(രചന: Nithya Prasanth)
“നീ തനിച്ചല്ലേ ഫ്ലാറ്റിൽ…. ഞാൻ കൂടെ വന്നാലോ….ഹോസ്റ്റൽ ഫുഡ് ഒന്നും എനിക്ക് പറ്റുന്നില്ല…
പിന്നെ നമ്മുടെ ഓഫീസ് ടൈമിഗും ഒക്കെ പുതിയ വാർഡനു പിടിക്കുന്നുമില്ല… എപ്പോഴും എന്തെങ്കിലും ഒക്കെ പറയും….”
യദുവിനോടായി അവൾ പറഞ്ഞു….
കയ്യിലിരുന്ന കാപ്പിക്കപ്പ് ടേബിളിൽ വച്ചുകൊണ്ട് ഒരു നിമിഷം അവൻ മേഘയെ നോക്കി….
“ഏയ്… അതൊന്നും ശരിയാവില്ല… ഫ്രണ്ട്‌സ് ആണെന്ന് വച്ചു… ആളുകൾ അതുമിതും ഒക്കെ പറയും….” അവൻ ദൂരേക്ക് കണ്ണുകൾ പായിച്ചുകൊണ്ട് പറഞ്ഞു..
“നീ ഇപ്പോഴും ഒരു പഴഞ്ചൻ തന്നെയാ.. തനി നാട്ടുമ്പുറത്തുകാരൻ….. ഈ ബാംഗ്ലൂർ സിറ്റിയിൽ ആര് എന്ത് പറയാൻ ആണ്…. അതൊക്കെ നമ്മുടെ ഇഷ്ടം…..”
“പിന്നെ…”
പാതിയിൽ നിർത്തിയ അവളെ എന്താണെന്ന ഭാവത്തിൽ അവൻ പുരികകൊടികൾ ഉയർത്തി നോക്കി…
“ഞാൻ മമ്മിയോട് പറഞ്ഞു… നിന്നെപ്പറ്റി….”
കണ്ണുകളിൽ കുസൃതി ഒളിപ്പിച്ചു അവൾ അവനെ നോക്കി. അവനു എന്തോ അസ്വസ്ഥത അനുഭവപ്പെട്ടു… അവനിലെ നിർവികരത കണ്ടു അവൾ കയ്യുയർത്തി അവന്റെ കൈത്തലത്തിൽ അമർത്തി…
ഒരു ഞെട്ടലോടെ അവൻ കൈ പിൻവലിച്ചു…
അങ്ങ് ദൂരെ അശ്വതിയുടെ മനസ്സിൽ ഒരു കൊള്ളിയാൻ മിന്നി.. കൈകൾ വിറച്ചു…പഠിപ്പിക്കൽ മതിയാക്കി ക്ലാസ്സിന് പുറത്തേക്കു നടന്നു….
“എന്താ… യദു….?” നിനക്ക് ഇപ്പോഴും ആ നാട്ടിൻപുറത്തുകാരി ഗസ്റ്റ് ലക്ചർനെ തന്നെയാണോ ഇഷ്ടം “…
“എന്നിട്ട് നീ ഇപ്പോൾ അവളെ വിളിക്കുന്നതൊന്നും കാണാറില്ലല്ലോ…. വിളിച്ചാൽ തന്നെ എന്തെങ്കിലും വഴക്ക് പറഞ്ഞോ പരിഹസിച്ചോ വയ്ക്കും “…
പെട്ടെന്നാണ് യദുവിന്റ ഫോൺ റിങ് ചെയ്തത്….
“കണ്ണേട്ടാ…. എവിടാ…?” അങ്ങേ തലയ്ക്കൽ അശ്വതിയുടെ കരച്ചിലിന്റ സ്വരം…
“ഞാൻ ഇവിടെ തന്നെ ഉണ്ട്… ”
മറുപടി ഒന്നും ഇല്ലാഞ്ഞു അവൻ തുടർന്നു…
“നീ ഇന്ന് രാവിലെ വിളിച്ചതല്ലേ ഉള്ളൂ… പിന്നെന്താ…?”
“എനിക്ക്….പെട്ടെന്നെന്തോ….ഏട്ടനെ ഓർത്തു…എന്തോ പേടി തോന്നുന്നു കണ്ണേട്ടാ ….”
