ചിരിക്കാൻ മറന്നവൻ
(രചന: ശ്രീജിത്ത് ബാലകൃഷ്ണൻ)
അവളും കൂട്ടുകാരികളും അതിലെ സ്ഥിരം യാത്രക്കാർ ആണ് കോളേജിൽ പോകുന്നതും വരുന്നതും അതേ ബസിൽ തന്നെ ,
ഇന്നലെയാണ് കണ്ടക്ടർ മാറി കയറിയത് മീശ ചെറുതായി പിരിച്ചുവച്ചു കണ്ടാൽ ഒരു ദേഷ്യക്കാരന്റെ എല്ലാ ഭാവങ്ങൾ അവന്റെ മുഖത്തു പ്രതിപാദിക്കുന്നുണ്ടായിരുന്നു,
പിള്ളേരോട് കർശനമായി പെരുമാറുന്ന അവനെ ദേഷ്യത്തോടെയായിരുന്നു അവളും കണ്ടത് ,
ഒരു ദിവസം ഫുൾ ടിക്കറ്റിനു സീറ്റ് കൊടുക്കാൻ വേണ്ടി അവളെ സീറ്റിൽ നിന്നും എണീപ്പിച്ചത് ഇഷ്ടപ്പെടാതെ അവൾ അവനോടു തർക്കിച്ചപ്പോൾ വയസ്സായ സ്ത്രീക്ക് നിങ്ങൾക്ക് സീറ്റ് കൊടുത്താലെന്ത്
എന്ന അവന്റെ ചോദ്യം ബസിലുണ്ടായിരുന്ന കുറച്ചു യാത്രക്കാരും ഏറ്റു പിടിച്ചതോടെ മറ്റുള്ളവരുടെ മുന്നിൽ നാണംകെട്ടുവെന്നുള്ള ചിന്ത അവനോടുള്ള അവളുടെ പകയ്ക്കു ആക്കം കൂട്ടി,
കൂട്ടുകാരികളുടെ മുൻപിൽ ഷൈൻ ചെയ്യാനും അവന്റെ മുന്നിൽ ജയിക്കാനുമുള്ള അവളുടെ ശ്രമങ്ങളായിരുന്നു പിന്നീട് കണ്ടത്, ചെറിയ കാര്യങ്ങളിൽ പോലും അവർ വഴക്കായി.
ഒരു ദിവസം മുൻപോട്ടു നിൽക്കാൻ പറഞ്ഞ അവൻ അവളുടെ ബാഗിൽ പിടിച്ചു തള്ളിയത് അവൾ മുതലെടുത്തു ,
കോളേജിൽ പോയി തന്റെ സഹപാഠികളായ ആണ്കുട്ടികളോട് പറഞ്ഞു വൈകീട്ട് അവരും അവനും തമ്മിലുള്ള വഴക്കു കൈയ്യങ്കാളിയായപ്പോഴും
അവന്റെമേൽ അവൾ സ്ഥാപിച്ചെടുത്ത വിജയമായിരുന്നു അതെന്ന് അവൾ സ്വയം വിശ്വസിച്ചു,
പിന്നീടുള്ള ദിവസങ്ങൾ അവൾക്കു അവനോടുള്ള മുഖഭാവം എന്നോട് കളിച്ചാൽ ഇങ്ങനെയിരിക്കും എന്നുള്ള പുച്ഛഭാവത്തോടെയായിരുന്നു.
തിരിച്ചു അവനു ആ ഒരു ചിന്ത ഉണ്ടായിരുന്നില്ല അവൻ എന്നത്തേയും പോലെ തന്റെ ജോലി തുടർന്ന് ,
ആയിടക്കാണ് സമയം വൈകിയതിനെ ചൊല്ലി ജംഗ്ഷനിൽ നിന്നും പിറകിലെ ബസുമായി കുഴപ്പമാകുന്നത് തമ്മിൽ ഉന്തും തല്ലുമായപ്പോഴും
അവനു രണ്ട് കൊള്ളട്ടെയെന്നായിരുന്നു അവളുടെ മനസിൽ വഴക്ക് കഴിഞ്ഞു മുൻപിലെ സ്റ്റെപ്പിൽ അവൻ തല കുമ്പിട്ടു നെറ്റിയിൽ തടവിക്കൊണ്ടിരിക്കുമ്പോൾ അവൾ കൂട്ടുകരിയോടായി പറഞ്ഞു
“നല്ലോണം കിട്ടിയെന്നു തോന്നുന്നു അവന്റെ കൈയ്യിലരിപ്പിന് അതു വേണ്ടത് തന്നെയെന്ന്”
“നീയിത്രയ്ക്കും ക്രൂരമായി സംസാരിക്കല്ലെടി” എന്നുള്ള കൂട്ടുകാരികളുടെ വാക്കുകൾ അവൾ ചെവി വച്ചില്ല,
ബസ്സിറങ്ങി പോകുമ്പോൾ അവൾ അവനെ നോക്കി ഒരാക്കിയ ചിരിയും ചിരിച്ചു പോകുമ്പോൾ വേദന നിറഞ്ഞ അവന്റെ മുഖം താഴ്ന്നിരുന്നു..
