(രചന: ജ്യോതി കൃഷ്ണ കുമാർ)
ദേവിക ആരോഗ്യകാര്യത്തിൽ ഏറെ ഉൽക്കണ്ഠ ഉള്ള ഒരാളാണ്… എല്ലാ അസുഖത്തെ പറ്റിയും അറിയാൻ ഭയങ്കര താല്പര്യമാണ് ..
കണ്ണിൽ കണ്ട ആരോഗ്യ മാ സി കകൾ ഒക്കെ വാങ്ങിക്കൂട്ടും… അതിലൊക്കെ ഓരോ സൂക്കടുകളെ പറ്റി പറയുന്നും ഉണ്ടാവും..
അതൊക്കെ ഒത്തു നോക്കി ഒരു സ്വയം അവലോകനം, പിന്നെ അങ്ങ് ഉറപ്പിക്കും, തനിക്ക് എന്താ അസുഖം എന്ന്..
കഷ്ടപ്പെട്ട് പഠിച്ച ഡോക്ടർമാർ പോലും അപ്പുറത്ത് മാറി ഇരിക്കേണ്ടി വരും.
അങ്ങനെ പല പല അസുഖങ്ങളുടേയും
സ്വയം പ്രഖ്യാപിത ഉടമയായിരുന്നു ദേവിക…
ഇത്തവണ പക്ഷെ സംഗതി ഇച്ചിരി സീരിയസാ… എന്താ എന്നോ? രഹസ്യമാ…. എന്നാലും പറയാം….
പുള്ളിക്കാരത്തിക്ക് ഒരു കല്ല്യാണ ആലോചന വന്നിട്ടുണ്ട്, ഒരു പാവം മിലിട്ടറികാരന്റെ…
‘ശ്രീജിത്’
ഏറെക്കുറെ ഉറച്ച മട്ടാണ്……. അവൾക്ക് അയാളെ ചതിക്കാൻ വയ്യ..
അയ്യോ..
തെറ്റിദ്ധരിക്കണ്ട ട്ടോ… സംഭവം നമ്മൾ വിചാരിക്കുന്ന പോലല്ല…. എതോ മാ സി കയിൽ, കൃത്യമായി വരാത്ത മാസമുറ വന്ധ്യതയുടെ ലക്ഷണമാണ് എന്ന് പറഞ്ഞിട്ടുണ്ട്…
ഇടക്കും തലക്കും മിസാവുന്നതും, വൈകി വരുന്നതും ആയ തന്റെ പരീയഡ്സിനെ നോക്കി അവൾ നെടുവീർപ്പിട്ടു..
ഒരിക്കലും അമ്മയാവാൻ കഴിയാത്ത തന്റെ ഭാവി അപ്പോൾ അവൾ തീരുമാനിച്ചു കഴിഞ്ഞിരുന്നു….
സാമൂഹ്യ പ്രവർത്തനം…
അങ്ങനെ എങ്കിലും തന്റെ ജീവിതം കൊണ്ട് ഒരു പ്രയോജനം ഉണ്ടാകട്ടെ… പിന്നെ ഇതുപോലെ ഒരു പുണ്യ പ്രവൃത്തി വേറെ എന്താ ഉള്ളത്… അപ്പഴാണ് ഈ കല്യാണംവന്നതും അതങ്ങ് കേറി ഉറച്ചതും…
ഇപ്പോ കൺഫ്യൂഷൻ മനസ്സിലായല്ലോ…
കോമ്മണായിട്ട് പെൺകുട്ടികൾ പറയുന്ന പല ന്യായങ്ങളും പറഞ്ഞ് തുടങ്ങി.. പഠിക്കണം…., ജോലി വേണം……, അങ്ങനെ അങ്ങനെ… ഒന്നും വിലപ്പോയില്ല…. ഒടുവിൽ അവൾ തീരുമാനിച്ചു.
കല്യാണം കഴിക്കുക തന്നെ..
സകലമാന ശൃംഗാരികളുടെയും വായ അടപ്പിക്കാം., എപ്പോ കണ്ടാലും
കല്യാണം ശരിയായില്ലേ ..? കല്യാണം ശരിയായില്ലേ?