“നിന്റെ ഒരു പേടി.. എപ്പോഴും ഓരോരോ സ്വപ്നങ്ങളും …. ഇതൊക്കെ പറഞ്ഞു എന്നെ ഇങ്ങനെ ശല്യപെടുത്താതെ….
നിന്നെപോലെ കൊച്ചുവർത്തമാനവും പറഞ്ഞു റിലാക്സ്ഡ് ആയി നടക്കാനുള്ള അവസ്ഥയിലല്ല ഞാൻ… അതൊക്കെ മുൻപ്… ഇപ്പോൾ അത്രയും തിരക്കും ഉത്തരവാദിത്യവും ഉള്ള ജോലിയിലാണ് ഞാൻ… നീ അതൊന്ന് മനസിലാക്ക്..”
മറുപടി വരുന്നതിന് മുൻപേ അവൻ ഫോൺ കട്ട് ചെയ്തു…
കോൾ കട്ട് ആയിട്ടും ഫോൺ ചെവിയിൽ നിന്നെടുക്കാതെ ഒഴുകുന്ന കണ്ണുകളുമായി അവൾ ഇരുന്നു….
യദുകൃഷ്ണൻ എന്ന എല്ലാരുടെയും കണ്ണൻ…. തന്റെ കണ്ണേട്ടൻ….. കുഞ്ഞുനാൽ മുതൽ അടുത്ത സുഹൃത്തുക്കൾ ആണ് അവരുടെ അച്ഛനമ്മമാർ.. കുട്ടികളും കൂട്ടുകാർ…. അശ്വതി യുടെ സഹോദരൻ അശോക്, യദുവിന്റ സുഹൃത്തും ആണ്…
ശരിയാണ്.. ആൾക്ക് തിരക്കാണ്…… എന്നാലും ഒഴിവ് ദിവസം എങ്കിലും ഒന്ന് വിളിച്ചുകൂടെ…. എന്നും അങ്ങോട്ട് വിളിക്കണം….. വിളിച്ചാലും പഴയ പോലെ അത്ര സ്നേഹം ആയിട്ട് സംസാരിക്കുകയൊന്നുമില്ല…..
അത്യാവശ്യം എന്തെകിലും പറയും… ഓരോന്ന് എടുത്തു ചോദിച്ചാൽ മറുപടി പറയും…. പുതിയ സിറ്റി ലൈഫ്…. ഹൈ സാലറി.. പുതിയ ഫ്രണ്ട്‌സ്..
ഒക്കെ ആയപ്പോൾ എനിക്ക് അത്ര പ്രാധാന്യം ഇല്ലാത്ത പോലെ….. നിറം മങ്ങിയ പഴയ ചിത്രം പോലെ ഒരു മൂലയിൽ ആയി തന്റെ സ്ഥാനം….
അല്ലെങ്കിലും കൂടെ കൂട്ടിക്കോളാമെന്നു വാക്കൊന്നും തന്നിട്ടില്ലല്ലോ… പരസ്പരം കണ്ണുകൾ കൊണ്ടല്ലേ സ്നേഹം കൈമാറിയിട്ടുള്ളു….
നല്ലൊരു സുഹൃത്ത് ആയിരുന്നു കുഞ്ഞു നാളു മുതൽ.. ഞാനല്ലേ കൂടുതലും കണ്ണേട്ടനെ വീട്ടിലേക്ക് ആന്വോക്ഷിച്ചു ചെല്ലാറുള്ളത്… ഇങ്ങോട്ടുള്ള വരവ് കുറവല്ലേ….
പക്ഷെ ആ കണ്ണുകളിൽ കണ്ടത് തന്നോടുള്ള പ്രണയം ആയിരുന്നു…. ഇനി തനിക്കു തെറ്റിയതാകുമോ….. ഇഷ്ടം ആണ് എന്നൊന്നും ഇതുവരെ പരസ്പരം പറഞ്ഞിട്ടില്ല…
അതിന്റെ ആവശ്യം വന്നിട്ടില്ല… ഇനി തനിക്ക് തെറ്റിയതാകുമോ.. ആയിരിക്കും…. അല്ലാതെ ഇത്ര പെട്ടെന്ന് അന്യയാകില്ലല്ലോ….
ഇനി വിളിക്കേണ്ട… ഇങ്ങോട്ട് വിളിക്കുമോന്നു നോക്കട്ടെ…. തീരുമാനിച്ചുറപ്പിച്ചപോലെ അവൾ ക്ലാസ്സിലേക്ക് നടന്നു….