ദിവസങ്ങൾ പിന്നെയും കടന്നു പോയപ്പോഴുള്ള ബസിലെ യാത്രകളിൽ അവളുടെ ദേഷ്യം അവൾ മറ്റുള്ള കുട്ടികളിലേക്കും വ്യാപിപ്പിക്കാൻ ശ്രമിച്ചുകൊണ്ടേയിരുന്നു,
എന്നാൽ അധികം വൈകാതെ അവളുടെ ആ മനോഭാവത്തിന് കോട്ടം തട്ടിയൊരു ദിവസം വന്നത്തിയത് ,
അന്ന് പതിവിലും കൂടുതൽ തിരക്കുണ്ടായിരുന്നു കൂടുതലും കുട്ടികൾ,
അതിന്റെ കലിപ്പിൽ പിള്ളേരെ അടുപ്പിച്ചു നിർത്തുന്ന സമയത്തായിരുന്നു പെണ്ണുങ്ങളുടെ ഇടയിൽ നിന്നൊരു പൂവാലൻ അവളെ ശല്യം ചെയ്യാൻ തുടങ്ങിയത് ആദ്യമവൾ മൈൻഡ് ചെയ്തില്ലായിരുന്നുവെങ്കിലും
ശല്യം കൂടിയപ്പോൾ അവൾ കൂട്ടുകരികളോട് പറഞ്ഞു
അവരുടെ കൂടെ നിന്നു പ്രതികരിച്ചപ്പോൾ ബസാകുമ്പോൾ തട്ടിയും മുട്ടിയുമെന്നൊക്കെയിരിക്കും എന്നുള്ള ഞരമ്പന്റെ വാക്കുകൾക്കു മുൻപിൽ അവർക്ക് എന്തു ചെയ്യണമെന്നറിയതെ നിന്നു.
അവനോടു പറയാനായി അവൾ മടിച്ചു നിന്നപ്പോൾ അവരുടെ ദയനീയമായ അവസ്ഥ ആ കണ്ണുകളിലൂടെ അവൻ മനസിലാക്കിയിരുന്നു, മാറി നിൽക്കാൻ ഞരമ്പനോട് പറഞ്ഞപ്പോൾ
“ശല്യപ്പെടുത്തിയാൽ നാളെ പിള്ളേര് കുറഞ്ഞു കിട്ടുമെടാ നീയെപ്പോഴും അവരെ പേടിപ്പിച്ചിട്ടൊന്നും അവർ കുറയുന്നില്ലല്ലോ” എന്നുള്ള അയാളുടെ വാക്കിനു മറുപടിയായി
“അങ്ങനെയൊരു പെണ്ണിന്റെ മാനത്തിനു വിലയിട്ടു എനിക്ക് ബസിലെ പിള്ളേരെ കുറയ്ക്കണ്ട, പിന്നെ എന്റെ ബസിലെ പിള്ളേരെ ഞാൻ വഴക്കു പറയുന്നുണ്ടങ്കിൽ അതെന്റെ ജോലി ഭാരം കൊണ്ടു പറഞ്ഞു പോകുന്നതാ
അല്ലാതെ അവരോടു എനിക്കൊരു വ്യെക്തി വൈരാഗ്യവും ഇല്ല പിന്നെ ഒരു ബസിൽ കയറുന്ന മുഴുവൻ ആളുകളെയും അവരെ യഥാ സ്ഥാസ്ഥാനത്ത് എത്തിക്കുന്നത് വരെയുള്ള എല്ലാ ഉത്തരവാദ്യത്വവും
ഞങ്ങൾ ബസുകർക്കുണ്ട് അതിൽ അവരുടെ സുരക്ഷയും അഭിമാനവും ഉൾപ്പെടും നീയധികം ചെലയ്ക്കാണ്ട് ഇറങ്ങിപോടാ ”
എന്നുള്ള അവന്റെ ഡയലോഗ് ഞരമ്പന്റെ ചെവിയക്കാൾ കൂടുതൽ പതിഞ്ഞത് അവളുടെ കാതിലായിരുന്നു.
