കെന്താ ശ്യാം എത്ര പറഞ്ഞാലും മനസ്സിലാവില്ല എന്നുണ്ടോ? ഞാനൊരു ആത്മാവാണ്, ശരീരമില്ലാത്തവൾ..

ആ എന്നോടൊപ്പം ജീവിക്കണം എന്ന് എന്തർത്ഥത്തിൽ ആണ് നീ വാദിക്കുന്നത്?

ശരിയാണ് നമ്മൾ പ്രണയിച്ചിരുന്നു, ഇന്നും പ്രണയിക്കുന്നുണ്ടാവാം, എന്നാൽ ഒരിക്കലും എനിക്ക് നിന്നെ എന്റെ ലോകത്തേക്ക് കൊണ്ടുപോകാൻ കഴിയില്ല ശ്യാം.,

ഞാൻ അങ്ങനെ ചെയ്താൽ അതെന്റെ സ്വാർത്ഥത മാത്രമാകും. ദൈവം നിശ്ചയിച്ച ആയുസ്സ് തിരിച്ചെടുക്കാൻ മനുഷ്യനോ മറ്റൊന്നിനോ അവകാശമില്ല … നീ പറയുന്നത് ഒന്ന് മനസ്സിലാക്കൂ…

അത് പറയുമ്പോൾ അവളുടെ മുഖം ദേഷ്യം കൊണ്ടെന്നോണം ചുവന്നിരുന്നു,

കണ്ണുകളിൽ നിന്ന് ര ക്ത ത്തുള്ളികൾ ഒഴുകി ഇറങ്ങുന്നുണ്ടായിരുന്നു. കാലുകൾ നിലത്ത് സ്പർശിക്കാതെ അവൾ അന്തരീക്ഷത്തിൽ ഉയർന്ന് നിന്നു.

എന്നാൽ അവളുടെ ഭാവമാറ്റങ്ങൾ ഒന്നും അവനെ ബാധിച്ചിരുന്നില്ല.
അവന്റെ കണ്ണുകളിൽ നിറഞ്ഞു നിന്നത് പ്രണയമെന്ന ഭാവം മാത്രം.

ആ പ്രണയത്തോടെ അവൻ അവളുടെ കണ്ണുകളിൽ നോക്കുമ്പോൾ ആ നോട്ടം താങ്ങാനാവാതെ അവൾ മുഖം തിരിച്ചു.
അതവന്റെ മനസ്സിനെ കുറച്ചൊന്നുമല്ല വേദനിപ്പിച്ചത്.

നോക്ക് ശ്യാം ഇനിയും നീ ഇങ്ങനെ തുടരാൻ ആണ് ഭാവമെങ്കിൽ ഒരിക്കൽ പോലും ഇനി ഞാൻ നിന്റെ മുന്നിലേക്ക് വരില്ല, എന്നെ എത്ര തേടിയാലും നിനക്ക് കണ്ടെത്താനുമാവില്ല, ഓർത്തോളു.

അത്രയും പറഞ്ഞ് അവന്റെ മുന്നിൽ നിന്നവൾ കാറ്റിൽ അലിഞ്ഞപ്പോൾ അവന്റെ കയ്യിൽ നിന്ന് മൂർച്ചയേറിയ ആ കത്തി നിലത്തേക്ക് വീണു.
അതറിഞ്ഞെന്നോണം അവന്റെ കൈവെള്ളയിലെ ഞരമ്പുകൾ ആശ്വാസത്തോടെ തുടിച്ചു.

ശ്യാം… അവൻ ആരാണ്??? അവൻ അത്രമേൽ സ്നേഹിച്ച ആ പെൺകുട്ടി, അവൾ ആരാണ്??? അറിയണ്ടേ നിങ്ങൾക്ക്???

അവരുടെ പ്രണയം എന്തായിരുന്നു എന്ന് അറിയണ്ടേ???