മാറിനിന്നു സംസാരിച്ചത് കൊണ്ട് അവൻ പറയുന്നത് മേഖയ്ക്ക് കേൾക്കാൻ കഴിഞ്ഞില്ല…. മുഖഭാവത്തിൽ നിന്നും പതിവ് പോലെ പരിഹാസം ആണെന്ന് വ്യക്തമായി…
“ഇപ്പോൾ അശ്വതി അല്ലെ വിളിച്ചത്… എന്നിട്ട് നിനക്ക് ഒന്നും പറയാൻ ഉണ്ടായില്ലല്ലോ…. അതാ ഞാൻ പറഞ്ഞത്… ചേരേണ്ടവർ തമ്മിലെ ചേരാവൂ …. വെറുതെ എന്തിനാ അഡ്ജസ്റ്റ് ചെയ്യുന്നത്… ഇവിടുത്തെ നിന്റെ ബെസ്റ്റ് ഫ്രണ്ട് ഞാനല്ലേ… പിന്നെന്താ നമുക്ക് ഒരുമിച്ചാൽ….”
അവളുടെ ചോദ്യം അവന്റെ മനസ്സിൽ മുഴങ്ങിക്കൊണ്ടിരുന്നു. അവൻ ഒന്നും മിണ്ടാതെ പുറത്തേക്കു ഇറങ്ങി നടന്നു…
പിന്നീട് ഇത്തരം ചർച്ചകൾ ഒന്നും അവരുടെ ഇടയിൽ ഉണ്ടായില്ല…..
അശ്വതി ഓരോ ദിവസവും കാത്തിരുന്നു യദുവിന്റെ അന്വോക്ഷണത്തിനായി… നാലു ദിവസം ആയിട്ടും ഒരു കോളുപോലും വന്നില്ല…അവസാനം ക്ഷമനശിച്ചു അവൾ വിളിച്ചു….റിങ്ങിന്റെ അവസാനം കോൾ കണക്റ്റഡ് ആയി.
“ഹലോ… ഞാൻ വരാൻ വൈകി… ഇപ്പോൾ ഫ്രഷ് ആയി ഒന്ന് ഇരുന്നതേ ഉള്ളൂ… കുറച്ചു റസ്റ്റ് എടുക്കട്ടെ…. പിന്നെ വിളിക്കാം “”
മറുപടിക്കു കാത്തുനിൽക്കാതെ അവൻ ഫോൺ വച്ചു….
പിടയ്ക്കുന്ന മനസും കൈകളുമായി അവളും….
ഇനിയും പ്രതീക്ഷിച്ചു ഇരിക്കുന്നത് വിഢിത്തം ആണ്….ചിലപ്പോൾ മനസ് കൈവിട്ടുപോയെന്ന് വരാം… വേണ്ട…. ആരുടെയും ജീവിതത്തിലേക്ക് ഇടിച്ചുകയറി പോകേണ്ട…. നമ്മെ വേണ്ടാത്തവരെ നമുക്കും വേണ്ടെന്ന് വയ്ക്കാനുള്ള മെച്ചുരിറ്റി ഉണ്ടാകണം… മറക്കണം എല്ലാം….
നെറ്റ് എഴുതിയെടുത്തു കോളേജ് ലക്ചർ ആകുക എന്നത് മുൻപ് വലിയൊരു ആഗ്രഹം ആയിരുന്നു…. അതിനു വേണ്ടി കാര്യമായി പരിശ്രമിച്ചില്ല… അത്കൊണ്ട് കിട്ടിയതുമില്ല…
പിജി കഴിഞ്ഞു ആദ്യം കിട്ടിയ ജോലിയിൽ കയറി. ഇനി ശ്രമിക്കണം…. സ്ഥിരമായ ജോലി ഒന്നും ഇല്ലാത്തത് കൊണ്ടാണ് വിലയില്ലാത്തത്… സംസാരിക്കാൻ പോലും ആളുകൾക്ക് താല്പര്യം ഇല്ല….
കുറെ നേരം കൂടി അവൾ ആ ഇരുപ്പ് തുടർന്നു. പിന്നെ പതിയെ കട്ടിലിലേക്ക് ചാഞ്ഞു…
വീണ്ടും ദിവസങ്ങൾ കടന്നു പോയി….. ഇപ്പോൾ അശ്വതിയുടെകോൾ ഇല്ലല്ലോയെന്ന് അവൻ ഇടയ്ക്ക് ആലോചിക്കാറുണ്ട്…. ഇന്നൊന്നു വിളിക്കണം…. വൈകിട്ടു റൂമിൽ എത്തിയിട്ടാവാം…..