എന്നല്ലാതെ അവറ്റകൾക്ക് ഒന്നും ചോദിക്കാനില്ല…..
ഒരു ആറ് മാസം അത് കഴിഞ്ഞ് അങ്ങേരെ എല്ലാം പറഞ്ഞ് മനസ്സിലാക്കി പുതിയ കല്ലാണത്തിന് പുള്ളിയെ നിർബന്ധിച്ച് “മംഗളം നേരുന്നു ഞാൻ ” എന്ന പാട്ടും പാടി ഉഭയകക്ഷി സമ്മതപ്രകാരം ഇങ്ങ് പോരാം എന്ന് കരുതി…
കല്യാണം നടന്നു.
ഒരു മാസം കഴിഞ്ഞു….. വിരുന്നും ടൂറും ഒക്കെയായി അടിച്ചു പൊളിച്ചു… രണ്ടാമത്തെ മാസം പാതി ആയി… രാവിലെ എണീറ്റ് പല്ലുതേച്ചപ്പോ എന്തോ ഒന്ന് വൊമിറ്റ് ചെയ്തു….
എല്ലാരും ചിരിച്ചു സന്തോഷം പ്രകടിപ്പിച്ചു.. ദേവികക്ക് ദേഷ്യം വന്നു. ഇവരുടെ നാട്ടിൽ ആരേലും ഛർദിച്ചാൽ ഇങ്ങനെയാണോ? എന്റെ വീട്ടിൽ ആയി നോക്കണം..
ആകെ സീൻ ആവും.. അച്ഛൻ പുറം തടവും… അമ്മ ഇഞ്ചി ചതച്ചു മോരിൽ കലക്കി തരും… റെസ്റ്റ് എടുപ്പിക്കും.. ഇതൊരുമാതിരി ചിരിക്കുന്നു…
പ്രാന്തന്മാരാണോ… ദൈവമേ??
എന്നൊക്കെ ആലോചിച്ച് നിക്കുമ്പഴാ അമ്മ ശ്രീജിത്ത് ചേട്ടനോട് പറയുന്നത് അവളെയും കൊണ്ട് ഒന്ന് ഡോക്ടർ ടെ അടുത്ത് പോടാ…
കേട്ടപാതി കേൾക്കാത്ത പാതി ലീവ് തീരാൻ ദിവസങ്ങൾ മാത്രം ബാക്കിയുള്ള ശ്രീജിത് സന്തോഷം കൊണ്ട് തുള്ളlച്ചാടി
“വാ റെഡിയാവ്”
എന്ന് പറഞ്ഞ് ദേവികയെയും വിളിച്ച് തൊട്ടടുത്ത ഗൈനക്കോളജിസ്റ്റിന്റെ വീട്ടിലേക്ക് പോയി..
തന്റെ കള്ളത്തരം മുഴുവൻ ഇപ്പോ പിടിക്കപ്പെടും എന്ന് കരുതി ദേവിക ശ്രീജിത്തിനെ നോക്കി..
ആറു മാസം എന്നത് രണ്ടു മാസം ആവാണല്ലോ…. തന്നെയും അല്ല ഈ മനുഷ്യനെ താൻ ഇപ്പോ ഒരു പാട് സ്നേഹിക്കാനും തുടങ്ങിയിരിക്കുന്നു. പിരിയുന്ന കാര്യം ഓർക്കാൻ കൂടി വയ്യ..
“യൂ റിൻ ടെ സ്റ്റിന്റെ റിസൽട്ട് മേടിച്ചോളു”
ഹോസ്പിറ്റലിലെ തരുണീമണി വന്ന് അറിയിച്ചു. ശ്രീജിത്ത് റിസൽട്ട് വേടിക്കാൻ ഓടി..
“”ഇങ്ങേരിത് ഒളിംബിക്സിൽ സ്വർണ്ണം കിട്ടിയ പോലെ എങ്ങോട്ടാ എന്ന്, ചിന്തകൾ കാട്കയറി ദേവിക അങ്ങിനെ ഇരുന്നു..