അറിയണം ഈ ലോകം അതറിയണം…
അതറിയാൻ ഒരൽപ്പം പുറകിലേക്ക് യാത്രചെയ്യേണ്ടി വരും നമ്മൾ…

2011 മാർച്ച് 21…

മ ഹാ രാ ജാസ് കോളേജ് അങ്കണത്തിൽ പുതുതായി വരുന്ന കുട്ടികളെ പരിചയപ്പെടാനും, പറ്റിയാൽ ഒന്ന് റാ ഗ് ചെയ്യാനും ഉള്ള ഉദ്ദേശത്തോടെ അണിനിരന്നതാണ് ശ്യാമും കൂട്ടരും.

ഓരോരുത്തരെ ആയി ചെറിയൊരു പണി ഒക്കെ കൊടുത്ത് മുന്നോട്ട് നീങ്ങുന്നതിനിടയിലാണ് കരിമഷി നീട്ടിയെഴുതിയ രണ്ട് കണ്ണുകൾ അവന്റെ ശ്രദ്ധയിൽ പെട്ടത്..

ഒരു നിമിഷം ആ കണ്ണുകളിൽ തറഞ്ഞു നിന്നുപോയി അവൻ.. എന്നാൽ പ്രധാന കവാടം കഴിഞ്ഞു മുന്നോട്ട് വരാതെ അടുത്തുള്ള ക്യാന്റീനിന് നേർക്ക് നീളുന്ന അവളുടെ ചുവടുകൾ അവനൊരല്പം നിരാശയോടെ നോക്കി നിന്നു.

വൈകാതെ തന്നെ അവൾ അവിടെ പഠിക്കുന്നത് അല്ലെന്നും . കോളേജ് കാന്റീൻ നടത്തുന്ന ദേവേച്ചിയുടെ മകൾ ആണെന്നും കൂട്ടുകാർ വഴി അവൻ അറിഞ്ഞു.

പിന്നീട് അവളെ കാണാൻ മാത്രമായി ക്യാന്റീനിലേക്കുള്ള യാത്രകൾ. അതിനിടയിൽ എപ്പോളൊക്കെയോ അവൾ അവനെയും ശ്രദ്ധിച്ചു തുടങ്ങിയിരുന്നു.

എന്നാൽ ഒരിക്കൽ പോലും അവൻ തന്റെ ഇഷ്ടം അവളോട് പറഞ്ഞിരുന്നില്ല, അവളുടെ ഉള്ളിൽ അവനുണ്ടായിരുന്നത് അവളും പറഞ്ഞില്ല…

എന്നാൽ നഗരത്തിലെ പ്രമുഖ ബിസിനെസ്സ് മാൻ ആയ രഖുനന്തന്റെ മകൻ ശ്യാം അച്ഛനില്ലാത്ത ഒരു ക്യാന്റീൻ പെൺകുട്ടിയെ പ്രണയിക്കുന്നു എന്ന് വീട്ടിൽ അറിഞ്ഞാൽ എന്തായിരിക്കും അവസ്‌ഥ?

അത് തന്നെ സംഭവിച്ചു. അവന്റെ വീട്ടിൽ എല്ലാം അറിഞ്ഞു, എന്നാൽ ആരും അവനോട് ഒന്നും ചോദിച്ചില്ല.

അവനും ഒന്നും അറിഞ്ഞില്ല.. എന്നാൽ പതിവ് പോലെ കോളേജിൽ എത്തിയ ഒരു ദിവസം അവൻ കണ്ടത് കത്തിയെരിഞ്ഞ നിലയിൽ കാന്റീൻ കെട്ടിടവും അതിനോട് ചേർന്നുള്ള ചെറിയ വീടുമായിരുന്നു,

അതിനുള്ളിൽ നിന്ന് ആരൊക്കെയോ ചേർന്ന് എടുത്ത് നീങ്ങിയ തന്റെ പെണ്ണിന്റെ ശരീരം അവസാനമായി ഒന്ന് കാണാൻ പോലും കഴിയാതെ ഹൃദയം തകർന്ന് അവനിരുന്നു, ഒരു ഭ്രാന്തനെ പോലെ അവൻ പൊട്ടിക്കരഞ്ഞു.