അതിനു മുന്നേ അമ്മയുടെ കോൾ അവനെ തേടിയെത്തി…
“നീ അറിഞ്ഞോ… അശ്വതിയുടെ വിവാഹം ഏതാണ്ട് ഉറപ്പിച്ചു…. സ്കൂൾ അദ്ധ്യാപകനാ… സ്ഥിര ജോലിയാ… ത്രിശൂരാ…. നല്ല കൂട്ടരാട്ടോ… ഞാൻ കണ്ടു…നല്ലൊരു പയ്യൻ…”
കേട്ടതും ഒരു ഞെട്ടലിൽ ആകെ ഒരു വിറയൽ ശരീരം മുഴുവൻ ബാധിക്കുന്ന പോലെ…. ചെവി കൊട്ടിയടയ്ക്കപ്പെട്ട പോലെ…. ഹൃദയം പടപാടാ ഇടിക്കുന്നു… തളർന്നു അടുത്ത് കസേരയിൽ ഇരുന്നു…
മറുപടി ഒന്നും ഇല്ലാഞ്ഞു അമ്മ തുടർന്നു…..
“വരുന്ന കാര്യങ്ങൾ ഒക്കെ ഓരോന്ന് പറഞ്ഞു മുടക്കുക ആയിരുന്നു അവൾ എന്നാ വസുമതി പറഞ്ഞത്… ആദ്യായിട്ടാ ഒരു കാര്യത്തിന് സമ്മതം മൂളുന്നത്… എല്ലാരും സന്തോഷത്തിലാ… നിന്നെ അശോക് വിളിക്കും കേട്ടോ ഞാൻ അറിഞ്ഞ ഉടനെ പറഞ്ഞെന്നുള്ളു….”
കുറച്ചു സമയം എടുത്തു സമനില വീണ്ടെടുക്കാൻ…. കാൽ കീഴിൽ നിന്നും മണ്ണൊലിച്ചു പോകുന്ന പോലെ തോന്നി.. കുറച്ചു നാളുകളായി അവളെ അവഗണിക്കാറാണ് പതിവ്… മനഃപൂർവം അല്ല… ഇവിടുത്തെ ജോലിയുടെ അവസ്ഥ അതായിരുന്നു…..
വിളിച്ചില്ലെങ്കിലും പരിഭവം ഒന്നും ഉണ്ടാകില്ലെന്ന് കരുതി… തന്റേത് മാത്രം ആണെന്ന് കരുതി…എന്നും ആ മനസ്സിൽ ഞാൻ ഉണ്ടാകും എന്ന് വിശ്വസിച്ചു…
അങ്ങോട്ട് സ്നേഹം ഒന്നും കാണിച്ചില്ലെങ്കിലും മിണ്ടിയില്ലെങ്കിലും ഇങ്ങോട്ട് വന്നു സ്നേഹിക്കുമായിരുന്നു…. എനിക്കു വേണ്ടി കാത്തിരിക്കും എന്നാണ് കരുതിയത്….
അവളുടെ പ്രാർഥനകൾ എല്ലാം എനിക്ക് വേണ്ടി മാത്രം ആയിരുന്നു… സമയമാകുമ്പോൾ ചെന്നെടുക്കാൻ കഴിയുന്ന ഒരു നിധി…
അങ്ങനെ ആയിരുന്നു അവളെ കുറിച്ചു തന്റെ ധാരണ…. അത് തെറ്റായിരുന്നു…. എന്റെ അവഗണന നിന്നെ ഇത്രയധികം വേദനിപ്പിച്ചിരുന്നോ….?
ഫോണെടുത്തു അശ്വതിയെ വിളിച്ചു… സ്വിച്ഡ് ഓഫ്…. അശോകിനെ വിളിച്ചാലോ….. അശോകിനെ വിളിച്ചു…. അവനോട് സംസാരിച്ചെന്നു വരുത്തി അശ്വതിയെ തിരക്കി….
അവൻ അന്വോഷിച്ചു മുകളിൽ ചെന്നു…. നേരത്തെ കിടന്നു പിന്നെ വിളിച്ചോളാം എന്ന മറുപടി അവൻ പറഞ്ഞു ….
