ഭാഗ്യദോഷി
(രചന: Jolly Shaji)
ഷോപ്പിംഗിന് പോകുമ്പോളൊക്കെ മീനയുടെ മുഖത്ത് പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം ആയിരുന്നു…
എന്തുവാങ്ങണം എന്നൊരു ചിന്തയേ അവൾക്ക് ഇല്ലായിരുന്നു… മുന്നിൽ കാണുന്നതൊക്കെ വാങ്ങുന്നു…
മക്കൾക്ക്, മരുമക്കൾക്ക്, കൊച്ചുമക്കൾക്ക്, ഭർത്താവിന് കൂടെപ്പിറപ്പുകൾക്ക് അങ്ങനെ ഓരോരുത്തരെയും മനസ്സിൽ കണ്ടാണ് ഷോപ്പിംഗ്…
“എന്റെ മീനേച്ചി എന്തോരും സാധനങ്ങൾ ആണ് വാങ്ങിക്കൂട്ടുന്നത് ആകെ നാല്പത്തിയെഴു കിലോ അല്ലേ വെയിറ്റ് അനുവദിക്കു ഫ്ളൈറ്റിൽ..”
“അതറിയാടി കൊച്ചേ… കുറച്ചു സാധനങ്ങൾ കാർഗോ വിടാം എന്നോർത്താണ്…”
‘”ആഹാ അത് നന്നായി, ചേച്ചിയെക്കാൾ രണ്ടിരട്ടി സാലറി വാങ്ങുന്ന ഞാൻ ദേ വാങ്ങുന്ന സാധനങ്ങൾ കണ്ടോ…
ഇത് മൂന്നു വർഷം ജോലിചെയ്തത് മുഴുവനും കുടുംബത്തേക്ക് അയച്ചിട്ട് ഓവർടൈം ജോലിചെയ്തു മാറ്റിവെച്ചേക്കുന്ന പണത്തിനു മുഴുവൻ സാധനം വാങ്ങുവാണോ.. ”
“മൂന്നുകൊല്ലം എത്തി പോകുന്നതല്ലേ മോളെ അപ്പോൾ എല്ലാർക്കും എന്തെങ്കിലുമൊക്കെ കൊടുക്കേണ്ടേ..”
“ഇക്കണ്ട കാലം മുഴുവൻ പണിയെടുത്ത് എല്ലാർക്കും ഉണ്ടാക്കി കൊടുത്തില്ലേ തള്ളേ… ഇനിയെങ്കിലും സ്വന്തമായി എന്തെങ്കിലും ഉണ്ടാക്കാൻ നോക്ക്…'”
“എനിക്കിനി ഈ വയസ്സുകാലത്ത് എന്തുണ്ടാക്കാൻ… എന്റെ മക്കളൊക്കെ സുഖമായി ജീവിക്കുന്നത് കണ്ടാൽ മതി..”
“ദേ ഒരു കാര്യം പറഞ്ഞേക്കാം… മോളെ എന്റെ മാല കളർ പോയി കഴുത്തൊക്കെ ചൊറിയുന്നു… എന്നൊരു വാക്ക് ഇനി എന്നോട് മിണ്ടിപോയേക്കരുത്….”
ഹേമയുടെ സംസാരം കേട്ട് മീന ചിരിച്ചെങ്കിലും അവൾ പറഞ്ഞതിന്റെ പൊരുൾ അവർക്കു മനസ്സിലായി…
മീന ഹൌസ്കീപ്പർ ആയി ജോലിചെയ്യുന്ന ഹോസ്പിറ്റലിൽ ഹെഡ് നേഴ്സ് ആണ് ഹേമ… മീന ഇരുപതു വർഷത്തിന് മുകളിൽ ആയി ഇവിടെ ജോലി ചെയ്യുന്നു… ഹേമ പക്ഷെ എട്ടുവർഷം ആയിട്ടേ ഉള്ളു…
ഹേമയെ പരിചയപ്പെടും വരെ മീന ഹോസ്റ്റൽ ജീവിതം ആയിരുന്നു…
അവിടുന്ന് ഭക്ഷണം കഴിച്ചു കിട്ടുന്നത് മുഴുവനും നാട്ടിലേക്കു അയച്ചുള്ള ജീവിതം… ഹേമ അവരെ പരിചയപ്പെട്ടപ്പോൾ തന്നെ തനിക്ക് ഒരമ്മയെ അല്ലെങ്കിൽ മൂത്ത ചേച്ചിയെ കിട്ടിയത് പോലെ ആയിരുന്നു..