എന്നാൽ അതൊന്നും കേൾക്കാൻ അവൾക്ക് കഴിഞ്ഞില്ല… കണ്ണുകൾ അടഞ്ഞ് നിലത്തേക്ക് വീഴവേ മനസ്സാകെ അവളുടെ മുഖം മാത്രമായിരുന്നു..

ദിവസങ്ങൾ വീണ്ടും മുന്നോട്ട് നീങ്ങി, ശ്യാം കോളേജിൽ വരാതെ ആയി, സ്വയം തീർത്ത തടവറ എന്നോണം തന്റെ മുറിക്കുള്ളിൽ നിന്ന് പുറത്തിറങ്ങാതെ അവൻ കിടന്നു,

സ്വയം മരണത്തെ സ്വീകരിക്കാൻ ഒരുങ്ങിയെന്നോണം ഭക്ഷണത്തെ പോലും അവൻ ഉപേക്ഷിച്ചു.

എന്നാൽ അതൊന്നും അവൾക്ക് കണ്ട് നിൽക്കാൻ കഴിയുമായിരുന്നില്ല, ഒരു ദിവസം രാത്രിയിൽ കൊണ്ട് വച്ച ആഹാരം ദൂരേക്ക് നീക്കി വച്ച അവൻ മധുരമാർന്ന ഒരു സ്വരം കേട്ട് ചുറ്റും നോക്കി…

ശ്യാം….

നീ എന്തിനാണ് ശ്യാം എന്നെ ഇങ്ങനെ സങ്കടപ്പെടുത്തുന്നത്? എന്തിനാണ് നീ സ്വയം തടവറ തീർത്ത് എന്നെ വീണ്ടും വേദനിപ്പിക്കുന്നത്?

നീ… നീ ആരാണ്? ആ ശബ്ദം കേട്ട് ഭയത്തോടെ അവൻ ആരോടെന്നില്ലാതെ ചോദിച്ചു..

നിനക്ക് ഇനിയും എന്നെ മനസ്സിലായില്ലേ ശ്യാം..

നീ എനിക്ക് വേണ്ടി അല്ലെ ഇങ്ങനെ മരിക്കാൻ തുടങ്ങുന്നത്, ഒരിക്കൽ പോലും തുറന്ന് പറയാതെ നീ എന്നെയും ഞാൻ നിന്നെയും പ്രണയിച്ചിരുന്നില്ലേ???
ആ എന്നെ ഇനിയും വേദനിപ്പിക്കാൻ നിനക്ക് കഴിയുമോ???

ഇല്ല എനിക്ക് കഴിയില്ല…. ഞാൻ… ഞാൻ ന്താ ഇപ്പൊ ചെയ്യേണ്ടത്?

ഒരു അനുസരണയുള്ള കുട്ടിയെ പോലെ അവൻ ചോദിക്കുമ്പോൾ
ഭക്ഷണത്തിന്റെ പാത്രം അവന് നേർക്ക് നീണ്ടു വന്നു….

അതിൽ നിന്ന് ഭക്ഷണം മുകളിലേക്ക് ഉയർന്ന് അവന് നേരെ നീണ്ടു. ഒരു അനുസരണയുള്ള കുട്ടിയെ പോലെ അവൻ ഓരോ ഉരുളയും ഭക്ഷിച്ചു.

ആ നിമിഷം മുതൽ വീണ്ടും അവൾ അവനൊപ്പം കൂടി.

എന്നാൽ ഒരിക്കൽ പോലും അവളെ ഇല്ലാതാക്കിയത് അവന്റെ അച്ഛൻ ആണെന്ന് അവൾ പറഞ്ഞില്ല. അന്ന് മുതലാണ് പരസ്പരം പറഞ്ഞവർ പ്രണയിച്ചു തുടങ്ങിയത്.

എന്നാൽ ഒരിക്കലും ഒന്നിക്കാൻ പറ്റില്ല എന്ന് അവർക്ക് ഉറപ്പായിരുന്നു.
എന്നിട്ടും പ്രണയിച്ചു. പ്രണയിക്കാൻ വേണ്ടി മാത്രം അവർ പ്രണയിച്ചു.