ഫോൺ ടേബിളിലേക്കിട്ട് കട്ടിലിലേക്ക് കമിഴ്ന്നു കിടന്നു….. ഇന്ന് ഇനി നാട്ടിലേക്ക് പോകാൻ പറ്റുമോ…. നാളെ വരെ വെയിറ്റ് ചെയ്യണോ…. പെട്ടന്ന് എടുക്കാൻ പറ്റുന്നത് എടുത്തു……. റെയിൽവേ സ്റ്റേഷനിലേക്ക് പാഞ്ഞു….
രാവിലെ ആണ് വീട്ടിൽ എത്തിയത്… പ്രതീക്ഷിക്കാതെ മകനെ കണ്ടപ്പോൾ അമ്പരന്ന് നിൽക്കുകയാണ് അവന്റെ അമ്മ മീര …
വീണ്ടും അവളെ വിളിച്ചു നോക്കി… സ്വിച്ഡ് ഓഫ് തന്നെ…..നേരെ അവളുടെ വീട്ടിലേക്ക്….. സ്കൂളിൽ നേരത്തെ പോയത്രേ…. സ്കൂളിൽ ചെന്നപ്പോൾ അവിടെ എത്തിയിരുന്നു പിന്നെ പുറത്തു പോയി എന്ന്….
ഇനി എവിടെ അന്വോക്ഷിക്കാനാണ്….. ഉച്ചവരെ അവിടെ വെയിറ്റ് ചെയ്തു … പിന്നെ തിരിച്ചു വീട്ടിലേക്ക്.. വൈകുന്നേരം അവളുടെ വീട്ടിൽ പോകാം…. എന്തായാലും വീട്ടിൽ വരാതെ ഇരിക്കില്ലല്ലോ….
അശ്വതി സ്കൂളിൽ നിന്നും വന്നു ഫ്രഷ് ആയി ചായകുടിച്ചു ഇരിക്കുമ്പോഴാണ് യദു വന്നത്…. അവനെ കണ്ടതും മുഖത്തു ഭാവമാറ്റം ഒന്നും പ്രത്യേകിച്ച് ഉണ്ടായില്ല…
“ഇരിക്കൂ ‘.. ചിരിച്ചുകൊണ്ട് അവൾ പറഞ്ഞു…
“വിശേഷം ഒക്കെ അറിഞ്ഞു കാണുമല്ലോ അല്ലെ?”
അവന്റെ നെഞ്ചിൽ കൂരമ്പ് പോലെയാണ് ആ വാചകങ്ങൾ വന്നു കൊണ്ടത്…
“അശ്വതി… എനിക്ക് കുറച്ചു കാര്യങ്ങൾ സംസാരിക്കാനുണ്ട് “….
“അതിനെന്താ പറഞ്ഞോളൂ…”
“ഇവിടെ….നമുക്ക് ഒന്ന് പുറത്തേക്ക് ഇറങ്ങാം….”
“അത് എനിക്ക് കുറച്ചു പേപ്പേഴ്സ് നോക്കി കൊടുക്കാൻ ഉണ്ട്…..ഇന്ന് ഇനി പുറത്തേക്ക് പോയാൽ ലേറ്റ് ആവും ”
“കണ്ണേട്ടൻ ഇരിക്കു.. ഞാൻ ചായ എടുക്കാം…”
അവൾ അടുക്കളയിലേക്ക് പോയി…. ഇനി എന്ത് പറയണമെന്നറിയാതെ അവൻ ഇരുന്നു…
“മോൻ അറിയിപ്പൊന്നും ഇല്ലാതെ ആണല്ലോ ഇത്തവണ… ഏതായാലും നന്നായി.. നേരിട്ട് പറയാറായല്ലോ….”
വസുമതി പറഞ്ഞു തുടങ്ങി…. അതിനിടയിൽ അവൾ ചായകൊണ്ടുവന്നു കൊടുത്തു.
പിന്നെ പറഞ്ഞതൊന്നും യദു കേൾക്കുന്നുണ്ടായിരുന്നില്ല…… അശ്വതി ഇനി തന്റെ മുന്നിലേക്ക് വരില്ല എന്ന് മനസിലായപ്പോൾ പതിയെ അവൻ യാത്ര പറഞ്ഞു അവിടന്ന് ഇറങ്ങി….