ഹേമയും കൂട്ടുകാരിയും താമസിച്ചിരുന്ന ഫ്ലാറ്റിലേക്ക് അവർ മീനയെയും കൂട്ടി… അവർക്കൊപ്പം കൂടിയതിൽ പിന്നെയാണ് മീന നല്ല ഭക്ഷണം പോലും കഴിച്ചു തുടങ്ങിയത്..
എല്ലാ രണ്ടുവർഷവും കൂടുമ്പോൾ ആണ് മീന നാട്ടിൽ പോകാറ് പതിവ്… കഴിഞ്ഞവർഷം പോകാൻ തയ്യാറെടുത്തു പക്ഷെ കൊ റോ ണ സമ്മതിച്ചില്ല…
ഇപ്പോൾ മൂന്നു വർഷം കഴിഞ്ഞുള്ള പോക്കിന് തയ്യാറെടുക്കുന്നതിന്റെ ത്രില്ലിൽ ആണ് മീന…
ഒരുമാസം കൂടി കഴിഞ്ഞ് പോകാം എന്നോർത്തിരുന്നപ്പോളാണ് “ഒ മൈ ക്രോ ൺ “എന്ന വില്ലൻ വരുന്നത് അറിയുന്നത്… ഇനിയും വൈകിയാൽ എയർപോർട്ട് വീണ്ടും അടച്ചാലോ എന്ന ചിന്തയിൽ ആണ് ഹേമയും മീനയും ഉടനെ ലീവ് എടുക്കുന്നത്..
സാധനങ്ങൾ വാങ്ങി ബില്ല് പേ ചെയ്യുമ്പോൾ മീനയുടെ കയ്യിൽ അല്പം പൈസ കുറവുണ്ട്… കുറച്ചു സാധനങ്ങൾ തിരികെ വെക്കാം എന്ന് പറയുമ്പോളും ഉള്ളിൽ ഒരു വിഷമം എന്ത് തിരികെ വെക്കും…
“ഉം എന്തെ മുഖത്തൊരു വിഷമം പോലെ… വാരി വലിച്ച് എടുത്തപ്പോൾ ഞാൻ പറഞ്ഞതല്ലേ… ഉം സാരമില്ല എടുത്തത് ഒന്നും തിരികെ വെക്കേണ്ട.. ഞാൻ കൊടുക്കാം ക്യാഷ്…”
“മോളെ… ഇപ്പൊ തന്നെ നിനക്ക് കുറേ ക്യാഷ് തരാൻ ഉണ്ട് ഇനി ഇതുകൂടി…”
“ഓ തള്ളക്കു സെന്റി തുടങ്ങി… പോട്ടെ അതൊക്കെ നാട്ടിൽ ചെല്ലുമ്പോൾ ഈ കാണിക്കുന്ന സ്നേഹം ഉണ്ടായാൽ മതിയേ എനിക്ക്..”
“നിന്നോട് സ്നേഹം കുറയുകയോ… ന്റെ മക്കളെക്കാൾ എന്നെ മനസ്സിലാക്കിയിരിക്കുന്നത് നീയല്ലേ മോളെ ആ നിന്നോട് എങ്ങനെ എന്റെ സ്നേഹം കുറയും…”
“ഓ മതി മതി… വാ പോകാം..”
ഹേമ മീനയെ ചേർത്തുപിടിച്ചു പുറത്തേക്കു നടന്നു… റൂമിൽ എത്തിയ അവർ ഭക്ഷണം കഴിച്ച് സാധനങ്ങൾ പാക് ചെയ്യാൻ തുടങ്ങി.