“ദേവൂ…. ” വികാരനിർഭരമായ ഒരു വിളി ശ്രീജിത്താണ് ദേവിക അയാളെ നോക്കി നെറ്റി ചുളിച്ചു.
ആട്ടോ… തുപ്പൊ… എന്തും സ്വീകരിക്കാൻ അവളും റെഡി ആയി…
” റിസൽട്ട് പോസിറ്റീവാടാ….. നമ്മൾക്കിടയിലേക്ക് ഒരതിഥി കൂടി വരാൻ പോണു… ”
ദേവികക്ക് വിശ്വസിക്കാൻ ഒരു ബുദ്ധിമുട്ട് അവൾ എണീറ്റ് ശ്രീജിത്തിനോട് ചേദിച്ചു
“ചേട്ടൻ എന്റെ യൂ റിൻ തന്നല്ലേ കൊണ്ട് പോയി കൊടുത്തത് ”
എൽ കെ ജി കുട്ടികൾ ഒന്നും മനസ്സിലാവാതെ ടീച്ചറുടെ മുഖത്തേക്ക് നോക്കുന്ന പോലെ അവൻ അവളെ നോക്കി,
ഒരൊന്നൊന്നര നോട്ടം …
“”എന്തോ മറുപടി പറയാൻ വന്നത് സാഹചര്യം കണക്കിലെടുത്തു ശ്രീജിത്ത് വിഴുങ്ങി…
മരുന്നുകളും ഫ്രൂട്ട്സും ഇലക്കറികളും ഒക്കെയായി വീട്ടിലേക്ക് പോകുമ്പോൾ അവൾ എല്ലാം അവനോട് തുറന്ന് പറഞ്ഞു.
രേ വ തിയോട് മോ ഹ ൻലാൽ ചോദിച്ച അതേ ചോദ്യം അവനും ചോദിച്ചു.,,,
“വട്ടാണല്ലേ”
“”അതല്ല ശ്രീയേട്ടാ… എനിക്ക് കുഞ്ഞുങ്ങൾ ഉണ്ടാവില്ല…””
അന്തം വിട്ട് ശ്രീജിത്ത് പ്രിയതമയെ ഒന്നൂടെ നോക്കി..
“ആ.. യൂ റിൻ മാറീതാ… നമുക്ക് ഒന്നൂടെ ടെസ്റ്റ് ചെയ്യാന്നെ പ്ലീസ്…”
ഒടുവിൽ ഒരു പ്രെഗ്നൻസി കിറ്റ് മേടിച്ചു അവർ വഴിയിൽ ഉള്ള അമ്മാവന്റെ വീട്ടിൽ നിന്നും നോക്കി..
വീണ്ടും പോസിറ്റീവ്… വിശ്വാസം വരാതെ ദേവികയും… ഇവൾടെ ഏതൊക്കെ പിരി പോയെന്നു ചിന്തിച്ചു ശ്രീജിത്തും പരസ്പരം നോക്കി…
ഒരു ചമ്മിയ ചിരി ചിരിച്ച് ദേവിക പറഞ്ഞു,, “”ഈ മാ സിക ഒക്കെ പറ്റിക്കലാ ചേട്ടാ””” എന്ന്…
വീട്ടിൽ ചെന്നപ്പോ അവൻ ആദ്യം ചെയ്തത് അവളുടെ ആരോഗ്യ മാസികകൾ മുഴുവൻ എടുത്ത് കത്തിക്കുക ആയിരുന്നു.
ന്നട്ട് ഒരു ചോദ്യം…
“ന്നാലും നീ ആ സംശയവും വച്ച് ആറുമാസത്തേക്ക് എന്നെ ഒരു പരീക്ഷണ വസ്തു ആക്കിയില്ലേ?”
ഇതൊന്നും കേൾക്കാതെ വരുന്ന കുഞ്ഞിനെപ്പറ്റി സ്വപ്നങ്ങൾ നെയ്യുകയായിരുന്നു ദേവിക..