പിന്നേയൊരുനാൽ കാലം തെറ്റിപെയ്ത മഴയായിരുന്നു അവളിലെ കാമുകിയെ തട്ടിയുണർത്തിയത് ,കോളേജിൽനിന്നുമിറങ്ങിയത് മഴയുടെ ലക്ഷണം നോക്കിയായിരുന്നു ബസ് വന്നതു മഴയെയും കൊണ്ടായിരുന്നു,
ബസിൽ കയറിപറ്റാനുള്ള ഓട്ടത്തിൽ ചെരിപ്പുവഴുതി നിന്നപ്പോൾ മഴ അവളുടെ മേനിയിൽ തഴുകിയിരുന്നു,
ബാക്കിലെ വാതിലിലൂടെ കയറിപ്പറ്റിയപ്പോഴേക്കും മഴയിൽ കുതിർന്നുന്നവളുടെ മുടികളൊക്കെ മുഖത്തും കവിളത്തും തലോടിക്കൊണ്ടിരുന്നു,
“സ്റ്റെപ്പിൽ നിന്നും കേറിനിക്ക് ‘ന്നാ’ തല തോർത്ത്” എന്നുള്ള കലിപ്പ് ശബ്‌ദം കേട്ടു നോക്കുമ്പോൾ നീട്ടിപിടിച്ച തോർത്തുമായി അവൻ നിൽക്കുന്നു
“കാലം തെറ്റി പെയ്ത മഴയാ പനി എപ്പോ വന്നുന്നു ചോദിച്ചാൽ മതി” തോർത്ത് കൈയ്യിൽ തന്നിട്ട് പിറുപിറുത്തുകൊണ്ടവൻ മുന്നോട്ടു പോയി ,
അപ്പൊ ഒരു മനുഷ്യത്വം ഉള്ള കൂട്ടത്തിലാണ് എന്നവളും മനസിൽ ചിന്തിച്ചു.
ഒരുപക്ഷേ അതാവണം അവൾക്കു അവനോടുള്ള വെറുപ്പ് മനസിൽ കുറഞ്ഞുവന്നത്, പിന്നീടുള്ള ദിവസങ്ങളിൽ അവനെ നോക്കിയവൾ പുഞ്ചിരിക്കാൻ തുടങ്ങിയത് .
ഒരു ഞായറാഴ്ച മാമന്റെ വീട്ടിൽ പോയവൾക്കു തിരിച്ചു വീട്ടിൽ പോകുവാൻ അവന്റെ ബസിൽ തന്നെ പോകാമെന്ന ചിന്തയിൽ അതിനായി ബസ് സ്റ്റാൻഡിൽ വന്നു,
രണ്ടു ദിവസമായി ക്ലാസ് ഇല്ലാത്തത് കൊണ്ട് അവനെ കാണാനും പറ്റിയില്ല ഈ നേരത്താവന്റെ ബസ് കുറച്ചു സമയം സ്റ്റാൻഡിൽ ഉണ്ടാകും കണ്ടൊന്നു മിണ്ടുക കൂടി ചെയ്യാമെന്ന ചിന്തയിൽ
ബസ് സ്റ്റാൻഡിൽ കൊണ്ടുവിട്ട മാമനോട് യാത്ര പറഞ്ഞവൾ അവന്റെ ബസ്സിനായി കണ്ണോടിച്ചുകൊണ്ട് സിനിമ പോസ്റ്ററുകളും മറ്റും പതിച്ച ചുമരിലേക് നോക്കിയവൾ ഞെട്ടി തരിച്ചു പോയി
നിന്നു പോസ്റ്ററുകൾക്കു മുകളിലായി അവന്റെ ചിരിക്കുന്ന ഫോട്ടോ കൂടെ ഒരു അടികുറുപ്പും
“” പ്രിയ സുഹൃത്തിനു ആദരാഞ്ജലികൾ””
ഒരു നിമിഷം അവൾക്കവളുടെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല ഇടറുന്ന കാലുമായി അവൾ ബസ് സ്റ്റാന്റിന്റെ അകത്തേക്ക് ചുവടു വച്ചു ,
അവന്റെ ബസ് കണ്ടതാനായില്ലന്ന് മാത്രമല്ല മറ്റു ബസുകളിലെ ഫ്രണ്ട് ഗ്ലാസ്സിലേല്ലാം അവന്റെ ചിരിക്കുന്ന മുഖമായിരുന്നു,,,
കണ്ണീർക്കണങ്ങളാൽ നിറഞ്ഞ അവളുടെ കണ്ണുകൾ ആ ഫോട്ടോ മറയ്ക്കുന്നുണ്ടായിരുന്നു , “രാവിലെ ഡ്യൂട്ടിക്ക് വന്നപ്പോൾ ബൈക്കിൽ ലോറിയിടിച്ചതാ അവിടെത്തന്നെ തീർന്നിരുന്നു” ,
“അച്ഛനില്ലാത്ത അവന്റെ അമ്മയ്ക്കും പെങ്ങൾക്കും ആകെയുണ്ടായിരുന്നവനാ അതുംപോയി”,
ചുറ്റിലുമുള്ള ജീവനക്കാരുടെ ശബ്ദങ്ങൾ അവളുടെ കാതിൽ അലയടിച്ചുകൊണ്ടിരുന്നു, സ്റ്റാന്റിലെ സ്‌ത്രീകൾക്കായി ഒരുക്കിയ വിശ്രമകേന്ദ്രത്തിൽ മരവിച്ച മനസുമായി അവളിരുന്നു ,
ഒരിക്കലെങ്കിലും ചിരിച്ചു കാണാൻ ആഗ്രഹിച്ച കലിപ്പന്റെ മുഖത്തെ ആ മനോഹരമായി ചിരി ഫോട്ടോയിൽ നിന്ന് അവളുടെ ഹൃദയതിലേക്കു മൂർച്ചയുള്ള ആയുധമായി ആഴ്ന്നിറങ്ങി…