“മീനേച്ചി ഇന്ന് അത്യാവശ്യം പാക്കിങ് കഴിയണം നാളെ ഡ്യൂട്ടി കഴിഞ്ഞ് പി സി ആർ കൂടി എടുത്തിട്ട് വേണം വരാൻ… പിന്നെ രാത്രി സമയം ഉണ്ടാവില്ല.. നേരത്തെ കിടക്കണം വെളുപ്പിനേ നാല് മണിക്ക് നമുക്ക് ഇറങ്ങണം…”
“എന്റെ ലീവ് പേപ്പർ നാളെയെ കിട്ടു മോളെ.. ”
“മറക്കാതെ എല്ലാം എടുത്തു വെച്ചോളണം…”
മീന കൊണ്ടുപോകാൻ ഉള്ള സാധനങ്ങൾ എല്ലാം രണ്ട് പെട്ടിയിലാക്കി തൂക്കം നോക്കി… മുപ്പത്തിയാറ് കിലോ.. അവരുടെ മുഖം തിളങ്ങി… നാല് കിലോ കൂടി വെക്കാമല്ലോ..
“മോളെ ഹേമേ എന്റെ പെട്ടിയിൽ നാല് കിലോ കൂടി കൊള്ളും കേട്ടോ… താഴെ ബക്കാലയിൽ നിന്നും എന്തെങ്കിലും കൂടി വാങ്ങിയെങ്കിൽ..”
“എന്റെ മീനേച്ചി ആ ഫ്രീസറിൽ ഇരിക്കുന്ന സാധനങ്ങൾ എത്ര കിലോ ഉണ്ട്…”
“അയ്യോ ഞാനതു മറന്നു മോളെ.. അതുകൂടി ആകുമ്പോൾ വെയിറ്റ് കൂടാൻ ചാൻസ് ഉണ്ട്…”
“അതെങ്ങനാ മക്കൾക്ക് കൊടുക്കണം എന്നൊരു ചിന്ത മാത്രേ ഈ തള്ളക്ക് ഉള്ളു…”
“അവരുടെ സന്തോഷം അല്ലേ മോളെ എന്റെ സന്തോഷം…”
പിറ്റേന്ന് രണ്ടുപേരും ആശുപത്രിയിൽ പോയി ലീവ് പേപ്പർ ഒക്കെ റെഡിയാക്കി… അവിടുന്ന് തന്നെ ആ ർ. റ്റി. പി. സി. ആർ. ടെ ക്സ്റ്റ് ചെയ്തു… റിസൾട്ട് നെ ഗറ്റീവ് ആയിരുന്നു… അങ്ങനെ പോകേണ്ട എല്ലാകാര്യങ്ങളും റെഡിയാക്കി വെച്ചു…
കൊണ്ടുപോകാൻ ഉള്ള പെട്ടിയൊക്കെ പാക്കിങ് കഴിഞ്ഞ് ഇട്ടോണ്ട് പോകാനുള്ള ഡ്രസ്സ് ഒക്കെ എടുത്തു വെച്ചു… മീന കാതിൽ കിടന്ന കമ്മൽ ഊരി ഒന്ന് കഴുകാം എന്നോർത്തു പക്ഷെ കമ്മലിന്റെ പുറകിലെ പിരി എവിടേക്കോ തെറിച്ചു പോയി…
“അയ്യോ മോളെ ഹേമ എന്റെ കമ്മലിന്റെ പിരി കയ്യിന്നു പോയല്ലോ.. കണ്ണും പിടിക്കുന്നില്ല… ഒന്ന് നോക്കി തരുമോ…”
“ഹോ കാറുന്ന കേട്ടാൽ തോന്നും പത്തുപവൻ പോയെന്ന്… അതുപോട്ടെ ഗ്യാരണ്ടി കമ്മൽ അല്ലാരുന്നു വേറൊന്നിന്റെ പിരി എടുത്തിടു…”
“മോളെ ചീത്ത പറയരുത് മീനേച്ചിയോട്…”
‘”അതിന് എന്തിന് വഴക്ക് പറയുന്നു.. ഇതൊക്കെ സ്വാഭാവികം അല്ലേ… ”
“അതല്ല മോളെ… ഇന്നലേ അലമാര ഒക്കെ വൃത്തിയാക്കിയപ്പോ പഴയ കമ്മൽ എല്ലാം നിറം പോയി കിടക്കുന്നതു കണ്ടപ്പോൾ എല്ലാം എടുത്തു കളഞ്ഞു…”
“ഹഹഹ… അതിപ്പോ നന്നായി… സാരല്ല്യ എന്റെ രണ്ട് കമ്മൽ ഇട്ടോ… അല്ലെങ്കിൽ വേണ്ട സമയം ഒന്നുമായില്ലല്ലോ ഞാൻ പോയി വാങ്ങി വരാം.. എടി നാൻസി നീ കൂടെ വാ..”