അവൻ പോയെന്ന് മനസിലായപ്പോൾ അവൾ റൂമിലേക്ക് പോയി…. കണ്ണേട്ടന് എന്താണ് പറയാനുള്ളത് എന്ന് കേൾക്കണമായിരുന്നോ…ഓരോന്ന് ആലോചിച്ചു കിടന്ന് അവൾ പതിയെ മയക്കത്തിലേക്ക് വീണു….
വസുമതി വന്നു വിളിക്കുന്നു… മോളെ… അശ്വതി…എഴുനേല്ക്ക്… അവൾ ഞെട്ടി കണ്ണ് തുറന്നു….നിന്നെ കണ്ണൻ വിളിച്ചിരുന്നോ… മീര ആന്റി എന്നെ വിളിച്ചിരുന്നു…
ഇവിടെ വന്നുപോയിട്ട് അവൻ വീട്ടിൽ എത്തിയില്ല എന്ന്.. ഫോൺ ഓഫ് ആണെത്രെ….. അവൾ ക്ലോക്കിലേക്ക് നോക്കി…. എട്ടുമണി ആകാൻ അഞ്ചു മിനിറ്റ്….
മൊബൈൽ റിങ് ചെയ്യുന്നു….. മീര ആന്റി ആണ്…. കണ്ണൻ എന്തെങ്കിലും പറഞ്ഞോ എന്ന്….വീട്ടിൽ എത്തിയിട്ടില്ലത്രെ… ഫോൺ ഓഫ് ആണ്..
കണ്ണേട്ടാ… കണ്ണേട്ടാ…. ഉറക്കെ വിളിച്ചുകൊണ്ടു കടൽപരപ്പിലെ പൂഴിയിലൂടെ അശ്വതി ഓടുകയാണ്… കുറച്ചു ദൂരെ ഒരാൾ കമിഴ്ന്നു കിടക്കുന്നുണ്ട്…
നീല ജീൻസും ഓഫ് വൈറ്റ് കളർ ലീനൻ ഫുൾ സ്ലീവ് ഷർട്ടും….. തിരമാലകൾ വന്നു അയാളെ തഴുകി കടന്നു പോകുന്നുണ്ട്…. അടുത്തെത്തി ആളെ ഒരുവിധത്തിൽ തിരിച്ചു കിടത്തി…. യദുവിന്റെ നിശ്ചലമായ ശരീരം…
ഞെട്ടി കണ്ണുതുറന്നു….സ്വപ്നം ആയിരുന്നോ… ഒരു ആശ്വാസത്തോടെ അവൾ ദീർഘമായി നിശ്വസിച്ചു….
വാതുൽക്കൽ വസുമതി…
“മോളെ..നിന്നെ കണ്ണൻ വിളിച്ചിരുന്നോ… മീര ആന്റി എന്നെ വിളിച്ചിരുന്നു… ഇവിടെ വന്നുപോയിട്ട് അവൻ വീട്ടിൽ എത്തിയില്ല എന്ന്.. ഫോൺ ഓഫ് ആണെത്രെ….. ”
സ്വപ്നത്തിലെ അതെ വാചകങ്ങൾ…..
അവൾ ക്ലോക്കിലേക്ക് നോക്കി….. എട്ടുമണിക്ക് അഞ്ചു മിനിറ്റ്…. ഫോൺ റിങ് ചെയ്യുന്നു….. മീര ആന്റി….
കണ്ണൻ എന്തെങ്കിലും പറഞ്ഞോ എന്ന്….വീട്ടിൽ എത്തിയിട്ടില്ലത്രെ… ഫോൺ ഓഫ് ആണ്..
മനസ്സിൽ ഒരായിരം അശുഭ ചിന്തകൾ കടന്നുകൂടി
അവൾ കോണിപടികൾ ഓടിയിറങ്ങി…..” ഏട്ടാ നമുക്ക് ഒരിടം വരെ പോകണം…. “അവൾ അശോകിനെ പിടിച്ചു എഴുനേൽപ്പിച്ചു, കാറിന്റെ താക്കോൽ കൊടുത്തു…..
നേരെ അടുത്തുള്ള ബീച്ച്ലേക്ക്… അവൾ കാറിൽ നിന്നിറങ്ങി ഓടി…. പുറകെ ഒന്നും മനസിലാകാതെ അശോകും…. അങ്ങ് ദൂരെ ആരോ ഒരാൾ ഇരിക്കുന്നത് ചെറിയ വെളിച്ചത്തിൽ കാണാം….