എന്നാൽ അവൻ മനസ്സിൽ ഒന്ന് ഉറപ്പിച്ചിരുന്നു, സ്വയമൊരു ആത്മാവായി അവളുടെ ലോകത്തിലേക്ക് പോകാൻ.
ആ ഉറപ്പാണ് ഇപ്പോൾ ഇല്ലാതായിരിക്കുന്നത്.

ഇനി മരിക്കാൻ ശ്രമിച്ചാൽ അവളൊരിക്കലും തന്നെ കാണില്ല എന്ന വാക്കിൽ അവൻ ശെരിക്കും തളർന്ന് പോയി..

വീണ്ടും ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നിയ അവൻ ആ രാത്രിയിൽ എങ്ങോട്ടെന്നില്ലാതെ ഇറങ്ങി നടന്നു, പുറത്ത് ആർത്തലച്ചു പെയ്യുന്ന മഴയിൽ അവന്റെ കണ്ണുനീർത്തുള്ളികൾ അലിഞ്ഞു ചേർന്നു.

മനസ്സിന് ഒരൽപ്പം ആശ്വാസം നിറയുന്ന പോലെ തോന്നി തിരികെ നടക്കാൻ തിരിഞ്ഞ അവനെ പുറകിൽ നിന്നും പാഞ്ഞു വന്ന ഒരു വാഹനം ഇടിച്ചു തെറിപ്പിച്ചത് പെട്ടെന്നായിരുന്നു,

ഒരു നിമിഷം വായുവിലേക്ക് ഉയർന്ന അവൻ ദൂരേക്ക് തെറിച്ചു വീണു.
ആ വാഹനം നിർത്താതെ മുന്നോട്ട് പാഞ്ഞു.

ആ മഴവെള്ളത്തിൽ അവന്റെ ര ക്ത ക്കറ പടർന്നു.

ശരീരത്തിൽ നിന്ന് ജീവൻ പുറത്തേക്ക് പായാൻ വെമ്പൽ കൊണ്ടു.
അവനടുത്തേക്ക് അവൾ പറന്നെത്തി എങ്കിലും ഒന്നും ചെയ്യാൻ ശരീരമില്ലാത്ത അവൾക്ക് കഴിയുമായിരുന്നില്ല.

അല്പസമയത്തിന് ശേഷം കണ്ണ് തുറക്കുമ്പോൾ അവൻ കണ്ടത് ഏറെ പരിചിതമായ ഒരു മുഖമായിരുന്നു.
അവന്റെ പെണ്ണിന്റെ , ചുറ്റിലും മറ്റാരുമില്ല…. അവൻ ചെറുതായി ഒന്ന് ചിരിച്ചു.

ഇനി വരില്ല എന്ന് പറഞ്ഞിരുന്നു??…
അവൻ ചോദ്യരൂപേണെ ചോദിച്ചു.

പറഞ്ഞിരുന്നു. പക്ഷേ ഈ ജീവൻ നീ സ്വയം എടുത്തതല്ലല്ലോ??? ഒരു പക്ഷെ ദൈവം നമ്മുടെ പ്രണയത്തെ ഒന്നിപ്പിച്ചതാകും.. അവളും ചെറുതായി പുഞ്ചിരിച്ചു.

അപ്പോളും ആ വഴിയിൽ ജീവനില്ലാത്ത അവന്റെ ശരീരത്തിന്മേൽ മഴത്തുള്ളികൾ പൊഴിഞ്ഞു വീഴുന്നുണ്ടായിരുന്നു.. ആ വഴികൾ താണ്ടി കൈകൾ കോർത്തവർ എങ്ങോട്ടെന്നില്ലാതെ പറന്നു…..

ഇത്ര നേരവും അവളുടെ പേര് ഞാൻ പറഞ്ഞില്ല അല്ലെ???

അവളുടെ പേര് നിശാജ്ഞന… രാത്രിയുടെ രാജകുമാരി അഥവാ നിശാഗന്ധി എന്നർത്ഥം… ഇരുട്ട് പടർന്ന അവന്റെ ജീവിതത്തിൽ ഗന്ധം പടർത്തിയവൾ. അവൾ നിശാഗന്ധി…

Leave a Reply

Your email address will not be published. Required fields are marked *