“വേണ്ട മക്കളെ… അപ്പുറെ ഫ്ലാറ്റിലെ ലീലേടെ കയ്യിൽ കാണും..”
“വേണ്ട വേണ്ട ഇനി തെണ്ടാൻ പോവേണ്ട..”
ഹേമയും നാൻസിയും വേഗം റെഡിയായി പുറത്തുപോയി കമ്മൽ വാങ്ങി വന്നു…
“ദാ കമ്മൽ, ഇനി നിറം പോയി ചൊറിയുന്നു എന്നൊന്നും കേട്ടേക്കരുത് ഇവിടെ…
പിന്നെ നാട്ടിൽ ചെന്ന് മക്കൾക്ക് പണയം വെക്കാൻ കൊടുക്കാനും സമ്മതിക്കില്ല.. ഇനിയെന്റെ മീനേച്ചിടെ കാതിൽ ഈ കമ്മൽ എപ്പോഴും കാണണം…”
“എന്തിനാ മോളെ ഇതൊക്കെ ഈ കടമൊക്കെ ഞാനെങ്ങനെ വീട്ടും…”
“വീട്ടാനോ.. തള്ളേ മിണ്ടി പോകരുത്… നിങ്ങൾ എന്റെ മുന്നിൽ എന്നും ഒരു കടക്കാരി ആയി വേണം… എങ്കിലേ ഈ സ്നേഹം എനിക്ക് നഷ്ടമാകാതിരിക്കു…”
ഹേമ അവരെ കെട്ടിപ്പിടിച്ചു… മീന പൊട്ടിക്കരഞ്ഞു.. പിറ്റേന്ന് കൂടെ ജോലി ചെയ്യുന്ന കൂട്ടുകാരിയുടെ ഭർത്താവാണ് അവരെ എയർപോട്ടിൽ എത്തിച്ചത്… അവരെ ഇറക്കിവിട്ട് അയാൾ തിരികെ പോയി…
അവർ ചെക്കിങ്ങിൽ എത്തി പാസ്സ്പോർട്ട് പരിശോധിച്ച ഉദ്യോഗസ്ഥൻ ഹേമയെ കടത്തിവിട്ടു… മീനയുടെ ഊഴമായി ടെമ്പറേച്ചർ ചെക് ചെയ്ത പോലീസുകാരൻ മീനയുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി…
“പി. സി. ആ ർ റിസൾട്ട്…”
അവർ വേഗം റിസൾട്ട് എടുത്തു കൊടുത്തു…
“ഇത് നെഗറ്റീവ് ആണ് പക്ഷെ നിങ്ങൾക്ക് ടെമ്പറേച്ചർ കാണിക്കുന്നു..”
മീനയുടെ ഉള്ളൊന്നു പിടഞ്ഞു…
“എന്താ സാറെ പ്രശ്നം..”
ഹേമ അവിടേക്കു വന്നു…
“മാഡം ഇവരുടെ പി. സി. ആർ. ഒരിക്കൽ കൂടി ഇവിടെ ചെക് ചെയ്യണം…”
“സാറെ ഇത് ചെറിയൊരു വേരിയേഷൻ അല്ലേ കാണിക്കുന്നത് ദയവായി സർ പ്രശ്നം ഉണ്ടാക്കരുത്… മൂന്നുവർഷം കഴിഞ്ഞുള്ള നാട്ടിൽ പോക്ക് ആണ് പ്ലീസ്…”
ഹേമ അയാൾക്ക് നേരെ കൈകൾ കൂപ്പി…പക്ഷെ അയാൾക്ക് നിയമത്തിന് എതിരായി ഒന്നും ചെയ്യാൻ കഴിയുമായിരുന്നില്ല…
അയാൾക്ക് അറിയില്ലല്ലോ മക്കളെ കാണാൻ കൊതിച്ചു നാട്ടിലേക്കു പറക്കാൻ ധൃതി പെടുന്ന ഒരമ്മയുടെ മനസ്സ്…
ഹേമ തന്നെയാണ് മീനയെ പി സി ആർ ടെസ്റ്റിന് കൊണ്ടുപോയത്.. റിസൾട്ട് വരാൻ ഒരു മണിക്കൂർ താമസമുണ്ട്… വെയ്റ്റിംഗ് റൂമിൽ മീനയെ മാറ്റിയിരുത്തൻ അധികൃതർ ശ്രദ്ധിച്ചു..