അടുത്തെത്തി…. യദു….. അതെ വേഷം……
“നീയെന്താ ഇവിടെ… ഈ സമയത്തു.. ഒറ്റയ്ക്ക്…” അശോക് ആകെ പരിഭ്രമത്തോടെ ചോദിച്ചു …..
യദുവിൽ നിന്നും മറുപടി ഒന്നും ഉണ്ടായില്ല… വെറുതെ അവരെ ഒന്ന് നോക്കി…
“കണ്ണേട്ടാ വാ.. പോകാം…. “അവൾ ഭയത്തോടെ വിളിച്ചു…. യദു കേൾക്കാത്ത ഭാവത്തിൽ ഇരുന്നു….
“വാ കണ്ണേട്ടാ….” അവൾ കരഞ്ഞുകൊണ്ട് അവന്റെ കയ്യിൽ കടന്നുപിടിച്ചു വിളിച്ചു.
അവളുടെ കൈ കുടഞ്ഞു മാറ്റി അവൻ….
എന്ത് ചെയ്യണമെന്നറിയാതെ അശോകും….
“ഒന്ന് പറയ് ഏട്ടാ… “അവൾ അപേക്ഷ സ്വരത്തിൽ അശോകിനെ നോക്കി….
“എന്താടാ… എന്താ നിനക്ക് പറ്റിയെ…. വാ വീട്ടിൽ പോകാം…. ഈ അസമയത്തു ഒറ്റയ്ക്ക് ഇവിടെ…”
അവൻ യദുവിനെ ശക്തിയായി പിടിച്ചു എഴുനേൽപ്പിച്ചു….. അവൻ അശോകിന്റെ തോളിലേക്ക് ചാഞ്ഞു ….അവന്റ തോളിൽ മുഖം ചേർത്തു വിതുമ്പി…
അശോക് അവനെ ചേർത്തു പിടിച്ചു …. ഒരു ആശ്വാസമെന്നോണം പുറത്തു തലോടി……. പിന്നെ അശ്വതിയെ നോക്കി… എന്തൊക്കെയോ അർഥങ്ങൾ ഉണ്ടായിരുന്നു അതിൽ… അവൾ ഒന്നും മിണ്ടാതെ തലകുനിച്ചു… മുഖം കൈകൊണ്ടു മറച്ചു വിതുമ്പി…
“എന്താ പറ്റിയെ രണ്ടാൾക്കും… വാ പോകാം…..”
ആരും ഒന്നും മിണ്ടിയില്ല….. യദുവിനെ വീട്ടിൽ ആക്കി… കുറച്ചു നേരം അവിടെ ഇരുന്നിട്ടാണ് അവർ മടങ്ങിയത്….
“നിനക്ക് കണ്ണനോട് സ്നേഹം ഉണ്ടോ…”
വളച്ചുകെട്ടില്ലാതെ അശോക് ചോദിച്ചു…
അവൾ പകപ്പോടെ അശോകിനെ നോക്കി
“മ്… ഉണ്ട്…”
“പിന്നെന്തിനാ വേറെ വിവാഹത്തിന് സമ്മതിച്ചത്….???”
“അത് കണ്ണേട്ടന് എന്നെ ഇഷ്ടം അല്ലെന്ന് തോന്നി…. എന്നെ കുറെ ആയി അവോയ്ഡ് ചെയ്യുന്നു ”
“മമ്….” മറുപടി ആയി അവൻ ഒന്ന് മൂളുക മാത്രം ചെയ്തു.
“ഞാൻ അവനെ വിളിച്ചു സംസാരിക്കാം…”
അശോക് പുറത്തു ബാൽക്കണിയിൽ നിന്ന് വിളിക്കുന്നത് കണ്ടു…. പിന്നെ അടുത്തേക്ക് വന്നു ഫോൺ തന്നു…
“ഹലോ….”
“ഇന്നും സ്വപ്നം കണ്ടു അല്ലെ…. എന്തായിരുന്നു…??”കണ്ണേട്ടന്റെ സ്വരം
കണ്ണുകൾ നിറഞ്ഞു…മറുപടി പറഞ്ഞില്ല…
“ആത്മാവില്ലാതെ ശരീരം ഇല്ലല്ലോ… നീയാണ് എന്റെ ആത്മാവും ജീവനും എല്ലാം… നീ തിരിച്ചു വന്നത് കൊണ്ട് ഇപ്പോഴും ഈ ശരീരം ഇങ്ങനെ ഉണ്ട്… അല്ലെങ്കിൽ…”
“വേണ്ട… മതി..നിർത്ത്…….” വിറച്ചുകൊണ്ട് പറഞ്ഞു….