“മോളെ… മോള് പൊയ്ക്കോളൂ… ഞാൻ എങ്ങനേലും റൂമിലേക്ക് പൊയ്ക്കോളാം… ഫ്ലൈറ്റ് മിസ്സ് ആകും..”
“ഫ്ലൈറ്റ് മിസ്സ് ആയിക്കോട്ടേ മീനേച്ചിയുടെ റിസൾട്ട് വരട്ടെ ആദ്യം..”
ഹേമ ഒന്ന് തീരുമാനിച്ചാൽ അതിന് മാറ്റം ഉണ്ടാവില്ലെന്നു മീനക്ക് അറിയാം..
ഈശ്വരാ കൊ റോ ണ മൂന്നാം തരംഗം വരും മുന്നേ എങ്ങനെയെങ്കിലും നാട്ടിലെത്താൻ കൊതിച്ച തന്നോട് ദൈവം എന്തൊരു ക്രൂരതയാണ് ചെയ്യുന്നത്…
മീനക്ക് സങ്കടം അടക്കുവാൻ ആയില്ല… താൻ കാരണം പാവം ഹേമ മോൾക്കും അവളുടെ കുഞ്ഞുങ്ങളെ കാണാൻ പറ്റില്ലല്ലോ ഈശ്വര…
“മീനേച്ചി സങ്കടം ഉണ്ടാവും പക്ഷെ കരയരുത്…. കുറച്ചു ദിവസം കഴിഞ്ഞാൽ നമുക്ക് പോകാമല്ലോ…
ഞാൻ ആതിരയുടെ ഭർത്താവിനെ വിളിച്ചിട്ടുണ്ട് അവർ ഹോസ്പിറ്റലിൽ ബന്ധപ്പെട്ട് ആമ്പുലൻസ് വിടും… നമുക്ക് റൂമിലേക്ക് പോയി കോ റ ന്റൈൻ ഇരിക്കാം…. നാൻസി തത്കാലം അടുത്ത റൂമിലേക്ക് മാറട്ടെ…”
“മോളെ നിങ്ങൾ എനിക്ക് വേണ്ടി എത്രയാ സഹിക്കുന്നത്… ഈ പാപജന്മം എല്ലാവർക്കും ഒരു ഭാരമായി…”
“പറഞ്ഞത് പറഞ്ഞു ഇനി മേലാൽ ഈ നാവിൽ നിന്നും ഇമ്മാതിരി സംസാരം വേണ്ട… എന്റെ കുഞ്ഞിലേ നഷ്ടമായ എന്റെ അമ്മയെ ആണ് ഞാൻ നിങ്ങളിൽ കാണുന്നത്…. ആ സ്നേഹവും കരുതലും ഞാൻ അറിയുന്നുമുണ്ട്…”
“മോൾടെ മക്കൾ അമ്മയെത്തുമെന്നു കൊതിച്ചിരിപ്പല്ലേ…”
“എന്റെ മക്കൾക്ക് തിരിച്ചറിയാൻ കഴിയും ചേച്ചി… ഞാൻ അവരോടു വിവരങ്ങൾ പറഞ്ഞു… അവരുടെ അപ്പയാണ് എനിക്ക് എല്ലാത്തിനും ധൈര്യം തരുന്നത്… അദ്ദേഹവും പറഞ്ഞു ചേച്ചിയെ കൈവിടല്ലേ എന്ന്…”
അവർ സംസാരിച്ചിരിക്കെ റിസൾട്ട് വന്നു… “പോ സിറ്റീവ് “…
പിന്നെ അധികം വൈകാതെ പെട്ടിയും സാധനങ്ങളുമൊക്കെയായി അവർ ആമ്പുലൻസിൽ റൂമിലേക്ക് തിരികെ പോയി…