“ഞാൻ ചുമ്മാ പറഞ്ഞതാടോ… സൂയിസൈഡ് ചെയ്യാൻ പോയതൊന്നുമല്ല…
പക്ഷെ നീ മറ്റൊരാളുടെ സ്വന്തമാവുന്നത് ആലോചിച്ചപ്പോൾ പെട്ടെന്ന്എനിക്ക് വെള്ളത്തിലേക്ക് ഇറങ്ങി നടക്കാൻ ഒരു ഇൻട്യൂഷൻ ഉണ്ടായി എന്നുള്ളത് സത്യമാ . അപ്പോൾ ആണ് നിങ്ങൾ വന്നത്…അല്ലെങ്കിൽ ചിലപ്പോൾ….”
“കണ്ണേട്ടാ………ഇന്നിനി ഇറങ്ങി പോകുമോ…?”
സ്വപ്നം സത്യമാകുമോ എന്നുള്ള ഭയത്തിൽ അവൾ ചോദിച്ചു…
ഒരു പൊട്ടിച്ചിരി ആയിരുന്നു മറുപടി.
“അങ്ങിനെഒന്നുമില്ലെടോ… താൻ സമാധാനം ആയി ഇരിക്ക്….. ഞാൻ നാളെ രാവിലെ അങ്ങോട്ട് വരാം.. ആന്റിയെയും അങ്കിളിനെയും കണ്ടു സംസാരിക്കാം….”
“മമ് ”
“എന്നെ മനസ്സിൽ വച്ചാണോടി നീ വേറൊൾക്ക് വാക്ക് കൊടുത്തത് ദുഷ്ടെ…”
“മനസ്സിൽ വച്ചൊന്നും അല്ല… മറക്കാം എന്ന് കരുതി തന്നെയാ..”
അവളും വിട്ടുകൊടുത്തില്ല…
“മറക്കാനാണെങ്കിൽ എന്തിനാ ഓടിപിടച്ചു വന്നത്… നാളെ എന്റെ പട്ടടയ്ക്ക്….”
“മതി.. നിർത്തുന്നുണ്ടോ…”അവൾ കരഞ്ഞുകൊണ്ട് അലറി…
“ഓക്കേ. ഞാൻ ചുമ്മാ പറഞ്ഞതല്ലേ… അങ്ങനെ ഒന്നും നിന്നെ വിട്ടു പോകില്ല… നിന്റെ കണ്ണേട്ടൻ.. ഇനി എന്റെ അശ്വതി കുട്ടി നല്ല വല്ല സ്വപ്നവും കണ്ടു ഉറങ്ങാൻ നോക്ക്…”
“മമ് ” അവൾ ചിരിയും കരച്ചിലും കലർന്ന ഭാവത്തിൽ മൂളി….
“നിന്റെ മനസ്സിൽ ഇപ്പോഴും ഞാൻ ഉണ്ടോന്ന് ആയിരുന്നു എന്റെ പേടി.. അത് മാറി… അതല്ലേ കൊച്ചു ഓടിപിടച്ചു വന്നേ…. എന്റെ മനസ് അറിഞ്ഞു….
ഇന്നലെ മുതൽ ഇത്രയും നേരം ഞാൻ എങ്ങിനെയാ കഴിച്ചുകൂട്ടിയെ എന്ന് നിനക്ക് അറിയോ…. ഞാൻ വച്ചിട്ടുണ്ട്…. നാളെ ആവട്ടെ…”
“നാളെ സ്പെഷ്യൽ ക്ലാസുണ്ട്…ഞാൻ നേരത്തെ ഇറങ്ങും… “അവൾ നിഷ്കളങ്കമായി ഒരു നുണ പറഞ്ഞു…
“മമ് ആയിക്കോട്ടെ… ” നുണപറയുന്നതിനും ചേർത്ത് തരാം….
അവൾ ഒരു പൊട്ടിച്ചിരിയോടെ ഫോൺ കട്ട് ചെയ്യുമ്പോൾ തന്റെ സ്വത്ത് തിരിച്ചു പിടിച്ച സന്തോഷത്തിൽ ആയിരുന്നു അവൻ…